ദിവ്യയുടെ കല്യാണം ഈയിടെയാണ് കഴിഞ്ഞത്. ഒരു ദിവസം അവൾ ഓഫീസ് വിട്ട് വീട്ടിലെത്തിയപ്പോൾ കണ്ടത് ഭർത്താവ് അരുൺലാൽ സോഫയിൽ ഇരുന്ന് കരയുന്നതാണ്. എന്താണ് കാര്യമെന്ന് ദിവ്യയ്ക്ക് ഒരു പിടിയും കിട്ടിയില്ല. അവളാകെ പേടിച്ചു പോയി. ദിവ്യ കുറേയധികം തവണ ചോദിച്ചെങ്കിലും കാര്യം പറയാനും കരച്ചിൽ നിർത്താനും അയാൾ കൂട്ടാക്കിയില്ല. അവസാനം അടുത്തിരുന്ന് ദിവ്യ നിർബന്ധിച്ചപ്പോൾ അരുൺ വായ തുറന്നു.
“ഞാൻ നിനക്ക് ഫോൺ ചെയ്‌തിരുന്നു. പക്ഷേ നീ ഫോൺ എടുത്തില്ല. ഞാൻ ബിസിയാണ് എന്ന മെസേജും വന്നു.”
ഇത് കേട്ട് ദിവ്യ ആശ്ചര്യപ്പെട്ടു. എന്ത് മറുപടി പറയണമെന്ന് അവൾക്ക് നിശ്ചയമില്ലായിരുന്നു. അരുണിന്‍റെ ഫോൺ വന്നപ്പോൾ ദിവ്യ ബോസുമൊത്തുള്ള ഒരു മീറ്റിംഗിൽ ആയിരുന്നു. സോറി പറഞ്ഞ് അരുണിനെ ആശ്വസിപ്പിച്ചെങ്കിലും ഇതുപോലുള്ള കാര്യങ്ങൾ പതിവായപ്പോൾ ദിവ്യയ്ക്കത് സഹിക്കാനായില്ല.
അവസാനം ഇതേപ്പറ്റി അരുണിന്‍റെ അമ്മയോട് സംസാരിച്ചപ്പോൾ അവർ ഒരു കാര്യം പറഞ്ഞു. “അവൻ ചെറുപ്പം മുതൽ വളരെ ഇമോഷണൽ ആണ്. ചെറിയ കാര്യത്തിനു പോലും മനസ്സ് വിഷമിക്കും. ഒന്നും സഹിക്കാനുള്ള ശക്‌തിയില്ലായിരുന്നു അവന്.”
അരുണിനെ പോലെ അനേകം ആളുകൾ ഉണ്ട്. വളരെ ഇമോഷണൽ ആയവർ. ഇത്തരക്കാർക്കൊപ്പം ജീവിതം നയിക്കുന്നത് കല്ലിലും മുള്ളിലും നടക്കുന്നതുപോലെയാണ്. എപ്പോൾ ഏതു കാര്യമാണ് അവരെ വേദനിപ്പിക്കുകയെന്ന് പറയാനാവില്ല. ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം വളരെ സുതാര്യമായിരിക്കണം. അവിശ്വാസം ഉടലെടുത്താൽ സംഗതി കുഴയും. തങ്ങളുടെ പങ്കാളിയ്ക്ക് പൂർണ്ണമായ സ്പേസ് നൽകുമ്പോഴാണ് ദാമ്പത്യം സുന്ദരവും സുഖപ്രദവുമാകുന്നത്. കുറ്റിയിൽ കെട്ടിയിട്ട ബന്ധങ്ങൾക്ക് അസ്വസ്ഥതകൾ കൂടും. ആധുനിക ജീവിത പരിസരത്തിൽ പങ്കാളിയുടെ സ്വാതന്ത്യ്രവും വ്യക്‌തിപരമായ കാര്യങ്ങളും വക വച്ചു കൊടുത്താലെ ബന്ധം സുതാര്യമായി മുന്നോട്ട് പോവുകയുള്ളൂ. സദാ സമയവും പങ്കാളിയെ ചുറ്റിപ്പറ്റിയാണ് ജീവിക്കുന്നതെങ്കിൽ പിന്നെ വ്യക്‌തിത്വത്തിന് എന്ത് പ്രസക്‌തിയാണുള്ളത്. ഇത്തരം ജീവിതം ഒരു ബാധ്യതയായി തീരുമെന്ന കാര്യം ആർക്കാണറിയാത്തത്.
നിങ്ങളുടെ ഭർത്താവ് അമിത വൈകാരികതയുള്ള ആളാണെങ്കിൽ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കണം. അദ്ദേഹത്തിന്‍റെ വിചാര വികാരങ്ങളെ വ്രണപ്പെടുത്താത്തവിധം പെരുമാറുക. ഇമോഷണൽ ആയ ആളുകളുടെ വലിയ കുഴപ്പം എന്താണെന്നു വച്ചാൽ നിങ്ങൾ എന്തെങ്കിലും കാര്യത്തിനു അവരെ തിരുത്താൻ ശ്രമിച്ചാൽ നിങ്ങൾ അവരെ അവഹേളിക്കുകയാണെന്ന് അവർ ധരിച്ചു കളയും. അതിനാൽ ഇത്തരക്കാർക്കൊപ്പം കഴിയുമ്പോൾ ചെറിയ ചെറിയ കാര്യങ്ങൾക്ക് വരെ ശ്രദ്ധ നൽകേണ്ടതായി വരുന്നു. അവരുടെ മനസ്സിന് ആത്മവിശ്വാസം നൽകുന്ന വിധം പെരുമാറിയാൽ ബന്ധം വഷളാവാതെ നിലനിർത്താം.
ഒരിക്കലും അവഗണിക്കരുത്
അമിത വൈകാരികതയുള്ളവർ പൊതുവെ നല്ല ചിന്താഗതിക്കാരായിരിക്കും. നേരെ വാ നേരെ പോ എന്ന ലൈൻ ഉള്ളവർ. അതിനാൽ തന്നെ പങ്കാളി തന്നിൽ നിന്ന് എന്തെങ്കിലും ഒളിച്ചു വയ്‌ക്കുന്നു എന്ന് തോന്നിയാൽ സംഗതി പിടുത്തം വിട്ട കേസായി മാറും. ആ ഡാമേജ് പിന്നെ എളുപ്പം പരിഹരിക്കാനാവില്ല. ഇത്തരക്കാർ പറയുന്നത് ശ്രദ്ധാപൂർവ്വം കേൾക്കുക. അപ്പോൾ അവരുടെ മനസ്സിൽ എന്താണുള്ളതെന്ന് മനസ്സിലാക്കാൻ സാധിക്കും. അതു നിലപാട് സ്വീകരിക്കാനും ഉതകും. ഇനി നിങ്ങൾക്കെന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ അത് ഉടനെ തുറന്ന് സംസാരിക്കുക. അവർ സംസാരിക്കുമ്പോൾ ഇടയ്ക്ക് കയറി ഇടപെടുകയും അരുത്. കക്ഷി എന്തിനാണ് പരിഭ്രമിക്കുന്നതെന്ന കാര്യം ഇത്തരം പെരുമാറ്റത്തിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാനും അത് പരിഹരിക്കാനും സാധിക്കും.
സത്യമറിയാൻ ശ്രമിക്കുക
എപ്പോഴും സെന്‍റിമെന്‍റൽ വർത്തമാനം പറയുന്ന കൂട്ടത്തിലാണ് നിങ്ങളുടെ ഭർത്താവെങ്കിൽ, നിങ്ങൾ കൂടെ തന്നെ നിൽക്കുക. ഓഫീസിലാണെങ്കിലും ഇടയ്ക്കിടയ്ക്ക് ഫോൺ ചെയ്ത് വിവരം ആരായാം. ഒന്നും സംസാരിക്കാനില്ലെങ്കിലും എന്തെങ്കിലുമൊക്കെ കാരണങ്ങൾ ഉണ്ടാക്കി സംസാരിക്കാൻ ശ്രമിക്കുക, ഇതവർക്ക് കരുത്ത് നൽകും. മനസ്സിലുള്ളത് തുറന്ന് പറയാൻ ധൈര്യം കാണിക്കുകയും ചെയ്യും. വിഷാദത്തിന്‍റെ കാരണം ചോദിച്ചറിയുക. ഇമോഷണൽ സപ്പോർട്ട് നൽകാനും മടിക്കരുത്. ഇത്തരക്കാരുമായി അധികം തർക്കിക്കാനും നിൽക്കരുത്. ഞാൻ എപ്പോഴും കൂടെയുണ്ട് എന്ന തോന്നൽ ഉണ്ടാക്കിയെടുക്കുക. ഇങ്ങനെയാവുമ്പോൾ എന്തു പ്രശ്നം ഉണ്ടാവുമ്പോഴും അദ്ദേഹം നിങ്ങളുടെ അടുത്ത് ആശ്വാസം കണ്ടെത്താനായി വരും. നിങ്ങളുടെ സഹകരണവും പിന്തുണയും കാരണം അദ്ദേഹം സാവധാനം നോർമൽ പെരുമാറ്റത്തിലേയ്‌ക്ക് തിരിച്ചു വരും.
ഹൃദയത്തിൽ ചേക്കേറാം
നിങ്ങൾ എത്രമാത്രം ഭർത്താവിന്‍റെ ഹൃദയത്തോട് അടുക്കുന്നോ അത്രമാത്രം അദ്ദേഹം നിങ്ങളെ ട്രസ്‌റ്റ് ചെയ്യാനും തുടങ്ങും. നിങ്ങൾ മറ്റാരേക്കാളും അദ്ദേഹത്തെ പരിഗണിക്കുന്നു, സ്നേഹിക്കുന്നു എന്ന തോന്നൽ തന്നെ ഇത്തരക്കാരിൽ വലിയ മാറ്റം കൊണ്ടുവരും. വൈകാരികമായ അരക്ഷിതത്വബോധം മാറാനും ധൈര്യത്തോടെ ജീവിതത്തെ നേരിടാനും നിങ്ങളുടെ സ്നേഹവും പിന്തുണയും സഹായകമായിരിക്കും. അദ്ദേഹത്തിന്‍റെ വിചാര വികാര വിക്ഷോഭങ്ങളിൽ നിങ്ങൾ ഒരു നല്ല മരുന്നായി പ്രവർത്തിക്കുക. ഇമോഷണൽ ബോണ്ടിംഗ് അതിപ്രധാനമാണ്. നല്ലകാലത്തും ചീത്ത സമയത്തും നിങ്ങളെന്നും ഒപ്പം ഉണ്ട് എന്ന് വിശ്വസിപ്പിക്കുക.
കാരണമറിയാൻ ശ്രമിക്കുക
നിങ്ങളുടെ ഭർത്താവ് ഇത്രയധികം ഇമോഷണൽ ആവാൻ എന്താണ് കാരണം എന്ന് മനസ്സിലാക്കാൻ ശ്രമിക്കണം. ബാല്യകാലത്തെപ്പറ്റിയും കോളേജ് ജീവിതത്തെപ്പറ്റിയും അറിയാൻ ശ്രമിക്കുക. ഭർത്താവിന്‍റെ അമ്മയോടും സഹോദരി സഹോദരന്മാരോടും മുൻകാല സുഹൃത്തുക്കളോടും ഇതേപ്പറ്റി ചോദിച്ച് മനസ്സിലാക്കുക. ഏതു പുരുഷനും വിവാഹത്തിനു മുമ്പ് അമ്മയോടും സഹോദരികളോടും ആവും കൂടുതൽ അടുപ്പം കാണിച്ചിട്ടുണ്ടാവുക. ഇനി ഏതെങ്കിലും പെണ്ണുമായി ബന്ധമുണ്ടായതിന്‍റെ പേരിലോ ചതി പറ്റിയതിന്‍റെ പേരിലോ ആണ് ഈ വൈകാരിക സ്വഭാവം രൂപപ്പെട്ടതെങ്കിൽ അതും അറിയാൻ കഴിയുമല്ലോ. ഇങ്ങനെ ആണെങ്കിൽ താൻ ഒരിക്കലും അങ്ങനെയല്ലെന്നും മുമ്പ് നടന്നത് കേവലം ഒരു ദു:സ്വപ്നമായി കാണാൻ ശ്രമിക്കണമെന്നും ധൈര്യം നൽകുക. ജീവിതകാലം മുഴുവൻ നിങ്ങൾ അദ്ദേഹത്തിനു മേൽ സ്നേഹം ചൊരിയുമെന്ന് പറയുക.
ജീവിതയാഥാർത്ഥ്യത്തെ നേരിടാൻ പഠിപ്പിക്കുക
അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ആശ്വാസം നിങ്ങളാവുക. നിങ്ങളുടെ പൂർവ്വകാല പ്രണയത്തെപ്പറ്റിയോ സുഹൃദ് ബന്ധത്തെപ്പറ്റിയോ ഇത്തരം സ്വഭാവക്കാരായ ഭർത്താവിനോട് പറയാതിരിക്കുന്നതാണ് നല്ലത്. ചിലപ്പോൾ അത് വളരെ നെഗറ്റീവായി എടുത്താൽ സംഗതി പ്രശ്നമാകും. വീണ്ടും വഞ്ചിക്കപ്പെട്ടു എന്ന തോന്നൽ വരാം. ഇത്തരക്കാരെ ജീവിത യാഥാർത്ഥ്യത്തെ നേരിടാനാണ് പഠിപ്പിക്കേണ്ടത്. അതിന് സ്നേഹപൂർവ്വം ദേഷ്യപ്പെടുകയുമാവാം. അറുത്തു മുറിച്ചു കാര്യം പറയുന്നതിനേക്കാൾ നല്ലത് കുട്ടികളോടെന്നപോലെ വാത്സല്യത്തോടെ കാര്യം പറഞ്ഞ് മനസ്സിലാക്കുന്നതാണ്. അവരെ ക്ഷമാപൂർവ്വം കേൾക്കാം. ഒരു ട്രിക്കി ആറ്റിറ്റ്യൂഡ് പ്രയോഗിക്കുന്നതാണ് നല്ലത്.
മാനസികമായ പിന്തുണ
മനസ്സ് വളരെ പ്രധാനമാണല്ലോ, ഏതു കാര്യത്തിനും വൈകാരിക ഭാവം കൂടുതലുള്ള പങ്കാളിയെ മെരുക്കാനും മാനസികമായ സപ്പോർട്ട് നൽകേണ്ടി വരും. നിങ്ങളില്ലാതെ എനിക്ക് ജീവിതം നയിക്കാനാവില്ല എന്ന് ഭർത്താവിനെ പറഞ്ഞ് മനസ്സിലാക്കുക. അപ്പോൾ തന്നെ കക്ഷിക്ക് ഒരു ധൈര്യക്കൂടുതൽ ലഭിക്കും. നിസ്സാര കാര്യത്തിനു കണ്ണ് നിറയ്‌ക്കുന്നത് നിർത്തും. ഇഷ്‌ടാനിഷ്ടങ്ങൾ തുറന്ന് പറയാനും മടിക്കരുത്.
ബെഡ്റൂമിലും അതിവൈകാരിക പ്രകടനം ആയിരിക്കും ഇത്തരക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടാവുക. അതിനും നിങ്ങൾ എതിര് നിൽക്കരുത്. പുള്ളി നിങ്ങളോട് കാണിക്കുന്ന അതേ വൈകാരികതയോടെ നിങ്ങളും സ്നേഹവും ആശ്വാസവും തിരിച്ചു നൽകുക. എന്ന് കരുതി എപ്പോഴും സുഖിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യണമെന്നില്ല. പ്രായോഗിക ജീവിതത്തിനു വേണ്ട വൈകാരികത മാത്രം നിലനിർത്താൻ പങ്കാളിയെ സഹായിക്കുകയാണ് വേണ്ടത്. പരസ്പരം താങ്ങാവുക.