സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള വ്യഗ്രതയോടെ ഓരോ പ്രണയ ദിനങ്ങൾ കടന്നു പോകുമ്പോൾ എത്രപേർ ഈ കാര്യം ഓർമ്മിച്ചിട്ടുണ്ടാകും? ജോലിയെ, പങ്കാളിയെ സ്നേഹിക്കും പോലെ സ്വന്തം മനസ്സിനെയും സ്നേഹിക്കാൻ!
ഇന്ത്യയിൽ ഏകദേശം 70 ദശലക്ഷം പേർ ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. ഇങ്ങനെ തുടർന്നാൽ അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യൻ ജനതയുടെ 20 ശതമാനം പേർക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ജോലിത്തിരക്കും ബന്ധങ്ങളിലെ വിള്ളലുകളുമൊക്കെ സൃഷ്‌ടിക്കുന്ന സമ്മർദ്ദം മൂലം ഡിപ്രഷൻ അനുഭവിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഞാൻ മൂഡ് ഔട്ടാണ്, മെന്‍റലി ടയേഡ് എന്നൊക്കെ പറയുന്നതിലപ്പുറം പാവം മനസ്സിനെയും തലച്ചോറിനെയും പരിഗണിക്കാൻ പലരും തയ്യാറാകില്ല എന്നതാണ് സത്യം.
മാരകരോഗത്തെക്കാൾ ഇതിനെ ഭയപ്പെടുകയും മറച്ചു പിടിക്കുകയും ചെയ്യുന്നു. ശാരീരികാരോഗ്യത്തിനും ഫിറ്റ്നസിനും നൽകുന്ന പ്രാധാന്യം മാനസികാരോഗ്യത്തിനും നൽകാറില്ല.
പ്രശസ്ത ബോളിവുഡ് താരം ദീപികാ പദുകോൺ തനിക്ക് വിഷാദ രോഗമുണ്ടെന്ന് തുറന്നു പറയുകയുണ്ടായി. നമുക്കിടയിൽ നാലിലൊരാൾ പല കാരണങ്ങൾ കൊണ്ട് ഡിപ്രസ്ഡ് ആയിരിക്കുന്ന സാഹചര്യത്തിൽ മാനസികാരോഗ്യം സംരക്ഷിക്കൂ എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ലിവ് ലവ് ലാഫ് ഫൗണ്ടേഷൻ എന്ന പ്രസ്‌ഥാനത്തിന് ലോക മാനസികാരോഗ്യ ദിനത്തിൽ ദീപിക തുടക്കമിടുകയും ചെയ്‌തു.
ഒരു പക്ഷേ ഇതു വായിച്ചു കഴിയുമ്പോൾ നിങ്ങൾക്കും തോന്നിയേക്കാം, ഈ ലക്ഷണങ്ങളിൽ ചിലതൊക്കെ തനിക്കും ഉണ്ടെന്ന്! അത്തരം ചില മാനസിക പ്രശ്നങ്ങളെ കുറിച്ചാണ് പറഞ്ഞു വരുന്നത്. അവ പൊതുവേ സമൂഹത്തിൽ പലരിലും കണ്ടുവരുന്നു പക്ഷേ അതിന്‍റെ തീവ്രത ഏറിയും കുറഞ്ഞും പ്രകടമാകുന്നു എന്നു മാത്രം.
“ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് ബാധിക്കുന്ന പൊതു മാനസിക പ്രശ്നമാണ് വിഷാദരോഗം അഥവാ ഡിപ്രഷൻ. ഇതിനെക്കുറിച്ച് പലരും ബോധവാന്മാരാണ്. എന്നാൽ മറ്റു ചില മാനസിക പ്രശ്നങ്ങളെ ഒരു വ്യക്‌തിയുടെ സ്വഭാവമായി വിലയിരുത്തി, അവഗണിക്കപ്പെടാറുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ബോർഡർ ലൈൻ ഡിസോർഡർ.” എറണാകുളം ജനറൽ ആശുപത്രിയിലെ സൈക്കാട്രിസ്റ്റ് ഡോ. അജീഷ് രാമചന്ദ്രൻ പറയുന്നു.
ഈ രോഗം കൂടുതൽ പ്രകടമാകുകയോ ഉണ്ടെന്ന് തിരിച്ചറിയുകയോ ചെയ്യുന്നത് ആഴമുള്ള ബന്ധങ്ങളിൽ പ്രശ്നങ്ങൾ വരുമ്പോഴായിരിക്കും. എന്തെങ്കിലും പറഞ്ഞാൽ പെട്ടെന്ന് ദേഷ്യപ്പെടുന്നവരേയും ഒരു പ്രണയ ബന്ധം തകരുമ്പോൾ ആശ്വാസം തേടി മറ്റൊന്നിലേക്ക് ചെന്നു വീഴുന്നവരേയുമൊക്കെ യഥേഷ്ടം നമുക്കു ചുറ്റിലും കാണാൻ കഴിയും. കുറച്ചു നേരം മുമ്പ് വളരെ സന്തോഷത്തോടെ സംസാരിച്ച ആൾ, അവർ പോലുമറിയാതെ സങ്കടത്തിലും നിരാശയിലും ദേഷ്യത്തിലും പെട്ടുപോകുന്നു. ഇവർ പലപ്പോഴും സ്വന്തം മാനസിക വ്യാപാരങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ, അപ്പോൾ തോന്നുന്ന പോലെ പ്രതികരിക്കുകയും ചെയ്യും. ഇതിന്‍റെ പേരിൽ അവർ ശത്രുക്കളെ പോലും ഉണ്ടാക്കിയെടുക്കും. കുടുംബ ജീവിതം സെട്രസ്ഫുൾ ആക്കും. സ്നേഹബന്ധങ്ങളിൽ ഉലച്ചിൽ ഉണ്ടാകും. ഇങ്ങനെയൊക്കെ പെരുമാറുന്ന എത്രയോ പേർ നമുക്കിടയിലുണ്ട്.
“ഇതിനെ അവരുടെ സ്വഭാവമായിട്ടാണ് വിലയിരുത്തുക. രോഗമായി കാണുകയില്ല. സാഹചര്യം കൊണ്ട് സംഭവിക്കുന്നത് എന്ന മട്ടിൽ അവഗണിച്ച് പിന്നീട് വലിയ പ്രശ്നമായി ജീവിതത്തെ ബാധിച്ച നിരവധി വ്യക്‌തികൾ എന്‍റെ മുന്നിൽ എത്തിയിട്ടുണ്ട്” ഡോക്ടർ പറയുന്നു.
“അയൽവക്കത്തെ വീട്ടിലെ പതിനഞ്ചുകാരിയെ സ്നേഹിച്ച യുവാവ്. ഇഷ്ടമാണെന്ന പറഞ്ഞപ്പോൾ ആ പെൺകുട്ടിയും തലയാട്ടി. അതുകണ്ട് സ്വപ്ന ലോകത്ത് അയാൾ ജീവിച്ചു. പിന്നീടുള്ള വർഷങ്ങൾ അവളെ ചുറ്റിപ്പറ്റി ആയിരുന്നു അയാളുടെ ജീവിതം. 20-ാം വയസ്സിൽ പെൺകുട്ടി കല്യാണം കഴിച്ചു. വേറൊരാളെ! യഥാർത്ഥത്തിൽ അവൾ അറിഞ്ഞതേയില്ല, ഇങ്ങനെ ഒരാൾ തന്നെ കാത്തിരിക്കുന്നുണ്ട് എന്ന്. ആ സങ്കടം അയാൾ സ്വയം ഉള്ളിലേക്ക് വലിച്ചു. കല്യാണം കഴിക്കേണ്ട എന്നായിരുന്നു അയാളുടെ തീരുമാനം. ഈ കഥ ഇവിടെ കൊണ്ട് അവസാനിക്കേണ്ടതായിരുന്നു. കല്യാണം കഴിച്ചു പോയ പെൺകുട്ടി ദുബായിൽ സെറ്റിൽ ചെയ്‌തു. അവർ നാട്ടിൽ വരുന്ന വേളയിൽ ഇദ്ദേഹം ജോലിക്ക് പോകാതെ അവധിയെടുത്ത് വീട്ടിലിരിക്കും. പുറത്തിറങ്ങില്ല അവർ തിരിച്ചു പോയിക്കഴിഞ്ഞേ പുറത്തിറങ്ങൂ. ഇപ്പോൾ ഈ വ്യക്‌തിക്ക് 52 വയസ്സുണ്ട്. വർഷങ്ങൾക്കിപ്പുറം ആ സ്ത്രീ തന്‍റെ മകളുടെ വിവാഹം ക്ഷണിക്കാൻ ഇയാളുടെ വീട്ടിലെത്തി. അവരെ അഭിമുഖീകരിക്കാൻ അയാൾ വളരെയധികം പ്രയാസപ്പെട്ടിട്ടുണ്ടാവണം. കല്യാണം കഴിയാതെ തനി മൊശടനായി കഴിയുന്ന ഈ കക്ഷിയുടെ മാനസ്സികാരോഗ്യം വീട്ടുകാരോ നാട്ടുകാരോ ആ പെൺകുട്ടിയോ ഇത്രയും വർഷം അറിഞ്ഞതേയില്ല! തന്‍റെ നിത്യ പ്രണയിനിയുടെ മകളുടെ വിവാഹമാണെന്നറിഞ്ഞപ്പോൾ അയാൾ അതിൽ സന്തോഷം കണ്ടെത്താൻ ശ്രമിച്ചു. സ്വന്തം മകളുടെ വിവാഹമാണെന്ന് അയാൾ ചിന്തിച്ചു. എന്നാൽ അവിടെയും വിധി അയാളെ വെറുതെ വിട്ടില്ല. വിവാഹം ഉറപ്പിച്ച ആ പെൺകുട്ടി ഏതോ രോഗം വന്നു പെട്ടെന്ന് മരണമടഞ്ഞു. അതോടെ അയാൾ കടുത്ത മാനസിക സമ്മർദ്ദത്തിന് അടിമയായി. ഈ അവസ്‌ഥയിലാണ് അയാൾ മാനസിക രോഗ വിദഗ്ദ്ധന്‍റെ സഹായം തേടിയത്. 25 വർഷത്തോളം അയാൾ തന്‍റെ വേദന നിശ്ശബ്ദമായി സഹിച്ചു ഉണ്ടാക്കി വച്ച മാനസിക അസ്വാസ്ഥ്യം!
ഏതു വ്യക്‌തിക്കാണെങ്കിലും വൈകാരികമായി മനസ്സു കൊണ്ട് ബന്ധിക്കപ്പെടാൻ ഒരാളുമായിട്ടേ പറ്റൂ. ആ സ്നേഹത്തിനായുള്ള ക്രേവിംഗ്, അതാണ് പലപ്പോഴും ഇത്തരം ആളുകളെ വഴക്കാളികളാക്കി മാറ്റുന്നത്. പ്രത്യേക തരം മാനസികാവസ്‌ഥയിലെത്തിക്കുന്നത്. അതു നഷ്‌ടപ്പെടാലോ കുറഞ്ഞാലോ അതിഭയാനകമായ ശൂന്യത തോന്നിയേക്കാം. തന്നെ ആരും സ്നേഹിക്കുന്നില്ല എന്ന ചിന്ത കുടുംബത്തിലെ വഴക്കുകൾ ഉലഞ്ഞ ബന്ധങ്ങൾ ഇതൊക്കെ വൈകാരികമായ അസ്‌ഥിരത ഉണ്ടാക്കാം.
ബോർഡർലൈൻ പേഴ്സണാലിറ്റി ഉള്ളവർ പേരു സൂചിപ്പിക്കും പോലെ കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ് അവരുടെ മനസ്. എപ്പോൾ വേണമെങ്കിലും താഴെ വീഴാം, വീഴാതിരിക്കാം. ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ കൂടുതൽ പ്രകടിപ്പിക്കുന്ന രോഗികളിൽ 75 ശതമാനവും സ്ത്രീകൾ ആണ്.
“35 വയസ്സുള്ള ഒരു സ്ത്രീ എന്നെ കാണാൻ വന്നു. അവർ വീട്ടിൽ എപ്പോഴും വഴക്കുണ്ടാക്കും, എപ്പോഴും കുഞ്ഞിന് ഉപദ്രവം ആണ്. അതു കഴിഞ്ഞാൽ പിന്നെ സ്നേഹമാണ്. ഈ സ്വഭാവം സഹിക്കാൻ പറ്റുന്നില്ലെങ്കിലും ബന്ധം ഒഴിയാതെ പിടിച്ചു നിൽക്കുന്നുവെന്നാണ് ഭർത്താവ് പറഞ്ഞത്. രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞ് ചികിത്സ സ്വീകരിച്ചതോടെ ആ സ്ത്രീക്ക് നോർമൽ ലൈഫ് തിരിച്ചു കിട്ടി. നഷ്‌ടപ്പെട്ടുപോയ ബന്ധങ്ങൾ മടങ്ങി വന്നു.
മറ്റൊരു കേസ് ഇങ്ങനെ, ആ യുവാവിന്‍റെ 21-ാം വയസ്സിൽ തുടങ്ങിയ പ്രണയമാണ്. ഇപ്പോൾ 9 വർഷമായി. പെൺകുട്ടിയെ ദിവസവും രാത്രി 7.30 ന് വിളിക്കും. പെൺകുട്ടിയുടെ അച്ഛൻ പുറത്തു പോകുന്ന സമയം നോക്കിയാണ് അവർ സംസാരിക്കുന്നത്. ഒരു ദിവസം ഫോൺ കിട്ടിയില്ലെങ്കിൽ, ഫോൺ എൻഗേജ്ഡ് ആയാൽ, വേഗം കട്ട് ചെയ്‌താൽ ഒക്കെ ആ യുവാവ് അസ്വസ്ഥനാകും. എന്നിട്ട് രാത്രി മുഴുവൻ ഉറങ്ങാതെ എഴുന്നേറ്റു നടക്കും. ഇങ്ങനെ ഉറക്കം നഷ്‌ടപ്പെട്ടപ്പോൾ ആണ് അയാൾ മയക്കു മരുന്നിലേക്ക് മെല്ലെ കടന്നത്. ഒന്നിലുള്ള അഡിക്ഷനെ മറികടക്കാൻ മറ്റൊരു അഡിക്ഷനിലേക്ക് വഴിമാറുകയാണ് ഇയാൾ ചെയ്‌തത്.
ഇത്തരം മാനസിക പ്രശ്നമുള്ളവർ മറ്റൊരാൾ എന്നെ നോക്കിയില്ല, സ്നേഹമില്ല എന്നൊക്കെ തന്നെ ആലോചിച്ചു കൊണ്ടിരിക്കും. ഈ ചിന്താരീതിയാണ് പ്രശ്നമാകുന്നത്. ചിന്തയുടെ വഴി മാറുമ്പോൾ കുറെ പ്രശ്നം ഒഴിവാകും. സ്വയം സ്നേഹിക്കുക, മറ്റുള്ളവരെയും സ്നേഹിക്കുക. ആരോഗ്യമുള്ള മനസ്സ് നിങ്ങൾക്കും ലഭിക്കട്ടെ…
ഒരു വ്യക്‌തിയുടെ ജീവിതത്തെ വളരെയധികം സങ്കീർണ്ണമാക്കിയേക്കാവുന്ന ഒരു മാനസികാവസ്‌ഥയാണ് ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ. സ്വന്തം മാനസികാ വ്യാപാരങ്ങളെയും ദേഷ്യത്തെയും അതിനെ തുടർന്നുള്ള വികാര പ്രകടനങ്ങളെയും നിയന്ത്രിക്കാനുള്ള കഴിവ് നഷ്‌ടപ്പെടുന്നതോ, കുറയുന്നതോ ആണ് ഇത്തരം അവസ്‌ഥ. ചുറ്റുപാടും സംഭവിക്കുന്ന കാര്യങ്ങളോട് അതെത്ര ചെറിയ പ്രശ്നമായാൽ പോലും ഇവർ അമിതമായി പ്രതികരിച്ചു പോകും. പാരമ്പര്യമായും ജീവിതസാഹചര്യങ്ങൾ കൊണ്ടും ഒരാൾക്ക് ബിപിഡി ഉണ്ടാകാം. കൗമാരപ്രായത്തിൽ തന്നെ ഇത്തരം അവസ്ഥകൾ ആരംഭിക്കാം. വൈകാരിക പിന്തുണ ലഭിക്കാതെ വളർന്ന കുട്ടികൾ വലുതാവുമ്പോൾ ബിപിഡി ഉണ്ടാകാം.
തലച്ചോറിൽ ഉൽപാദിപ്പിക്കുന്ന ഫീൽഗുഡ് രാസവസ്‌തുവായ സെറോട്ടോണിൻ സാധാരണ രീതിയിൽ ഉൽപാദിപ്പിക്കപ്പെടാതെ വന്നാലും മാനസികാസ്വാസ്ഥ്യം ഉണ്ടാകാം. ബിപിഡി ഉള്ള രോഗികൾക്ക് അവരെ എല്ലാവരും തെറ്റിദ്ധരിക്കുന്നതായി തോന്നാം. സ്വയം റിലാക്സ് ചെയ്യാൻ അവർക്കു കഴിയില്ല. അതിനു മറ്റൊരാളുടെ സഹായം വേണ്ടി വന്നേക്കാം.
എന്നാൽ ഇവരുടെ മൂഡ് വ്യതിയാനങ്ങൾ കുറച്ചു നേരത്തേക്കെ കാണൂ. ഇവരിൽ ഉറക്കക്കുറവോ മറ്റോ പോലുള്ള ലക്ഷണങ്ങളും ഉണ്ടാകില്ല. അതേസമയം ബോർഡർലൈൻ പേഴ്സണാലിറ്റി ഉള്ള പല രോഗികളുടെയും അനുഭവം വളരെ തീവ്രവും ആവർത്തിക്കുന്നതും ആണ്. അതു കൊണ്ടാവാം പല വിദേശ സിനിമകളിലും ഈ അവസ്‌ഥ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ബെറ്റിബ്ലൂ, ബ്ലാക്ക് സ്വാൻ, ടൂ ബ്യൂട്ടിഫുൾ ടു ഡൈ ടൂ വൈൽഡ് ടൂ ലീവ്, വാട്ട് ലൈസ് ബിനീത്, ബോഡി ഹീറ്റ്, ഓർഡിനറി പിപ്പീൾ, സിംഗിൾ വൈറ്റ് ഫീമെയിൽ, സ്ലീപ്പിംഗ് വിത് ദി എനിമി തുടങ്ങി ധാരാളം സിനിമകൾ ഇറങ്ങിയിട്ടുണ്ട്.
തീവ്രമായ ബന്ധങ്ങളുടെ പേരിലുണ്ടാകുന്ന സങ്കടങ്ങളോ നഷ്‌ടപ്പെടുമ്പോഴുണ്ടാകുന്ന ശൂന്യതയും മറ്റും ചികിത്സിച്ചു ഭേദമാക്കാൻ പ്രയാസമാണ്. എന്നാൽ ആത്മഹത്യാ പ്രവണത, സ്വയം വേദനിപ്പിക്കൽ, മയക്കുമരുന്ന് ഉപയോഗം, തെറ്റായ ഭക്ഷണശീലങ്ങൾ തുടങ്ങിയ കാര്യങ്ങളൊക്കെ ചികിത്സയിലൂടെ മാറ്റിയെടുക്കാൻ പറ്റും. ദേഷ്യം നിയന്ത്രിക്കുന്നതിന് വഴി കണ്ടെത്തുകയാണ് ഇവർക്കുള്ള ഏറ്റവും പ്രധാന പരിഹാരം. ദേഷ്യം പിടി മുറുക്കുമെന്ന് തോന്നിയാൽ വെള്ളം കുടിക്കുകയോ പുറത്തേക്ക് നടക്കുകയോ ചെയ്യുക.
കൗൺസിലിംഗിനൊപ്പം പതിവായി വ്യായാമം, നല്ല ഉറക്കം, പോഷകാഹാരം, മരുന്ന്, സ്വയം പരിപാലിക്കാനുള്ള മനസ്സ്. ഇതാണ് സ്വന്തം മാനസികാരോഗ്യം സംരക്ഷിക്കാൻ ഒരാൾ ചെയ്യേണ്ടത്.
– ഡോ. അജീഷ് രാമചന്ദ്രൻ
സൈക്യാട്രിസ്റ്റ്, എറണാകുളം ജനറൽ ആശുപത്രി.