തീർത്തും അപ്രതീക്ഷിതമായിരുന്നു രേണുരാജിന് ഈ നേട്ടം. 2014 –ലെ സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്ക്! അതും ഒന്നാമത്തെ പരിശ്രമത്തിൽ. പലവട്ടം എഴുതിയാലേ ജയിക്കൂ എന്ന ധാരണയോടെ സിവിൽ സർവീസ് പരീക്ഷയെ നോക്കിക്കണ്ട ഈ ഡോക്ടർക്ക് തന്‍റെ വിജയം അപ്രതീക്ഷിതമെന്നല്ലാതെ എന്തു പറയാൻ?

പരീക്ഷയും ഇന്‍റര്‍വ്യൂവും ഒക്കെ വളരെ നന്നായി ചെയ്‌തുവെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നുവെങ്കിലും തന്‍റെ പരിശ്രമം റാങ്കിലേക്ക് എത്തുന്നത്ര തിളക്കമുള്ളതായി തോന്നിയിട്ടേയില്ല രേണുവിന്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് മെഡിസിൻ ബിരുദം നേടിയ ഡോ. രേണുരാജ് ഐഎഎസ് നല്ല ക്ലാസിക്കൽ ഡാൻസർ കൂടിയാണ്. തന്‍റെ സ്വപ്നത്തെ കുറിച്ചും പ്രയത്നത്തെ കുറിച്ചും രേണു സംസാരിക്കുന്നു.

ഒന്നാമത്തെ ശ്രമത്തിൽ തന്നെ വൻ വിജയത്തിലെത്തിയല്ലോ? എന്താണ് ആ വിജയരഹസ്യം?

ഒരു വർഷം മുമ്പാണ് ഞാൻ സിവിൽ സർവ്വീസ് പരീക്ഷയ്‌ക്കായി ശരിക്കും പഠിക്കാൻ തുടങ്ങിയത്. പ്രിലിമിനറിക്കും ഫൈനൽ പരീക്ഷയ്‌ക്കും വേണ്ടി സംയുക്‌തമായി പഠിച്ചു. സമയം ഒട്ടും കളയാതെയുള്ള ഒരു കംബൈൻഡ് അപ്രോച്ച് ആണെന്ന് പറയാം. തിരുവനന്തപുരത്തുള്ള സിവിൽ സർവീസ് അക്കാദമിയിൽ ചേർന്നു പഠിച്ചതോടെ എന്‍റെ കഴിവുകൾ തേച്ചു മിനുക്കാൻ കഴിഞ്ഞു. ഇവിടെ പരിശീലനം നടത്തുന്ന സമയത്തും സ്വന്തം പഠനരീതികൾ ഞാൻ ഉപേക്ഷിച്ചില്ല. പത്രവായനയും പുസ്‌തകവായനയും വർഷങ്ങളായി തുടരുന്നു. പത്രത്തിൽ വന്ന പ്രധാന സംഭവങ്ങൾ ആഴത്തിൽ മനസ്സിലാക്കി. ഒരു പ്ലാൻഡ് അപ്രോച്ച്! അതെന്നെ ശരിക്കും സഹായിച്ചു.

മെഡിക്കൽ രംഗത്ത് ധാരാളം വിഷയമുണ്ടെങ്കിലും മലയാളം തെരഞ്ഞെടുത്തത് എന്തു കൊണ്ടാണ്?

ഓരോരുത്തരുടെ ഇഷ്‌ടത്തിനനുസരിച്ചാണല്ലോ വിഷയം തെരഞ്ഞെടുക്കുന്നത്. സ്കൂളിലും കോളേജിലും വച്ച് മലയാളത്തിൽ എഴുതുന്നതിൽ ഞാൻ കൂടുതൽ ശ്രദ്ധിച്ചിരുന്നു. വായനയേക്കാൾ ഇഷ്‌ടം എഴുതാനാണ്. പിന്നെ എന്‍റെ അമ്മ മലയാളം ബിരുദധാരിയാണ്. അമ്മയുടെ സഹായം എനിക്ക് ആത്മവിശ്വാസം നൽകി. ഏഴ് ജനറൽ പേപ്പറുകളടക്കം 9 പേപ്പർ, പരീക്ഷയ്‌ക്ക് അറ്റന്‍റ് ചെയ്യണം. എന്‍റെ ഇഷ്‌ടവിഷയം മലയാളമാണ്. മെഡിക്കൽ വിഷയങ്ങളേക്കാൾ എനിക്ക് കൂടുതൽ ഇഷ്ടം മലയാളത്തോടായിരുന്നു.

വിജയത്തിന്‍റെ താക്കോൽ മലയാളത്തിലായിരുന്നു, എന്നാണോ?

അതൊരു പോസിറ്റീവ് ഘടകം ആയിരുന്നു, വിജയത്തിലേക്കെത്താൻ ഒരു ഘടകം മാത്രം പോരല്ലോ. സമകാലിക വിഷയങ്ങളിലുള്ള അറിവാണ് വിജയത്തിന്‍റെ അടിസ്‌ഥാനം എന്നു ഞാൻ വിശ്വസിക്കുന്നു.

ഒരു ഡോക്ടർ എന്ന കരിയർ വിട്ട് സിവിൽ സർവീസ് തെരഞ്ഞെടുത്തതിനു പിന്നിൽ?

സിവിൽ സർവീസ് ഒരു യൂണിക് പ്രൊഫഷനാണ്. മെഡിസിൻ രംഗം രോഗികളെ പരിചരിക്കാൻ മാത്രമുള്ളതാണ്. സിവിൽ സർവീസിലാകട്ടെ വലിയൊരു സമൂഹത്തെ തന്നെ സേവിക്കാം. വളരെ വിശാലമായ മേഖലയാണ് സിവിൽ സർവീസ്.

സിവിൽ സർവീസ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നവരോട് പറയാൻ ആഗ്രഹിക്കുന്നത്?

കംഫർട്ടായ വിഷയം ഓപ്ഷണലായി തെരഞ്ഞെടുക്കുന്നതാണ് പ്രധാനം. ബിരുദ തലത്തിലും മറ്റും പഠിച്ച എളുപ്പമുള്ള വിഷയം തെരഞ്ഞെടുക്കാം. ഏതായാലും കേന്ദ്രീകരിച്ചുള്ള പഠനം ആണ് ആവശ്യം.

ഇന്‍റർവ്യൂ ബോർഡിനെ അഭിമുഖീകരിച്ചപ്പോൾ എന്തു തോന്നി?

ഇന്‍റർവ്യൂ ബോർഡ് വളരെ സൗഹൃദത്തോടെയാണ് പെരുമാറിയത്. പക്ഷേ ഒരു മലയാളി പോലും ഇന്‍റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നില്ല. മലയാള ഭാഷയെ കുറിച്ച് ഒരു ചോദ്യവും അവർ എന്നോട് ചോദിച്ചില്ല. മെഡിക്കൽ രംഗം, എന്‍റെ ഹോബി, കുടുംബം ഇതൊക്കെ സംബന്ധിച്ച് ചോദ്യങ്ങളുണ്ടായിരുന്നു. എന്‍റെ പെർഫോമൻസ് അത്ര ഗംഭീരമൊന്നുമായിരുന്നല്ല, എന്നാൽ ഞാൻ വളരെ കംഫർട്ടബിൾ ആയിരുന്നു.

ഭരണ രംഗത്തേക്കു വരുമ്പോൾ, ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന മേഖല ഏതാണ്?

പാവപ്പെട്ടവരുടെ സേവനം ആണ് എന്‍റെ ഇഷ്ട മേഖല. മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുമ്പോൾ അതിന് ചില പരിമിതികളുണ്ടാകാം. സിവിൽ സർവീസിലൂടെ അതു മറികടന്ന് താഴെത്തട്ടിലുള്ളവർക്ക് വേണ്ടി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

സിവിൽ സർവീസ് രംഗത്തേക്കുള്ള സ്ത്രീകളുടെ കടന്നു വരവിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?

സ്ത്രീകൾക്ക് ഇനിയും കടന്നു വരേണ്ടതുണ്ട്. വനിതാ ക്ഷേമവും ശാക്‌തീകരണവും ആവശ്യമായ മേഖലകളിൽ സ്ത്രീകൾ തന്നെ കടന്നു വരുന്നതാണ് നല്ലത്. ഇപ്പോൾ കൂടുതൽ സ്ത്രീകൾ സിവിൽ സർവീസിലേയ്‌ക്ക് വരുന്നുണ്ട്. സന്തോഷകരമാണത്.

കുടുംബത്തെക്കുറിച്ച്?

ചങ്ങനാശ്ശേരിയിലാണ് സ്വന്തം വീട്. അച്ഛൻ എം. കെ. രാജകുമാരൻ നായർ കെഎസ്ആർടിസി ഉദ്യോഗസ്‌ഥനായിരുന്നു. അമ്മ ലത. എനിക്കൊരു സഹോദരിയുണ്ട്. ഭർത്താവ് ഡോ: ഭഗത്. വിവാഹശേഷം പല സ്ത്രീകൾക്കും സ്വന്തം കരിയർ സ്വപ്നങ്ങൾ അവസാനിപ്പിക്കേണ്ടി വരും. എന്നാൽ ഭർത്താവും കുടുംബവും എന്‍റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ എന്നെ ഏറെ സഹായിച്ചു.

കുഞ്ഞുനാളിലേ സ്വപ്നം ഇതായിരുന്നോ?

അതെ എന്‍റെ കുട്ടിക്കാലം മുതൽ ഞാൻ സ്വപ്നം കണ്ട രംഗമാണ് സിവിൽ സർവീസ്. എന്നാൽ ഞാൻ ആ പരീക്ഷയ്‌ക്കു പഠിക്കാൻ തുടങ്ങിയത് 2013ൽ മെഡിക്കൽ ബിരുദം നേടിയ ശേഷമാണ്. കൊല്ലം ജില്ലയിലെ കല്ലുവാതിക്കൽ ഇഎസ്ഐ ആശുപത്രിയിൽ ജോലി ചെയ്‌തു കൊണ്ടിരിക്കുമ്പോൾ തന്നെയാണ് പ്രിലിമിനറിക്ക് പഠിക്കാൻ തുടങ്ങിയത്. സെൽഫ് സ്റ്റഡി ആയിരുന്നു ആദ്യം. ഐഎഎസ് അക്കാദമിയിൽ ചേർന്നപ്പോൾ ഞങ്ങൾ തിരുവനന്തപുരത്ത് വാടകയ്‌ക്ക് താമസിച്ചാണ് പഠിച്ചത്.

और कहानियां पढ़ने के लिए क्लिक करें...