പകൽ സമയത്ത് ആരുടേയും കണ്ണിൽ പെടാതെ തട്ടിൻ പുറത്ത് കയറി. ഓടിനിടയിലൂടെ വെളിച്ചം ഒരു രേഖ പോലെ ഇരുട്ടിലേക്ക് കടന്ന് തറയിൽ കുഞ്ഞു കുഞ്ഞു രത്നങ്ങൾ പോലെ കിടന്നിരുന്നു…

തട്ടിൻ പുറത്ത് ആരാമ്മൂ…?” അമ്മുവിനെ (അമ്മൂമ്മ) മുറുക്കെ കെട്ടിപ്പിടിച്ച് ഒരു കാൽ കൊണ്ട് ചുറ്റി വരിഞ്ഞു, ഇരുട്ടിൽ തട്ടിൻ പുറത്തെ നിഗൂഢ ശബ്ദങ്ങൾ കേട്ട് ഞാൻ പേടിച്ചു.

“ശ്… മിണ്ടാതെ… മോളില് തട്ടിൻപുറത്തപ്പനാ” ഞങ്ങൾ ശ്വാസം കൊണ്ട് സംസാരിച്ചു. ഉയർന്നു കിടന്ന എന്‍റെ പെറ്റിക്കോട്ട് അമ്മു ശരിയാക്കി വച്ചു. ഞാനതൊന്നും ശ്രദ്ധിച്ചില്ല.

“ആണോ? തട്ടിൻപുറത്തപ്പൻ എന്തിനാ വന്നേക്കണത്…?”

“രാത്രീൽ കാളീം… കൂളീം…പൂതനും… പ്രേതനും ഒക്കെ വർത്താനം പറയണ കേൾക്കാൻ വന്നിരിയ്ക്കേണ്…”

“യ്യോ… അപ്പോ അവരും ണ്ടോ… മോളില്…?”

“പിന്നല്ലാണ്ടെ… വേം കെടന്നുറങ്ങിയ്ക്കോ.” എണ്ണ കിനിയുന്ന, കെട്ടി വയ്ക്കാൻ നീളമില്ലാത്ത എന്‍റെ മുടി അമ്മു വിരലുകൾ കൊണ്ട് ഒതുക്കി വച്ചു കൊണ്ടിരുന്നു. കണ്ണിറുക്കിയടച്ച് കിടക്കുമ്പോളാലോചിച്ചു. ഇവരെല്ലാം കൂടിയെന്തിനാ ഇങ്ങോട്ട് വന്നിരിക്കണത്… കാളിയും… പൂതനും പേരുകൾ നല്ലതെന്ന് തോന്നി. കൂളിയും പ്രേതനും എനിക്കിഷ്ടായില്ല. എങ്കിലും തട്ടിൻ പുറത്തെ വർത്തമാനങ്ങളിലേയ്ക്ക് ഞാൻ കാതുകൾ കൂർപ്പിച്ചു തുടങ്ങി. ഗോവണിയില്ലാത്ത തട്ടിൻ മുകളിലേയ്ക്ക് ജനലഴികളിൽ കൂടി എളുപ്പവഴികൾ നോക്കി കണ്ടുപിടിച്ചു. തട്ടിൻ പുറത്തേയ്ക്കും നോക്കി വെറുതെ നിൽക്കുകയാണെന്ന് തെറ്റിദ്ധരിച്ച അമ്മ പലപ്പോഴും ശാസിച്ചു.

“മോളിലെന്താ ചക്ക വെട്ടണുണ്ടോ… ങ്ങനെ നോക്കി നിൽക്കാൻ…” അച്‌ഛന് ഞാനൊരു കാഴ്ച പോലുമല്ലാതിരുന്നതോണ്ട് രക്ഷപ്പെട്ടു. വടക്കേലെ അരണ മരത്തിൽ കമ്പായിരുന്നു അച്‌ഛന്‍റെയും എന്‍റെയും ഇടയിലെ ബന്ധം പലപ്പോഴും നിലനിർത്തിയിരുന്നത്… അതോണ്ട് തന്നെ എന്‍റെ തട്ടിൻപുറം നോക്കി നിൽപ് അച്‌ഛനറിഞ്ഞുമില്ല. അങ്ങനെ കയറാൻ ശ്രമം തുടങ്ങി. പകൽ സമയത്ത് ആരുടേയും കണ്ണിൽ പെടാതെ ശ്രമിച്ച് ശ്രമിച്ച് പരാജയപ്പെട്ട് പരാജയപ്പെട്ട്… ഒടുവിൽ ഒരു ദിവസം ജയിച്ചു. പകലും ഇരുട്ടായിരുന്നു അവിടെ. ഓടിനിടയിലൂടെ വെളിച്ചം ഒരു രേഖ പോലെ ഇരുട്ടിലേക്ക് കടന്ന് തറയിൽ കുഞ്ഞു കുഞ്ഞു രത്നങ്ങൾ പോലെ കിടന്നിരുന്നു. ബാക്കിയൊക്കെ ഇരുട്ട്.

എന്നിട്ടും കണ്ടുപിടിച്ചു. പലതും ഒരു പാരായണ പലക. കൗതുകമുള്ള ആകൃതിയോടെ കുറേ കുപ്പികൾ, പഴകിയ മണ്ണെണ്ണ വിളക്കുകൾ… ചില്ലുകൾ നഷ്ടമായ കണ്ണാടി വിളക്കുകൾ… കുറച്ച് ഓട്ടു സാമഗ്രികൾ. പിന്നെയുമെന്തൊക്കെയോ. പക്ഷേ, അവരെന്തിയേ… കാളീം… കൂളിം… പൂതനും… പ്രേതനും. തഴെ ഇറ ങ്ങയപ്പോൾ പെറ്റിക്കോട്ടിൽ പറ്റിയ മാറാല തുണ്ടുകളിൽ കുഞ്ഞനെട്ടുകാലികളെ കണ്ടു. അന്നു രാത്രി കിടന്നപ്പോൾ അമ്മൂനോട് ചോദിച്ചു.

“അവരൊക്കെ എവിടെയാ ഇരിക്കണതമ്മൂ…? തട്ടിൻ പുറത്ത് കണ്ടില്ല”

അമ്മു എന്‍റെ നേരെ തിരിഞ്ഞു കിടന്നു.

“അവരേയ്… അമ്പലക്കൊളത്തീ കുളിക്കാൻ പോയിട്ടുണ്ടാവും.”

“ആണോ…?”

“ആം…” വലതുകാൽ അമ്മൂനെ ചുറ്റി…

കൂടണോ കൂട്ട് കുഞ്ഞി പയ്യ്

മേയണോ കൂടെ തട്ടിൻ മേലെ

നാവിന് കൊള്ളണ പാട്ടും പാടി

രാവിന് താളം പിടിക്കാന്ണ്ടോ…

കൂടണോ പയ്യ് കുഞ്ഞി പയ്യ്…”

അവരെനിക്ക് ചുറ്റും കൈകാട്ടി പാടുകയായിരുന്നു. കാളീം, കൂളീം, പൂതനും, പ്രേതനും… ഉച്ചയ്ക്ക് ഊണു കഴിഞ്ഞെല്ലാവരും മയങ്ങുന്ന നേരത്ത് തട്ടിൻ പുറത്തെത്തിയപ്പോഴായിരുന്നു അത്.

“ഞാൻ പയ്യല്ല…” വീറോടെ പറഞ്ഞു.

അവർ പിന്നെയും പാടി.

“പയ്യൊന്ന്വല്ലന്ന്…” എനിക്ക് ദേഷ്യം വന്നു.

അവർ പെട്ടെന്ന് കൈകൊട്ടിക്കളി നിർത്തി പരസ്പരം നോക്കി…

“മനുഷ്യക്കുട്ട്യാണ് ഞാൻ…” അവരുറക്കെ ചിരിച്ചു. കുടശീല പോലുള്ള എന്തോ കീറിക്കീറി നാണം മറച്ച കൂളീം… കുരുത്തോല കൊണ്ട് അരയും മാറും മറച്ച കാളിയും ചുവന്ന പട്ടു കൊണ്ട് തറ്റുപോലെയുടുത്ത പൂതനും, കോണകം മാത്രമുടുത്ത പ്രേതനും… എല്ലാം അമ്മു പറഞ്ഞ പോലന്നെ, അവരുടെ ഉടുപ്പൊക്കെ…

പെറ്റിക്കോട്ടിൽ പൊടിയാവുമെന്നത് മറന്ന് ഞാനവരുടെ നടുക്കിരുന്നു… അവരും ഇരുന്നു. അപ്പോൾ കിട്ടിയ ആത്മവിശ്വാസത്തിൽ ഞാൻ ഒന്നു കൂടി ഉറക്കെ പ്രഖ്യാപിച്ചു.”

“ഞാനൊര് പെങ്കുട്ട്യാണ്”

കാളി എന്‍റെ മുഖത്തോട് മുഖമടുപ്പിച്ചു… ചുവന്ന ഞരമ്പുകൾ നിറച്ചുള്ള കണ്ണുകൾ… ഇളം പച്ചനിറമുള്ള മുഖം. കാതിലെ തോട ആടിക്കൊണ്ടിരിക്കുന്നു.

“പെങ്കുട്ട്യോള് വാലിട്ട് കണ്ണെഴ്തും…” കാളി പറഞ്ഞു…

“ചാന്ത് തൊടും” കൂളിയും പറഞ്ഞു

“കവിളത്ത് ഒരു മറുക് കൂടി തൊടൂലോ” പൂതൻ പൂരിപ്പിച്ചു…

“കുപ്പിവളേം ഇടും…” പ്രേതൻ തല കുലുക്കി…

ഉത്സവം വരുമ്പോൾ കുപ്പി വള വാങ്ങിക്കുമെന്നാണ് അമ്മ പറഞ്ഞത്… കണ്മഷിച്ചെപ്പിന്‍റെ മൂട്ടിൽ പോലും ഇത്തിരിയില്ല… ചെപ്പേ കളഞ്ഞല്ലോ… ഒന്നും ഞാൻ പറഞ്ഞില്ല. എനിക്ക് കരച്ചിൽ വന്നു. ചുണ്ടുകൾ കൂർപ്പിച്ച് ഒരു കരച്ചിലിലേക്ക് കയറുന്നതിനു മുമ്പ് കാളി തന്‍റെ മോതിരവിരൽ കൊണ്ട് കൂളിയുടെ മെയ്യിൽ തോണ്ടി കറുപ്പെടുത്ത് എന്നെ ചേർത്തു പിടിച്ച് കണ്ണെഴുതിച്ചു. ചെന്നിയോളം നീട്ടിയെഴുതി കണ്ണുകൾ വാൽനക്ഷത്രമാക്കി… പുരികങ്ങൾ വളച്ചെഴുതി മഴവില്ലാക്കി… നിലാവത്തെ നിഴൽപ്പൊട്ടു പോലെ കവിളിൽ മറുക് കുത്തി…

“അപ്പോ ചാന്തോ…?” പൂതൻ ചോദ്യമെറിഞ്ഞതിനൊപ്പം കൂളിയുടെ നാവിലെ മുറുക്കാൻ നീര് തൊട്ടെടുത്ത് എന്‍റെ നെറ്റിയിൽ വച്ചു….

“ഹാ….ചോന്ന പൊട്ട്….” പൂതൻ തൃപ്തിയോടെ ചിരിച്ചു. അപ്പോൾ പൂതനെ കാണാൻ നല്ല ഭംഗീണ്ടായിരുന്നു…

ഞാനവരെ മാറി മാറി നോക്കി… നാലുപേരും എന്നെയും നോക്കി ചിരിച്ചു കൊണ്ട് ബഹളം കൂട്ടിയിരിക്കയാണ്…

“ഇപ്പോ പെങ്കുട്ട്യായില്ലേ…?”fr  ഞാൻ കണ്ണുകൾ ഒന്നു കൂടി വിടർത്തി ചോദിച്ചു…

“ഊ…ഹും…” പ്രേതൻ തല വിലങ്ങനെ ആട്ടി ഇല്ലെന്ന് കാണിച്ചു.

“ഇപ്പല്ല…” കാളി പിന്നെയും എന്നെ ചേർത്തു പിടിച്ചു. കുരുത്തോലയിളക്കി മാറിയ ഇളം പച്ച മുലകളിലേയ്ക്ക് എന്‍റെ ശിരസ്സ് ചായിച്ചു ചേർത്തു… അമ്മ അനിയൻവാവയ്ക്ക് അമ്മിഞ്ഞയൂട്ടുന്നതോർത്തു ഞാൻ അന്നേരം…

“അതേ, ഇപ്പല്ല…” കൂളിയും ശരിവച്ചു…

“നീ കാണണ മരങ്ങളിലേം ചെടികളിലേം പൂവൊക്കെ ചോപ്പാവും ഒരൂസം…” പൂതൻ എന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി തുടർന്നു.

“നീ ചവിട്ടണ ഓരോ പുല്ലും പൂവിടും… നിലാവിന് സുഗന്ധോണ്ടാവും…”

“എനിക്കറിയാ… നിശാഗന്ധീടല്ലേ… അമ്മു പറഞ്ഞിട്ട്ണ്ട്.”

പൂതൻ ഒരു നിമിഷം മൗനമായിരുന്ന് എന്‍റെ താടി തൊട്ടുയർത്തി പറഞ്ഞു.

“പെൺപൂവിന്‍റെ സുഗന്ധം…”

ഞാൻ കണ്ണുകൾ വിടർത്തി തന്നെയിരുന്നു.

കൊത്തങ്കല്ലാടാൻ തുടങ്ങിയ കൂളിയെ പ്രേതൻ ശാസിച്ചു കല്ലുകൾ മാറ്റി വച്ചു. അപ്പോഴാണോർത്തത്…

“തട്ടിൻ പുറത്തപ്പൻ എന്ത്യേ…?”

“ശ്… ഉറങ്ങാണ്… രാത്രിയാ എഴുന്നേൽക്ക… ഞങ്ങളെ പോലല്ല… ദേഷ്യക്കാരനാ… തട്ടിൻ പുറത്തെ രാജാവല്ലേ…”

ഞാനോർത്തു… ശരിയാണ്, അമ്മു പറഞ്ഞിട്ടുണ്ട്…

“ദാ നോക്ക്…” അവർ നാലു പേരും ഒരേ ദിശയിലേയ്ക്ക്… വെളിച്ചത്തിന്‍റെ ലാഞ്ചനയുള്ള മൂലയിലേയ്ക്ക് വിരൽ ചൂണ്ടി…

ഹൗ… അറ്റത്തെ മൂലയിൽ ഒരു പട്ടികയിൽ അള്ളിപ്പിടിച്ച് തലകീഴായി കിടക്കുകയാണ്…

“അതു വാവ്വലല്ലേ…” എനിക്ക് പേടിയായി…, ചില രാത്രികളിൽ ഒരു മിന്നൽ പോലെ മുന്നിലൂടെ പറന്നു പോകുന്നത്…

“ഉം… ഇപ്പതെ വാവ്വലാ… ന്നാ രാത്യ്രായാ ഇങ്ങനല്ല…” പൂതൻ ശബ്ദം താഴ്ത്തി പറഞ്ഞു…

“നിലം തൊടണ വെളുത്തതാടീം, മുടീം ഉണ്ട് മൂപ്പർക്ക്… അതു ചുറ്റീട്ടാ തട്ടിൻപുറത്തപ്പൻ നാണം മറയ്ക്ക… കയ്യിൽ ചമത കൊണ്ടുള്ള ഊന്നുവടീണ്ടാവും. കണ്ണുകൾ പൂച്ചേനേ പോലെയാ. രാത്യ്രായാ വടീം കുത്തി വന്ന് ഞങ്ങൾടെ നടുക്കിരിക്കും… വിശേഷങ്ങൾ കേൾക്കാൻ…”

“ഉം… എനിക്കറ്യാ… ഞാൻ കേക്കാറ്ണ്ട്. പിന്നെ അമ്മു പറയാറ്ണ്ട്…” ആവേശത്തിൽ ഞാനുറക്കെ പറഞ്ഞു…

പെട്ടെന്ന് മൂലയിൽ ഞാന്നു കിടന്ന വാവ്വൽ എന്നെ കണ്ണു തുറന്ന് നോക്കി… പൂച്ചയുടെ കണ്ണ്… പക്ഷേ കൃഷ്ണമണികൾ ചുവന്നിട്ട് തീ പാറുന്നത് പോലെ… ഞാൻ ചുറ്റും പരതി… കാളീം, കൂളീം, പ്രേതനും, പൂതനും ഒക്കെ എവിടെ…?

ഇരുട്ട് മാത്രം… ഇരുട്ടിൽ ഞാനും തീപാറുന്ന പൂച്ചക്കണ്ണുകളും മാത്രം… ആ വാവ്വൽ പിടിവിട്ട് എന്‍റെ നേരെ ചിറക് വിരിക്കുന്നു. അടുക്കുന്ന രണ്ട് തീ ഗോളങ്ങൾ…

• • • •

“എന്ത് കാളീം കൂളീംന്നൊക്കെയാണീ പറയണത്…? ഉച്ചയ്ക്ക് ഒറങ്ങാത്തയാള് നാലു മണിയായിട്ടും എഴുന്നേക്കാണ്ട് കെടക്കാണ്…”

കുലുക്കി വിളിക്കുന്ന അമ്മയുടെ ശബ്ദത്തിന്‍റെ രീതി മാറി വന്നു.

“അല്ലാ… പനീണ്ടല്ലോ…അയ്യയ്യോ… ദേ ഇങ്ങോട്ട് വന്നേ… ദേഹത്ത് പൊങ്ങീട്ടുണ്ട്… ഇതിപ്പ എവിടന്ന് കിട്ടീതാണ് ദൈവമേ…”

അങ്കലാപ്പുകളുടെ… പരക്കം പാച്ചിലിന്‍റെ ബഹളം ചുറ്റും…

“ഈ കണ്മഷ്യാക്കെ എവിടന്നാ തേച്ചിരിക്കണത് മുഖത്ത് മുഴോൻ…?”

മുഖം തുടയ്ക്കുന്ന കൈകൾ… കണ്മഷി മായ്ക്കാനെടുത്ത വിളക്കെണ്ണയുടെ മണം…

“കൂളീടെ ദേഹത്തപ്പിടി കണ്മഷ്യാണമ്മാ…നാവില് ചാന്തും…” ശബ്ദത്തിന് ബലം കിട്ടുന്നില്ല എങ്കിലും പറഞ്ഞു…

“ന്ത്… ഏത് കൂളീ… ഓരോ കഥകൾ പറഞ്ഞ് കൊടുത്തോളും…” ഇപ്പോ എനിക്കറിയാം… കുറ്റപ്പെടുത്തലിന്‍റെ നോട്ടമേറ്റ് അമ്മു എന്നെ തൊട്ടിരിക്ക്യാ.. “അമ്മൂ…” ക്ഷീണത്തിലും ഞാൻ നീട്ടി വിളിച്ചു… കിടക്കുമ്പോൾ കൈയ്യും കാലും അമ്മുവിനെ മാത്രമേ തേടാറുള്ളൂ. ചുറ്റിപ്പിടിക്കാൻ കിട്ടിയിരുന്നതും അമ്മുവിനെ മാത്രമായിരുന്നു. പനിച്ചൂട് വക വയ്ക്കാതെ… ദേഹത്തെ ചുവന്ന പൊങ്ങലുകളിൽ അമർന്ന് വേദനിപ്പിക്കാതെ അമ്മു എന്നോട് ചേർന്നു കിടന്നു… അമ്മുവിന്‍റെ മൂക്കിൻ തുമ്പത്ത് കൺപീലികൾ കൊണ്ട് തൊട്ട് ഞാൻ ചിരിച്ചു.

“കൂളി കൊത്താങ്കല്ലാടുംല്ലേ അമ്മൂ?”

“വെള്ളം വേണോ നെനക്ക്…?”

“വേണ്ട….”

“ഒറങ്ങിക്കോ… വേദനേണ്ടോ…?

“ഇല്ല… പിന്നേയ് അമ്മു… വെള്ളേം മഞ്ഞേം റോസും പൂക്കളൊക്കെ വെറെയാ… എല്ലാം ചോപ്പാവണം… ചെമ്പരത്തി പോലെ… നടക്കുമ്പോൾ പുല്ലുകളും പൂക്ക്വത്രേ… പിന്നെ… പിന്നെ… മറന്നോവുന്നു… തലകീഴായാണോ ഞാൻ കിടക്കണെ അമ്മു…? മുറുക്കെ പിടിച്ചോള്… മുറുകെ… മുറുകെ…”

और कहानियां पढ़ने के लिए क्लिक करें...