ജനാലയ്ക്കരികിൽ നിൽക്കാൻ തുടങ്ങിയിട്ട് എത്ര നേരമായെന്ന് ഓരോർമ്മയുമില്ല. ഇന്നാണ് നൗഫിയയെ കാണാൻ പോകേണ്ടത്. ഉച്ചയ്‌ക്ക് പുറത്തു നിന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്നാണ് അവളുടെ ഓഫർ. വർഷങ്ങൾക്കു മുമ്പ് കണ്ടതാണ് ഇപ്പോൾ എങ്ങനെയിരിക്കുമെന്തോ? സ്കൂൾ കാലത്തെ ബെസ്‌റ്റ് ഫ്രണ്ട്, പക്ഷേ പിന്നീട് എപ്പോഴോ നഷ്ടപ്പെട്ടു പോയി.
ഫേസ്ബുക്കിലൂടെ നൗഫിയയെ കണ്ടെത്തിയപ്പോൾ എത്ര സന്തോഷമാണ് തോന്നിയത്. വിഭയുടെ ചുണ്ടിൽ ചിരി പടർന്നു. ഭാഗ്യം എന്നേ പറയേണ്ടു. നൗഫിയ ഈ സിറ്റിയിൽ തന്നെയുണ്ട്. അതു കൊണ്ട് കൂടിക്കാഴ്‌ച ഒരു പ്രയാസമുള്ള കാര്യമല്ല.
വളരെ സിംപിൾ ലുക്ക് തരുന്ന ഒരു കുർത്തി തന്നെ വിഭ തെരഞ്ഞെടുത്തു. നൗഫിയ ഇടയ്‌ക്ക് ഹാങ്ഔട്ട് ചെയ്യാറുണ്ടെന്നു പറഞ്ഞ റസ്‌റ്റേറന്‍റിൽ തന്നെയാണ് പോകുന്നത്.
വിഭ എത്തുന്നതിനും 10 മിനിട്ടു മുമ്പേ നൗഫിയ വന്നു സീറ്റു പിടിച്ചിരുന്നു. “ഹായ്… വിഭ! സുന്ദരിയായിരിക്കുന്നല്ലോ?” നൗഫിയ ചിരിയോടെ വിഭയെ കെട്ടിപ്പിടിച്ചു.
വിഭ മറുപടി അലസമായ ഒരു ചിരിയിലൊതുക്കി. പിന്നെ നൗഫിയയെ അടിമുടി നോക്കി. പഴയ നൗഫിയ തന്നെ. പക്ഷേ ആകെ ഒന്നുരുണ്ടു. ഒരാനച്ചന്തം എന്നൊക്കെ പറയുമ്പോലെ. അമ്മയായതിനു ശേഷം ഉണ്ടാകുന്ന ആ ഗ്രെയ്‌സ് നൗഫിയയുടെ മുഖത്ത് ഉണ്ട്. വർഷങ്ങളായി കൈമാറാൻ കാത്തു വച്ച വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ ഒന്നും പൂർത്തിയാക്കാൻ സമയം കിട്ടുന്നില്ലെന്ന് തോന്നിപ്പോയി.
നൗഫിയ വിവാഹത്തോടെ അധ്യാപന ജോലി വേണ്ടെന്നു വച്ചു. അവൾ കുടുംബത്തിനു വേണ്ടി മുഴുവൻ സമയവും നീക്കി വച്ചിരിക്കുകയാണ്. വിഭയാകട്ടെ പല ജോലികൾ പരീക്ഷിച്ചു. ഇപ്പോഴും സ്‌ഥിരമായൊരു മേൽവിലാസത്തിലേക്ക് കടന്നു വന്നിട്ടില്ല.
ഭക്ഷണം കഴിഞ്ഞ് ഡെസേർട്ട് ഓർഡർ ചെയ്‌തിരിക്കുമ്പോൾ നൗഫിയ തന്നെ കൗതുകത്തോടെ നോക്കിയിരിക്കുന്നത് വിഭ ശ്രദ്ധിച്ചു.
“യു ആർ സ്‌റ്റിൽ സോ ബ്യൂട്ടിഫുൾ വിഭ! കോളേജിൽ പഠിക്കുമ്പോൾ കണ്ട ആളേ അല്ല ഇപ്പോൾ. കൂടുതൽ സുന്ദരി, പക്ഷേ ആ കണ്ണിലെ ഭാവം അതു തന്നെ! അതു കേട്ടപ്പോൾ വിഭയുടെ കണ്ണുകൾ നിറഞ്ഞു.
“എന്താടാ? ഞാൻ എന്തെങ്കിലും…?” വിഭയുടെ ഭാവമാറ്റം കണ്ടപ്പോൾ നൗഫിയ അമ്പരന്നു.
“ഇല്ല… വാ… നമുക്ക് ഇറങ്ങാം. എനിക്ക് വീട്ടിൽ പോകാറായി.”
ഹോട്ടൽ ബില്ലടച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ ഇരുവരെയും മൗനം പൊതിഞ്ഞു നിന്നു.
തന്‍റെ പെരുമാറ്റത്തിൽ നൗഫിയയ്‌ക്ക് വിഷമമായിട്ടുണ്ടെന്ന് വിഭയ്ക്കറിയാം.
“ഞാൻ അൽപം കഴിഞ്ഞ് നിന്നെ വിളിക്കാം. ഇപ്പോൾ സംസാരിച്ചാൽ ഞാൻ ഇമോഷണലാകും. നിനക്കറിയാല്ലോ ഞാൻ ഒട്ടും സുന്ദരിയല്ല. എന്നിട്ടും നീ എന്നെ എന്തിനാ അങ്ങനെ വിളിച്ച് കളിയാക്കിയത്….? നൗഫിയ അവളെ ആശ്ചര്യത്തോടെ നോക്കി.
“വിഭ, ഇതു കഷ്‌ടം തന്നെ. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും അമ്മ പറഞ്ഞ കാര്യങ്ങളിൽ തന്നെയാണ് നിന്‍റെ മനസ്സ്…” വിഭയ്‌ക്ക് മറുപടി ഒന്നും പറയാൻ കഴിഞ്ഞില്ല.
ഇനിയും അവിടെ നിന്നാൽ താൻ ഉറക്കെ കരയുമെന്ന് അവൾ ഭയന്നു. അതിലെ വന്ന ഓട്ടോയ്ക്ക് കൈ കാണിച്ച് പെട്ടെന്ന് വിഭ കയറി ഇരുന്നു. നൗഫിയ്ക്കു നേരെ നോക്കാൻ പോലും അവൾ ഭയന്നു. വണ്ടി മുന്നോട്ടെടുത്തപ്പോഴും അവൾ തിരിഞ്ഞു നോക്കിയില്ല.
വീട്ടിൽ ചെന്നു കയറിയതേ വിഭ പൊട്ടിക്കരഞ്ഞു. താൻ എന്താണിങ്ങനെ?… എല്ലാറ്റിന്‍റേയും കാരണം സ്വന്തം അമ്മ തന്നെയോ… ഒരു പതിമൂന്ന് വയസ്സുകാരിയുടെ പഴയ ദിനങ്ങളിലേക്ക് അവളുടെ ഓർമ്മകൾ പടിയിറങ്ങി നടന്നു പോയി. അന്ന്… സ്ക്കൂൾ വിട്ടു വീട്ടിലെത്തുന്ന നേരത്ത് അമ്മ ഒരു പട്ടുസാരി മടക്കി വയ്‌ക്കുകയായിരുന്നു.
“ഹായ്… അമ്മ… നല്ല സാരി പുതിയതാ?” വിഭ കൗതുകത്തോടെ ഓടി വന്നു ചോദിച്ചു.
“ഏയ് എന്‍റെ അല്ല. ശുഭയുടെ കല്യാണമല്ലേ, ലക്ഷ്മിയാന്‍റി കൊണ്ടു വന്നതാ.” വിഭയുടെ സഹോദരി ശുഭയുടെ വിവാഹം ഉറപ്പിച്ച സമയമാണ്. സഹോദരിമാർ തമ്മിൽ 11 വയസ്സിന്‍റെ വ്യത്യാസമുണ്ട്. കൗമാരക്കാരിയായ വിഭ മെലിഞ്ഞ് ഇരുണ്ട പ്രകൃതമായിരുന്നു. ശുഭയാകട്ടെ യുവത്വത്തിന്‍റെ തുടിപ്പുള്ള സുന്ദരി. കുടുംബത്തിലെ ബ്യൂട്ടി ആണ് ശുഭ. ലക്ഷ്മി ആന്‍റി ശുഭചേച്ചിക്കാണ് കാഞ്ചീപുരം പട്ട് കൊണ്ടു വന്നത് എന്നറിഞ്ഞപ്പോൾ വിഭയ്‌ക്കു സന്തോഷമല്ല സങ്കടമാണ് തോന്നിയത്.
“എനിക്കൊന്നുമില്ലേ? ഈ ആന്‍റി എപ്പോഴും അങ്ങനാ. എനിക്കൊന്നും തരില്ല.”
“നിനക്ക് എന്ത് കൊണ്ടു വരണമെന്നാ? കണ്ടാൽ മതി… എലിയെ പോലൊരു കോലം. ശുഭയെ നോക്ക് അവൾക്ക് എല്ലാം ചേരും… നിനക്ക് എന്തിട്ടാലെന്താ? എട്ടുകാലിയെ പോലെയല്ലേ!”
വിഭ ആകെപ്പാടെ വിളറി വെളുത്തുപോയി. അവൾ കണ്ണാടിയിൽ ഉറ്റുനോക്കി. അമ്മ പറഞ്ഞത് ശരിയാണ്. കണ്ണാടി കളവു പറയില്ലല്ലോ. വിഭയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അന്നും തന്‍റെ വിഷമം പങ്കു വയ്‌ക്കാൻ നൗഫിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വർഷങ്ങൾക്കിപ്പുറം വിഭ വളർന്നു ഒരു പൂർണ്ണ സ്ത്രീയായി. വിടർന്ന ഇരുണ്ട കണ്ണുകളും മനോഹരമായ പുഞ്ചിരിയും അവൾക്കു കാലം സമ്മാനിച്ചു. ഒപ്പം, അമ്മ പാകിയ അപകർഷതാ ബോധവും നാൾക്കു നാൾ വളർന്നു.
കോളേജു കാലത്ത് ആരുടെയും മുഖത്തു നോക്കാൻ പോലും നാണമായിരുന്നു വിഭയ്ക്ക്. അമ്മയുടെ അഭിപ്രായം, പൊതുവിലുള്ള ചിന്തയാണെന്ന ധാരണയിൽ അവൾ ജീവിതം തുടർന്നു.
വർഷങ്ങൾ പിന്നിട്ടപ്പോൾ വിഭയും വിവാഹിതയായി. ഒരു പത്ര പ്രവർത്തകനാണ് ഭർത്താവ്. എഴുതാനും വായിക്കാനും ഉള്ള വിഭയുടെ താൽപര്യം വീണ്ടും ഉണർന്നുവെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ അതും ഉൾവലിഞ്ഞു.
എല്ലാറ്റിൽ നിന്നും പിന്നോട്ടു വലിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു വിഷമം അവളുടെ നെഞ്ചിനുള്ളിൽ കൂടുക്കൂട്ടിയിരുന്നു. വിഭ വിളിക്കുമെന്ന് പ്രതീക്ഷിച്ച് നൗഫിയ കാത്തിരുന്നു. ഒരാഴ്‌ചയായിട്ടും വിളി വന്നില്ല. ഒരു തിങ്കളാഴ്ച പുലർച്ചെ വിഭയ്‌ക്ക് നൗഫിയയുടെ കോൾ വന്നു.
“വിഭാ… ഞാൻ വരുന്നുണ്ട്. എനിക്ക് സംസാരിക്കണം.”
ഇത്തവണ കൂടിക്കാഴ്ച വീട്ടിൽ മതിയെന്ന് നൗഫിയ തീരുമാനിച്ചു. കൃത്യം 11 മണിക്ക് നൗഫിയ വന്നു. പുഞ്ചിരിയോടെ തന്നെ സ്വാഗതം ചെയ്യുന്ന വിഭയെ കണ്ട് അവൾ ആശ്വാസത്തോടെ കെട്ടിപ്പിടിച്ചു.
“വേഗം റെഡിയാവൂ… നമുക്ക് പുറത്തു പോകാം.” “എങ്ങോട്ട്? നീ ഇവിടെ കൂടാമെന്ന് പറഞ്ഞിട്ട് ഇപ്പോൾ പുറത്തു പോകാമെന്നോ?” വിഭയ്‌ക്ക് ആശ്ചര്യമായി.
“അതൊക്കെയുണ്ട്. നിന്‍റെ മനസ്സിൽ നിന്ന് ചില ബാധകൾ ഒഴിപ്പിക്കാനുണ്ട്.” നൗഫിയ കളിയാക്കി.
വിഭയ്ക്ക് മറുത്തൊന്നും പറയാനുള്ള സാഹചര്യം നൗഫിയ കൊടുത്തില്ല. നിർബന്ധിച്ച് റെഡിയാക്കിയ ശേഷം വിഭയെ കാറിലേക്ക് വലിച്ചു കയറ്റുകയായിരുന്നു എന്നു വേണമെങ്കിൽ പറയാം.
നഗരത്തിലൂടെ നൗഫിയയുടെ കാർ പാഞ്ഞു. കൂട്ടുകാരി അനിതയുടെ വീട്ടിലേക്കാണ് നൗഫിയ പോകുന്നതെന്ന് കുറേ ചോദിച്ചപ്പോൾ അവൾ പറഞ്ഞു.
“ഡോ. അനിത?”
“അതേ, ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്. നിന്നെ കുറിച്ച് ഞാൻ അനിതയോട് പറഞ്ഞപ്പോൾ അവളാണ് കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞത്. നിന്‍റെ അമ്മയുടെ ആ കമന്‍റ് നിന്‍റെ മനസ്സിൽ നിന്ന് പറിച്ചെറിയാൻ ഇതേ വഴിയുള്ളൂ.” വിഭ ആദ്യം ഒന്ന് ഞെട്ടി. ഈ ഒരു കൺസൾട്ടിംഗ് താനും ആഗ്രഹിച്ചതാണല്ലോ. പക്ഷേ ആരോട് പറയും. എങ്ങനെ പോകും എന്ന ടെൻഷൻ ആയിരുന്നു.
ഡോ. അനിത വളരെ സൗഹൃദത്തോടെ വിഭയെ സ്വീകരിച്ചു. “വിഭ… യു ആർ സൊ നൈസ് ഒരെഴുത്തുകാരി ആവാൻ ആഗ്രഹിച്ചിരുന്നുവെന്ന് നൗഫിയ പറഞ്ഞു. ക്രീയേറ്റീവ് റൈറ്റിംഗ് കോഴ്സിന് ചേരുകയും ചെയ്‌തു. ശരിയല്ലേ?”
ഡോ. അനിത, വിഭയുടെ കരം ഗ്രഹിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.
“നമുക്ക് നടന്നു സംസാരിക്കാം” അനിതയുടെ സ്നേഹപൂർവ്വമായ പെരുമാറ്റത്തിൽ വിഭയുടെ മനം ആർദ്രമായി. അവളറിയാതെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. മനസ്സിൽ ഒതുക്കി വച്ച വികാരങ്ങളും വിഷമങ്ങളും നിരാശകളും കണ്ണീരായി പുറത്തേയ്‌ക്ക് പ്രവഹിച്ചു. ഇതിനിടയിൽ അവൾ മനസ്സിൽ തോന്നുന്നതെല്ലാം പറഞ്ഞു കൊണ്ടേയിരുന്നു.
ഒരു മണിക്കൂറോളം നീണ്ട സംഭാഷണം അത് ദയാവായ്പോടെ ഡോ. അനിത കേട്ടിരുന്നു.
“വിഭാ, യു നീഡ് ടു ബെറി യുവർ പാസ്‌റ്റ്! അമ്മയ്‌ക്കു മാപ്പ് കൊടുക്കൂ. അതൊക്കെ മറക്കൂ. അമ്മ പറഞ്ഞത് തെറ്റു തന്നെ. ആ വാക്കുകളെ വിഭ പൊതുവായി എടുത്തത് അതിലും വലിയ തെറ്റാണ്. ആ തെറ്റാണ് ഒരു എഴുത്തുകാരി ആവുന്നതിൽ നിന്ന് നിന്നെ തടഞ്ഞു കൊണ്ടിരിക്കുന്നത്. എഫ്ബി ബ്ലോഗിലെ പോസ്റ്റുകൾ ഞാൻ വായിച്ചു. എത്ര സുന്ദരം, ആരുടെയും അംഗീകാരത്തിനു കാത്തു നിൽക്കരുത്. വേണ്ടത് സ്വന്തം അംഗീകാരമാണ്.”
വർഷങ്ങൾക്കു മുമ്പ് ഉണ്ടായിരുന്ന മെലിഞ്ഞു വിളറിയ ആ പെൺകുട്ടി അല്ല നിങ്ങൾ ഇന്ന്. വളരെ പക്വത വന്ന യുവതി. ഒപ്പം ഒരു കുടുംബം. ആരെങ്കിലും ഇനി കോംപ്ലിമെന്‍റ് ചെയ്‌താൽ, അതിനെ സന്തോഷത്തോടെ സ്വീകരിക്കൂ, എന്നിട്ട് ചുമ്മാ, ഒരു താങ്ക് യു പറഞ്ഞേക്കൂ.”
“ഒരു കാര്യം കൂടി. അമ്മ പറഞ്ഞ ആ വാചകങ്ങൾ ഒരിക്കൽ കൂടി ഈ കടലാസിൽ എഴുതു. എന്നിട്ട് അത് കീറി ടോയ്‍ലെറ്റിൽ ഫ്‌ളഷ് ചെയ്യൂ. ഇപ്പോൾ തന്നെ അത് ചെയ്യൂ.” ഡോക്‌ടർ പറഞ്ഞതു പോലെ തന്നെ വിഭ ചെയ്‌തു. വർഷങ്ങൾക്കു ശേഷം മനസ്സിന്‍റെ ഭാരം കുറഞ്ഞതായി വിഭയ്‌ക്കു തോന്നി.
“ഇനി വീട്ടിൽ പോകൂ, എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ. ഒരു വവിയ നോവലിസ്‌റ്റായി എനിക്ക് കാണണം.” ഡോ, അനിത ഗേറ്റു വരെ അവരെ അനുഗമിച്ചു.
വിഭ സന്തോഷത്തോടെ കൈ വീശി യാത്ര പറയുമ്പോൾ നൗഫിയ ആശ്വാസത്തോടെ പുഞ്ചിരിച്ചു കൊണ്ട് കാറിന്‍റെ ഡ്രൈവിംഗ് സീറ്റിലിരുന്നു.
രണ്ടു മാസങ്ങൾക്കു ശേഷം നൗഫിയക്ക് ഒരു കോൾ വന്നു.
“ഹലോ! നൗഫിയ! ഒരു ഹാപ്പി ന്യൂസ്. എന്‍റെ ചെറുകഥ സമാഹാരം പ്രസിദ്ധീകരിക്കാൻ പോകുന്നു. അടുത്ത മാസം!”
“ആഹാ! ഗ്രെയ്‌റ്റ് ന്യൂസ് ഡിയർ!” നമുക്കിത് ആഘോഷിക്കണം. ഞാൻ ഉടനെ വരുന്നു.”
നൗഫിയ എത്തുമ്പോൾ വിഭയും ഭർത്താവും ഉമ്മറത്തു കാത്തു നിൽക്കുന്നുണ്ടായിരുന്നു. “വിഭ… എനിക്ക് സന്തോഷമായി.”
“ഈ പുസ്‌തകം ഞാൻ നിനക്ക് സമർപ്പിക്കുകയാണ് നൗഫി.” വിഭയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. ആ നനവ് സന്തോഷത്തിന്‍റേതായിരുന്നു. ആ നനവിൽ അവളുടെ കവിളുകൾ തിളങ്ങി. ആത്വിശ്വാസത്തിന്‍റെ തിളക്കം…!