മകളെ ഐപിഎസ് കാരിയാക്കാൻ ജീവിതത്തെ അതിജീവനമാക്കി മാറ്റിയ ഒരു പിതാവിന്റെ വിജയ കഥ. അണിയാൻ കൊതിച്ച കുപ്പായം എത്തി പിടിക്കാൻ കഴിയാതെ വന്നപ്പോൾ മകളെ ആ യൂണിഫോമിൽ കാണാൻ ആ പിതാവ് കൊതിച്ചു. ഉന്നത പദവിയിൽ എത്താമായിരുന്ന കേന്ദ്ര സർക്കാർ ജോലിയിൽ നിന്നും നാൽപത്തിനാലാം വയസ്സിൽ വിആർഎസ് എടുത്ത് ഉറച്ച മനസ്സോടെ സ്വന്തം ജീവിതം മകൾക്കായി ഉരുക്കിയ ഒരച്ഛന്റെ അനുഭവ കഥ.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സുരക്ഷാ ചുമതല നിർവഹിച്ചിരുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ കമാൻഡോയായിരുന്നു കൊല്ലം സ്വദേശിയായ സുനിൽ കുമാർ. ജോലിയുടെ ഭാഗമായി രാജ്യത്തുടനീളം സഞ്ചരിക്കാനും പ്രഗത്ഭ മതികളായ പലരുമായി അടുത്തിടപഴകാനും അവസരം ലഭിച്ചു. അതിലൂടെ സിവിൽ സർവ്വീസിന്റെ മഹിമയെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും മനസ്സിലാക്കാൻ കഴിഞ്ഞു. ഇതിനിടെ ഒരു ഐപിഎസ് മോഹം മനസ്സിൽ മുളപൊട്ടാനും തുടങ്ങി. സുനിൽ കുമാർ തന്റെ കഥ വായനക്കാർക്കായി പകർന്നു തരുന്നു.
അച്ഛനുറങ്ങാത്ത വീട് എന്ന് അങ്ങയെ വിശേഷിപ്പിച്ചാൽ നിഷേധിക്കാനാകുമോ?
തീർച്ചയായും ഇല്ല. ഞാൻ അല്ല ഞങ്ങൾ ഇതു വരെ അനുഭവിച്ചത് അതു തന്നെയായിരുന്നു. ജീവിതം ഞങ്ങൾക്കു മുന്നിൽ വഴി മുട്ടി നിൽക്കുമ്പോൾ എങ്ങിനെ സുഖമായി ഉറങ്ങാൻ കഴിയും? ഉറക്കം നടിച്ച് കിടക്കാനല്ലാതെ.
മക്കൾ അമ്മമാരുടെ ഉറക്കം കെടുത്താറുണ്ട്. ഇവിടെ അച്ഛൻ…?
ആരോഗ്യകരമായ ഒരു ബാല്യമോ കുടുംബ പശ്ചാത്തലമോ ഒന്നുമായിരുന്നില്ല എന്റേത്. ഞാനുൾപ്പെടെ ഞങ്ങൾ മൂന്നു സഹോദരങ്ങൾ. പതിനാറു വയസ്സിനു മുതിർന്ന ഒരു ജ്യേഷ്ഠനും പത്തു വയസ്സിനു ഇളയ ഒരനിയനും ആണെനിക്ക്.
എന്റെ അമ്മയ്ക്കോ മക്കളായ ഞങ്ങൾക്കോ അച്ഛന്റെ കരുതൽ നേരാവണ്ണം കിട്ടിയില്ല. രണ്ടു ഭാര്യമാരായിരുന്നു അച്ഛന്. രണ്ടുപേരും ഒരേ അച്ഛനുമമ്മയ്ക്കും പിറന്ന അനുജത്തി ജ്യേഷ്ഠത്തിമാരായിരുന്നു. എങ്കിലും, പിൽക്കാലത്ത് അസ്വസ്ഥതകൾ രൂപപ്പെട്ടിട്ടുണ്ട്. മൂത്തമ്മക്ക് ആറുമക്കൾ, അച്ഛന് മൂത്തമ്മയോടും മക്കളോടുമൊപ്പം രണ്ടു കിലോമീറ്ററോളം ദൂരെ മറ്റൊരു വീട്ടിലായിരുന്നു താമസം.
ഞാൻ പ്രൈമറി സ്ക്കൂളിലായിരുന്നപ്പോൾ അതുവരെ ട്യൂട്ടോറിയലിൽ പഠിപ്പിച്ചു നടന്ന ജ്യേഷ്ഠന് കെഎസ്ആർടിസിയിൽ കണ്ടക്ടർ ആയി ജോലി ലഭിച്ചു. വീട്ടിലെ കാര്യങ്ങൾക്കും എന്റെ തുടർന്നുള്ള പഠനത്തിനു അതൊരു സഹായമായി. അതുവരെ അമ്മ അടുത്തുള്ള ചന്തകളിൽ പോയി അരി വാങ്ങി വിറ്റു കിട്ടുന്ന തുച്ഛമായ ലാഭത്തിൽ വീടു പുലർത്തുകയായിരുന്നു.
എസ്എസ്എൽസിക്ക് ഒരു സ്കൂൾ ടോപ്പർ ആയതു കൊണ്ടും മെറിറ്റ് സീറ്റിൽ അഡ്മിഷൻ കിട്ടിയതു കൊണ്ടും മാത്രമാണ് കോളേജിന്റെ പടി കയറാനും ഗണിതം മുഖ്യ വിഷയമായെടുത്ത് ഫീസിളവോടു കൂടി ബിരുദം വരെ ഒരു വിദ്യാർത്ഥി എന്ന നിലയിൽ തുടരാനും കഴിഞ്ഞത്. അത്യാവശ്യം പഠിക്കുമായിരുന്നിട്ടും സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്ന എനിക്ക് പഠിച്ചൊരു ജോലി സമ്പാദിക്കാൻ കഴിയുമെന്നോ കുടുംബമായി ജീവിക്കാൻ അവസരമുണ്ടാവുമെന്നോ അന്നത്തെ ജീവിത സാഹചര്യത്തിൽ പ്രതീക്ഷിക്കാനാവുമായിരുന്നില്ല.
പ്യൂൺ ജോലി വല്ലതും കിട്ടിയാൽ അതുമതി, വിവാഹത്തെപ്പറ്റി ആലോചിക്കുകയേ വേണ്ട എന്ന് ജ്യേഷ്ഠൻ എപ്പോഴൊക്കെയോ അഭിപ്രായപ്പെടുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്റെ ഡിഗ്രി പഠനത്തിനിടയിൽ, വൈകിയാണെങ്കിലും ജ്യേഷ്ഠൻ വിവാഹിതനായി തിരുവനന്തപുരത്തേക്കു മാറി. അങ്ങിനെയാണ് നല്ലൊരു കുടുംബം എന്ന സങ്കൽപം എനിക്കേറെ വിലപ്പെട്ടതായത്.
പതിനെട്ടു വയസ്സു കഴിഞ്ഞുടൻ സിആർപിഎഫിൽ ജോലിയായപ്പോൾ വിവാഹം അറേഞ്ച്ഡ് ആവണം അത് മറ്റുള്ളവർക്ക് മാതൃകയാവണം എന്നൊക്കെയായിരുന്നു സ്വപ്നം. ജോലി കിട്ടി ഒൻപത് വർഷങ്ങൾക്കു ശേഷം അതു തന്നെയാണ് സംഭവിച്ചതെങ്കിലും മാനുഷിക മൂല്യങ്ങൾക്കും അപ്പുറം സ്വത്ത്, സാമ്പത്തികം ഇവയിലൂടെ നിലവാരം നിശ്ചയിക്കപ്പെടുന്ന ഒരു സാഹചര്യമാണ് എന്നെ കാത്തിരുന്നത്. ഒരു ശരാശരി സിആർപിക്കാരനായി ഭാര്യയേയും മക്കളെയും നാട്ടിൽ ജനിച്ചിടത്തു നിർത്തണം എന്ന പരോക്ഷമായ സമ്മർദ്ദമുണ്ടായിട്ടും എന്റെ പരിമിതികളെ വകവയ്ക്കാതെ എല്ലായ്പ്പോഴും അവരെ ഒപ്പം കൂട്ടുകയായിരുന്നു ഞാൻ. അതു കൊണ്ടു മാത്രമാണ് മകൾ സുശ്രീയെ ഐപിഎസ് കാരിയാക്കാൻ എനിക്ക് കഴിഞ്ഞത്.
ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് കാരിയെ സമ്മാനിച്ച അച്ഛന് ശിരസ്സിലെ പൊൻതൂവലല്ലേ ഇത്?
ആവാം. പക്ഷേ വ്യക്തിപരമായി അതിനെ അത്തരത്തിലൊന്നും കാണാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. എന്നെ നേരിട്ടറിയാവുന്ന മറ്റാർക്കെങ്കിലുമോ മക്കൾക്കോ അങ്ങിനെ തോന്നിട്ടുണ്ടെങ്കിൽ കൃതാർത്ഥത മാത്രം.
ആദ്യം മുതലേ കുടുംബത്തെ നാട്ടിൽ നിർത്തിയിട്ട് ഞാനൊരു ശരാശരി സിആർപിക്കാരനായി കാര്യങ്ങൾ നോക്കണം എന്നാഗ്രഹിച്ചവരുടെ മുമ്പിൽ സ്വയം അവകാശപ്പെടാൻ വിശേഷിച്ചൊന്നുമില്ലാതെ വ്യത്യസ്തമായി ചിന്തിച്ചതു മൂലം രൂപപ്പെട്ട താഴ്ത്തിക്കെട്ടലും പരിഹാസവും ഞാൻ സഹിക്കേണ്ടി വന്നിട്ടുണ്ട്. മകളുടെ വ്യക്തിപരവും പഠനപരവുമായ ഉയർച്ചയിൽ പലപ്പോഴും മകളുടെയും അമ്മയുടെയും കൂടി ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുക്കേണ്ടിയും വന്നിട്ടുണ്ട്. അതെല്ലാം ഒരച്ഛന്റെ കടമയായി തന്നെ ഞാൻ കാണുന്നു.
മകളെ ഐപിഎസ് കാരിയാക്കണമെന്ന ചിന്ത ഉടലെടുക്കുന്നത്?
2007-2008 കാലഘട്ടത്തിൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സുരക്ഷാ വിഭാഗ (എസ്പിജി) ത്തിലായിരുന്നു ഞാൻ. മകൾ ഏഴിലും എട്ടിലും ഒക്കെ പഠിക്കുന്ന സമയം. ഞാൻ സിആർപിഎഫിൽ ജോലിക്ക് പ്രവേശിച്ച കാലത്ത് ആസ്സാമിലെ നൗഗോങ് ജില്ലയുടെ എസ്പിയും മലയാളിയുമായ രാമചന്ദ്രൻ സാർ തന്ന സ്പാർക്ക് ഉള്ളിൽ കിടക്കുന്നതു കൊണ്ടാവാം. മുതിർന്ന ഐപിഎസ് ഓഫീസർമാരുടെ പ്രവർത്തന ശൈലി എന്നെ ഏറെ ആകർഷിച്ചിരുന്നു.
ജോലി സ്ഥലത്ത് എനിക്ക് അവരോടൊപ്പമുണ്ടായ വിലപ്പെട്ട അനുഭവങ്ങൾ ക്വാർട്ടേഴ്സിൽ തിരികെ എത്തുമ്പോൾ മകളോട് ഞാൻ പങ്കു വയ്ക്കുകയും ക്രമേണ അവളെ സിവിൽ സർവ്വീസിലേക്ക് നയിക്കാൻ ഉതകുന്ന മാഗസിനുകൾ (പ്രതിയോഗിത ദർപൺ, കോമ്പറ്റീഷൻ സക്സസ് റിവ്യു, കോമ്പറ്റീഷൻ വിസാർഡ് യോജന, കുരുക്ഷേത്ര, ഫ്രണ്ട് ലൈൻ തുടങ്ങിയവ) പുറത്തു നിന്നും വാങ്ങി വീട്ടിൽ കൊണ്ടു വന്നു വായിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. കൂടുതൽ സൗകര്യത്തിനായി ഡൽഹി സരോജിനി നഗർ ഗവ. പബ്ലിക് ലൈബ്രറിയിൽ എന്നോടൊപ്പം സുശ്രീയക്കും മെമ്പർഷിപ്പ് എടുത്തു.
അടുക്കും ചിട്ടയോടും കൂടി പഠിച്ചാൽ നമ്മുടെ പരിമിതമായ സാഹചര്യത്തിൽ വലിയ സാമ്പത്തിക ചെലവ് ഒന്നുമില്ലാതെ എത്തിച്ചേരാവുന്ന സേവന സാധ്യതകൾ ഏറെയുള്ള മേഖലയാണിതെന്നും ഞാൻ അവളെ വേണ്ടവിധം ബോധ്യപ്പെടുത്തി. അങ്ങിനെ പത്താം ക്ലാസ്സായപ്പോൾ തനിക്ക് സിവിൽ സർവീസ് മതിയെന്ന് ധൈര്യപൂർവ്വം പറയാൻ അവൾ സ്വയം പ്രാപ്തയായി.
ഉന്നത പദവിയിലെത്താമായിരുന്ന ജോലി വലിച്ചെറിയുമ്പോൾ അങ്കലാപ്പ് തോന്നിയോ?
ഇരുപത്തിനാലു വർഷത്തെ സേവനാനന്തരം സ്വയം വിരമിക്കുകയായിരുന്നു. വീണ്ടും പതിനാറു വർഷം ബാക്കിയുള്ളപ്പോൾ, മകൾ രക്ഷപെടും വരെ പരിമിതമായ പെൻഷൻ കൊണ്ട് കാര്യങ്ങളൊക്കെ നീക്കാം എന്ന് മനസ്സിൽ ഉറപ്പിച്ചു. ആ ഉറച്ച വിശ്വാസമാണ് ശേഷം കാര്യങ്ങൾ മുന്നോട്ടു നീക്കാൻ പിൻബലമായത്. അതുകൊണ്ട് അങ്കലാപ്പൊന്നും തോന്നിയില്ല. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ തോന്നാറുണ്ട്. എനിക്കോ വീട്ടിലാർക്കെങ്കിലുമോ അപ്രതീക്ഷിതമായി എന്തെങ്കിലും അസുഖമോ ചികിത്സയോ വന്നിരുന്നെങ്കിൽ എല്ലാ സ്വപ്നങ്ങളും എളുപ്പത്തിൽ പൊലിഞ്ഞു പോകുമായിരുന്നല്ലോ എന്ന്. അങ്ങനെയൊന്നും സംഭവിക്കാതെ ഉടനീളം താങ്ങായി നിന്നു ശക്തിയ്ക്ക്, നന്ദി പറയാൻ വാക്കുകളില്ല.
മകളുടെ മനസ്സിനെ അച്ഛന്റെ ഫോക്കസ്സിലേക്ക് കൊണ്ടു വരാൻ എങ്ങിനെ കഴിഞ്ഞു?
എട്ടാം ക്ലാസ്സു മുതൽ അഞ്ചു വർഷം മനഃശാസ്ത്രപരമായ സജ്ജമാക്കൽ, അടുത്ത നാലു വർഷം പരീക്ഷയ്ക്കു വേണ്ടി സമയ നിഷ്ഠയോടെയുള്ള തയ്യാറെടുപ്പ്. ചെറുപ്രായം മുതൽ ചുറ്റുമുള്ളവരുമായി ആരോഗ്യപരമായി സംവദിക്കുക, ഒപ്പം പഠിക്കുന്ന കൂട്ടുകാരുടെയും സമൂഹത്തിലുള്ള മറ്റുള്ളവരുടെയും പ്രശ്നങ്ങൾ സമാനുഭാവത്തോടെ ഉൾക്കൊള്ളുക, എങ്ങനെ പരിഹാരമുണ്ടാക്കാമെന്നു ചിന്തിക്കുക, കഷ്ടതയനുഭവിക്കുന്ന സഹജീവികൾക്ക് തന്നാലാവും വിധം എന്തെങ്കിലുമൊക്കെ ഉപകരിക്കുക, എൻഎസ്എസ് തുടങ്ങിയ മാധ്യമങ്ങളിലൂടെ സാമൂഹ്യ സേവനത്തിൽ പങ്കാളിയാവുക, സകുടുംബം അനാഥാലയങ്ങൾ സന്ദർശിച്ച് അവിടെയുള്ളവരോടൊപ്പം സമയം ചെലവഴിക്കുകയും കഴിയുന്ന സഹായങ്ങളും സംഭാവനകളുമൊക്കെ ചെയ്യാനും ശ്രമിക്കുക, ആർസിസി സന്ദർശിച്ച് അവിടെയുള്ള രോഗികളുണ്ട് പ്രയാസങ്ങളും കഷ്ടതകളും നേരിട്ട് കണ്ട് അവർക്കാശ്വാസമാവുക, പരന്ന വായനയിലൂടെ ഇത്തരം കാര്യങ്ങളിൽ അഭിരുചിയും ആഭിമുഖ്യവും വളർത്തുക ഇവയായിരുന്നു പ്രാഥമികമായി ഞാൻ അവളെക്കൊണ്ടു ചെയ്യിപ്പിക്കാൻ ശ്രമിച്ചത്.
മകൾക്ക് നല്ലൊരു ബയോഡേറ്റ വേണമെന്ന് നിർബന്ധപൂർവം മനസ്സിൽ ക്കണ്ടതു കൊണ്ടാണ് പതിനൊന്നും പന്ത്രണ്ടും എന്റെയടുത്തുതന്നെ സമയനിഷ്ഠയോടെ ഇരുത്തി പഠിപ്പിച്ച് സ്കൂൾ ടോപ്പർ ആക്കിയതും, ഡിഗ്രിയിൽ യൂണിവേഴ്സിറ്റി ടോപ്പറാക്കിയതും. ഇതിനിടയിൽ എനിക്ക് നല്ല ജോലി ഓഫറുകൾ പലതു വന്നിട്ടും അതിനൊന്നും പോവാതെ മകളുടെ പരിമിതികൾ മനസിലാക്കി അതിനുതകും വിധമുള്ള സ്റ്റഡി പ്ലാൻ ടൈംടേബിൾ ഇവ സമയബന്ധിതമായി നിർദ്ദേശിച്ചു ഒപ്പം നിന്നു കാര്യങ്ങൾ ചെയ്യിക്കുകയായിരുന്നു.
നല്ലൊരു വായനക്കാരൻ ആണെന്ന് അറിയുന്നു?
നാട്ടിലെ സന്മാർഗ ദായിനി യുവജനസമാജം വായനശാലയിലെ ഒരുമാതിരിപ്പെട്ട പുസ്തകങ്ങളൊക്കെ ഞാൻ വായിച്ചിട്ടുണ്ട്. ഞാൻ വെറും ഒരംഗം മാത്രമായിരുന്നു അവിടെ. പതിനെട്ടാം വയസ്സിൽ ജോലി കിട്ടും വരെ മാത്രമേ ആ ഗ്രന്ഥശാല എനിക്ക് പ്രയോജനപ്പെടുത്താനായുള്ളൂ.
സ്വന്തം പേരിനൊപ്പം ഐപിഎസ് ചേർക്കാൻ കൊതിച്ചിരുന്നില്ലേ?
ഇല്ല എന്ന് പറയുന്നില്ല. ഗുവാഹത്തിക്കു സമീപം നൗഗോങ് ജില്ലയിൽ ജോലി നോക്കുന്നതിനിടയിലാണ് നൗഗോങിലെ എസ്പിയും നാട്ടുകാരനുമായ എൻ.രാമചന്ദ്രനെ പരിചയപ്പെടുന്നത്. (അദ്ദേഹം പിന്നീട് മേഘാലയ, അസം ഡിജിപിയും എസ്പിജി ഉപമേധാവിയും കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാനുമായി). അദ്ദേഹം എന്റെ ആഗ്രഹങ്ങളും കഴിവുകളും മനസ്സിലാക്കി പഠനം തുടരാൻ ഉപദേശിച്ചു. ജോലിയിലിരുന്നു തന്നെ രണ്ടു വിഷയങ്ങളിൽ കൂടി ബിരുദാനന്തര ബിരുദം എടുത്ത ശേഷം സിവിൽ സർവ്വീസിനു ശ്രമിക്കണമെന്നും നിർദ്ദേശിച്ചു. ആ ഉപദേശം മനസ്സാ സ്വീകരിച്ച് അവസാന വർഷ ഡിഗ്രി പരീക്ഷ എഴുതിയെടുത്തു. സോഷ്യോളജിയിൽ എംഎയും ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ എംബിഎയും നേടി. പക്ഷേ പലനാടുകളിലെ ജോലിയും പഠനവും കഴിഞ്ഞപ്പോഴേക്കും സിവിൽ സർവീസ് പരീക്ഷ എഴുതാനുള്ള എന്റെ പ്രായപരിധി കടന്നു പോയിരുന്നു. ഇതിനിടെ ശ്രീകലയുമായുള്ള വിവാഹവും മക്കളായ സുശ്രീയുടെയും ദേവശ്രീയുടെയും പിറവിയും നടന്നു. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ സിവിൽ സർവീസ് മനസ്സിൽ ഒരു കനലായി ജ്വലിച്ചു കിടന്നു.
രണ്ടാമത്തെ മകളിൽ അച്ഛനുള്ള പ്രതീക്ഷ?
അവളുടെ കാര്യത്തിൽ വ്യക്തത വരാൻ ഇനിയും സമയമെടുത്തേക്കും. രണ്ടു മക്കളും തമ്മിൽ പ്രായത്തിൽ ആറ് വയസ്സിന് വ്യത്യാസമുണ്ട്. രണ്ടുപേർക്കും ഒരേ മുറിയിൽ ഇരുന്നു പഠിക്കാൻ ഞാൻ തന്നെ പദ്ധതിയിട്ട് അതിനുള്ള സൗകര്യങ്ങൾ ചെയ്തിരുന്നു. അനിയത്തിയുടെ പ്രായത്തിലെ അപാകം ചേച്ചിയുടെ ഗൗരവമേറിയ പഠനത്തെ ബാധിക്കുന്നുവെന്ന ഘട്ടത്തിൽ അവളെ മുറി മാറ്റിയിരുത്തി പഠിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അവിടെയിരുന്ന് അമ്മയുടെ കാര്യങ്ങളിൽ ഇടപഴകാനും അഭിരുചിയുണ്ടായിട്ടു തന്നെ അടുക്കള കാര്യങ്ങളിൽ മിടുക്കിയാവാനും അവൾക്ക് കഴിയുന്നു.
ചേച്ചിയുടെ നേട്ടങ്ങൾ സ്വാധീനിച്ചിട്ടാകും പഠനത്തിൽ കർക്കശക്കാരനായ അച്ഛനോടു തന്നെയാണ് ഇപ്പോൾ ചായ് വ് കൂടുതൽ. പല കാര്യങ്ങളിലും ചേച്ചിയേക്കാൾ മികവുണ്ടവൾക്ക്, അഭിരുചികൾ ഇനിയും സൂക്ഷ്മ പഠനത്തിനു വിധേയമാക്കുന്നതോടൊപ്പം കൂടുതൽ ഉത്തരവാദിത്വബോധവും ശൂഷ്കാന്തിയും സമയ ബന്ധിതമായി അവളിൽ രൂപപ്പെടുത്തേണ്ടി വന്നേക്കും. കോളേജധ്യാപനത്തോടാണ് ആഭിമുഖ്യം. ഡിഗ്രി ഒന്നാംവർഷമാണിപ്പോൾ, ലക്ഷ്യത്തിൽ കൊണ്ടെത്തിക്കണമെങ്കിൽ ഞാൻ വീട്ടുതടങ്കലിൽ തന്നെ തുടരണമെന്ന സാഹചര്യവും നിലവിലുണ്ട്.
(സുശ്രീയുമായുള്ള അഭിമുഖം ജൂലായ് ലക്കം മാസികയിൽ ചേർത്തിരുന്നു)