കോവിഡ് -19 നാട്ടിൽ പറന്നിറങ്ങുന്നതിനു മുമ്പാണ് ദീത്യയും അമ്മയും നാട്ടിലെത്തിയത്. ഒരു വിവാഹാഘോഷത്തിൽ പങ്കു ചേരനാനായിരുന്നു ശിഖ മകൾ ദീത്യയോടൊപ്പം നാട്ടിൽ വന്നത്. ആഘോഷത്തിൽ പങ്കെടുത്ത് തിരിച്ചു പോകുന്നതിനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന അന്നേക്ക് ലോക്ക്ഡൗൺ ചാടി വീണതിനാൽ അവർക്ക് തിരിച്ചു പോകാൻ കഴിയാതെ വന്നു.
സ്കൂൾ അവധി കാലത്താണ് ദീത്യയും അമ്മയും നാട്ടിൽ വരിക പതിവ്. അച്‌ഛനും അമ്മയും മകളും ഒരുമിച്ചാണ് നാട്ടിലെത്തുക. രണ്ടുമൂന്നു ദിവസം അച്‌ഛൻ അവരോടൊപ്പം ഇവിടെ നിന്ന് തിരിച്ചു പോകും. അച്‌ഛന് ജോലി മറുനാട്ടിലായതിനാൽ അധികനാൾ ഇവിടെ നിൽക്കാൻ കഴിയാറില്ല. ഇത്തവണ ലോക്ക്ഡൗണിനോട് ചേർന്ന് സ്ക്കൂൾ അവധി കൂടി വന്നതിനാൽ നാട്ടിൽ കൂടുതൽ നാൾ നിൽക്കാൻ സാധിച്ചു.
നഗരത്തിലെ പ്രശസ്തമായൊരു വിദ്യാലയത്തിൽ യുകെജിയിലാണ് ദീത്യ പഠിക്കുന്നത്. അന്യസംസ്ഥാനക്കാരൊടൊപ്പം പഠിക്കുകയും വളരുകയും ചെയ്യുന്നതിനാൽ ആ നാടിന്‍റെ ഭാഷയും മാതൃഭാഷയും ഒരു പോലെ കൈകാര്യം ചെയ്യാനുള്ള കഴിവ് അവൾക്കുണ്ടായിരുന്നു. ഇരുഭാഷകളും അനായാസേന സംസാരിക്കുന്നതിനാൽ സഹപാഠികളുടെയും അധ്യാപകരുടെയും ഇടയിൽ സൂപ്പർ ഗേളായി അവൾ വിലസി നടന്നു.
സ്കൂൾ അവധിയിൽ ഒരു മാസം ദീത്യ ഞങ്ങൾക്കൊപ്പമാണ്. ഞങ്ങൾ എന്നു പറഞ്ഞാൽ അമ്മയുടെ അച്‌ഛനും അമ്മയും മാമനും മാമിയും. ഞങ്ങളുടെയെല്ലാം ചെല്ലക്കുട്ടിയായി അവൾ ഞങ്ങളെ ഭരിച്ച് നടക്കും. ദീത്യ നാട്ടിലെത്തിയാൽ ഞങ്ങൾ ഇവിടെ ക്വാറന്‍റൈയിനിൽ ആകും. അവൾ എന്തു പറയുന്നുവോ അതനുസരിച്ച് തന്നെ എല്ലാം ചെയ്‌തു കൊടുക്കണം. അതാണ് ഇവിടുത്തെ കീഴ്വഴക്കം. ആരെങ്കിലും അവൾക്കെതിരുനിന്നാൽ എനിക്ക് അച്ഛന്‍റെടുത്തേക്ക് പോകണമെന്ന് പറഞ്ഞ് വാശിപിടിക്കും. അതിനാൽ അവൾ ഞങ്ങൾക്ക് ഒരു പേടി സ്വപ്നം കൂടിയാണ്.
നഗരത്തിലെ ഇടുങ്ങിയ ജീവിതത്തിൽ നിന്നും തെന്നിമാറി ഗ്രാമത്തിലെ വിശാലതയിലെ ഊഷ്മളത ദീത്യ അതിസൂതം ആസ്വദിച്ചിരുന്നു. വീടിനുള്ളിൽ ഒതുങ്ങി ഇരിക്കാതെ മുറ്റത്തും തൊടിയിലും അവൾ യഥേഷ്ടം പാറി നടന്നു.
തൊടിയിലെ വിഭവ സമൃദ്ധി അവൾക്ക് ഒരു അദ്ഭുതമാണ്. ചക്കയും മാങ്ങയും വാഴക്കുലകളും കയ്യെത്തും ദൂരത്ത് കായ്ച്ചു നിൽക്കുന്ന ചെന്തെങ്ങിൻ കുലകളും അവളെ വിസ്മയിപ്പിച്ചിരുന്നു. അവയെ ചുംബിക്കാൻ ഓടിയെത്തുന്ന അണ്ണാനെയും പറവകളെയും ഇമകൾ പൂട്ടാതെ നോക്കി നിൽക്കുമ്പോൾ ആ കണ്ണുകളിലെ തിളക്കവും മുഖത്തെ തേജസ്സും അവളെ കൂടുതൽ സുന്ദരിയാക്കും.
പറമ്പിൽ സ്വൈര്യ വിഹാരം നടത്തുന്ന മയിൽ കൂട്ടങ്ങളെ നോക്കി ശിഖ ഒരിക്കൽ പറഞ്ഞു. നാടാകെ മാറി പോയി എന്നു തോന്നുന്നു. പണ്ടൊക്കെ മയിലുകളെ കാണാൻ നാം കാഴ്ച ബംഗ്ലാവിൽ പോകണമായിരുന്നു. ഇന്നു അവ നമ്മളെ കാണാൻ വീടുകളിൽ വന്നു തുടങ്ങി അല്ലേ? ചോദ്യരൂപേണയാണ് ചോദിച്ചതെങ്കിലും ഒരു നിമിഷം ഞാൻ അവരുടെ ബാല്യത്തിലേക്ക് നടന്നിറങ്ങി.
മകനെയും മകളെയും കൊണ്ട് കാഴ്ച ബംഗ്ലാവിലേക്ക് പോയ ആ നാളുകളിലേക്ക്. പകൽ മുഴുവനും മൃഗശാലയിലെ പക്ഷികളെയും മൃഗങ്ങളെയും കണ്ട് നടന്ന് സന്ധ്യമയങ്ങിയിട്ടു വീട്ടിലേയ്ക്ക് മടങ്ങി പോരാൻ സമ്മതിക്കാതെ അവിടെ തന്നെ നിന്ന് തിരിഞ്ഞ് കളിക്കുന്ന മക്കളുടെ ബാല്യത്തിലേയ്ക്ക്. ഗേയ്റ്റിനു പുറത്തെ ഐസ്ക്രീം വിൽപനക്കാരന്‍റെ പിപി വിളിയാണ് പുറത്ത് കടക്കാൻ അന്ന് ഞങ്ങളെ സഹായിച്ചത്. നീയും മോളും ഇവിടെ എത്തിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ അവ നിങ്ങളെ കാണാൻ വന്നതാണ്. ശിഖയെ സന്തോഷിപ്പിക്കാനായി ഞാനും പറഞ്ഞു.
പൂന്തോട്ടത്തിൽ തേൻ കുടിക്കാൻ പറന്നു നടക്കുന്ന തുമ്പികളെയും ശലഭങ്ങളെയും പിടിക്കാൻ ഒപ്പം ഓടി നടന്ന് ക്ഷീണിതയായി ദീത്യ കിതച്ചു കൊണ്ട് ഒരിടത്ത് ഇരിപ്പായി.
കൊച്ചുമകൾക്കായി ഞാൻ തയ്യാറാക്കി വച്ചിരുന്ന ചെംതെങ്ങിൽ നിന്ന് അടർത്തിയെടുത്ത് ചെത്തികുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഇളനീർ വെള്ളം എടുത്ത് ശിഖയെ ഏൽപിച്ചു. ദീത്യയ്ക്ക് കൊടുക്കാനായി, അവളിലെ നഷ്ടപ്പെട്ട ഊർജ്ജം തിരിച്ചെടുക്കാൻ. ബോട്ടിൽ കൈയ്യിൽ കിട്ടിയതും ചുണ്ടോടു ചേർത്ത് മതിവരുവോളും വലിച്ചു കുടിച്ച് ഒഴിഞ്ഞ കുപ്പി ഒരു ദീർഘ നിശ്വാസത്തോടെ അവൾ അമ്മയെ ഏൽപിച്ചു.
വാ… ഇനി നമുക്ക് കല്ലു കളിക്കാം. എന്നു പറഞ്ഞ് മകളെ കൈപിടിച്ച് ശിഖ എഴുന്നേൽപ്പിച്ചു. ഇന്നത്തെ തലമുറയിലെ പെൺകുട്ടികളിൽ നിന്നും കല്ലുകളി അകന്നു പോകുന്നതിലെ ആകുലത ശിഖയുടെ വാക്കുകളിൽ നിഴലിച്ചിരുന്നു. ആ കളിയെ ഉത്തേജിപ്പിച്ചെടുക്കാമെന്നു കരുതിയാണ് മകളെ കൂട്ടിയത്. ഒരിടത്ത് അടങ്ങിയിരിക്കുമല്ലോ, അവളോടൊപ്പം താനും ഓടി നടക്കേണ്ടല്ലോ എന്ന ഉദ്ദേശശുദ്ധി കൂടി അമ്മ മനസ്സിലുണ്ടായി കാണും.
മഴക്കാലത്ത് വീടിന്‍റെ ചുമരുകളിലേക്ക് ചളിവെള്ളം തെറിക്കാതിരിക്കാനായി തറ ഭാഗത്തിനു ചുറ്റും കരിങ്കൽ മെറ്റൽ ഭംഗിയിൽ പാകി നിരത്തിയിരുന്നു. അതിൽ മേൽ മകളെ ഇരുത്തി ശിഖ അവൾക്കഭിമുഖമായി ഇരുന്നു. കൊത്തം കല്ല് കളി എങ്ങിനെ തുടങ്ങാമെന്ന് ദീത്യയ്ക്ക് പറഞ്ഞു കൊടുക്കുന്നതിനോടൊപ്പം കളിച്ചു കാണിച്ചു കൊണ്ടിരുന്നു. ഏതാനും കല്ലുകൾ ഉള്ളം കൈയ്യിലെടുത്ത് അവയെല്ലാം ഒരുമിച്ച് മേലോട്ട് ഇട്ട് ഉള്ളം കൈതിരിച്ചു പിടിച്ച് കൈ പത്തിയുടെ പുറകിൽ കല്ലുകൾ വീഴ്ത്തുകയും അവ വീണ്ടും മുകളിലേക്കിട്ട് ഉള്ളം കൈയ്യിൽ പിടിക്കുകയും ചെയ്ത് മകൾക്ക് കളി പഠിപ്പിച്ചു കൊണ്ടിരുന്നു.
പഴയ തലമുറയിലെ ഈ പഴയ കളിയിൽ സംതൃപ്തി വരാതെ മകൾ എഴുന്നേറ്റു നിന്ന് അവിടെ കിടന്നിരുന്ന മെറ്റൽ ഇരുകൈ കൊണ്ടു വാരി എടുത്ത് പുറത്തേക്ക് എറിഞ്ഞു കളിച്ചു തുടങ്ങി. മകളെ എത്ര ശ്രമിച്ചിട്ടും തന്‍റെ വലയത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയാതെ വന്നപ്പോൾ ദേഷ്യത്തോടെ അമ്മ മകളോടു പറഞ്ഞു. “അച്ഛാച്ഛൻ പൈസ കൊടുത്ത് വാങ്ങിച്ചിട്ടതാണ്. അത് വാരിയെടുത്ത് പുറത്തേക്ക് കളയണ്ട.” തന്നോടാണ് അമ്മ പറയുന്നതെന്ന ഭാവം പോലും കാണിക്കാതെ മകൾ തന്‍റെ ഈ കളിയിൽ വിനോദം കണ്ടെത്തി.
കൊറോണ നാട്ടിലെ ജനങ്ങളുമായി കൂടുതൽ ആത്മബന്ധം സ്‌ഥാപിച്ചെടുക്കുകയും ഇവിടെ നിന്ന് ഒഴിഞ്ഞു പോകാൻ വൈമനസ്യം കാണിച്ചു തുടങ്ങുകയും ആയപ്പോൾ ചെറിയ ചെറിയ അയവോടെ ലോക്ക്ഡൗൺ നീണ്ടു നീണ്ടു പോയി. 65 വയസ്സിനു മുകളിൽ പ്രായം ഉള്ളവരും 10 വയസ്സിനു താഴെയുള്ളവരും വീട്ടു തടങ്കലിൽ തന്നെ അപ്പോഴും അടഞ്ഞു കിടക്കേണ്ടി വന്നു. പാർക്കും ബീച്ചും അമ്പലങ്ങളും പുറം കാഴ്ചകളും എനിക്കും കൊച്ചുമകൾക്കും നിഷിധ്യമായി. അയവ് ഞങ്ങൾക്ക് ആശ്വാസ മരുഭൂമിയില്ല.
അടുത്തൊരു ദിവസം അത്യാവശ്യ കാര്യത്തിനായി പുറത്ത് പോകേണ്ടി വന്നപ്പോൾ ആരോഗ്യ വകുപ്പിന്‍റെ നിബന്ധനകൾ എല്ലാം അനുസരിച്ച് ഞാൻ മുഖാവരണം ധരിക്കുമ്പോൾ ശിഖ ഓർമ്മിപ്പിച്ചു. “അച്‌ഛൻ ടൗണിൽ നിന്നും മടങ്ങി വരുമ്പോൾ ഒരു ബോൾ വാങ്ങിച്ചു കൊണ്ടു വരണംട്ടൊ…. ദീത്യയ്ക്ക് കളിക്കാനാണ്.” ദീത്യയുടെ ആവശ്യമായതിനാൽ മറക്കാൻ പാടില്ലല്ലോ? ഞാൻ ബോൾ… ബോൾ… ബോൾ… എന്ന് മനസ്സിൽ ഉരുവിട്ടു കൊണ്ട് തന്നെ നടന്നു.
മകളുടെ ആവശ്യത്തെക്കാൾ പേരകുട്ടിയുടെ സന്തോഷത്തെ മനസ്സിൽ കണ്ടു കൊണ്ടാണ് ഞാൻ മടങ്ങി വന്നത്. വിവിധ വർണത്തിലുള്ള ബോൾ മകൾക്കു കൈമാറുമ്പോൾ ദീത്യയുടെ മുഖമാണ് ശ്രദ്ധിച്ചത്. ഇരുവരുടെയും മുഖത്തെ വിസ്മയം എന്‍റെ മനസ്സിനും കുളിരേകി.
പന്തു കിട്ടിയ സന്തോഷത്താൽ പുതിയ കളി തുടങ്ങാനായി ശിഖ മകളെയും കൂട്ടി മുറ്റത്തേക്കിറങ്ങി. മുറ്റത്തിന്‍റെ ഒരു ഭാഗത്ത് മകളെ നിർത്തി പന്തുകളിയുടെ ബാല പാഠങ്ങൾ വിവരിച്ചു കൊടുത്തു കൊണ്ടിരുന്നു. അമ്മ അവിടെ നിന്ന് കാലു കൊണ്ട് മോളുടെ അടുത്തേക്ക് പന്ത് അടിച്ചു തരും. മോളുടെ അടുത്ത് പന്ത് എത്തിയാൽ കാലു കൊണ്ട് അമ്മയുടെ അടുത്തേക്ക് അടിച്ചു തരിക. കളിയുടെ വശങ്ങളെക്കുറിച്ച് ദീത്യയ്ക്ക് കളിയിലൂടെ തന്നെ മനസ്സിലാക്കി കൊടുത്തു കൊണ്ടിരുന്നു. ഏതാനും സമയം അമ്മയുടെ ഇംഗീതമനുസരിച്ച് പന്ത് അടിച്ചു കൊടുത്തതിനു ശേഷം തൃപ്തി വരാതെ മകൾ ഓടി പോയത് തന്‍റെ പഴയ കളിയിലേക്ക് തന്നെ. കല്ലുകൾ എടുത്ത് വാരിയെറിയുന്നതിനായി.
മകൾ അടിച്ചു തെറിപ്പിച്ച പന്ത് എടുത്ത് മകൾക്ക് പിന്നാലെ ചെന്ന അമ്മ ശാസന രൂപത്തിലാണ്. ദീത്യയോട് പറഞ്ഞത് “ അച്ഛാച്ഛൻ കണ്ടാൽ ചീത്ത പറയും…വാ… നമുക്ക് ഇവിടെ ഇരുന്ന് കളിക്കാം.” ശിഖ പരന്നു കിടന്നിരുന്ന മെറ്റലിൽ ഇരുകാലുകളും കൂട്ടി ചമ്രം പടിഞ്ഞിരുന്നു.
മനസ്സിൽ എന്തോ ആലോചിച്ചെടുക്കും പോലെ ദീത്യ ഏതാനും നിമിഷം മൗനിയായി നിന്നു. അടുത്ത നിമിഷം അമ്മയുടെ അരികിലേയ്ക്ക് ഓടി വന്ന് അമ്മയുടെ കൈകൾ പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു.
അമ്മ വന്ന് അവിടെ നിൽക്കൂ. മകൾ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് ശിഖ നോക്കി. മകൾക്കു എതിർ ദിശയിലേക്കാണ് വിരൽ ചൂണ്ടിയിരുന്നത്. അവൾ തുടർന്ന്, ഞാൻ ഇവിടെ നിന്ന് എറിയുന്ന കല്ലുകൾ അമ്മ അവിടെ നിന്ന് പെറുക്കി ഇങ്ങോട്ടെറിയുക. അപ്പോൾ അച്ഛാച്ഛൻ ചീത്ത പറയില്ല.
തികച്ചും അപ്രതീക്ഷിതമായിരുന്നു ദീത്യയുടെ ഈ മറുപടി. മകളുടെ ഈ വാക്കുകൾ അമ്മയുടെ മനസ്സിൽ അസ്വാസ്‌ഥ്യം കലർത്തിയെങ്കിലും ഒരു കോംമ്പ്രമൈസിന്‍റെ സുഖം ആ വാക്കുകളിൽ നിന്ന് അമ്മ മനസ്സ് ചികഞ്ഞെടുത്തു. മനസ്സിനെ ഒരു നിമിഷം നിയന്ത്രിച്ച് മകളെ കെട്ടി പിടിച്ചു നെറ്റിയിൽ തുരുതുരാ ചുംബിച്ചു കൊണ്ടിരുന്നു.
അകലെ നിന്ന് ഇതെല്ലാം വീക്ഷിച്ചു കൊണ്ടിരുന്ന എന്നെ നോക്കി മകൾ ശിഖ പറഞ്ഞു. എങ്ങിനെ ഒരു പ്രശ്നം കോമ്പ്രമൈസ് ചെയ്യാം എന്നുള്ള അറിവ് ഇപ്പോൾ തന്നെ അവളുടെ മനസ്സിൽ ഉണർന്നല്ലോ.
മകളുടെ വാക്കുകൾ കേട്ട് എന്‍റെ മനസ്സിൽ നുരഞ്ഞു പൊന്തിയ ചിരിയെ കൊച്ചുമകൾ കാണാതിരിക്കാൻ ചുണ്ടുകൾ കടിച്ചമർത്താൻ ഞാനും പാടു പെടുന്നുണ്ടായിരുന്നു.