ഉയരെ, വൈറസ് എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം, പാർവ്വതി തിരുവോത്ത് സംവിധായികയുടെ റോളിലേക്ക് കടന്നുവരാൻ ഒരുങ്ങുകയാണിപ്പോൾ. ദേശീയ അവാർഡ് നേടിയിട്ടുള്ള ഈ മലയാളി താരം ബോളിവുഡിൽ കരീബ് കരീബ് സിംഗിൾ എന്ന ചിത്രത്തിലൂടെ എൻട്രി നേടിയിട്ടുണ്ട്. കോവിഡ് 19 മഹാമാരിയുടെ സമയത്ത് തിരക്കഥാ രചനയിലും പഠനത്തിലുമായിരുന്നു പാർവ്വതി.

ലോക്ഡൗൺ കാലം പാർവ്വതിക്കും അത്ര ഈസി ഗോയിംഗ് കാര്യമായിരുന്നില്ല. സ്നേഹവലയത്തിലുള്ളവരെല്ലാം സുരക്ഷിതരാണെന്ന ആശ്വാസത്തിനിടയിൽ പോലും മനസ്സിലെ ചാഞ്ചാട്ടം തുടരുന്നുണ്ടായിരുന്നു.

അന്ന എംഎം വെട്ടിക്കാടുമായി നടത്തിയ ദീർഘസംഭാഷണത്തിൽ കുറേക്കാലമായി താൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഡിപ്രഷനെക്കുറിച്ച് പാർവ്വതി വെളിപ്പെടുത്തി. കോവിഡിന്‍റെ സമയത്തും നിപയുടെ സമയത്തും കേരളം അതിനെ എങ്ങനെ നേരിട്ടു എന്നതിനെക്കുറിച്ച് നിപ വൈറസിനെ കേന്ദ്രീകരിച്ച് ഇറങ്ങിയ വൈറസ് സിനിമ നൽകുന്ന പാഠങ്ങളെക്കുറിച്ചും പാർവ്വതി തുറന്നു പറയുന്നു.

ലോക്ഡൗൺ കാലത്ത് പാർവ്വതി എന്ന വ്യക്‌തി സ്വയം തിരിച്ചറിഞ്ഞ കാര്യം?

എനിക്ക് അസാദ്ധ്യമായ മനക്കരുത്ത് ഉണ്ടെന്ന്… (ചിരിക്കുന്നു). യഥാർത്ഥത്തിൽ ഈ നയം ഞാനെന്‍റെ ജോലി സ്ഥലത്താണ് കൂടുതൽ പ്രയോഗിച്ചിരുന്നത്. ഞാൻ അഭിനയിച്ച കഥാപാത്രങ്ങളോട് ഞാൻ എന്നോട് സ്വീകരിക്കുന്ന നയത്തേക്കാൾ മികച്ച സമീപനമായിരുന്നു. അതിനാൽ ഈ സമയം എന്‍റെ ഡിപ്രഷനനോട് ഞാൻ എങ്ങനെ ഡീൽ ചെയ്തു എന്നതു പ്രധാനമാണ്. മരുന്ന് ഉപയോഗിക്കാതെ ഓൺലൈൻ തെറാപ്പിയിലൂടെയും അടുത്ത സുഹൃത്തുക്കളുമായുള്ള ബന്ധത്തിലൂടെയും ഞാനതിനെ ഓവർകം ചെയ്യാൻ ശ്രമിച്ച സമയമാണിത്.

രണ്ടോ മൂന്നോ സിനിമ കഴിഞ്ഞാൽ കുറച്ചു ഫ്രീടൈം ഞാൻ എടുക്കാറുണ്ട്. പക്ഷേ സ്വയം ഒരു മുറിയിൽ ബന്ധനത്തിൽ കഴിയുക, അതും അനിവാര്യമായ ഒരു സംഗതി. തികച്ചും അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമായിരുന്നു. ലോക്ഡൗൺ തുടങ്ങി ഒരാഴ്ചയോളം ആ സ്റ്റിഫ്ളിംഗ് ഫീൽ നിലനിന്നു. പിന്നെ ഞാൻ വർക്കിൽ ഫോക്കസ് ചെയ്തു. ഞാൻ സംവിധാനം ചെയ്യാനൊരുങ്ങുന്ന ഒരു ചിത്രത്തിന്‍റെ തിരക്കഥാരചനയിലാണ്. കൂടാതെ ഫിലിംരംഗത്തുള്ള ഒരു സുഹൃത്തിന്‍റെ പ്രൊജക്ടിന്‍റെ ഭാഗമായും വർക്ക് ചെയ്യുന്നുണ്ട്. ഇതൊക്കെ വളരെ റിവാർഡിംഗ് ആയ സംഗതിയാണെങ്കിലും സ്വയം ഒരു തൊഴിൽ കാര്യം ചെയ്യുക എന്നത് ഇത്തിരി പ്രയാസമാണ്. കാരണം അങ്ങനെ ചെയ്യാൻ സെൽഫ് മോട്ടിവേഷൻ ആവശ്യമാണ്. എന്‍റെ മന:ശക്‌തിയുടെ പുതിയ മുഖം ഞാൻ ഓരോ ദിവസവും മനസ്സിലാക്കി എന്നു പറയാം. ഇമോഷണലി ലോ ആകുന്ന സമയത്തൊക്കെ ഞാനതെക്കുറിച്ച് എന്‍റെ സ്ക്കൂൾ കോളേജ് സുഹൃത്തുക്കളോട് തുറന്നു പറയാറുണ്ടായിരുന്നു. എന്നാൽ അവരിൽ ചിലർ ദൗർഭാഗ്യകരമെന്നു പറയട്ടെ, പ്രതികരിച്ചത് ഇങ്ങനെ.

“ഓഹ്, നീ സഹതാപത്തിന് അടിമപ്പെട്ടിരിക്കുകയാണ്. അതിൽ നിന്ന് പുറത്തുകടക്കണം എന്നൊക്കെ” അങ്ങനെ കേട്ടപ്പോൾ ആ രീതിയിൽ ഞാൻ കുറേ ശ്രമിച്ചു. ഞാനതിൽ നിന്ന് പുറത്തു കടക്കേണ്ടത് ഉണ്ട് എന്ന് ഞാനും ചിന്തിച്ചു. പിന്നീടെനിക്ക് മനസ്സിലായി ഞാനെല്ലാം ഉള്ളിലേക്ക് ഒതുക്കാൻ ശ്രമിക്കുകയാണ്. അത് പിന്നീടൊരു ദിനം വളരെ താമസിയാതെ പൊട്ടിത്തെറിയായി രൂപപ്പെടാം എന്ന് തിരിച്ചറിവുണ്ടായി. എന്‍റെ പ്രശ്നം എന്നേക്കാൾ നന്നായി മറ്റൊരാൾക്ക് അറിയാനാവില്ല. അതുകൊണ്ട് ഞാൻ മെഡിക്കൽ ഹെൽപ് തേടി. എന്‍റെ ഫീലിംഗ് എഴുതേണ്ട രീതികളും ആളുകളോട് അവതരിപ്പിക്കേണ്ടത് എങ്ങനെയെന്നും ഞാൻ മെല്ലെ മനസ്സിലാക്കി. എന്‍റെ സ്വന്തം കാര്യത്തിന് അതായത് നമ്മൾ സ്വന്തം ശരീരത്തിനും മനസ്സിനും വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് വെറുതെയാണെന്ന മൈന്‍റ്സെറ്റ് ഞാൻ മറികടക്കാൻ ശ്രമിക്കുകയാണിപ്പോൾ. നമ്മൾക്ക് പുറത്തുള്ള കാര്യങ്ങൾക്കാണ് നാം കൂടുതൽ വാല്യു നൽകുന്നത്.

ഡിപ്രഷൻ അഥവാ വിഷാദം എന്ന് പൊതുവെ ആളുകൾ ഉപയോഗിക്കുന്ന ആ പദപ്രയോഗത്തിനുപകരം ക്ലിനിക്കൽ ഡിപ്രഷൻ എന്നു പറയാറുണ്ടല്ലോ. എന്താണ്?

ദു:ഖവും വിഷാദവും രണ്ടാണ്. ക്ലിനിക്കൽ ഡിപ്രഷൻ എന്ന് ഉപയോഗിക്കുമ്പോൾ അതുതന്നെയാണ് അർത്ഥമാക്കുന്നത്. ഉൽകൺഠയും പാനിക് അറ്റാക്കും ഉണ്ട് എന്ന് ഒരാൾ പറഞ്ഞാൽ അത് എനിക്ക് കൃത്യമായി മനസ്സിലാവും. കാരണം കഴിഞ്ഞ അഞ്ചു വർഷമായി ഞാനതിനെ നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്.

എന്തുകൊണ്ട് ഇക്കാര്യം തുറന്നു പറയാൻ തയ്യാറായത്. നമ്മുടെ നാട്ടിൽ ഇത് പതിവല്ലല്ലോ?

ചെറുപ്പം മുതൽ ഞാനീ കാര്യം തുറന്നു പറയാറുണ്ടായിരുന്നു. ഒരു അഭിനേത്രി എന്ന നിലയിൽ ആളുകൾ എന്നെ വിലയിരുത്തുന്ന രീതി എനിക്ക് മനസ്സിലാവും. അത് മോശമായാൽ പോലും അതിനെക്കുറിച്ച് ചിന്തിച്ചു വിഷമിക്കുന്ന രീതിയൊക്കെ ഞാൻ വളരെമുന്നേ അവസാനിപ്പിച്ചതാണ്. എനിക്ക് ഡിപ്രഷൻ ഉണ്ടാകുമ്പോൾ ഞാൻ സ്വയം അഭിമാനിക്കുവാനാണ് ശ്രമിക്കാറുള്ളത്. ഞാനിന്നെന്താണോ, ഇന്ന് ആയത്, അത് എന്‍റെ അതിജീവനത്തിന്‍റെ ബാക്കിപത്രമാണ്. അത് ഞാൻ തുടർന്നുകൊണ്ടേയിരിക്കും. എല്ലാ ദിവസവും ഡിപ്രഷൻ സഹിക്കുന്ന ഒരു വ്യക്‌തി എന്നതിനേക്കാൾ ഒരു സർവൈവർ എന്ന നിലയിലേക്ക് ഞാൻ എന്നെ സ്ഥാപിക്കുകയാണ്. ചിലപ്പോഴൊക്കെ ഓരോ നിമിഷത്തിലും എനിക്ക് ഡിപ്രഷനോട് നോ പറയാൻ ശ്രമിക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കലും ശുഭാപ്‌തിവിശ്വാസം ഉപേക്ഷിക്കരുതെന്ന് സ്വയം പറയും. ഇര എന്ന മനോഭാവം ഇല്ലായ്മ ചെയ്ത് എല്ലാത്തിനെയും മറികടക്കാനുള്ള കരുത്ത് സ്വയം ഉണ്ടെന്ന് ഓർമ്മിപ്പിക്കേണ്ടത് വളരെ പ്രധാനപ്പെട്ട സംഗതിയായി ഞാൻ മനസ്സിലാക്കുന്നു. ചിലയാളുകൾക്ക് ഇതൊന്നും സംസാരിക്കാൻ ഇഷ്ടമല്ല. അതും ശരിയായ നിലപാടാണ്, അവരെ യഥാസമയം സഹായിക്കാൻ ആളുണ്ടെങ്കിൽ. എന്നെ സ്നേഹിക്കുന്നവരിൽ നിന്ന് എന്നെ മനസ്സിലാക്കാനുള്ള ശ്രമം എനിക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ അത് ഞാൻ അന്യരിൽ നിന്ന് പ്രതീക്ഷിക്കാറില്ല. ഒന്നാമതായി, അത് അവരുടെ പരിഗണനയിൽ വരുന്ന കാര്യമല്ലല്ലോ. രണ്ടാമതായി, അവർക്കെന്നെ മനസ്സിലാക്കേണ്ട ആവശ്യവുമില്ല. ഞാൻ കടന്നുപോകുന്ന വെല്ലുവിളിയെക്കുറിച്ച് എന്‍റെ അടുത്ത ആളുകളെ മനസ്സിലാക്കിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അപ്പോൾ നമ്മളെ അവർ കളിയാക്കിയാൽ പിന്നെ വീണ്ടും അതിനെ അതീജീവിക്കണമല്ലോ!

ഡിപ്രഷനെ നേരിടാൻ സഹായം തേടുന്നതാണ് നല്ലതെന്ന് ചിന്തിക്കാൻ ആരാണ് പ്രേരിപ്പിച്ചത്?

എന്‍റെ ഒരു കുടുംബാംഗം. എന്നോട് വളരെ ക്ലോസ് ആയ ആളാണ്. ഡിപ്രഷൻ അലട്ടുന്നുണ്ടായിരുന്നു. ഒരിക്കൽ അതേച്ചൊല്ലി എന്നോട് സംസാരിക്കുകയും സഹായം തേടുകയും ചെയ്തു. “എനിക്കിത് സ്വയം ചെയ്യാനാകുമെന്ന് തോന്നുന്നില്ല. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. എന്‍റെ മനസ്സ് നിയന്ത്രിക്കാൻ കഴിയുന്നില്ല. എനിക്കൊരു ഡോക്ടറെ കാണണം. ഒന്നുകൊണ്ടുപോകാമോ?” എന്നാണ് അദ്ദേഹം ചോദിച്ചത്. ആ ചോദ്യമാണ് എന്നെയും സ്വയം ചിന്തിക്കാൻ പ്രേരിപ്പിച്ചത്.

അദ്ദേഹത്തെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയതും ആ സാഹചര്യത്തെ മറികടക്കാൻ ആ വ്യക്‌തി കാണിച്ച ധൈര്യവും എന്നെ ഒരുപാട് സഹായിച്ചു. എനിക്കും ശരിയായ കെയർ ആവശ്യമായിട്ടും ഞാനത് നിഷേധിക്കുകയായിരുന്നു എന്ന തിരിച്ചറിവുണ്ടായത് അപ്പോഴാണ്.

തുടക്കത്തിൽ എനിക്ക് വലിയ വിഷമമായിരുന്നു. ഒരു തെറാപ്പിസ്റ്റിനെ കാണാൻ. അപരിചിതനായൊരു വ്യക്‌തിയാൽ ജഡ്ജ് ചെയ്യപ്പെടുമല്ലോ എന്ന ഭീതി. മറ്റൊരു പ്രയാസം ഞാൻ എപ്പോഴും എന്‍റെ പ്രതിസന്ധി മനസ്സിലാക്കാൻ കഴിയാത്ത കുറേപ്പേരുടെ ഇടയിലായിരിക്കും എന്നതാണ്. ആ പ്രതിസന്ധിയോട് ഞാൻ പൊരുത്തപ്പെട്ടത് ഐഡന്‍റിറ്റി നിലനിർത്തുക എന്ന നിലയിൽ പോലുമായിരുന്നു. എന്തായാലും ഞാൻ തുടർന്ന് കൂടുതൽ കോൺഫിഡന്‍റായി. എന്‍റെ പ്രശ്നങ്ങൾ തുറന്നു സംസാരിക്കാനും എനിക്കാവുന്നതൊക്കെ സ്വയം പരിഹരിക്കാനും ശ്രമിച്ചു തുടങ്ങി. എന്‍റെ പാനിക് അറ്റാക്കുകൾ മുമ്പ് ശാരീരികമായ രോഗമായി മാറുകയോ ശ്വാസതടസ്സമോ വേദനയോ ആയി തോന്നിയിരുന്നു. ജോലി നല്ല രീതിയിൽ ചെയ്യണമെന്ന എന്‍റെ ആഗ്രഹമാണ് എന്നെ സഹായം തേടാൻ പ്രേരിപ്പിച്ച പ്രാധാന കാരണം.

ഇപ്പോൾ സ്വയം മികച്ചതായി മാറിക്കൊണ്ടു തന്നെ നല്ല പെർഫോമൻസിലേക്ക് മാറാൻ കഴിയുന്നു…

അതൊരു വലിയ, നീണ്ട വളഞ്ഞ പാതയായിരുന്നു. എവിടെ തുടങ്ങിയെന്നു പോലും അറിയില്ലായിരുന്നു. നിങ്ങൾ അതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ഞാനതേക്കുറിച്ച് ഇത്രയും ചിന്തിച്ചതുതന്നെ. അതുകൊണ്ട് ഈ ഇന്‍റർവ്യൂ മെന്‍റൽ ഹെൽത്തിനെക്കുറിച്ചുള്ള ഇന്‍റർവ്യൂ ആയി. രസകരമായിരിക്കുന്നു. യഥാർത്ഥത്തിൽ അങ്ങനെ ഒന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.

ദു:ഖത്തെയും ഒരു തെറാപ്പിസ്റ്റിന്‍റെ സഹായം വേണ്ടിവരുന്ന അവസ്ഥയെയും എങ്ങനെയാണ് വേർതിരിച്ചറിയാൻ കഴിയുക?

എല്ലാവരുടെയും കാര്യം എനിക്കറിയില്ല. പക്ഷേ എന്‍റെ കാര്യം ഞാൻ പറയാം. പാനിക് അറ്റാക്കുകൾ വരുമ്പോൾ എനിക്ക് ശ്വാസം മുട്ടും. അപ്പോൾ എന്നെ ആശുപത്രിയിൽ കൊണ്ടുപോകും. പക്ഷേ ശാരീരികമായി ഒരു പ്രശ്നവും കണ്ടെത്താൻ കഴിഞ്ഞില്ല. ഡോക്ടർ പറഞ്ഞു, ഇതൊരു ആങ്സൈറ്റി അറ്റാക്ക് ആണ്. ആദ്യമുണ്ടായപ്പോൾ, അത് ശരിക്കും ഫണ്ണിയായിരുന്നു. ഞാൻ വർക്കിനിടയിലായിരുന്നു. എന്‍റെ ഡയറക്ടറും, ടീമും എല്ലാവരും ചോദിച്ചു. “നിങ്ങൾക്ക് വർക്കിൽ സ്ട്രസ്സുണ്ടോ? പക്ഷേ കാണുമ്പോൾ അങ്ങനെയില്ല?”

എന്‍റെ ചിന്തയും അങ്ങനെയായിരുന്നു. എനിക്കെന്താണ് സംഭവിക്കുന്നതെന്ന് പോലും മനസ്സിലാകുന്നില്ലായിരുന്നു. ഓക്കേ അല്ലായിരുന്ന പലകാര്യങ്ങളും ഞാൻ ഓക്കേ ആണെന്ന് ഭാവിച്ച് വർഷങ്ങളോളം ഞാൻ എന്നെ തന്നെ അടക്കിവച്ചിരുന്നു. പിന്നീട് ശാരീരികമായ ക്ഷീണവും എനിക്ക് ചുറ്റും നിറയുന്ന ഇരുട്ടും നിമിത്തം ഞാൻ കിടക്കയിൽ തന്നെയായിരിക്കാൻ ശ്രമിച്ചു. എഴുന്നേൽക്കാനുള്ള മടി വർദ്ധിച്ചു. സ്ട്രസ് തിന്നുന്ന ആളാണെന്നറിഞ്ഞിട്ടും അതിൽ നിന്ന് രക്ഷപ്പെടാൻ പോലും തോന്നാതായപ്പോൾ എന്തോ ഒരു കുഴപ്പം എനിക്ക് തന്നെ തോന്നിത്തുടങ്ങി. ആരെങ്കിലും എന്നെക്കുറിച്ച് ഇതു സംബന്ധിച്ച് നല്ല രീതിയിൽ ചോദിച്ചാൽ പോലും ഞാൻ പാനിക്കാവുമായിരുന്നു.

കുറേ സെഷൻസ് വേണ്ടിവന്നു, എനിക്ക് ആ വെല്ലുവിളികളെയൊക്കെ തരണം ചെയ്യാൻ. സത്യം പറഞ്ഞാൽ എനിക്കും ഭയമായിരുന്നു. അവർക്ക് എന്നെ മനസ്സിലാകില്ല എന്നും അവർ പറയുന്നത് എന്നെ സഹായിക്കാനാണ് എന്ന് എനിക്കും മനസ്സിലാകാത്ത സാഹചര്യങ്ങളെ ഞാൻ ഭയന്നു. എന്തായാലും നല്ല ധൈര്യത്തോടെ ഞാൻ എല്ലാറ്റിനേയും അതിജീവിച്ചു.

ഈ വിഷയത്തിൽ നിന്ന് പുറത്തുകടക്കാൻ എനിക്ക് സഹായം ആവശ്യമുണ്ടെന്നും അങ്ങനെ മാത്രമേ സ്വയം കെയർ ചെയ്യാൻ കഴിയൂ എന്നും ഞാൻ മനസ്സിലാക്കി. ഈ സമയത്തും എനിക്ക് പ്രിയപ്പെട്ടൊരാൾ എന്നോട് സഹായം ചോദിച്ചാൽ ഞാൻ ചെയ്യും. പക്ഷേ എന്നിലേക്ക് തിരിച്ചു വരുമ്പോൾ അതെന്നെ തളർത്തുകയും ചെയ്തു. ഉറങ്ങാൻ കുറച്ചു മരുന്ന് മാത്രം മതി. അതല്ലെങ്കിൽ കുറച്ചുനാൾ കഴിച്ചാൽ മതി എന്നായിരുന്നു തുടക്കത്തിൽ എന്‍റെ ചിന്ത. പക്ഷേ എനിക്ക് അതിലും മികച്ചത് വേണമെന്ന ചിന്ത പിന്നീടുണ്ടായി. ഞാൻ ചികിത്സ തേടി, ക്ലിനിക്കലി ഡിപ്രഷൻ ഡയഗ്നോസിസ് ചെയ്തശേഷം ഞാൻ ആ പാതയിലൂടെ മുന്നേറാൻ ശ്രമിക്കുകയാണ്. എന്നോടൊപ്പം നിൽക്കുക എന്നതായിരുന്നു എന്‍റെ വലിയ സ്ട്രഗിൾ.

മെന്‍റൽ സ്റ്റേജസിനെക്കുറിച്ച് സംസാരിക്കുമ്പോൾ സിഷോഫ്രെനിക്, അൽഷിമെർ തുടങ്ങിയ വാക്കുകൾ ആളുകൾ ഫ്രീക്വന്‍റ് ആയി ഉപയോഗിക്കുന്നത് സെൻസിറ്റീവ് ആയ ഒരു വിഷയമായി മാറുന്നുണ്ടോ?

ഒരു വ്യക്‌തി, അയാളുടെ അടുത്ത ബന്ധമുള്ള വ്യക്‌തിയൊക്കെ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുമ്പോഴാണ് ആ വാക്കുകൾ സെൻസിറ്റീവ് ആയി ഫീൽ ചെയ്യുന്നത്. ഉദാഹരണത്തിന് ഫെമിനിസം എന്ന വാക്കിനോട് ഞാൻ വളരെ സെൻസിറ്റീവ് ആയിരുന്നു. ഞാൻ എപ്പോഴും ഒരു ഫെമിനിസ്റ്റാണെന്ന് എനിക്കറിയാം. കാരണം എനിക്കതിൽ ചില അനുഭവങ്ങളുണ്ട്. എന്നാൽ പാർശ്വവൽക്കരിക്കപ്പെട്ട വേറെ ആളുകളെ അവരുടെ പോരാട്ടങ്ങളെ ഞാൻ മനസ്സിലാക്കാൻ ശ്രമിച്ചതോടെ സ്വന്തം അനുഭവങ്ങളെ മറ്റൊരാളുടേതുമായി ഇക്വേറ്റ് ചെയ്യാൻ കഴിയില്ല എന്നു വ്യക്‌തമായി. ഓരോരുത്തരുടേയും വേദനയും പോരാട്ടവും യുണീക്ക് തന്നെയാണ്. ഭാഷയെക്കുറിച്ച് പറയുമ്പോൾ ഫെമിനിസ്റ്റ് അടക്കം, പലവാക്കുകളും തമാശയ്ക്കായി ഉപയോഗിക്കാൻ ശ്രമിക്കുന്നതായി കാണാറുണ്ട്.

സ്വന്തം മാനസികാരോഗ്യത്തെ കുറിച്ച് ഒരു പൊതുയിടത്ത് എന്നാണ് ആദ്യമായി തുറന്നു സംസാരിച്ചത്?

ഇവിടെയാണ് ഞാൻ ആദ്യമായി ഇത്രയും വിശദമായി മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിച്ചത്. വിമൻ ഇൻ സിനിമ കളക്ടീവ് രൂപീകരിച്ചതിനു ശേഷം പേടിയൊക്കെ ഞങ്ങൾ മാറ്റിവച്ചു. എല്ലാം റിസ്കിലാണെന്ന മുന്നറിവാണ് അതിന് കാരണം. ഇന്‍റർവ്യൂകളിൽ ചോദിക്കുന്നതിന് മാത്രം ഉത്തരം നൽകുന്നതായി പതിവ്. പക്ഷേ എന്‍റെ ക്ലോസ് സർക്കിളുകളിൽ ദിനേന എന്ന വണ്ണം ഞാനെന്‍റ ഇമോഷൻസിനെ കുറിച്ച് പറയാറുണ്ട്. അതുതന്നെയാവാം ഇവിടെ സംസാരിക്കാൻ ആത്മവിശ്വാസം നൽകിയത്.

ലോക്ഡൗൺ വേളയിൽ ഗാർഹിക പീഡനം, മദ്യപാനം, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആദ്യമായി സംസാരിച്ച സംസ്ഥാനം കേരളമാണ്. ഇത് പ്രതീക്ഷിച്ചിരുന്നോ?

പൂർണ്ണമായും. ഭരണകൂടത്തിൽ അത്രയും വിശ്വാസമുണ്ട്. പ്രത്യേകിച്ചും നമ്മുടെ ആരോഗ്യമന്ത്രി കെ.കെ ഷൈലജടീച്ചറെ. രണ്ട് തവണയും നിപ ബാധയെ കേരളം കൈകാര്യം ചെയ്ത രീതിയെ. 2018 ലാണ് ആദ്യം നിപ വൈറസ് കോഴിക്കോട് പൊട്ടിപ്പുറപ്പെട്ടത്. അപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. 2019 ൽ ഞാൻ എറണാകുളത്തായിരിക്കുമ്പോൾ വൈറസ് സിനിമ ഇറങ്ങാൻ നേരത്താണ് രണ്ടാമത്തെ ഔട്ട് ബ്രെയ്ക്ക്. നൂറ് കണക്കിന് ആളുകളെ ക്വാറന്‍റൈൻ ചെയ്യുകയും മരണമില്ലാതെ ആ അവസ്ഥ മറികടക്കുകയും ചെയ്തു. നിപ വേവ് ആദ്യം ഉണ്ടായപ്പോൾ അതൊരു വലിയ പകർച്ചവ്യാധി ആയി കേരളത്തെ വിഴുങ്ങുമെന്ന് ഞാൻ ഭയന്നിരുന്നു. പക്ഷേ അതിനെ അതിജീവിച്ചത് ഗവൺമെന്‍റ് ആരോഗ്യപരിരക്ഷാ രീതികകളുടെ മികവ് വെളിപ്പെടുത്തുന്നു. പ്രതിപക്ഷത്തിനുപോലും ഈ ഗവൺമെന്‍റിന്‍റെ പ്രവർത്തനങ്ങളെ ഇക്കാര്യത്തിൽ അവഗണിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ ഗവൺമെന്‍റിനെ ഞാൻ 100 ശതമാനം പിന്തുണയ്ക്കുന്നു.

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പകർച്ചവ്യാധി തടയാൻ കൈക്കൊണ്ട രീതികളെക്കുറിച്ച് കേരളത്തിന് നല്ല ആത്മവിശ്വാസമുണ്ട്. ഇത് മറ്റ് സ്ഥലങ്ങളിൽ ഇല്ലെന്നാണോ?

കേരളഗവൺമെന്‍റ് ഈ സാഹചര്യത്തെ നേരിട്ട രീതി തന്നെയാണ് പ്രധാനം. സ്ഥിരതയോടെ കാര്യങ്ങളെ സമീപിക്കുകയും പതിവായി പത്രസമ്മേളനം നടത്തുകയും ചെയ്തു. കേരളത്തിലെ മന്ത്രിമാരും ആരോഗ്യപ്രവർത്തകരും ഒറ്റക്കെട്ടായി നിന്ന് നാം ഇതിനെ അതിജീവിക്കുമെന്ന വിശ്വാസം ജനങ്ങൾക്ക് സമ്മാനിച്ചു. ആ വിശ്വാസം നഴ്സുമാരുടെയും ഡോക്ടർമാരുടേയും പ്രവർത്തനത്തിലും ഉണ്ടായിരുന്നല്ലോ. കോവിഡ് 19 നെതിരെയുള്ള സംസ്ഥാനഗവൺമെന്‍റിന്‍റെ നടപടികൾ സമഗ്രമാണ്. അതാണ് ഈ പ്രതിസന്ധി തരണം ചെയ്യുന്ന വേളയിൽ ക്രേന്ദത്തിന് നഷ്ടമായിരിക്കുന്നത്.

2018 ലെ നിപാ ബാധയെ കേന്ദ്രീകരിച്ചുള്ള താങ്കളുടെ സിനിമ വൈറസിൽ കേന്ദ്രം കേരള ഗവൺമെന്‍റിനെ സമ്മർദ്ദം ചെലുത്തുന്നത് ഇതൊരു ജൈവായുധമാണോ എന്ന സംശയത്തോടെ കൂടുതൽ അന്വേഷണം നടത്താനാണ്. കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ ഈ സീനിനെ എങ്ങനെ വിലയിരുത്തുന്നു?

അത്തരമൊരു സാഹചര്യം ഹാന്‍റിൽ ചെയ്യുമ്പോൾ ആ സീൻ അനിവാര്യമാണ്. പ്രത്യേകിച്ചും ന്യൂനപക്ഷസമുദായങ്ങളോട് യുദ്ധസമാനമായ നിലപാടുകളുള്ളപ്പോൾ തബ്ലിഗി ജമാത് സ്കാൻഡൽ വന്ന സമയത്ത് വലിയ ചർച്ചകൾ ഇതേക്കുറിച്ചൊക്കെ നടന്നിട്ടുണ്ട്. പക്ഷേ കേരളത്തിൽ അങ്ങനെ ഒരു മതവിശ്വാസത്തിലോ അതിന്‍റെ വീഴ്ചകളിലോ ആരും ശ്രദ്ധ കേന്ദ്രീകരിക്കാറുമില്ല. അതിനർത്ഥം കേരളം വർഗീയ വിമുക്‌തമാണെന്നല്ല. പക്ഷേ ഇവിടെ അത്തരം കാര്യങ്ങൾ കോൺസ്റ്റന്‍റായ പരിശോധനയിലൂടെയാണ് പോകുന്നത്. അതിനാൽ കേരളത്തിന് പുറത്തു സംഭവിക്കുന്ന കാര്യങ്ങളെ കൃത്യമായി വിശകലനം ചെയ്യാൻ ഇവിടെയുള്ളവർക്ക് കഴിയുന്നു. ഓരോ സമുദായങ്ങളെ സിനിമകളിൽ പോർട്രയിറ്റ് ചെയ്യുന്ന രീതി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. മലയാളത്തനിമ എന്നു പറഞ്ഞാൽ തൃശൂരിലെ ഒരു മനയാണെന്ന് അർത്ഥമാക്കേണ്ടതില്ല. അതുപോലെ പ്രധാന കഥാപാത്രം തറവാടിന്‍റെ നേതാവ് ആകണമെന്നുമല്ല. കുറേ കാലങ്ങളായി സിനിമകളിൽ കേരളത്തം കാണിക്കാൻ ഒരു പ്രത്യേകരീതി അവലംബിക്കുന്നത് പതിവായിരുന്നു. പക്ഷേ ഇപ്പോൾ നമ്മൾ എല്ലാത്തരം കമ്മ്യൂണിറ്റികളും ഉൾപ്പെട്ട സാധാരണകഥകൾ ഇറങ്ങുന്നില്ലേ? ന്യൂനപക്ഷത്തിന്‍റെ സാധാരണത്തം പോപ്പുലർ കൾച്ചറായി പ്രദർശിപ്പിക്കപ്പെടുമ്പോൾ ആളുകളിലത് കൂടുതൽ സ്വാധീനം ചെലുത്തുന്നു. അതു തുടരുമെന്നാണ് എന്‍റെ പ്രതീക്ഷ.

ഈ പകർച്ചവ്യാധി സമയത്ത് വൈറസ് എന്ന സിനിമ ആളുകൾ കാണേണ്ടതിന്‍റെ പ്രാധാന്യം?

ഒരു പകർച്ചവ്യാധിയെ കുറിച്ച് അതും യാഥാർത്ഥ്യത്തിൽ സംഭവിച്ച ഒരു പകർച്ചവ്യാധിയെകുറിച്ചുള്ള സിനിമയാണ് വൈറസ്. അത് ഇത്തരം സംഭവങ്ങളെ കുറിച്ച് വലിയൊരു ഉൾക്കാഴ്ചയാണ് നൽകുന്നത്. ചിത്രത്തിൽ കാണിച്ചിട്ടുള്ള ബേസിക്കായ മെഡിക്കൽ കാര്യങ്ങൾ, യഥാർത്ഥമായ കാര്യങ്ങളാണ്. കൃത്യമായി കൈകാര്യം ചെയ്താൽ എല്ലാം ഭംഗിയായി മുന്നോട്ടുപോകുമെന്ന് ഈ ചിത്രം വ്യക്‌തമാക്കുന്നുണ്ട്. കോഴിക്കോട് നിപ ബാധ ഉണ്ടായവരിൽ ഭൂരിഭാഗവും രോഗബാധിതരെ സഹായിച്ചതുകൊണ്ട് പിടിപെട്ടവരാണ്. എന്നാൽ ഈ ബാധ നിയ്രന്തിക്കാൻ മൊത്തം ജനത ഒറ്റക്കെട്ടായി നിന്നു. ഇതാണ് സമൂഹത്തിന്‍റെ കൂട്ടായ്മയുടെ ശക്‌തി. ആ ശക്‌തിയിലേക്കാണ് വൈറസ് വിരൽ ചൂണ്ടുന്നത്. ഈ സന്ദേശമാണ് ഈ പകർച്ചവ്യാധി സമയത്തും ജനങ്ങളിലെത്തേണ്ടത്.

और कहानियां पढ़ने के लिए क्लिक करें...