എല്ലാറ്റിനും അതിന്‍റെ സമയമുണ്ട് ദാസാ എന്നു പറയും പോലെയാണ് അഞ്ജുവിന്‍റെയും കാര്യം. എല്ലാറ്റിനും അതിന്‍റേതായ ഒരു സ്റ്റൈൽ ഉണ്ട് ഈ പാട്ടുകാരിക്ക്. പാട്ടുപാടാനായാലും പെർഫോം ചെയ്യുന്നതിനായാലും കമ്പോസ് ചെയ്യുന്നതിനായാലും അഞ്ജു ബ്രഹ്മാസ്മി സ്വന്തം സ്റ്റൈൽ ക്രിയേറ്റ് ചെയ്‌തിരിക്കുകയാണ്. ആ സ്റ്റൈൽ സ്വന്തം ലുക്കിലും പേരിലും പാട്ടിലും സാമൂഹ്യ പ്രവർത്തനത്തിലും സൂക്ഷിക്കുകയാണ് ഈ കലാകാരി.
അഹം ബ്രഹ്മാസ്മി എന്ന സങ്കൽപത്തിൽ നിന്നാണ് അഞ്ജു ജോസഫ് എന്ന ഗായിക തന്‍റെ പേരിനൊപ്പം ബ്രഹ്മാസ്മി എന്ന് ചേർത്തത്. മത്സരം നിറഞ്ഞ മൂസിക് ഇൻഡസ്ട്രിയിലും കിടമത്സരത്തിനൊന്നും നിൽക്കാതെ അഞ്ജു തന്‍റെ വഴികൾ സ്വയം കണ്ടെത്തുകയാണ്.
സാഹസികതയോടാണ് പ്രണയം
വ്യത്യസ്തമായ പരീക്ഷണങ്ങളിലൂടെയും ലൈവ് പെർഫോമൻസിലൂടെയും സംഗീതത്തിൽ സ്വന്തം ഇടം കണ്ടെത്തുക എന്നത് ഒരു കലാകാരിയെ സംബന്ധിച്ച് സാഹസം തന്നെയാണ്. പക്ഷേ ആ സാഹസം എനിക്ക് ഇഷ്ടമാണ്. ഫ്യൂഷൻ സ്റ്റൈലിൽ പ്രസന്‍റ് ചെയ്ത കീർത്തനം എന്തരോ മഹാനുഭാവുലുവും കാവാലം നാരായണപ്പണിക്കരുടെ അതിരു കാക്കും എന്ന കവിതയുമാണ് സംഗീത യാത്രയിൽ ബ്രേക്ക് ആയത്. ഗോസ്പൽ മ്യൂസിക് മാത്രം കേട്ടു ശീലിക്കേണ്ടി വന്ന കുട്ടിക്കാലത്തു നിന്ന് ജാസ് സോംഗ് വൺലൈഫ് സ്റ്റാന്‍റിലേക്കുള്ള ദൂരം വളരെ വലുതാണ്. ഹ്യൂമൻസ് ഓഫ് സംവൺ എന്ന ഇംഗ്ലീഷ് ചിത്രത്തിലേക്ക് പാട്ട് കമ്പോസ് ചെയ്‌ത് അവതരിപ്പിക്കാൻ കഴിഞ്ഞു.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീതജ്ഞന്മാരിൽ നിന്ന് സംഗീതത്തെ മനസിലാക്കാൻ കഴിഞ്ഞത് ചെന്നൈയിലെ സ്വർണ്ണഭൂമി അക്കാദമി ഓഫ് മ്യൂസിക്കിലെ പഠന കാലത്താണ്.
ഇതുവരെ റഷ്യൻ, സ്പാനിഷ്, ഗ്രീക്ക്, പോർച്ചുഗീസ് ഭാഷകൾ ഉൾപ്പെടെ 10 ഭാഷകളിൽ പാടാൻ കഴിഞ്ഞു. ഇന്‍റർനാഷണൽ പോർച്ചുഗീസ് മ്യൂസിക് അവാർഡിൽ നോമിനേറ്റു ചെയ്യപ്പെട്ടു. ആദ്യമായിട്ടാണ് അവിടെ ഒരു ഇന്ത്യൻ നോമിനേറ്റ് ചെയ്യപ്പെട്ടത്.
ധൈര്യമുണ്ടെങ്കിൽ ആ ഇടം കിട്ടും
സംഗീത രംഗവും മറ്റേതൊരു വ്യവസായരംഗവും പോലെ തന്നെയാണ്. ഒരു പ്രത്യേക പാറ്റേൺ അതിനും ഉണ്ട്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു വ്യക്‌തിക്ക് അവിടെ പിടിച്ചു നിൽക്കാൻ പ്രയാസമായേക്കാം. പക്ഷേ കാലം മാറി വരുന്നുണ്ട്. സംഗീതത്തിലും സ്വതന്ത്രമായി പ്രവർത്തിച്ച് വിജയം നേടാൻ കഴിയുന്ന ഒരു കാലം വിദൂരമല്ല. കളത്തിലിറങ്ങി പ്രവർത്തിക്കാൻ തയ്യാറുള്ള ആർക്കും തീർച്ചയായും ഒരു സേപ്സ് ലഭിക്കും എന്നു തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ എന്‍റേതായ ഇടം അങ്ങനെ കണ്ടെത്തിയിട്ടുണ്ട്. ഇത്രയേറെ തിരക്കുള്ള ലോകത്ത് സ്വന്തം യൂണീക്നെസ് നില നിർത്തുന്നത് വിജയത്തിലേക്ക് നയിക്കും.
മൾട്ടി സ്റ്റാർ പെർഫോമൻസ്
മൾട്ടി ലാംഗ്വേജ് സിംഗർ, പെർഫോമർ, കമ്പോസർ ഇങ്ങനെ പല കാര്യങ്ങൾ ഞാൻ ചെയ്യുന്നുണ്ട്. എനിക്ക് ഇതെല്ലാം ഇഷ്ടമാണ്. അതിനെല്ലാം പ്രാധാന്യം നൽകുന്നു. ഞാൻ ഒരു പാട്ടു പാടുമ്പോൾ ഞാൻ പാട്ടിലാണ് ശ്രദ്ധ കൊടുക്കുന്നത്. ഡാൻസ് ചെയ്യുമ്പോഴും സ്റ്റേജ് ഷോയിലും, ഓഡിയൻസുമായി കണക്ട് ചെയ്യാനാണ് ശ്രമിക്കുന്നത്. കമ്പോസ് ചെയ്യുമ്പോൾ ക്രിയേറ്റീവ് ആകാനാണ് ശ്രമിക്കുന്നത്. ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് മുൻവിധികൾ ഇല്ല. ഞാൻ എല്ലാറ്റിനും അതിന്‍റേതായ സ്വാതന്ത്യ്രം നൽകുന്നുണ്ട്. കമ്പോസിംഗ് എനിക്ക് വളരെ ഇഷ്ടപ്പെട്ട കാര്യമാണ്. ഞാൻ എല്ലാ ദിവസവും അതു ചെയ്യുന്നു. പുത്തൻ ഐഡിയകൾ എന്നും എനിക്ക് ലഭിക്കുകയും ചെയ്യുന്നു. മൂന്നു കാര്യങ്ങളിലും ഞാൻ എന്നെത്തന്നെ സമർപ്പിച്ചു തന്നെയാണ് അതു ചെയ്യുന്നത്. ഈ പ്രക്രിയയിൽ ഞാൻ ഒരു ഉപകരണമാണ്.