ആശയ്ക്ക് ആകെ ദേഷ്യം വന്നിരിക്കുകയാണ്. ഒരു വശത്ത് കൊടുംമഴ തുടരുന്നു. വൈദ്യുതി പോയിട്ട് മൂന്നു മണിക്കൂറായി. അയൽവക്കത്തെ വീട്ടിലെല്ലാം വെളിച്ചമുണ്ട്, ഈ വീട്ടിൽ മാത്രം ഇല്ല. ഈ മഴയിൽ ഒരു ഇലക്ട്രീഷ്യനെ വിളിച്ചിട്ട് കിട്ടുന്നുമില്ല. തുണി അലക്കാൻ ഇട്ടത് ഉണങ്ങിയിട്ടുമില്ല. അകത്തൊരു അയകെട്ടാൻ ഭിത്തിയിൽ സീൽ വയ്ക്കാൻ ശ്രമിച്ചിട്ട് ശരിയാകുന്നുമില്ല.

ഇങ്ങനെ ആകെ ഭ്രാന്ത് പിടിച്ചിരിക്കുമ്പോഴാണ് തൊട്ടടുത്ത വീട്ടിലെ ചിത്രചേച്ചി അങ്ങോട്ട് വന്നത്. ആശയുടെ മാത്രം വീട്ടിൽ കറന്‍റ് ഇല്ലെന്ന് മനസ്സിലായ ചിത്ര മെയിൻ സ്വിച്ച് തുറന്ന് നോക്കി ഫ്യൂസ് പരിശോധിച്ചു. സംഗതി അതു തന്നെ. ഫ്യൂസ് പോയതാണ്. ചിത്ര ഉടനെ തന്നെ ഫ്യൂസ് ശരിയാക്കി മെയിൻ സ്വിച്ച് ഓണാക്കി. കറന്‍റും വന്നു. പിന്നെ ചിത്ര വീട്ടിലേക്ക് ഫോൺ ചെയ്‌ത് തന്‍റെ ടൂൾ ബോക്സ് എടുപ്പിച്ചു. ഡ്രിൽ മെഷീൻ കൊണ്ട് രണ്ടു ആണി ഉറപ്പിച്ച് അയ കെട്ടി നനഞ്ഞ തുണി നിവർത്തിയിടാനുള്ള സൗകര്യവും ഉണ്ടാക്കി. ആശ മൂന്നുമണിക്കൂറായി ആലോചിച്ചു വിഷമിച്ചു നിന്ന കാര്യങ്ങൾ അരമണിക്കൂറിനുള്ളിൽ ചിത്ര ചെയ്‌തു കൊടുത്തു.

ചിത്രയിൽ നിന്ന് ആശയ്ക്കൊരു ഉപദേശവും കിട്ടി. ജോലിക്കാരിയാണോ, വീട്ടമ്മയാണോ എന്നൊന്നും ഇല്ല, ഇത്തരം ചില കാര്യങ്ങൾ എല്ലാ സ്ത്രീകളും പഠിച്ചിരിക്കണം. ഇതുപോലെ അടിയന്തിര ഘട്ടങ്ങളിൽ മറ്റുള്ളവരുടെ സഹായം ലഭ്യമായില്ലെങ്കിലും കാര്യം നടത്താൻ കഴിയുമല്ലോ.”

റിപ്പയറിംഗ്

ഇതൊക്കെ, പഠിക്കേണ്ട വിഷയം ആണോ എന്ന് സംശയം തോന്നിയോ? എങ്കിൽ ഒരു കാര്യം ഓർത്തോളൂ റിപ്പയറിംഗ് വിദേശ രാജ്യങ്ങളിൽ ഒരു കോഴ്സ് ആയി പഠിപ്പിക്കുന്നുണ്ട്. വീടുകളിൽ ആവശ്യമായി വരുന്ന പല ലൈഫ് സ്കില്ലുകളും പരിശീലനത്തിലൂടെ സ്വായത്തമാക്കാവുന്നതേയുള്ളൂ. പോയി പഠിക്കാൻ ഇടമില്ലെങ്കിൽ അറിയാവുന്നവരോട് ചോദിച്ച് മനസ്സിലാക്കാം. യുട്യൂബ് വഴിയും കുറെയൊക്കെ സ്കിൽസ് സ്വായത്തമാക്കാം.

ഹൗസ് പെയിന്‍റിംഗ്, പ്ലമ്പിംഗ്, കാർപ്പന്‍ററി, ഇലക്ട്രിക്കൽ ജോലികൾ, വീട്ടിലെ മറ്റു അറ്റകുറ്റപ്പണികൾ ഇതൊക്കെ ചെയ്യാൻ കുറച്ചെങ്കിലും പഠിച്ചിരുന്നാൽ വളരെയധികം പ്രയോജനപ്പെടും. ഭിത്തിയിൽ ഒരു ക്ലോക്ക് വയ്ക്കേണ്ടി വന്നാൽ ആണി തറയ്ക്കാൻ പോലും മറ്റൊരാളെ വിളിക്കുന്നവരുണ്ട്. ഇതു പോലുള്ള എല്ലാ പണികളുടെയും അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കിയിരുന്നാൽ ജീവിതം കുറച്ചു കൂടി എളുപ്പമാവും.

വാഹനം കേടായാൽ

എല്ലാ വീട്ടിലും കാണും, ഉറപ്പായും ഒന്നോ രണ്ടോ വാഹനം എന്ന നിലയിലെക്കെത്തിയിരിക്കുന്ന കാലമാണിത്. ഉദ്യോഗസ്‌ഥരായവർക്ക് സ്വന്തം വാഹനം ഒരു അത്യാവശ്യം ആണ്. യാത്രയ്ക്കിടയിൽ വണ്ടി നിന്നു പോയാൽ ടയർ പഞ്ചറായാൽ പെട്ടു പോയതു തന്നെ. പ്രത്യേകിച്ച് അടുത്തൊന്നും ആരും സഹായത്തിന് ഇല്ലെങ്കിൽ പിന്നെ പറയുകയും വേണ്ട.

കാറും സ്ക്കൂട്ടറുമൊക്കെ ഓടിക്കാൻ പലർക്കും അറിയാം. എന്നാൽ അതിനൊരു ചെറിയ തകരാറുണ്ടായാൽ എങ്ങനെ പരിഹരിക്കണമെന്നറിയില്ല. വാഹനം ഭംഗിയായി കഴുകി വൃത്തിയാക്കാൻ പോലും അറിയില്ല. എന്നാൽ ഇതും കൂടി അറിഞ്ഞിരുന്നാൽ കാര്യങ്ങൾ എത്ര ഈസി ആവുമെന്നോർത്തു നോക്കൂ. ഓരോ തവണയും സർവീസ് സെന്‍ററുകൾ അന്വേഷിച്ചു നടക്കാനുള്ള മെനക്കേട് തോന്നിയാൽ കുറച്ചു കാര്യങ്ങൾ സ്വയം പഠിച്ചു വയ്ക്കാം.

വാഹനം കഴുകൽ, ഓയിൽ ചേഞ്ചിംഗ്, ടയറിന്‍റെ പ്രഷർ പരിശോധിക്കൽ തുടങ്ങിയ കാര്യങ്ങളില്ലെങ്കിലും അത്യാവശ്യം അറിവു വേണം. കാറോടിച്ചു പോകുമ്പോൾ ടയർ പഞ്ചറായാൽ അതു മാറി പുതിയത് ഇടാനും പരിശീലിക്കണം.

മുറിവുണ്ടായാൽ പ്രാഥമികശുശ്രൂഷ

അപകടങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നൊക്കെ അറിയാമെങ്കിലും സംഭവിച്ചു കഴിയുമ്പോഴാണ് മുൻ കരുതലിനെ കുറിച്ചോ, പ്രാഥമിക ശുശ്രൂഷയെ കുറിച്ചോ നാം ചിന്തിക്കുന്നത്. ഒരു അപകടം മറ്റൊരാൾക്ക് നേരിട്ടാൽ കരയുകയോ ബഹളം വയ്ക്കുകയോ ചെയ്യാതെ ധൈര്യപൂർവ്വം കാര്യങ്ങൾ നടത്താൻ ശ്രമിക്കണം. പ്രാഥമിക ചികിത്സ നൽകി എത്രയും വേഗം ആശുപത്രിയിലെത്തിക്കുകയാണ് പ്രധാന സംഗതി. ആന്‍റി സെപ്റ്റിക് ലോഷൻ, ബാന്‍റേജ്, പെയിൻ കില്ലർ, കോട്ടൺ തുടങ്ങിയവ വീട്ടിൽ സൂക്ഷിക്കണം. സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക് തുടങ്ങിയ അവസ്‌ഥകൾ ഉണ്ടായാൽ അടിയന്തിരമായി നൽകേണ്ട ശുശ്രൂഷ എന്തെന്നും അറിഞ്ഞിരിക്കണം.

ചമ്മലും മടിയും വേണ്ട

എന്തു കാര്യത്തിനും ഏറ്റവും വലിയ തടസമായി നിൽക്കുന്നതെന്താണ് എന്നറിയുമോ? സ്ത്രീകളെ സംബന്ധിച്ചാണെങ്കിൽ ലജ്ജ! ഇതൊരു വാസ്തവം തന്നെയാണ്. പരിചയമില്ലാത്തവരോട് സംസാരിക്കാൻ ഏറ്റവും മടി ഉള്ള കൂട്ടരാണ് സ്ത്രീകൾ. നല്ല രീതിയിൽ സംസാരിക്കാൻ ശീലിക്കുക എന്നതും പോസിറ്റീവ് സംഗതിയായി കൂടെ കൂട്ടാം. കുട്ടികളുടെ അഡ്മിഷൻ, സർക്കാർ ഓഫീസിൽ പോകാൻ, നോട്ടറിയിൽ വിജ്ഞാപനം കൊടുക്കാൻ, ഡോക്ടറെ കാണാൻ ഒക്കെ മറ്റുള്ളവരുടെ സഹായം തേടേണ്ട കാര്യമില്ല. ഇതിനൊക്കെ ഭർത്താവിനെയോ മക്കളെയോ തന്നെ അയക്കേണ്ടി വരില്ല. വീട്ടമ്മമാരായ സ്ത്രീകൾ ഇത്തരം കാര്യങ്ങൾ കൂടുതൽ ശ്രദ്ധിച്ചാൽ അവർക്ക് നല്ല വ്യക്‌തിത്വമായി ഉയരാനും കഴിയും.

സൈബർ അറിവ്

സൈബർ ക്രൈമുകൾ വർദ്ധിച്ചു വരുന്ന കാലമാണ്. ഓൺലൈനും ഫോണും ഒന്നും ഇല്ലാതെ ജീവിക്കുന്നതും അസാധ്യമായിരിക്കുന്നു. ഓൺലൈൻ ഷോപ്പിംഗിൽ മാത്രമല്ല, ഓൺലൈൻ ഏതൊക്കെ വിധത്തിൽ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് ശരിയായ അറിവ് നേടിയെടുക്കാം. ക്രെഡിറ്റ് കാർഡുകളും ഡെബിറ്റ് കാർഡുകളും ഗൂഗിൾ പെ തുടങ്ങിയവയൊക്കെ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട ശ്രദ്ധ എന്തൊക്കെയാണെന്ന് സ്വയം മനസിലാക്കുക. ഫേസ് ബുക്ക് അക്കൗണ്ട് സെക്യുയർ ആക്കുക, പ്രൊഫൈൽ പിക്ച്ചർ പ്രൊട്ടക്ട് ചെയ്യുക തുടങ്ങി നിസ്സാരമായ കാര്യങ്ങളിലും ജാഗ്രത പുലർത്താം.

തനിച്ച് യാത്ര

അൽപം അകലെയുള്ള ഒരു നഗരത്തിലേക്ക് തനിച്ച് യാത്ര ചെയ്യാൻ മിക്ക സ്ത്രീകളും ഇപ്പോഴും മടി കാണിക്കാറുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും സോളോ ട്രാവ്‍ലർ ആകണമെന്നാണ് ഗസ്റ്റി ട്രാവ്‍ലർ ഡോട്ട് കോം സിഇഒ ബോണ്ട് പറയുന്നത്. അതു വെറും ഒരു പരസ്യമല്ല. യഥാർത്ഥത്തിൽ ഏതു വ്യക്‌തിയും ട്രൈ ചെയ്യേണ്ട അവശ്യ സംഗതിയാണ്. ആരുടെയും സഹായമില്ലാതെ പൂർണ്ണമായും സ്വന്തം റിസ്കിൽ ഒരു ഏകാന്ത യാത്ര! അതു വലിയ അനുഭവമായിരിക്കും നൽകുക.

സാമ്പത്തിക നിയന്ത്രണം

പണം ഇല്ലെങ്കിൽ ഒന്നും ഇല്ല എന്നു തന്നെ പറയേണ്ടി വരും ഇപ്പോൾ. സാമ്പത്തിക കാര്യങ്ങളിൽ ഒട്ടൊരു ധാരണ ഉണ്ടായില്ലെങ്കിൽ ഭാവി ജീവിതം താറുമാറായേക്കാം. വരുമാനം എത്ര, സമ്പാദ്യം എത്ര, മാസം തോറുമുള്ള ചെലവ്, ഹെൽത്ത് ഇൻഷുറൻസിന്‍റെ പ്രീമിയം എത്ര, മ്യൂച്വൽ ഫണ്ട് ഏതാണ് നല്ല ഒപ്ഷൻ നല്ല പ്രോപ്പർട്ടി ഏതു സ്‌ഥലത്താണ് തുടങ്ങിയ നിരവധി കാര്യങ്ങൾ മനസിലാക്കി ഒരു ഡയറിയിൽ കുറിക്കുന്നത് ശീലമാക്കി നോക്കൂ.

और कहानियां पढ़ने के लिए क्लिक करें...