കല്യാണം! ഈ വാക്കു കേൾക്കുമ്പോൾ നിങ്ങൾക്ക് ആണും പെണ്ണും തമ്മിലുള്ള, വർണാഭമായ, നാലാളെ വിളിച്ചുകൂട്ടിയുള്ള, ഒരു മത പുരോഹിതന്‍റെ കാർമികത്വത്തിൽ നടക്കുന്ന ചടങ്ങാണ് ഓർമ്മ വന്നതെങ്കിൽ നിങ്ങൾ ഒന്നുകിൽ ഒരു പാട്രിയാർക്കാണ്, അല്ലെങ്കിൽ പാട്രിയാർക്കിയൽ കണ്ടിഷൻ ചെയ്‌തെടുക്കപ്പെട്ട ഒരു ഇര! കല്യാണത്തെക്കുറിച്ചു ഗൃഹശോഭ ഒരു പ്രത്യേക പതിപ്പ് ഇറക്കുമ്പോൾ കല്യാണേതര ജീവിതങ്ങളെക്കുറിച്ചും ഭിന്ന ലൈംഗീകതയെ കുറിച്ചും കൂടി സംസാരിക്കേണ്ടതുണ്ട്; ഒപ്പം ഒരു ആരോഗ്യമുള്ള സമൂഹത്തിനായി അവയെയും കൂടി ഉൾക്കൊള്ളേണ്ടതിനെ കുറിച്ചും ചിന്തേറുകളുമായി ആനന്ദ് കൃഷ്ണമൂർത്തി എഴുതുന്ന പംക്തി തുടരുന്നു…
രണ്ടു കൊല്ലം മുൻപാണ്. ഒരു ദിവസം ക്ലാസ്സിൽ കേറി ചെന്നപ്പോൾ (ക്ലാസുകൾ ലെക്ചർ എന്നതിനേക്കാൾ ചർച്ചകൾക്കുള്ള വേദിയാകാൻ പരിശ്രമിക്കാറുള്ളതുകൊണ്ടാവണം) ഒരു കുട്ടികുറുമ്പൻ എണീറ്റ് നിന്ന് ചോദിച്ചു: “സർ ഈ ആർട്ടിക്കിൾ 377, 497 എന്നിവയെകുറിച്ചു എന്താണഭിപ്രായം?” ചരിത്രപ്രധാനമായ കോടതി വിധി വന്ന പശ്ചാത്തലത്തിലായിരുന്നു കുസൃതി ഒളിപ്പിച്ച ആ ചോദ്യം. (ആർട്ടിക്കിൾ 377: സ്വവർഗ രതി നിയമവിരുദ്ധമല്ല എന്ന് തിരുത്തിയ വിധി; 497 അഡൽറ്ററി (adultery) നിയമവിരുദ്ധമല്ല എന്ന വിധി പ്രസ്താവം.) ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുടെ ചോദ്യമാണ് എന്നത് കൊണ്ട് തന്നെ ഒന്ന് മയപ്പെടുത്തിയ ഉത്തരം കൊടത്തു: “ഇവയ്ക്കാധാരമായ സാംഗത്യങ്ങൾ മുൻപ് നടക്കാത്തതോ ഇനി നടക്കില്ലാത്തതോ അല്ല. ഈ വിധിക്ക് മുൻപും ഭിന്ന ലൈംഗീക താല്പര്യമുള്ളവർ ഉണ്ടായിരുന്നു, ഇനിയും ഉണ്ടാവും. ഈ വിധി വന്നത് കൊണ്ട് മാത്രം നാളെ രാവിലെ മുതൽ ജാരൻ ചെന്ന് “നിങ്ങളുടെ ഭാര്യയും ഞാനുമായി ബന്ധത്തിലാണ്” എന്ന് പ്രഖ്യാപിക്കില്ല. സമൂഹം സ്വവർഗ ലൈംഗീകതയോടോ അവിഹിത ബന്ധങ്ങളോടോ ഉള്ള സമീപനം ഒരു കോടതി വിധി കൊണ്ട് ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോളേക്കും മാറ്റാനും പോണില്ല. ആ കോടതി വിധി കൊണ്ട് ആകെ ഉള്ള ആശ്വാസം എന്നത് അത്തരക്കാർക്ക് നിയമ ദുരിതങ്ങളിൽ നിന്നും മോചനവും ആശ്വാസവും കിട്ടി എന്നത് മാത്രമാണ്! Marital- rape ഇന്നും ലീഗൽ ആയ നാടാണ് നമ്മുടേത് എന്നത് മറക്കരുത്!”
ഇരട്ടത്താപ്പിന്‍റെ സമൂഹപാഠങ്ങൾ!
സമൂഹം പ്രവർത്തിക്കുന്ന വഴികൾ അതീവ വിചിത്രമാണ്, പ്രത്യേകിച്ച് ലൈംഗീക സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ. നമുക്ക് ഒരു എളിയ ഉദാഹരണം നോക്കാം: രാജു എന്ന ഒരു കൗമാരക്കാരനുണ്ട് എന്ന് വെക്കുക. നാളെ അവനു പരീക്ഷയായതിനാൽ അവനെ വീട്ടിൽ തനിച്ചാക്കി അവന്‍റെ വീട്ടുക്കാർ എവിടെയെങ്കിലും അത്യാവശ്യമായി യാത്ര പോകുന്നു എന്ന് വെക്കുക (കഥയിൽ ചോദ്യമില്ല). കമ്പൈൻ സ്റ്റഡിക്കായി രാജുവിന്‍റെ സഹപാഠിയായ രാധ അവന്‍റെ വീട്ടിൽ വരുന്നു എന്ന് വെക്കുക. അവൾ വീട്ടിൽ കയറി ആ വാതിൽ അടയുന്ന നിമിഷം മുതൽ അയല്പക്കത്തു സദാചാരത്തിന്‍റെ കടുകുകൾ പൊട്ടി തുടങ്ങും. ഏറെ നേരമായിട്ടും വാതിൽ തുറക്കാഞ്ഞാൽ ചിലപ്പോൾ നാട്ടുകാർ ആ സദാചാര ബോധം അടക്കാൻ വയ്യാതെ വാതിലിൽ മുട്ടി പോലീസ് ചമയാനും മടിക്കില്ല. (രാജുവും രാധയും സത്യമായിട്ടും ആ അടഞ്ഞ വാതിലിനുള്ളിൽ അടുത്ത ദിവസത്തെ പരീക്ഷയ്ക്ക് പഠിക്കുക തന്നെ ആയിരുന്നിരിക്കാം, ഇല്ലേ?)
ഇനി, നമുക്ക് ഇതേ കഥയെ ചെറുതായ് ഒന്ന് മാറ്റി ചിന്തിക്കാം! രാജു എന്ന കൗമാരക്കാരന് രാജീവ് എന്നൊരു സുഹൃത്തുണ്ട്. അവരിരുവരും വാതിൽ അടച്ചിട്ട് ഏറെ നേരം വീട്ടുകാരില്ലാത്തപ്പോ ഒരുമിച്ച് പഠിക്കുന്നു; അഥവാ രാധ എന്ന കൗമാരക്കാരിക്ക് റാണി എന്നൊരു കൂട്ടുകാരിയുണ്ട്, അവരിരുവരും ഇത് പോലെ വീട്ടുകാരില്ലാത്തപ്പോ ഏറെ നേരം വാതിലടച്ചിട്ട് കുറെ നേരം ഒറ്റയ്ക്ക് പഠിക്കുന്നു. ആർക്കും ഒരു പ്രശ്നവും ഉണ്ടാവാനിടയില്ല. സദാചാര മുട്ടലുകളുമായി ഒരു നാട്ടുകാരനും വാതിലിൽ മുട്ടുകയില്ല. (ചിലപ്പോൾ രാജുവും രാജീവും പഠിക്കുകയല്ലായിരിക്കാം; രാധയും റാണിയും പഠിക്കുകയല്ലായിരിക്കാം; അവർ കൗമാര സഹജമായ ലൈംഗീക ജിജ്ഞാസകൾ പരസ്പരം പരീക്ഷിച്ച് ആഹ്ളാദിക്കുകയാവാം.)
ഈ കഥയിലെ വിരോധാഭാസമെന്തെന്നാൽ ആദ്യത്തെ സംഭവത്തിൽ വിവരിച്ച പോലുള്ള എതിർ ലിംഗ കൂടികാഴ്ചകളെ, എതിർ ലിംഗ ഇണചേരൽ ചോദനകളെ (ഇനി അഥവാ രാജുവും രാധയും തമ്മിൽ മുറി അടച്ചിരുന്നു ലൈംഗീക ആനന്ദത്തിൽ ആറാടുകയായിരുന്നെങ്കിൽ തന്നെ) തല്ലിക്കെടുത്തുന്ന അതെ സമൂഹം തന്നെ പിന്നീട് ഹെറ്ററോസെക്ഷ്വവൽ (hetero-sexual) വൈവാഹിക ജീവിതങ്ങളെയെ പിന്തുണയ്ക്കൂ എന്നതാണ്! മറ്റൊരു വിരോധാഭാസം ഇത്തരം ലൈംഗീക താൽപര്യമുള്ളവരെ “സ്ട്രൈറ്റ്” (straight) എന്ന് വിശേഷിപ്പിക്കുന്നു എന്നുള്ളതാണ്!
ഇനി, രണ്ടാമത്തെയും മൂന്നാമത്തെയും ഉദാഹരണങ്ങളിൽ ചൂണ്ടിക്കാണിച്ചത് പോലെ പ്രഥമദൃഷ്ട്യാ ഒരേ ലിംഗത്തിലുള്ള രണ്ടു പേരുടെ ഒരുമിച്ചിരിക്കലിനെ പ്രശ്നവത്കരിക്കാത്ത സമൂഹം തന്നെയാണ് ഹോമോസെക്ഷ്വവാലിറ്റിയെ കല്ലെറിയുന്നത് എന്നതാണ്! നേരത്തെ സൂചിപ്പിച്ച ആർട്ടിക്കിൾ 377 തിരുത്തപ്പെടുന്നത് വരെ അത് ‘അൺനാച്ചുറൽ’ അഥവാ ‘പ്രകൃതി വിരുദ്ധം’ എന്ന വിഭാഗത്തിലായിരുന്നു താനും!
തീർച്ചയായും ഇത് ഭിന്ന അഭിരുചിയുള്ളവരിൽ ഉണ്ടാക്കുന്ന സമ്മർദ്ദവും സംഘർഷവും ഒട്ടും ചെറുതല്ല.
ലൈംഗീകതയെ, ഇണ ചേരലിനെ, ഒരുമിക്കലിനെ ഹെറ്ററോസെക്ഷ്വവാലിറ്റിയിൽ തളച്ചിടുമ്പോൾ പലരും തങ്ങളുടെ യഥാർത്ഥ ലൈംഗീക സ്വത്വം തിരിച്ചറിയാനാവാതെ ജീവിതം തള്ളി നീക്കുന്നു. “സ്ട്രൈറ്റ്” (straight) എന്ന പദം മാത്രം കേട്ട് കണ്ടീഷൻ ചെയ്യപ്പെട്ട സമൂഹത്തിന് ചിലപ്പോ “ഹോമോസെക്ഷ്വവാലിറ്റി” എന്ന് കേട്ടാൽ ദഹിക്കാതെ വരും. മോണോഗമി നിഷ്കർഷിച്ചു നീങ്ങുന്ന സമൂഹത്തിൽ അത് കൊണ്ട് തന്നെ പോളിഗാമി പോളിആൻഡ്രി എന്നൊക്കെ കേട്ടാൽ തലകറങ്ങും; പോളിഅമോറി ഒന്നും സങ്കൽപ്പിക്കാൻ പോലും പറ്റാത്ത ഒരു ഊതി വീർപ്പിച്ച കുമിളയാണ് “പരിഷ്‌കൃത” സമൂഹം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത്! അത് കൊണ്ട് ഉണ്ടാകുന്ന വിപത്തുകളാണ് വിവാഹമോചനവും (അ)വിഹിത ബന്ധവും (വിപത്തു എന്നത് കൊണ്ട് നിങ്ങൾ വിചാരിക്കുന്നത് പോലെ സംഭവിക്കാൻ പാടില്ലാത്തത് എന്നല്ല ഞാൻ ഉദേശിച്ചത് കേട്ടോ! കല്യാണം എന്ന ഏക-ചിന്തീക-വ്യവസ്ഥാപിത പ്രസ്ഥാനത്തിന്‍റെ പരിണിത ഫലം ആണ് വിപത്തു എന്നതുകൊണ്ട് ഉദ്ദേശിച്ചത്.)
എന്ത് കൊണ്ട് എനിക്ക് ഒരു ഭാര്യയെ വേണം?
മഹാരാജാസ് കോളേജിൽ പഠിപ്പിച്ചിരുന്ന കാലത്തു ജൂഡ് ബ്രാഡിയുടെ “എന്ത് കൊണ്ട് എനിക്ക് ഒരു ഭാര്യയെ വേണം” എന്ന ലേഖനം പഠിപ്പിച്ചത് ഇപ്പോഴും ഓർക്കുന്നു: “എന്ത് കൊണ്ടാണ് ഭാവിയിൽ നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത്?” എന്ന ചോദ്യത്തിലാണ് ക്ലാസ് തുടങ്ങിയത്. “വെച്ച് വിളമ്പി തരാൻ ഒരുത്തിയെ വേണം, പാത്രം കഴുകാൻ ഒരുത്തിയെ വേണം, തുണിയലാക്കിത്തരാൻ ഒരുത്തിയെ വേണ്ടേ സാർ!!” എന്നിങ്ങനെ ഉത്തരങ്ങൾ വന്നുകൊണ്ടിരിക്കെ ഒരുത്തൻ നിഷ്കളങ്കമായ കൂസലില്ലായ്മയോടെ പറഞ്ഞു “എനിക്ക് സെക്സ് ചെയ്യാനും എന്‍റെ അച്ഛനേം അമ്മേനേം നോക്കാനും ഒരു ഭാര്യയെ വേണമല്ലോ!!” നേരത്തെ സൂചിപ്പിച്ച സ്റ്റീരിയോടൈപ്പിക്കൽ കണ്ടിഷനിംഗിന്‍റെ ഫലം ആണ് ഈ ഉത്തരങ്ങൾ ഒക്കെയും! അതിനെ തന്നെയാണ് ബ്രാഡി തന്‍റെ ലേഖനത്തിൽ പരിഹസിക്കുന്നതും. കുട്ടികളുമായുള്ള ചർച്ചയിൽ ഇത് പ്രതിപാദിക്കവേ ഞാൻ അവരോട് ചോദിച്ചു: “നിങ്ങൾക്ക് തുണി അലക്കാനോ, പാത്രം കഴുകാനോ, പാചകം ചെയ്യാനോ ആണെങ്കിൽ ഒരു വേലക്കാരിയെ വെച്ചാൽ പോരെ അല്ലാതെ വിവാഹം കഴിക്കേണ്ടതുണ്ടോ?” പറഞ്ഞപ്പോൾ ശ്രദ്ധിക്കാത്ത അബദ്ധം ക്ലാസ് കഴിഞ്ഞു ആലോചിച്ചപ്പോൾ തോന്നുകയും അടുത്ത ക്ലാസ്സിൽ തിരുത്തുകയും ചെയ്തു “നിങ്ങൾക്ക് തുണി അലക്കാനോ, പാത്രം കഴുകാനോ, പാചകം ചെയ്യാനോ ആണെങ്കിൽ ഒരു ‘വേലക്കാരനെയോ’ വേലക്കാരിയെയോ വെച്ചാൽ പോരെ അല്ലാതെ വിവാഹം കഴിക്കേണ്ടതുണ്ടോ?” ജൻഡർ ന്യുട്രാലിറ്റി (gender-nuetrality) ഒരു തരത്തിൽ പൊളിറ്റിക്കൽ കറക്ട്നെസ്സ് കൂടി ആണ്.
(അ) വിവാഹിതർ!
“വിവാഹം” എന്ന പാട്രിയാർക്കൽ ജീവിതശൈലി പിന്തുടരാൻ ആഗ്രഹിക്കാത്ത ഒരുപാട് പേർ നമുക്കിടയിലുണ്ട്. ആണ്, പെണ്ണിനെ “കെട്ടു”ന്ന, ആണിന് പെണ്ണിനേക്കാൾ അനാവശ്യ മേൽകൈ നൽകുന്ന, അടിമത്തമാണ് വിവാഹം എന്ന് വിശ്വസിക്കുന്ന ഒരുപാട് പേർ! ആധുനിക സമൂഹത്തിൽ, പ്രത്യേകിച്ചു മെട്രോ നഗരങ്ങൾ പകർന്നു നൽകുന്ന അപരിചിതത്വത്തിന്‍റെ സുരക്ഷാകവചത്തിൽ, “ലിവിങ് ടുഗെതെർ” എന്ന ഓമന പേരിലറിയപ്പെടുന്ന ആശയത്തെ പിൻപറ്റി സ്നേഹം പങ്കിടുന്നവരും ഒരു പടി കൂടി മുകളിൽ ലജ്ജയേതുമില്ലാതെ കാമം എന്ന നൈസർഗ്ഗീക ചോദനയെ ആഘോഷിക്കുന്നവരും നമുക്കിടയിൽ ജീവിക്കുന്നുണ്ട്. ഇത്തരക്കാർ സമൂഹത്തിനു നിരക്കാത്തവരാണ് എന്ന് വരുത്തിത്തീർക്കാനും “കൈ”കാര്യം ചെയ്യാനും സദാചാരത്തിന്‍റെ കാവൽക്കാർ സദാ മുന്നിട്ടിറങ്ങാറുമുണ്ട്. അല്ലെങ്കിലും ഈ ലോകത്തു ഭൂരിപക്ഷത്തിന്‍റെയും കൈയൂക്കിന്‍റെയും ഭയത്തിന്‍റെയും ഇരകളാണല്ലോ എപ്പോഴും ന്യൂനപക്ഷങ്ങൾ!
എന്നിരിക്കിലും എത്രമേൽ മനോഹരമായ ഒരു മോഹന ഏർപ്പാടാണ് അത്! പരിചയമില്ലാത്ത ഒരാളെ പൊതു ബോധത്തെയും സ്വകുടുംബത്തെയും ബോധിപ്പിക്കാൻ വേണ്ടി കെട്ടുന്നതിനേക്കാൾ എത്ര അഭികാമനീയമാണ് സ്വയം തിരഞ്ഞെടുത്ത സ്വന്തം അഭിരുചികളുമായി ഇണങ്ങി പോവുന്ന, തന്നെ ചരക്കായോ കച്ചവട വസ്തുവായോ കാണാത്ത, റെസിസ്റ്റോ കാസ്ടിസ്റ്റോ അല്ലാത്ത ഒരാളുമായി ജീവിതം പങ്കിടുന്നത്! അതല്ലേ ശെരിക്കും ഡെമോക്രസി?
അമ്മയുടെ മരണാനന്തരം എഴുതിയ ഓർമ്മക്കുറിപ്പിൽ ഒരൊറ്റ വരിയിൽ വന്നു പോകുന്ന എന്‍റെ ഇണയുണ്ടല്ലോ, ഒരുപാട് ബ്രോക്കൺ മാര്യേജുകൾ കണ്ടു വളർന്നത് കൊണ്ടാവാം “ഒരു ചരടിന്‍റെ ബലത്തിലുള്ള, അഥവാ ഒരു ഒപ്പാൽ രജിസ്റ്റർ ചെയ്യപ്പെടുന്ന” ദാമ്പത്യം നമുക്ക് വേണോ എന്ന് പലപ്പോഴും സന്ദേഹിക്കുന്നത്. പഠിപ്പിക്കാൻ തുടങ്ങിയ കാലം തൊട്ടേ വിവാഹം ധൂർത്താണെന്നും (അനാവശ്യ ആർഭാടം) സാമൂഹ്യ വിപത്താണെന്നും പ്രസംഗിച്ചു നടന്നിട്ടുള്ളത് കൊണ്ടും കൂടി ആവണം എനിക്കും മറിച്ചൊരു അഭിപ്രായം തോന്നിയിട്ടില്ല.
ഒരുമിച്ചുള്ള ജീവിതം പ്രണയത്തിന്‍റെ പൂര്‍ണ്ണതയാണെന്നും വിശ്വസിക്കുന്നില്ല; അതും പരസ്പര ബഹുമാനത്തിന്‍റെയും പങ്കുവെക്കലിന്‍റെയും തുടര്‍ച്ച മാത്രമാണ്. മാനസികമായി ഇരുവർക്കും ആ പാകതയെത്തുമ്പോൾ അങ്ങനൊരു ചരടേതുമില്ലാതെ (താലി ചരട് എന്ന അർത്ഥത്തിൽ മാത്രമല്ല, നോ സ്ട്രിങ്സ് അറ്റാച്ചഡ് എന്ന അർത്ഥത്തിലും), ഒരുമിച്ചു ജീവിക്കുന്ന ഒരു കിനാശ്ശേരി, അത് തന്നെയാണ് മോഹവും സ്വപ്നവും! രാവിലെ എണീക്കുമ്പോൾ ഒരു കപ്പ് കാപ്പിയുമായി ചെന്നു വിളിച്ചെണീപ്പിക്കുന്ന, പ്രാതലും ഊണും ഉണ്ടാക്കി ഊട്ടുന്ന, ജോലിക്ക് പോയി ക്ഷീണിച്ചു വരുമ്പോൾ വാതിൽ തുറന്നു കൊടുത്തു ആശ്ലേഷിക്കുന്ന, ആർത്തവ കാലത്തു കാൽ തിരുമ്മി കൊടുക്കുന്ന ആ “കുല” ഭർത്താവാകാൻ എനിക്ക് കൊതിയായിട്ട് വയ്യ!
അറേഞ്ച് മാര്യേജിനു മലയാള പദം എന്താണെന്ന് ചോദിച്ചാൽ ‘വിവാഹം’ എന്നും അതല്ലാത്തത് പ്രണയ വിവാഹമെന്നും പറഞ്ഞു തരുന്ന ഗൂഗിൾ ട്രാൻസ്‍ലേറ്ററെ പിൻപറ്റുന്ന യാഥാസ്ഥിതികർക്ക് ഞങ്ങളുടെ അത്തരമൊരു മായാ ലോകത്തിനെ വ്യാഖ്യാനിക്കാൻ വാക്കുകൾ കിട്ടിയേക്കില്ല, തീർച്ച! നിങ്ങളും മനസ്സിൽ ചോദിക്കുന്നുണ്ടാവും “നിങ്ങൾക്ക് വിവാഹം കഴിച്ചൂടെ?” എന്ന്!
വിവാഹം എന്ന സംഘടിത ആഭാസം!
ഒന്നോർത്താൽ വിവാഹത്തെക്കാൾ വലിയ ആഭാസം വേറെ ഇല്ല ലോകത്തിൽ. മതം, ലിംഗം, രാഷ്ട്രീയം എന്നിങ്ങനെ എല്ലാ വിപത്തുകളും വിവാഹത്തെ ഒരു നിയന്ത്രിക്കൽ മാർഗ്ഗമായി നിർലജ്ജം ഉപയോഗിച്ച് പോരുന്നു. എത്രയെത്ര കുരുന്നു പെൺജീവിതങ്ങളെയാണ് ഇവയൊക്കെ വിവാഹത്തിൽ കെട്ടി ഹോമിച്ചത്. വിവാഹ പ്രായം ഉയർത്തൽ നിയമം നടപ്പാവുമോ? അങ്ങനെയെങ്കിലും ഈ നാട്ടിലെ പെൺകുട്ടികൾക്ക് ഒരു വിമോചനപാത തുറക്കുമോ? മകന്‍റെ ദുശീലങ്ങൾ മാറ്റാനുള്ള ദുർഗുണ പരിഹാര പാഠശാലയല്ല വിവാഹം എന്നു എന്നാണ് മാതാപിതാക്കൾ തിരിച്ചറിയുക? നടന്നതിനേക്കാൾ പതിന്മടങ്ങുവേഗത്തിൽ എത്രയെത്ര വിവാഹങ്ങളാണ് വേർപിരിയലിനായ് കോടതിയിൽ എത്തുന്നത്?
കുറെപേരുടെ കച്ചവട താല്പര്യങ്ങളുടെ ഇര കൂടിയാണ് വിവാഹം. പൂക്കടകൾ, കാറ്ററിങ് സെർവീസുകാർ, ബാറുകൾ, ഡാൻസ് ഹാളുകൾ, തുണി കടകൾ, ആഭരണ നിർമാതാക്കൾ എന്നിവയ്ക്ക് ലാഭം കൊയ്യാനുള്ള ഒരു ഉപാധിയായി വിവാഹം മാറ്റപ്പെട്ടു കഴിഞ്ഞു. കുറച്ചു പേരെങ്കിലും ഇതിലൂടെ ജീവിത മാർഗം തേടുന്നു എന്ന സത്യവും മറക്കുന്നില്ല.
അതിനപ്പുറം മാഫിയകളും തീവ്രവാദികളും ആശ്രയിക്കുന്ന കള്ളപണത്തിന്‍റെ മുഖ്യ ശ്രോതസ്സു സ്വർണ-വജ്ര കടത്താണെന്നു ഇതിനകം നമുക്കെല്ലാം ബോദ്ധ്യപ്പെട്ടതാണല്ലോ. എന്നിട്ടും സാമ്പത്തിക ഞെരുക്കം പോലും വകവെക്കാതെ സമൂഹത്തിനെ/ പൊതു ബോധത്തിനെ തൃപ്തിപ്പെടുത്തുവാനായ് വിറ്റു പെറുക്കിയും കടമെടുത്തും ആർഭാട വിവാഹം നടത്തുന്നവർ നിരവധിയാണ്. ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്ത ഒരാൾ പോലും വിവാഹ സദ്യക്ക് ക്ഷണിക്കപ്പെടുന്നവരിൽ ഉണ്ടാവാറില്ല; എന്നിട്ടും എരിവില്ലെന്നും പുളിയില്ലെനും കുറ്റം പറയാൻ നാം അവരെ ക്ഷണിച്ചു വരുത്തി ഊട്ടുന്നു! ആ തുകയ്ക്ക് ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്തവർക്ക് ഒരു പൊതിച്ചോറ് വാങ്ങി നൽകിയാൽ പുണ്യം കിട്ടും, ഇല്ലേ? ഇതൊക്കെ കൊണ്ട് തന്നെയാണ് ‘ഗ്രാൻഡ് ഇന്ത്യൻ വെഡിങ്’ നെ തമസ്കരിക്കുന്ന ചെറിയപക്ഷം യുവതലമുറക്കാരെ ഞാൻ ബഹുമാനിക്കുന്നതും. പ്രണയിച്ചു വിവാഹം കഴിക്കുന്നവരാരും അർഭാടവിവാഹം നടത്തുന്നില്ല എന്നും പറയുന്നില്ല. ഒരുപാട് പേർ അങ്ങനെയും ചെയുന്നുണ്ട്.
രാഷ്ട്രീയ പ്രബുദ്ധതയുടെ പേരിലും നിർലോഭം സംഭാവന ചെയ്യുന്ന കലാകാരന്മാരുടെ പേരിലും “മിനി അധോലോകം” എന്ന ഓമനപേരിലൊക്കെ ചിലർ വിളിക്കുന്ന എറണാകുളത്തെ മഹാരാജാസ് കോളേജ്നു അധികമാർക്കും അറിയാത്ത വേറൊരു ഖ്യാതി കൂടി ഉണ്ട്: ഏറ്റവും കൂടുതൽ പ്രേമ വിവാഹങ്ങൾ (പ്രത്യേകിച്ചും മിശ്ര-വിവാഹങ്ങൾ) നടക്കുന്ന കലാലയം കുടി ആണ് അത്! അതായത് വിവാഹം എന്ന വൈറസിനെ ഉച്ചാടനം ചെയ്യുന്ന ഒരു ലബോറട്ടറി കൂടിയാണ് മഹാരാജാസ്!
എന്‍റെ സുഹൃത്തും അനിയനുമായ അമൽ ലാൽ പണ്ട് എഴുതിയത് പോലെ “അയ്യേ… നാണമില്ലേ തന്‍റെ മോളെ ഇന്നലെ കണ്ട, 5 മിനിട്ടു ചായ കുടിച്ചു സംസാരിച്ച, അപരിചിതന്‍റെ കൂടെ എന്നന്നേയ്ക്കുമായി ഇറക്കി വിടാൻ” എന്ന് അയൽവാസികൾ ചോദിക്കാൻ തുടങ്ങിയാൽ തീരാവുന്നതേയുള്ളു ഇതൊക്കെയും.
യൗവനം പ്രണയസുരഭിലവും ജീവിതം പരസ്പര ബഹുമാനം നിറഞ്ഞ പങ്കുവെക്കലും ആയിരിക്കട്ടെ.
ടുങ്കു ടുഹു ടുഹു!