അദ്ധ്യയന സമയം അവസാനിച്ചതിന്‍റെ അറിയിപ്പായി മുഴങ്ങുന്ന മണിയടിസ്വരം കേട്ട് അന്നാദ്യമായി സാറാമ്മടീച്ചർ നടുങ്ങിപ്പോയി.
കൂട് തുറന്നുവിട്ട പക്ഷിക്കൂട്ടം പോലെ ഒമ്പതാം സ്റ്റാൻഡേർഡ് ബിയുടെ ക്ലാസ്റൂമിന് പുറത്തേക്ക് പായുന്ന വിദ്യാർത്ഥികളെ ടീച്ചർ ദൈന്യതയോടെ നോക്കി നിന്നു. അൽപ സമയത്തിനകം ഹെഡ്മാസ്റ്ററുടെ റൂമിൽ അരങ്ങേറാൻ പോകുന്ന കുറ്റവിചാരണയെക്കുറിച്ച് ഓർത്തപ്പോൾ അപമാന ഭീതികൊണ്ട് ടീച്ചറുടെ നെറ്റിത്തടത്തിൽ വിയർപ്പ് പൊടിയാൻ തുടങ്ങി.
കയ്യിൽ നിവർത്തിപ്പിടിച്ചിരുന്ന പുസ്തകമടച്ച് മേശപ്പുറത്ത് വയ്ക്കുമ്പോഴേക്കും കുട്ടികളുടെ ആരവം അകന്ന് ഇല്ലാതായി കഴിഞ്ഞിരുന്നു. ഒരു കാലടിസ്വരം മാത്രം മറികടന്ന് പോകാൻ മടിച്ചിട്ടെന്നപോലെ നേർമുമ്പിലെത്തി, നിശ്ചലമായി. പ്രിയപ്പെട്ട വിദ്യാർഥിനികളിൽ ഒരുവളായ വിദ്യ! ടീച്ചറുടെ മുഖത്ത് തങ്ങിനിന്ന അവളുടെ നിറഞ്ഞു തൂവുന്ന കണ്ണുകൾ സ്വന്തം നിസ്സഹായതയെ ഓർമ്മിപ്പിച്ചുകൊണ്ട് ക്ഷമ യാചിക്കുകയാണ്.
മൗനം വാചാലമാകുന്ന നിമിഷങ്ങൾ…
“വിഷമിക്കണ്ട, പൊയ്ക്കോ” ടീച്ചറവളെ യാത്രയാക്കി. പിന്നെ വേപഥുവോടെ ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് നടന്നു.
എതിരെ നടന്നുവന്ന അദ്ധ്യാപകർ ടീച്ചറെ അനുതാപത്തോടെ നോക്കിക്കൊണ്ട് കടന്നുപോയി. അവരിൽ ചിലർ ടീച്ചറെ ആശ്വസിപ്പിക്കാനും ധൈര്യം പകരാനും വൃഥാശ്രമം നടത്തുകയും ചെയ്തു. ഹെഡ്മാസ്റ്ററുടെ മുറിയിലെത്തിയപ്പോൾ അവിടെ അദ്ദേഹത്തെ കൂടാതെ പാരന്‍റ് ടീച്ചർ അസോസിയേഷന്‍റെ ഭാരവാഹിയും ഒമ്പതാം സ്റ്റാൻഡേർഡ് ബിയിലെ മൂന്ന് വിദ്യാർഥികളും അതിൽ രണ്ടു വിദ്യാർഥികളുടെ ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ളവരെന്ന് തോന്നിക്കുന്ന മാതാപിതാക്കളും സന്നിഹിതരായിരുന്നു.
ഹെഡ്മാസ്റ്ററുടേതൊഴിച്ച് മറ്റെല്ലാവരുടേയും പരിഹാസവും പകയും അവജ്‌ഞയും കലർന്ന നോട്ടം ഏറ്റു വാങ്ങിക്കൊണ്ട് ടീച്ചർ ഹെഡ്മാസ്റ്ററുടെ മേശക്കരികിലേക്ക് ഒതുങ്ങിനിന്നു. എല്ലാവരുടേയും നേരെ കൈകൂപ്പിയെങ്കിലും ആരും അത് കണ്ടതായി ഭാവിച്ചില്ല. രണ്ടാമത്തേത് സാറാമ്മ ടീച്ചറുടെയും. ഒരു കാരണവും കൂടാതെ സ്വന്തം മക്കളെ ടീച്ചർ നിർദ്ദാക്ഷിണ്യം പ്രഹരിച്ചു എന്ന ആരോപണവുമായി അവിടെ സന്നിഹിതരായിരിക്കുന്ന രക്ഷിതാക്കളിൽ നിന്നും പരാതിക്കത്ത് ലഭിച്ച ദിവസം ഹെഡ്മാസ്റ്റർ, ടീച്ചറുടെ സൂക്ഷിപ്പിൽ നിന്നും വാങ്ങിവച്ചതായിരുന്നു അത്.
സാറാമ്മ ടീച്ചറപ്പോൾ ചൂരലുമായി ബന്ധപ്പെട്ട പഴയൊരു സംഭവം ഓർത്തുപോയി. വർഷങ്ങൾക്ക് മുമ്പ് തന്‍റെ മകൻ ഈ സ്ക്കൂളിൽ വിദ്യാർത്ഥിയായിരുന്ന കാലം. ഒരു കൗമാരക്കാരന്‍റെ വികൃതിയും ശാഠ്യങ്ങളും അവനുണ്ടായിരുന്നു. ഇടയ്ക്കൊക്കെ അത് അദ്ധ്യാപകരുടെ ചെറിയ ചൂരൽപ്രയോഗം വരെ എത്താറുമുണ്ട്.
“അമ്മച്ചീം ഒരു ടീച്ചറല്ലേ? എന്നെ തല്ലിയ മാസ്റ്ററോട് എന്‍റെ മോനെ വെറുതെയിട്ട് തല്ലുന്നതെന്തിനായെന്ന് മുഖത്ത് നോക്കിയങ്ങോട്ട് ചോദിക്കാൻ മേലെ?” എന്നവൻ പരാതി പറയുമ്പോഴെല്ലാം തന്‍റെ മറുപടി ഇങ്ങനെയായിരുന്നു.
“മാസ്റ്റർ അടിച്ചെങ്കിലെ തക്ക കാരണം കാണും. അത് നീ നന്നാവാൻ വേണ്ടിയാ. ക്ലാസിൽ നിന്‍റെ പെരുമാറ്റം എങ്ങനെയാണെന്ന് ഞാനാ മാസ്റ്ററോട് ചോദിച്ചു നോക്കട്ടെ”
വർഷങ്ങൾ പലത് കടന്നുപോയി. മകൻ ഉയർന്ന ബിരുദങ്ങൾ നേടി. നല്ലൊരു ജോലിയുമായി കുടുംബസമേതം മറുനാട്ടിൽ സുഖമായി കഴിയുന്നു. തന്നെ നേർവഴിയ്ക്ക് നയിച്ച അദ്ധ്യാപകരെക്കുറിച്ച് സംസാരിക്കുമ്പോൾ അവനിപ്പോൾ നൂറ് നാവാണ്. നാട്ടിൽ വരുമ്പോഴേല്ലാം അവൻ അവരിൽ ചിലരെയൊക്കെ പോയി കാണാറുമുണ്ട്. അതെല്ലാം പഴയകഥകൾ. ഇന്ന് വള്ളിച്ചൂരൽ പ്രതിക്കൂട്ടിലായിരിക്കുന്നു. അദ്ധ്യാപന രീതികളും സമീപനവും അടിമുടി മാറിമറിഞ്ഞിരിക്കുന്നു. ഗുരുശിഷ്യബന്ധങ്ങൾ അടിക്കടി ഉലയുന്നു. വാക്കേറ്റങ്ങളും കയ്യേറ്റങ്ങളും വിദ്യാഭ്യാസ അന്തരീക്ഷത്തെ പ്രക്ഷുബ്ധമാക്കുന്നു. തെറ്റ് ആരുടേതാണ്?… ആരുടെ?…
ഒരു പാഴ്വസ്തുവിനെ എന്ന പോലെ മേശപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട ചൂരലുകൾ ഒരിക്കൽകൂടി ടീച്ചറുടെ ശ്രദ്ധ ആകർഷിച്ചു. ദീർഘകാലത്തെ അദ്ധ്യാപന ജീവിതത്തിൽ വിദ്യാർത്ഥികൾക്ക് നേരെ അത് പ്രയോഗിച്ചിട്ടുള്ളത് ഈ ഒരവസരത്തിൽ മാത്രം. എങ്കിലും വിദ്യാർത്ഥികൾ ചൂരലിനെ ഭയഭക്‌തി ബഹുമാനങ്ങളോടെയാണ് കാണുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മേശപ്പുറത്തടിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ട് വിദ്യാർത്ഥികളുടെ ഇടയ്ക്കിടെ പതറുന്ന ശ്രദ്ധയെ തിരിച്ചുപിടിക്കാനും ഹോംവർക്ക് ശ്രദ്ധയോടെ ചെയ്തുകൊണ്ടുവരാനുള്ള മൗനാഹ്വാനം നൽകാനും മറ്റും അച്ചടക്കത്തിന്‍റെ നേർവര പോലെ ക്ലാസ്റൂമിൽ ആ ചൂരലിന്‍റെ സാന്നിദ്ധ്യമുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ…
“കുന്തം വിഴുങ്ങിയപോലെ നിൽക്കാതെ ടീച്ചർ എന്‍റെ ചോദ്യത്തിന് മറുപടി പറ” രക്ഷിതാക്കളിൽ ഒരാളുടെ ആക്രോശം ടീച്ചറെ മനോരാജ്യത്തിൽ നിന്നുണർത്തി.
ഹെഡ്മാസ്റ്ററപ്പോൾ പതിഞ്ഞ സ്വരത്തിൽ നിർദ്ദേശിച്ചു. “സ്വന്തം മക്കളെ ശിക്ഷിക്കാൻ മാത്രം അവരെന്ത് തെറ്റാണ് ചെയ്തതെന്ന് വിശദീകരിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്”
“അതേ. ഞങ്ങൾക്ക് വിശദമായി തന്നെ മറുപടി തരണം.” പാരന്‍റ് ടീച്ചർ അസോസിയേഷന്‍റെ ഭാരവാഹി തറപ്പിച്ചു പറഞ്ഞു.
ടീച്ചർ തൊണ്ടയൊന്ന് ശുദ്ധീകരച്ചശേഷം വിറയാർന്ന സ്വരത്തിൽ നടന്ന സംഭവങ്ങൾ വിശദീകരിക്കാൻ തുടങ്ങി.
“കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഉച്ചനേരത്തെ ഇടവേളയ്ക്കുശേഷം ഒമ്പതാം ക്ലാസ് ബിയിൽ ഒന്നാം പിരിയഡ് എന്‍റെ ക്ലാസാണ്. ഞാൻ ക്ലാസ്റൂമിലേക്ക് ചെന്നപ്പോൾ കണ്ട കാഴ്ച നിങ്ങളുടെ മക്കളായ അശോകനും അമീറും ദേ ഈ ജോസുകുട്ടിയും വിദ്യ എന്ന വിദ്യാർത്ഥിനിയുടെ ചുറ്റിനുമായി കൂടി നിൽക്കുന്നതാണ്. വിദ്യ ഭയന്ന് നിലവിളിക്കുന്നുമുണ്ട്. ഞാൻ ആൺകുട്ടികളോട് അവരവരുടെ സീറ്റിൽ പോയിരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അവരെന്നെ തള്ളിമാറ്റി. രണ്ടുപേർ വിദ്യയെ ബന്ധിച്ച് നിർത്തുകയും മൂന്നാമൻ അവളുടെ ചുമലുകളിൽ പിൻ ചെയ്തിരുന്ന ഷോൾ പിടിച്ച് വലിക്കുകയും ചെയ്തു. പിടിവലിയിൽ അവളുടെ ചുരിദാറിന്‍റെ കൈ കീറിത്തുടങ്ങിയിരുന്നു. ഈ മൂന്ന് പേരും ക്ലാസിൽ പല ചട്ടമ്പിത്തരങ്ങളും കാണിക്കാറുണ്ട്. ഞാനവരെ ഉപദേശിക്കാറുമുണ്ട്. പക്ഷേ ഇത്… ഈ… നടക്കുന്ന കാഴ്ച എനിക്ക് സഹിക്കാനായില്ല. വിദ്യയെ എങ്ങനെയെങ്കിലും രക്ഷിക്കാനുള്ള തത്രപ്പാടിൽ ഞാൻ ചൂരലെടുത്ത് മൂന്നുപേരെയും സർവ്വശക്‌തിയുമെടുത്ത് അടിച്ചു എന്നത് നേരാണ്. അതോടെ അവർ എന്തെല്ലാമോ അസഭ്യം പറഞ്ഞുകൊണ്ട് പുറത്തേക്ക് ഓടിപ്പോയി. ഭയന്ന് വിറച്ചുനിൽക്കുന്ന വിദ്യയെ ഞാൻ ഒരു വിധത്തിൽ ആശ്വസിപ്പിച്ച് അവളുടെ സീറ്റിൽ കൊണ്ടുപോയി ഇരുത്തി. പിന്നെ മനസ്സിനെ വരുതിയിലാക്കാൻ ശ്രമിച്ചുകൊണ്ട് ക്ലാസെടുക്കാൻ തുടങ്ങി. ഇതെല്ലാമാണ് അന്ന് നടന്നത്.”
അശോകന്‍റെ മമ്മിയപ്പോൾ അമർഷം തുളുമ്പുന്ന സ്വരത്തിൽ പരാതി പറഞ്ഞു. “ടീച്ചറും ടീച്ചറിന്‍റെ ചൂരലും. മൂന്നാല് ദിവസമായി എന്‍റെ മോന്‍റെ കാലിലെ പാട് ചുവന്ന് തിണർത്ത് കിടക്കുകയാ..”
“ടീച്ചറീ പറയുന്നതെല്ലാം ശുദ്ധനുണയാണെന്നാണ് എനിക്ക് തോന്നുന്നത്” അശോകന്‍റെ ഡാഡി ധാർമ്മിക രോഷത്തോടെ പ്രസ്താവിച്ചു.
“അതെ കല്ലുവച്ച നുണ. ഹെഡ്മാസ്റ്റർ ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ മാനേജ്മെന്‍റിനോട് ആവശ്യപ്പെടണം” അമീറിന്‍റെ ഡാഡി ശാസനാസ്വരത്തിൽ അഭിപ്രായപ്പെട്ടു.
പാരന്‍റ് ടീച്ചർ അസോസിയേഷന്‍റെ ഭാരവാഹിയപ്പോൾ സാറാമ്മ ടീച്ചറെ വിചാരണ ചെയ്യും പോലെ കർക്കശ സ്വരത്തിൽ ചോദിച്ചു” ക്ലാസ്റൂമിലെ സംഭവം സ്വന്തം തെറ്റ് ന്യായീകരിക്കാൻ ടീച്ചർ കെട്ടിച്ചമച്ച കഥയല്ലേ?”
വീറോടും സങ്കടത്തോടും കൂടി ഇടറുന്ന സ്വരത്തിൽ ടീച്ചർ അറിയിച്ചു. “അയ്യോ. അല്ല യഥാർഥത്തിൽ അതാണ് സംഭവിച്ചത്”
“അപ്പോൾ ക്ലാസിൽ മറ്റു കുട്ടികൾ ഉണ്ടായിരുന്നല്ലോ, ഇല്ലേ?” ഒരു കുറ്റാന്വേഷകന്‍റെ ഗൗരവത്തോടെ അയാൾ തുടർന്ന് ചോദിച്ചു.
“ഉവ്വ് എല്ലാവരും ഉണ്ടായിരുന്നു”
“എങ്കിൽ അവരും ഈ സംഭവത്തിന് സാക്ഷികളാണല്ലോ. പക്ഷേ അവരാരും സാക്ഷി പറയാൻ മുന്നോട്ട് വന്നിട്ടില്ല. ഞാൻ എത്ര ചുഴിഞ്ഞു ചോദിച്ചിട്ടും ഒന്നും അറിയില്ലെന്നായിരുന്നു അവരുടെ മറുപടി. വിദ്യ എന്ന വിദ്യാർത്ഥിനി പരാതി ഒന്നുമില്ലെന്ന് എഴുതി ഒപ്പിട്ടു തരികയും ചെയ്തു. ഇതിൽ നിന്ന് ഞങ്ങൾ എന്താണ് മനസ്സിലാക്കേണ്ടത്?”
ജോസുകുട്ടിയുടെയും അശോകന്‍റെയും അമീറിന്‍റെയും കണ്ണുകൾ അപ്പോൾ അന്യോന്യമിടഞ്ഞു. ചുണ്ടുകളിൽ മൃഗീയമായ ഒരു പരിഹാസച്ചിരി തെളിഞ്ഞു.
“വിദ്യാർഥികളാരും ഒന്നും തുറന്ന് പറയാത്തത് ഇവരെ മൂന്ന് പേരെയും ഭയന്നിട്ടായിരിക്കും” ടീച്ചർ സങ്കോചത്തോടെ അറിയിച്ചു,
“ഹോ! ഒരു പെങ്കൊച്ചിനോട് ഇത്തരത്തിൽ ഒരക്രമം ചെയ്യാന്നൊക്കെ പറഞ്ഞാൽ… ഇല്ല എന്‍റെ മോൻ ഒരിക്കലും അങ്ങനെയൊന്നും ചെയ്യില്ല. എനിക്ക് ഉറപ്പുണ്ട്” അശോകന്‍റെ ഡാഡി ദൃഢസ്വരത്തിൽ പ്രഖ്യാപിച്ചു.
“എന്‍റെ മകനെക്കുറിച്ച് എനിക്കും അത് തന്നെയാ പറയാനുള്ളത്” അമീറിന്‍റെ ഡാഡിയും വാദിച്ചു.
പാരന്‍റ് ടീച്ചർ അസോസിയേഷന്‍റെ ഭാരവാഹി സ്വന്തം ചുമതല നിർവ്വഹിക്കാനെന്നപോലെ അറിയിച്ചു. “ഞങ്ങൾക്ക് ചില തീരുമാനങ്ങൾ എടുത്തേ പറ്റൂ. അത് സ്ക്കൂളിന്‍റെ നിലനിൽപ്പിന് അത്യാവശ്യവുമാണ്. ടീച്ചർ സർവ്വീസിൽ തുടരുന്നത് അപകടമാണെന്നും ടീച്ചറെ ഉടനെ തന്നെ പിരിച്ചുവിടണമെന്നും ഞങ്ങളുടെ അസോസിയേഷൻ സ്ക്കൂൾ മാനേജ്മെന്‍റിനോട് ആവശ്യപ്പെടാൻ പോകുകയാണ്.
അപ്പോഴേക്കും മെലിഞ്ഞുണങ്ങിയ ഒരു പാവപ്പെട്ട സ്ത്രീരൂപം ആ മുറിക്കകത്തേക്ക് ഓടിക്കയറി വന്നു.
“ആരാ നിങ്ങള്?” ഹെഡ്മാസ്റ്റർ ചോദിച്ചു.
ജോസുകുട്ടിയുടെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് അവരറിയിച്ചു “ഞാനീ സാമദ്രോഹീടെ അമ്മച്ചി കൊച്ചുത്രേസ്യയാ സാറേ… എവനേം ചെങ്ങാതികളേം തല്ലീന്നും പറഞ്ഞ് നിങ്ങളെല്ലാം കൂടി ഈ സാറാമ്മ ടീച്ചറെ കൊത്തിക്കീറുവാന്ന് നമ്മടെ പിലോമിന ടീച്ചറാ പറഞ്ഞേ. എവനും എവന്‍റെ സ്നേഹിതന്മാരും ചെയ്ത കടുംകൈ എന്താണെന്ന് ടീച്ചറ് പറഞ്ഞ് തന്ന്. അത് കേട്ടപ്പോ ചങ്ക് കലങ്ങിപ്പോയി സാറന്മാരെ. ചില നേരുകള് ഇവിടെ അറിയിക്കാൻ ഓടിപ്പാഞ്ഞ് വരികേർന്ന്.” മുഖത്തെ വിയർപ്പുചാലുകൾ തോൾമുണ്ട് കൊണ്ട് തുടച്ചുകൊണ്ട് അവർ വിതുമ്പുന്ന സ്വരത്തിൽ തടർന്നു.
“നേരം പരപരാ വെളുക്കുമ്പ തൊടങ്ങി ഇരുട്ടണവെര കൊട്ടേല് മീനും ചുമന്നോണ്ട് നടന്ന് കച്ചോടം ചെയ്തുണ്ടാക്കണ കാശും കൊണ്ടാ സാറന്മാരെ അപ്പനില്ലാത്ത ഇവനെ ഞാൻ പള്ളിക്കൂടത്തിൽ അയക്കണത്. വളർന്നപ്പോ എവന് ദെവസോം കാശ് വേണം. കഞ്ചാവടിക്കാനാ. കാശ് കൊടുത്തില്ലെങ്കിൽ ഈ തലതെറിച്ചവൻ എന്നെ തല്ലിക്കൊല്ലാൻ വരും.”
അമീറിനെയും അശോകനേയും ചൂണ്ടിക്കാണിച്ചുകൊണ്ട് കൊച്ചു ത്രേസ്യ തന്‍റെ സത്യപ്രസ്താവം തുടർന്നു. “എവെൻറ ചങ്ങാതികളാ ദേ ഈ ഇരിക്കണ ആങ്കൊച്ചുങ്ങള്. സാറമ്മാര് വിചാരിക്കണപോലെ എവര് പുണ്യവാളന്മാരൊന്നും അല്ലാട്ടാ. നമ്മടെ ഷാജി മൂപ്പന്‍റെ പെട്ടിക്കടേടെ പെറകില് മൂന്നും കൂടി നിന്ന് കഞ്ചാവ് പൊകക്കണത് ഞാൻ കണ്ണോണ്ട് കണ്ടിട്ടുള്ളതാ. ഇന്നുച്ചയ്ക്കും കണ്ട്. കഞ്ചാവ് ശിരസ്സേ കേറിയ പിന്നെ വല്ല വെളിവുണ്ടാക്വോ? ടീച്ചറ് അപ്പോ അവിടെ എത്തീത് ആ പെങ്കൊച്ചിന്‍റെ പാക്യം. അല്ലെങ്കീ..”
അപ്പോഴെക്കും ജോസുകുട്ടി മേശപ്പുറത്തിരുന്ന ചൂരലൊന്ന് കൈക്കലാക്കി “എടീ നിന്നെ ഞാനിന്ന് കൊല്ലും” എന്നലറിക്കൊണ്ട് കൊച്ചു ത്രേസ്യയെ പൊതിരെ തല്ലാൻ തുടങ്ങി. ഹെഡ്മാസ്റ്റർ ജോസ്കുട്ടിയെ തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഒരു നിമിഷത്തേക്ക് സ്തംഭിച്ചു നിന്നുപോയ സാറാമ്മ ടീച്ചർ പെട്ടെന്ന് കർത്തവ്യനിരതയായി. മേശപ്പുറത്തിരുന്ന ചൂരലെടുത്ത് സ്വന്തം അമ്മച്ചിയെ തല്ലുന്നോടാ എന്ന് പുലമ്പിക്കൊണ്ട് ജോസ്കുട്ടിക്ക് പൊള്ളുന്നൊരു അടികൊടുത്തു. അതോടെ ജോസുകുട്ടി ടീച്ചറുടെ നേരെ തിരിഞ്ഞു. പാരന്‍റ് ടീച്ചർ അസോസിയേഷൻ ഭാരവാഹി പാഞ്ഞുവന്ന് ജോസുകുട്ടിയുടെ കൈപ്പിടിയിൽ നിന്ന് ബലം പ്രയോഗിച്ച് ചൂരൽ വിടുവിച്ചെടുക്കുകയും കലിയടങ്ങുന്നതുവരെ അതുകൊണ്ടവനെ പലതവണ പ്രഹരിക്കുകയും ചെയ്തു.
അമീറിന്‍റെയും അശോകന്‍റെയും മാതാപിക്കളപ്പോൾ സ്വന്തം മക്കൾ ഈയിടെയായി ഓരോ കാരണങ്ങൾ പറഞ്ഞ് പണമാവശ്യപ്പെടാറുള്ളതും പഠനത്തിൽ പഴയതുപോലെ ശ്രദ്ധിക്കാറില്ലെന്നതും ഓർമ്മിച്ചുകൊണ്ട് ഇരുട്ടടി കിട്ടിയതുപോലെ മരവിച്ചിരിക്കുകയായിരുന്നു. നാളെ തങ്ങൾക്കും സംഭവിച്ചേക്കാവുന്ന ദുർഗതിയെക്കുറിച്ചും അവർ ഓർത്തുപോയി. അസോസിയേഷൻ ഭാരവാഹി ജോസുകുട്ടിയെ കീഴ്പ്പെടുത്തിയതോടെ അന്തരീക്ഷത്തിൽ അസ്വസ്ഥമായൊരു മൂകത പടർന്നു.
കയ്യിലിരുന്ന ചൂരൽ മേശപ്പുറത്ത് നിക്ഷേപിച്ചു കൊണ്ട് സാറാമ്മ ടീച്ചർ പറഞ്ഞു. “ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്ന് നിങ്ങൾക്കിപ്പോൾ ബോദ്ധ്യമായിക്കാണുമല്ലോ. ഇനി എനിക്ക് ആത്മാഭിമാനത്തോടെ തന്നെ ജോലിയിൽ വിരമിക്കാം. വിദ്യാർഥികൾ വഴി തെറ്റിപ്പോകുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് സൗകര്യമെന്നും തെറ്റുകൾ ചൂണ്ടിക്കാണിച്ച് അവരെ തിരുത്താൻ ശ്രമിക്കുന്നത് കൂടുതൽ ശ്രമകരമാണെന്നും അറിയാഞ്ഞിട്ടല്ല. വിദ്യാർത്ഥികളെ നേർവഴിയ്ക്ക് നയിക്കേണ്ടത് സ്വന്തം കടമയാണെന്ന ബോധമുള്ളതുകൊണ്ടാണ് എന്നെപ്പോലുള്ള അധ്യാപകർ കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ അവരെ ഉപദേശിക്കുന്നതും ചെറിയ ശിക്ഷകൾ നൽകുന്നതും. ഞാനെല്ലാം മതിയാക്കുകയാണ്. ഈ മൂന്ന് വിദ്യാർഥികൾക്കും നന്മകൾ നേർന്നുകൊണ്ട് ഞാൻ രാജിവയ്ക്കുന്നു.”
കൊച്ചുത്രേസ്യയുടെ വിയർപ്പും കണ്ണീരും പുരണ്ട ചൂരലിലേക്ക് ഒരിക്കൽ കൂടി സാറാമ്മടീച്ചറുടെ നോട്ടം പാറിവീണു.
കുറ്റബോധം കൊണ്ട് നീറുന്ന മനസ്സുമായി പരാതിക്കാർ പ്രതികരിക്കാൻ പോലും മറന്നു നിൽക്കുമ്പോൾ ടീച്ചർ മെല്ലെ പുറത്തേക്കിറങ്ങി. കൊച്ചുത്രേസ്യ പിറകെയും.
സ്ക്കൂളിന്‍റെ ഗേറ്റിനടുത്ത് എത്തിയപ്പോൾ രണ്ട് പതിറ്റാണ്ടിലധികം കാലം തന്‍റെ കർമ്മ വേദി ആയിരുന്ന സ്ക്കൂൾ കാമ്പസിനോട് വിട പറയാനെന്ന പോലെ സാറാമ്മ ടീച്ചർ പിന്തിരിഞ്ഞ് നോക്കി. അടഞ്ഞു കിടക്കുന്ന ക്ലാസ്റൂമുകളുടെ മുന്നിലെ വരാന്തയിലിപ്പോൾ ഇരുട്ട് ചിറകനക്കി തുടങ്ങിയിരുന്നു.