ഹിന്ദി ടെലിവിഷൻ രംഗത്തു നിന്നാണ് പുരാണ പരമ്പരകൾ മിനിസ്ക്രീനിൽ ചുവടുറപ്പിച്ചത്. ഇന്നും ഈ പരമ്പരകൾ മൊഴി മാറ്റി മറ്റ് ഭാഷകളിലും വേരുറച്ചു. ഗ്ലാമറസ് ഫാഷനും, സാമൂഹ്യ ചിന്തയും ഇഴചേർന്നു നിൽക്കുകയാണ് പുതിയ കാലത്തെ പുരാണ പരമ്പരകൾ.
ഇപ്പോ ഇറങ്ങുന്ന പുരാണ സീരിയലുകൾക്ക് ചാനലുകളുടെ റേറ്റിംഗ് കൂട്ടുന്ന പരമ്പകളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ കാഴ്ചക്കാർ വർദ്ധിക്കുന്നതിൽ ഭക്‌തിയാണ് കാരണം എന്നു കരുതിയാൽ തെറ്റി. പുരാണകഥകളുമായി ബന്ധപ്പെട്ട് സൃഷ്‌ടിക്കുന്ന ടിവി പരമ്പരകൾ വേഷവിതാനം കൊണ്ടും പശ്ചാത്തല സൗന്ദര്യം കൊണ്ടും സിനിമകളെ തോൽപിക്കുകയാണ്.
കളർഫുൾ ആയ പരമ്പരകളിലെ ഫാഷൻ സാധ്യതകൾ, വ്യത്യസ്തങ്ങളായ കോസ്റ്റ്യൂമുകൾ, ചമയ രീതികൾ എല്ലാം ആളുകളെ ആകർഷിക്കുന്നു എന്നു ചുരുക്കം. മതത്തെക്കുറിച്ചുള്ള സമൂഹത്തിന്‍റെ ചിന്തകളും കാഴ്ചപ്പാടുകളും വളരെയധികം മാറി വരുന്ന കാലമാണിത്. മതത്തോടുള്ള അന്ധമായ ആരാധന കുറഞ്ഞു. മതത്തിന്‍റെ പേരിൽ അടക്കമുള്ള ഭ്രാന്തമായ ആചാരരീതികൾക്കൊക്കെ മാറ്റം വരികയോ ഇല്ലാതാവുകയോ ചെയ്‌തിട്ടുണ്ട്. ആളുകൾ മതങ്ങൾക്ക് എതിരായി എന്നല്ല ഇതിനർത്ഥം. മത തീവ്രവാദം സമർത്ഥിക്കുന്നവരുടെ എണ്ണം കുറഞ്ഞു എന്നേ ഇത് അർത്ഥമാക്കുന്നുള്ളൂ.
പരമ്പരകൾ ഇന്ന് മത തീവ്രവാദം വളർത്താനല്ല, സമൂഹത്തിന്‍റെ ആവശ്യങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനുള്ള വേദിയാക്കി അണിയിച്ച് കൊണ്ടു വരുന്നത് അതുകൊണ്ടാണ്. സാമൂഹ്യ പ്രതിബദ്ധതയ്ക്കൊപ്പം തന്നെ ഈ പരമ്പരകൾ ഫാഷന്‍റെയും ഗ്ലാമറിന്‍റെയും പുതിയ തരംഗം തീർക്കുന്നു.
പുരാണ പരമ്പരകളിൽ ഏറ്റവും ശ്രദ്ധ നേടിയതും ഏറ്റവും കൂടുതൽ കാഴ്ചക്കാർ ഉണ്ടായതും രാമായണം സീരിയലിരുന്നു. ഈ കഥ തന്നെ വീണ്ടും പല രീതിയിൽ പല പേരിൽ ഇറങ്ങി. അതിനും കാണികളുണ്ടായി. ഓരോ കഥകൾ ഇറങ്ങുമ്പോഴും ഇതിലും വ്യത്യസ്‌തമായി ഈ കഥ ഇനി പറയാനില്ലെന്ന് തോന്നിപ്പോകും.
സ്റ്റാർ പ്ലസിൽ സംപ്രേക്ഷണം ചെയ്‌ത രാമായണത്തെ ആധാരമാക്കിയ പരമ്പര ‘സിയാ കെ രാം’ നിൽ സീതയെപ്പോലെ, ഉപേക്ഷിക്കപ്പെട്ടതോ അവഗണിക്കപ്പെട്ടതോ സമൂഹത്തിന്‍റെ പീഡനം ഏറ്റുവാങ്ങേണ്ടി വന്നതോ ആയ പുരാണ സ്ത്രീ കഥാപാത്രങ്ങളെ മുൻ നിർത്തി ഒരുക്കിയതായിരുന്നു. ടെലിവിഷൻ പരമ്പരകളുടെ ചരിത്രത്തിൽ ഇതൊരു പുതിയ കാൽ വയ്‌പായിരുന്നു. ഇത്തരം സീരിയലുകളുടെ ഷൂട്ടിംഗ് സാഘാരമ സ്റ്റൂഡിയോകളിലാണ് പലപ്പോഴും നടക്കാറുള്ളത്. എന്നാൽ വൻ സെറ്റിന്‍റെ പിൻബലം ആവശ്യമുള്ള പുതിയ പുരാണ പരമ്പരകൾ ഹൈദ്രബാദിലെ രാമോജി ഫിലിം സിറ്റിയിലാണ്. അയോധ്യയെന്നും മിഥിലയെന്നും പേരുള്ള രണ്ട് പ്രത്യേക ഷൂട്ടിംഗ് ലൊക്കേഷൻ സീതയുടെ രാമൻ (സിയാ കെ രാം) എന്ന പരമ്പരയ്‌ക്കു വേണ്ടി തന്നെയുണ്ട്.
ഒരു കാലഘട്ടത്തിന്‍റെ സാമൂഹ്യസ്‌ഥിതിയാണ് ഈ പരമ്പര പറയാൻ ആഗ്രഹിക്കുന്നതെങ്കിൽ കൂടി, അതിന്‍റെ പ്രചാരത്തിനായി ധനുഷ് യാത്ര പോലുള്ള ചില പരിപാടികൾ കൂടി നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്. മതത്തെ പുതിയ കാഴ്ചപ്പാടോടെ ജനം വീക്ഷിക്കണമെന്നാണ് ഇവരുടെ ലക്ഷ്യം. സിയാ കെ രാം എന്ന പരമ്പരയിൽ സീതയുടെ ലുക്ക് വളരെ സ്റ്റൈലിഷ് ആണ്. ഓം നമ ശിവായ തുടങ്ങിയ ശിവ പാർവ്വതി കേന്ദ്രീകൃതമായ പരമ്പരകളിൽ പാർവ്വതിയുടെ വേഷഭൂഷാദികളും വളരെ ഗ്ലാമറസ് ആയാണ് അവതരിപ്പിച്ചത്.
രാമായണ കഥയുമായി ചേർത്ത് ഇറങ്ങിയ പരമ്പരകളിൽ പലതിലും രാജ്‌ഞിമാരായ കൗസല്യ, കൈകേയി, സുമിത്ര, എന്തിനധികം മുനി പത്നിയായ ഗാർഗിയുടെ പോലും വസ്‌ത്രധാരണം വളരെ ഗ്ലാമറസും ഫാഷനബിളും ആണ്. ഇപ്പോഴത്തെ പ്രേക്ഷകരെ പിടിച്ചു നിർത്താനും ടിആർപി റേറ്റ് കൂട്ടാനും ഇതൊക്കെയാണ് ആവശ്യമെന്ന് നിർമാതാക്കൾക്ക് അറിയാം. പുരാണകഥയുമായി സ്വന്തം ജീവിതത്തെ ആരും ബന്ധപ്പെടുത്താറില്ല. അതുകൊണ്ടു തന്നെ കഥയുടെ ആഖ്യാന രീതിയിലെ മാറ്റവും കഥാപാത്രങ്ങളുടെ ഫാഷനബിൾ ലുക്കും. ഒരു തരത്തിലും കാണികളെ പിന്തിരിപ്പിക്കില്ല.
അതിനാൽ പുരാണ പരമ്പരകൾ എന്നു പറയുന്നുണ്ടെങ്കിൽ ഈ പരമ്പരകൾ തീർത്തും പുരാണത്തിൽ അധിഷ്ഠിതമല്ല. ഒരു ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സന്തോഷി മാ എന്ന പരമ്പരയിൽ സന്തോഷി മാ എന്ന ദേവതയേക്കാൾ ഉപരിയായി സന്തോഷി എന്നു പേരുള്ള ഒരു സാധാരണ പെൺകുട്ടിയുടെ ജീവിത കഥയാണ് പറയുന്നത്. ഈ കഥാപാത്രം ചെയ്യുന്നത് രതൻ രാജ്പുതാണ്. സമൂഹത്തിലെ കാര്യങ്ങളിലാണ് പരമ്പര കൂടുതൽ ചർച്ച ചെയ്യുന്നതെന്ന് അവർ പറയുന്നു.
ടിവി കാഴ്ചകളെ കുറിച്ചുള്ള ലേഖനങ്ങൾ എഴുതാറുള്ള രജനീഷിന്‍റെ അഭിപ്രായത്തിൽ, പുതുതലമുറ മതതീവ്രവാദത്തെ സ്വീകരിക്കാൻ വിമുഖരാണ് എന്നാണ്. ഈ കാരണം കൊണ്ടാണ് അവർക്കും കൂടി ഇഷ്‌ടപ്പെടുന്ന തരത്തിൽ പുരാണകഥകൾക്ക് പുതിയ ആഖ്യാന രീതി സൃഷ്‌ടിച്ചിരിക്കുന്നത്. സാമൂഹികതയുടെ ആവരണമണിഞ്ഞു വരുന്ന പുരാണ പരമ്പരകൾ വേഗം മനസ്സിലാക്കാനും പറ്റും. മിനിസ്ക്രീനിൽ പുരാണപരമ്പരകൾ പഴയ വീഞ്ഞ് പുതിയ കുപ്പി എന്ന രീതിയിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്നതും അതു കൊണ്ടാണ്.
പക്ഷേ കഥയിലെ മാറ്റങ്ങൾക്കനുസരിച്ചു പൂജാരീതികൾ മറ്റ് ആചാരങ്ങൾ എന്നിവയ്‌ക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്നതായും കണ്ടു വരുന്നു. ദേവിദേവന്മാരുടെ കൃപ ലഭിക്കാൻ പ്രത്യാനുഷ്ഠാനങ്ങൾ വേണം, മുനിമാരുടെ ശാപമേറ്റാൽ പിന്നെ മറ്റൊരു രക്ഷയില്ല എന്നിങ്ങനെയുള്ള ചിന്താഗതികളും ഈ പരമ്പരകൾ വളർത്തിക്കൊണ്ടു വരുന്നു.
ഇത്തരം പരമ്പരകളുടെ നൂതനമായ ശൈലിയും മറ്റും മതതീവ്രവാദത്തെ കുറയ്‌ക്കുന്നുണ്ടെങ്കിലും മതത്തിന്‍റെ പേരിലുള്ള ആഡംബരങ്ങളെയും ആചാരങ്ങളെയും കൂടുതൽ ആധുനുകവൽക്കരിച്ച് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.