വർണപൂത്തുമ്പികൾക്കു പുറകെ പാറിനടക്കുമ്പോൾ അവൾ മറ്റെല്ലാം മറന്നിരുന്നു. ആഭരണചെപ്പ് താഴെയിട്ടു പൊട്ടിച്ചതിനു അമ്മയുടെ കയ്യിൽ നിന്നും കിട്ടിയ ശകാര വർഷവും കരിവള എടുത്തണിഞ്ഞതിനും ചേച്ചിയുടെ അടി കൊണ്ടതുമെല്ലാം മുത്തശ്ശിയുടെ വെറ്റിലച്ചെല്ലം എടുത്തു കളിച്ചതിനു പതിവുപോലെ അശ്രീകരം എല്ലാം നശിപ്പിക്കുമിവൾ. ബുദ്ധിയില്ലെങ്കിലെന്താ കുറുമ്പിനൊരു കുറവുമില്ല എന്ന ശകാരവും കേട്ടു. അല്ലെങ്കിലും മുത്തശ്ശി അശ്രീകരമെന്നേ ചിന്നുവിനെ വിളിക്കൂ. ഇനി അച്ഛൻ മാത്രമേ ചിന്നുവിനെ വഴക്കുപറയാതെയുള്ളൂ.
മറ്റുള്ളവരുടെ ശകാരവർഷങ്ങൾ കർണപുടങ്ങളെ ഭേദിക്കുമ്പോളവൾ അലറിക്കരയാറാണ് പതിവ്. എന്നലിന്ന് സാധാരണപോലെ കരഞ്ഞു ബഹളമുണ്ടാക്കാൻ നിൽക്കാതെ അവൾ തൊടിയിലേക്കിറങ്ങി, മുറ്റത്തെ ചെമ്പരത്തിച്ചെടിയിൽ വന്നിരുന്ന ഒരു ചിത്രശലഭത്തെ കയ്യിലെ ടുക്കാൻ മോഹിച്ച് അവൾ അതിന് പുറകെ പാഞ്ഞു. ചിത്രശലഭം അവളെ മോഹിപ്പിച്ചുകൊണ്ട് ഏറെ ദൂരം പിടികൊടുക്കാതെ പറന്നു. ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേക്ക്.
കിലുകിലേ ചിരിച്ചുകൊണ്ട് അവൾ അതിനുപുറകെ ഓടി. അപ്പോഴാണവൾ പൂവാലിയുടെ ചെറുപൈതൽ പറമ്പിലൂടെ കെട്ടുപൊട്ടിച്ച് പായുന്നത് കണ്ടത്. അമ്മയുടെ അകിടിലെ പാൽ കുടിച്ചു തുള്ളി മദിച്ചാണ് അവളുടെ വരവ്. ചിന്നുവിന്‍റെ ശ്രദ്ധ അവളിലേക്കായി.
ചിത്രശലഭത്തെ വിട്ട് അവൾ കിടാവിന്‍റെ പുറകെ ഓടിത്തുടങ്ങി, പൈക്കിടാവാകട്ടെ പിടികൊടുക്കാതെ അവളെ പറമ്പിൽ മുഴുവൻ ഓടിച്ചു. അങ്ങനെ ഓടിക്കൊണ്ടിരുന്നപ്പോഴാണ് അമ്മയുടെ പുറകിൽ നിന്നുള്ള വിളി അവൾ കേട്ടത്.
“എടി ചിന്നു… നീയിങ്ങനെ കിടന്നു ഓടാതെ… നിന്‍റെ പാവാട മുഴുവൻ ചുവന്ന നിറമായല്ലോ…” താൻ ഋതുമതി ആണെന്നുള്ള വിചാരം പോലുമില്ലാതെയാണല്ലോ… പിഞ്ചുകുട്ടികളെപ്പോലെ അവൾ ഓടുന്നതെന്നോർത്തു ആ അമ്മ ഹൃദയം തേങ്ങി.
“വേണ്ട എന്നോട് മിണ്ടണ്ട… എന്നെ നേരത്തെ… അഭരണപ്പെട്ടി പൊട്ടിച്ചതിനു വക്കു പറഞ്ഞില്ലേ” അവൾ അമ്മയെ നോക്കി ചിണുങ്ങി. പിഞ്ചികുട്ടികളുടേതു പോലെ അൽപം കൊഞ്ചലോടെയുള്ള അവളടെ വർത്തമാനം കേട്ടു വരദ കണ്ണുകൾ തുടച്ച് അവളെ നോക്കി ചിരിച്ചു.
“അത് മോളെ നീ… പിന്നെ എത്ര ഭംഗിയുള്ള ആമാടപ്പെട്ടിയായിരുന്നു അത്… അത് മുത്തശ്ശി എനിക്ക് സമ്മാനമായി തന്നതായിരുന്നുവത്. നീ അത് താഴെയിട്ടു പൊട്ടിച്ചപ്പോൾ എനിക്കൽപം ദേഷ്യം വന്നു എന്നത് ശരിയാണ്. ഇന്നിപ്പോൾ അമ്മയുടെ ദേഷ്യമെല്ലാം പോയി. എന്‍റെ പൊന്നുമോളല്ലേ… അമ്മയുടെ കൂടെ വന്നു ആ പാവാട മാറ്റിയുടുത്തിട്ട് പോ” അമ്മയുടെ ദേഷ്യമെല്ലാം പമ്പകടന്നു എന്ന് മനസ്സിലായപ്പോൾ ചിന്നു പരിഭവമെല്ലാം മറന്നു ഓടിച്ചെന്നു.
അവളുടെ കയ്യിൽ പിടിച്ചു വരദ അകത്തേക്ക് നയിച്ചു. പത്തുപതിനാല് വയസ്സായിട്ടും നാല് വയസ്സിന്‍റെ ബുദ്ധി വളർച്ച മാത്രമുള്ള മകളെ ശാസിച്ചിട്ടു ഫലമില്ലെന്ന് മനസ്സിലാക്കിയിരുന്നു. പക്ഷേ എന്നിട്ടും അറിയാതെ ചിലപ്പോൾ അവളെ പ്രാകുകയും ചെയ്തുപോകുന്നു.
ബാത്റൂമിൽ കൊണ്ടുപോയി ശരീരം കഴുകി വൃത്തിയാക്കിയ ശേഷം അടിവസ്ത്രം ധരിപ്പിച്ചു. അലമാരയിൽ നിന്നും എടുത്ത പുതിയ പാവാടയും ബ്ലൗസും അണിയിക്കുമ്പോൾ അവൾ കൈകൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.
“അമ്മയുടെ പിണക്കമെല്ലാം പോയെ… ചിന്നുകുട്ടിയോട് അമ്മയ്ക്ക് ഇഷ്ടമാണേ”
“അതെ, മോളെ മോളോട് അമ്മയ്ക്ക് ഒത്തിരി ഇഷ്ടമാണ്” എന്‍റെ പൊന്നുമോളാണ് നീ”
“നല്ല അമ്മ… അമ്മച്ച് ചിന്നുമോൾ ഉമ്മ തരാം..” അങ്ങനെ പറഞ്ഞു അവൾ വരദയുടെ കവിളിൽ ഉമ്മ വച്ചു. അപ്പോൾ വരദ അവളെ തന്നോട് ചേർത്ത് നിർത്തി ചെവിയിൽ പറഞ്ഞു.
“അതെ… ഇന്ന് ചിന്നുമോൾടെ പുറന്നാളാണ്. അമ്മ അമ്പലത്തീന്ന് കണ്ണന്‍റെ പാൽ പായസം കൊണ്ടുവന്നു വച്ചിട്ടുണ്ട്. എന്‍റെ മോൾക്ക് കഴിക്കണ്ടേ…”
“ഹായ് കണ്ണന്‍റെ പാൽപായസം എനിച്ചു എന്തിട്ടമാണെന്നോ” അങ്ങനെ പറഞ്ഞു അവൾ വീണ്ടും കൊച്ചുകുട്ടികളെപ്പോലെ തുള്ളിച്ചാടാൻ തുടങ്ങി. അതുകണ്ട് വരദയുടെ കണ്ണുകൾ വീണ്ടും നനഞ്ഞു.
പതിന്നാലിന്‍റെ കൗമാര കുതൂഹലവും പേറി, യൗവ്വനത്തിന്‍റെ പടിവാതിലിൽ സ്വപ്നം കണ്ട് പാറി നടക്കേണ്ട പെൺകുട്ടി. ഇന്നവൾ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ശൈശവ സഹജമായ നൈർമല്യത്തോടെ തുള്ളിച്ചാടുന്നു. ശിശുവിന്‍റെ ഭാവനാലോകമാണ് അവളുടെയും ലോകം.
വിരിയുന്ന പൂവിന്‍റെ സൗരഭം ആ ഹൃദയത്തിനുണ്ടെങ്കിലും ഇനിയും വിരിയാത്ത പൂമൊട്ടാണ് ആ ഹൃദയം. പക്ഷേ ഈ വീട്ടിൽ താനൊഴികെ മറ്റെല്ലാവർക്കും അവളോട് വെറുപ്പാണ്. ചിലപ്പോൾ വിജയേട്ടനു പോലും. കണ്ണന്‍റെ പായസം അവൾക്കു നൽകാതെ മറ്റെല്ലാവരും കുടിച്ചു തീർക്കുമെന്നോർത്താണ് താനവളുടെ പുറന്നാൾ പോലും രഹസ്യമാക്കി വച്ചത്.
വരദ നോക്കുനോൾ സമൃദ്ധമായ നീണ്ട മുടിയിഴകളെ മന്നോട്ടിട്ട് താഴെയിരുന്നു ക്രയോൺ ചായപ്പെൻസിൽ കൊണ്ട് എന്തോ കുത്തിവരയ്ക്കുന്ന തിരക്കിലാണവൾ. അടുത്തുചെന്ന് ആ മുടിയിഴകളൊതുക്കി രണ്ടായി പിന്നിയിടുമ്പോൾ അവൾ പറഞ്ഞു,
“ചിന്നു ഒരു പക്കിയെ വച്ചത് കണ്ടോ അമ്മേ… അമ്മ കണ്ടില്ലേ… നേരത്തെ ആ ചെമ്പരത്തിച്ചെടിയിൽ വന്നിരുന്ന പങ്ങിയുള്ള പക്കി..”
ശരിയാണ് ഒരു ചിത്രശലഭത്തിന്‍റെ ആകൃതി അവൾ ഒപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം സ്പെഷ്യൽ സ്ക്കൂൾ വാർഷികത്തിന് വന്നെത്തിയ മുഖ്യാതിഥി പറഞ്ഞതോർത്തു.
“മറ്റ് കുട്ടികളിൽ നിന്നും ഭിന്നമായി അവർക്ക് ചില പ്രത്യേക കഴിവുകൾ ദൈവം നൽകിയിട്ടുണ്ടാകാം. അതിനെ കണ്ടുപിടിച്ചു പ്രോത്സാഹിപ്പിക്കു. കൂടുതൽ ക്രിയേറ്റിവ് ആയിട്ടുള്ള കാര്യങ്ങളിലേക്ക് അവരുടെ മനസ്സ് തിരിക്കണം. തന്നത്താൻ സ്വന്തം കാര്യങ്ങളിലേക്ക് അവരുടെ മനസ്സ് തിരിക്കണം തന്നത്താൻ സ്വന്തം കാര്യങ്ങൾ ചെയ്യാൻ പഠിപ്പിക്കണം. എല്ലാറ്റിനെയും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചോളൂ” അവളുടെ മനസ്സ് വ്യാപരിക്കുന്നിടത്തേക്ക് സർഗ്ഗാത്മമായി കൈപിടിച്ചു നടത്തേണ്ടത് അമ്മയായ തന്‍റെ കടമാണ്.
“ഹായ് നോക്കട്ടെ മോളൂ, ചിത്രം വരച്ചത് നന്നായിട്ടുണ്ടല്ലോ.” അവൾ ഒരു ചിത്രശലഭത്തിന്‍റെ ചിറകിനു നിറങ്ങൾ നൽകിക്കഴിഞ്ഞു. ഇപ്പോൾ അത് അവൾ നേരത്തെ കണ്ട ഭംഗിയുള്ള ചിത്രശലഭമായി മാറിക്കഴിഞ്ഞു. അവളിൽ പുതിയ കഴിവുകൾ വികസിക്കുന്നത് കണ്ടു മനസ്സ് ചിത്രശലഭത്തെപ്പോലെ പാറിപ്പറന്നു. അവളെ അഭിനന്ദിച്ചു അടക്കളയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആരും കാണാതെ പാൽപ്പായസം ടംബ്ലറിൽ എടുത്തുകൊടുത്തു. അത് മുഴുവൻ മൊത്തിക്കുടിച്ചശേഷം അവൾ വീണ്ടും വേണമെന്നാവശ്യപ്പെട്ടു.
കുടിക്കുമ്പോൾ പായസം ദേഹത്തും പാവാടായിലും വീണു വൃത്തികേടായികൊണ്ടിരുന്നു. “അയ്യോ… ചിന്നു മോളേ നിന്‍റെ പുതിയ പാവാടയും ബ്ലൗസുമെല്ലാം പായസം വീണു വൃത്തിക്കേടായാല്ലോ. അമ്മ വേറെ ഉടപ്പിടിക്കാം.”
“ഹും വേണ്ട എനിച്ചിതു മതി… ഈ പാവാടയും ബ്ലൗസും കാണാൻ എന്ത് ഭംഗിയാ… ഇപ്പോൾ ചിന്നുമോളെ കാണാൻ പംഗിയില്ലേ. ഞാൻ കാണ്ണാടിയിൽ കണ്ടൂലോ. ചിന്നുമോളെ കാണാൻ നല്ല പംഗീണ്ട്. എനിച്ചീ ഉടുപ്പ് തന്നെ മതി.” അവൾ വാശി പിടിച്ചു കരയാൻ തുടങ്ങിക്കഴിഞ്ഞു.
വരദ പിന്നെ കൂടുതൽ നിർബന്ധിക്കുവാൻ പോയില്ല. ജന്മദിനമായിട്ട് അവളുടെ ഇഷ്ടം തന്നെ നടക്കട്ടെ. പാവാടയിലും ബ്ലൗസിലും വീണ പായസം ഒരു ടവൽ കൊണ്ട് തുടച്ചു കൊടുത്തു, പിന്നെ അവളുടെ ശ്രദ്ധ മേശപ്പുറത്തിരുന്ന മുല്ലപ്പൂവിലേക്കായി. രാവിലെ താൻ ദേവിയുടെ അമ്പലത്തിൽ നിന്നും കൊണ്ട് വന്ന പൂവാണത്.
അവളുടെ പേരിൽ അർച്ചന കഴിച്ചപ്പോൾ കിട്ടിയ പൂവ്. അവൾ ഋതുമതിയായിരിക്കുന്നതുകോണ്ടാണ് പൂവും പ്രസാദവും നൽകാതിരുന്നത്. എന്നാലിപ്പോൾ അവൾ അത് കണ്ടുപിടിച്ചു കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി അതിനുവേണ്ടായിരിക്കും വാശിപിടിത്തം. വിചാരിച്ചതുപോലെ അവൾ പൂവ് കൈനീട്ടീ എടുത്തു തലയിൽ വയ്ക്കാൻ തുടങ്ങി. അപ്പോൾ വരദ സ്വയം ആ പൂവ് അവളുടെ തലയിൽ ചൂടിക്കൊടുത്തു.
പ്രസാദവും കുങ്കുമവും അവൾ കയ്യിലെടുത്തു. നെറ്റിയിലും മഖത്തും വാരിപ്പൂശുന്നതിനു മുമ്പ് വരദ അവളുടെ നെറ്റിയിൽ അതണിഞ്ഞു കൊടുത്തു. “ഇനി ചിന്നു കണ്ണാടിയിൽ നോച്ചിട്ടൂ വരാമ്മേ” അവൾ ആഹ്ലാദത്തൊടെ കിടപ്പുമുറിയിലേക്ക് ഓടിക്കഴിഞ്ഞു. അൽപം കഴിഞ്ഞു പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ ഓടിവന്നു.
“ഹായ്. ഇപ്പോൾ ചിന്നുമോളെ കാണാൻ എന്ത് ഭംഗിയാ ഇല്ലേ അമ്മേ” അവൾ വരദയെ കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു. അതുകേട്ടു വരദ ആഹ്ലാദത്തോടെ പറഞ്ഞു.
“പിന്നില്ലെ… എന്‍റെ മോളേ കണ്ടാൽ ലോകസുന്ദരിമാരു പോലും ഇപ്പോൾ തോറ്റുപോകും” വരദ അവളുടെ കവിളിൽ ഒരു മുത്തം നൽകിക്കൊണ്ട് പറഞ്ഞു. ചിന്നുമോൾക്കു അത്രയും മതിയായിരുന്നു അമ്മയുടെ അഭിനന്ദനം അവളെ വാനോളമുയർത്തി.
“മോള് മുത്തശ്ശിയേം ചേച്ചിയേം കണ്ടിട്ട് വരാം ട്ടോ”
അവൾ തുള്ളിച്ചാടി അകത്തേക്ക് പോയപ്പോൾ വരദ ചിന്തിച്ചുപോയി. തന്‍റെ മോളെക്കാണാൻ ഒരു ദേവിയുടെ ചന്തമുണ്ട്. ആ ഭംഗിയുള്ള നീണ്ടമുടിയും ഭംഗിയുള്ള കണ്ണുകളെല്ലാം അവൾക്ക് അച്ചമ്മയിൽ നിന്നും കിട്ടിയതാണ്. ഇത്ര പ്രായമായിട്ടും വിജയേട്ടന്‍റെ അമ്മയെ കാണാൻ ഇപ്പോഴും നല്ല ഭംഗിയാണല്ലോ എന്നവളോർത്തു.
“ഹും ഒരു സുന്ദരിക്കോത വന്നിരിക്കുന്നു. ലോകസുന്ദരിയാത്രേ”
തുടർന്ന് അടിപിടിയുടെയും ഉച്ചത്തിലുള്ള കരിച്ചിലിന്‍റെയും സ്വരം കേട്ടു അധികം ഭംഗിയില്ലാത്ത മൂത്തവൾ അസൂയ പെരുത്തിട്ട് അവളെ തല്ലി ഓടിച്ചതാകാം.
“എന്താ… അവിടെ ഒരു ബഹളം. ഈ അശ്രീകരത്തെ കൊണ്ട് തോറ്റുവല്ലോ. ഒരു നേരം സ്വൈര്യം തരില്ല.”
വിജയേട്ടന്‍റെ അമ്മയാണത്. രണ്ടുദിവസമായി അമ്മക്ക് നല്ല സുഖമില്ല. വാവാടുക്കുമ്പോ തുടങ്ങും ശ്വാസം മുട്ട്. അപ്പോൾ പിള്ളേരുടെ ബഹളമൊന്നും അമ്മ സഹിക്കുകയില്ല. ചിന്നുമോളുടെ മുന്നിൽ കാവ്യ പലപ്പോഴും തോൽക്കാനാണ് പതിവ്.
ചിന്നു കാവ്യയുടെ പുറത്തു കയറിയിരുന്നു. അവളെ ഇടിക്കുന്നതും മാന്തുന്നതുമാണ് വരദ ചെന്നപ്പോൾ കണ്ടത്. ദേഷ്യം വന്നാൽ പിന്നെ അവൾ കാട്ടുമൃഗത്തേപ്പോലെയാണ്. കാവ്യയുടെ പുറത്തുനിന്നും ചിന്നുവിനെ പിടിച്ചുമാറ്റാൻ വരദ കുറേ പണിപ്പെട്ടു. അടിയും ഇടിയും കൊണ്ട് മുഖവും ചുണ്ടും വീർത്ത കാവ്യ കരഞ്ഞുകൊണ്ട് എഴുന്നേറ്റു. അവളുടെ മുഖവും കൈകാലുകളും ചതയുകയും പോറുകയും മറിയുകയും ചെയ്തിട്ടുണ്ടായിരുന്നു. ചുണ്ടിൽ നിന്ന് ചോര ഒഴുകിക്കൊണ്ടിരുന്നു.
“എന്നെ പൊട്ടിച്ചീന്ന് വിച്ചു… അതാ ഞാൻ ഇവളെ ഇച്ചത്.” ചിന്നു ഉറക്കെ കരഞ്ഞുകൊണ്ട് പറഞ്ഞു. വരദയാകട്ടെ ആരുടെ കൂടെ നിൽക്കണം എന്നറിയാതെ വിഷമിച്ചു.
“ഹും അവൾ സുഖമില്ലാത്ത കുട്ടിയാണെന്ന് നിനക്കറിയാൻ പാടില്ലേ. പിന്നെ എന്തിനാ അവളെ അരിശം പിടിപ്പിക്കുന്നത്” മൂത്തവളെ വഴക്കുപറയുമ്പോൾ വരദയുടെ നിയന്ത്രണം വിട്ടിരുന്നു.
“ഹും അമ്മയാണ് ഇവളെ വഷളാക്കുന്നത്. ഇന്നച്ഛൻ വരട്ടെ ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട് ഇവളുടെ തോന്ന്യാസങ്ങളെല്ലാം” അങ്ങനെ പറഞ്ഞ് കാവ്യ കരഞ്ഞ് മുഖം വീർപ്പിച്ചു അവിടെ നിന്നും പോയി.
മുത്തശ്ശിയുടെ അടുത്തേക്കായിരിക്കും അവൾ പോയതെന്ന് വരദ ഊഹിച്ചു. മുത്തശ്ശിയെക്കൊണ്ട് വിജയേട്ടനോടെല്ലാം പറഞ്ഞ് കൊടുത്ത് ചിന്നുമോൾക്ക് നല്ല അടിവാങ്ങി കൊടുക്കുകയാണ് അവളുടെ ലക്ഷ്യം.
“എന്‍റെ മോളേന്തിനാ ചേച്ചിയോട് വഴക്ക് കൂടാൻ പോയത്. അതല്ലേ കുഴപ്പമായത്”
വരദ അവളെ ചേർത്തു പിടിച്ചു ചോദിച്ചു. ചിന്നുവിന്‍റെ കുറുമ്പ് കൂടുമ്പോൾ ചിലപ്പോൾ വിജയേട്ടൻ വടിയെടുത്തു അവളെ നല്ലോണം തല്ലാറുണ്ട്.
“അമ്മ അച്ഛനെന്നെ തല്ലുവോ… ചിന്നു ഇനി കുസൃതി കാണിച്ചില്ലാ അമ്മേ” അവൾ പേടിച്ചതുപോലെ വരദയെ കെട്ടിപ്പിടിച്ചു.
“ഇന്ന് ചിന്നുവിന്‍റെ പിറന്നാൾ ആയതുകൊണ്ട് തല്ലണ്ടാന്ന് പറയാട്ടോ.. നല്ല കുട്ടിയായി മുറിക്കകത്തു പോയിരുന്നു കളിച്ചോളൂ. അമ്മ സദ്യ ഉണ്ടാക്കി തരാം” അങ്ങനെ പറഞ്ഞു വരദ അടുക്കളക്കകത്തേക്ക് നടന്നു.
ചിന്നു വീടിന്‍റെ പുറത്തേക്ക് നടന്നു. അച്ഛൻ വൈകുന്നേരം വരുമ്പോൾ അടിക്കുമോ എന്ന ഭയം അവൾക്കപ്പോഴും ഉണ്ടായിരുന്നു. അവൾ ഒന്നും ചെയ്യാനാവാതെ ഏങ്ങിക്കരഞ്ഞുകൊണ്ട് വീടിനുപുറത്തെ ചവിട്ടുപടിയിൽ ഇരുന്നു. അപ്പോൾ വീടിന് മുമ്പിലുള്ള റെയിൽപാളത്തിൽ കൂടി ഒരു ട്രെയിൻ പോകുന്നതവൾ കണ്ടു. അത് കണ്ടതോടെ കൂടി ചിന്നു തന്‍റെ ദു:ഖങ്ങൾ മറന്നു.
ട്രെയിനിന്‍റെ ജനാലക്കരികിൽ ആളുകളെക്കണ്ട് അവൾ കൈകൊട്ടിച്ചിരിക്കുകയും കൈവീശി റ്റാറ്റാ പറയുകയും ചെയ്തു. അപ്പോൾ അതിനുള്ളിൽ അച്ഛൻ നിൽക്കുന്നതുപോലെ അവൾക്ക് തോന്നി. അച്ഛൻ ട്രെയിൻ ഓടിക്കുന്ന ആളാണെന്ന് അവൾക്കറിയാമായിരുന്നു.
അച്ഛന്‍റെ തല്ലിനെക്കുറിച്ചുള്ള ഭയം പിന്നെയും അവളെ പിടികൂടി. ചിന്നുവിന് കരച്ചിൽ വന്നു. അപ്പോൾ അവൾക്ക് തോന്നി തന്‍റെ സങ്കടം കാണാൻ ആരുമില്ലെന്ന്. രണ്ടുദിവസമായി പരീത് മാമനെയും കാണാനില്ല. ഉണ്ടായിരുന്നെങ്കിൽ മാമനോട് പറയാമായിരുന്നു. അല്ല മാമൻ ചിലപ്പോൾ വീട് പണിയുന്നിടത്ത് ഉണ്ടെങ്കിലോ ഉണ്ടെങ്കിൽ മാമനോട് കാര്യം പറയാം. അങ്ങനെ വിചിരിച്ചു അവൾ എഴുന്നേറ്റ് നടന്നു.
അൽപം അകലെ പറമ്പിൽ പുതുതായി പണിതുകൊണ്ടിരിക്കുന്ന വീടായിരുന്നു അവളുടെ ലക്ഷ്യം. അവിടെ ചെന്നാൽ ഇഷ്ടം പോലെ കളിക്കാൻ പൂഴിമണ്ണും കിട്ടും. പിന്നെ പൊട്ടിയ ഇഷ്ടികയും തടിക്കഷണങ്ങളും അവൾ കണ്ടു. അവൾ എല്ലാം മറന്നു കളികളിൽ മുഴുകി. അപ്പോഴാണ് പുറകിൽ നിന്നും പരീതിന്‍റെ ശബ്ദം കേട്ടത്. “അല്ല ചിന്നുക്കുട്ടി വീട് പണിയാണോ… നല്ല ഭംഗിയുണ്ടല്ലോ വീടിന്” അങ്ങനെ പറഞ്ഞ് അയാൾ ചിന്നുവിന്‍റെ അടുത്തിരുന്നു.
“ഹായ് പരീത് മാമൻ. രണ്ടുദിവസം മാമൻ എവിടെയായിരുന്നു. മാമനെ കാണാഞ്ഞ് ചിന്നുവിന് സങ്കടമായി”
“മാമന് അത്യാവശ്യമായി ഒരിടം വരെ പോകണമായിരുന്നു.”
“അതുപറയുമ്പോൾ അയാളുടെ കണ്ണുകൾ ചിന്നുമോളുടെ മുഖത്തായിരുന്നു. ഇന്നവൾ അണിഞ്ഞൊരുങ്ങി സുന്ദരിയായിരിക്കുന്നത് അയാൾ ശ്രദ്ധിച്ചു…” മാമ ഇന്ന് ചിന്നുമോളുടെ പുറന്നാളാണ്.
അൽപ നേരത്തേക്ക് അന്നത്തെ ദു:ഖകരമായ സംഭവങ്ങൾ എല്ലാം മറന്നവൾ അയാളോട് അങ്ങനെ പറഞ്ഞുവെങ്കിലും അടുത്ത നിമിഷം അവൾ അയാളെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയാൻ തുടങ്ങി.
“മാമാ ഇന്ന് ചിന്നുമോളെ അച്ഛൻ തല്ലുവോ… ചിന്നുമോൾ കവ്യയെ തല്ലി. കാവ്യ ചിന്നുമോളെ പൊട്ടിച്ചീന്ന് വിച്ചു”
അവളുടെ നിഷ്കളങ്കമായ പറച്ചിൽ അയാൾ കേട്ടില്ല. അപ്പോൾ അയാളുടെ കണ്ണുകൾ അവളുടെ ചോദ്യത്തിനൊപ്പം ചലിക്കുന്ന ചുണ്ടുകളിലും മറ്റു അംഗവടിവുകളിലുമായിരുന്നു. വിരിഞ്ഞു തുടങ്ങുന്ന സൂര്യകാന്തി പൂപോലെ മനോഹരിയായ ഒരു പെണ്ണ്. തന്‍റെ ശീരത്തോട് ഒട്ടിച്ചേർന്ന്, നിയന്ത്രണങ്ങളെല്ലാം വിട്ട് അവൾക്ക് ഒരു മുത്തം കൊടുക്കാൻ അയാളുടെ മനസ്സ് വെമ്പി. പെട്ടെന്നയാൾ ചുറ്റിനും നോക്കി.
അൽപം അകലെ പശുവിനെ മേച്ചുനിൽക്കുന്ന ഒരാണിനേയും അടുത്ത വീട്ടിൽ കല്ലിൽ തുണിയലക്കിക്കൊണ്ട് നിൽക്കുന്ന സ്ത്രീയേയും അൽപം അകലെ തന്‍റെ വീടിന് മുന്നിൽ അയയിൽ തുണി വിരിച്ചുനിൽക്കുന്ന വരദയേയും അയാൾകണ്ടു. അപ്പോഴാണയാൾ തങ്ങളുടെ സമീപത്തുകൂടി ആ ചിത്രശലഭം പാറുന്നത് കണ്ടത്.
“ചിന്നുമോൾക്ക് പക്കിയെ പിടിക്കണംന്ന് കഴിഞ്ഞ ദിവസം എന്നോട് പറഞ്ഞായിരുന്നില്ലേ… നമുക്കിപ്പോൾ അതിനെ പിടിക്കാൻ പോയാലോ. ”അതുകേൾക്കേണ്ട താമസം ചിന്നു ആഹ്ലാദത്തോടെ ചാടിയെഴുന്നേറ്റു.
“വേണം എനിച്ച് പക്കിയെ പിടിച്ചണം” അവൾ ചാടിയെണീറ്റു. പരീതിന്‍റെ കയ്യിൽ പിടിച്ചുവലിച്ചു. അവൾ പരീതിനൊപ്പം ചിത്രശലഭത്തിന്‍റെ പുറകെ ഓടുന്നത് വരദ കണ്ടിരുന്നു. പത്തറുപത്തിനാല് വയസ്സുള്ള ചിന്നുമോളുടെ
മുത്തച്ഛനാകാൻ പ്രായമുള്ള അയാളൊടൊപ്പം അവൾ ഓടി നടക്കുന്നിൽ വരദക്ക് അപാകത ഒന്നും തോന്നിയില്ല. മാത്രമല്ല കുടുംബത്തിൽ ഒരു സഹായിയായി വർത്തിച്ചിരുന്ന അയാൾ ഒരു നല്ല മനുഷ്യനാണെന്നും വരദ കരുതി. പിന്നീട് ഏറെനേരം കഴിഞ്ഞ് ചിന്നുവിനെ കാണാഞ്ഞ് അവളെ അന്വേഷിച്ചു ചെന്ന വരദ കണ്ടത് വീട്ടിൽ നിന്നും അൽപം അകലെ സ്ഥിതി ചെയ്യുന്ന റെയിൽപ്പാതയിൽ മിക്കവാറും നഗ്നമായ ഉടലോടെ ചിന്നിച്ചിതറിയ ശവശരീരമായിട്ടായിരുന്നു. അവിടെ ആളുകൾ ധാരാളം കൂടി നിന്നിരുന്നു.
ബുദ്ധിമാന്ദ്യമുള്ള അവൾ അബദ്ധത്തിൽ ട്രെയിനടിയിൽപ്പെട്ടതാകാമെന്ന് പോലീസ് വിധിയെഴുതി. ആ ശരീരത്തിൽ വീണു അലറിക്കരയുന്ന വരദയെ നോക്കി കൊണ്ട് അപ്പോൾ ആൾക്കൂട്ടത്തിൽ ഭാവഭേദമില്ലാതെ ഒരാൾ നിന്നിരുന്നു.
അയാളുടെ മുഖം പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ നിസ്സംഗമായിരുന്നു. അത് ചിന്നുവിന്‍റെ സുഹൃത്തും കളിത്തോഴനുമായിരുന്ന പരീത് ആയിരുന്നു. മാരീചനെപ്പോലെ ആൾക്കൂട്ടത്തിൽ മറഞ്ഞുനിന്ന അയാൾ, വരദയുടെ ദൃഷ്ടിയിൽ പെടും മുമ്പ് അവിടെ നിന്നും വേഗം നടന്നുനീങ്ങി.