ഏതോ ഒരു സ്ത്രീയാണ്. കൊച്ചച്ചമ്മയെ കാണണമെന്ന്.” കോളിംഗ് ബെല്ലിന്‍റെ സ്വരം കേട്ടപ്പോൾ ആരാണെന്നന്വേഷിക്കാൻ ഉമ്മറത്തേക്ക് പോയ വിമല തിരികെ വന്നറിയിച്ചു. വീട്ടുജോലിയിൽ ഞങ്ങളെ സഹായിക്കുന്നത് അവളാണ്.
മകന്‍റെ പിറന്നാളായതു കൊണ്ട് അടുക്കളയിൽ അൽപം ജോലിത്തിരക്കിലായിരുന്നു ഞാൻ. കൈകഴുകി മുഖമൊന്ന് തുടച്ച് ഉമ്മറത്തേക്ക് ചെന്നപ്പോൾ മെലിഞ്ഞുണങ്ങിയ ശരീരവുമായി ഒരു പാവം സ്ത്രീ.
അമ്മയുടെ അകന്ന ചാർച്ചയിലുള്ള അമ്മുച്ചിറ്റയുടെ “ബോഡിഗാർഡ്” എന്ന് ബന്ധുക്കളെല്ലാവരും വിശേഷിപ്പിച്ചിരുന്ന മാധവി!
കാലത്തിന്‍റെ ചിതൽ തിന്ന ആ പ്രാകൃതരൂപത്തെ ഞാൻ ഒരുനിമിഷം നടുക്കത്തോടെ നോക്കി നിന്നു പോയി. മുഖഛായയുടെ ചെറിയൊരംശം ഇപ്പോഴും അവശേഷിച്ചിട്ടുള്ളതു കൊണ്ട് മാത്രമാണ് എനിക്കവരെ തിരിച്ചറിയാൻ കഴിഞ്ഞത്. ഞാനവരെ അകത്തേക്ക് വിളിച്ചു കൊണ്ടുപോയി. അടുക്കളക്കോലായിലെ ബഞ്ചിലിരുന്ന് തോൾമുണ്ടുകൊണ്ട് മുഖം തുടച്ചു കൊണ്ട് മാധവി ചോദിച്ചു.
“അപ്പു എവിടെ?”
“അകത്തുണ്ട്. ഇന്നവന്‍റെ പിറന്നാളാണ്”
പിറന്നാളിനെക്കുറിച്ച് മാധവിയോട് സൂചിപ്പിക്കേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി. അവരുടെ മനസ്സിൽ ഒരിക്കലും ഉണങ്ങാത്ത മുറിവിലാണ് സ്പർശിച്ചത്. ആ കണ്ണുകളിപ്പോൾ നിറഞ്ഞൊഴുകി തുടങ്ങിയേക്കാമെന്ന വേവലാതിയോടെ അടുക്കളയിലേക്ക് നടക്കുമ്പോൾ എന്‍റെ ഓർമ്മകളിൽ വർഷങ്ങൾക്കു മുമ്പ് എപ്പോഴും കളിയും ചിരിയുമായി നടന്നിരുന്ന ഒരു നാടൻ പെണ്ണ് ഉയർത്തെഴുന്നേറ്റു വന്നു.
അവൾ സുന്ദരിയൊന്നുമായിരുന്നില്ല. പൊക്കം കുറഞ്ഞ് തടിച്ച് ഇരുണ്ട നിറമുള്ള ഒരു ഇരുപത്തഞ്ചുകാരിയായിരുന്നു അവൾ. എത്ര അധ്വാനിക്കാനും മടിയില്ല. ദേഷ്യമോ പരിഭവമോ തീരെ ഇല്ല. എല്ലാവരോടും സ്നേഹം. എപ്പോഴും സന്തോഷം. നിസ്സാര കാര്യത്തിനു പോലും കൈപ്പത്തി കൊണ്ട് മുഖം മറച്ച് കുടുകുടെ ചിരിക്കും, ശബ്ദമില്ലാതെ.
എന്തെല്ലാമോ മാറാരോഗങ്ങളുള്ള അമ്മുച്ചിറ്റയെ ശുശ്രൂഷിക്കണം. തൊഴുത്തിലെ പശുക്കളുടെ കാര്യങ്ങൾ ഉൾപ്പെടെ ആ വീട്ടിലെ എല്ലാ പണികളും ചെയ്യണം. അമ്മുച്ചിറ്റ “മാധവീ” എന്ന് വിളിച്ചു തീരും മുമ്പ് അവളവരുടെ കട്ടിലിനരികിൽ എത്തിക്കഴിയും. അമ്മുച്ചിറ്റക്ക് അവളെ വലിയ കാര്യവുമായിരുന്നു. മാധവിയുടെ കൊച്ചുവർത്തമാനങ്ങൾ കേൾക്കാൻ തനിക്കും ഇഷ്ടമായിരുന്നല്ലോ. അന്നൊക്കെ സ്ക്കൂൾ വിട്ടെത്തിയാൽ തൊട്ടടുത്തു തന്നെയുള്ള അമ്മുച്ചിറ്റയുടെ വീട്ടിലേക്ക് ഒരൊറ്റയോട്ടമാണ്.
നേരം അന്തിമയങ്ങുമ്പോഴാണ് മാധവിയുടെ കുളി. കുളി കഴിഞ്ഞാൽ നിത്യവും ഉമ്മറത്തെ തൊടിയിൽ നിന്ന് ഓറഞ്ചു നിറത്തിലുള്ള രണ്ടു മൂന്ന് ജമന്തി പൂക്കൾ പറിച്ച് നൂലിൽ കോർത്ത് അവൾ മുടിയിൽ ചൂടുമായിരുന്നു.
മൂക്ക് ചുളിച്ചു കൊണ്ട് അമ്മുച്ചിറ്റ പറയും “നീ അടുത്ത് വന്നാൽ ജമന്തിപ്പൂവിന്‍റെ നാറ്റാ.”
അവളപ്പോൾ ശബ്ദമില്ലാതെ കുലുങ്ങി ചിരിക്കും “എനിക്കിതിന്‍റെ വാസന വല്യ ഇഷ്ടമാ”
“അപ്പഴേ നീ നിന്‍റെ ആൾക്ക് മണിയറക്കട്ടിൽ ഒരുക്കാൻ പോണതും ജമന്തിപ്പൂ വിതറീട്ടാ?” ചിറ്റ കളിയാക്കും.
മാധവി നാണിച്ച് വാപൊത്തിച്ചിരിച്ചു കൊണ്ട് ഓടിമറയും. ഒരിക്കലും ആ മണിയറ ഒരുങ്ങില്ലെന്ന് അമ്മുച്ചിറ്റയപ്പോൾ വിചാരിച്ചിട്ടുണ്ടാവില്ല. പെട്ടെന്നാണ് അമ്മുച്ചിറ്റ മരിച്ചത്. അവർക്ക് മക്കളുമില്ലായിരുന്നു. പശുക്കളെ കിട്ടിയ വിലയ്ക്ക് വിറ്റ് വീട് താഴിട്ടു പൂട്ടി.
ചിറ്റയുടെ ഭർത്താവ് സ്വന്തം സഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റി. മാധവിയെ അവളുടെ ഏകബന്ധുവായ ചേട്ടൻ വന്ന് കൂട്ടിക്കൊണ്ടുപോയി.
യാത്ര പറയാൻ നേരം മാധവി പറഞ്ഞു. “വേറെ എവിടേങ്കിലും ഒരു ജോലി അന്വേഷിക്കണം. ഭാര്യേം കുട്ട്യോളുമുള്ള ഏട്ടന് ഭാരമാവരുതല്ലോ.”
കാലം കടന്നു പോയി. എന്‍റെ കോളേജ് വിദ്യാഭ്യാസവും വിവാഹവും കഴിഞ്ഞ് അന്യനാട്ടിലെ കുടുംബ ജീവിതത്തിനിടക്ക് മാധവിയെനിക്ക് പഴയൊരു ഓർമ്മ മാത്രമായി.
പ്രസവത്തിന് നാട്ടിലേക്ക് വന്നിരിക്കുമ്പോഴാണ് ഒരു ദിവസം തീരെ അപ്രതീക്ഷിതമായി മാധവി വീണ്ടും പ്രത്യക്ഷപ്പെടുന്നത്. അതും നിറ വയറോടെ. “എപ്പോഴാ നിന്‍റെ കല്യാണം കഴിഞ്ഞത്?” അവളെ കണ്ടയുടനെ അമ്മ ചോദിച്ചു.
“ഞാൻ… എനിക്ക്…” മാധവിയുടെ കണ്ണുകൾ നിലം പൊത്തുന്നത് കണ്ടപ്പോഴേ എന്തോ പന്തികേട് തോന്നി.
“നിന്‍റെ ആൾ എവിടെ?”
തലയും കുമ്പിട്ട് മാധവി അപ്പോഴും അതേ നിൽപ്പ് തന്നെ. ആ മൗനം അമ്മയിൽ ചില സംശയങ്ങളുണ്ടാക്കിയിരിക്കണം. “അസത്ത്… എവിടെയോ അലഞ്ഞ് വയിറ്റിലുണ്ടാക്കീട്ട്…” തിരിഞ്ഞു നടക്കുന്നതിനിടയിൽ അമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു.
അവിഹിത ഗർഭമെന്ന മഹാപരാധത്തിന്‍റെ ഭാരവും പേറി എല്ലാ അവജ്ഞയും ഏറ്റുവാങ്ങാൻ തയ്യാറായി അവളപ്പോഴും തലയും കുമ്പിട്ട് നിന്നതേയുള്ളൂ.
അമ്മയുടെ പിറകേ ഞാനും നടന്നകലാൻ തുടങ്ങുമ്പോൾ മാധവിയുടെ ഇടറുന്ന സ്വരം “കുട്ടിക്കും മാസം തികഞ്ഞിരിക്ക്യാല്ലേ?”
“ഉം” ഗൗരവം വിടാതെ ഞാനൊന്ന് മൂളുക മാത്രം ചെയ്‌തു.
“കുട്ടിക്കെന്നോട് വെറുപ്പാണല്ലേ? തെറ്റ് എന്‍റേതല്ല കുട്ടി, ഞാൻ ജോലിക്ക് നിന്ന വീട്ടിലെ സാറെന്നെ ബലം പ്രയോഗിച്ച്…” മാധവിയുടെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.
“കുഞ്ഞിനെ നശിപ്പിക്കാമെന്ന് ആ സാറ് പറഞ്ഞു. എനിക്കതിനു കഴിഞ്ഞില്ല കുട്ടീ. ഏട്ടനെന്നോട് നാഴികയ്ക്ക് നാൽപതുവട്ടം വീട്ടിന്നിറങ്ങി പോകാൻ പറയും. ഞാനെങ്ങോട്ടു പോകാനാ. ഇപ്പെഴെനിക്ക് മരിക്കാനും തോന്നണില്ല.”
മാധവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി “ആശുപത്രിയിൽ പോകാൻ സമയമായി. കുറച്ച് പൈസ കിട്ടിയാൽ…”
സത്യാവസ്‌ഥ അറിഞ്ഞപ്പോൾ അമ്മയുടെ മനസ്സും ആർദ്രമായി. അമ്മ വിളമ്പിക്കൊടുത്ത ചോറ് ആർത്തിയോടെ അകത്താക്കി പഴന്തുണിക്കെട്ടും കുറച്ച് പണവുമായി അവർ മടങ്ങിപ്പോയി.
അപ്പുവിന്‍റെ ചോറൂണിന് ഞങ്ങൾ നാട്ടിലേക്ക് വന്നയിടക്ക് വീണ്ടും മാധവി വന്നു. ഓരോമനക്കുഞ്ഞിനെ മാറോട് ചേർത്തു പിടിച്ചു കൊണ്ട്. നിറചിരിയുമായി. അവനെ പ്രസവിച്ചത് എന്‍റെ മകൻ അപ്പു ജനിച്ച ദിവസം തന്നെയാണ്. ആ കുഞ്ഞിനെ വിളിക്കുന്നതും അപ്പുവെന്നു തന്നെയാണത്രേ. കുഞ്ഞിനെ മുലയൂട്ടി ഉറക്കിക്കിടത്തി എന്‍റെ മകനെ എടുത്ത് ലാളിച്ച്, ഞങ്ങളുടെ കുടുംബ വിശേഷങ്ങളെല്ലാം ചോദിച്ച്, സ്വന്തം പരാധീനതകളെക്കുറിച്ച് പറഞ്ഞ് കണ്ണീരൊഴുക്കി, അമ്മ വിളമ്പി വച്ച ഭക്ഷണം രുചിയോടെ കഴിച്ച്, വെയിലാറും വരെ വിശ്രമിച്ച് ഞങ്ങൾ നൽകിയ ധനസഹായം നന്ദിയോടെ ഇരുകൈയും നീട്ടി വാങ്ങി കുഞ്ഞിനെ ഒക്കത്തെടുത്ത് മാധവി യാത്രയാവുകയും ചെയ്‌തു.
നാലഞ്ചു വർഷങ്ങൾ കടന്നു പോയി. ഒരു വേനലൊഴിവിന് നാട്ടിൽ വന്നപ്പോൾ മാധവിയതാ വീണ്ടും, കൈവിരലിൽ തൂങ്ങി നടക്കുന്ന ഒരഞ്ചുവയസ്സുകാരന്‍റെ അഭാവം ഓർമ്മിപ്പിച്ചു കൊണ്ട് ഏകയായി.
എന്നെ കണ്ടയുടനെ രണ്ടുവയസ്സ് തികയും മുമ്പേ വിധി തട്ടിയെടുത്ത തന്‍റെ കുഞ്ഞിനെ കുറിച്ച് എന്തെല്ലാമോ പറഞ്ഞ് മാധവി നിർത്താതെ കരഞ്ഞു.
അപ്പുവിനെ ചേർത്തു പിടിച്ച് തലോടിക്കൊണ്ട് വീണ്ടും ഹൃദയം പൊട്ടിക്കരഞ്ഞു. കൂലിപ്പണി ചെയ്‌തു കിട്ടുന്ന കാശ് ഏട്ടനെ ഏൽപ്പിക്കുന്നതു കൊണ്ട് ആരുമിപ്പോൾ വീട്ടീന്നിറങ്ങാൻ പറഞ്ഞ് ശല്യം ചെയ്യുന്നില്ലെന്ന് സ്വയം ആശ്വസിച്ചു. പതിവു പോലെ സുഖവിവരങ്ങൾ അന്വേഷിച്ചു. ഭക്ഷണം കഴിച്ച് അൽപം വിശ്രമിച്ച ശേഷം ഞങ്ങൾ നൽകിയ വസ്ത്രങ്ങളും പണവും സഞ്ചിയിലാക്കി കണ്ണീരോടെ യാത്രയാകുകയും ചെയ്‌തു.
അപ്പു പ്ലസ്ടുവും മെഡിക്കൽ എൻട്രൻസും പരീക്ഷകളെഴുതിക്കഴിഞ്ഞ് ആ വേനലൊഴിവിന് ഞങ്ങൾ നാട്ടിൽ വന്നിരിക്കുമ്പോഴാണ് നീണ്ട ഇടവേളയ്ക്കു ശേഷം തികച്ചും അപ്രതീക്ഷിതമായി മാധവി വന്നത്. അവർ വല്ലാതെ ക്ഷീണിച്ചിരുന്നു. “കുറെ കാലായല്ലോ കണ്ടിട്ട്?” ഞാൻ ഓർമ്മിപ്പിച്ചു.
“ഒന്നും പറയേണ്ടെന്‍റെ കുട്ട്യേ. വാർക്ക പണിക്കിടക്ക് പൊക്കത്തീന്നു വീണ് നട്ടൊല്ലൊടിഞ്ഞു. ഇപ്പോഴും ഭാരപ്പെട്ട പണിയെടുത്താൽ സഹിക്കാനാവാത്ത നട്ടെല്ലുവേദനയാ. കാലുമ്മേ നിറച്ചാണീംണ്ട്. പണിക്കു പോയില്ലെങ്കിൽ ഏടത്തി കുത്തുവാക്ക് പറയാൻ തുടങ്ങും. അതുകൊണ്ട് പോകാതിരി ക്കാനും വയ്യ. അപ്പു എവിടെ?”
ഞാൻ അപ്പുവിനെ വിളിച്ചു കൊണ്ടു വന്നു. മാധവിയുടെ ദുരന്തകഥ ഒരിക്കൽ ഞാനവനോട് പറഞ്ഞിരുന്നു.
അപ്പുവിന്‍റെ കൈയിൽ തലോടിക്കൊണ്ട് അണപൊട്ടിയൊഴുകുന്ന കണ്ണീർ നിയന്ത്രിക്കാനുള്ള വിഫലശ്രമത്തോടെ മാധവിയും ഒരു കൗമാരക്കാരന്‍റെ സങ്കോചത്തോടെ എന്നാൽ ആ ലാളന നിഷേധിക്കാനാകാതെ അപ്പുവും ഏതോ പൂർവ ജന്മബന്ധത്തിന്‍റെ കാണാച്ചരടിൽ കുരുങ്ങി നിൽക്കുന്ന നിമിഷങ്ങൾ… അതിനെല്ലാം സാക്ഷിയായി ഈ ഞാനും…
എല്ലാവരുടെയും വിശേഷങ്ങളെല്ലാം ചോദിച്ചും സ്വന്തം മനസ്സിലെ ദുഃഖഭാരം കുറെ കരഞ്ഞു തീർത്തും ഞങ്ങളുടെ മനസ്സിൽ സഹാനുഭൂതിയുടേയും നിസ്സഹായതയുടേയും ആകുലതകൾ അവശേഷിപ്പിച്ചു കൊണ്ട് പതിവു പോലെ മാധവി യാത്രയാകുകയും ചെയ്‌തു.
പിന്നീടവരെ കാണുന്നത് ഇന്നാണ്. അഞ്ചാറ് വർഷങ്ങൾക്ക് ശേഷം അപ്പുവിന്‍റെ പിറന്നാൾ ദിവസമായ ഇന്ന്. ഒരു ഗ്ലാസിൽ കാപ്പിയുമായി അടുക്കള കോലായിലേക്ക് നടക്കുമ്പോൾ ഞാൻ ആലോചിച്ചിരുന്നത് സ്വന്തം മകനെക്കുറിച്ചോർത്ത് കണ്ണീരൊഴുക്കുന്ന മാധവിയെ എങ്ങനെ സമാധാനിപ്പിക്കുമെന്നാണ്. പക്ഷേ ഉണങ്ങി വരണ്ട ചതുപ്പുനിലം പോലെയുള്ള ആ കണ്ണുകൾ എന്നെ അമ്പരപ്പിച്ചു.
നിശ്ചേതനമായ ആ കണ്ണുകളിലേക്ക് നോക്കും തോറും വല്ലാത്തൊരു അസ്വാസ്‌ഥ്യം എന്നെ പിടിക്കൂടി. കീറിപ്പറിഞ്ഞ വസ്ത്രങ്ങളും ജടകെട്ടിയ തലമുടിയും മൊരിപിടിച്ച ശരീരവുമായി കൂനിക്കൂടിയിരുന്ന് കാപ്പിയൂതിക്കുടിക്കുന്ന ആ പ്രാകൃതരൂപത്തിൽ പഴയ മാധവിയെ കണ്ടെത്താനുള്ള എന്‍റെ ശ്രമം പരാജയപ്പെടുകയാണെന്ന് ഞാൻ ഒരു നടുക്കത്തോടെയറിഞ്ഞു.
അകത്തു ചെന്ന് മാധവിയെത്തിയിട്ടുണ്ട് എന്നറിയിച്ചപ്പോൾ എന്നോടൊപ്പം അടുക്കളക്കോലായിലേക്ക് നടന്നു കൊണ്ട് അപ്പു പറഞ്ഞു “എന്നെക്കണ്ടാൽ അവരപ്പോൾ കരയാൻ തുടങ്ങും. അതാ പ്രശ്നം.” എന്നാൽ അങ്ങനെയൊന്നും സംഭവിച്ചില്ല.
നിർവികാരതയോടെ ഏതാനും നിമിഷം അവരവന്‍റെ മുഖത്തേക്ക് മിഴി ചിമ്മാതെ നോക്കി. പിന്നെ ഓർമ്മകളിൽ പരതും പോലെ കണ്ണുകൾ അകലെയെങ്ങോ അലഞ്ഞു. ചുണ്ടുകളപ്പോൾ അവ്യക്‌തമായി എന്തെല്ലാമോ പിറുപിറുത്തു കൊണ്ടിരുന്നു. പെട്ടെന്ന് എന്തോ ഓർമ്മ വന്നതുപോലെ അവർ മടിക്കുത്തിൽ നിന്ന് ഒരു ചെറിയ പന്തെടുത്ത് അപ്പുവിന്‍റെ നേരെ നീട്ടി. എന്തെല്ലാമോ പറയാൻ ബാക്കിയുണ്ടെന്ന പോലെ അവന്‍റെ കണ്ണുകളിലേക്ക് നോക്കി അപ്പുവും ഞാനും ഇമ ചിമ്മാൻ പോലും മറന്ന് നിൽക്കുമ്പോൾ അവർ വീണ്ടും പിറുപിറുക്കാൻ തുടങ്ങിയിരുന്നു.
ഒരിലയിൽ പിറന്നാൾ വിഭവങ്ങൾ വിളമ്പി മാധവിയുടെ മുന്നിൽ വച്ച ശേഷം ഞാനവർക്ക് കൊടുക്കാനായി അലമാരയിൽ നിന്ന് മുണ്ടുകളെടുക്കുവാൻ ചെറിയൊരു പനിയും ചുമയുമായി വിശ്രമിക്കുന്ന അമ്മയുടെ മുറിയിലേക്ക് ചെന്നു. ഇടയ്ക്കിടെ വിസ്മൃതിയുടെ അന്ധകാരത്തിലേക്ക് വഴുതി പോകുന്ന മാധവിയുടെ മാനസിക നിലയെക്കുറിച്ച് അപ്പു അപ്പോൾ അമ്മയോട് സംസാരിക്കുകയായിരുന്നു.
ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ കരുതലോടെ അപ്പു പറഞ്ഞു.
“അവർ കടുത്ത ഡിപ്രഷനിലാണ്. സ്‌ഥിതി കൂടുതൽ വഷളാകുന്നതിന് മുമ്പ് അവരെ ഇവിടെ ഏതെങ്കിലും നല്ല അനാഥാലയത്തിലാക്കാൻ കഴിഞ്ഞാൽ…” അപ്പുവിന്‍റെ അഭിപ്രായം എനിക്കും സ്വീകാര്യമായിത്തോന്നി.
“രാമകൃഷ്ണാശ്രമത്തിന്‍റെ കീഴിലുള്ള അനാഥാലയത്തിൽ ഒഴിവുണ്ടോയെന്നന്വേഷിക്കാം. മാധവിക്കതിന് സമ്മതമാണോ എന്ന് ചോദിക്ക്. സമ്മതമാണെങ്കിൽ നമ്മുടെ രാജപ്പനോട് പറഞ്ഞ് ഏർപ്പാടാക്കാം. അയാൾ അവിടത്തെ കമ്മിറ്റി അംഗമാണല്ലോ” അമ്മ പറഞ്ഞു.
“ഞാൻ മാധവിയോട് ചോദിച്ചിട്ട് വരാം.” അലമാരയിൽ നിന്നെടുത്ത കുറച്ച് മുണ്ടുകളും പണവുമായി ഞാൻ അടുക്കള കോലായിലേക്ക് ചെന്നു. പക്ഷേ മാധവിയവിടെ ഉണ്ടായിരുന്നില്ല. വിളമ്പി വച്ചിരുന്ന ഭക്ഷണത്തിൽ ഉറുമ്പരിക്കാൻ തുടങ്ങിയിരുന്നു. പിന്നെ ഒരിക്കലും മാധവി ഞങ്ങളെ കാണാൻ വന്നതേയില്ല.