ആ മൂന്ന് പേർ ഇവരാണ്… ഷമ അമീർ, സിന്ധു വി ചന്ദ്രൻ, പിന്നെ ജ്യോതി ആനന്ദ്. വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ നിന്നും വ്യത്യസ്ത സമയങ്ങളിലായി കലയുടെ സൗഹൃദക്കൂട്ടിൽ ചേക്കേറിയ മൂന്ന് വീട്ടമ്മമാർ… അവർ ഉറ്റ ചങ്ങാതിമാരായി. സ്നേഹത്തിന്‍റെ മഴവിൽ നിറങ്ങൾകൊണ്ട് അവരുടെ കലാരചനകൾക്കെന്ന പോലെ തന്നെ അവരുടെ സൗഹൃദത്തിനുമുണ്ട് നിറങ്ങളുടെ സൗന്ദര്യവും ചാരുതയും.

എബിഎം ആർട്സ് ആന്‍റ് ക്രാഫ്റ്റ്സ്

സ്വന്തം വീടിന്‍റെ ഒരു ഭാഗം ആർട്ട് സ്ക്കൂൾ ആക്കി മാറ്റിയ വെള്ളയമ്പലം സ്വദേശി ഷമ അമീറിന്‍റെ കഥയാണിത്.

വളരെ ചെറുപ്പത്തിലെ വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയ ഷമയിൽ ഒരു കലാകാരിയുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു. വീട്ടിലെ ഒഴിവുവേളകളിൽ വിരസത തോന്നുമ്പോഴൊക്കെ വെറുതെ വരച്ചും പാഴ്വസ്തുക്കൾ കൊണ്ട് കലാരൂപങ്ങൾ ഉണ്ടാക്കിയും ഷമ സമയം ചെലവഴിച്ചു.

ഒരു ദിവസം ഭർത്താവ് അപ്രതീക്ഷിതമായി ഇത് കാണാനിടയായി. ഷമയിലെ കലാകാരിയെ തിരിച്ചറിഞ്ഞ ഭർത്താവിന് നിറഞ്ഞ സന്തോഷം. അദ്ദേഹം ചിത്രരചന കൂടുതൽ പഠിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുത്തു. അങ്ങനെ ഷമ ഇതിനായി ഒരു കോഴ്സ് ചെയ്യാൻ തീരുമാനിച്ചു. ബാങ്കുദ്യോഗസ്ഥനായ ഭർത്താവിന്‍റെ സുഹൃത്തുക്കൾ അതിഥികളായി വീട്ടിലെത്തുന്ന സമയങ്ങളിൽ ഷമ തയ്യാറാക്കിയിരുന്ന കലാരൂപങ്ങൾ കണ്ട് അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. കലയെ കൂടുതൽ പഠിക്കുന്നിതിനും ആഴത്തിലറിയുന്നതിനും ഇത്തരം പ്രോത്സാഹനങ്ങൾ ഷമയ്ക്ക് ഊർജ്ജം പകർന്നു.

ആത്മവിശ്വാസം വളർന്നു ഗുരുക്കന്മാരുടെ കീഴിൽ ചിത്രകലയും ക്രാഫ്റ്റും അഭ്യസിക്കാൻ തുടങ്ങി. ഓയിൽ, അക്രലിക് പെയ്ന്‍റിംഗ്, മ്യൂറൽ പെയ്ന്‍റിംഗ് തുടങ്ങി ഡിസൈനിംഗ് കോഴ്സുകൾ വരെ പഠിച്ചു. തുടക്കത്തിൽ ആവശ്യക്കാർക്ക് പെയ്ന്‍റിംഗ് ചെയ്തു കൊടുക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ചു. അതോടൊപ്പം താൻ സ്വായത്തമാക്കിയ കലകൾ മറ്റുള്ളവർക്കും പകർന്ന് കൊടുക്കാനും ഷമ സമയം കണ്ടെത്തി. ഷമ അതേറെ ആസ്വദിക്കുകയും ചെയ്തിരുന്നു. ഒപ്പം തന്നെ പിഡിലൈറ്റ് ഇൻഡസ്ട്രീസിന്‍റെ ഫെവിക്രിൽ ടീച്ചർ ആയി പ്രവർത്തിക്കാനും തുടങ്ങി. 20 വർഷം നീണ്ട കലാസപര്യ ഏറെ സംതൃപ്തി പകർന്നു.

“ടീച്ചർ എന്ന പദവിക്ക് അതിന്‍റെ സാർത്ഥകമായ പ്രവർത്തനങ്ങളിലൂടെ എനിക്ക് കഴ്ചവെയ്ക്കാൻ കഴിഞ്ഞു. കൂടെ എബിഎം ആർട്സ് ആന്‍റ് ക്രാഫ്റ്റ്സ് എന്ന സ്ഥാപനവും ഉയർച്ചയിലേക്ക് എത്തിപ്പെടാൻ തുടങ്ങി. സ്ക്കൂളുകൾ, കോളേജുകൾ ചാരിറ്റബിൾ സംഘടനകൾ, അസോസിയേഷനുകൾ തുടങ്ങി പല സ്ഥലങ്ങളിലും ക്ലാസുകൾ എടുക്കാൻ പോയിട്ടുണ്ട്.

ബന്ധുക്കളും സുഹൃത്തുക്കളും എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. അതുപോലെ പുതിയ കലാരൂപങ്ങൾ എവിടെ കണ്ടാലും അതിനെക്കുറിച്ച് പഠിക്കാനും അത് എന്‍റേതായ രീതിയിലും കാഴ്ചപ്പാടിലും മാറ്റിയെടുക്കാം എന്നതിനെക്കുറിച്ചും ചിന്തിച്ച് തുടങ്ങി. അങ്ങനെ ഏകദേശം 50 ഓളം ക്രാഫ്റ്റ് ഇനങ്ങൾ കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു.” ഷമ തന്‍റെ കലാജീവിതത്തെക്കുറിച്ച് പറയുന്നു. കൂടാതെ താൻ തയ്യാറാക്കിയ കലാരൂപങ്ങൾ കൊണ്ടും വീടലങ്കരിക്കുന്നതും ഷമയ്ക്ക് ഇഷ്ടമുള്ള കാര്യമായിരുന്നു.

സൗഹൃദത്തിലൂടെ കലയെ സ്നേഹിച്ചവർ…

കലയെ സ്നേഹിച്ചു കലയുടെ അറിവുകൾ ശിഷ്യർക്ക് പകർന്ന് നൽകുന്നതിനിടെയും ഷമയ്ക്കൊപ്പം രണ്ട് കൂട്ടുകാരികളും ഒപ്പം ചേർന്നു. ആ കൂടിച്ചേരൽ പുതിയൊരു കലാ സംരംഭത്തിനായുള്ള തുടക്കമാവുകയായിരുന്നു.

വൈഷ്ണവ് ക്രിയേ ഷൻസ് – സിന്ധു വി ചന്ദ്രൻ

വിരസതയകറ്റാൻ കല പഠിക്കാനിറങ്ങി അപ്രതീക്ഷിതമായി ഉദ്യോഗസ്ഥ ആകേണ്ടി വന്ന കഥയാണ് ഷമയുടെ കൂട്ടുകാരി നെടുമങ്ങാട് വൈഷ്ണവ് ക്രിയേഷൻസ് ഉടമ സിന്ധു വി ചന്ദ്രന്‍റേത്.

ഒരു ഉദ്യോഗസ്ഥ കുടുംബത്തിൽ നിന്നും കർഷക കുടുംബത്തിലേക്ക് വളരെ നേരത്തെ വിവാഹം കഴിച്ചെത്തിയാളാണ് സിന്ധു. ഏക മകൻ സ്ക്കൂളിൽ പോയി കഴിഞ്ഞാൽ സിന്ധുവിന് പിന്നെ വീട്ടിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു. അങ്ങനെയാണ് ആ സമയം നല്ലൊരു കാര്യത്തിനായി വിനിയോഗിച്ചുകൂടെയെന്ന് ചിന്തയിൽ സിന്ധു എത്തുന്നത്.

ഭർത്താവിന്‍റെ അഭിപ്രായപ്രകാരം ഫാഷൻ ഡിസൈനിംഗ് കോഴ്സിന് ചേർന്നു. 9 മാസം പഠനം തുടർന്നു. അതിനിടയിൽ പഠനത്തിന്‍റെ ഭാഗമായി 2 ദിവസം ആർട്സ് ആന്‍റ് ക്രാഫ്റ്റ്സ് ക്ലാസുമുണ്ടായിരുന്നു. പിഡിലൈറ്റ് ഇൻഡസ്ട്രീസിന്‍റെ ഫെവിക്രിൽ വിഭാഗത്തിന്‍റെ നേതൃത്വത്തിലായിരുന്നു ക്ലാസുകൾ. ആ ദ്വിദിന ക്ലാസുകൾ സിന്ധുവിന്‍റെ ജീവിതത്തിൽ പുതിയ വഴിത്തിരിവ് സൃഷ്ടിക്കുകയായിരുന്നു.

തന്നിൽ ഒരു കലാകാരി ഒളിഞ്ഞിരിപ്പുണ്ടായിരുന്നുവെന്ന് അന്നാദ്യമായി സിന്ധു തിരിച്ചറിയുകയായിരുന്നു. പഠനം കഴിഞ്ഞ് സിന്ധു ഉടൻ തന്നെ ഒരു ചാരിറ്റബിൾ ട്രസ്റ്റിൽ ജോലി ചെയ്തു. തുടർന്ന് പഠിച്ച സ്ഥാപനത്തിൽ അദ്ധ്യാപികയായി എത്തി. ഒപ്പം വീട്ടിലും ചെറിയ രീതിയിൽ ക്ലാസുകൾ എടുത്തു തുടങ്ങി. ആർട്ടിനെ കൂടുതൽ പഠിക്കുന്നതിനായി സമയം കണ്ടെത്താൻ തുടങ്ങി. ഒപ്പം തന്നെ പിഡിലൈറ്റിന്‍റെ അദ്ധ്യാപികയായി. ജോലി ചെയ്ത സ്ഥാപനത്തിലെ അദ്ധ്യാപക വേഷത്തിൽ നിന്നും ഓഫീസ് ജോലികളിലേക്ക് തിരിഞ്ഞു. പിഡിലൈറ്റിൽ നിന്നും ദൂരസ്ഥലങ്ങളിൽ പോയി ക്ലാസെടുക്കുന്നതിനുള്ള അവസരങ്ങൾ കിട്ടി. കോളേജുകൾ, ചാരിറ്റബിൾ സംഘടനകൾ, ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥലങ്ങളിൽ പോയി സിന്ധു ക്ലാസെടുത്തു.

“സ്വന്തമായി ക്രിയേറ്റ് ചെയ്യുന്ന വർക്കുകൾ കൂടാതെ ചെന്നൈ കോയമ്പത്തൂർ എന്നിവടങ്ങളിൽ നിന്നുള്ള വളരെ വൈദഗ്ദ്ധ്യമാർന്ന അദ്ധ്യാപികമാരിൽ നിന്നും കലയെക്കുറിച്ച് കൂടുതൽ പഠിക്കാനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചു. അടുത്തിടെ പ്രക്ഷേപണം തുടങ്ങിയ മെഗാസീരിയലിനുവേണ്ടി വസ്ത്രങ്ങളിൽ മ്യൂറൽ പെയ്ന്‍റിംഗ് ചെയ്യുന്നതിനും അവസരം കിട്ടി. ഇതെല്ലാം ഞാൻ ഭാഗ്യമായി കരുതുന്നു.” സിന്ധു വി ചന്ദ്രൻ തന്‍റെ കലാ ജീവിതത്തെപ്പറ്റി പറയുന്നു. ചിത്രകല പഠിപ്പിക്കുന്നതിനൊപ്പം സിന്ധു പുറത്ത് വർക്ക് ചെയ്ത് കൊടുക്കുകയും ചെയ്യുന്നുണ്ട്.

കലയിലൂടെ പൂത്തുലഞ്ഞ സൗഹൃദം

20 വർഷം മുമ്പ് തുടങ്ങിയ കലാജീവിതത്തിനിടയിൽ വച്ച് സിന്ധുവിന് കിട്ടിയ കൂട്ടുകാരിയാണ് ഷമ അമീർ. ഇരുവരും കലയെ സ്നേഹിക്കുകയും ഉപാസിക്കുകയും ചെയ്യുന്നവർ. പിന്നെ കല പഠിക്കാനും പഠിപ്പിക്കാനുമുള്ള യാത്രകൾ അവർ ഒരുമിച്ചായി.

“ഓഫീസ് ജോലിയും അദ്ധ്യാപനവും ഒരുമിച്ച് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടായി തോന്നിയ സമയത്താണ് അവിചാരിതമായി ശ്രീശ്രീ രവിശങ്കറിന്‍റെ ക്ലാസിൽ നിന്നും പകർന്നുകിട്ടിയ പാഠങ്ങളിൽ നിന്നും സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ഊർജം പകർന്ന് കിട്ടിയത്. പിന്നെ ഷമയുടെ അഭിപ്രായം ഉൾക്കൊണ്ട് 2019 ജോലിയിൽ നിന്നും വിട്ട് മുഴുവൻ സമയം ആർട്ട് ആന്‍റ് ക്രാഫ്റ്റ് അദ്ധ്യാപികയാവാൻ തീരുമാനിച്ചത്” സിന്ധു തന്‍റെ കലാജീവിതത്തിലെ വഴിത്തിരിവുകളെ ഓർത്തെടുക്കുന്നു.

ഷമയും സിന്ധുവും ചേർന്ന ആ സൗഹൃദത്തിലേക്ക് ഒരാളും കൂടി ഒപ്പം ചേർന്നു. 10 വർഷം മുമ്പ് ഷമയുടെ ആർട്ട് സ്ക്കൂളിൽ സ്വന്തം കുഞ്ഞുങ്ങളെ ചിത്ര രചന പഠിപ്പിക്കാൻ എത്തിയ ഒരമ്മ. ആ അമ്മ തന്നെ ഷമയുടെ ശിഷ്യയായി. ജ്യോതി ആനന്ദ്. പിന്നെ അവർ ഒരുമിച്ചായി കലയുടെ ലോകത്ത്.

“ഞങ്ങൾ മൂന്ന് പേരുടെയും ആദ്യത്തെ തീരുമാനം സ്വന്തം കഴിവുകളെ പുറംലോകം അറിയണമെന്നതായിരുന്നു. ഒത്തിരി കുട്ടികൾക്ക് കല പകർന്നുകൊടുത്തിട്ടുണ്ടെങ്കിലും സ്വന്തമായി പ്രദർശനം നടത്തുന്നതിന് കഴിഞ്ഞില്ല. എന്നാൽ മറ്റ് ആർട്ടിസ്റ്റുകൾക്കൊപ്പം പ്രദർശനം നടത്തിയിരുന്നു. അങ്ങനെ ഞങ്ങൾ ജനുവരിയിൽ ഒരു പ്രദർശനം നടത്തി. അതിനുവേണ്ടി കഴിഞ്ഞ ജൂൺ മാസം മുതൽ തയ്യാറെടുപ്പുകൾ നടത്തി തുടങ്ങിയിരുന്നു.

ആദ്യമായി ചെയ്തത് ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ് ആയിരുന്നു.

കുപ്പി, പേപ്പർ, പഴയ പാത്രങ്ങൾ, മുട്ടത്തോട്, ചിപ്പി, ടിന്നുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, പക്ഷികളുടെ തൂവലുകൾ എന്നിവയിൽ നിന്നെല്ലാം തന്നെ ഭംഗിയുള്ള ആർട്ട്പീസുകൾ തയ്യാറാക്കിയെടുത്തു. തുടർന്ന് വിവിധതരം പെയ്ന്‍റിംഗുകൾ ചെയ്തു.

ഫ്യൂഷൻ എന്ന രീതിയിൽ വിവിധ ശൈലികൾ കലയിൽ ആവിഷ്കരിച്ചു. അങ്ങനെ ഞങ്ങളുടെ കൂട്ടായ യത്നം സപ്തവർണ്ണങ്ങൾ 2020 എന്ന തലക്കെട്ടോടെ പ്രദർശനത്തിന് തയ്യാറായി. ഷമ അമീർ തങ്ങളുടെ ആദ്യപ്രദർശനത്തെപ്പറ്റി അഭിമാനത്തോടെ പറഞ്ഞു. ഏകദേശം 200 ഓളം ആർട്ട് ആന്‍റ് ക്രാഫ്റ്റ് വസ്തുക്കൾ പ്രദർശിപ്പിക്കുകയുണ്ടായി. അവിടെ നിന്ന് കിട്ടിയ പ്രചോദനം ഉൾക്കൊണ്ട് മൂവരെയും കലാലയം എന്ന ആശയത്തിൽ എത്തിച്ചു.

20 വർഷമായി രണ്ട് സ്ഥലങ്ങളിലായി പ്രവർത്തിച്ചിരുന്ന സ്ഥാപനം ഒറ്റക്കുടക്കീഴിൽ ആക്കുക. അതേപ്പറ്റി മൂന്ന് പേർക്കും ഒന്നുകൂടി ചിന്തിക്കേണ്ടി വന്നില്ല. അതാണ് എബിഎം. ആർട്ട് ആന്‍റ് ക്രാഫ്റ്റ്.

और कहानियां पढ़ने के लिए क्लिक करें...