അന്തർദേശീയ തലത്തിൽ സംഘടിപ്പിച്ച കഥ മത്സരവിഭാഗത്തിൽ അരുൺ കുമാറിന്‍റെ കഥാരചനയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒന്നാം സമ്മാനാർഹമായ കഥ. ചെറുപ്പത്തിൽ അമ്മയേയും അച്‌ഛനേയും നഷ്ടപ്പെട്ട് ഉയർച്ച താഴ്ചകളെ നേരിട്ട്, പിന്നീട് രാജ്യത്തിന്‍റെ പ്രധാന മന്ത്രിയായി മാറിയ ഒരു വ്യക്‌തിയെക്കുറിച്ചായിരുന്നു ആ കഥയിൽ പ്രതിപാദിച്ചിരിക്കുന്നത്.

മൂന്ന് വർഷം മുമ്പ് ഇതേ മത്സരത്തിൽ വിജയിച്ച മാധവിയും വിധികർത്താക്കളിൽ ഉൾപ്പെട്ടിരുന്നു. പ്രസ്തുത കഥ വായിച്ച് ആവേശഭരിതയായ മാധവി കഥാകാരന്‍റെ പേര് വായിച്ചതോടെ മുഖഭാവമാകെ മാറി. അരുൺ കുമാർ! ഏതാനും നിമിഷം ആ പേരിൽ മനസ്സുടക്കി നിന്നു. ഇനി ഇദ്ദേഹമാണോ? മനസ്സ് വിചിത്രമായ ചിന്തകളിലൂടെ കടന്നു പോയി.

“സർ” മാധവി തൊട്ടടുത്തിരുന്ന ബഹുമാന്യനായ സാഹിത്യകാരൻ നിർമ്മൽ കുമാറിനെ വിളിച്ചു. സാഹിത്യ ലോകത്തെ കുലപതികളിലൊരാളായിരുന്നു നിർമ്മൽ കുമാർ.

“എന്താണ് മാധവി?”

“എനിക്ക് ഈ ലേഖകന്‍റെ ചിത്രമൊന്ന് കാണാൻ ആഗ്രഹമുണ്ട്.”

“പക്ഷേ, മാധവി കഥയെഴുത്തുകാരുടെ ചിത്രം അയക്കാനുള്ള വ്യവസ്‌ഥ ഈ മത്സരത്തിനില്ലായെന്ന കാര്യം നിനക്കറിയാമല്ലോ. അങ്ങനെ ചെയ്‌താൽ ഈ മത്സരത്തിന്‍റെ സുതാര്യതയെ ബാധിക്കില്ലേ”

“സോറി സാർ, ഞാൻ അതങ്ങ് മറന്നു,” മാധവി നിരാശഭാവത്തിൽ എന്തോ ചിന്തയിൽ മുഴുകി.

“പക്ഷേ, എന്താ അങ്ങനെ ചോദിച്ചത്?”

“ഒന്നുമില്ല സർ… ഞാൻ വെറുതെ.” വൈകുന്നേരമായതോടെ മാധവി വീട്ടിൽ മടങ്ങിയെത്തി. പക്ഷേ അവളുടെ മനസ്സിൽ എന്തോ തികട്ടി നിൽക്കുന്നതു പോലെ തോന്നി. ആ വിമ്മിഷ്ടം മറികടക്കാൻ അവളാഗ്രഹിച്ചുവെങ്കിലും അവൾക്കതിന് കഴിഞ്ഞില്ല. വീട്ടിലെത്തിയ മാധവിയുടെ അടുത്ത് അദിതി കുസൃതി ചിരിയോടെ ഓടിയെത്തി സ്നേഹ പ്രകടനങ്ങൾ കാട്ടിയെങ്കിലും മാധവിയുടെ മനസ്സ് അവിടെയെങ്ങുമായിരുന്നില്ല. ഇത്രയും കാലം മനസ്സിലെങ്ങോ മൂടിക്കിടന്ന തീക്കനൽ കാറ്റുവീശി ആളിക്കത്തിക്കുകയാണല്ലോ ഈ പേര്. എന്തിന്?

പരിസരബോധം വന്ന മാധവി അദിതിയുടെ ഓരോ ചോദ്യത്തിനും മൂളിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ ഇന്ന് ഈ പേര് പഴയൊരു മുറിവ് കുത്തി വേദനിപ്പിക്കുകയാണല്ലോ. ശിരസിന് ഭാരമേറുന്നതു പോലെ. അകാരണവും അജ്ഞാതവുമായ വേദന നെഞ്ചിലാകെ കത്തി പടരുന്നു. ഭൂതകാലത്തിൽ മറന്ന്, മാഞ്ഞു പോയതെല്ലാം ഓർമ്മയിലേക്ക് തിരിച്ച് വരികയാണല്ലോ. ആഗ്രഹിക്കാൻ ഇഷ്ടപ്പെടാത്ത ഒന്ന് ഓർമ്മയിലേക്ക് തള്ളിക്കയറി വന്ന പോലെ.

******************************

രാത്രിയുടെ നിശബ്ദതയെ തെല്ലൊന്ന് അസ്വസ്ഥമാക്കി കൊണ്ട് 12 മണിയായതിന്‍റെ സൂചന ക്ലോക്കിൽ നിന്നും മുഴങ്ങി കേട്ടു. ജീവിതത്തിന്‍റെ ഭാഗമായിരുന്ന അവളുടേത് മാത്രമായിരുന്ന… ആ വ്യക്‌തിയെ അവൾ ആ രാത്രിയും പതിവു പോലെ കാത്തുകാത്തിരുന്നു. ഘടികാര സൂചി ചലിക്കുന്നതും നോക്കി അയാളെ കാത്തിരിക്കുന്നത് കുറച്ചു ദിവസങ്ങളായി. അവളുടെ ദിനചര്യയായി മാറിയിരുന്നു. എന്നാൽ അയാൾക്ക് അവളെക്കുറിച്ച് യാതൊരു ചിന്തയുമുണ്ടായിരുന്നില്ല.

ഈയൊരു ചിന്തയിൽ മാധവിയുടെ കണ്ണുകൾ ചുവരിലെ ക്ലോക്കിലേക്ക് അടിക്കടി നീണ്ടു കൊണ്ടിരുന്നു. പിന്നീടവൾ ജനാല തുറന്ന് റോഡിലേക്ക് മിഴിനട്ടിരുന്നു. അയാൾ വരുന്നുണ്ടാകുമോ…. എന്നാൽ അവൾ പ്രതീക്ഷിച്ചതു പോലെ റോഡ് തീർത്തും വിജനമായിരുന്നു.

ഏകദേശം ഒരു മണിയായതോടെ വാതിലിൽ ആരോ മുട്ടുന്ന ഒച്ച മുഴങ്ങി. അവൾ ഓടിച്ചെന്ന് വാതിൽ തുറന്നു. മുന്നിലെ കാഴ്ച കണ്ട് അവളുടെ കണ്ണുകളിൽ നിരാശ കലർന്നു. ഒരു തരി ഉറങ്ങാതെ ഓരോ നിമിഷവും ഓരോ യുഗങ്ങളെന്ന പോലെ ആരെയാണോ കാത്തിരുന്നത്, ആ ആൾ വേച്ച് വേച്ച് കാലുറയ്ക്കാതെ തളർന്ന മട്ടിൽ അകത്തേക്ക് നടന്നു വരുന്നു.

“ഇന്നും നിങ്ങൾ കുടിച്ചിട്ടാണോ വന്നത്?” അവൾ കരച്ചിലിന്‍റെ വക്കിലെത്തിയിരുന്നു.

“അതെ കുടിച്ചിട്ടാ വന്നത്. എന്താ നിന്‍റെ അച്‌ഛന്‍റെ പണം കൊണ്ടാണോ ഞാൻ കുടിച്ചെ?” എന്ന് പറഞ്ഞു കൊണ്ട് അയാൾ എന്തോ തെറി പദം ഉച്ചത്തിൽ പുലമ്പി.

“എന്തിനാ ഇങ്ങനെ സ്വന്തം ജീവിതം നശിപ്പിക്കുന്നെ?”

“ജീവിതം… നാശം…” എന്നുറക്കെ പറഞ്ഞു കൊണ്ട് അയാൾ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു.

“ഞ… ഞാൻ… നശിച്ചു. നീ… ഈ വീട്ടിൽ കാലു കുത്തിയനാൾ തുടങ്ങി എന്‍റെ ജീവിതം നരകമായി.”

“അതിന് ഞാനെന്താ ചെയ്തത്?” അവൾ അമ്പരപ്പോടെ അയാളെ നോക്കി.

“ഞാനെന്താ ആഗ്രഹിക്കുന്നതെന്ന് നിനക്ക് നല്ലവണ്ണം അറിയാം.”

“പക്ഷേ അതിന് എനിക്കെന്താണ് ചെയ്യാൻ പറ്റുക? ആശുപത്രിയിൽ പരിശോധന നടത്തി എനിക്കൊരു കുഴപ്പമില്ലെന്നല്ലേ ഡോക്ടർ പറഞ്ഞത്. ഒരമ്മയാകാൻ എനിക്ക് സാധിക്കും. രണ്ടുപേരും പരിശോധന നടത്തണമെന്നല്ലേ ഡോക്‌ടർ…”

എന്നവൾ പറഞ്ഞ് മുഴുവിപ്പിക്കും മുമ്പ് ഒരു കനത്ത പ്രഹരം അവളുടെ കവിളിൽ പതിഞ്ഞു. “ഓഹോ… ഞാൻ കഴിവു കെട്ടവനാണെന്നാ നീ പറഞ്ഞു വരുന്നത് അല്ലേ? എനിക്ക്…”

“ഞാനങ്ങനെ പറഞ്ഞില്ലല്ലോ… ഞാ…”

കൂടുതൽ പറയണ്ട… പ…” അയാൾ ഉറക്കെ അലറി.

“ഞാൻ ശരിയായി മര്യാദയായി നടന്നാൽ എന്‍റെ ആഗ്രഹം സാധിച്ചു തരാം എന്നല്ലേ… അഞ്ചു വർഷമായി കല്യാണം കഴിഞ്ഞിട്ട്. ഇതുവരെ… കൂട്ടുകാരെല്ലാവരും പരിഹസിക്കാറുണ്ട്. മതിയായി… ഇനി സഹിക്കാൻ ആവില്ല.”

“നിങ്ങൾ ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തില്ല. എന്നിട്ട് കുഞ്ഞ് വേണമെന്ന് പറഞ്ഞ് എന്നെ കഷ്ടപ്പെടുത്തുകയല്ലേ… ഞാൻ മാത്രം വിചാരിച്ചാൽ കുഞ്ഞുണ്ടാവുമോ?”

“എനിക്കൊന്നും കേൾക്കണ്ട… ഞാൻ പറഞ്ഞത് വിട്ട് കളഞ്ഞേക്കൂ.” അയാൾ കലിയോടെ പറഞ്ഞു.

“നമുക്കൊരു കുഞ്ഞിനെ ഓർഫനേജിൽ നിന്നും ദത്തെടുത്ത് കൂടെ?” അവൾ തെല്ലൊരു സങ്കോചത്തോടെ അയാളുടെ മുഖത്തു നോക്കി.

“എന്താ പറഞ്ഞെ… ഒന്നു കൂടി പറ… അനാഥക്കുഞ്ഞിനെയല്ലേ…”

“അതിലെന്താ തെറ്റ്?” അവളുടെ മറുപടി കേട്ട് അയാൾ ഉറഞ്ഞു തുള്ളി. അവളുടെ മേൽ അയാൾ അസഭ്യ വാക്കുകൾ ചൊരിഞ്ഞു. ദേഷ്യമടങ്ങാതെ അയാൾ മുറിയിൽ അലക്ഷ്യമായി നടന്നു. എന്നിട്ടും കലിയടങ്ങാതെ അയാൾ അവളെ വലിച്ചിഴച്ച് വീടിന് പുറത്തേക്ക് തള്ളി. “ഇനി നീ പടിക്ക് പുറത്താ… നിനക്ക് എവിടെ വേണമെങ്കിലും പോകാം. ഇനി ഞാനുമായി നിനക്കൊരു ബന്ധവുമില്ല. നിനക്കിഷ്ടമുള്ളയിടത്തേക്ക് പോകാം.”

അയാളുടെ പരുഷമായ വാക്കുകളും ചെയ്തിയും അവളുടെ മനസ്സിൽ ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിച്ചു. നിലത്തിരുന്നവൾ ഇരുട്ടിലേക്ക് നോക്കി കരഞ്ഞു. പെട്ടെന്ന് അവളുടെ മനസ്സിൽ ശക്തമായ ഒരു ചിന്തയുണർന്നു. അവളിലേക്ക് എങ്ങു നിന്നോ ഒരു ശക്തി പ്രവഹിച്ചു കൊണ്ടിരുന്നു. ഒരു സിംഹത്തെ പോലെ മാധവി ചാടിയെഴുന്നേറ്റു. അവൾ അയാൾക്ക് നേരെ ചീറി.

“ഗംഭീരം തന്നെ… കേട്ടിട്ട് സന്തോഷം തോന്നുന്നു. സ്ത്രീകൾക്കു വേണ്ടി പേന ചലിപ്പിക്കുന്ന എഴുത്തുകാരൻ. പക്ഷേ വീട്ടിലെ സ്ത്രീയ്ക്ക് ഒരു സ്‌ഥാനവും വിലയുമില്ല. നിങ്ങൾക്ക് സ്ത്രീവാദം കടലാസിലെ വെറും നിർജ്ജീവമായ അക്ഷരങ്ങൾ മാത്രമാണ്. നിങ്ങൾക്ക് സ്ത്രീകൾ വെറു കഥാപാത്രങ്ങൾ മാത്രമാണ്. നിങ്ങൾ ഈ കഥയും കൂടി എഴുതിക്കോളൂ. പ്രശസ്തനാകാം. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ സ്ത്രീകൾ ഒരു കഥയ്ക്കപ്പുറം എന്താകാനാണ്? പക്ഷേ ഒരു കാര്യം ഓർത്തോളൂ, അരുൺ കുമാർ. നിങ്ങൾക്ക് ഒരു കുഞ്ഞിനെ ലാളിക്കാനുള്ള ഭാഗ്യമുണ്ടാവില്ല. വേണമെങ്കിൽ ഒരുവട്ടം വൈദ്യപരിശോധന നടത്തി നോക്കൂ. നിങ്ങൾ… പിന്നെ നിങ്ങൾ… എന്നെ ഇറക്കി വിടേണ്ട കാര്യമൊന്നുമില്ല. ഞാൻ തന്നെ ഈ വീട്ടിൽ നിന്നു ഇറങ്ങി പൊയ്ക്കോളാം. വളരെ ദൂരെ നിങ്ങളുടെ കാലൊച്ചയൊന്നും കേൾക്കാത്തത്ര ദൂരത്ത് പൊയ്ക്കോളാം.” മാധവിയുടെ അപ്രതീക്ഷിതമായ മറുപടി കേട്ട് അയാൾ അസ്തപ്രജ്ഞനായി നിന്നു. അയാൾ അവളെ തടയാൻ മുതിർന്നില്ല. ശൂന്യമായ നിരത്തിന്‍റെ നിശബ്ദതയെ മുറിച്ചു കൊണ്ട് അവൾ അജ്ഞാതമായ ലക്ഷ്യത്തോടെ മുന്നോട്ട് നടന്നു.

******************************

ഇന്ന് നീണ്ട 14 വർഷങ്ങൾക്കുശേഷം അതേ പേര് അവളുടെ കണ്ണുകളിൽ തിരയടിച്ചു കൊണ്ടിരുന്നു. ഇത്രയും കാലം അദ്ദേഹം എന്ത് സംഘർഷങ്ങളെയാണ് നേരിട്ടത്. എന്തെങ്കിലും വിഷമഘട്ടങ്ങളെ അനുഭവിച്ചുണ്ടാകുമോ… എല്ലാം അദ്ദേഹത്തിന് ഓർമ്മയുണ്ടാവും. എന്തായാലും നിർമ്മൽജിയെ പോലെ വിശിഷ്ട സാഹിത്യകാരന്‍റെ അനുഗ്രഹാശിസ്സുകൾ അദ്ദേഹത്തിന് ലഭിച്ചത് വളരെ നന്നായി.

നിർമ്മൽജിയുടെ പ്രേരണയും പ്രോത്സാഹനവും കൊണ്ടാണ് അദ്ദേഹം സ്ത്രീ സ്വത്വം എന്ന പുസ്തകം എഴുതിയത് തന്നെ. ആ പുസ്തകമിപ്പോൾ ഇന്ത്യൻ സാഹിത്യലോകത്ത് മാത്രമല്ല, പല വിദേശ ഭാഷകളിലും തർജ്ജിമ ചെയ്യപ്പെട്ടിരിക്കുന്നു. ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പുസ്തകങ്ങളിൽ ഒന്നായിരിക്കുന്നു. പുസ്തകങ്ങളിൽ നിന്നും ലഭിച്ച വരുമാനം കൊണ്ട് ഒരു വീട് വാങ്ങുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ജീവിതത്തിലിപ്പോൾ എല്ലാതരത്തിലും നിറഞ്ഞ സന്തോഷം മാത്രമേയുള്ളൂ. പക്ഷേ കഴിഞ്ഞു പോയ ആ ഭൂതകാലം മാധവിയുടെ മനസ്സിലെ കരിഞ്ഞുണങ്ങിയ വേദനകളെ വീണ്ടും ഉണർത്തുകയാണ് ചെയ്തത്.

“ഇല്ല, ഇത് അദ്ദേഹമാകാൻ വഴിയില്ല. ഇത് മറ്റാരോ ആണ്. ഒരു പേരിൽ തന്നെ എത്രയോ പേർ ഉണ്ടാകും.” മാധവി അസ്വസ്ഥതയോടെ ഓർത്തു.

ഏകദേശം 10 ദിവസത്തിനു ശേഷം നിർമ്മൽജി മാധവിയെ ഫോണിൽ വിളിച്ചു. അരുൺ കുമാറിന് പുരസ്കാരം നൽകാൻ സാഹിത്യ രംഗം മാധവിയെയാണ് തെരഞ്ഞെടുത്തതെന്ന വിവരം അറിയിക്കാനാണ് നിർമ്മൽജി മാധവിയെ വിളിച്ചത്. എന്നാൽ മാധവിയാകട്ടെ അത് കേട്ട് കൂടുതൽ അസ്വസ്ഥയായി. താൻ അക്കാര്യത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്തോറും ആളുകൾ തന്നെ അതിലേക്ക് വലിച്ചടുപ്പിക്കുകയാണല്ലോ എന്നോർത്ത് മാധവിയുടെ ഉള്ളിൽ രോഷമുണർന്നു. തനിക്ക് ആ ചടങ്ങിലേക്ക് വരാനാവില്ലെന്ന് മാധവി നിർമ്മൽജിയോട് തീർത്തു പറഞ്ഞുവെങ്കിലും പരിപാടി സംബന്ധിച്ചുള്ള വിശദാംശങ്ങൾ ലേഖകനെ അറിയിച്ച് കഴിഞ്ഞ സ്‌ഥിതിയ്ക്ക് തീരുമാനത്തിൽ മാറ്റമുണ്ടാക്കാനാവില്ലെന്ന് നിർമ്മൽജി പറഞ്ഞതോടെ മാധവി നിസ്സഹായയായി.

“പക്ഷേ, സർ ഇതൊക്കെ തീരുമാനിക്കും മുമ്പ് എന്നോട് ചോദിക്കാമായിരുന്നു?”

“മാധവി, അതിലെന്ത് ചോദിക്കാനിരിക്കുന്നു. ഇക്കാലത്ത് ആളുകൾ പ്രശസ്തരാകാൻ ഇത്തരം പരിപാടികളിൽ ഭാഗമാകാൻ കൊതിക്കുകയാണ് അപ്പോഴാണ് നീ ഇങ്ങനെ.”

“ക്ഷമിക്കണം സാർ, എനിക്ക് വരാൻ സാധിക്കില്ല.”

“ഓഹോ, അപ്പോൾ എന്‍റെ അഭിമാനത്തിന് വിലയില്ല അല്ലേ. ഇൻവിറ്റേഷൻ വരെ അച്ചടിച്ച് വിതരണം ചെയ്തു കഴിഞ്ഞു. ങ്ഹാ സാരമില്ല, മാധവിയുടെ ഇഷ്ടമനുസരിച്ച് ആയിക്കോളൂ.” ഒരു ദീർഘനിശ്വാസമുതിർത്തു കൊണ്ട് നിർമ്മൽജി പറഞ്ഞു. വെല്ലുവിളി നിറഞ്ഞ ദീർഘദൂര ഓട്ടത്തിൽ വിജയിക്കും മുമ്പ് പരാജയമടഞ്ഞതു പോലെയാണ് നിർമ്മൽജിയ്ക്ക് അപ്പോൾ തോന്നിയത്. മാധവിയുടെ മനസ്സിൽ അപ്പോൾ നിർമ്മൽജിയോട് സഹതാപം തോന്നി.

“സർ ഞാൻ വരാം… പക്ഷേ പുരസ്കാര ദാനച്ചടങ്ങ് കഴിഞ്ഞയുടൻ ഞാൻ മടങ്ങും.”

മാധവിയെ സംബന്ധിച്ച് നിർമ്മൽജി വളരെ ബഹുമാന്യനായ സാഹിത്യകാരനും ആദർശ പുരുഷനുമായിരുന്നു. നിർമ്മൽജി എപ്പോഴും മാധവിയെ സ്വന്തം മകളെപ്പോലെയാണ് കണ്ടിരുന്നത്. അതിനാൽ നിർമ്മൽജി മാധവിയോട് വളരെ സ്വാതന്ത്യ്രത്തോടെയാണ് ഇടപെട്ടിരുന്നത്. അത്തരമൊരു വ്യക്‌തിയുടെ തീരുമാനത്തെയും അഭിപ്രായങ്ങളെയും അവൾക്ക് അതുകൊണ്ട് എതിർക്കാനാവുമായിരുന്നില്ല.

വൈകുന്നേരം 7 മണിയോടടുത്ത് ചടങ്ങ് ആരംഭിച്ചു. എഴുത്തുകാരും ബുദ്ധിജീവികളും കൊണ്ട് തിങ്ങി നിറഞ്ഞ ഹാളിൽ അരുൺ കുമാറിന് പുരസ്കാരം നൽകുന്നതിനായി നിർമ്മൽജി മാധവിയെ വേദിയിലേക്ക് സ്വാഗതം ചെയ്‌തു.

മാധവി വേദിയിലിക്കുകയായിരുന്ന ആ വ്യക്‌തിയെ കണ്ട് ഒരു നിമിഷം ചലനമറ്റ് നിന്നു. അയാൾ! എത്ര സങ്കടകരമായ അവസഥയാണിത്… ആ ദൃശ്യത്തിൽ നിന്നും എങ്ങനെയെങ്കിലും ഓടിയൊളിക്കാൻ അവളാഗ്രഹിച്ചു പോയി… പക്ഷേ…

ഇനി താൻ ഒരിക്കലും കാണരുതേ എന്ന് ആഗ്രഹിച്ച ആ വ്യക്‌തി അയാൾക്ക് വേണ്ടി സ്വന്തം അഭിമാനവും സ്വത്വവും പണയം വച്ച തന്നിൽ നിന്നും അയാൾക്ക് പുരസ്കാരം ഏറ്റു വാങ്ങാനാവുമോ… കാലത്തിന്‍റെ ഏറ്റവും ക്രൂരമായ തമാശയല്ലാതെ ഇത് മറ്റെന്താണ്…

മാധവിയുടെ നേർക്ക് നോക്കിയ അരുൺ കുമാറിന് തന്‍റെ അഭിമാനമെല്ലാം തകർന്നടിഞ്ഞു. അവ മുള്ളുകളായി സ്വന്തം മനസ്സിൽ തറഞ്ഞു കൊള്ളുന്നതു പോലെ തോന്നി. വേദിയിലെത്തിയ മാധവി നിർമ്മൽജിയുടെ കയ്യിൽ നിന്നും പുരസ്കാരം വാങ്ങി വളരെ യാന്ത്രികമായി അരുൺ കുമാറിന് നൽകി.

ഔപചാരികതയോടെ അവൾ അയാളെ നോക്കി അഭിനന്ദനമറിയിച്ചു. തിരിച്ച് ഒരു വാക്കുപോലും പറയാനാവാതെ മറിച്ച് കവിളിലേറ്റ പ്രഹരം പോലെയായിരുന്നു ആ അഭിനന്ദനം. അയാൾ കസേരയിൽ നിശ്ചല പ്രതിമ കണക്കെ അമർന്നിരുന്നു. മാധവി വേദിയിൽ വശത്തായി നിന്നു. അവൾക്ക് എങ്ങനെയും അവിടെ നിന്ന് ഓടി രക്ഷപ്പെടാനാണ് അപ്പോൾ തോന്നിയത്.

ചടങ്ങിന് നിറം പകരാൻ നിർമ്മൽജിയടക്കം മറ്റുള്ള എഴുത്തുകാർ മാധവിയോട് ഒരു കവിത ചൊല്ലാൻ ആശ്യപ്പെട്ടു. അവൾ മനസ്സില്ലാ മനസ്സോടെ താനെഴുതിയ ഒരു കവിത വേദിയിൽ അവതരിപ്പിച്ചു.

മാധവി ചൊല്ലിയ സ്വന്തം ഒരു കവിതയിലെ ഓരോ വരിയിലും അവളുടെ മനസിലെ വേദന നിറഞ്ഞു നിന്നിരുന്നു. വേദിയിലിരുന്നവർ നിശബ്ദരായി കവിതാലാപനം കേട്ടിരുന്നു. കവിത ചൊല്ലിയവസാനിച്ചയുടൻ ഹാളിൽ കരഘോഷം മുഴങ്ങി. എന്നാൽ മാധവി നിശബ്ദയായി വേദിയിൽ നിന്നിറങ്ങി പുറത്ത് പാർക്കിംഗ് ഏരിയയിൽ ചെന്ന് തന്‍റെ കാറിൽ കയറി. ഇത് കണ്ട് എല്ലാവരും പകച്ചു നിന്നു.

വീട്ടിലെത്തിയ മാധവിയ്ക്ക് പൊട്ടിക്കരയാനാണ് തോന്നിയത്. പക്ഷേ ഉള്ളിലുയർന്ന തേങ്ങൽ എവിടെയോ തടഞ്ഞു നിർത്തപ്പെട്ട പോലെ… ഈ സമയം ആരോ വാതിലിൽ മുട്ടുന്ന പോലെ അവൾക്ക് തോന്നി.

“ആരാ?” അവൾ കണ്ണുനീർ തുടച്ചു കൊണ്ട് വെപ്രാളം പൂണ്ട് ജനാല തുറന്ന് പുറത്തേക്ക് നോക്കി. പുറത്ത് താൻ വെറുത്ത അതേ മുഖം… രൂപം.

“നിങ്ങൾ… ഇവിടെ എന്തിനു വന്നു?”

“ഞാ… നിന്നോട് ക്ഷമ ചോദിക്കാൻ വന്നതാ മാധവി?”

“ഏത് മാധവി…? മാധവി മരിച്ചിട്ട് 14 വർഷമായി. എനിക്ക് നിങ്ങളെ പരിചയ മില്ല. പ്ലീസ് കടന്നു പോകൂ.” മാധവി വർദ്ധിച്ച ദേഷ്യത്തോടെ പറഞ്ഞു.

“പോയ്ക്കൊളാം. പക്ഷേ ഒന്ന് ഒരുവട്ടം നീ എന്നോട് ക്ഷമിച്ചുവെന്ന് പറയൂ…” എന്ന് പറഞ്ഞു കൊണ്ട് അയാൾ പുറത്ത് പ്രതീക്ഷയോടെ കാത്തു നിന്നു.

“ഞാൻ പറഞ്ഞല്ലോ എനിക്ക് നിങ്ങളെ പരിചയമില്ല. ഇനി നിങ്ങൾക്ക് പോകാം. അല്ലെങ്കിൽ ഞാൻ ബഹളം വയ്ക്കും.” എന്നു പറഞ്ഞു കൊണ്ട് മാധവി ജനാല വലിച്ചടച്ചു.

ഏകദേശം 15 മിനിറ്റോളം പുറത്ത് ശബ്ദമൊന്നും കേൾക്കാതെ വന്നതോടെ അയാൾ അവിടെ നിന്നും പോയി കാണുമെന്ന് മാധവി കരുതി. അയാളുമായി യാതൊരു ബന്ധവുമില്ലാത്ത സ്‌ഥിതിയ്ക്ക് പിന്നെയെന്തിന് മാപ്പ്…

അവിചാരിതമായി അവളുടെ മനസ്സിൽ നിന്നാരോ അവളെ ശക്തിയായി എതിർക്കുന്ന പോലെ… മാധവി… നീ അയാളുടെ ആരുമല്ലെങ്കിൽ പിന്നെ എന്തിന് അയാളെ വെറുക്കണം, കഴുത്തിൽ ഈ താലിമാല എന്തിന്, നെറ്റിയിൽ ഈ സിന്ദൂരക്കുറിയെന്തിന്, അരുൺ കുമാറുമായി ബന്ധിപ്പിക്കുന്ന അടയാളങ്ങൾ എന്തിന്? പക്ഷേ നിനക്ക് അതൊന്നും ഉപേക്ഷിക്കാനാവില്ല. നിന്‍റെ മനസ്സ് അയാളെ എപ്പോഴെങ്കിലും മറന്നോ… ഒരിക്കലുമില്ല…

“മിണ്ടരുത്… എനിക്കൊന്നും കേൾക്കണ്ട.” മാധവി കിടക്കയിലിരുന്ന് ഉച്ചത്തിൽ കരഞ്ഞു. ഉച്ചത്തിലുയർന്ന കരച്ചിൽ കേട്ട് അദിതി ഞെട്ടി ഉണർന്നു. മാധവി അവളെ ആശ്വസിപ്പിച്ച് വീണ്ടും ഉറക്കി.

രാത്രി ഒരു മണിയോടടുത്ത് മൊബൈൽ റിംഗ് ചെയ്‌തു കൊണ്ടിരുന്നു. ഉറങ്ങാതെ കിടന്നതിനാൽ മാധവി ഫോണടിക്കുന്നത് അറിഞ്ഞെങ്കിലും കോളെടുക്കാൻ തുനിഞ്ഞില്ല. എന്നാൽ റിംഗ് ചെയ്യുന്നത് നിർത്താതെയായപ്പോൾ അവർ ഫോണെടുത്ത് നോക്കി.

“ഹലോ സർ?” സ്ക്രീനിൽ നിർമ്മൽ സാറിന്‍റെ പേര് കണ്ടതോടെ അവൾ എഴുന്നേറ്റിരുന്നു.

“സാറ് ഉറങ്ങിയില്ലേ… എന്തെങ്കിലും കുഴപ്പമുണ്ടോ?” മാധവി ആശങ്കയോടെ ചോദിച്ചു.

“ഞാൻ ചോദിക്കുന്നതിന് മാധവി സത്യസന്ധമായ മറുപടി തരണം. നിനക്ക് അരുൺ കുമാറിനെ പരിചയമുണ്ടോ?” നിർമ്മൽ സാറിന്‍റെ ചോദ്യം കേട്ട് ചെവിയിൽ വെള്ളിടി വീണപോലെ അവൾക്ക് തോന്നി. എന്നാൽ സ്വയം ധൈര്യം സംഭരിച്ചു കൊണ്ട് അവൾ മറുപടി പറഞ്ഞു. “ ഈ സമയത്ത് ഇതെല്ലാം എന്താ സാറ് ചോദിക്കുന്നത്?”

“ആദ്യം ഞാൻ ചോദിച്ചതിനുള്ള മറുപടി പറയൂ?”

“അറിയാം… ഒരിക്കൽ എന്‍റെ ഭർത്താവായിരുന്നു.”

“ആയിരുന്നുവെന്നാൽ?” നിർമ്മലിന്‍റെ മറുപടിയിൽ അദ്ഭുതം കലർന്നിരുന്നു.

“ഇപ്പോൾ”

“എന്താ സാർ?”

“ഇന്നലെ നിന്‍റെ വീട്ടിൽ വന്നപ്പോൾ നീ വാതിൽ തുറന്നില്ല. കുറേ നേരം അരുൺ അവിടെ ഉണ്ടായിരുന്നു. പക്ഷേ വാതിൽ അടഞ്ഞു തന്നെ കിടന്നു. പിന്നെ കുറേ കഴിഞ്ഞ് റോഡിലിറങ്ങി നീ വിളിക്കുമെന്ന പ്രതീക്ഷയിൽ അലക്ഷ്യമായി നടന്ന അരുണിനെ ഒരു കാറിടിച്ചു വീഴ്ത്തി. ഇപ്പോൾ മെഡിപ്ലസ് നഴ്സിംഗ് ഹോമിലാണ്. ക്രിട്ടിക്കൽ ആണ്. നിന്നെയൊന്ന് കാണണമെന്ന് പറഞ്ഞിട്ടുണ്ട്.”

“പക്ഷേ…. സാർ”

“ഈ പേര് കേൾക്കുമ്പോഴൊക്കെ നീ അസ്വസ്ഥയാകുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. പരിപാടിക്കിടെ നീ തിടുക്കപ്പെട്ട് വീട്ടിലേക്ക് പോയപ്പോൾ സംശയം ബലപ്പെട്ടു. ഒടുവിൽ അരുൺ നിന്‍റെ വീട്ടിലേക്ക് പുറപ്പെടുന്നതു കണ്ട് ഞാൻ പിറകേ പോയിരുന്നു. കുറച്ച് കഴിഞ്ഞാണ് ആക്സിഡന്‍റ് ഉണ്ടായത്. റിസ്കാണെന്നാണ് ഡോക്ടേഴ്സ് പറഞ്ഞത്.” നിർമ്മൽജി ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.

”ഞാനിപ്പോൾ വരാം സാർ…” അവൾ ഫോൺ വച്ച ശേഷം താലിമാല മാറോട് ചേർത്ത് പിടിച്ച് കണ്ണിറുക്കിയടച്ചു. കണ്ണുനീർ ചാലുകൾ കവിളിലൂടെ ഒഴുകിയിറങ്ങി. കുറച്ച് മുമ്പ് വരെ തിളക്കമുണ്ടായിരുന്ന സ്വർണ്ണതാലി ഇരുണ്ടതു പോലെ അവൾക്ക് തോന്നി. മാധവി ഓടിപോയി മകളെ എഴുന്നേൽപ്പിച്ചു തയ്യാറാക്കി. കാര്യമറിയാതെ അദിതി കണ്ണുമിഴിച്ചു മാധവിയെ നോക്കി.

“മമ്മി ഈ രാത്രിയിൽ നമ്മളെവിടെ പോവ്വാ?” അദിതി സംശയത്തോടെ മാധവിയെ നോക്കി.

“നിന്‍റെ പപ്പയെ കാണാൻ.”

“കള്ളം… പപ്പ ഇല്ലെന്നല്ലേ മമ്മി പറഞ്ഞത്” അദിതി ഉച്ചത്തിൽ ബഹളം വച്ചു.

“ങ്ഹാ പറഞ്ഞിരുന്നു. പക്ഷേ ഇന്ന് പപ്പയെ കിട്ടി.”

“അങ്ങനെയാണെങ്കിൽ പപ്പ ഇവിടെ നമ്മുടെ കൂടെ നിൽക്കുമോ?”

ഒരു നിമിഷം മാധവി മകളെ ചേർത്തു പിടിച്ചു.

“ചിലപ്പോൾ.”

“നല്ല രസമായിരിക്കും അല്ലേ മമ്മി അപ്പോൾ.” അദിതി തുള്ളിച്ചാടി കൊണ്ട് പറഞ്ഞു.

“അതെ…”

അൽപ്പ സമയത്തിനു ശേഷം ഇരുവരും കൂടി നഴ്സിംഗ് ഹോമിലെത്തി. എമർജൻസി യൂണിറ്റിന് മുന്നിലെ ബെഞ്ചിൽ നിർമ്മൽജി ഇരിക്കുന്നത് മാധവി ദൂരെ നിന്നേ കണ്ടൂ. നിർമ്മൽജി ചെറുമയക്കത്തിലായിരുന്നു. അടുത്ത് വരുന്ന കാലൊച്ച കേട്ട് അയാൾ കണ്ണുതുറന്നു. “ങ്ഹാ നീ വന്നോ… ഞാൻ വെയിറ്റ് ചെയ്യുകയായിരുന്നു.”

“അദ്ദേഹമെവിടെയാണ്?” മാധവി ചുറ്റിലും പകപ്പോടെ നോക്കി.

“ഐസിയു വാർഡിൽ പോയി കണ്ടോളൂ. മുന്നിൽ കാണുന്ന ആ റൂമിലാണ്.” നിർമ്മൽജി തളർന്ന സ്വരത്തിൽ പറഞ്ഞു കൊണ്ട് വിരൽ ചൂണ്ടി. അവൾ അദിതിയുടെ കയ്യും പിടിച്ച് നേരെ മുറിയിലേക്ക് കടന്നു. ഒരു മൂലയിലായുള്ള ബെഡിൽ കിടക്കുന്ന ആ ശരീരത്തെ അവൾ തളർന്ന കണ്ണുകളോടെ നോക്കി. ശരീരമാസകലം ചോരപ്പാടുകൾ. മാധവിയെ കണ്ടമാത്രയിൽ അരുൺ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ ആഞ്ഞു. എന്നാൽ മാധവി ഓടിച്ചെന്ന് അരുണിനെ തടഞ്ഞു.

“ഇതെന്താ പറ്റിയത്? ഇങ്ങനെ…?

“എല്ലാം എന്‍റെ കർമ്മഫലം. നിന്നോട് ചെയ്ത പാപത്തിന്‍റെ ഫലം. എനിക്ക് ഉണ്ടായ ഈ അവസ്‌ഥയിൽ ദുഃഖമില്ല. ഇനി ഏതാനും ശ്വാസനിശ്വാസങ്ങൾ വരെ നീളുന്ന ജീവൻ മാത്രം.” എന്നു പറഞ്ഞു കൊണ്ട് അരുൺ പാടുപ്പെട്ട് ശ്വാസമെടുക്കാൻ ശ്രമിച്ചു.

“ഇല്ല ഒന്നും സംഭവിക്കില്ല… ഞാൻ രക്ഷിക്കും…” “ഇനിയാർക്കും അതിനാ

വില്ല” എന്നു പറഞ്ഞു കൊണ്ട് അരുൺ കുമാർ മാധവിയോട് പറ്റിച്ചേർന്ന് ഭയപ്പാടോടെ നിൽക്കുന്ന അദിതിയെ നോക്കി.

“ഈ മോൾ?”

“എന്‍റേതാണ്… ഞാൻ ദത്തെടുത്ത കുഞ്ഞ്.”

“നന്നായി മാധവി. ഇല്ലായിരുന്നുവെങ്കിൽ എന്‍റെ ചിതയ്ക്ക് ആര് തീ കൊളുത്തുമായിരുന്നു. ഈയൊരു ചിന്ത എനിക്കുണ്ടായിരുന്നു. പക്ഷേ ഇപ്പോഴില്ല സന്തോഷമായി. എന്‍റെ മകൾ…” എന്നു പറഞ്ഞു കൊണ്ട് അരുൺ അദിതിയുടെ ശിരസിൽ തലോടി.

“എന്‍റെ എഴുത്തിൽ മാത്രമേ ഞാൻ ആദർശങ്ങൾ പാലിച്ചുള്ളൂ. ജീവിതത്തിൽ ഞാൻ സ്വാർത്ഥനായ പച്ച മനുഷ്യനായി ജീവിച്ചു. അന്ന് നീ പറഞ്ഞതിന് ഞാൻ വില കൽപ്പിച്ചില്ല. നിന്‍റെ സന്തോഷത്തിലുപരി എന്‍റെ ഈഗോയെയാണ് ഞാൻ സംതൃപ്തനാക്കിയത്. എന്നോട് ക്ഷമിക്കൂ മാധവി… എനിക്ക് വയ്യ ശ്വാസമെടുക്കാൻ.”

ഇതെന്താണ് നേർമുന്നിൽ സംഭവിക്കുന്നതെന്നറിയാതെ പകച്ചിരിക്കെ അരുൺ കുമാറെന്ന സാഹിത്യകാരൻ ജീവിതാന്ത്യത്തിന് മറ്റൊരു അദ്ധ്യായം കുറിച്ചു കൊണ്ട് കടന്നു പോയി.

പിറ്റേ ദിവസം ആയിരക്കണക്കിന് വരുന്ന പ്രശസ്തരും അപ്രശസ്തരമായ സാഹിത്യകാരന്മാരുടെയും രാഷ്ട്രീയ പ്രവർത്തകരുടേയും സാന്നിധ്യത്തിൽ അരുണിന്‍റെ ചിതയ്ക്ക് കുഞ്ഞ് അദിതി തീകൊളുത്തി. മാധവി നിശ്ചലയായി ആ കാഴ്ച നോക്കി നിന്നു. അരുൺ കുമാർ എവിടെയോ ഇരുന്ന് ചിരിച്ചു കൊണ്ട് പറയും പോലെ അവളുടെ കാതുകളിൽ മുഴങ്ങി.

“ജീവിതം ചിലപ്പോഴൊക്കെ വിചിത്രമല്ലേ മാധവി. തിരിച്ചറിവും തിരിച്ചറിവില്ലായ്മയും കലർന്ന ഒന്ന്. എന്നാലും നിറഞ്ഞ സന്തോഷം മാത്രം. എന്‍റെ അവസാന ആഗ്രഹം നീ സാധിച്ചു തന്നു. എനിക്കൊരു മകളെ സമ്മാനിച്ചു കൊണ്ട്. എന്‍റെ ജീവിതം ഇവിടെ പൂർണ്ണമായിരിക്കുന്നു.”

മാധവി കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ സാരിത്തലപ്പു കൊണ്ട് എന്നന്നേക്കുമായി തുടച്ചു. ഇനി തനിക്ക് മാത്രം സ്വന്തമായ അദിതിയ്ക്കു വേണ്ടി ചിരിക്കേണ്ടതുണ്ടല്ലോ…

और कहानियां पढ़ने के लिए क्लिक करें...