വർക്കിംഗ് ജേർണലിസ്റ്റ്സ് ഓഫ് ഇന്ത്യയുടെ കൊറോണ വാരിയേഴ്സ് അവാർഡ് നേടിയ മാധ്യമ പ്രവർത്തക. മാധ്യമപ്രവർത്തനത്തിലൂടെ സാമൂഹ്യ സേവനത്തിന്‍റെ അന്തസത്ത ഉയർത്തിപ്പിടിച്ച് വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിക്കുന്ന സുബിത. സമൂഹത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ദുരിതക്കയങ്ങളിൽ കഷ്ടപ്പെടുന്നവരുടെ വേദനകളെ പുറംലോകത്തെയറിയിച്ച് അവർക്കാശ്വാസവും അഭയവുമായി മാറുകയാണീ മാധ്യമപ്രവർത്തക. സമൂഹത്തിനുവേണ്ടി ഇങ്ങനെയും നന്മകൾ ചെയ്യാനാവുമെന്നതിന് ഉദാത്ത മാതൃകയാണിവർ.

മാധ്യമരംഗത്തെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളെ മുൻനിർത്തി നിരവധി പുരസ്കാരങ്ങളും ഇതിനോടകം സുബിതയ്ക്ക് ലഭിച്ചിട്ടുണ്ട്.

ലഭിച്ച അംഗീകാരങ്ങൾ?

2013 ൽ സംസ്ഥാന ടെലിവിഷൻ ബെസ്റ്റ് ന്യൂസ് പ്രസന്‍റർ അവാർഡ് എനിക്ക് ലഭിച്ചിരുന്നു. അഞ്ച് വാർത്താധിഷ്ഠിത പരിപാടികൾ ഞാൻ ജീവൻ ചാനലിൽ ചെയ്യുന്നുണ്ട്. അതിലൊന്നാണ് കാഴ്ചപ്പതിപ്പ് എന്ന പരിപാടി. ഏകദേശം 250 എപ്പിസോഡ് ആയിട്ടുണ്ട് ഈ പരിപാടി. കാഴ്ചപ്പതിപ്പിൽ വന്ന ചിതയുടെ കാവൽക്കാരി സെലീനയ്ക്കാണ് 2016 ബെസ്റ്റ് ഡോക്യുമെന്‍ററി ഓൺ ബയോഗ്രഫിയ്ക്കുള്ള സ്റ്റേറ്റ് അവാർഡ് കിട്ടുന്നത്. ഡോക്യുമെന്‍ററി ഓൺ വിമൻ ആന്‍റ് ചിൽഡ്രൻ വിഭാഗത്തിൽ ടീച്ചറമ്മ എന്ന ബയോഗ്രഫിയ്ക്കും. ഞാൻ ആദ്യം ചെയ്ത ഡോക്യുമെന്‍ററിയായിരുന്നുവത്. ഭിന്നശേഷിക്കാരായ, ബുദ്ധിവൈകല്യം സംഭവിച്ച 65 കുട്ടികളെ ഏറ്റെടുത്ത റിട്ടയേഡ് പ്രഫസർ ഭാനുമതിയെന്ന സ്നേഹനിധിയായ ടീച്ചറമ്മയെക്കുറിച്ചുള്ളതായിരുന്നു ആ പരിപാടി.

മറ്റൊന്ന് നാലുകെട്ടിലെ മുരളീധരൻ (കാലിന് കീഴ്പ്പോട്ട് സ്വാധീനമില്ലാത്ത വ്യക്‌തി) എന്ന ബയോഗ്രഫിയ്ക്കായിരുന്നു. എസ്‍സിഎസ്ടി വിഭാഗങ്ങളുടെ ഉന്നമനത്തിനായുമുള്ള പ്രവർത്തനങ്ങൾ മുൻനിർത്തി അമ്മയുറങ്ങാത്ത വീട്, കാവലമ്മ, അഭയമില്ലാത്ത 6 പെണ്ണുങ്ങൾ എന്നീ ഡോക്യുമെന്‍ററികൾക്ക് ബിആർ അംബേദ്കർ അവാർഡ് ലഭിച്ചിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാറിന്‍റെ ബെസ്റ്റ് ഡൈവേഴ്സിറ്റി അവാർഡും 2017 ൽ എനിക്ക് ലഭിച്ചിരുന്നു.

മാധ്യമരംഗത്തെ മൊത്തം പ്രവർത്തനങ്ങളെ കാണക്കിലെടുത്താണ് ഏറ്റവും ഒടുവിലായി കിട്ടിയ കൊറോണ വാരിയേഴ്സ് അവാർഡ്. അവാർഡുകൾ നൽകുന്ന സന്തോഷം വളരെ വലുതാണെങ്കിലും അതിലുപരിയായിട്ടുള്ളത് ഞാൻ ചെയ്ത പരിപാടിയിലൂടെ ഒത്തിരിപ്പേർക്ക് സഹായമെത്തിക്കാൻ കഴിഞ്ഞുവെന്ന സംതൃപ്തി. അതാണ് എന്‍റെ ഊർജ്‌ജവും ആശ്വാസവും.

ഗൾഫ് ന്യൂസ് വീക്ക് പ്രോഗ്രാം ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസമാണല്ലോ?

കഷ്ടതയനുഭവിക്കുന്ന പ്രവാസികളെക്കുറിച്ചുള്ള പരിപാടിയാണത്. പല പ്രശ്നങ്ങളിൽ പെട്ട് ഗൾഫ് രാജ്യങ്ങളിലെ ജയിലിൽ കിടന്ന എത്രയോ പേരെ നാട്ടിലെത്തിക്കാൻ ഈ പരിപാടിയിലൂടെ കഴിഞ്ഞിട്ടുണ്ടെന്നതാണ് ഇതിന്‍റെ വിജയം. പ്രവാസികളുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചുള്ള പരിപാടികൾ കണ്ട് ഗൾഫിലെ സാമൂഹിക പ്രവർത്തകർ ഇടപെട്ട് ഞങ്ങളെ വിളിച്ച് വിവരങ്ങൾ മനസ്സിലാക്കി പലരേയും നാട്ടിലെത്തിച്ചിട്ടുണ്ട്. എന്‍റെ എഫ്ബി കമന്‍റ് ബോക്സിൽ അതിന്‍റെ പേരിൽ നിറയെ അഭിനന്ദനങ്ങൾ അറിയിച്ചുള്ള സന്ദേശങ്ങൾ വരാറുണ്ട്. പ്രവാസികളുടെ മദർ തെരേസ എന്നും വിശേഷിപ്പിച്ച് കണ്ടിട്ടുണ്ട്. അതൊക്കെ കാണുമ്പോൾ കണ്ണും മനസ്സും നിറഞ്ഞ സംതൃപ്തിയാണ്.

ആഴ്ചവട്ടം എന്ന വാർത്താധിഷ്ടിത പരിപാടിയെക്കുറിച്ച് പറയാമോ?

ട്രാൻസ്ജെൻഡേഴ്സിനെക്കൊണ്ട് വാർത്ത വായിപ്പിക്കുന്ന ലോകത്തെ ആദ്യപരിപാടിയായിരുന്നു ഇത്. ഇതിന്‍റെ പ്രൊഡ്യൂസർ ഞാനാണ്. ഈ പരിപാടി ഒരു ദേശീയ മാധ്യമത്തിൽ ശ്രദ്ധ നേടിയിരുന്നു. ക്ഷേമാ സാംബമൂർത്തിയെന്ന മാധ്യമ പ്രവർത്തക എടുത്ത എന്‍റെ അഭിമുഖം അതിൽ വന്നിരുന്നു. ട്രാൻസ്ജെൻഡേഴ്സിനെ സഹായിക്കുന്ന കുറേ സ്ഥാപനങ്ങളുടെ സർവ്വേ എടുത്തിരുന്നു. ഇന്ത്യയിൽ പൊതുവേ ട്രാൻസ്ജെൻഡേഴ്സ് തഴയപ്പെടുന്ന വിഭാഗമാണല്ലോ. ആ സാഹചര്യത്തിൽ ട്രാൻസിനെ സപ്പോർട്ട് ചെയ്യുന്ന ചാനൽ ഏറെ ശ്രദ്ധ നേടി. എല്ലാ ഞായറാഴ്ചകളിലുമാണ് ആഴ്ചവട്ടം വന്നിരുന്നത്. മഞ്‌ജുവാര്യരുടെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വീറ്റി ബെർണാഡ്, ഋത്വിക് എന്നിവരാണ് വാർത്ത അവതരിപ്പിച്ചിരുന്നത്.

മാധ്യമപ്രവർത്തനത്തിലേക്ക് വരാനുണ്ടായ സാഹചര്യം?

എന്‍റെ ഭർത്താവ് ഷാജി ജി കുമാർ ആണ് എന്നെ ഈ രംഗത്തേക്ക് കൊണ്ടുവന്നത്. അദ്ദേഹം മനോരമയിൽ ചീഫ് ക്യാമറാമാനായിരുന്നു. അതുകൊണ്ട് എന്‍റെ തുടക്കം മനോരമയിലായി. ദി വീക്കിൽ ജോലി ചെയ്തു. ഒരിക്കലും ഈ രംഗത്ത് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ബോട്ടണിയിൽ എംഎസ്സി കഴിഞ്ഞ് റിസർച്ച് ഒക്കെ ചെയ്യാനായിരുന്നു താൽപര്യം. ഒരു ഡോക്ടറേറ്റ് എടുക്കണം പ്രൊഫസറാകണം എന്നൊക്കെയായിരുന്നു എന്‍റെ അപ്പോഴത്തെ ലക്ഷ്യം. പക്ഷേ ഭർത്താവിന് ഞാൻ മാധ്യമരംഗത്തേക്ക് വരുന്നതിലായിരുന്നു താൽപര്യം. എംഎസ്സി പഠിച്ചു കൊണ്ടിരുന്നപ്പോഴായിരുന്നു ഞങ്ങളുടെ കല്യാണം. ആദ്യമൊക്കെ അൽപം ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും പിന്നീട് ഈ ജോലി ഏറെ ഇഷ്ടപ്പെട്ട് തുടങ്ങി.

ദീർഘകാലമായി ജീവൻ ടിവിയിൽ… മറ്റ് അവസരങ്ങൾ തേടി വന്നിട്ടും അതൊന്നും വേണ്ടാന്നുവച്ചു? എന്തായിരുന്നു കാരണം?

ജീവൻ ടിവി തുടങ്ങിയ സമയത്ത് വെറുതെ അപ്ലൈ ചെയ്തു. ന്യൂസ് പ്രസന്‍ററായിട്ട്. ഹസ്ബന്‍റ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ജീവൻ ടിവിയിൽ സെലക്ടായി. 2002 ൽ തുടങ്ങി ഞാൻ ജീവൻ ടിവിയുടെ ഭാഗമായി. പിന്നെയൊരു ചാനലിലും പോയിട്ടില്ല. ഒത്തിരി ചാനലുകൾ ഉണ്ടായി. പല ചാനലുകളിൽ നിന്നും വിളിച്ചിട്ടുണ്ട്. മികച്ച സാലറി ഓഫർ ചെയ്തിട്ടുണ്ട്. എന്‍റെയൊപ്പം ജോലി ചെയ്തിരുന്ന പലരും പല ചാനലുകളിലേക്ക് ചേക്കേറിയപ്പോഴും എന്‍റെ മനസ്സ് അതിന് അനുവദിച്ചില്ല. ഈ ചാനലിൽ നിൽക്കുമ്പോഴെ നമുക്ക് സാമൂഹ്യ പ്രവർത്തനം ചെയ്യാൻ പറ്റുള്ളൂ. ചാനലിൽ നിന്നും എനിക്ക് കിട്ടുന്ന ആദരവുണ്ട്. ഉത്തരവാദിത്വ ബോധമുണ്ട്. ആ ഒരു സ്വാതന്ത്യ്രവും ഡിസിഷൻ മേക്കിംഗിനുള്ള അവസരവും മറ്റെങ്ങും കിട്ടില്ല. കേരളത്തിലെവിടെയും വാർത്ത ചെയ്യാം. കാഴ്ചപ്പതിപ്പ് ചെയ്യാം. ജോലിയ്ക്ക് വേണ്ടുന്ന എല്ലാവിധ സൗകര്യങ്ങളും ചാനൽ ഒരുക്കിത്തരുന്നുണ്ട്.

മാധ്യമപ്രവർത്തകർ സാമൂഹിക പ്രതിബദ്ധതയുള്ളവരായിരിക്കണമെന്ന് വിശ്വസിക്കുന്നുണ്ടോ?

തീർച്ചയായും. മാധ്യമപ്രവർത്തകൻ നല്ലൊരു സാമൂഹ്യ പ്രവർത്തകനായിരിക്കണം എന്നാണെന്‍റെ അഭിപ്രായം. ചാനലിലെ പ്രോഗ്രാമുകളിലൂടെ മാത്രമേ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്താൻ പറ്റുകയുള്ളു. മറ്റു ചാനലുകളിൽ പോയാൽ അങ്ങനെയൊരവസരം കിട്ടണമെന്നില്ല. ആശയപരമായ എതിർപ്പുകളും പ്രതിസന്ധികളും പ്രതിബന്ധങ്ങളായി ഉയരാം. പണത്തിനല്ല ഞാൻ പ്രാധാന്യം നൽകുന്നത്. മറിച്ച് മാധ്യമപ്രവർത്തനത്തിലൂടെ സമൂഹത്തിന് നന്മ ഉണ്ടാകുന്ന പ്രവർത്തനങ്ങൾക്കാണ് ഞാൻ മുൻഗണന നൽകുന്നത്. പൊതുവേ എല്ലാവരാൽ അവഗണിക്കപ്പെടുന്നവരാണ് പാവപ്പെട്ടവർ. മാധ്യമപ്രവർത്തനമാകുമ്പോൾ പറയുന്ന കാര്യങ്ങൾക്ക് റീച്ച് ഉണ്ടാകും. ആ സ്ഥാനത്ത് നിൽക്കുമ്പോൾ പരമാവധി കാര്യങ്ങൾ ചെയ്യണം. അതുകൊണ്ട് ചാനലിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മറ്റ് മുൻനിര ചാനലുകൾക്കൊപ്പം തന്നെ.

മത്സരാധിഷ്ഠിതമാണ് ചാനൽ ലോകം. ഇത്തരം പശ്ചാത്തലം വെല്ലുവിളിയല്ലേ?

ചാനലിന് അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിക്കുകയെന്നുള്ളത് വലിയ കാര്യമാണ്. മുൻനിര ചാനൽ അല്ലാത്തതിനാൽ നമ്മുടെ പ്രവർത്തനമികവ് റക്കമെന്‍റ് ചെയ്യാൻ പറ്റില്ല. മുൻനിര ചാനലുകൾക്ക് അത്തരം പ്രശ്നമുണ്ടാവണമെന്നില്ല. കേരളത്തിൽ ജീവൻ ടിവിയ്ക്ക് വ്യൂവേഴ്സ് ഉണ്ടാവില്ല. പക്ഷേ കേരളത്തിനും ഇന്ത്യയ്ക്കും പുറത്താണ് ഞങ്ങളുടെ കാഴ്ചക്കാർ ഉള്ളത്. കഴിവുകൊണ്ട് മാത്രമാണ് ചാനലിന് അവാർഡുകൾ കിട്ടിയത്. ചാനൽ പ്രോഗ്രാമുകൾക്കും കാഴ്ചപ്പതിപ്പിനും കാഴ്ചക്കാർ പുറത്തുള്ളവരാണ്. ലോകമെമ്പാടും നിന്നുള്ള പ്രതികരണങ്ങൾ കിട്ടുമ്പോൾ ശരിക്കും സന്തോഷം തോന്നാറുണ്ട്.

subhitha sukumar

വെറും ഒരു ജോലിയായി കാണാതെ മാധ്യമപ്രവർത്തനത്തിന് ഒരു സേവനതലമുണ്ടെന്ന് തിരിച്ചറിഞ്ഞുള്ള പ്രവർത്തനരീതിയിൽ വിശ്വസിക്കുന്നുണ്ടോ?

ശരിക്കും. ആളുകൾ കുറേ മാറേണ്ടതുണ്ട്. ജോലിയിൽ പ്രവേശിക്കുമ്പോൾ സത്യം പറഞ്ഞാൽ എനിക്കൊന്നുമറിയില്ലായിരുന്നു. എംഎസ്സി കഴിഞ്ഞിട്ടാണ് ഞാൻ ജേർണലിസം പഠിക്കുന്നത്. അന്നൊക്കെ ന്യൂസ് പ്രസന്‍റിംഗ് എന്നതല്ലാതെ ഒന്നുമറിയില്ല. പക്ഷേ അന്നുതുടങ്ങി സാമൂഹിക പ്രവർത്തനം ചെയ്യണമെന്ന ചിന്ത മനസ്സിലുണ്ടായിരുന്നു. മറ്റൊന്ന് ഞാൻ ശ്രദ്ധിച്ചിരുന്ന ഒരു കാര്യമുണ്ട്. ഒരാൾ ഒരു പ്രോഗ്രാം ചെയ്ത് കഴിഞ്ഞാൽ അത് അവിടെ കഴിഞ്ഞ് മുന്നോട്ട് പോവുകയാണ് ചെയ്യുക. പക്ഷേ ഇന്ന് അതിൽ മാറ്റമുണ്ടായിട്ടുണ്ട്. ഇനിയും മാറേണ്ടതുണ്ട്. നമ്മൾ കാണാറില്ലേ, ചാനലുകളിൽ എത്രയെത്ര അനാവശ്യങ്ങളായ പരിപാടികളാണ് നടക്കുന്നത്.

ജീവിതം വഴിമുട്ടി നിൽക്കുന്ന എത്രയോ ദുർബലവിഭാഗങ്ങളുണ്ട് ഇവിടെ. ചില ചാനലുകളിൽ ദുർബലവിഭാഗങ്ങൾക്ക് സഹായകമാകുന്ന പരിപാടികൾ നടക്കുന്നുണ്ട്. കഥയല്ലിത് ജീവിതം പോലുള്ളവ. ഈ ലോകത്ത് ബഹുഭൂരിഭാഗവും ദരിദ്രരായിട്ടുള്ളവരാണ്. അവരെയൊക്കെ കൈപിടിച്ച് ഉയർത്തണം. എന്ത് പ്രോഗ്രാം ചെയ്താലും അവരെയും കൂടി സപ്പോർട്ട് ചെയ്തുള്ളതാവണം. കുറേ റിയാലിറ്റി ഷോകൾ നടത്താറുണ്ട്. അത് അവർക്കും കൂടി പ്രയോജനകരമാകുന്ന രീതിയിൽ വേണം. എന്‍റർടെയ്ൻമെന്‍റ് വേണ്ടാന്നല്ല. അതൊക്കെ വേണം. ഒപ്പം സാമൂഹികപ്രവർത്തനത്തിനും സ്ഥാനം നൽകണം.

കാഴ്‌ചപതിപ്പിൽ നാലുകെട്ടിലെ മുരളീധരൻ എന്ന തലക്കെട്ടിൽ വന്ന ഫീച്ചർ, അതിനുമുമ്പ് മുരളീധരനെപ്പറ്റി മറ്റു ചാനലുകൾ വാർത്ത കൊടുത്തിരുന്നു. പക്ഷേ അതുകൊണ്ട് ഒരു സഹായവും കിട്ടിയില്ലെന്ന് മുരളീധരൻ ഞങ്ങളോട് പറയുകയുണ്ടായി. മുരളീധരനെപ്പറ്റി പുറം ലോകം അറിഞ്ഞതോടെ ധാരാളം സഹായങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

പരിപാടിയിൽ എന്‍റെ ഫോൺ നമ്പറാണ് കൊടുത്തിരുന്നത്. ആ നമ്പറിൽ വിളിച്ചാണ് മുരളീധരനുള്ള സഹായ വാഗ്ദാനങ്ങൾ ഓരോരുത്തരും അറിയിച്ചിരുന്നുത്. ഇങ്ങനെയുള്ള സാമ്പത്തിക ഇടപാടുകൾ നേരിട്ടാകുന്നതാണ് കൂടുതൽ നല്ലത്. ഞങ്ങൾ അങ്ങനെ മുരളീധരനുമായി അവരെ ഡയറക്ട് കോണ്ടാക്ട് ചെയ്യിക്കുകയായിരുന്നു. ആ ഒരു ജെനുവിനിറ്റി നമ്മുടെ പ്രോഗ്രാമിനുണ്ട്.

വിഷ്വൽ മീഡിയയെന്നത് മുഴുവൻ സമയം ആവശ്യപ്പെടുന്ന ഒന്നാണ്. ഇത് സമ്മർദ്ദം ഉണ്ടാക്കാറുണ്ടോ?

സത്യം പറഞ്ഞാൽ ജോലിയിൽ നിന്നുള്ള സംതൃപ്തിയാണ് എന്‍റെ എനർജി. നമ്മുടെ പരിപാടി കണ്ട് വീട് വച്ചുകൊടുക്കാൻ തയ്യാറാണെന്ന് പറയുമ്പോഴോ ധനസഹായ വാഗ്ദാനം ചെയ്യുന്നതോ കാണുമ്പോൾ വലിയ സന്തോഷമാണ്, നിറഞ്ഞ സംത്യപ്തിയാണ്. നമ്മുടെ പരിപാടിയിലൂടെ സഹായം കിട്ടുന്നവരുടെ കുടുംബത്തിന്‍റെ സന്തോഷവും ചിരിയുമൊക്കെ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം മറ്റൊന്നിനും തരാനാവില്ല. അങ്ങനെ സഹായം കിട്ടിയ ഒരു ആലിക്ക… അവരെന്നും എന്നെ ഓർത്ത് പ്രാർത്ഥിക്കുന്നുവെന്ന് പറയുമ്പോൾ തോന്നുന്ന ആ സന്തോഷം, ഊർജ്ജം അതാണ് വലിയ നന്മ. അത് നമ്മുടെ ചാനൽ കാത്തുസൂക്ഷിക്കുന്നുണ്ട്.

സ്ത്രീ പുരുഷ വേർതിരിവില്ലാത്ത മേഖലയായി മാറിയിരിക്കുന്നു മാധ്യമലോകം?

അതേ. നല്ല സ്വാതന്ത്യ്രമുണ്ട് എവിടെയും പോകാൻ പറ്റും. സഹപ്രവർത്തകരും പൂർണ്ണമായും പിന്തുണയ്ക്കുന്നുണ്ട്. നമ്മുടെ ബലം അതോറിറ്റിയാണ്. എംഡി ബേബി മാത്യു സോമതീരം, ചീഫ് ന്യൂസ് എഡിറ്റർ ബാബു വളപ്പായ സാറും എക്സി.എഡിറ്റർ പി.ജെ ആന്‍റണി പിന്നെ എന്‍റെ കൂടെയുള്ള മറ്റ് സഹപ്രവർത്തകർ എന്നിവരുടെ നിർലോഭമായ പിന്തുണ, അതാണ് ശക്‌തി. അവാർഡിനുള്ള എൻട്രി ക്ഷണിച്ചുകൊണ്ടുള്ള പത്രക്കുറിപ്പുകൾ ഒക്കെ കൊണ്ടുവന്ന് അയക്കാൻ പ്രോത്സാഹിപ്പിക്കുന്നത് അവരാണ്. പിജെ ആന്‍റണി സാറാണ് കാഴ്ചപ്പതിപ്പ് എന്ന പ്രോഗ്രാമിനുള്ള ത്രെഡ് ചിലപ്പോൾ തരുന്നത്. നമ്മൾ കൂടിവന്നാൽ രണ്ട് മൂന്ന് പത്രങ്ങളായിരിക്കും വായിക്കുക. അദ്ദേഹം ദിവസവും 10-15 പത്രങ്ങൾ വായിക്കും.

മാധ്യമപ്രവർത്തക എന്ന നിലയിൽ ഉണ്ടായ മറക്കാനാവാത്ത അനുഭവങ്ങളെപ്പറ്റി?

ആത്മാർത്ഥതയോടെ ഏത് കാര്യവും ചെയ്താൽ അതിന്‍റെ ഫലം കിട്ടും. ഈ വിശ്വാസക്കാരിയാണ് ഞാൻ. അല്ലെങ്കിൽ ഇവിടെ പ്രേക്ഷകർ കുറവുള്ള ചാനലിന് ഇത്രയും അവാർഡുകൾ കിട്ടുമോ? എവിടെയൊക്കെയോ ഉള്ള ആളുകൾ കാണുന്നുണ്ട്. വിലയിരുത്തുന്നുണ്ട്. ഇത് പറയുമ്പോൾ എനിക്ക് വികെ ശ്രീരാമൻ അയച്ച സന്ദേശമാണ് ഓർമ്മ വരുന്നത്. അദ്ദേഹം കൈരളി ചാനലിൽ ഒരു പരിപാടി ചെയ്തുകൊണ്ടിരിക്കെയാണ് എനിക്ക് ആ സന്ദേശം അയച്ചത്. ഞാൻ അന്ന് കാഴ്ചപ്പതിപ്പിൽ യഹൂദന്‍റെ വിലാപം എന്ന പരിപാടി ചെയ്തിരുന്നു. അത് കണ്ടിട്ടാണ് അദ്ദേഹം ഇപ്രകാരം സന്ദേശമയച്ചത്.

“ഞാനൊരു യഹൂദനെ കണ്ടു. നല്ല പരിപാടി.” അത് എനിക്ക് മറക്കാനാവാത്ത അനുഭവമായിരുന്നു. അങ്ങനെ എത്രയോ പേർ സന്ദേശം അയക്കുന്നു. അവയോരോന്നും മറക്കാൻ പറ്റാത്തവ തന്നെയാണ്.

അതുപോലെ ഏറ്റവും സങ്കടകരമായ അവസ്ഥയും ഉണ്ടായിട്ടുണ്ട്. കാഴ്ചപ്പതിപ്പ് എന്ന പരിപാടിയാണല്ലോ എന്‍റെ ഹൈലൈറ്റ്. അതിൽ ചെയ്ത അഭയമില്ലാത്ത 6 പെണ്ണുങ്ങൾ എന്ന ഒരു പരിപാടി ഞാൻ ചെയ്തിരുന്നു. ഭർത്താവ് ആകസ്മികമായി മരണപ്പെട്ട് അനാഥരായ 6 സ്ത്രീകളെ കുറിച്ചായിരുന്നു പരിപാടി. മരിച്ചയാളിന്‍റെ 4 പെണ്മക്കൾ, വിധവയായ പെങ്ങൾ, ഭാര്യ എന്നിങ്ങനെ 6 പേർ. അടച്ചുറപ്പില്ലാത്ത ചെറ്റക്കുടിലിൽ ദരിദ്രമായ സാഹചര്യത്തിൽ പകച്ചു നിൽക്കുന്ന 6 പെണ്ണുങ്ങൾ. ആ കാഴ്ച ഹൃദയത്തിന്‍റെ വേദനയായി നിറയുന്ന ഒന്നായിരുന്നു. അത് വല്ലാത്ത സങ്കടമായിരുന്നു.

ജോലി കഴിഞ്ഞ് വീട്ടിൽ വന്നിട്ടും ഒന്നും കഴിക്കാൻ തോന്നിയില്ല. ഭർത്താവിനോടും ഇതേപ്പറ്റി പറഞ്ഞു സങ്കടപ്പെട്ടു. പരിപാടി കണ്ട് പിന്നീട് അവർക്ക് ധാരാളം സഹായം കിട്ടി. കുട്ടികളെ പഠിപ്പിക്കാനും വീടുണ്ടാക്കാനും കഴിഞ്ഞു. ഇത്തരം ജീവിതങ്ങൾ കാണുമ്പോൾ നമ്മുടെയൊന്നും സങ്കടം ഒന്നുമല്ലായെന്ന് തോന്നും.

പലപ്പോഴും കാഴ്ചപ്പതിപ്പിനുള്ള സ്റ്റോറി ചെയ്യാൻ പോകുമ്പോൾ ഓരോരുത്തരുടേയും ദയനീയത കണ്ട് ഞാൻ കാശും ഭക്ഷണ സാധനങ്ങളും ഒക്കെ കൊടുത്തിട്ടുണ്ട്. ഞങ്ങളുടെ വാഹനത്തിൽ അവർക്കുള്ള അരിയും മറ്റ് വസ്തുക്കളും വാങ്ങി കൊണ്ടുകൊടുത്തിട്ടുമുണ്ട്. നമ്മൾ മനുഷ്യരല്ലേ. നമ്മൾ ചെയ്യുന്ന പരിപാടിക്കുള്ള വസ്തുക്കളല്ലല്ലോ അവർ. അവരെ അങ്ങനെ ഉപക്ഷേിച്ച് പോരാൻ തോന്നില്ല.

വാർത്തവായനക്കിടയിൽ സങ്കടമുണർത്തുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടോ?

ഈയടുത്ത് പാലക്കാട് ഗർഭിണിയായ ആന ചരിഞ്ഞതും കൂടത്തായി കൊലപാതകങ്ങളുമൊക്കെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ച സംഭവങ്ങളാണ്. അത്തരം വാർത്തകൾ സ്പോട്ടിൽ വരുമ്പോൾ, വിഷ്വൽസ് കാണിക്കുമ്പോൾ വായിക്കാൻ പറ്റില്ല. പക്ഷേ ആ സങ്കടം ഉള്ളിലൊതുക്കി മാനേജ് ചെയ്യും. .

മാധ്യമപ്രവർത്തനം മാറ്റിനിർത്തിയാൽ ഇഷ്ടപ്പെട്ട മറ്റ് കാര്യങ്ങൾ?

സംഗീതം ഒരുപാടിഷ്ടമാണ്. ഞാൻ പാടാറുമുണ്ട്. അതുപോലെ ഞങ്ങളുടെ ഹെഡ് എഴുതിയ പാട്ടിന് സംഗീതം പകർന്ന് അമ്മയ്ക്കൊരു പാട്ട് എന്ന സെഗ്മെന്‍റിൽ ഞാൻ പാടുകയുണ്ടായി. പാട്ട് എനിക്ക് ജീവനാണ്. അമ്മ ഞങ്ങളെ നാരായണീയം ചൊല്ലൽ പഠിപ്പിച്ചിരുന്നു. ഗുരുവായൂരിൽ പോയി നാരായണീയം വായിച്ചിരുന്നു. പിന്നെ മൂകാംബിക ക്ഷേത്രത്തിൽ പോയി 7 ദിവസം ഭാഗവതവും.

അതുപോലെ കുട്ടിക്കാലത്ത് ഏറെ ആസ്വദിച്ചരുന്ന ഒന്നുണ്ട് പത്രവായന. രണ്ടിലും മൂന്നിലുമൊക്കെ പഠിക്കുമ്പോൾ അപ്പൂപ്പൻ എന്നെയും ചേട്ടന്മാരെയും കൊണ്ട് പത്രങ്ങൾ വായിപ്പിക്കുമായിരുന്നു. അന്ന് മുഖപ്രസംഗം എന്ന പേജുണ്ടല്ലോ. അത് വായിപ്പിക്കും. അതൊരു ട്രെയിനിംഗ് കൂടിയായിരുന്നു. അപ്പൂപ്പന് കാഴ്ച കുറഞ്ഞപ്പോൾ ഞങ്ങൾ ഇത് മുടങ്ങാതെ ചെയ്യുമായിരുന്നു. അന്ന് ഞങ്ങളുടെ വീട്ടിലെ ടിവിയുണ്ടായിരുന്നുള്ളൂ. അപ്പോൾ വാർത്തകൾ കാണണമെന്നത് നിർബന്ധമായിരുന്നു. ദൂരദർശൻ മാത്രമല്ലേ ഉണ്ടായിരുന്നത്. അന്നൊക്കെ വാർത്തവായനക്കാരായ രാജേശ്വരി മോഹൻ, അളകനന്ദ, മായ എന്നിവരെ ഞാൻ നോക്കിയിരിക്കും.

മറ്റു വിശേഷങ്ങൾ

അമ്മ സ്ക്കൂൾ അദ്ധ്യാപികയായിരുന്നു. രണ്ട് സഹോദരന്മാരുണ്ട്. മഹാരാജാസിലായിരുന്നു പ്രീഡിഗ്രിയും പിജിയും ചെയ്തത്. ഡിഗ്രി തലയോലപ്പറമ്പ് ഡിബി കോളേജിലും. എംഎസ്സി ബോട്ടണിയാണ് ചെയ്തത്. അന്ന് 12 ടോപ്പേഴ്സിൽ ഒരാളായിരുന്നു ഞാൻ. എംഎസ്സി കഴിഞ്ഞ് റിസർച്ച് ഒക്കെ ചെയ്ത് ഡോക്ടറേറ്റ് എടുക്കണം, പ്രൊഫസറകാണം എന്നൊക്കെയായിരുന്നു ഡ്രീം. പക്ഷേ വിവാഹശേഷം തീരുമാനം മാറ്റുകയായിരുന്നു. ജേർണലിസ്റ്റായി. മനോരമയിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഞാൻ ഇഗ്നോയിൽ ജേർണലിസം കോഴ്സ് ചെയ്യുന്നത്.

और कहानियां पढ़ने के लिए क्लिक करें...