രശ്മി തന്‍റെ മുഖം കണ്ണാടിയിൽ നോക്കി കൊണ്ട് ഒരു നീണ്ട ശ്വാസമെടുത്ത് പതിയെ ഹാളിലേക്ക് ചെന്നിരുന്നു. തന്‍റെ മുടി ഒതുക്കി കെട്ടാനുള്ള ശ്രമവും ഇതിനിടയിൽ തുടർന്നു കൊണ്ട് പത്രം വായിക്കുകയായിരുന്ന വന്ദനയെ നോക്കി.
“ഞാനൊറ്റയ്ക്ക് ഒരാളെ പോയി കാണുക. അതും തീരെ പരിചയമില്ലാത്ത ഒരാളെ, എന്തോ എനിക്കിത് ശരിയാകുമെന്നു തോന്നുന്നില്ല. നീ കൂടെ ഉണ്ടായിരുന്നെങ്കിൽ…”
രശ്മി ഏറെ മടുപ്പോടെ വന്ദനയെ നോക്കി.
“പക്ഷേ വിവേക് അപരിചിതനൊന്നുമല്ലല്ലോ…”
വന്ദന ഏറെ ആത്മവിശ്വാസത്തോടെ പറഞ്ഞു. “നിനക്ക് വിവേകിനെ അടുത്തറിയുന്നതു പോലെ എനിക്കറിയില്ലല്ലോ.”
രശ്മി താൽപര്യമില്ലാത്തതു പോലെ പറഞ്ഞു.
“വിവേകുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടല്ലോ. അതു ധാരാളം മതിയാകും” വന്ദന പറഞ്ഞു.
“ഫോണിലൂടെയുള്ള രണ്ടോ മൂന്നോ പ്രാവിശ്യത്തെ സംസാരം കൊണ്ട് എനിക്കൊരാളെ മനസ്സിലാക്കാൻ പറ്റില്ല.”
രശ്മിക്ക് വന്ദന പറഞ്ഞത് ബോധിച്ചില്ല. “വിവേകിനെ എന്തുകൊണ്ട് വീട്ടിലേക്ക് വിളിച്ചു കൂടാ. ഇതൊരുമാതിരി റെസ്റ്റോറന്‍റിലെ ടേബിളൊക്കെ ബുക്ക് ചെയ്ത്. അതും ഞാനൊറ്റയ്ക്ക് പോയി കാണണമെന്നൊക്കെ പറഞ്ഞാൽ ഇത് ശരിയാകുമെന്നെനിക്ക് തോന്നുന്നില്ല.” രശ്മി പോകാനില്ലെന്ന പോലെ മടി പിടിക്കുന്നു.
“അതു പറ്റില്ല. ഞാനീ ചെറിയ കാര്യമല്ലേ ആവശ്യപ്പെട്ടുള്ളൂ. ഇതിനു വേണ്ടി എനിക്ക് ലീവ് എടുത്ത് കൂടെ വരാനും പറ്റില്ല. ആകെ ഒരു മാസമേ ആയിട്ടുള്ളൂ ഈ പുതിയ ജോലിക്ക് ചേർന്നിട്ടെന്ന് അറിയാമല്ലോ?”
വന്ദന രശ്മിയെ എങ്ങിനെയെങ്കിലും പറഞ്ഞു വിടാനുള്ള ഒരുക്കത്തിൽ തന്നെ.
“ശരി… സമ്മതിച്ചു. അങ്ങിനെയാണെങ്കിൽ ഇത് മറ്റൊരു ദിവസത്തേക്ക് ആക്കിക്കൂടെ” രശ്മി സംശയം പ്രകടിപ്പിച്ചു.
“വിവേകിന്‍റെ തിരക്ക് അറിയാതെ പോകരുത്. ഇങ്ങനെയൊരു കോഫി ഡേറ്റ് ബുക്ക് ചെയ്യുന്നതിന്‍റെ സമയവും സാമ്പത്തികവുമായ കാര്യങ്ങൾ മനസ്സിലാക്കണ്ടേ. അങ്ങിനെയാണെങ്കിൽ ഇന്നലെ പറയണമായിരുന്നു. ഇതിപ്പോൾ പോകാൻ നേരത്ത് മാറ്റി വയ്ക്കണം എന്നു പറയാമോ. വേറൊരു എമർജൻസിയും ഇപ്പോഴില്ല. അതു മാത്രമല്ല ഫൈസ്റ്റാർ ഹോട്ടലിലെ ബുക്കിംഗ് ചാർജ് വെറുതെ കളയാൻ ഞാനൊരുക്കമല്ല.” വന്ദന വിടാൻ ഭാവമില്ലായിരുന്നു.
“എന്നെപ്പോലൊരു സാധാരണ വ്യക്‌തി ഫൈസ്റ്റാർ ഹോട്ടലിലോട്ട് വെറുതെയങ്ങ് കയറിച്ചെല്ലുക എന്ന് വച്ചാൽ” രശ്മിക്ക് ആകെയൊരു മുഷിപ്പ്.
“അതിനെന്താ നമുക്ക് ഒരു നല്ല ഡ്രസ്സൊക്കെ വാങ്ങി വരാം. ഓഫീസിൽ പോകുവാൻ എനിക്കിനിയും രണ്ട് മണിക്കൂറുണ്ട്.” വന്ദന രശ്മിയെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.
“പിന്നെ നമ്മുടെ മുറ്റത്ത് പണം കായ്ക്കുന്ന മരമാണല്ലോ പോകുന്ന വഴി കുറച്ച് പൊട്ടിച്ചൊണ്ടു പോകാം.” രശ്മി തർക്കത്തിനെന്ന പോലെ തമാശ കലർത്തി പറഞ്ഞു.
“ഇത്തിരി ഒരുങ്ങിപ്പോയാൽ ഒന്നും വരാനില്ല. നമുക്ക് നമ്മളോടു തന്നെ ഒരു സ്നേഹമുണ്ടാകണം. അതുപോലെ ആളുകളോട് സംസാരിക്കുന്നത് മാത്രമല്ല പുതിയ രീതികൾ ഉൾക്കൊണ്ട് വസ്ത്ര ധാരണത്തിൽ ശ്രദ്ധിക്കുന്നതും പ്രധാനപ്പെട്ടതാണ്.” വന്ദന പിടിച്ച പിടിയാലെ രശ്മിയെയും കൊണ്ട് ഷോപ്പിംഗിനായി ഇറങ്ങി.
അഞ്ച് വർഷം മുമ്പ് ഭർത്താവ് മരിച്ചതിനു ശേഷം അതിൽ നിന്നൊക്കെ കരകയറി ഒരു പരിധി വരെ ജീവിതത്തിലെ മറ്റു കാര്യങ്ങളിലേക്ക് ഇടപെടാൻ കഴിഞ്ഞതും ഒരു ജോലിയൊക്ക ചെയ്യാൻ തുടങ്ങിയതും വന്ദന കാരണമാണ്. അവളുടെ സന്തോഷത്തിന് കൂട്ടു നിൽക്കുക മാത്രമാണ് രശ്മി ചെയ്യുന്നത്.
“ഒന്നു വേഗം വന്നേ, എനിക്ക് ഇതുകഴിഞ്ഞ് ഓഫീസിൽ പോകണം.” വന്ദന തിരക്കു കൂട്ടി.
പറ്റിയൊരു ഡ്രസ്സ് നോക്കി കണ്ടുപിടിക്കുക പ്രയാസമേറിയ കാര്യം തന്നെയാണ്. എങ്കിലും കളർ കോമ്പിനേഷനും സ്റ്റൈലും മെറ്റീരിയലും നോക്കി എടുത്തണിഞ്ഞ് നോക്കിയ ശേഷം ഒരാറെണ്ണം തിരഞ്ഞെടുത്തു വച്ചു. അതിൽ നിന്നും രണ്ടെണ്ണം വാങ്ങാമെന്നു തീരുമാനമായി. പക്ഷേ രശ്മിക്ക് രണ്ടെണ്ണം വേണമെന്നില്ല.
“നമുക്ക് ലോട്ടറിയടിച്ചിട്ടൊന്നുമില്ലല്ലോ. ഒരെണ്ണം വാങ്ങിയാ മതി” വന്ദനയെ രണ്ടെണ്ണം വാങ്ങാമെന്നുള്ള തീരുമാനത്തിൽ നിന്നും രശ്മി പിന്തിരിപ്പിച്ചു.
“ശരി! എന്നാലേ ഇതിലൊരണ്ണം എടുത്തോ” വന്ദനയുടെ നിർദ്ദേശപ്രകാരം രശ്മി സെലക്ട് ചെയ്‌ത ഡ്രസ്സിൽ നിന്നും ഒന്നെടുത്തു. രണ്ടുപേരും തിരിച്ച് വീട്ടിലെത്തിയ ശേഷം വന്ദന ജോലിയ്ക്ക് പോകുവാനുള്ള തയ്യാറെടുപ്പ് തുടങ്ങി. രശ്മി തന്‍റെ മീറ്റിംഗിനെക്കുറിച്ച് തന്നെ ചിന്തിച്ചു കൊണ്ടിരുന്നു.
“വേഗം റെഡിയായിക്കേ… ഞാൻ ഓഫീസിൽ പോകുന്ന വഴി ഡ്രോപ്പ് ചെയ്യാം.”
വന്ദന തന്‍റെ തിരക്ക് രശ്മിയോട് വ്യക്‌തമാക്കുകയാണ്. രശ്മി പുതിയ ഡ്രസ്സണിഞ്ഞ് പോകാനായി ഒരുങ്ങി. മുടികൾ വിടർത്തിയിട്ട് അൽപം ലിപ്സ്റ്റിക്ക് ചുണ്ടുകളിലിട്ടു.
“ആഹാ ഇപ്പോ മുമ്പത്തെപ്പോലെ സുന്ദരിക്കുട്ടി ആയിട്ടുണ്ടല്ലോ” ഇതുപറഞ്ഞ് വന്ദന രശ്മിയെ തോളോട് ചേർത്ത് പിടിക്കുന്നു. രശ്മി കണ്ണുകൾ നിറയാതിരിക്കാൻ ചുണ്ടുകളമർത്തിപ്പിടിച്ചു. തന്‍റെ ഭർത്താവ് താനൊരുങ്ങിയിറങ്ങുന്ന സമയത്തൊ ഇങ്ങനെ പറയാറുണ്ടായിരുന്നത് രശ്മിയോർത്തു പോയി.
ഹോട്ടലിനുള്ളിൽ വളരെ വിശാലമായ റെസ്റ്റോറന്‍റ്. അലങ്കാര ച്ചെടികളും വിളക്കുകളും നിറഞ്ഞ അന്തരീക്ഷം. ഗസൽ മൂഡിലുള്ള പാട്ട് അകമ്പടിയെന്നോണമുണ്ട്. രശ്മി ബുക്കിംഗ് ടേബിളിനരികത്തേക്ക് ചെന്നു. വിവേക് അവിടെ നേരത്തെ വന്നിരിക്കുന്നുണ്ട്. വെയിറ്റർ രശ്മിയെ ടേബിളിനരികത്തേക്ക് അനുഗമിച്ചു. വിവേക് ചെറിയൊരു പുഞ്ചിരിയോടെ രശ്മിക്ക് ഹസ്തദാനം നൽകി. രശ്മിയുടെ പ്രതീക്ഷകളെ തെറ്റിക്കും വിധത്തിലായിരുന്നു വിവേകിന്‍റെ പ്രകൃതം.
നല്ല തിളങ്ങുന്ന കണ്ണുകൾ, കവിളുകൾ പുഞ്ചിരിക്കുമ്പോൾ ഒതുക്കത്തിൽ ചലിക്കുന്നു. പെൺകുട്ടികളെ ആകർഷിക്കുന്ന എന്തോ ഒന്ന് വിവേകിലുണ്ട് എന്ന് രശ്മിക്ക് തോന്നി.
“ഗുഡ് ഈവ്നിംഗ്. ഇരിക്കൂ. നിങ്ങളെക്കുറിച്ച് വന്ദന എപ്പോഴും പറയാറുണ്ട്.”
രശ്മിയുടെ ആകാംക്ഷയും ആശയക്കുഴപ്പവും വിവേക് ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കി കളഞ്ഞു.
അവർ സാധാരണപോലെ സംസാരിച്ചു തുടങ്ങി.
നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വന്ദന രാവിലെ വീട്ടിലെത്തി. രശ്മിയുടെ റൂമിലേക്ക് നുഴഞ്ഞു കയറിയ വന്ദന കുട്ടികളെപ്പോലെ പതുങ്ങി രശ്മി കിടക്കുന്ന കട്ടിലിനരികിലെത്തി.
“ഗുഡ് മോണിംഗ്…വാ…വാ”
വന്ദനയെ രശ്മി വരവേറ്റൂ.
“ആഹാ… എഴുന്നേറ്റു കിടക്കുകയായിരുന്നോ. എന്താ ഇങ്ങനെ ആലോചിച്ചു കിടക്കുന്നേ?”
വന്ദനയുടെ ചോദ്യം.
“ഞാനിങ്ങനെ ഓരോന്നോരോന്നായി ആലോചിക്കുകയായിരുന്നു.” രശ്മിയുടെ മറുപടി.
“അതു ശരി, അപ്പോ മീറ്റിംഗ് എങ്ങിനെയുണ്ടായിരുന്നു.” വന്ദന ആകാംക്ഷയോടെ
“ഗുഡ്… അല്ല, പെർഫെക്ട്. വിവേക് നല്ലൊരാളാണ്” രശ്മി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.
“അതെനിക്കറിയാം” വന്ദന പുഞ്ചിരിക്കുന്നു.
“വിവേകിന്‍റെ ഓഫീസും ഞാനിപ്പോൾ പോകുന്ന പുതിയ ഓഫീസും അടുത്തടുത്താണ്.”
വന്ദന ഇതു പറഞ്ഞതും രശ്മി ഇടം കണ്ണോടെ വന്ദനയെ നോക്കി പുഞ്ചിരിച്ചു.
“അതല്ല… വിവേകിനെക്കുറിച്ച് മൊത്തത്തിലുളള അഭിപ്രായം” വന്ദന വീണ്ടും രശ്മിയോട് ചോദിച്ചു.
“ഇതിലിപ്പോ എന്തു പറയാനാ… വിവേകിനെ എനിക്കിഷ്ടമായി. വളരെ നല്ല പയ്യൻ. നിനക്ക് നന്നായി ചേരും. നിങ്ങളുടെ ഭാവി ജീവിതത്തിന് എന്‍റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും.” വന്ദന ഇതു കേട്ടപാടെ രശ്മിയെ ചേർത്ത് കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നു.
“അല്ലെങ്കിലും എനിക്കറിയാം അമ്മയാണ് ഈ ലോകത്തിലെ ബെസ്റ്റ് അമ്മ. എന്‍റെ സോ സ്വീറ്റ് പുന്നാരമ്മ.”
വന്ദന ഇതുപറഞ്ഞു കൊണ്ട് രശ്മിയെ വീണ്ടും കെട്ടിപ്പിടിക്കുന്നു. അവർ അമ്മയും മകളും ചേർന്നുള്ള ചിരി മുറിയിലാകെ മണിക്കിലുക്കം പോലെ നിറഞ്ഞു.