കുറേനാളുകളായി ഗവി എന്ന സുന്ദരിയെക്കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട്! നവാഗതനായ സുഗീത് സംവിധാനം ചെയ്ത ഓർഡിനറി സിനിമയാണ് പത്തനംതിട്ട ജില്ലയിലെ ഗവി എന്ന ഉൾനാടൻ ഗ്രാമസുന്ദരിയുടെ മുഖപടം മാറ്റി മലയാളനാടിനെ പരിചയപ്പെടുത്തിയത്. ഓർഡിനറിയിലെ സുന്ദരിപ്പെണ്ണേ എന്ന ഗാനം കാണുമ്പോഴൊക്കെ പ്രകൃതിയെ സ്നേഹിക്കുന്ന സഞ്ചാരിയുടെ ഡയറിത്താളുകൾ ആ പേര് ഒന്നുകൂടി വ്യക്‌തമായി കോറിയിടും. പത്തനംതിട്ടക്കാരി കൂടിയായതിനാലാവണം ഗവിയുടെ മടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള മോഹത്തിന് ഓരോ നിമിഷവും കനം വയ്ക്കുകയായിരുന്നു. അങ്ങനെയാണ് ഗവി ഒരാവേശമായി മുളച്ചുപൊന്തിയത്.

കാലത്ത് 5 മണിയ്ക്ക് ഞങ്ങൾ തയ്യാറാവുന്നതിനു മുമ്പേ കൃത്യനിഷ്ഠയുടെ അടയാളമായി കുട്ടേട്ടൻ എത്തി. ഈ കുട്ടേട്ടൻ ആരെന്നല്ലേ? ഞങ്ങളെ ഗവിയിലേക്ക് കൂട്ടിക്കൊണ്ടുപോകാനെത്തിയ സുന്ദരൻ ടവേരയാണ് കുട്ടേട്ടൻ. ഡ്രൈവിംഗ് സീറ്റിൽ ചന്ദനക്കുറിയിട്ട് കുട്ടേട്ടനൊപ്പം ഓമന എന്നും കൂടി ചേർത്ത് ഓമനക്കുട്ടനായി മാറിയ പഴയൊരു കാഥികനും രസികനുമായ ചേട്ടനും റെഡി. അപ്പോ പോകാല്ലേ ഗവിയിലേക്ക്.

ഇടവപ്പാതിയുടെ പഴയകാല പ്രകമ്പനങ്ങൾ അത്രയൊന്നും മുഴങ്ങാത്ത ജൂൺ പുലരിയായതിനാലാവാം ഞങ്ങളിറങ്ങുമ്പോൾ മഴയൊന്നെത്തി നോക്കി പിന്തിരിഞ്ഞത്. ഗ്രാമ്യസൗന്ദര്യത്തിന്‍റെ വിഭാത വിശുദ്ധിയും ശീതളിമയും ശാന്തതയും മനസ്സിലേക്ക് ഒരു മഞ്ഞുകണം പോലെ കുളിർമ്മ പകരുമ്പോൾ കുട്ടേട്ടന്‍റെ ഭക്‌തിഗാനങ്ങൾ പകരുന്ന ചൈതന്യവുമായി യാത്ര തുടങ്ങിയിരുന്നു.

ഞങ്ങളുടെ നാട്ടിൽ നിന്ന് വടശേരിക്കര, ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി വഴിയായിരുന്നു യാത്ര. തീർത്തും പച്ചപ്പ് നിറഞ്ഞ പാതയോരങ്ങൾ. പ്രകൃതി അതിന്‍റെ തനത് ചാരുതയിൽ വഴിയോരക്കാഴ്ചകളിൽ ഹരിതലാവണ്യം തീർക്കുമ്പോൾ വികസനത്തിന്‍റെ പേരിൽ മൺൽക്കാടുകളായി മാറിക്കൊണ്ടിരിക്കുന്ന നഗരജീവിതത്തിന്‍റെ ദുരവസ്ഥയോർക്കാതിരിക്കുന്നതെങ്ങനെ. പമ്പയുടെ കൈവഴികൾ ചെറുകല്ലുകളിൽ തട്ടിയൊഴുകുന്ന പ്രത്യേക സംഗീതം പ്രകൃതിയുടെ താളങ്ങൾക്കൊപ്പം ഇടകലർന്നപ്പോൾ വഴിയിരികിലെ മരച്ചില്ലകളിൽ തങ്ങി നിന്നിരുന്ന മഴമുത്തുകൾ മുഖത്തേക്ക് ഈറൻ പകരുന്ന സുഖമാസ്വദിക്കുകയായിരുന്നു ഞങ്ങൾ.

gavi

കൃത്യം 7 മണിയോടെ ആങ്ങമൂഴിയെത്തിയപ്പോൾ ഒരു ബോർഡ് ഗവിയിലേക്ക് സ്വാഗതം ചെയ്യുന്നുണ്ടായിരുന്നു. ആ ബോർഡിൽ ഗവിയിലേക്ക് പോകുന്നവർ പാസ് എടുക്കേണ്ട വഴി ഇത് എന്ന ഇടത്തേക്ക് അടയാളപ്പെടുത്തിയിരിക്കുന്നു. റാന്നി ഫോറസ്റ്റ് ഡിവിഷന്‍റെ അധീനതയിലുള്ള ഗൂഡ്രിക്കൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസാണ് ഇവിടെ പ്രവർത്തിക്കുന്നത്. 8 മണിക്കേ ഓഫീസ് തുറക്കുകയുള്ളു എന്ന അറിയിപ്പ് കിട്ടിയതിനാൽ ഞങ്ങൾ അടുത്തുള്ള ഭക്ഷണശാലകളിൽ കയറി വിശപ്പിന്‍റെ വിളിയുണരും മുമ്പേ വയറു നിറച്ചു. ഓർക്കുക. പത്തനംതിട്ടയിൽ നിന്നും ഗവിയേക്ക് പോകുന്നവർക്ക് ഭക്ഷണം ലഭിക്കുന്ന അവസാനത്തെ താവളമാണ്. ഇതിനുശേഷം ഭക്ഷണം ലഭിക്കണമെങ്കിൽ കൊച്ചുപമ്പയിലെ കെഎസ്ഇബി ക്യാന്‍റീൻ മാത്രമാണ് ആശ്രയം. മുൻകൂറായി ബുക്ക് ചെയ്ത് ഉറപ്പിക്കാം.

പുലർകാലെ വനമേഖലയിലേക്ക് കടക്കുന്ന ആദ്യവാഹനം എന്ന ബഹുമതി സ്വന്തമാക്കിക്കൊണ്ട് കുട്ടേട്ടൻ ചെക്ക്പോസ്റ്റ് കടന്ന് പ്രയാണമാരംഭിച്ചു. പെരിയാർ ടൈഗർ റിസർവ്വ് പരിധിയിൽ വരുന്ന ഈ വനമേഖലയിൽ കടുവയും ആനയും വരയാടും മഴമുഴക്കിവേഴാമ്പലും സിംഹവാലൻ കുരങ്ങുകളും എന്നുവേണ്ട 24 ലധികം ഉഭയജീവികളും 45 ൽ പരം ഉരഗജീവികളും 62 ൽ അധികം സസ്തനികളും 123 ൽ പരം ചിത്രശലഭങ്ങളുടെയും 142 ഇനം പക്ഷികളുടേയും ആവാസമേഖലയാണ്. ഗജവീരന്മാരുടെ ഇഷ്ടഭക്ഷണമായ മുളങ്കാടുകളുടെ സമൃദ്ധിയിൽ പച്ചവിരിച്ചു നിൽക്കുകയാണ് മദ്യപന്മാർക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ള ഈ ആരണ്യഭൂമി. അതുകൊണ്ട് കള്ള് കുപ്പികളുമായി ആരും കാട് കയറാൻ മെനക്കെടരുത്.

പാട്ടുമൂളിയെത്തുന്ന നനുത്ത കാറ്റിനൊപ്പം പല്ലവി മൂളുന്ന മുളന്തണ്ടുകൾ വഴിയൊരമൊട്ടാകെ ചാഞ്ഞും ചരിഞ്ഞും കിടന്ന് വിരുന്ന് വന്നവരെ ആനന്ദിപ്പിക്കുന്നുണ്ടായിരുന്നു. ഈറ്റ സമൃദ്ധിയുടെ ഈ ഹരിതഭൂവിൽ നിന്നാണ് കേരള ബാംബു കോർപ്പറേഷന്‍ ആവശ്യമായ മുളകൾ ശേഖരിക്കുന്നത്. ഏതോ ത്രില്ലർ നോവലിലെ നിഗൂഢതകൾ നിറഞ്ഞ വഴിത്താരകൾ പോലെ ഹരിതസമൃദ്ധിയുടെ നിറവിൽ ഇരുണ്ട് മഞ്ഞുമൂടിയ പാതയങ്ങനെ വഴിതെളിച്ചുകൊണ്ടേയിരുന്നു. സൂര്യരശ്മികൾ ഒരു മിന്നായം പോലെ ഇടയ്ക്കിടെ മകര ജ്യോതിയുടെ ഓർമ്മയുണർത്തി തെളിഞ്ഞു മറയുന്നുണ്ടായിരുന്നു.

ഇടുങ്ങിയതും പൊട്ടിപ്പൊളിഞ്ഞതുമായ റോഡുകളായതിനാൽ ഓഫ് റോഡ് വാഹനങ്ങൾ മാത്രമേ ഗവിയാത്രയിൽ കൂടെക്കൂട്ടാവൂ. ഇല്ലെങ്കിൽ പണിപാളും! കടന്നുപോന്ന വഴിയിലത്രയും ആനച്ചൂര് തങ്ങിനിൽക്കുന്നുണ്ടായിരുന്നു. ഏതോ ഒറ്റയാൻ ഞങ്ങൾക്കു തൊട്ടുമുമ്പേ കടന്നുപോയതിന്‍റെ അവശേഷിപ്പുകളായി റോഡരികിലുള്ള ഈറ്റത്തലപ്പുകളും മണ്ണും ചവിട്ടിമെതിച്ചിട്ടുണ്ടായിരുന്നു. ഉള്ളിൽ ചെറിയ പേടിയുടെ കരി നിഴൽ വ്യക്‌തമല്ലാത്ത ചിത്രമെഴുതുമ്പോഴും കാടിന്‍റെ വന്യസൗന്ദര്യം വിസ്മയിപ്പിച്ചുകൊണ്ടിരുന്നു.

അമ്മ കറുമ്പി മോള് വെളുമ്പി മകളുടെ മകളൊരു സുന്ദരി എന്നു പേരുള്ള സുന്ദരിച്ചെടി അതിരിട്ട വനപാതയിലൂടെയുള്ള നീണ്ടയാത്രയിൽ പേരറിയാപ്പക്ഷികൾ ചിലച്ചുകൊണ്ടേയിരുന്നു. വനലതകളിൽ ചവിട്ടിമെതിച്ച് ആരോ നടക്കുന്ന ശബ്ദം ഭീതിപ്പെടുത്തി. ഇടയ്ക്ക് ഒരു കുഞ്ഞുമാൻപേട റോഡരികിലൂടെ വേഗത്തിൽ പായുന്നുണ്ടായിരുന്നു. കൂട്ടം തെറ്റിപ്പോയതാവാം. കരിങ്കുരങ്ങുകളും ചുവന്ന നീളൻ വാലുള്ള മലയണ്ണാനും ഊഞ്ഞാലാടി വന്ന് ഞങ്ങളെ സന്തോഷിപ്പിച്ചു. റോഡിൽ നിന്നും അധികം വിദൂരത്തല്ലാതെ ടാർപ്പോളിൻ വലിച്ചുകെട്ടിയ ഒന്നുരണ്ട് ആദിവാസിക്കുടിലുകൾ കണ്ടു. കാടിനെയറിഞ്ഞ് പ്രകൃതിയെയറിഞ്ഞ് മൃഗങ്ങളോടിണങ്ങി കുടിലതയും കുതന്ത്രങ്ങളും സമാധാനം കെടുത്താതെ പണത്തിന്‍റെ പ്രലോഭനങ്ങളോ എറ്റിഎം കാർഡിന്‍റെ വ്യാകുലതകളോ ഇല്ലാതെ ജീവിക്കുന്ന അവരോട് ബഹുമാനവും സ്നേഹവും തോന്നി. എങ്കിലും വഴിയിലുടനീളം കണ്ട ആനപ്പിണ്ടങ്ങളും മറ്റൊരു വാഹനത്തിന്‍റെയും സാന്നിദ്ധ്യമില്ലാത്തതും ഒരളവു വരെ ഉള്ളിൽ ആശങ്കയുടെ ചെറുവിത്തുകൾ പാകി.

ശബരിഗിരി ജലവൈദ്യുതപദ്ധതി പ്രദേശമായതിനാൽ കെഎസ്ഇബി വാഹനങ്ങളും വനംവകുപ്പിന്‍റെ വാഹനങ്ങളും മാത്രമാണ് ഈ വഴികവിൽ കൂടുതലും കാണാൻ കഴിയുക. മൂഴിയാർ, ആനത്തോട്, കക്കി, മണിയാർ, കൊച്ചുപമ്പ ഡാമുകളും മൂഴിയാർ പവർഹൗസിലേക്ക് വെള്ളമെത്തിക്കുന്ന വലിയ പൈൻസ്റ്റോക്ക് പൈപ്പുകളും ഗവിയാത്രയിലെ ആകർഷണീയ ഘടകങ്ങളാണ്. ഡാമുകൾ സന്ദർശിക്കാൻ അനുമതിയുണ്ടെങ്കിലും ഫോട്ടോഗ്രാഫി നിരോധിത മേഖലയായിതിനാൽ ചെക്കിംഗിനായി കൂടെയാളുണ്ടാവും. ജംലസംഭരണികൾക്കുൾവശത്ത് ജലദൗർലഭ്യതയാൽ ചുവന്ന മൊട്ടക്കുന്നുകൾ തെളിഞ്ഞുകാണുന്നുണ്ടായിരുന്നു. പല്ലുകൂട്ടിയിടിക്കുന്ന തണുപ്പായതിനാൽ അവിടെ അധികനേരം ചിലവഴിക്കൻ സാധിച്ചില്ല. വീണ്ടും വനാന്തരങ്ങളിലൂടെ ഗവിയിലേക്ക്.

വിലയേറിയതും അപൂർവ്വമായതുമായി നിരവധി വൃക്ഷഖനികളാൽ സമ്പന്നമാണ് പെരിയാർ വനമേഖല! നിത്യഹരിത തരുക്കളും ഇലകൊഴിയും തരുക്കളും പുഷ്പിതവൃക്ഷങ്ങളും പുൽമേടുകളും ഏലസുഗന്ധവും പെരിയാറിന്‍റെ വനസമ്പന്നതയ്ക്ക് തിലകക്കുറി ചാർത്തി തലയെടുപ്പോടെ നിൽക്കുകയാണ്. നിറയെ പൂത്തലഞ്ഞു കായ്ച്ചു നിൽക്കുന്ന കാട്ടുനെല്ലി മരങ്ങളും മാവും പിന്നെ കാട്ടുപഴങ്ങൾ കൊണ്ട് സമൃദ്ധമായ തരുനിരകളും മഞ്ഞുമേഘങ്ങളും ഈറൻകാറ്റും എന്നുവേണ്ട പ്രകൃതിയെ സ്നേഹിക്കുന്ന സഞ്ചാരിയ്ക്ക് വേണ്ട വിഭവങ്ങളെല്ലാം കാത്തുവച്ചിട്ടുണ്ട് ഈ വനവിശാലത!

ഏകദേശം 12 മണിയോടുകൂടി ഞങ്ങൾ ഗവിയിലെത്തി. ഗവിയാർ ഡാം എന്ന ബോർഡുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് സൂര്യനെയൊളിപ്പിച്ച് വച്ച് കോടമഞ്ഞിന്‍റെ കമ്പളം പുതച്ച് ഗവി! പെട്ടെന്ന് കാണുമ്പോ ഇതാണോ ഗവി? എന്നുതോന്നുമെങ്കിലും പയ്യപ്പയ്യേ പ്രകൃതിയുടെ മടിത്തട്ടിൽ ഭൂസൗന്ദര്യത്തിന്‍റെ തനിമ കൈവിടാതെ വികസനം എന്നോമനപ്പേരിട്ടു വിളിക്കുന്ന കോൺക്രീറ്റ് സൗധങ്ങൾ കയ്യടക്കാതെ തെളിഞ്ഞു ശോഭിക്കുന്ന ഈ കൊച്ചുസുന്ദരിയോട് നമുക്കിഷ്ടം തോന്നും. പിന്നെ ആ സൗന്ദര്യത്തെ ക്യാമറയിലേക്ക് പകർത്തിയെടുക്കാനുള്ള വെമ്പലായിരിക്കും.

ഏലത്തോട്ടങ്ങളാണ് ഗവിയുടെ ട്രേഡ്മാർക്ക്. ശ്രീലങ്കയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട തമിഴ് വംശജകർക്ക് തലചായ്ക്കാനൊരിടവും വിശപ്പകറ്റാൻ അന്നവും നൽകുക എന്ന സദുദ്ദേശമാണ് ഗവിയിലെ ഏലകൃഷിയുടെയും നിയന്ത്രിത വിനോദസഞ്ചാരപദ്ധതിയുടെയും പിറവിക്ക് കാരണമായത്. കേരള സർക്കാരിന്‍റെ അധീനതയിലുള്ള ഇവിടത്തെ ഏലത്തോട്ടങ്ങളിൽ നിന്നുള്ള ഏലക്കായ്കൾ ശബരിക്ഷേത്രത്തിലെ അരവണ നിർമ്മാണ രുചിക്കൂട്ടിലെ അത്യന്താപേക്ഷിത ഘടകമാണ്. കേരളാ ടൂറിസം ഡവലപ്മെന്‍റ് കോർപറേഷന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രീൻ മാൻഷനിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനനുസരിച്ച് താമസസൗകര്യങ്ങളും ഭക്ഷണവുമടക്കുള്ള പാക്കേജ് സൗകര്യങ്ങൾ ലഭ്യമാണ്.

gavi

ബോട്ടിംഗ് സഫാരി, സൈക്ലിംഗ്, ട്രക്കിംഗ്, ശബരിമല വ്യൂപോയിന്‍റ് തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ. നട്ടുച്ചയ്ക്കുപോലും തണുപ്പ് അസഹനീയമാണെങ്കിലും കോടമഞ്ഞിന്‍റെ മൂടുപടമണിഞ്ഞ ഗവിയിൽ ഒരിത്തിരിനേരും കൂടി നിൽക്കാൻ മനസ്സ് കൊതിച്ചുപോകും. ഇടയിലെപ്പോഴൊ കുമളിയിലേക്കുള്ള ആനവണ്ടി കടന്നുപോയപ്പോൾ ഓർഡിനറിയിലെ കഥാപാത്രങ്ങൾ പുഞ്ചിരിക്കുന്നതുപോലെ തോന്നി.

ഒരിക്കലും മുൻവിധികളോടെയോ അല്ലെങ്കിൽ ഓർഡിനറി മൂവിയിലെ ലൊക്കേഷനായോ ഗവിയെ കാണരുത്. അഭ്ര പാളികളിൽ നാം കണ്ട ഗവിയായിരിക്കില്ല ഒരുപക്ഷേ നേരിട്ടു കാണുമ്പോൾ കാത്തിരിക്കുക. പാത്തനംതിട്ടയിൽ നിന്നും ഗവിയിലേക്ക് പോകുന്നുവർ കൈയിൽ ആവശ്യത്തിനുള്ള ഭക്ഷണം, വെള്ളം എന്നിവ നിർബന്ധമായും കരുതിയിരിക്കണം. ആനവണ്ടിയാണ് ഏറ്റവും സുരക്ഷിതവും ചിലവ് കുറഞ്ഞതുമെങ്കിലും സ്വകാര്യവാഹനങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർ ഓഫ് റോഡ് വണ്ടികൾ മാത്രമേ തെരഞ്ഞെടുക്കാവൂ. യാത്ര പുറപ്പെടും മുമ്പ് വണ്ടിയുടെ കണ്ടീഷൻ ചെക്ക് ചെയ്ത് പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണം. മൊബൈൽ നെറ്റ്‍വർക്ക് ഇല്ലാത്തതിനാൽ കാടിന്‍റെ നിശബ്ദതയിൽ, വന്യതയിൽ ഒറ്റപ്പെട്ടുപോയാൽ സഹായമെത്താൻ പരിമിതികളുണ്ടെന്ന് ഓർക്കുക.

വനത്തിന്‍റെയും വനജീവികളുടെയും ആവാസവ്യവസ്ഥയെയും സുരക്ഷയെയും കാര്യമായി ബാധിക്കും എന്നതിനാലാവണം ഇവിടെ റോഡുകൾ അറ്റകുറ്റപ്പണികൾ നടത്താതെ നാമമാത്രമായത്. വന്യമൃഗങ്ങളുടെ ഭീഷണി മൂലമാവും കൊച്ചുപമ്പയിലെ കെഎസ്ഇബി ക്യാന്‍റീൻ ഒഴികെ മറ്റൊരു തരത്തിലുള്ള സ്ഥാപനങ്ങളുമില്ലാത്തത്!

എങ്കിലും വന്യമായ കാടിന്‍റെ നിഗൂഢതയിലൂടെ, ഏതുനിമിഷവും മുന്നിലേക്ക് വന്നുപെട്ടേക്കാവുന്ന ഒറ്റയാന്‍റെ ഭീതിയിലൂടെ, കാട്ടുചോലകളുടെ കലമ്പലുകളിലൂടെ ശരീരത്തിലെ ചോരയൂറ്റിക്കുടിക്കുന്ന അട്ടകളുടെ സാമ്രാജ്യത്തിലൂടെ, വൃക്ഷസമൃദ്ധിയുടെ ഹരിതഭംഗിയിലൂടെ, കാട്ടുഫലങ്ങളുടെ പൂക്കളുടെ നിറവസന്തത്തിലൂടെ ആരാണൊരു യാത്ര കൊതിക്കാത്തത്. ഈ യാത്ര ഇവിടെ അവസാനിക്കുന്നില്ല. തുടരുകയാണ്… ഗവിയും കടന്ന് വള്ളക്കടവും കടന്ന് കുമളിയിലൂടെ തേക്കടിയിലൂടെ വാഗമണ്ണിന്‍റെ വിസ്മയങ്ങളിലേക്ക്.

നിയന്ത്രിത വിനോദസഞ്ചാരമേഖലയായ ഗവിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ കേരള ടൂറിസം ഡിപ്പാർട്ടുമെന്‍റിന്‍റെ, പത്തനംതിട്ട ടൂറിസം ഡിവിഷന്‍റെ, ഗവി ഇക്കോ ടൂറിസത്തിന്‍റെ വെബ്സൈറ്റുകളിൽ ലഭ്യമാണ്. വായിച്ചറിയുക, ചോദിച്ചറിയുക പ്രകൃതിയെയറിയുക, വനമര്യാദകൾ പാലിക്കുക. ഗവി ഒരനുഭവമാകും തീർച്ച!

और कहानियां पढ़ने के लिए क्लिक करें...