നമ്മൾ മനുഷ്യർ നമ്മുടെ ഫിംഗർപ്രിന്‍റുപോലെ ഒന്നിനൊന്നു വ്യത്യസ്തമാണ്. അക്കൂട്ടത്തിൽ ടിക് ടോക്, ഇൻസ്റ്റാഗ്രാം എന്നീ സമൂഹ മാധ്യമങ്ങളിൽ ഒരാളെപ്പോലും ഫോളോ ചെയ്യാത്ത, എന്നാൽ തിരിച്ച് ഒരുലക്ഷത്തിലധികം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ധന്യ.എസ്. രാജേഷ് കേന്ദ്ര സർക്കാരിന്‍റെ ആപ്പ് നിരോധനത്തിന് തൊട്ടുമുമ്പ് ടിക്ടോക്കിൽ ഒരു മില്യൺ ഫോളോവേഴ്‌സ് എന്ന അപൂർവ്വ നേട്ടത്തിന് അടുത്തെത്തിയിരുന്നു.

വീട്ടിലേക്ക് നടന്നുപോകുമ്പോൾ കമന്‍റടിച്ച ചെറുക്കനെ മുന്നും പിന്നും നോക്കാതെ കരണക്കുറ്റി നോക്കി പൊട്ടിച്ച ധന്യ, സമൂഹ മാധ്യമങ്ങളിൽ ലൈവ് പോകുമ്പോൾ മോശം കമന്‍റിട്ടവനെ പേരെടുത്ത് പറഞ്ഞ് പച്ചയ്ക്ക് ചീത്ത വിളിച്ച തന്‍റേടിയായ പെൺകുട്ടിയാണ്. അതേ സമയം അച്ഛന്‍റെ ബിസിനസ്സ് നോക്കി നടത്തുന്ന ഉത്തരവാദിത്ത ബോധമുള്ള ഒരു വ്യക്തി കൂടിയാണ് ധന്യ എന്ന് പറയാതെ വയ്യ.

ഹെലൻ ഓഫ് സ്പാർട്ട എന്ന അപരനാമത്തിൽ സമൂഹ മാധ്യമങ്ങളിൽ തിളങ്ങുന്ന ധന്യ. എസ്. രാജേഷിനെയാണ് ഞാൻ പരിചയപ്പെടുത്തുന്നത്.

കലാരംഗത്തേക്കുള്ള വരവ് എങ്ങനെയായിരുന്നു?

പെരുമ്പള എൽ.പി.സ്‌കൂളിൽ പഠിക്കുമ്പോൾ മൂന്നാം ക്ലാസ് മുതൽ തിരുവാതിര കളിക്കുന്നുണ്ടായിരുന്നു. നാലാം ക്ലാസ് മുതൽ നാടകവും. പിന്നീട് പരവനടുക്കം ഹൈസ്‌കൂളിലേക്ക് മാറി. എട്ടാം ക്ലാസിലെത്തിയപ്പോൾ മുതൽ ഏകദേശം മൂന്ന് വർഷത്തോളം സിന്ധു ഭാസ്‌കറിന്‍റെ കീഴിൽ ക്ലാസിക്കൽ ഡാൻസ് അഭ്യസിച്ചു തുടങ്ങി. പ്ലസ് വൺ പ്ലസ് ടു സമയത്താണ് മോഡലിംഗ് ചെയ്യാൻ തുടങ്ങിയതും ഡ്രീം സോൺ ഫാഷൻ ഡിസൈനറിന് വേണ്ടി റാമ്പിൽ ചുവടുകൾ വച്ചതും.

ഡിഗ്രി ഫസ്റ്റ് ഇയർ മുതൽ കാസർകോടിലെ ഒരു ഓൺലൈൻ ചാനലിൽ ആങ്കറിംഗ് ചെയ്യാൻ തുടങ്ങി. അതിനിടയിൽ രണ്ട് ഷോർട്ട് ഫിലിമും ഒരു മ്യൂസിക് ആൽബവും ചെയ്യാൻ അവസരം ലഭിച്ചു.

ഡിഗ്രി ഫൈനൽ ഇയർ സമയത്ത് വെറുതെ സമയം കൊല്ലാൻ വേണ്ടിയാണ് ടിക്ടോക് വീഡിയോ ചെയ്തു തുടങ്ങിയത്. അച്ഛനും അമ്മയും സുഹൃത്തുക്കളുമായിരുന്നു വീഡിയോ എടുക്കാൻ സഹായിച്ചിരുന്നത്. അത് കേറി ക്ലിക്കായി.

സ്കൂൾ,കോളേജ് കാലഘട്ടത്തിലെ കലാരംഗത്തെ അപേക്ഷിച്ച് ഇപ്പോൾ ഏതൊക്കെ മേഖലയിലാണ് സാന്നിദ്ധ്യമറിയിച്ചിട്ടുള്ളത്?

ഇപ്പോൾ നാടകവും ഡാൻസും വിട്ടിട്ട് കാലം കുറേയായി. പ്രത്യേകിച്ചു കാരണമൊന്നുമില്ല. സ്റ്റേജ് കുറവാണ്. നാടകമൊന്നും ആർക്കും വേണ്ട.

പിന്നെ കോളേജിൽ ചേർന്നപ്പോൾ കുറച്ചുകൂടി ഫോക്കസ്ഡ് ആവണമെന്ന ചിന്തയിൽ നിന്നാണ് മോഡലിംഗിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചത്. എന്‍റെ ഭാഗ്യത്തിന് അത്യാവശ്യം വർക്കുകൾ ലഭിക്കുകയും ചെയ്തു. അങ്ങനെയാണ് മോഡലിംഗ് ഒരു സീരിയസ് പ്രൊഫഷൻ ആയി തിരഞ്ഞെടുത്തത്.

വീട്ടുകാരുടെ പിന്തുണകൂടി ഇക്കാര്യത്തിൽ ലഭിച്ചപ്പോൾ ആങ്കറിങ്ങിലും കൂടി ഒന്ന് കൈവയ്ക്കാമെന്നു തോന്നി.

പരിപാടികളുമായി ബന്ധപ്പെട്ടു വരുന്ന ചിലവുകൾക്ക് പണം കണ്ടെത്തുന്നതെങ്ങനെയാണ്?

ആദ്യമൊക്കെ അച്ഛന്‍റെ പോക്കറ്റ് മണി തന്നെയായിരുന്നു ശരണം. പിന്നെ അത്യാവശ്യം സമൂഹ മാധ്യമങ്ങളിൽ എക്സ്പോഷർ കിട്ടിത്തുടങ്ങിയപ്പോൾ മോഡലിംഗിനും ആങ്കറിംഗിനും പൈസ കിട്ടിത്തുടങ്ങി. പക്ഷെ, പലരും പ്രോഗ്രാമിന് വിളിക്കുമ്പോൾ നൽകുന്ന വാഗ്ദാനമൊന്നും പ്രോഗ്രാം കഴിഞ്ഞാൽ ഉണ്ടാവാറില്ല. അതാണ് ഈ ഫീൽഡിൽ ഞാൻ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം.

എന്‍റെ സ്വഭാവം അനുസരിച്ചു ഒരു വിലപേശലിന് നിൽക്കാൻ പറ്റാത്തതാണ് എന്‍റെ ദൗർബല്യം. അത് പലരും മുതലെടുക്കുന്നുമുണ്ട്. ഇനിയങ്ങോട്ട് കൃത്യമായി പൈസ പറഞ്ഞുറപ്പിച്ചു മാത്രമേ പ്രോഗ്രാം ചെയ്യുകയുള്ളൂ എന്ന് തീരുമാനിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്ത് ഞങ്ങളുടെ ബിസിനസ്സൊക്കെ കുറഞ്ഞപ്പോഴാണ് ശരിക്കും പണത്തിന്‍റെ മൂല്യം മനസ്സിലായത്.

ഭാവി പരിപാടികൾ?

ഇപ്പോൾ ഒരു ഓൺലൈൻ ചാനലിന് വേണ്ടി ആങ്കറിംഗ് ചെയ്യുന്നുണ്ട്. മലപ്പുറത്തെ അമ്രാൻ അമീൻ ഇക്കാന്‍റെ “വാൻ വരുവാൻ” എന്ന തമിഴ് മ്യൂസിക് ആൽബമാണ് ഇനി വരാൻ പോകുന്നത്.

സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. വെറുതേ ചവറ് സിനിമയിൽ അഭിനയിച്ചു സിനിമാക്കാരിയാകാൻ താത്പര്യമില്ല. നല്ലൊരു പ്രോജക്ടും നല്ലൊരു ടീമും ഒത്തുവന്നാൽ ഒരുപക്ഷെ അഭിനയിച്ചേക്കാം.

ആങ്കറിംഗ്, മോഡലിംഗ് രംഗത്തേക്ക് പുതുതായി കടന്നു വരുന്നവരോടും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരോടും എന്താണ് പറയാനുള്ളത്?

മോഡലിംഗ് ഫീൽഡിൽ പല ചതിക്കുഴികളും ഒളിഞ്ഞിരിപ്പുണ്ട്. അതുകൊണ്ടുതന്നെ ഈ ഫീൽഡിലേക്ക് ഇറങ്ങുമ്പോൾ വ്യക്തമായി കമ്പനിയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ആളുകളെക്കുറിച്ചും അന്വേഷിക്കുക. എന്താണ് തീം എന്നതിനെക്കുറിച്ചും കോസ്റ്റ്യും എന്താണ് എന്നതിനെക്കുറിച്ചും അറിഞ്ഞിരിക്കുക. അല്ലാതെ മോഡലിംഗ് എന്നു കേൾക്കുമ്പോൾ ചാടിക്കയറി പുറപ്പെട്ടാൽ ചീത്തപ്പേര് മാത്രം ബാക്കിയാകും. ആങ്കറിംഗ് ചെയ്യുമ്പോൾ നമ്മുടെ ടോണിനും ടേസ്റ്റിനും അനിസരിച്ചുള്ള തീമും ഷോയും തിരഞ്ഞെടുക്കുക.

കുടുംബം…?

അച്ഛൻ കെ. ആർ. രാജേഷ്, അമ്മ സുജ കെ. ആർ. അച്ഛൻ ചിന്നൂസ് ഇൻഡസ്ട്രിസ് എന്ന സ്ഥാപനം നടത്തുന്നു. അമ്മയും കൂടി സഹായിക്കുന്നുണ്ട്. പുട്ട് പൊടി, പത്തിരി പൊടി, ഗോതമ്പ് പൊടി എന്നിവ ഞങ്ങളുടെ സ്വന്തം മില്ലിൽ പൊടിച്ചു പാക്ക് ചെയ്ത് കടകളിൽ എത്തിക്കും. മില്ലിന്‍റെ കാര്യങ്ങൾ അമ്മയാണ് കൈകാര്യം ചെയ്യുന്നത്. രണ്ടു ചേച്ചിമാരെ ജോലിക്ക് വെച്ചിട്ടുണ്ട്. മാർക്കറ്റിൽ സാധനങ്ങൾ എത്തിക്കുന്നത് അച്ഛനാണ്. പരസ്യവും മാർക്കറ്റിങ്ങും കൈകാര്യം ചെയ്യുന്നത് ഞാൻ തന്നെയാണ്.

പഠനം…?

ബി.എ. ഇംഗ്ളീഷ് കഴിഞ്ഞു. പി.ജി ചെയ്യുന്നതിനെക്കുറിച്ചു ആലോചിച്ചില്ല.

കല്യാണം…?

രണ്ടോ മൂന്നോ വർഷത്തിനിടയിൽ അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.

ലൗ മാരേജ് ആണോ അറേഞ്ച്ഡ് മാരേജ് ആണോ…?

Of course Love marriage.

ആളാരാ…?

അത് സർപ്രൈസ് (കണ്ണിറുക്കുന്നു).

ഞാൻ കുറച്ചു ചോദ്യങ്ങൾ ചോദിക്കും. ഒന്നോ രണ്ടോ വാക്കുകളിൽ ഉത്തരം പറയുക.

രാഷ്ട്രീയം : താത്പര്യമില്ല

ജാതി, മതം : താത്പര്യമില്ല

സോഷ്യൽ മീഡിയ : കൊള്ളേണ്ടതിനെ കൊള്ളുകയും തള്ളേണ്ടതിനെ തള്ളുകയും ചെയ്യുക.

ട്രോളുകൾ : പോസിറ്റീവ് ആയി എടുക്കുന്നു.

മോശം കമന്‍റുകൾ : ഒരുകൂട്ടം തലയ്ക്ക് വെളിവില്ലാത്തവർ കുരയ്ക്കുന്നു. I don’t care.

ഫ്രണ്ട്‌സ് : നമ്മളെ നമ്മളായി കരുതുന്നവർ മാത്രം മതി.

ഫാമിലി : My strength, at the same time my weakness too…

ഒരു പെൺകുട്ടി എന്ന നിലയിൽ : Must be strong, be independent and react ചെയ്യേണ്ട കാര്യത്തിൽ ഇടം വലം നോക്കാതെ ചെയ്യുക.

വിദ്യാഭ്യാസം : പാഷൻ അനുസരിച്ചുള്ള വിദ്യാഭ്യാസം തിരഞ്ഞെടുക്കുക.

ഭക്ഷണം : ഇഷ്ടമുള്ളതെന്തും കഴിക്കും.

യാത്ര : ജീവിതത്തിന്‍റെ ഒരു ഭാഗമാണ്.

और कहानियां पढ़ने के लिए क्लिक करें...