തെളിഞ്ഞ ആകാശമുള്ള ഞായറാഴ്ച ആയിരുന്നു അന്ന്. പ്രത്യേകിച്ച് എവിടെയും പോകാനൊന്നുമില്ലാത്തതിനാൽ ഞാൻ മുറിയിൽ അലസമായി പത്രം വായിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഞാൻ ചെറിയച്ഛനെ ശ്രദ്ധിച്ചത്. എന്‍റെ അടുത്ത് വന്ന് നിസംഗനായി നിൽക്കുന്നു. “ഞാൻ നിന്‍റെ കൂടെ ഇരുന്നോടെ” ഞാൻ നോക്കിയപ്പോൾ ചെറിയച്ഛൻ പറഞ്ഞു.

“എന്താ കാര്യം ചെറിയച്‌ഛാ… വലിയ മുഖവുരയൊക്കെയാണല്ലോ, എന്തുപറ്റി?” എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടോ?”

“ഹേയ് എനിക്കിപ്പോ ഒരു കുഴപ്പവുമില്ല. നിന്നോട് എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്” ഇരുന്ന ശേഷം ചെറിയച്ഛൻ സാവധാനം സംസാരിച്ചു തുടങ്ങി.

“എന്നാൽ നമുക്കിന്ന് മുഴുവൻ സംസാരിച്ചിരിക്കാം” ഞാൻ ഉത്സാഹത്തോടെ പേപ്പർ മടക്കി ഒരറ്റത്തേയ്‌ക്ക് മാറ്റിവച്ചു. പക്ഷേ ചെറിയച്ഛൻ ഒന്നും സംസാരിക്കാതെ ശാന്തനായി എന്നെ തന്നെ നോക്കിയിരുന്നു.

“എന്താ ചെറിയച്ഛാ… എന്തെങ്കിലും പ്രശ്നം അലട്ടുന്നുണ്ടോ? മനസ്സിലുള്ളത് എന്താണെന്ന് വച്ചാ പറയൂ…” നിങ്ങൾ പറയുന്നതെന്തായാലും ഞാൻ കേൾക്കാം.”

ചെറിയച്ഛന്‍റെ മൗനം എന്നെയും അസ്വസ്ഥനാക്കി.

“മോനെ രമേശാ… നീ ഒരിക്കലും ഞാൻ പറയുന്നത് അനുസരിക്കാതിരുന്നിട്ടില്ല. ആ ധൈര്യത്തിലാണ് ഞാനിത് നിന്നോട് ഒരു കാര്യം പറയാമെന്ന് വച്ചത്. നീ മിതാലിയെ കല്യാണം കഴിക്കണം. എന്‍റെയും ചെറിയമ്മയുടെയും ആഗ്രഹമാണ്. അവൾക്കൊരു തുണയാവണം ചെറിയ പ്രായത്തിൽ വിധവയായവളാണ്… ജീവിതം ഇനിയും ഏറെ മുന്നോട്ട് ജീവിക്കാനുണ്ട്. ആ യാത്ര അവൾക്ക് ഒറ്റയ്‌ക്ക് പറ്റില്ല. ഞങ്ങൾ വൃദ്ധന്മാർ. അവളെ എത്രകാലം നോക്കും. ഞങ്ങളുടെ കാലം കഴിഞ്ഞാൽ അവൾ എവിടെപ്പോകും…?” ചെറിയച്ഛൻ ഇതു പറഞ്ഞ് തീർന്നപ്പോഴേക്കും കണ്ണ് നിറഞ്ഞൊഴുകി, തൊണ്ടയിടറി.

ഞാൻ നിർവികാരനായി ചെറിയച്ഛനെ കേട്ടിരുന്നു. പക്ഷേ എന്തോ… മുഴുവനും പിടികിട്ടാത്തപ്പോലെ മനസ്സ്… ഞാൻ വല്ലാത്ത ഒരു പ്രതിസന്ധിയിലായി പോയി. ഒരു വശത്ത് ഞാൻ പ്രണയിക്കുന്ന പെൺകുട്ടി. മറുവശത്ത് ചെറിയച്ഛന്‍റെ ആഗ്രഹം. ഉത്തരവാദിത്വം എന്നെ ഏൽപ്പിക്കാനുള്ള അവരുടെ തീരുമാനം നല്ലതു തന്നെ. പക്ഷേ… ഈ കാര്യത്തിൽ എനിക്ക് എന്താണ് ചെയ്യാനാവുക. ചെറിയച്ഛനും ചെറിയമ്മയുമാണ് എന്നെ വളർത്തി വലുതാക്കിയത്. ആ സ്നേഹം നഷ്‌ടപ്പെടുത്താനും, അവരെ സങ്കടപ്പെടുത്താനും വയ്യ. അതുപ്പോലെ പ്രണയ വഞ്ചന കാണിക്കാനും പറ്റില്ല.

എന്‍റെ ബാല്യത്തിന്‍റെ തുടക്കം വളരെ സന്തോഷപ്രദമായിരുന്നു. ഞാൻ എന്‍റെ മാതാപിതാക്കളുടെ ഏക സന്താനമായിരുന്നു. അച്‌ഛൻ ബാങ്ക് മാനേജർ ആയിരുന്നു. അമ്മ ജോലി ഉപേക്ഷിച്ച് സ്വയം വീട് നോക്കാൻ തയ്യാറായി. എന്നെ നല്ല രീതിയിൽ വളർത്താനായിട്ട്. അമ്മയ്ക്ക് സ്നേഹിക്കാൻ മാത്രമേ അറിയുമായിരുന്നുള്ളൂ. അതിനാൽ മുത്തശ്ശനും മുത്തശ്ശിയുമായി നല്ല ഹൃദയബന്ധമുണ്ടായിരുന്നു. മുത്തശ്ശിക്ക് അമ്മയെ ജീവനായിരുന്നു.

നഗരത്തിലെ ഏറ്റവും നല്ല സ്കൂളിലാണ് എന്നെ ചേർത്തിരുന്നത്. പഠിക്കാൻ ഞാനും മിടുക്കനായിരുന്നു. പാടാനുള്ള കഴിവും ഞാൻ പ്രകടിപ്പിച്ചിരുന്നു. മാതാപിതാക്കൾ എന്തിനും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. സ്കൂളിൽ മാത്രമല്ല വീട്ടിലും ഞാൻ കണ്ണിലുണ്ണിയായിരുന്ന കാലം.

എന്‍റെ ജീവിതം പെട്ടെന്നാണ് മാറ്റി മറിഞ്ഞത്. ഞാനന്ന് 8-ാം ക്ലാസ്സിലായിരുന്നു. ഒരു റോഡ് അപകടത്തിൽ അച്‌ഛനും അമ്മയും മരണപ്പെട്ടു. എനിക്ക് ഇത് സഹിക്കാനുള്ള ശക്‌തി ഉണ്ടായിരുന്നില്ല. കരയാൻ മാത്രമേ എനിക്കന്ന് കഴിഞ്ഞിരുന്നുള്ളൂ. മുത്തശ്ശിയാണ് ആ കാലത്ത് എനിക്ക് കരുത്തേകിയത്. ചെറിയച്ഛൻ എന്നെ അവരുടെ വീട്ടിൽ കൊണ്ട് നിർത്തി.

ഞാൻ ചെറിയച്ഛന്‍റെ വീട്ടിൽ കഴിയാൻ തുടങ്ങിയതോടെ ദു:ഖം കുറയാൻ തുടങ്ങി. ഞാൻ എല്ലാം മറക്കാൻ ശ്രമിച്ചു. ചെറിയച്ഛന്‍റെ മകൻ രവി, അവനും ഏക സന്താനമായിരുന്നു. അവൻ എന്നേക്കാൾ 2 വയസ്സ് കുറവായിരുന്നു. ചെറിയച്ഛൻ അവന്‍റെ സ്കൂളിൽ തന്നെയാണ് എന്നെയും ചേർത്തത്. ഞാനവിടെയും ഒന്നാമനായിരുന്നു.

എന്‍റെ എല്ലാ കാര്യങ്ങളും ചെറിയച്ഛൻ ഭംഗിയായി നോക്കിയിരുന്നു. പക്ഷേ രവിയുടെ കാര്യം വച്ചു നോക്കുമ്പോൾ എന്‍റെ അവസ്‌ഥ അത്ര നല്ലതായിരുന്നില്ല. ചെറിയമ്മ രവിക്ക് പാലും ബിസ്ക്കറ്റുമൊക്കെ ഒളിച്ച് കൊടുത്തിരുന്നു. അവന് സ്പെഷ്യൽ പരിഗണന ലഭിച്ചിരുന്നു. പക്ഷേ രവി സ്കൂളിലേയ്ക്ക് പോകും വഴി എനിക്ക് എല്ലാം വീതിച്ചു തന്നിരുന്നു. എന്നെ വലിയ കാര്യമായിരുന്നു അവന്. എന്നോടുള്ള ചെറിയമ്മയുടെ വേർത്തിരിവ് ചെറിയച്ഛനും ഒട്ടും സഹിച്ചിരുന്നില്ല. എങ്കിലും വഴകിടാനോ മുഷിയാനോ ചെറിയച്ഛൻ മുതിർന്നില്ല. നല്ല മനസ്സായിരുന്നു ചെറിയച്ഛന്‍റേത്. ചെറിയമ്മയും നല്ല സ്ത്രീയായിരുന്നു. പക്ഷേ സ്വന്തം മകനോടുള്ള സ്വാർത്ഥകൾ… അത് കുറ്റം പറയാനാവില്ല.

മുത്തശ്ശി അച്‌ഛനും അമ്മയും മരിച്ചതിൽ പിന്നെ അധികം ആരോടും സംസാരിച്ചിരുന്നില്ല. വിഷാദം മുത്തശ്ശിയെ പിടികൂടിയിരുന്നു. അധികനാൾ കഴിയും മുമ്പേ മുത്തശ്ശിയും പോയി.

ചെറിയച്ഛൻ രവിയുടെ ഉപരിപഠനത്തെപ്പറ്റി ചർച്ച ചെയ്‌തിരുന്നു. പക്ഷേ എന്‍റെ കാര്യത്തിൽ ഒരു തീരുമാനവും ആരും കൈകൊണ്ടിരുന്നില്ല. ഞാൻ 12-ാം ക്ലാസ്സ് ഉയർന്ന മാർക്കോടെ പാസായിരുന്നു. പിന്നെ ബികോം കഴിഞ്ഞ് ഞാൻ ബാങ്ക് പരീക്ഷകൾ എഴുതാൻ തുടങ്ങി. എന്‍റെ പരിശ്രമം അവസാനം ഫലം കണ്ടു. എനിക്ക് സർക്കാർ ബാങ്കിൽ ജോലി കിട്ടി. ജോലി നഗരത്തിൽ തന്നെയുള്ള ബാങ്കിലായിരുന്നു. അതിനാൽ ജോലി കിട്ടിയ ശേഷവും ഞാൻ ചെറിയച്ഛന്‍റെയും ചെറിയമ്മയുടെയും അടുത്ത് തന്നെ താമസിച്ചു.

രവി ബാംഗ്ലൂരിൽ എംബിഎ ചെയ്‌തു. അവിടെ തന്നെയുള്ള ഒരു മൾട്ടി നാഷണൽ കമ്പനിയിൽ അവന് ജോലിയായി. എല്ലാവരും അതിൽ സന്തോഷിച്ചിരുന്നു. അവിടെ അവന്‍റെ ജൂനിയറായി ജോലി ചെയ്തിരുന്ന മിതാലിയുമായി അവൻ പ്രണയത്തിലായി. ചെറിയച്ഛൻ രവി അവളെ വിവാഹം കഴിക്കുന്നതിൽ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. വിശാല കാഴ്ചപ്പാടുള്ള മനുഷ്യനായിരുന്നു എന്‍റെ ചെറിയച്ഛൻ. രവിയുടെയും മിതാലിയുടെയും വിവാഹം നടന്നു. അവർ ബാംഗ്ലൂരിൽ തന്നെ താമസമാക്കി.

അവന്‍റെ വിവാഹ ശേഷം എന്‍റെ മനസ്സ് തികച്ചും ശൂന്യമായിപ്പോയി. പഴയതുപ്പോലെ അവൻ എന്നെ വിളിക്കാതായി. തമ്മിൽ അധികമൊന്നും കാണാതായി. ഇതിനിടയിലെപ്പോഴോ ആണ് കവിത എന്‍റെ ഹൃദയത്തിലേയ്‌ക്ക് കടന്നു വന്നത്. എന്‍റെ ശൂന്യത നിറയ്‌ക്കാൻ എത്തിയവൾ.

കവിത ഞാൻ യാത്ര ചെയ്യുന്ന റൂട്ടിൽ തന്നെയായിരുന്നു പോയും വന്നും ഇരുന്നത്. ഞങ്ങൾ പലപ്പോഴും ഒരേ ബസ്സിൽ തന്നെയാണ് യാത്ര ചെയ്തിരുന്നതും. സുന്ദരിയും സൗമ്യപ്രകൃതിക്കാരിയുമായിരുന്നു അവൾ. പ്രണയം തുളുമ്പി നിൽക്കുന്ന കണ്ണുകളോടെ മാത്രമേ അവൾ തുടക്കം മുതൽ എന്നെ നോക്കിയിരുന്നുള്ളൂ. ഞാൻ നോക്കുമ്പോൾ പലപ്പോഴും ഓരോന്ന് ചെയ്യുന്നതാണ് കണ്ടിരുന്നത്. ചിലപ്പോൾ വൃദ്ധരെ റോഡ് ക്രോസ് ചെയ്യാൻ സഹായിക്കുന്നതു കാണാം. ചിലപ്പോൾ കുട്ടികളെ ബസ്സിൽ കയറ്റുന്നതും കാണാം. ചിലപ്പോൾ ആളുകൾക്ക് ഭക്ഷണപൊതി കൊടുക്കുന്നതു കാണാം. ഒരിക്കൽ പോസ്റ്റോഫീസിൽ ചെന്നപ്പോൾ അവൾ അവിടെ ഒരു സ്ത്രീക്കു ഫോം പൂരിപ്പിച്ചു നൽകുന്നു. ഗർഭിണികൾക്ക് സീറ്റൊഴിഞ്ഞു കൊടുക്കുന്നു. ഞാൻ നോക്കുമ്പോൾ അവൾ പ്രകാശം പരത്തുന്നതാണ് എപ്പോഴും കണ്ടിരിക്കുന്നത്.

ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. ഉള്ള് തുറന്ന് തന്നെ. പരസ്‌പരം മനസ്സിലാക്കാൻ തുടങ്ങി. അടുത്തുപ്പോയി മുൻജന്മത്തിലെന്നപ്പോലെ… എനിക്കിപ്പോൾ അവളില്ലാതെ പറ്റില്ല എന്ന അവസ്‌ഥയാണ്.

ഞാൻ അവളെക്കുറിച്ച് ചെറിയമ്മയോട് പറയാൻ ഇരിക്കുകയായിരുന്നു. ചെറിയച്ഛനോട് നല്ലോരവസരം നോക്കി പറയാമെന്ന് വിചാരിച്ചതാണ്. രവിയുടെ സഹായവും ഇടനിലയും വേണമെന്നും നിശ്ചയിച്ചിരുന്നു. പക്ഷേ അവന്‍റെ ദാമ്പത്യജീവിതത്തിലെ തിരക്കും ഔദ്യോഗിക തിരക്കുകളും കാരണം എല്ലാം നീണ്ടുപ്പോയി. സംഗതി അവനോട് അവതരിപ്പിക്കാൻ പറ്റിയില്ല. അവനിവിടെ വരുന്നതും വളരെ അപൂർവ്വമായാണല്ലോ… ഫോൺ ചെയ്‌ത് പറയാനും എന്‍റെ സങ്കോചം അനുവദിച്ചില്ല.

മിനാലി ഗർഭിണിയായപ്പോൾ അവളെ ചെറിയമ്മ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു. ജോലി രാജിവയ്ക്കാൻ ഇഷ്‌ടമില്ലാത്തതിനാൽ ലോംഗ് ലീവ് എടുപ്പിച്ചു. അവൾക്ക് 5 മാസമായിരുന്നു. നിറവയറുമായി അവൾ സന്തോഷതോടെ ചെറിയമ്മയുടെ കൂടെ കഴിഞ്ഞു. പുതിയ അതിഥി വീട്ടിൽ വരാൻ പോകുന്നതിന്‍റെ സന്തോഷം എല്ലാവർക്കും ഉണ്ടായിരുന്നു. എന്‍റെ അന്തർമുഖ സ്വഭാവം കാരണം ഞാൻ മിതാലിനോട് ഒന്നും തുറന്ന് സംസാരിച്ചിരുന്നില്ല. വളരെ അപൂർവ്വമായി അവളെന്തെങ്കിലും ചോദിച്ചാൽ മാത്രം ഞാൻ മറുപടി പറയും അത്രമാത്രം.

ജീവിതം എത്ര വേഗമാണ് കരുക്കൾ നീക്കുന്നത്. സന്തോഷത്തിന്‍റെ കളത്തിൽ സങ്കടങ്ങൾ വന്ന് നിറയും. ഒരു റോഡ് അപകടത്തിൽ രവിക്ക് ഗുരുതരമായി പരിക്കേറ്റു. ഏതാനും ദിവസത്തിനുള്ളിൽ അവനും പോയി. ദുരന്തം എന്നെ പിടിക്കൂടി കൊണ്ടിരുന്നു. ഈ ജീവിതത്തിൽ ഞാൻ എന്തെല്ലാം സഹിക്കണം. എന്‍റെ മരണമല്ല ഞാൻ സ്നേഹിക്കുന്നവരുടെ മരണമാണ് എന്നെ ഏറെ അലട്ടുന്നത്. ചെറിയമ്മയും ചെറിയച്‌ഛനും തകർന്നുപോയി. മിതാലി മുറിയിൽ നിന്നുപോലും പുറത്തിറങ്ങിയില്ല. അവളുടെ അവസ്‌ഥ വലിയ കഷ്‌ടമായിരുന്നു. കുട്ടിക്ക് ഒന്നും സംഭവിക്കരുതെന്ന് കരുതി മാത്രമാകണം അവൾ വിഷാദത്തിലേയ്‌ക്ക് വഴുതി വീഴാതിരുന്നത്. ഒരു ദിവസം മൗനം വെടിഞ്ഞ് അവൾ പൊട്ടികരയുക തന്നെ ചെയ്‌തു. ഞാനന്ന് വീട്ടിൽ ഉണ്ടായിരുന്നു. ഞാൻ ഭയന്നുപോയി. എങ്ങിനെയാണ് ഇത്തരം സന്ദർഭങ്ങളിൽ ഒരാളെ ആശ്വസിപ്പിക്കുക…

രവി പോയതോടെ ഞങ്ങളുടെ വീടൊരു ശ്മശാനംപ്പോലെ ആയി. ആർക്കും ഒന്നിലും താൽപര്യമില്ലാത്തപ്പോലെ. ഏക സന്തോഷവും പ്രതീക്ഷയും ഒരു കുഞ്ഞ് വരുന്നതിന്‍റെ ആയിരുന്നു. ആ പ്രതീക്ഷയാണ് എല്ലാവരെയും ജീവിക്കാൻ പ്രേരിപ്പിച്ചത്.

കാലം ഞങ്ങളുടെ മാനസികാവസ്‌ഥയിൽ മാറ്റം കൊണ്ടുവന്നു. ചെറിയച്ഛൻ മിതാലിയോട് വെറൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പറഞ്ഞു തുടങ്ങി. മിതാലി ജീവിതയാത്രയിൽ ഒറ്റയ്ക്കായി പോകുമെന്ന് ആധി ചെറിയച്ഛനെ അലട്ടിയിരുന്നു.

ഇന്ന് ചെറിയച്ഛൻ എന്‍റെ മുന്നിൽ ഈ ആവശ്യവുമായാണ് വന്ന് നിൽക്കുന്നത്. അച്‌ഛനും അമ്മയും നഷ്‌ടപ്പെട്ട ഒരു കുട്ടിയ്ക്ക് ജീവിതം തന്ന ആളാണ്. ഇന്നും അഭയം തരുന്ന അങ്ങനെയുള്ള എന്‍റെ അച്‌ഛന്‍റെ സ്‌ഥാനത്തുതന്നെയുള്ള ഒരാളെ ഞാൻ എങ്ങനെയാണ് ധിക്കരിക്കുക.

ചെറിയച്ഛൻ എന്‍റെ ജീവൻ ചോദിച്ചാൽ ഞാൻ ചങ്ക് പറിച്ചു കൊടുക്കാൻ ബാധ്യസ്‌ഥനാണ്. എനിക്ക് സ്വപ്നം കാണാൻ പോലും സാധിക്കാത്ത ഒരവസ്‌ഥയിൽ നിന്ന് കരകയറ്റിയ ആളല്ലേ… പക്ഷേ ചെറിയച്ഛൻ ഇങ്ങനെ ഒരാവശ്യം പറഞ്ഞ് എന്നെ വല്ലാതെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണല്ലോ?

“ചെറിയച്ഛാ… മിതാലിയെ ഞാൻ എന്‍റെ അനിയത്തിയെപ്പോലെയാണ് കണ്ടത്. അങ്ങനെയുള്ള ഒരാളെ ഞാൻ എങ്ങനെയാണ് കല്യാണം കഴിക്കുക?”

“മോനെ നീ നിരാശപ്പെടുത്തിയാൽ ഇനി ഞാനെന്തു ചെയ്യും. ആരുടെ സഹായം തേടും?” ഇത്രയും പറഞ്ഞ് ചെറിയച്ഛൻ നിർത്താതെ കരയാൻ തുടങ്ങി.

സമാധാനിപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“ചെറിയച്ഛാ, കരയാതെ… നിരാശപ്പെട്ടതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുകയില്ലല്ലോ? മിതാലിയെ കൊണ്ട് പുനർവിവാഹം കഴിപ്പിക്കാൻ നിങ്ങൾ ചിന്തിക്കുന്ന കാര്യമൊന്നും എനിക്കറിയില്ലായിരുന്നു. എന്‍റെ പ്രയ സ്നേഹിതൻ പങ്കജാക്ഷൻ അവന്‍റെ കസിനു പ്രവീണിനു വേണ്ടി മിതാലിയെ വിവാഹം കഴിക്കാനായി ചോദിച്ചിരുന്നു. നിങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതു കൊണ്ടാണ് ഞാനീകാര്യം അവതരിപ്പിക്കാതിരുന്നത്. മിതാലി രവിയുടെ വേർപ്പാടിൽ നിന്ന് മോചനം നേടിയിട്ടുണ്ടായിരുന്നില്ലല്ലോ അന്ന്… മാത്രവുമല്ല അവളുടെ ഉദരത്തിൽ കുഞ്ഞുണ്ടായിരുന്നല്ലോ. ആ അവസ്‌ഥയിൽ എങ്ങനെയാണ് കല്യാണക്കാര്യം പറയാനാവുക…”

“പങ്കജാക്ഷൻ കസിനോട് എല്ലാം തുറന്ന് പറഞ്ഞിരുന്നു. അയാൾ നല്ല മനുഷ്യനാണ്. പുരോഗമന ചിന്താഗതിക്കാരനാണ്. അയാളുടെ ഭാര്യ പ്രസവസമയത്ത് മരിച്ചതാണ്. കുഞ്ഞിനെ അയാളുടെ അമ്മയാണ് നോക്കുന്നത്. തന്‍റെ കുഞ്ഞിനെയും സ്നേഹിക്കാൻ കഴിയുന്ന ഒരാളെയാണ് അദ്ദേഹം നോക്കുന്നത്.”

“സംഭവിച്ചതെല്ലാം സങ്കടപ്പെടുത്തുന്ന കാര്യമാണ്. പക്ഷേ അതിൽ നിന്ന് മോചനം നേടാനുള്ള വഴി ആലോചിക്കേണ്ടേ.” അവസാനം കണ്ട സമയത്ത് അദ്ദേഹം എന്നോട് മിതാലിയുടെ കാര്യം ചോദിച്ചു കൊണ്ട് പറഞ്ഞതിങ്ങനെയാണ്.”

“രണ്ടുപേരും പങ്കാളിയെ നഷ്‌ടപ്പെട്ടവരാണ്. സമാന ദു:ഖിതർ. എന്നാൽ ആ ദു:ഖം മറ്റൊരു വിവാഹതോടെ പരിഹരിക്കാവുന്നതേയുള്ളൂ. അതും നല്ല ജീവിതചുറ്റുപാടുള്ളവർ തമ്മിലാവുമ്പോൾ എല്ലാം പെട്ടെന്ന് ശരിയാവും” നളിനാക്ഷനും എന്നോട് പറയുമായിരുന്നു.

രമേശൻ ഇങ്ങനെ എല്ലാ കാര്യങ്ങളും ചെറിയച്ഛനോട് തുറന്ന് സംസാരിച്ചു.

ചെറിയച്ഛൻ എന്‍റെ സംസാരമെല്ലാം ശാന്തനായി കേട്ടിരുന്നു. ഒരു പ്രസരിപ്പ് ആ മുഖത്ത് തെളിയുന്നത് ഞാൻ കണ്ടു. ചെറിയമ്മ കർട്ടന്‍റെ പിറകിൽ ഇരുന്ന് ഞങ്ങളുടെ സംസാരം കേൾക്കുന്നുണ്ടായിരുന്നു. ഞാനും ഇപ്പോഴാണത് ശ്രദ്ധിച്ചത്. ചെറിയമ്മ എന്‍റെ മുറിയിലേയ്‌ക്ക് വന്നു.

“മോനെ നളിനാക്ഷന്‍റെ അനിയൻ ആളെങ്ങനെ? അയാൾ എന്താണ് ചെയ്യുന്നത്? എത്ര വയസ്സുണ്ട്, നീ അയാളെ കണ്ടിട്ടുണ്ടോ?” ഒറ്റശ്വാസത്തിൽ എന്തെല്ലാമാണ് ചെറിയമ്മ ചോദിക്കുന്നത്. മിതാലിയുടെ കാര്യത്തിൽ ഇവർക്ക് എത്ര ശ്രദ്ധയാണ്. സ്വന്തം മോളുടെ കാര്യംപ്പോലെ…

ഞാൻ ചെറിയമ്മയുടെ കൈപിടിച്ച് എന്‍റെ അരികിൽ ഇരുത്തി. “ചെറിയമ്മേ ഒന്ന് സമാധാനപ്പെടൂ… ഞാനെല്ലാം പറയാം. പ്രവീൺ വളരെ മാന്യനായ മനുഷ്യനാണ്. സർക്കാർ സ്കൂളിൽ അദ്ധ്യാപകനാണ്. എന്‍റെ അതേ പ്രായം കാണും. ആദ്യം നിങ്ങൾ പ്രവീണുമായി ഒന്ന് കാണൂ. അതിനു ശേഷം നമുക്ക് തീരുമാനമെടുക്കാം. പക്ഷേ മിതാലി ഇത് എങ്ങനെയെടുക്കുമെന്ന കാര്യത്തിലാണ് എനിക്ക് ആശങ്ക. അവൾ സമ്മതിക്കുമോ?” ഞാൻ ചെറിയച്‌ഛനെ നോക്കി.

“മോനെ,?ആ കാര്യം എനിക്ക് വിടൂ. വിവാഹത്തിനായി നമ്മൾ അവളെ പ്രോത്സാഹിപ്പിക്കണം. വിവാഹിതയാകുമ്പോൾ അവൾക്ക് പഴയ കരുത്തൊക്കെ തിരിച്ചു കിട്ടും. മിതാലിമോൾക്ക് ഇപ്പോൾ ഒറ്റപ്പെടൽ അനുഭവപ്പെടുന്നുണ്ട്. അതെല്ലാം മാറി നല്ല ജീവിതം നയിക്കാൻ അവൾക്ക് വിവാഹം കഴിച്ചാൽ മാത്രമേ സാധിക്കുകയുള്ളൂ. ഇല്ലെങ്കിൽ വിഷാദവതിയായി ജീവിതം അവളിങ്ങനെ തള്ളി നീക്കും. അത് ആർക്കാണ് സഹിക്കാനാവുക?” ചെറിയച്ഛൻ ആരോടെന്നില്ലാതെ ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടേയിരുന്നു…

സന്തോഷം രണ്ടാളുടെ ഉള്ളിലും തിരതല്ലുന്നുണ്ടായിരുന്നു. എഴുന്നേറ്റ് പോകുന്നതിനിടയിൽ ചെറിയമ്മ സന്തോഷത്തോടെ മറ്റൊരു കാര്യം കൂടി പറഞ്ഞു.

“മോനെ, മിതാലിയുടെ കല്യാണം കഴിഞ്ഞ ഉടനെ നിന്‍റെ കല്യാണവും നോക്കണം. അതു ഞാൻ ബ്രോക്കറോട് സംസാരിച്ചിട്ടുണ്ട്.”

ആയിക്കോടെ ചെറിയമ്മേ… പക്ഷേ എന്‍റെ മനസ്സിൽ ഇപ്പോൾ മിതാലിയുടെ കല്യാണക്കാര്യം മാത്രം ഉള്ളൂ.” ഞാൻ പറഞ്ഞു.

“മിതാലിയെപ്പോലെ നിന്‍റെ ജീവിതവും ഞങ്ങളുടെ ഉത്തരവാദിത്വമാണ്. നിന്‍റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ പറ” ചെറിയമ്മ എന്‍റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

അതു പിന്നെ നോക്കാം. മിതാലിയെ വിഷാദഭാവത്തിൽ കാണുമ്പോൾ സങ്കടമാണ്. നമുക്കത് ആദ്യം നടത്താം. ഞാനിതു പറഞ്ഞപ്പോൾ ചെറിയമ്മ എന്‍റെ തലയിൽ അനുഗ്രഹിക്കാനെന്നോണം കൈവച്ചു.

അന്നേരം കവിതയെക്കുറിച്ച് ഓർത്തുപ്പോയി.

പങ്കജാക്ഷന്‍റെ ഇടപ്പെടൽ കാരണം പ്രവീണിന്‍റെയും മിതാലിയുടെയും കല്യാണക്കാര്യം വേഗത്തിലായി. ഞങ്ങളുടെ എല്ലാവരുടെയും സ്നേഹപൂർവ്വമായ നിർബന്ധം കാരണം മിതാലി അവസാനം വിവാഹത്തിനു സമ്മതിച്ചു. മിതാലി ഒരു പെൺകുഞ്ഞിനു ജന്മം നൽകി. മിതാലിയുടെ മുഖം തെളിഞ്ഞ് കണ്ടത് ഏറെക്കാലത്തിനു ശേഷം അന്നാണ്.

കുഞ്ഞുമോളുടെ പേരിടൽ ചടങ്ങിൽ അന്ന് എല്ലാവരും വന്നു. പ്രവീണും കുടുംബവും പങ്കജാക്ഷനും എല്ലാം. കുഞ്ഞിനു എന്ത് പേരിടണമെന്ന് ചർച്ച നടക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു. “പ്രവീൺ, നിങ്ങൾ മോന് നല്ല പേര് ഇട്ടിരിക്കുന്നല്ലോ. ഇനി മോൾക്കും നല്ലൊരു പേര് നിർദ്ദേശിക്കൂ…”

പ്രവീൺ ഇതു കേട്ട് അതിമനോഹരമായി ചിരിച്ചു. “നിള” എന്നായിക്കോട്ടെ. ഞങ്ങൾക്കിടയിൽ സ്നേഹത്തിന്‍റെ പുഴ ഒഴുക്കാൻ എത്തിയ ആളല്ലെ” പ്രവീൺ മിതാലിയെ സ്നേഹത്തോടെ നോക്കി കൊണ്ട് പറഞ്ഞു.

ജീവിതം എത്ര പ്രതീക്ഷാഭരിതമാണെന്ന് അവിടെ കൂടിയിരിക്കുന്നവരുടെ സന്തോഷത്തിൽ നിന്നും എനിക്ക് ബോധ്യമായി. ചടങ്ങിന് കവിതയെയും ഞാൻ ക്ഷണിച്ചിരുന്നു. അവൾ വരുന്നതും കാത്ത് ഞാൻ ഗേറ്റിൽ കാത്തിരുന്നു. എന്‍റെ അക്ഷമ കണ്ട് ചെറിയച്ഛൻ കോലായിൽ നിന്ന് വിളിച്ചു പറഞ്ഞു. “രമേശാ… നീ ഇങ്ങ് പോര്. വീട്ടുകാരി പുറക് വശത്തുകൂടി എപ്പോഴേ വന്നു.”

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കൈകുഞ്ഞുമായി ചെറിയച്ഛനരികിൽ നിന്ന് ചിരിക്കുന്ന കവിതയെയാണ് കണ്ടത്. സന്തോഷത്തിന്‍റെ ഒറ്റ നിമിഷം കൊണ്ടാണ് നാം ജീവിതത്തിലെ വലിയ ദുരന്തങ്ങളെ മറിക്കടക്കുന്നതെന്ന് എനിക്കപ്പോൾ തോന്നി. എന്‍റെ വീട് ഒരു കരുണാലയമാണ്.

और कहानियां पढ़ने के लिए क्लिक करें...