2014 കോമൺ വെൽത്ത്‌ഗെയിംസ്. ഗ്ലാസ്ഗോ, സ്ക്കോട്ട്ലന്‍റിന്‍റെ മനോഹാരിതയിൽ അരങ്ങേറിയ കോമൺവെൽത്ത് ഗെയിംസിൽ പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള ഒരു പയ്യൻ 85 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിംഗ് മത്സര വിഭാഗത്തിൽ വെള്ളിക്കൊടി പാറിച്ചു. അതൊരു പുതിയ താരോദയത്തിന്‍റെ തുടക്കം തന്നെയായിരുന്നു. വികാസ് ഠാക്കൂർ എന്ന വെയ്റ്റ്ലിഫ്റ്ററിന്‍റെ തുടക്കം. നാല് വർഷത്തിനിപ്പുറം 2018ലെ ഗോൾഡ് കോസ്റ്റ് കോമൺവെൽത്തിലും വികാസ് നിരാശപ്പെടുത്തിയില്ല. വളരെ ചലഞ്ചിംഗായ 94 കിലോഗ്രാം വിഭാഗത്തിൽ വികാസ് ബ്രോൺസ് മെഡൽ കരസ്ഥമാക്കി. ചെറുപ്പം മുതൽക്കേ വീടിനടുത്തുള്ള ലുധിയാന ക്ലബ്ബിൽ പരിശീലിച്ചു തുടങ്ങിയ വികാസ് 2011ൽ തന്‍റെ കരിയർ ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ആരംഭിച്ചു. 5 തവണ തുടർച്ചയായി നാഷണൽ ചാമ്പ്യനായി. ഇപ്പോഴും ചാമ്പ്യൻ പട്ടം വികാസ് നിലനിർത്തുന്നു.

ആ ചെറിയ വലിയ തുടക്കം

ലുധിയാനയിൽ ഞങ്ങളുടെ വീടിന്‍റെ തൊട്ടടുത്തായിരുന്നു ഗുരുനാനാക്ക്  സ്റ്റേഡിയം. എന്നും രാവിലെ അച്ഛൻ നടക്കാൻ പോകുമ്പോൾ എന്നെയും കൊണ്ടുപോകും. ആ പ്രായത്തിൽ വലിയ ഗ്രൗണ്ട് മൂന്ന് തവണയൊക്കെ അച്ഛന്‍റെ കൂടെ ഞാൻ വലം വയ്ക്കാറുണ്ട്. അന്നേ അച്ഛന് അറിയാമായിരുന്നെന്ന് തോന്നുന്നു എന്‍റെ സ്പോർട്സിലെ താൽപര്യം.

10 വയസ്സുള്ളപ്പോൾ തൊട്ടേ ശ്രദ്ധ വെയ്റ്റ്ലിഫ്റ്റിംഗായി എന്നു പറഞ്ഞാൽ അതിൽ ഒരു ഇത്തിരി അതിശയോക്തി ഇല്ലേ എന്നു നിങ്ങൾ കരുതും. എന്നാൽ അങ്ങനെയല്ല. റെയിൽവേസിൽ ജോലി ചെയ്യുന്ന എന്‍റെ അച്ഛന് എന്നെക്കുറിച്ചുണ്ടായ സ്വപ്നമാണ് ഇന്നത്തെ ഈ ഞാൻ. മാത്രമല്ല അച്ഛന്‍റെ വാക്കുകളിൽ പറഞ്ഞാൽ സ്പോർട്സിൽ കുട്ടികൾക്ക് ഒരുപാട് അവസരങ്ങളും സാദ്ധ്യതകളും ഉണ്ട്. അങ്ങനെ 2003ൽ വെയ്റ്റ്ലിഫ്റ്റിംഗിന്‍റെ ലോകത്തേക്ക് അച്ഛൻ കൈപിടിച്ചു കയറ്റി. അന്ന് അച്ഛന്‍റെ സ്വപ്നം 2010ലെ കോമൺവെൽത്തിൽ എന്നെ പങ്കെടുപ്പിക്കുക എന്നതായിരുന്നു. എന്നാൽ അത് സാധിച്ചില്ല. പക്ഷേ 20-ാം വയസ്സിൽ എനിക്ക് കോമൺവെൽത്തിൽ പങ്കെടുക്കാൻ സാധിക്കുകയും 85 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടാനും കഴിഞ്ഞു.

കോമൺവെൽത്തിലെ ആദ്യ മെഡൽ

ഇന്‍റർനാഷണൽ മെഡൽ എന്നുള്ളത് എന്നേക്കാൾ അച്ഛന്‍റെ സ്വപ്നമായിരുന്നു. കോമൺവെൽത്തിൽ പങ്കെടുക്കാൻ സാധിച്ചപ്പോൾ സത്യത്തിൽ ഒരു ബ്രോൺസ് എങ്കിലും കിട്ടണം എന്നേ പ്രാർത്ഥിച്ചുള്ളു. അവിടെ നിന്ന് എനിക്ക് സിൽവർ നേടാൻ സാധിച്ചു. 2016ലെ റിയോ ഒളിംപിക്സിൽ 2014 കോമൺവെൽത്ത് പെർഫോമൻസ് എനിക്ക് ആവർത്തിക്കാൻ കഴിഞ്ഞില്ല. അതൊന്നും എന്‍റെ മനസ്സിനെയോ ശരീരത്തിനേയോ ബാധിച്ചിട്ടില്ല. ബാധിക്കാൻ പാടില്ലാ എന്ന ഉത്തമബോദ്ധ്യമുണ്ട്. ഞാൻ പറയുന്നത് എത്ര പരിശീലനം എടുത്താലും ആ ഒരു ദിവസത്തെ ലക്കും ഒരു വലിയ ഫാക്ടറാണ്. വെയ്റ്റ്ലിഫ്റ്റിംഗിന്‍റെ പടവുകൾ നടന്നു തുടങ്ങിയിട്ടല്ലേയുള്ളൂ. എനിക്ക് ഇനിയും സമയം ധാരാളമുണ്ടെന്ന് അടിയുറച്ചു വിശ്വസിക്കുന്നു. ഇനിയെത്രയൊക്കെ പടവുകൾ എനിക്ക് കയറാൻ കഴിഞ്ഞാലും 2014ലെ കോമൺവെൽത്ത് സിൽവർ മെഡൽ, ഞാൻ അച്ഛന് നൽകിയ സമ്മാനം! അതാണ് എന്‍റെ ഏറ്റവും ഗ്രേറ്റ് നിമിഷം.

2018ൽ എനിക്ക് ബ്രോൺസ് കൊണ്ട് തൃപ്തനാകേണ്ടി വന്നു. കാരണം 94 കിലോഗ്രാം വിഭാഗം വളരെ കോമ്പറ്റീഷനുള്ള ഒന്നാണ്. 85ൽ നിന്ന് നേരെ 94 കിലോയിലേക്കുള്ള മാറ്റവും എന്നെ ചെറുതായി ബാധിച്ചു. പിന്നെ 2018ൽ ബ്രോൺസ് കിട്ടിയപ്പോൾ പ്രധാനമന്ത്രി മോദിജിയുടെ പ്രശംസിച്ചുകൊണ്ടുള്ള ട്വീറ്റും ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തെ കാണാനും സാധിച്ചു.

കഠിനമായ പരിശീലനം… 

മറ്റുള്ള സ്പോർട്സ് ഇവെന്‍റുകൾ പോലെയല്ല. വെയ്റ്റ്ലിഫറ്റിംഗ് വളരെ കഠിനമാണ്. പരിശീലനം അതിലേറെ ദുഷ്കരവുമാണ്. അപകട സാദ്ധ്യത വളരെ കൂടുതലാണ്. ഓരോ ലിഫ്റ്റിലും ഓരോ അപകടം പതിയിരിക്കുന്നു. നമ്മളൊന്നും മെഷിന്‍ അല്ലാത്തകൊണ്ട് തന്നെ ലക്ക് എന്ന ഘടകം ഒരുപാട് വേണ്ട ഒരു ഇനമാണിത്. ആഴ്ചയിൽ 3 ദിവസം എന്ന രീതിയിലാണ് പരിശീലനം. ഈ മൂന്ന് ദിവസങ്ങൾ 3 സമയങ്ങളിലായി 8 മണിക്കൂറോളം പ്രാക്ടീസ് ചെയ്യുന്നു. രാവിലെ ഗ്രൗണ്ട് വർക്കിൽ തുടങ്ങി രാത്രി 8 മണിയോളം നീളുന്ന പരിശീലനമാണ്. പിന്നെ ഇതിനെല്ലാത്തിലുമുപരി പുറത്ത് നിന്നുള്ള ഭക്ഷണമൊക്കെ അവോയ്ഡ് ചെയ്യണം. ശരീരം നോക്കണം. ആദ്യമൊക്കെ എനിക്ക് അതൊക്കെ ഭയങ്കര ബദ്ധിമുട്ടായിരുന്നു. പക്ഷേ വീട്ടുകാരും എന്‍റെ പരിശീലകന്മാരുമൊക്കെ ചേർന്ന് എന്‍റെ ഫോക്കസ് വെയ്റ്റ്ലിഫ്റ്റിംഗിൽ തന്നെ നിർത്താൻ ഒരുപാട് സഹായിച്ചു. ഇപ്പോഴും പുറത്ത് നിന്ന് സ്വാദിഷ്ഠമായ വിഭവങ്ങളൊക്കെ കാണുമ്പോൾ കൊതി വരുമെങ്കിലും ഞാൻ സ്വയം അടക്കും.

സപ്പോർട്ട്, പ്രചോദനം…

ഇന്ത്യൻ ഫെഡറേഷന്‍റെ ഭാഗത്ത് നിന്ന് നല്ല സപ്പോർട്ടാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഞാൻ വളരെ ഹാപ്പിയാണ്. മറ്റൊരു കാര്യം, ഞാൻ കരിയർ തുടങ്ങിയ സമയത്ത് ഇന്ത്യൻ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ മെമ്പറായിരുന്നു. ബാക്കിയുള്ളവർ എന്നേക്കാൾ 12ഉം 14ഉം വർഷം എക്സ്പീരിയൻസ് ഉള്ളവരാണ്. വെറുതെ ഇരിക്കാത്ത എന്‍റെ സ്വഭാവം കാരണം ഞാൻ ക്യാംപിൽ എന്തെങ്കിലുമൊക്കെ വേലത്തരങ്ങൾ ഒപ്പിച്ചുകൊണ്ടിരിക്കും. മറ്റൊരു കാര്യം തുറന്നു പറയട്ടെ. ക്യാമ്പിൽ ആയിരിക്കുമ്പോൾ ചിലർ പറയുന്നതു കേൾക്കാറുണ്ട്. വീട് വല്ലാതെ മിസ് ചെയ്യുന്നെന്നൊക്കെ… എന്നെ സംബന്ധിച്ച് അങ്ങനെയൊരു സംഭവമേയില്ല. അതിനുള്ള എല്ലാ ക്രെഡിറ്റും ഇന്ത്യൻ ഫെഡറേഷനിലെ ടീമംഗങ്ങൾക്കും പരിശീലകർക്കുമാണ്. കാരണം അവർ ഞങ്ങളോട് വളരെയടുത്ത ബന്ധം പുലർത്തുന്നു. വെയ്റ്റ്ലിഫ്റ്റിംഗ് മാത്രമല്ല ടീമിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധത്തിനും വളരെയധികം പ്രധാന്യം നൽകാറുണ്ട്.

മറ്റൊരു കാര്യം എടുത്ത് പറയാനുള്ളത്. വിദേശത്തും ഞാൻ പരിശീലനം നടത്താറുണ്ട്. തീർച്ചയായും ഇന്ത്യൻ ഫെഡറേഷന്‍റെ കീഴിലുള്ള പരിശീലനമാണ് ബെസ്റ്റ് എന്ന് എനിക്ക് തോന്നിയിട്ടുള്ളത്. അതിന്‍റെയും കാരണം കോച്ചസിന്‍റെ ഈ കെയറിംഗ് തന്നെയാണ്. പിന്നെ എന്‍റെ ഏറ്റവും വലിയ പ്രചോദനം ഇന്ത്യൻ വെയ്റ്റ്ലിഫ്റ്റർ രവികുമാർ സാർ ആണ്.

കുട്ടിക്കാലവും പഠനവും

സ്ക്കൂളിംഗെല്ലാം ലുധിയാനയിൽ എസ്ഡി പബ്ലിക് സ്ക്കൂളിൽ ആയിരുന്നു. കാല്‍സാ കോളേജിലാണ് ആർട്സ് ബിരുദം ചെയ്തത്. ഇതിനിടയിൽ പഠനത്തിന് പ്രാധാന്യം കൊടുത്ത് കോളേജ് ലൈഫ് ഒന്നും ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. കരിയർ ഫോക്കസ്ഡായാൽ എല്ലാവർക്കും അങ്ങനെയേ സാധിക്കൂ… ആലോചിക്കുമ്പോൾ നഷ്ടം തോന്നാറുണ്ട്. പക്ഷേ കോളേജ് ഓർമ്മകൾ ഒന്നും തന്നെയില്ല. കോളേജിനെക്കുറിച്ച് ആകെയുള്ള ഓർമ്മകൾ പരീക്ഷകൾ എഴുതാൻ പോകുന്നത് മാത്രമാണ്.

ഞാൻ ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലാണ്. ഫ്രണ്ട്സുമായി തരം കിട്ടിയാൽ ട്രിപ്പൊക്കെ പോകാൻ ശ്രമിക്കാറുമുണ്ട്. കുട്ടിക്കാലം തൊട്ടേയുള്ള കൂട്ടുകാരാണ് എനിക്കിപ്പോഴും. ഇന്ത്യൻ ആർമിയിൽ ഉള്ള വിപിൻ കുമാറാണ് എന്‍റെ ബെസ്റ്റ് ഫ്രണ്ട്. അവനും ഒരു വെയ്റ്റ്ലിഫ്റ്റർ ആണ്. പിന്നെ അജയ്, അഷു.. ഇവരൊക്കെ തന്നെ എപ്പോഴും സപ്പോർട്ടായുണ്ട്. സൗഹൃദങ്ങൾക്ക് ഒരു വക്‌തിയുടെ ജീവിതത്തെ ഒരുപാട് സ്വാധീനിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നു.

മറ്റ് ആഗ്രഹങ്ങൾ

ഇന്ത്യൻ വായുസേനയിലാണ് ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നത്, പോലീസ് സേനയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു. സർക്കാർ എന്നെ ആ വിഭാഗത്തിലേക്ക് വിളിച്ചാൽ തീർച്ചയായും വായുസേനയിലെ ഉദ്യോഗം ഞാൻ രാജിവയ്ക്കും. എനിക്ക് കുറച്ച് കൂടി ചലഞ്ചിംഗും ഞാൻ എന്നെ കാണാൻ ആഗ്രഹിക്കുന്നതും ഒരു പോലീസ്കാരനായിട്ടാണ്. ഞാൻ ജനിച്ചത് ഹിമാചൽ പ്രദേശിലാണ്. അച്ഛന്‍റെ ജോലി സംബന്ധിയായാണ് ഞങ്ങൾ ലുധിയാനയിലേക്ക് താമസം മാറിയത്. പഞ്ചാബിനെയാണ് ഞാൻ വെയ്റ്റ്ലിഫ്റ്റിംഗിൽ പ്രതിനിധീകരിക്കുന്നതെങ്കിലും എന്‍റെ ജന്മനാടായ ഹിമാചലിനെ പ്രതിനിധീകരിച്ച് മെഡൽ നേടാൻ കഴിയണമെന്നാണ് എന്‍റെ മറ്റൊരു ആഗ്രഹം. അത് പിന്നെ എല്ലാവർക്കും അങ്ങനെതന്നെയായിരിക്കുമല്ലോ…

ഞാൻ ഭക്ഷണപ്രിയൻ… 

അത് മാത്രം ഓർമ്മിപ്പിക്കരുത്. എന്നെ കണ്ടാൽ തന്നെ അറിയില്ലേ. നന്നായി ഫുഡ് കഴിക്കുന്ന കൂട്ടത്തിലാണെന്ന്. എന്‍റെ അമ്മയാണ് ഈ വേൾഡിലെ ബെസ്റ്റ് കുക്ക്. അമ്മയുടെ പേര് ആശാ ഠാക്കൂർ. അച്ഛൻ ബ്രിജ് ഠാക്കൂർ. എന്‍റെ ഗോഡ്മാൻ! പിന്നെ ഭക്ഷണത്തിന്‍റെ കാര്യം പറഞ്ഞാൽ ഇപ്പോൾ കുറച്ചൊക്കെ നിയന്ത്രിക്കുന്നുണ്ട്. സത്യം പറഞ്ഞാൽ കുറച്ചൊന്നുമല്ല കേട്ടോ ഈ നിയന്ത്രണം, ക്യാമ്പ് ഡയറ്റ് മാത്രമാണ് ഈ പാവം എന്‍റെ മെനു. എനിക്കൊരു സഹോദരിയുണ്ട്. അഭിലാഷ. ഞാനും അവളും വീട്ടിലുണ്ടെങ്കിൽ പിന്നെ പൂരമാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സഹോദരിയുടെ വിവാഹം കഴിഞ്ഞു. സഹോദരിയുടെ ഭർത്താവ് സംഗീത് എഞ്ചിനീയറാണ്.

വികാസിന്‍റെ വിവാഹം എന്നാണ്?

വിവാഹമോ… ഞാനൊരു കൊച്ചു പയ്യനല്ലേ.. അതിനൊക്കെ ഇനിയും ഒരുപാട് സമയമുണ്ട്. ഇപ്പോൾ ഞാൻ വിവാഹം കഴിച്ചിരിക്കുന്നത് എന്‍റെ കരിയറിനെയാണ്. കുറച്ചുകാലം ഞാൻ എന്‍റെ കരിയറുമായി ജീവിക്കട്ടെ… എന്നിട്ടാകാം മറ്റൊരു വിവാഹം.. ഒരു കാര്യം കൂടി പറയാം. ഇന്‍റർനാഷണൽ ഇവെന്‍റിൽ ഗോൾഡ് മെഡൽ കിട്ടട്ടെ! ഇന്ത്യൻ ദേശീയ ഗാനം അലയടിക്കട്ടെ… ത്രിവർണ്ണ പതാക ഉയരുന്നത് നോക്കി മനസ്സ് നിറഞ്ഞ് ഞാനൊന്ന് ഒരുപാട് കരയട്ടെ, എന്നിട്ടേ ഞാൻ വിവാഹം കഴിക്കൂ…

മറ്റൊരു വലിയ സ്വപ്നം…

 പിന്നെ ഒരു ഭയങ്കര മോഹമുണ്ട്. എന്‍റെ ജീവിതവും സിനിമയാകണം. വെറുതെ പറഞ്ഞതല്ല. കുറച്ച് അത്യാഗ്രഹമാണ്. എന്നാലും മിൽഖാ സിംഗ് പോലെയോ മേരികോം പോലെയോ ഭാവിയിൽ എന്‍റെ പേരിലും സിനിമ വരണം. വളർന്നു വരുന്ന പുതിയ തലമുറയ്ക്ക് അതൊരു പ്രചോദനമാകുന്നെങ്കിൽ ആകട്ടെ! ഫ്രണ്ട്സൊക്കെ തമാശയ്ക്ക് പറയും… അങ്ങനെയൊരു സിനിമ വരികയാണെങ്കിൽ അതിന്‍റെ പേരായിരിക്കും ഉഠാ വികാസ് ഉഠാ! എങ്ങനെയുണ്ട് നല്ലതല്ലേ!

और कहानियां पढ़ने के लिए क्लिक करें...