അന്ധാധുൻ എന്ന ബോളിവുഡ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ആയുഷ്മാൻ ഖുരാന സ്വയം ഗൃഹശോഭ മാൻ എന്നാണ് വിശേഷിപ്പിക്കുക. അത് മറ്റൊന്നും കൊണ്ടല്ല. ഗൃഹശോഭയിൽ ഏത് വിഷയവും തുറന്ന് ചർച്ച ചെയ്യുന്നതുപോലെ താനും എല്ലാകാര്യവും തുറന്ന് ചർച്ച ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്നാണ് താരം പറയുന്നത്. ആനന്ദ് എൽ റോയിയും ടീ സീരീസും ചേർന്ന് നിർമ്മിക്കുന്ന ഹിദേശ് കേവല്യ സംവിധാനം ചെയ്ത ശുഭ് മംഗൾ ജ്യാദാ സാവ്ധാൻ എന്ന ചിത്രത്തിന്‍റെ  വിജയ ലഹരിയിൽ…

എട്ട് വർഷത്തെ ഫിലിം കരിയറിൽ ഏത് സിനിമയാണ് വഴിത്തിരിവായി കാണുന്നത്?

ഏറ്റവും ആദ്യത്തെ ചിത്രമായ വിക്കി ഡോണർ എന്‍റെ കരിയറിന് വഴിത്തിരിവായി മാറിയിരുന്നു. അതിനുശേഷം ദം ലഗാകെ ഐഷയും വിജയ ചിത്രമായി. എന്നെ സംബന്ധിച്ച് ആ ചിത്രം ഒരു തിരിച്ച് വരവിന് വഴിയൊരുക്കി. കാരണം അതിനു മുമ്പുള്ള 3 വർഷം എന്‍റെ കരിയർ ആടിയുലഞ്ഞ മട്ടിലായിരുന്നു. അന്ധാധുൻ വഴിത്തിരിവായ മറ്റൊരു സിനിമയാണ്. അതിനെനിക്ക് മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

അന്ധാധുനിന് ദേശീയ പുരസ്കാരം ലഭിച്ച ശേഷം സംവിധായകർക്ക് താങ്കളെപ്പറ്റിയുള്ള കാഴ്ചപ്പാട് എങ്ങനെയാണ്?

അന്ധാധുൻ എനിക്ക് മികച്ച നേട്ടങ്ങളാണ് തന്നത്. ചൈനയിൽ ഈ സിനിമ വമ്പൻ ഹിറ്റായി. ആളുകളിപ്പോൾ എന്നെ വേറിട്ട രീതിയിൽ കാണാൻ തുടങ്ങിയിരിക്കുന്നുവെന്നതാണ് വലിയൊരു മാറ്റം.

ഗൃഹശോഭ മാൻ എന്ന് വിശേഷിപ്പിക്കുന്നതിന് പിന്നിലെ രഹസ്യമെന്താണ്?

ഞാനൊരു ഗൃഹശോഭ മാനാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട് ആളുകൾ തുറന്ന് ചർച്ച ചെയ്യാൻ മടിക്കുന്ന വിഷയങ്ങളെ ആസ്പദമാക്കിയുള്ള സിനിമകളാണ് ഞാൻ തെരഞ്ഞെടുക്കുന്നതെന്നാണ് ആളുകൾ പറയുന്നത്. ഗൃഹശോഭയും അത്തരം വിഷയങ്ങളെപ്പറ്റി തുറന്ന് ചർച്ച ചെയ്യാൻ മടിക്കാറില്ലല്ലോ. അതുകൊണ്ടാവാം.

ആളുകൾ തുറന്ന് ചർച്ചചെയ്യാൻ മടിക്കുന്ന വിഷയങ്ങളെ ആസ്പാദമാക്കിയുള്ള ചിത്രങ്ങൾ ചെയ്തിട്ടുണ്ടല്ലോ. ഇത്തരം സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിക്കാറില്ലേ?

എന്‍റെ ഫിലിം കരിയർ റിസ്ക് ഫാക്ടറിൽ രൂപപ്പെട്ടതാണ്. മറ്റ് താരങ്ങൾ വളരെ റിസ്കായി കരുതുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളാണ് എന്‍റെ കരിയർ രൂപപ്പെടുത്തിയത്. ഇത്തരത്തിൽ സാഹസികമായ തീരുമാനങ്ങൾ ഞാൻ ഭാവിയിലും സ്വീകരിച്ചെന്ന് വരും. ഹോമോ സെക്ഷ്വാലിറ്റിയെ ആസ്പദമാക്കിയുള്ള ചിത്രം പലർക്കും ഒരു റിസ്കായി തോന്നാം. പക്ഷേ എന്നെ സംബന്ധിച്ച് ഇന്നത്തെ കാലത്ത് ഇതിനുള്ള പ്രസക്‌തിയാണ് എന്നെ ഏറെ ആകർഷിച്ചത്. സുപ്രീംകോടതി 377 വകുപ്പ് പ്രകാരം ഇതിന് നിയമ സാധുത നൽകുകയും ചെയ്തിട്ടുണ്ട്. ഒന്നു നോക്കൂ, സ്വവർഗാനുരാഗികളും മനുഷ്യരല്ലെ… അവർക്കുമില്ലേ ജീവിതം.

ശുഭ് മംഗൾ ജ്യാദാ സാവ്ധാൻ ചർച്ച ചെയ്യാൻ മടിക്കുന്ന വിഷയമാണ്. ചിത്രത്തിന്‍റെ പ്രദർശനത്തിനു ശേഷം ഉണ്ടായ പ്രതികരണമെന്താണ്?

അങ്ങനെ വലിയ പ്രതകരണമുണ്ടായില്ല. പക്ഷേ എല്ലാവർക്കും ചിത്രം ഇഷ്ടമായി. യഥാർത്ഥത്തിൽ നമ്മുടെ നായകൻ ഇത്തരക്കാരനാവണം എന്നൊരു കാഴ്ചപ്പാട് പൊതുവേ ഉണ്ടല്ലോ. പുരുഷത്വത്തിന് അവർ കൽപ്പിക്കുന്ന ചില മാനദണ്ഡങ്ങളുമുണ്ട്. സത്യത്തിൽ അത് കിടക്കവരെ നീളുന്ന ഒന്നാണെന്ന് മാത്രം. ഈ ചിത്രത്തിലാകട്ടെ പുരുഷത്വത്തെ സംബന്ധിച്ച് ആളുകൾക്കിടയിൽ ഒരു കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാടിന് ഒരു തരത്തിലുള്ള പ്രഹരമാണ് ഈ ചിത്രം. ചിത്രം പ്രദർശിപ്പിച്ചശേഷം ആളുകൾ അതേപ്പറ്റി തുറന്ന് ചർച്ച ചെയ്യാൻ തുടങ്ങിയിരിക്കുന്നു. പനി അല്ലെങ്കിൽ ജലദോഷം പോലെ ഇതും ചികിത്സിക്കാമെന്ന് ആളുകൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഈ ചിത്രത്തിൽ അഭിനയിച്ചതിന് ചിലർ നേരിട്ട് വന്ന് എന്നെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

താങ്കൾ പറഞ്ഞതുപോലെ സുപ്രീം കോടതി 377 വകുപ്പ് അനുസരിച്ച് സ്വവർഗാനുരാഗം നിയമാനുസൃതമാക്കുകയുണ്ടായല്ലോ. ഈ സാഹചര്യത്തിൽ ഈ ചിത്രത്തിനുള്ള പ്രസക്‌തിയെന്താണ്?

ഇതൊരു മനുഷ്യാവകാശ പ്രശ്നമാണെന്നാണ് എന്‍റെ അഭിപ്രായം. ഗേ ആയിട്ടുള്ളവരെ ആളുകൾ പരിഹസിക്കാറുണ്ട്. ആളുകൾ ഇത്തരക്കാരെ കുട്ടിക്കാലം തുടങ്ങി കളിയാക്കുകയും അപമാനിക്കുകയും ചെയ്യാറുണ്ട്. സ്വവർഗാനുരാഗികളെ മറ്റൊരു കണ്ണോടുകൂടിയാണ് സമൂഹം കാണുന്നത്. ഇത്തരമൊരവസ്ഥയിൽ അവർക്ക് സമൂഹത്തിൽ തുല്യമായ സ്ഥാനം നൽകുകയെന്നതാണ് നമ്മുടെയും ഈ ചിത്രത്തിന്‍റെയും ലക്ഷ്യം. ആർട്ടിക്കിൾ 15 പോലെയുള്ള ചിത്രമാണിത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ അതിന്‍റെ കൊമേഴ്ഷ്യൽ വേർഷൻ. ആർട്ടിക്കിൾ 15 എന്ന ചിത്രം പിന്നോക്ക വിഭാഗത്തിൽപെട്ടവർക്ക് നീതി ഉറപ്പാക്കുന്നതിനെപ്പറ്റിയാണ് ചർച്ച ചെയ്യുന്നത്. ഇവിടെ നമ്മൾ ഹോമോ സെക്ഷ്വാലിറ്റിയെക്കുറിച്ചാണ് പറയുന്നത്. പക്ഷേ പക്കാ കൊമേഴ്ഷ്യലും കുടുംബ ചിത്രവുമാണിത്. ആർട്ടിക്കിൾ 15 കൊമേഴ്ഷ്യൽ ചിത്രമല്ല.

ശുഭ് മംഗൾ സ്ക്രിപ്റ്റ് വായിച്ചപ്പോൾ എന്താണ് കൂടുതൽ പ്രചോദിപ്പിച്ചത്?

വളരെ സമകാലികമായ വിഷയം എന്നെ ഏറ്റവും ആകർഷിച്ച ഘടകമാണ്. ഹോമോസെക്ഷ്വാലിറ്റിയെ അടിസ്ഥാനപ്പെടുത്തി ഇതേവരെ ഒരു നല്ല ചിത്രം നിർമ്മിക്കപ്പെട്ടിട്ടില്ലെന്ന അഭിപ്രായമാണ് എനിക്ക്. ഇതേവരെ നിർമ്മിക്കപ്പെട്ട ചിത്രങ്ങളാകട്ടെ സമ്പൂർണ്ണ തലത്തിൽ ആർട്ടിസ്റ്റിക് അല്ല. കാണികളിൽ എത്തിയതിന് പുറമെ അത്തരം സിനിമകൾ ഫിലിം ഫെസ്റ്റിവലുകളിൽ ഒതുങ്ങുകയാണ് ഉണ്ടായത്. എന്നാൽ നമ്മുടെ നാട്ടിലുള്ളവർ ഇത്തരം ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടാണ് ഈ ചിത്രം ചെയ്യാൻ തയ്യാറായത്.

ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച്?

ചിത്രത്തിൽ കാർത്തിക് എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. കാർത്തിക് ഒരു സ്വവർഗാനുരാഗിയാണ്. അവൻ സ്വവർഗാനുരാഗിയായ യുവാവ് അമനുമായി പ്രണയത്തിലാണ്.

കഥാപാത്രത്തിന്‍റെ ബോഡി ലാംഗ്വേജ് സ്വായത്തമാക്കാൻ താങ്കളെടുത്ത തയ്യാറെടുപ്പുകൾ?

പെൺകുട്ടികളുടേത് പോലെയുള്ള ശരീരഭാഷയും ഭാവങ്ങളൊന്നും ഇല്ലാത്ത രീതിയിലാണ് ഞങ്ങൾ അവതരിപ്പിച്ചത്. ഹോമോസെക്ഷ്വലായിട്ടുള്ള ആളുകളെ നിങ്ങൾ ദൈനംദിന ജീവിതത്തിൽ കണ്ടിട്ടുണ്ടാകും. പക്ഷേ ഒറ്റനോട്ടത്തിൽ അവർ ഹോമോ ആണെന്ന് ആർക്കും മനസ്സിലാകണമെന്നില്ല. സത്യമായ കാര്യമാണിത്. ഈയൊരു യാഥാർത്ഥ്യമാണ് ഞങ്ങൾ സിനിമയിലും ഉപയോഗിച്ചിരിക്കുന്നത്. ഇന്ന തരത്തിൽ ഭാവവാഹാദികൾ വേണമെന്ന ഉദ്ദേശ്യത്തോടെ ഞങ്ങളൊന്നും സ്റ്റീരിയോ ടൈപ്പ് ആയി കാട്ടിയിട്ടില്ല.

സമൂഹത്തിന്‍റെ കാഴ്ചപ്പാടിൽ മാറ്റം വരുത്താൻ സ്വയം എന്താണ് ചെയ്യാനാഗ്രഹിക്കുന്നത്?

എന്നെ സംബന്ധിച്ച് സിനിമയിലൂടെ മാത്രമേ എനിക്ക് എന്തെങ്കിലും ചെയ്യാനാവൂ. ഞാനൊരു ആക്ടിവിസ്റ്റ് അല്ല. ആക്ടിവിസ്റ്റ് ആകുകയെന്നത് ഒരു വ്യക്‌തി സ്വയമെടുക്കേണ്ട തീരുമാനമാണ്. സമൂഹത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വന്തം കലയെന്ന രീതിയിൽ സിനിമയിലൂടെ അതിനായി പരിശ്രമിക്കാനാണ് എനിക്കിഷ്ടം.

ഈ സിനിമ കാണുന്ന പ്രേക്ഷകന്‍റെ മനസ്സിലുണ്ടാകുന്ന ചിന്ത എന്താവാം?

ഏറ്റവും ആദ്യം പ്രേക്ഷകൻ സിനിമ ആസ്വദിക്കുമെന്നതാണ് പ്രാഥമികമായുണ്ടാകുന്ന കാര്യം. ഈ സിനിമ അവരെ പൊട്ടിച്ചിരിപ്പിക്കും. മകൻ ഗേ ആണെന്ന് ഒരു സാധാരണ മധ്യവർഗ്ഗ കുടുബത്തിലറിയുമ്പോൾ ഉണ്ടാകുന്ന പ്രതികരണം അവന് ചുറ്റും ഉയരുന്ന പരിഹാസങ്ങൾ എന്തൊക്കെയാവാം, കുടുംബം ഈ യാഥാർത്ഥ്യത്തെ എങ്ങനെ ഉൾക്കൊള്ളും എന്നിങ്ങനെയുള്ള കാര്യങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്.

വെബ്സീരിസ് ചെയ്യാൻ താൽപര്യമുണ്ടോ?

അങ്ങനെ ഇപ്പോൾ പ്ലാനൊന്നുമില്ല. എന്നാൽ വേറിട്ടതും അന്താരാഷ്ട്രതരത്തിലുള്ളതാണെങ്കിൽ തീർച്ചയായും ഭാഗമാകും.

और कहानियां पढ़ने के लिए क्लिक करें...