ചന്ദ്രമുഖിയിലെ രാരാ… എന്ന ഗാനം ഇറങ്ങിയിട്ട് 12 വർഷങ്ങൾ പിന്നിട്ടു. പക്ഷേ ഇപ്പോഴും ആസ്വാദക ഹൃദയങ്ങളിൽ പുതുമ പടർത്തുന്ന ഗാനമാണത്. ആ ഗാനത്തിന് ജീവൻ നൽകിയ ബിന്നി കൃഷ്ണകുമാർ എന്ന ഗായികയ്ക്ക് ജീവിതവും അങ്ങനെയാണ്. സംഗീതവും തമാശയുമായി ബിന്നിയുടെ ഓരോ നിമിഷവും സന്തോഷത്തിലേക്കുള്ള അന്വേഷണത്തിലാണ്.

ഫുൾടൈം സംഗീതമാണ് ബിന്നിയുടെ പ്രൊഫഷണൽ ജീവിതം. അതിനിടയിൽ ബിന്നി ഏറ്റവും ഇഷ്‌ടപ്പെടുന്ന ഹോബി ഏതെന്ന് ചോദിച്ചാൽ ഒരു നിമിഷം പോലും ആലോചിക്കാതെ ഉത്തരം വരും. തമാശ! തമാശകളെ ഇത്രയേറെ സ്നേഹിക്കുന്ന മറ്റൊരു ഗായിക ഉണ്ടാവില്ല. ബിന്നി കൃഷ്ണകുമാറിനൊപ്പം കുറച്ചു സന്തോഷ നിമിഷങ്ങൾ.

സംഗീതമേ ജീവിതം

എന്‍റെ വീട്ടിൽ ചെറുപ്പം മുതൽ ചേട്ടനും ചേച്ചിയുമൊക്കെ പാടുന്നതു കേട്ടാണ് ഞാൻ വളർന്നത്. എന്‍റെ അച്‌ഛന്‍റെ പേര് കെ.എൻ രാമചന്ദ്രൻ നായർ. അമ്മ ശാന്തമ്മ രണ്ടുപേരും ഹിന്ദി അധ്യാപകരായിരുന്നു. ഞങ്ങൾ അഞ്ചുമക്കളാണ്. ഞാനാണ് ഏറ്റവും ഇളയ ആൾ. രണ്ടു വയസ്സുള്ളപ്പോഴൊക്കെ ഞാൻ നല്ല സംഗതികളോടൊക്കെ പാടുമായിരുന്നു എന്ന് ചേച്ചിമാർ പറയാറുണ്ട്. അന്നൊന്നും അതു റൊക്കോർഡ് ചെയ്‌തു സൂക്ഷിക്കാൻ കഴിയില്ലല്ലോ. അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നുവെങ്കിൽ രണ്ടു വയസ്സുകാരിയുടെ പാട്ട് വലിയ സംഭവമാകുമായിരുന്നു എന്ന് ചേച്ചിമാർ ഇപ്പോഴും പറയും. മൂത്ത ചേച്ചിമാർ മൂന്നുപേരും സംഗീതാധ്യാപികമാരാണ്. ചേട്ടൻ വയലിനിസ്റ്റും. ഏഴു വയസ്സായപ്പോഴാണ് ഞാൻ സംഗീതം ഗുരുമുഖത്തു നിന്ന് പഠിക്കാൻ ആരംഭിച്ചത്.

മത്സരം ഹരം

തൊടുപുഴ സെന്‍റ് സെബാസ്‌റ്റ്യൻ സ്ക്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ സംസ്ഥാനതലത്തിൽ കലാതിലകമായി. ഇടുക്കി ജില്ലയിൽ ലഭിച്ച ആദ്യത്തെ കലാതിലകപട്ടം. അതിനുശേഷം 27 വർഷമായി അവിടെ നിന്നൊരു കലാതിലകം ഉണ്ടായിട്ടില്ലെന്നു തോന്നുന്നു. എവിടെ മത്സരത്തിൽ പങ്കെടുത്താലും സമ്മാനം നേടണമെന്ന വാശിയോടെയാണ് അന്നൊക്കെ രംഗത്തിറങ്ങുക. കഥാപ്രസംഗം, പദ്യപാരായണം, ലളിതഗാനം, ശാസ്ത്രീയ സംഗീതം ഇങ്ങനെ പല വിഭാഗങ്ങളിലും മാറ്റുരയ്ക്കും. അന്നൊക്കെ മത്സരം എനിക്ക് ഹരമായിരുന്നു.

ഒരു കൃഷ്ണപ്രണയഗാഥ

യൂണിവേഴ്സിറ്റി യുവജനോത്സവ വേദികളിൽ ശാസ്ത്രീയ സംഗീതമായിരുന്നു എന്‍റെ ഇഷ്ട ഇനം. അന്നും ഒന്നാ സ്‌ഥാനം എനിക്കു തന്നെ. ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്‌ഥാനം നേടാറുള്ളത് കൃഷ്ണനും (പ്രശസ്ത സംഗീതജ്ഞൻ കൃഷ്ണകുമാർ) അങ്ങനെയാണ് ഞങ്ങൾ പരസ്‌പരം ശ്രദ്ധിക്കാൻ തുടങ്ങിയത്.

ഡിഗ്രി സെക്കന്‍റ് ഇയർ തൊട്ട് മത്സരവേദികളിൽ പോപ്പുലറായി വന്ന രണ്ടുപേർ എന്ന നിലയിലായിരുന്നു ഞങ്ങളുടെ സൗഹൃദത്തിന്‍റെ തുടക്കം. ഞങ്ങളൊന്നു മിണ്ടിയാലോ നേരെ നോക്കിയാലോ പോലും അവർ തമ്മിൽ എന്തോ ഉണ്ടെന്ന മട്ടിൽ പലരും പറയാൻ തുടങ്ങി. സത്യം പറഞ്ഞാൽ ഞങ്ങളും അതാസ്വദിച്ചിരുന്നു.

മൊബൈൽ ഇല്ലാതിരുന്ന സമയത്തായിരുന്നല്ലോ ഞങ്ങളുടെ പ്രണയം. ഞാൻ തിരുവനന്തപുരത്ത് ചേട്ടന്‍റെ കൂടെ നിന്നാണ് എംഎ പഠിച്ചത്. ചേട്ടൻ വയലിനിസ്‌റ്റായതിനാൽ കൃഷ്ണൻ ചേട്ടനെ കച്ചേരിക്കായി വിളിക്കാറുണ്ട്. വീട്ടിലെ ലാന്‍റ് ലൈനിലേക്കാണ് ഫോൺ വരിക. ആ കാലത്ത് ഞങ്ങൾ രണ്ടാളും നെയ്യാറ്റിൻകര മോഹനചന്ദ്രൻ സാറിന്‍റെ വിദ്യാർത്ഥികൾ കൂടിയാണ്. രണ്ടു സമയത്താണ് പഠനമെന്നു മാത്രം. കൃഷ്ണൻ ഫോണിൽ വരുന്ന സമയത്ത് ഞങ്ങൾ ഒരുപാട് സംസാരിക്കും. ക്ലാസ് വിശേഷങ്ങൾ പാട്ടുകൾ ഇങ്ങനെ സമയം പോകുന്നത് അറിയില്ല.

എന്‍റെ പാട്ട് വലിയ ഇഷ്‌ടമാണ് കൃഷ്ണന്. ഞാൻ ഫോണിലൂടെ പാടി കേൾപ്പിക്കും. ഫോൺ സംഭാഷണം നീണ്ടു നീണ്ട് വലിയ ബില്ല് വന്നു. ഞങ്ങളുടെ ടോക്കിനെക്കുറിച്ചൊന്നും അറിയാതെ ചേട്ടൻ ടെലിഫോൺ സർവീസിൽ പരാതി കൊടുത്തു. പിന്നത്തെ കഥ ഊഹിക്കാമല്ലോ. ചേട്ടന് ദേഷ്യം വന്ന് ഫോൺ എടുത്ത് എറിയുക വരെ ചെയ്‌തു.

കല്യാണം കഴിക്കണമെന്നു പറഞ്ഞപ്പോൾ രണ്ടു കുടുംബത്തിലും ചെറിയ എതിർപ്പൊക്കെ ഉണ്ടായിരുന്നു. ഞങ്ങൾക്ക് രണ്ട് മക്കളുണ്ട്. മകൾ ശിവാംഗിയും മകൻ വിനായകനും സംഗീതാഭിരുചിയുള്ളവരാണ്.

30 വർഷങ്ങൾ

ഞാൻ ഡിഗ്രി ഫൈനൽ പഠിക്കുമ്പോൾ തന്നെ ആകാശവാണി ആർട്ടിസ്റ്റായിരുന്നു. 13-ാം വയസ്സു മുതൽ കച്ചേരിയും ചെയ്‌തു തുടങ്ങിയിരുന്നു. ഇത് എന്‍റെയും കൃഷ്ണന്‍റെയും കച്ചേരി ജീവിതത്തിന്‍റെ മുപ്പതാം വർഷമാണ്. ഞങ്ങൾ രണ്ടാളും ഒമ്പതാം ക്ലാസ്സു മുതലാണ് കച്ചേരി തുടങ്ങിയത്. ഒരേപ്രായം കൂടിയാണ് ഞങ്ങൾക്ക്. കല്യാണത്തിനു ശേഷം ഞങ്ങൾ ഒരുമിച്ച് ധാരാളം കച്ചേരികൾ നടത്തിയിട്ടുണ്ട്. ഇപ്പോഴും  തുടരുന്നു. ഓൺലൈൻ സംഗീത ക്ലാസ്സുകൾ എടുക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നായി ഒരുപാട് പേർ ഓൺലൈൻ ക്ലാസിൽ വിദ്യാർത്ഥികളാണ്.

ഗുരു എന്ന ഭാഗ്യം

ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും സന്തോഷവുമാണ്. ഗുരു ബാലമുരളീകൃഷ്ണയുമായുള്ള ആത്മബന്ധം. കൃഷ്ണന്‍റെ അമ്മയുടെ കുടുംബ സുഹൃത്തായിരുന്നു അദ്ദേഹം. അങ്ങനെ ഗുരുവിന്‍റെ പ്രിയപ്പെട്ട ശിഷ്യരാവാൻ ഞങ്ങൾക്ക് ഭാഗ്യം കിട്ടി. മരണത്തിന്‍റെ തലേന്നു വരെ ഞങ്ങൾ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഗുരു അസുഖബാധിതനായ ശേഷം നാലുവർഷത്തോളം അദ്ദേഹത്തോടൊപ്പം കൂടുതൽ സമയം ചെലവിടാൻ കഴിഞ്ഞു. ആ സമയത്തൊക്കെ ഞങ്ങളുടെ കൂടെയാണ് ഗുരു പുറത്തേക്കൊക്കെ പോവുക. വീട്ടിൽ വന്നാൽ പിന്നെ ചീട്ടുകളിയും പാട്ടും ഭക്ഷണവുമൊക്കെയായി ആഹ്ലാദ നിമിഷങ്ങളാണ്. കൃഷ്ണകുമാർ തന്‍റെ ഏഴാമത്തെ മകനാണെന്ന് ഗുരുജി പറയുമായിരുന്നു.

വഴിത്തിരിവായത് രാ…രാ…

എന്‍റെ സംഗീത ജീവിതത്തിൽ വഴിത്തിരിവായതു മണിച്ചിത്രത്താഴിന്‍റെ തമിഴ് വേർഷൻ ചന്ദ്രമുഖി എന്ന ചിത്രത്തിലെ രാ…രാ… എന്ന ഗാനമാണ്. വിദ്യാസാഗർ സംഗീത സംവിധാനം ചെയ്ത പാട്ട്. ഞാൻ എപ്പോഴും പറയും. അത് പാട്ടല്ല, ഒരു പട്ടം ആയിരുന്നു. 12 വർഷം കഴിഞ്ഞു എങ്കിലും ആ പാട്ട് തന്നെയാണ് ഇപ്പോഴും ഹിറ്റ്, എന്‍റെ ആദ്യത്തെ പാട്ട് കൂടിയാണത്. വിദേശ റിയാലിറ്റി ഷോകളിൽ പോലും ഈ ഗാനം ശ്രദ്ധിക്കപ്പെട്ടു. ആഫ്രിക്കൻസൊക്കെ അവരുടെ രീതിയിലുള്ള സ്റ്റൈപ്പ്സ് ഒക്കെ ഇട്ട് ഈ പാട്ടിനൊപ്പം നൃത്തം ചെയ്‌ത വീഡിയോ അയച്ചു തന്നിട്ടുണ്ട്. എനിക്ക് ഫിലിം ഫെയർ അവാർഡ് കിട്ടിയതും ഈ ഗാനത്തിനു തന്നെ. നാലു ഭാഷകളിൽ ഒരാൾക്ക് മാത്രമാണ് അന്ന് ഫിലിം ഫെയർ അവാർഡ് കൊടുത്തിരുന്നത്. കുറേ കഴിഞ്ഞു നടി മീനയുടെ ആദ്യത്തെ സീരിയലിൽ ഒരു പാട്ടുണ്ടായിരുന്നു. ആ പാട്ടിന് മൈലാപ്പൂർ സംഗീത സഭ അവാർഡ് കിട്ടി.

സംഗീത രംഗത്തെ പെർഫോമൻസിന് നിരവധി അവാർഡുകൾ പിന്നീടും കിട്ടിയിട്ടുണ്ട്. മഹാഫൈൻ ആർട്സ് അവാർഡ്, രാമാനുജ അവാർഡ് ഒക്കെ അതിൽപ്പെടുന്നു. കേരള സംഗീത അക്കാദമിയുടെ ഈ വർഷത്തെ ബെസ്‌റ്റ് മ്യുസിഷൻ അവാർഡ് എനിക്കും കൃഷ്ണനും ലഭിച്ചു. ഈ വർഷം തന്നെ മധുരമുരളി, സരസ്വതി അവാർഡുകൾ കൂടി ലഭിച്ചു. അങ്ങനെ പുരസ്കാരങ്ങളുടെ സന്തോഷം എപ്പോഴും കൂടെയുണ്ട്.

മലയാളത്തിൽ എന്താ ഫിലിമിൽ പാടാത്തതെന്ന് പലരും ചോദിക്കാറുണ്ട്. ക്ലാസിക്കൽ സിംഗർ എന്ന പേരുള്ളതുകൊണ്ടാകാം അത്തരം അവസരങ്ങൾ കൂടുതൽ ലഭിക്കാത്തത്. മാത്രമല്ല ഇപ്പോൾ ധാരാളം കുട്ടികൾ പാട്ടുകാരായി വരുന്നുണ്ടല്ലോ. അവർ പാടട്ടെ, കച്ചേരികളും ക്ലാസുകളും ഷോകളുമായി എനിക്ക് തിരക്കാണ്.

എങ്കിലും മലയാളത്തിൽ ഞാൻ അടുത്തയിടെ പാടിയത് എന്നും എപ്പോഴും എന്ന ചിത്രത്തിനു വേണ്ടിയാണ്. മഞ്ജുവാര്യരുടെ നൃത്ത സീനിനു വേണ്ടിയുള്ള പാട്ട്. ജലം എന്ന ചിത്രത്തിനു വേണ്ടിയും പാടിയിരുന്നു. കന്നഡ, തമിഴ്, തെലുങ്ക് സിനിമകൾക്കും പാടുന്നുണ്ട്. സീരിയലുകൾക്കും പാടുന്നുണ്ട്.

ചെന്നൈ ജീവിതം

കഴിഞ്ഞ 18 വർഷമായി ചെന്നൈയിലാണ് ഞാൻ കഴിയുന്നത്. ഇവിടെ ബന്ദും ഹർത്താലുമൊന്നുമില്ല. നാട്ടിലൊക്കെ ഇടയ്ക്കിടെ ഹർത്താൽ എന്നു കേൾക്കുമ്പോൾ അതിശയമാണ്. ജയലളിത ഉണ്ടെങ്കിലും ഇല്ലെങ്കിലും തമിഴ്നാട് അതിന്‍റെ ഒരു രീതിയിൽ ഒഴുകിക്കൊണ്ടിരിക്കും. ഇവിടെ ആരെങ്കിലും ഭരിക്കുന്നുണ്ടോ എന്നുപോലും ചിലപ്പോൾ തോന്നില്ല. ആരു വന്നാലും തമിഴ്നാട് കൂൾ ആയി പോകും. കേരളത്തിലേതുപോലെ സോഷ്യൽ മീഡിയയിലെ ട്രോളുകൾ ഒക്കെ ഇവിടെ കുറവാണ്.

അണിഞ്ഞൊരുങ്ങാൻ ഏറെയിഷ്ടം

കൃഷ്ണൻ ഇടയ്‌ക്ക് എന്നെ കളിയാക്കാറുണ്ട്. എന്തിനാണ് പോണ്ടി ബാസാർ പോകുന്നത്. ഈ വീടു തന്നെ ഒരു പോണ്ടി ബാസാർ ആണല്ലോ എന്ന്! എനിക്ക് അണിഞ്ഞൊരുങ്ങാൻ വലിയ ഇഷ്‌ടമാണ്. ജിമിക്കി എന്ന ആഭരണത്തോട് വല്ലാത്ത ഇഷ്‌ടമാണ്. ജിമിക്കിയുടെ വലിയൊരു ശേഖരം എന്‍റെ കൈവശമുണ്ട്. വിദേശത്തൊക്കെ പോകുമ്പോൾ ഞാൻ കൂട്ടുകാർക്ക് ജിമിക്കി സമ്മാനമായി കൊടുക്കാറുണ്ട്.

പട്ടുസാരികളുടെ പതിവു സ്റ്റൈൽ എനിക്കിഷ്ടമല്ലാത്തതിനാൽ ഞാൻ അതു വാങ്ങി റീ ഡിസൈൻ ചെയ്തേ ധരിക്കൂ. ഇവിടെ പഠിക്കാൻ വരുന്ന കുട്ടികൾ ആദ്യമൊക്കെ ഒരുങ്ങുന്നതിൽ യാതൊരു താൽപര്യം കാണിക്കില്ല. കുറച്ചു ദിവസം എന്‍റെ കൂടെ ക്ലാസിലിരുന്നു കഴിയുമ്പോൾ അവർ അതു ഇഷ്‌ടപ്പെട്ട് അണിഞ്ഞൊരുങ്ങി വരാറുണ്ട്. പെൺകുട്ടികളായാൽ അൽപമൊക്കെ അണിഞ്ഞൊരുങ്ങി നടക്കണമെന്ന ചിന്തയാണ് എനിക്ക്. പൊട്ടുതൊടാത്ത ശ്വേത പോലും എന്‍റെ ക്ലാസിൽ വരുമ്പോൾ പൊട്ടുതൊട്ടേ വരൂ…

ക്ലാസിലെ ഡുണ്ടുമോൾ

തമാശയാണ് എന്‍റെ ഏറ്റവും ഇഷ്‌ടപ്പെട്ട ഹോബി. ക്ലാസിൽ ഞാൻ അരമണിക്കൂർ പഠിപ്പിക്കും, പത്തുമിനിട്ട് തമാശ. അതാണ് രീതി. ഫലിത ബിന്ദുക്കൾ പറഞ്ഞ് കേൾപ്പിക്കാനും ചിരിക്കാനും ചിരിപ്പിക്കാനും വലിയ ക്രേസാണ്. ദാസേട്ടന്‍റെ കൊച്ചുമകളും നരേന്‍റെ മകളുമൊക്കെ എന്‍റെ ക്ലാസിൽ രസിച്ചിരിക്കുന്നതിന്‍റെ ഒരു രഹസ്യം ഈ തമാശ തന്നെയാണ്.

തമാശയും സംഗീതവും തമ്മിലുള്ള കോമ്പിനേഷൻ എനിക്ക് പകർന്നു കിട്ടിയത് കുട്ടിക്കാലത്ത് ടി എൻ ഗോവിന്ദൻ നമ്പൂതിരി സാറിന്‍റെ ക്ലാസിൽ നിന്നാണ്. ഒരു മണിക്കൂർ അദ്ദേഹം പാടും. പിന്നെ തമാശയാണ്. അദ്ദേഹത്തിന്‍റെ ബാഗിൽ നിറയെ ഫലിത പുസ്‌തകങ്ങളാണ്. തമാശ കേൾക്കാനും കാണാനും, വായിക്കാനും കിട്ടുന്ന ഒരവസരവും ഞാൻ കളയില്ല. അടുത്തിരിക്കുന്ന വരെ അടിച്ചൊക്കെയാണ് ഞാൻ തമാശ ആസ്വദിക്കുക. ആരും ഇല്ലാത്ത സമയത്ത് നിലത്ത് കിടന്നുരുണ്ട് ചിരിക്കും.

ഞാൻ സംഗീത റിയാലിറ്റി ഷോകളിൽ ജഡ്ജായിരിക്കുമ്പോൾ ഔസേപ്പച്ചൻ സാറൊക്കെ പറയും. ബിന്നിക്ക് പറ്റിയത് കോമഡി ഷോ ആണ്. വിദേശയാത്രയിൽ ഒക്കെ എന്‍റെ ബാഗിൽ പാസ്പോർട്ട് വയ്‌ക്കാൻ മറന്നാലും തമാശ പുസ്തകങ്ങൾ വയ്‌ക്കാൻ മറക്കില്ല.

और कहानियां पढ़ने के लिए क्लिक करें...