“എനിക്കു മടുത്തു.” ഈ വാക്ക് പറയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. വിദ്യാർത്ഥികൾ, മാതാപിതാക്കൾ, ജോലിക്കാർ, എല്ലാവർക്കും ടെൻഷനാണ്.
സ്ട്രെസ് എല്ലാവരുടേയും ജീവിതത്തിന്‍റെ ഭാഗമാണ്. ഒരു ദിവസത്തിൽ പകലും രാത്രിയും ഉള്ളതുപോലെ ജീവിതത്തിൽ സുഖവും ദു:ഖവും ഉണ്ടാകും.
ടെൻഷൻ വേണം
നമ്മുടെ ചിന്തകളും വികാരങ്ങളും സ്വഭാവങ്ങളും പരസ്‌പരം ഒത്തു പോകുന്നവയാണ്. നമുക്ക് സന്തോഷമാണെങ്കിൽ നമ്മുടെ ചിന്തകൾ പോസിറ്റീവ് ആയിരിക്കും. പ്രവൃത്തികളിൽ ആത്മവിശ്വാസം നിറയും. എന്നാൽ സങ്കടം തോന്നുന്ന നിമിഷങ്ങളിൽ ചിന്തകൾ നെഗറ്റീവായിരിക്കും. അപ്പോൾ ശരീരത്തിന് ക്ഷീണം തോന്നും. ഒന്നും ചെയ്യാനുള്ള ഊർജ്ജം ശരീരത്തിന് ഇല്ലാത്തതുപോലെ തോന്നും.
അപകടത്തിലാവുന്ന അവസരങ്ങളിലും അമിതമായി ഭയപ്പെടുന്ന അവസ്‌ഥയിലും നമ്മുടെ ശരീരം അഡ്രിനാലിൻ എന്ന സ്ട്രെസ്സ് ഹോർമോൺ ഉൽപ്പാദിപ്പിക്കുന്നു. അതോടെ നെഞ്ചിടുപ്പ് കൂടുകയും ശരീരത്തിന് കൂടുതൽ പിരിമുറുക്കം അനുഭവപ്പെടുകയും ചെയ്യും. ശരീരം വിയർക്കുകയും വിറയ്‌ക്കുകയും ചെയ്യും. ശ്വാസോച്ഛാസം കൂടി നമ്മുടെ ഉറക്കവും ദഹനവും അടക്കം എല്ലാ ശാരീരിക പ്രവർത്തനങ്ങളിലും പ്രകടമായ മാറ്റം സംഭവിക്കുന്നു. നമ്മളിൽ ഇങ്ങനെയൊരു ടെൻഷൻ ഉണ്ടാകുന്നതു കൊണ്ട് അപകടങ്ങൾ വരുമ്പോൾ അതിനെ നേരിടാനോ, അതിൽ നിന്നും ഓടി രക്ഷപെടാനോ ഈ അവസ്‌ഥ സഹായകമാകും.
അതുകൊണ്ട് ചെറിയ രീതിയിലുള്ള ടെൻഷൻ പ്രശ്നങ്ങളെ നേരിടുവാനുള്ള നമ്മുടെ കഴിവുകളെ ഉത്തേജിപ്പിക്കുകയും കൂടുതൽ നന്നായി പ്രശ്ന പരിഹാരം സാദ്ധ്യമാകുവാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ ടെൻഷൻ കൂടിയാൽ നമ്മൾ ചെയ്യുന്ന പ്രവൃത്തികളിൽ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കുവാൻ കഴിയാതെ വരും. കൂടാതെ ഓർമ്മക്കുറവും ഏർപ്പെടുന്ന ജോലികളിൽ പാരാജയപ്പെടുകയും ചെയ്യും. അതിനാൽ നമ്മളെ കുറിച്ചുള്ള മതിപ്പ് സ്വയം ഇല്ലാതാകുകയും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകൾ അസ്തമിക്കുകയും ചെയ്യും. ഇതിന്‍റെ ഫലമായി പ്രശ്നങ്ങളിൽ നിന്ന് ഓടി രക്ഷപെടാൻ ശ്രമിക്കും.
സ്ട്രെസ്സ് പലരിലും വിഷാദം, വേവലാതി, ഉത്കണ്ഠ തുടങ്ങിയ അവസ്‌ഥയിലും ശാരീരിക രോഗങ്ങളായ ആസ്ത്മ, ഉയർന്ന രക്‌ത സമ്മർദം, അവ്യക്‌തമായ വേദനകൾ, ക്ഷീണം, ഛർദ്ദി, തലവേദന, ശ്രദ്ധക്കുറവ് എന്നിവയ്‌ക്കും പഠനത്തിൽ നിന്നും കുടുംബ ബന്ധങ്ങളിൽ നിന്നുള്ള ഒളിച്ചോടൽ തുടങ്ങിയ സ്വഭാവ വ്യതിയാനങ്ങൾക്കും കാരണമാകും.
മദ്യപാനം, അമിതമായ ദേഷ്യം, അക്രമ വാസന, ലൈംഗിക വിരക്‌തി, പരസ്‌പര വിശ്വാസമില്ലായ്മ തുടങ്ങിയ അവസ്‌ഥകളും ടെൻഷന്‍റെ ഭാഗമാണ്. എനിക്ക് ഈ ടെൻഷൻ താങ്ങാൻ കഴിയുന്നില്ല. മരിച്ചാൽ പിന്നെ ഒന്നും അറിയുകയും അനുഭവിക്കുകയും വേണ്ടല്ലോ എന്നു പറഞ്ഞ് ആത്മഹത്യയിലേക്ക് നീങ്ങുന്നവരും നമുക്കിടയിലുണ്ട്.
ജോലിയിലെ ടെൻഷൻ മാറ്റാം
അച്ഛന്‍റെയും അമ്മയുടെയും നിർബന്ധത്തിനു വഴങ്ങി ഡോക്ടറാവാൻ പോയ വിനീതിന് ജോലി കിട്ടിയിട്ടും സന്തോഷം തോന്നിയില്ല. രോഗികളെ മനസ്സറിഞ്ഞ് ചികിത്സിക്കാനോ അവരോട് കൂടുതൽ അടുത്ത് പെരുമാറാനോ വിനീതിന് കഴിഞ്ഞില്ല. ഈ അവസ്‌ഥയ്‌ക്ക് കാരണം മനസ്സിനിഷ്‌ടപ്പെടാത്ത ജോലിയിൽ ഏർപ്പെട്ടതിനാലാണ്.
നമ്മൾ ഒരു ജോലി ഏറ്റെടുക്കുമ്പോൾ സ്വന്തം ഇഷ്‌ടത്തിന് ആദ്യ പ്രാധാന്യം കൊടുക്കണം. ഇഷ്‌ടമില്ലാത്ത ജോലി ഏറ്റെടുക്കുമ്പോൾ അതൊരു ഭാരമായി നമുക്ക് തോന്നും. ഏറ്റെടുക്കുന്ന ജോലി വളരെ ആസ്വദിച്ച് ചെയ്‌തു തീർക്കാൻ ശ്രമിക്കണം. ഇതിനു നല്ലൊരു ഉദാഹരണമാണ് സാധാരണക്കാരായ അമ്മമാർ. അവർ അവരുടെ കുഞ്ഞുങ്ങളെ എത്ര കഷ്ടപ്പെട്ടാണ് വളർത്തുന്നത്. അവർക്കാവശ്യമുള്ളതെല്ലാം ഉണ്ടാക്കി കൊടുത്ത് രാവും പകലുമില്ലാതെ അവർക്കുവേണ്ടി കഷ്‌ടപ്പെടുമ്പോൾ മടുപ്പ് തോന്നാറില്ല. കാരണം അവർ അത് വളരെ എൻജോയ് ചെയ്‌താണ് ചെയ്യുന്നത്.
കൂൾ ആകാനുള്ള വഴികൾ
ടെൻഷൻ അടിച്ചു പാട്ടുപാടിയാൽ മലയാളത്തിന്‍റെ വാനമ്പാടിക്കുപോലും നന്നായി പാടാൻ സാധിക്കില്ല. ടെൻഷൻ ഇല്ലാതാക്കാൻ വഴികൾ പലതാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ്.
റിലാക്സേഷൻ
വെറുതേ പാട്ടുകേൾക്കുന്നതിലൂടെയോ കൂട്ടുകാരുമൊത്ത് ഔട്ടിംഗിന് പോകുന്നതിലൂടെയോ വ്യായാമം ചെയ്യുന്നതിലൂടെയോ ഒക്കെ ടെൻഷൻ കുറയ്‌ക്കാൻ സാധിക്കും. ഓരോ വ്യക്‌തിയും വ്യത്യസ്‌തരാണ്. സ്വന്തം പ്രശ്നങ്ങൾ മനസ്സിലാക്കുവാനും നേരിടാനുമുള്ള കഴിവ് വ്യത്യസ്‌തമാണ്. ഒരു വ്യക്‌തിക്ക് സ്ട്രെസ്സ് മാനേജ് ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം.
ശാന്തരാകാം
ശാന്തമായ മനസ്സിൽ മാത്രമേ പ്രശ്ന പരിഹാരം കണ്ടെത്താനുള്ള കാഴ്ചപ്പാട് ഉണ്ടാകൂ. മനശാന്തി ലഭിക്കാൻ അവരവർക്ക് ഇഷ്‌ടമുള്ള രീതി തെരഞ്ഞെടുക്കാം. എന്നാൽ ടെൻഷൻ ക്രമാതീതമായി ഫലപ്രദമാവണമെന്നില്ല. അപ്പോൾ ഒരു മനശാസ്ത്രജ്‌ഞന്‍റെ സഹായത്തോടെ മനസ്സിനെ ശാന്തമാക്കി മാറ്റാൻ സാധിക്കും.
വിലയിരുത്തുക
നമുക്കുണ്ടായ ടെൻഷന്‍റെ കാരണങ്ങളും ഫലങ്ങളും വിലയിരുത്തുകയാണ് ഈ ഘട്ടത്തിൽ ചെയ്യുന്നത്. ഇതിൽ ഏറ്റവും പ്രധാനഭാഗമാണ് സ്ട്രെസ് പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് തിരിച്ചറിയുന്നത്.
കഴിവ് നേടുക
നാം നേരിടുന്ന സ്ട്രെസ് പോസിറ്റീവ് ആണെങ്കിൽ തീർച്ചയായും അത് നമ്മുടെ വ്യക്‌തിത്വ വികാസത്തെ പരിപോഷിപ്പിക്കും. അതിനാൽ തന്നെ ആ സ്ട്രെസ് ആവശ്യപ്പെടുന്ന കഴിവുകൾ നിങ്ങൾക്കുണ്ടോ എന്ന് വിലയിരുത്തുക.
പൊരുത്തപ്പെടുക
സാമ്പത്തിക പ്രശ്നങ്ങൾ, പ്രിയപ്പെട്ടവരുടെ മരണം തുടങ്ങിയവ നെഗറ്റീവ് സ്ട്രെസ് ആണെന്നു പറയാം. ഇവയിൽ പലതും നമ്മുടെ വ്യക്‌തിപരമായ പിഴവുകൾ കൊണ്ട് ഉണ്ടായവ അല്ല. അവയെ തടയാനോ പഴയ അവസ്‌ഥയിലേക്ക് തിരികെ കൊണ്ടുവരാനോ പലപ്പോഴും നമുക്ക് സാധിച്ചു കൊള്ളണമെന്നില്ല. യാഥാർത്ഥ്യത്തെ അംഗീകരിച്ച് അതുമായി പൊരുത്തപ്പെട്ടു ജീവിക്കാനും പൂർണമായിട്ടല്ലെങ്കിൽ കൂടി പഴയതിനു സമാനമായ അവസ്‌ഥയിലേക്ക് സാവധാനം മടങ്ങിയെത്താനും ഈ ഘട്ടത്തിൽ സാധിക്കണം.
ചികിത്സ തേടുക
സ്ട്രെസ് അനുഭവിക്കുന്ന വ്യക്‌തികൾ പ്രശ്ന പരിഹാരത്തിനു ശ്രമിക്കാതെ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാൻ നോക്കും. ഇവരെ മനശാസ്‌ത്ര ചികിത്സയിലൂടെ പഴയ അവസ്‌ഥയിലേക്ക് മടക്കി കൊണ്ടു വരാൻ സാധിക്കും. ഏതു കൂരിരുട്ടിലും മിന്നാമിനുങ്ങിന്‍റെ ചെറിയ വെളിച്ചം ഉള്ളതുപോലെ ഏതു പ്രതിസന്ധികൾക്കിടയിലും കാണാതെ പോകുന്ന ധാരാളം അവസരങ്ങൾ ഉണ്ട്. ശാന്തമായ മാനസികാവസ്‌ഥയിലേക്ക് തിരികെ എത്തിയാൽ ഇവയെ തിരിച്ചറിയാനും നമുക്ക് അനുയോജ്യമായി പ്രയോജനപ്പെടുത്താനും കഴിയും. പക്ഷേ അതിനു വേണ്ട ക്ഷമ ഉണ്ടാകണമെന്ന് മാത്രം.