കോളേജിൽ നിന്നും എത്തിയയുടനെ സ്നേഹ എന്നെ കെട്ടിപ്പിടിച്ചു.
“അമ്മേ, ശനിയാഴ്ച 10-ാം ക്ലാസിൽ പഠിച്ച ഞങ്ങളുടെ ബാച്ചിന്‍റെ റീയൂണിയനാണ്. നല്ല രസമായിരിക്കും. ഞാൻ ഭയങ്കര എക്സൈറ്റഡാണ്. നീതയേയും പിങ്കിയേയും സ്വപ്നയേയും കണ്ടിട്ട് വർഷങ്ങളായി. റീയൂണിയനു വേണ്ടി മാത്രമായിട്ടാ അവർ ഡൽഹിയിൽ നിന്നും വരുന്നത്. അമ്മേ ഞാനേത് ഡ്രസ്സാ ഇടേണ്ടത്?”
സന്തോഷം തുടിക്കുന്ന അവളുടെ മുഖത്തേക്ക് ഞാൻ നോക്കിയിരുന്നു. അവളുടെ പ്രിയപ്പെട്ട കൂട്ടുകാരായ പിങ്കിയും നീതയും സ്വപ്നയും ചെന്നൈയിൽ എൻജീനിയറിംഗിന് പഠിക്കുകയാണ്. വളരെ അടുത്ത സൗഹൃദമാണവരുടേത്.
“അമ്മയെന്താ ആലോചിക്കുന്നത്? പഴയ കൂട്ടുകാരെ കാണുന്നത് നല്ല രസമുള്ള കാര്യമാ, അല്ലേ അമ്മേ?” അവളുടെ ചോദ്യം കേട്ട് മനസ്സില്ലാതെയാണെങ്കിലും ഞാൻ നിർവ്വികാരയായി ഒന്നു മൂളി.”
“അതെ സന്തോഷമുള്ള കാര്യമാ.”
“അമ്മേ, അമ്മയ്ക്കും കുറച്ച് ഫ്രണ്ട്സൊക്കെ ഉണ്ടാകുമല്ലോ… അമ്മ അവരെക്കുറിച്ചൊക്കെ ഓർക്കാറുണ്ടോ.” സ്നേഹ അടുത്ത് വന്നിരുന്ന് എന്‍റെ ചുമലിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
“ങ്ഹും, ഓർക്കാറുണ്ട്. പക്ഷേ കല്യാണം കഴിയുമ്പോൾ എല്ലാവരും അവരവരുടെ ജീവിതത്തിലായി മുഴുകും. ആഗ്രഹിച്ചാൽ പോലും പരസ്പരം എങ്ങനെയാ കാണാൻ കഴിയാ.”
“ഓ… അമ്മേ, കൂട്ടുകാരെ കണ്ടുപിടിക്കാൻ അത്ര പാടുള്ള കാര്യമൊന്നുമല്ലല്ലോ. അമ്മ സ്വന്തം വീട്ടിൽ പോകുമ്പോൾ പഴയ കൂട്ടുകാരെ കാണാൻ ആഗ്രഹിക്കാറില്ലേ?”
“ങ്…ഹും. ഞാൻ ശ്രമിക്കാറുണ്ട്. പക്ഷേ അവിടെ കുറച്ച് പേരല്ലേയുള്ളൂ. ഞാൻ അവിടെ എത്തിയ കാര്യമറിയുമ്പോൾ ആരെങ്കിലും വന്ന് എന്നെ കാണും. അത്ര തന്നെ.”
“അമ്മ ഇനിയൊന്ന് നന്നായി ശ്രമിച്ചു നോക്ക്. അമ്മയ്ക്ക് അവരെയൊക്കെ കാണാൻ സാധിക്കും. നല്ല രസമായിരിക്കും. അമ്മയുടെ ലൈഫിനും ഒരു മാറ്റം വരും. ഒരു റീയൂണിയൻ അമ്മയുടെ വകയായി ഇരിക്കട്ടെ.”
സ്നേഹ കുറച്ച് നേരം അതിനെപ്പറ്റി സംസാരിച്ച ശേഷം സ്വന്തം മുറിയിലേക്ക് പോയി. അവൾ പറഞ്ഞതിലും കാര്യമുണ്ട്. എന്‍റെ മനസ്സിലപ്പോൾ രണ്ട് മുഖങ്ങൾ തെളിഞ്ഞു വന്നു. സുകന്യയുടെയും ശ്രീലതയുടെയും. എന്തുകൊണ്ട് അവരെയൊന്ന് കാണാൻ ശ്രമിച്ചു കൂടാ…
പക്ഷേ… ഞാനിവിടെ മുംബൈയിലും സുകന്യ ചെന്നൈയിലും ശ്രീലത ഡൽഹിയിലുമല്ലേ. കഴിഞ്ഞ 20 വർഷമായി അവരുമായി യാതൊരു ബന്ധവുമില്ലല്ലോ. ഇടയ്ക്ക് നാട്ടിൽ പോകുമ്പോൾ അവരെക്കുറിച്ച് അമ്മയോട് ചോദിച്ചറിയുക മാത്രമല്ലേ ചെയ്‌തിരുന്നത്. ഇനിയിപ്പോ കണ്ടാൽ തന്നെ അവരൊക്കെ പഴയതു പോലെ അടുപ്പം കാട്ടുമോ? അവരുടെയൊക്കെ സ്വഭാവം എത്രമാത്രം മാറിയിട്ടുണ്ടാവും… ആർക്കറിയാം.
കൂടിക്കാഴ്ച നടത്തുന്നതിനോട് അവർക്ക് താൽപര്യമുണ്ടാവോ… എന്തോ ഒന്നുമറിയില്ല. പക്ഷേ ആദ്യമൊന്ന് ശ്രമിച്ചു നോക്കാം. ഒരു പരിശ്രമം നടത്തി നോക്കുന്നതിൽ എന്താ തെറ്റ്. പിന്നീടുള്ള സമയത്തിൽ അതേപ്പറ്റിയുള്ള ചിന്ത മാത്രമായി.
ഓഫീസിൽ നിന്നെത്തിയ അജിത് എന്നെ കുറച്ച് നേരം നോക്കി നിന്ന ശേഷം കാര്യം തിരക്കി, “മിനു, എന്തുപറ്റി. എന്തോ ചിന്തയിലാണല്ലോ?”
ഞാനതിന് മറുപടിയൊന്നും പറയാതെ ഒഴിഞ്ഞു മാറി. രാത്രി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ സ്നേഹയും രാഹുലും എന്നിലുണ്ടായ മാറ്റത്തെക്കുറിച്ച് ചോദിച്ചു.
“എന്തുപറ്റി അമ്മേ?”
ഞാനതിന് മറുപടിയൊന്നും പറയാതെ വിദഗ്ദ്ധമായി ഒഴിഞ്ഞു മാറി. ഇപ്പോൾ ആരോടും അതിനെപ്പറ്റിയൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല. ആദ്യം എന്‍റെ കൂട്ടുകാരികളുടെ മേൽവിലാസമൊക്കെ കണ്ടുപിടിക്കട്ടെ.
പിറ്റേന്ന് രാവിലെ എല്ലാവരും പോയശേഷം ഞാൻ അമ്മയെ ഫോണിൽ വിളിച്ച് മനസ്സിലുള്ള കാര്യം പറഞ്ഞു. അമ്മ എന്‍റെ ആഗ്രഹം കേട്ട് ആദ്യമൊന്ന് പൊട്ടിച്ചിരിച്ചു.
“മോളെ, അത് നല്ല കാര്യമാ… നീ അതിന് തയ്യാറെടുത്തോ.”
“പക്ഷേ അമ്മേ, എന്‍റെ കയ്യിൽ അവരുടെ ഫോൺ നമ്പറൊന്നുമില്ലല്ലോ.”
“അതിന് നീയെന്തിനാ വിഷമിക്കുന്നത്. ഞാനവരുടെ വീട്ടിൽ പോയി ഫോൺ നമ്പർ സംഘടിപ്പിച്ച് തരാം. പോരെ.”
അമ്മയുടെ ഉത്സാഹം നിറഞ്ഞ മറുപടി കേട്ടപ്പോൾ മനസ്സിന് വല്ലാത്തൊരാശ്വാസം തോന്നി. ഉച്ചകഴിഞ്ഞ സമയത്ത് അമ്മ ഫോണിൽ വിളിച്ച് രണ്ടുപേരുടെയും ഫോൺ നമ്പർ തന്നു. നാട്ടിൽ സുകന്യയുടെ വീട് എന്‍റെ വീടിന് 3 കിലോമീറ്റർ അപ്പുറമായിരുന്നു. ശ്രീലതയുടെയും ഏറെക്കുറെ ആ പ്രദേശത്ത് തന്നെയായിരുന്നു.
വർഷങ്ങൾക്കു ശേഷം ഇരുവരോടുമായി സംസാരിക്കുന്നതിലുള്ള ആവേശത്തിലായിരുന്നു ഞാൻ. എന്‍റെ ശബ്ദം ഇരുവർക്കും തിരിച്ചറിയാൻ കഴിഞ്ഞതേയില്ല, പക്ഷേ പഠിച്ചിരുന്ന കാലത്ത് ഞങ്ങൾ പരസ്പരം വിളിച്ചിരുന്ന ഇരട്ടപ്പേര് പറഞ്ഞതോടെ ഇരുവരും ഞെട്ടിപ്പോയി.
ഇടയ്ക്ക് ഒരിക്കൽ പോലും കാണാനോ പരസ്പരം ഒന്ന് മിണ്ടാനോ ശ്രമിക്കാത്തതിനെപ്പറ്റിയും ഓർമ്മിക്കാത്തതിനെപ്പറ്റിയുമൊക്കെ ഞങ്ങൾ പരിഭവവും പരാതിയും പറഞ്ഞു കൊണ്ടിരുന്നു. കുറേ നേരം വിശേഷങ്ങൾ സംസാരിച്ച ശേഷം കൂടിക്കാഴ്ച നടത്താനുള്ള അനുയോജ്യമായ ദിവസത്തെക്കുറിച്ചായി ഞങ്ങളുടെ ചർച്ച.
ഒടുവിൽ ഒരു തീയതി ഉറപ്പിച്ചു. അപ്പോഴും ഒരു പ്രശ്നമുണ്ട്. ഞാനും സുകന്യയും വീട്ടമ്മമാരായതിനാൽ ഞങ്ങൾക്ക് നിശ്ചയിച്ച തീയതിയിൽ കാണാൻ പ്രശ്നമില്ലായിരുന്നു. എന്നാൽ ശ്രീലത അദ്ധ്യാപികയായതിനാൽ, അവൾക്ക് ആ ദിവസം എത്തിച്ചേരുകയെന്നുള്ളത് പ്രയാസമായിരുന്നുവെങ്കിലും നിശ്ചയിച്ച അന്ന് തന്നെ അവളും വരാമെന്ന് വാക്ക് നൽകി.
രാത്രി ഞങ്ങൾ നാലുപേരും ഭക്ഷണം കഴിക്കാനിരുന്ന സമയത്ത് അന്ന് സംഭവിച്ച പുതിയ വിശേഷത്തെക്കുറിച്ച് ഞാൻ സന്തോഷത്തോടെ പറഞ്ഞു.
“അജിത്ത്, ഇന്നൊരു വലിയസർപ്രൈസുണ്ടായി.” അജിത്തിന്‍റെയും കുട്ടികളുടെയും മുഖം ജിജ്ഞാസ കൊണ്ട് വിടർന്നു.
“എന്താ, വേഗം പറ?” ആകാംക്ഷയോടെ അജിത് ചോദിച്ചു.
“ഞാനിന്ന് എന്‍റെ പഴയ കൂട്ടുകാരികളെ വിളിച്ചു. ഞങ്ങൾ ഒരു ഗെറ്റ് റ്റു ഗദർ ആലോചിച്ചിട്ടുണ്ട്. ഡേറ്റ് ഫിക്സ് ചെയ്‌തു. എനിക്കവരെ കാണാൻ പോകണമെന്നുണ്ട്.” ഞാൻ ആവേശത്തോടെ പറഞ്ഞു. എല്ലാവരും അത് കേട്ട് ചിരിക്കാൻ തുടങ്ങി. ആ ചിരിയിൽ ഞാൻ പരുങ്ങി നിന്നപ്പോൾ അജിത് സ്നേഹയോടായി പറഞ്ഞു.
“മോളെ, നീ എന്തൊക്കെയാ അമ്മയെ പഠിപ്പിക്കുന്നത്. കണ്ടില്ലേ ഇപ്പോ… സംഗതി സീരിയസായത്.”
“അതിനെന്താ അച്‌ഛാ, അമ്മയ്ക്കുമില്ലേ ഒരു ലൈഫ്. അമ്മ മുഴുവൻ സമയവും നമുക്ക് വേണ്ടിയല്ലേ ജീവിക്കുന്നത്? അമ്മയ്ക്കുമുണ്ടാകുമല്ലോ മോഹങ്ങൾ. പഴയ കൂട്ടുകാരെ കാണാൻ. അമ്മേ, പറ എന്താ ഇനി അടുത്ത പ്ലാൻ?”
സുകന്യയോടും ശ്രീലതയോടും ഫോണിൽ സംസാരിച്ച കാര്യമെല്ലാം അവരെ ധരിപ്പിച്ചു.
ഇത് കേട്ട് രാഹുലിന്‍റെ മുഖം വാടി, “അമ്മേ, അപ്പോൾ ഞങ്ങളുടെ ഭക്ഷണ കാര്യം?”
“അവന് തീറ്റയെന്ന ഒറ്റ ചിന്തയേയുള്ളൂ,” സ്നേഹ രാഹുലിനെ ശാസിച്ചു.
“അതൊക്കെ ഞാൻ മെയ്ഡിനോട് പ്രത്യേകം പറയാം. അവർ ദിവസവും രണ്ട് നേരവും വന്ന് ഭക്ഷണം ഉണ്ടാക്കിയാൽ പോരെ.”
അജിത് 2-3 ദിവസം കഴിഞ്ഞ് ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്‌തു. എയർ ടിക്കറ്റ് ശരിയായ ശേഷം ഞാൻ സുകന്യയേയും ശ്രീലതയേയും വിളിച്ച് കാര്യം പറഞ്ഞു.
മനസ് സന്തോഷം കൊണ്ട് തുടിക്കുകയായിരുന്നു. വർഷങ്ങൾക്കു ശേഷം, സ്ക്കൂളിലും കോളേജിലും പഠിച്ച കൂട്ടുകാരികളെ കാണാൻ പോകുന്നതിന്‍റെ ആകാംക്ഷ കൊണ്ട് എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്തണമെന്ന് പോലും അറിയാതെ ആശങ്കയിൽ ഞാൻ മുറിയിൽ ഓടി നടന്നു.
സുകന്യയുടെ ഭർത്താവ് ബിസിനസ്സുകാരനാണ്. അവർക്ക് ആണും പെണ്ണുമായി രണ്ട് കുട്ടികളുണ്ട്. ശ്രീലതയുടെ ഭർത്താവാകട്ടെ ഡോക്ടറുമാണ്. അവരുടെ ഏക മകൻ ഡൽഹിയിൽ എൻജീനിയറിംഗ് വിദ്യാർത്ഥിയാണ്. എല്ലാവരും സ്വസ്ഥമായ ജീവിതം നയിക്കുന്നു.
“ഞങ്ങൾ മൂന്നുപേരും ഒരേ കോളേജിലാണ് പഠിച്ചിരുന്നത്. പ്രീഡിഗ്രി വരെ ഒരേ ക്ലാസിലും. ത്രിമൂർത്തികളെന്നാണ് മറ്റുള്ള കുട്ടികൾ ഞങ്ങളെ വിളിച്ചിരുന്നത്. പ്രീഡിഗ്രിക്കു ശേഷം ഡിഗ്രിക്കും ഞങ്ങൾ ഒരേ കോളേജിലെത്തി. ഞങ്ങൾ മൂന്നുപേരും വ്യത്യസ്ത വിഷയങ്ങൾ തെരഞ്ഞെടുക്കുകയായിരുന്നു. ബിഎ കഴിഞ്ഞയുടൻ തന്നെയായിരുന്നു സുകന്യയുടെ വിവാഹം. ശ്രീലതയും ഞാനുമാകട്ടെ പോസ്റ്റ്ഗ്രാജുവേഷൻ കഴിഞ്ഞാണ് വിവാഹിതരായത്. ഇംഗ്ലീഷ് ലിറ്ററേച്ചറായിരുന്നു ശ്രീലതയുടെ വിഷയം. ഞാൻ എക്കണോമിക്സിലും.
ആ ഓർമ്മകൾ മനസിലേക്ക് ഓടി വന്നപ്പോൾ പണ്ട് നടന്ന നല്ലതും ചീത്തയുമായ കുറേ ഓർമ്മകൾ കൂടി കടന്നു വന്നു. ഞങ്ങൾ മൂന്നുപേരുടെയും വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 20-22 വർഷമായിരിക്കുന്നു. പക്ഷേ ആ പ്രായത്തിൽ നടന്ന കാര്യങ്ങൾ ഇപ്പോൾ ഓർക്കുമ്പോൾ എല്ലാം വിചിത്രമായി തോന്നുന്നു.
വിനയനെക്കുറിച്ചുള്ള ഓർമ്മകൾ വരുമ്പോൾ മനസിൽ കയ്പുരസം പടരുന്ന പോലെ. വിനയനെപ്പോലെയുള്ള അത്യാഗ്രഹിയെക്കുറിച്ചുള്ള സത്യാവസ്‌ഥ അറിഞ്ഞത് എത്ര ഭാഗ്യമായി പോയി. അധ്യാപികയായിരുന്ന എന്‍റെ അമ്മയ്ക്ക് അയാൾ ആവശ്യപ്പെട്ട സ്ത്രീധനം കൊടുക്കാൻ പറ്റുമായിരുന്നില്ലല്ലോ.
എനിക്ക് 13 വയസ്സുള്ളപ്പോൾ എന്‍റെ അച്‌ഛൻ വിട്ടു പിരിഞ്ഞു പോയതാണ്. അജിത്തുമായുള്ള വിവാഹം എന്നെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹമായിരുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും സങ്കടമെന്തെന്ന് അറിയാതെയുള്ള ജീവിതമായിരുന്നു ഞങ്ങളുടേത്.
സുകന്യയ്ക്ക് അനിലിനെ മറക്കാൻ കഴിഞ്ഞിരിക്കുമോ. ബിഎ ക്ലാസിൽ ഒരുമിച്ച് പഠിച്ചവരായിരുന്നു അവർ. അവർക്കിടയിലുണ്ടായ സൗഹൃദം എപ്പോഴോ ഒരു പ്രണയമായി വളർന്നു. ഈ വിവരം സുകന്യയുടെ വീട്ടിലറിഞ്ഞ് പ്രശ്നമായി. അങ്ങനെ ഡിഗ്രി കഴിഞ്ഞയുടനെ വീട്ടുകാർ അവളുടെ വിവാഹം മറ്റൊരാളുമായി നടത്തുകയായിരുന്നു. അതിനുശേഷം പ്രണയനൈരാശ്യം ബാധിച്ച കാമുകന്‍റെ പരിവേഷത്തോടെയാണ് അനിൽ ജീവിച്ചത്. കോളേജിന്‍റെ ഇടനാഴികകളിൽ വച്ച് അവന്‍റെ മ്ലാനമായ മുഖം കാണുമ്പോഴൊക്കെ ഞങ്ങളുടെ മനസ്സും നൊന്തിരുന്നു.
സുകന്യയുടെ വിവാഹശേഷം പിന്നീട് നടന്നത് എന്‍റെ വിവാഹമായിരുന്നു. ഇക്കാര്യത്തിൽ ശ്രീലതയായിരുന്നു ഏറ്റവും ബുദ്ധിമതി. കോളേജിൽ വല്ല പ്രണയക്കുരുക്കിലും പെട്ടാൽ വീട്ടുകാർ പഠനമവസാനിപ്പിക്കുമെന്ന് നന്നായി അറിയാവുന്നതു കൊണ്ട് അവൾ പ്രണയത്തിലൊന്നും ചാടാതെ പഠനത്തിൽ തന്നെ ശ്രദ്ധിച്ചു. എല്ലാവരും അവരവരുടെ ജീവിതത്തിൽ മുഴുകിയപ്പോൾ ഈയനുഭവങ്ങളൊക്കെ ഏറെക്കുറെ എല്ലാവരും മറന്നു കഴിഞ്ഞിരുന്നു. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ രസമായി തോന്നുന്നു.
കൂട്ടുകാരെ കാണാനുള്ള എന്‍റെ ഉത്സാഹവും ആവേശവും കണ്ട് അജിത്തും മക്കളും സന്തോഷിച്ചു. ഞാൻ കൊച്ചിയിൽ ഫ്ളൈറ്റ് ഇറങ്ങിയാൽ എന്നെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകാൻ ശ്രീലത വരാമെന്ന് ഏറ്റിരുന്നുവെങ്കിലും നേരിട്ട് വീട്ടിൽ പോയി ആദ്യം അമ്മയെ കാണേണ്ടതുള്ളതിനാൽ ഞാൻ ആ നിർദേശം സ്നേഹപൂർവ്വം നിരസിച്ചു. അതിനടുത്ത ദിവസം ഒരു ഹോട്ടലിൽ ഒത്തു കൂടാനായിരുന്നു ഞങ്ങളുടെ പ്ലാൻ.
എന്‍റെ ഗ്രാമത്തിലേക്കുള്ള വഴിയിൽ എത്തിയതോടെ സന്തോഷമാണ് തോന്നിയത്. കാറ്റിലൂടെ ഏതൊക്കെയോ പൂക്കളുടെ ഗന്ധം മൂക്കിലടിച്ചപ്പോൾ ബാല്യകാല ഓർമ്മകളിലൂടെ ഒരു കൊച്ചു കുട്ടിയെ പോലെ ഓടി നടക്കുന്നതു പോലെയായിരുന്നു.
കാറ്റിലൂടെ ഒഴുകിയെത്തിയ ചിരപരിചിതമായ ഏതൊക്കെയോ ഗന്ധങ്ങൾ മൂക്കിലടിച്ചപ്പോൾ ശരിക്കും ശരീരവും മനസ്സും ചെറുപ്പമാകുന്നതു പോലെ… എന്നെ ഏറെ സ്നേഹിക്കുന്ന കരുതലിന്‍റെ മേലാപ്പ് ചാർത്തിയ പോലെ ആ അന്തരീക്ഷത്തെ ഞാൻ ആവോളം ഹൃദയത്തിലേക്ക് ആവാഹിച്ചു. നഷ്ടപ്പെട്ടത് പരമാവധി വീണ്ടെടുക്കും പോലെ ഞാൻ ആ ഗന്ധം ശ്വസിച്ചു. ഇനി കിട്ടുകയില്ലേ എന്ന നഷ്ടബോധമായിരുന്നു എനിക്ക് അപ്പോൾ. പഴയ ആ ടീനേജുകാരിയായ പോലെ.
ഓരോ ചിന്തകളും കടന്ന് വീട്ടിലെത്തിയപ്പോൾ നേരം ഉച്ചയോടടുത്തു. അമ്മയും അനിയനും ഭാര്യയുമൊക്കെ എന്‍റെ വരവും കാത്തിരിക്കുകയായിരുന്നു. ഏറെ നാളിനു ശേഷം കാണുന്നതു കൊണ്ട് അമ്മയ്ക്ക് പറയാൻ ഒരുപാട് നാളത്തെ വിശേഷങ്ങളുണ്ടായിരുന്നു.
അമ്മ എനിക്ക് ഏറ്റവുമിഷ്ടപ്പെട്ട അവിയലും തീയലുമൊക്കെ പ്രത്യേകം തയ്യാറാക്കിയിരുന്നു. അമ്മയുടെ കൈകൊണ്ട് തയ്യാറാക്കിയ വിഭവങ്ങളുടെ രുചി ഒരു വലിയ ഇടവേളയെ ഓർമ്മിപ്പിക്കുന്നതായി. ആ രുചിയോർമ്മകൾ എന്നിൽ വല്ലാത്ത ഗൃഹാതുരതയുണർത്തി കൊണ്ടിരുന്നു. ഇനി ആ ഓർമ്മകളൊന്നും തിരിച്ചു കിട്ടില്ലല്ലോയെന്നോർത്തപ്പോൾ മനസ്സിൽ ഒരു വിങ്ങൽ തികട്ടി വന്നു.
അമ്മ എനിക്കിഷ്ടപ്പെട്ട കറികളൊക്കെ വിളമ്പി തരുന്ന ആവേശത്തിലായിരുന്നു. അമ്മയുടെ വാത്സല്യത്തിനും ഇപ്പോഴും അതേ ചെറുപ്പം. വാർദ്ധക്യത്തിന്‍റെ അവശതകളുടെയോ തളർച്ചയുടെയോ ഏറ്റക്കുറച്ചിലുകളൊന്നുമില്ലാത്ത തെളിനീർ പോലെയുള്ള അമ്മയുടെ സ്നേഹമേറ്റപ്പോൾ മനസ്സിൽ അറിയാതെയൊരു വിങ്ങൽ.
ഇനിയും എത്രകാലം നിലാവു പോലെ പരക്കുന്ന ഈ സ്നേഹം അനുഭവിക്കാൻ കാലം എന്നെ അനുവദിക്കും! ഈ ചിന്തയിൽ ഞാനമ്മയെ ചേർത്തു പിടിച്ചു. ഞാൻ കുറച്ച് നേരം അമ്മയോടും ഇളയ സഹോദരനോടും നാത്തൂനോടും വർത്തമാനം പറഞ്ഞ ശേഷം മുറ്റത്ത് പടർന്ന് പന്തലിച്ച് നിൽക്കുന്ന മുല്ലവള്ളികൾക്കടുത്ത് ചെന്നു നിന്നു.
പണ്ട് സ്ക്കൂളിൽ പഠിച്ചിരുന്ന കാലത്ത് എവിടെ നിന്നോ കൊണ്ടു വന്ന് നട്ട മുല്ലക്കമ്പിൽ നിന്നുണ്ടായ പിന്മുറക്കാരെ ഞാൻ അഭിമാനത്തോടെ ഏറെ നേരം നോക്കി നിന്നു. മുറ്റത്ത് അനുജൻ അപ്പുവും നാത്തൂനും ഭംഗിയായി നട്ട് നനച്ച് വളർത്തുന്ന ചെടികളെ നോക്കി നിന്നപ്പോൾ മുംബൈയിലുള്ള ഫ്ളാറ്റിലെ ബാൽക്കണി ചട്ടിയിൽ ശ്വാസം മുട്ടി വളരുന്ന പാം ട്രീയേയും ഹൈഡ്രാഞ്ചിയേയുമാണ് ഓർമ്മ വരുന്നത്.
സ്വാതന്ത്യ്രത്തിന്‍റെ സമൃദ്ധിയിൽ പക്ഷികളും ചെടികളും വൃക്ഷങ്ങളുമൊക്കെ എത്രയാസ്വദിച്ചാണ് വളരുന്നതും പൂക്കുന്നതുമൊക്കെ… നഗരങ്ങളിലോ… മനുഷ്യരെ പോലെ മുരടിച്ച് വളരുന്ന അവയ്ക്കുമുണ്ടാവില്ലേ കുറേ മോഹങ്ങൾ.
“ചേച്ചി കൂട്ടുകാരികളെ കാണുമ്പോൾ ഞങ്ങളെ മറന്നു പോകല്ലേ…” ഞാൻ മുറ്റത്ത് നിൽക്കുന്നത് കണ്ട് അടുത്ത് വന്ന നാത്തൂൻ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.
വരാന്തയിൽ നിൽക്കുകയായിരുന്ന അമ്മയും അപ്പുവും അത് കേട്ട് ഉച്ചത്തിൽ ചിരിച്ചു.
പിറ്റേന്ന് രാവിലെ ശ്രീലത വീട്ടിലെത്തി എന്നേയും കൂട്ടി കുറച്ചകലെയുള്ള പാർക്കിലെ കൽമണ്ഡപത്തിലേക്ക് യാത്ര തിരിച്ചു. അവിടേക്ക് സുകന്യയും അൽപം കഴിഞ്ഞ് എത്തിച്ചേർന്നു. നീണ്ട ഇടവേളയിൽ കാലം ഞങ്ങളുടെ ശരീരത്തിലുണ്ടാക്കിയ മാറ്റങ്ങൾ ഞങ്ങൾ എണ്ണിപ്പറഞ്ഞ് ചിരിച്ചു.
പഴയ ആ കൂട്ടുകാരികളെപ്പോലെ. 20 വർഷം കഴിഞ്ഞുവെങ്കിലും പ്രായത്തിന്‍റേതായ വലിയ മാറ്റങ്ങൾ ഞങ്ങളിൽ ആർക്കുമുണ്ടായിരുന്നില്ല. പഴയ ആ കുട്ടിത്തം മാറി പ്രായത്തിന്‍റേതായ പാകത വന്നു എന്നതൊഴിച്ചാൽ. ഞങ്ങൾ മൂന്നുപേർക്കും പഴയ കോളേജ് കാലത്തെ ഓർമ്മകൾ കൂടുതൽ തെളിച്ചത്തോടെ ഓർത്തെടുക്കാനുള്ള അവസരം കൂടിയായിരുന്നു.
കുറേ നേരം ഞങ്ങൾ ഓരോരോ തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചു. പഠന കാലത്ത് ശ്രീലതയ്ക്ക് പിന്നാലെ പ്രേമാഭ്യർത്ഥനയുമായി നടന്ന കോട്ടയംകാരൻ ജോസഫ് ഒടുവിൽ നിരാശനായി ഒരു മരച്ചുവട്ടിലിരുന്ന് കരഞ്ഞ കഥ കോളേജ് ക്യാമ്പസിൽ പാട്ടായതും അതിന്‍റെ പേരിൽ ശ്രീലതയെ എല്ലാവരും കുറ്റപ്പെടുത്തിയതുമൊക്കെ ഓർത്തോർത്ത് ഞങ്ങൾ ഒരുപാട് നേരം ചിരിച്ചു.
നേരം ഉച്ചയായപ്പോൾ ഞങ്ങൾ നഗരത്തിലുള്ള ഒരു മുന്തിയ ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം ടാക്സി വിളിച്ച് നേരെ എന്‍റെ വീട്ടിലേക്ക് മടങ്ങി. ജീവിതത്തിലെ സുന്ദരമായ ദിവസങ്ങളിലൊന്നായി മാറി എനിക്കാ ദിവസം. എനിക്ക് മാത്രമല്ല എന്‍റെ പ്രിയ കൂട്ടുകാരികൾക്കും. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങൾ.
വീട്ടിലെത്തിയ ഞങ്ങളെ കാണാൻ അടുക്കളയിൽ നിന്നും നാത്തൂനും അമ്മയും പൂമുഖത്തേക്ക് ഓടി വന്നു. എന്‍റെ കൂട്ടുകാരികളെ ചെറുപ്പം മുതലെ അമ്മയ്ക്ക് നല്ല പരിചയമുണ്ടായിരുന്നു.
കൂട്ടുകാർക്കൊപ്പമുള്ള എന്‍റെ ഒത്തുച്ചേരലിനെ അമ്മയും നാത്തൂനും അപ്പുവുമൊക്കെ ചേർന്ന് നന്നായി ആഘോഷിക്കുന്നതു പോലെയാണ് തോന്നിയത്. അവരും അത് ആസ്വദിക്കുകയായിരുന്നു. ഇതിനിടെ നാത്തൂനും അമ്മയും കൂടി നേരത്തെ തയ്യാറാക്കി വച്ച ഉണ്ണിയപ്പവും അച്ചപ്പവും മുറുക്കും ഓരോ പ്ലെയിറ്റിലായി ഞങ്ങൾക്ക് മുന്നിലായി ടേബിളിൽ വച്ചു. ഞങ്ങൾ പരസ്പരം കുട്ടികളെ പോലെ മത്സരിച്ച് പലഹാരങ്ങൾ തിന്നു കൊണ്ടിരുന്നു. അമ്മയും അപ്പുവും ഇതെല്ലാം കണ്ട് ഊറിച്ചിരിച്ചു.
“അമ്മേ ഞങ്ങൾക്ക് ഒരു ഫോർമാലിറ്റിയുമില്ല” ശ്രീലത അമ്മയുടെ കയ്യിൽ വാത്സല്യത്തോടെ പിടിച്ചു കൊണ്ട് പറഞ്ഞു. സുകന്യയും അതെയെന്നർത്ഥത്തിൽ തലയാടി ചിരിച്ചു.
“അമ്മ പണ്ട് ഉണ്ടാക്കുന്നതു പോലെ… അതേരുചി.” ഞാൻ മനസ്സിലോർത്തു.
ഈ വീട്ടിലെത്തിയതോടെ അപ്പുവിന്‍റെ മകൻ വിഷ്ണുവിന്‍റെ സ്റ്റഡി റൂം എന്‍റെ താൽക്കാലിക ബെഡ്റൂമായി മാറിയിരുന്നു. പണ്ടും അതേ മുറിയിലായിരുന്നു എന്‍റെ വാസം.
ഇന്ന് ആ മുറിയ്ക്ക് ഏറെ വ്യത്യാസങ്ങൾ വന്നിരിക്കുന്നു. നിലത്ത് വിട്രിഫൈഡ് ടൈൽസിന്‍റെ മനോഹാരിത. അറ്റാച്ച്ഡ് ബാത്ത് റൂം ഒക്കെയായി മുറിയ്ക്ക് മൊത്തത്തിൽ ഒരു ഗസ്റ്റ് ലുക്ക്. ഞങ്ങൾ മൂന്നുപേരും കിടക്കയിൽ കിടന്ന് ഓരോന്നിനെപ്പറ്റി പറഞ്ഞു കൊണ്ടിരുന്നു. ഇതിനിടെ ഞാൻ മുംബൈയിൽ വിളിച്ച് സ്നേഹയോട് കൂട്ടുകാരെപ്പറ്റി പറഞ്ഞു. സുകന്യയും ശ്രീലതയും മോളോട് ഫോണിൽ വിശേഷങ്ങളാരാഞ്ഞു. അജിത്തും മകനും വീട്ടിൽ നേരം വൈകിയേ എത്തൂ. അതുകൊണ്ട് വീട്ടിലെ കാര്യങ്ങൾ ശരിയായവണ്ണം നോക്കണമെന്ന് മോളെ ഓർമ്മപ്പെടുത്തി. ഞാൻ പഴയ കൂട്ടുകാരികളെ കണ്ടതിൽ അവൾക്കായിരുന്നു ഏറ്റവും സന്തോഷം. അവൾ അക്കാര്യം ആന്‍റിമാരോട് പറയുകയും ചെയ്‌തു.
ഇതിനിടെ സുകന്യ സഹപാഠിയായ അനിലിനെപ്പറ്റി പറഞ്ഞു.
“നീ അനിലിനെ ഇതുവരെ മറന്നില്ലേ?” എന്‍റെ ചോദ്യം കേട്ട് ശ്രീലത പൊട്ടിചിരിച്ചു.
“ഒന്നു പോടീ. ഞാൻ മറന്നിട്ടില്ല. എന്നു വിചാരിച്ച് അതോർത്ത് പരീക്കുട്ടിയെ പോലെ വിഷമിച്ച് നടക്കുവൊന്നുമില്ല. ഒക്കെ ഒരു കാലമായിരുന്നു.”
“സുകു, നാട്ടിൽ വരുമ്പോൾ നീ അനിലിനെ എന്നെങ്കിലും കണ്ടിരുന്നോ?”
“ഇല്ലടീ”
ശ്രീലത ദീർഘനിശ്വാസമുതിർത്തു കൊണ്ട് കള്ളച്ചിരിയോടെ പറഞ്ഞു.
“ങ്ഹും… പാവം അനിൽ.. പരീക്കുട്ടിയായോ എന്തോ?”
ഞാനും സുകന്യയും അത് കേട്ട് പൊട്ടിച്ചിരിച്ചു.
“ഞാനെന്‍റെ മക്കളോട് ഈ കഥയൊക്കൊ പറഞ്ഞിട്ടുണ്ട്. അവർ അതൊക്കെ കേട്ട് ചിരിക്കാറുണ്ട്.” സുകന്യ ചെറിയൊരു കള്ളച്ചിരിയോടെ പറഞ്ഞു.
“നമുക്ക് അനിലിനെ പോയി കണ്ടാലോ? അവനൊരു വലിയ സർപ്രൈസാകും.” ശ്രീലത കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റു കൊണ്ട് പറഞ്ഞു.
എല്ലാവരും ആ തീരുമാനത്തോട് യോജിച്ചു. പിറ്റേന്ന് കാണാമെന്ന് പറഞ്ഞശേഷം സുകന്യയും ശ്രീലതയും അവരുടെ വീടുകളിലേക്ക് മടങ്ങി. ഏറെ വർഷങ്ങൾക്കു ശേഷം കൂട്ടുകാരികളെ കണ്ട ഹാങ്ഓവറിലായിരുന്നു ഞാൻ. അവരുമൊത്തുള്ള ഓരോ നിമിഷത്തേയും ഓർത്തു കൊണ്ട് ഞാൻ കിടക്കയിലേക്ക് ചാഞ്ഞു.
പിറ്റേ ദിവസം ഞങ്ങൾ മൂന്നുപേരും സിറ്റിയിലുള്ള ഒരു വലിയ ഷോപ്പിൽ കയറി അനിലിന് കൊടുക്കാനുള്ള ഗിഫ്റ്റ് വാങ്ങി. സുകന്യ ഇത്തിരി ഇമോഷണലായോ, അതോ എന്‍റെ തോന്നലാണോ. എന്തോ വേർതിരിച്ചറിയാനാവാത്ത ഒരു വികാരം അവളുടെ മുഖത്ത് മിന്നിമറയുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാനും ശ്രീലതയും അത് കണ്ട് പാടുപ്പെട്ട് ചിരിയൊതുക്കി.
“കണ്ടിട്ട് , ഇവൾ പിടിവിട്ട് പോകുമെന്നാ തോന്നുന്നത്” ശ്രീലത തമാശയെന്നോണം പറഞ്ഞു.
“മ്… നിങ്ങൾ തന്നെ അത് പറയണം. അനിലിനെ കാണാനുള്ള ഐഡിയ പറഞ്ഞതാരാ.” സുകന്യ കണ്ണുരുട്ടി.
ശ്രീലത ഗൗരവം നടിച്ചു കൊണ്ട് പറഞ്ഞു. “ഞാൻ അദ്ധ്യാപികയാണ്. കുസൃതി കാട്ടുന്ന കുട്ടികളെ നേർവഴിക്ക് നയിക്കേണ്ടത് എന്‍റെ ഉത്തരവാദിത്തമാ.”
സുകന്യ സാധനങ്ങളെല്ലാം വാങ്ങി അടുത്ത് വന്നപ്പോൾ ഞങ്ങൾ ഉദ്വേഗത്തോടെ അവളെ നോക്കി.
“എന്തൊക്കെ വാങ്ങി?”
“അങ്ങനെ സ്പെഷ്യലൊന്നുമില്ല. അനിലിനായി ഒരു ബ്രാന്‍റഡ് ഷർട്ട്. ഒരു പെർഫ്യൂം. കുറച്ച് പേന, പിന്നെ കുറച്ച് സ്വീറ്റ്സ്.”
“വാ, നമുക്ക് പ്രൊഫസർ സാറിന്‍റെ വീട്ടിൽ പോകാം. സാറിപ്പോ വീട്ടിലെത്തി കാണും.”
വൈകുന്നേരം 4 മണി. ഞങ്ങൾ മൂന്നുപേരും തിരക്കുള്ള റോഡിലൂടെ നടന്നു. പ്രധാന നിരത്തിൽ നിന്നും ഒരു പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞപ്പോൾ ശ്രീലത വഴിയുടെ അങ്ങേയറ്റത്ത് ഒറ്റപ്പെട്ട് നിൽക്കുന്ന വീട്ടിലേക്ക് വിരൽ ചൂണ്ടി.
“ദാ, അതാണ്. അവിടെ ബൈക്കിന് അടുത്ത് നിൽക്കുന്ന ആളിനെ കണ്ടോ… ചിലപ്പോ അതായിരിക്കും അനിൽ.”
വലിയൊരു ആവേശത്തോടെ ഞങ്ങൾ മൂന്നുപേരും ആ വീട് ലക്ഷ്യമാക്കി മുന്നോട്ട് നടന്നു.
“സുകന്യാ… അത് അനിൽ തന്നെ” ശ്രീലത സുകന്യയുടെ ചുമലിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
സുകന്യ സൂക്ഷിച്ചു നോക്കി. അനിൽ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. വശം ചരിഞ്ഞു നിൽക്കുന്നതുകൊണ്ട് ഞങ്ങളുടെ വരവൊന്നും അനിൽ കണ്ടില്ല.
സുകന്യയുടെ മുഖത്ത് വലിയൊരു പുഞ്ചിരി വിടരുന്നത് ഞാൻ രഹസ്യമായി കണ്ടു. “കഷണ്ടിയുള്ള ആ മനുഷ്യനെങ്ങനെ അനിലാകും. പക്ഷേ മുഖത്തിന് നല്ല സാമ്യം.”
“ഇത് തന്നെയാ അനിൽ. ശ്രീലത തറപ്പിച്ചു പറഞ്ഞു. വീടിന്‍റെ ഗെയിറ്റിനരികിൽ നിൽക്കുന്നതിനാൽ മൂന്ന് സ്ത്രീ രത്നങ്ങളെ അനിൽ കണ്ണടയിലൂടെ സൂക്ഷിച്ചു നോക്കി. ആദ്യം അപരിചിതഭാവത്തോടെ നോക്കിയ അനിലിന്‍റെ മുഖത്ത് നിമിഷങ്ങൾക്കകം പഴയ ആ ചിരി വിടർന്നു.
അദ്ഭുതം അടക്കാനാവാതെ അനിൽ ഓടി വന്ന് ഗെയ്റ്റ് തുറന്ന് ഞങ്ങളെ സ്വീകരണ മുറിയിലേക്ക് ആനയിച്ചു. ഭാര്യയെ വിളിച്ച് പഴയ സഹപാഠികളായ ഞങ്ങളെ ഓരോരുത്തരെ അനിൽ പരിചയപ്പെടുത്തി. സുകന്യയുടെ പേര് പറഞ്ഞത് കേട്ട് അനിലിന്‍റെ ഭാര്യയുടെ മുഖത്ത് ഒരു കള്ളച്ചിരി വിടരുന്നത് ഞങ്ങൾ മൂന്നുപേരും ശ്രദ്ധിച്ചു. അയാളും അതാസ്വദിച്ചു കൊണ്ട് ഊറിചിരിച്ചു.
സുകന്യ അയാൾക്കുള്ള സമ്മാനപ്പൊതി നീട്ടി. അയാളത് സ്വീകരിച്ചു. കുറച്ചു നേരം വിശേഷങ്ങൾ പറഞ്ഞ് അനിലിന്‍റെ ഭാര്യ തന്ന ചായയും കുടിച്ച് ഞങ്ങൾ മടങ്ങി. വർഷങ്ങൾക്കിപ്പുറമുള്ള ആ കൂടിക്കാഴ്ചയുടെ ഹൃദ്യതയെപ്പറ്റി ഓർത്ത് ഞങ്ങൾ കുറച്ച് നേരം നിശബ്ദരായി നടന്നു.
ഇനി കുറച്ച് ദിവസങ്ങളെയുള്ളൂ. ഞങ്ങൾ മൂന്നുപേർക്കും ഇനി തിരിച്ചു പോകണം. പിറ്റേ ദിവസം ഞങ്ങൾ മൂന്നുപേരും അമ്മയ്ക്കും അനിയനും നാത്തൂനും മകനും വേണ്ടി കുറച്ച് ഡ്രസ്സ് വാങ്ങി. ഒപ്പം സുകന്യയും ശ്രീലതയും വീട്ടിലുള്ളവർക്കായി ഡ്രസ്സ് എടുത്തു.
പർച്ചെയ്സിംഗ് ഒക്കെ കഴിഞ്ഞ ശേഷം ഞങ്ങൾ മൂന്നുപേരും ഒരു കോഫി ഷോപ്പിൽ കയറി. ഈ സമയം ഞങ്ങൾ ഞങ്ങളുടെ മനോഹരമായ അനുഭവങ്ങളെക്കുറിച്ച് അയവിറക്കി കൊണ്ടിരുന്നു. ഒരുപാട് നല്ല ഓർമ്മകളുടെ ഭാരത്തിൽ ഞങ്ങളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
തിരികെ വീട്ടിലെത്തിയപ്പോൾ എന്നെ കാത്തിരിക്കുകയായിരുന്ന നാത്തൂനും അനിയനും കൂടി വിശേഷങ്ങൾ ഓരോന്നും ചോദിച്ചു കൊണ്ടിരുന്നു. എന്‍റെ വിശേഷങ്ങൾ അറിയാനുള്ള ആകാംക്ഷയായിരുന്നു അവർക്ക്. അവർക്കുള്ള ഡ്രസ്സുകൾ കൊടുക്കുമ്പോൾ നാത്തൂൻ പരിഭവപ്പെട്ടു. ചേച്ചി കൂട്ടുകാരികളെ കണ്ടപ്പോൾ ഞങ്ങളെ മറന്നു. ഇവിടെ രണ്ടു ദിവസം കൂടി ഞങ്ങൾക്കൊപ്പം നിന്നില്ലല്ലോ.” അവളുടെ പരിഭവത്തിന് മറുപടിയെന്നോണം ഞാനവളെ ചേർത്തു നിർത്തി.
“ഇനി വിഷുവിന് ഞങ്ങളെല്ലാവരും കുറച്ച് ദിവസം ഞങ്ങൾ ഇവിടെയുണ്ടാകും മോളെ ഉറപ്പ്.” അത് പറഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞു.
പിറ്റേന്ന് കൊച്ചിയിൽ നിന്നും മുംബൈയിലേക്കുള്ള ഫ്ളൈറ്റിൽ ഇരിക്കുമ്പോൾ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പുകയായിരുന്നു. കുറേ വർഷത്തെ ഓർമ്മകളെ മനസിലേക്ക് ചേർത്തു നിർത്തിയ ആ മുഹൂർത്തങ്ങളെ ഞാൻ റീവൈൻഡ് ചെയ്‌തു കൊണ്ടിരുന്നു. ഇനിയും വരണം ആ സൗഹൃദങ്ങളുടെ പച്ചപ്പ് തേടി….