ഭൂമിയിൽ ജീവിച്ചു മരിക്കാൻ ജാതിയും മതവും ആവശ്യമില്ലെന്ന് തെളിയിച്ച കുറച്ചു പേരെങ്കിലും നമ്മുടെ നാട്ടിലുണ്ട്. അവരുടെ ആരുടെയും ജീവിതം പൂവിട്ട പാതകളിലൂടെയുമായിരുന്നില്ല.
ഇന്ത്യയിൽ ആദ്യമായി തനിക്ക് ജാതിയും മതവും ഇല്ലെന്ന കാര്യം ഒരു സർട്ടിഫിക്കറ്റാക്കി സ്വന്തമാക്കിയ ഒരു വ്യക്‌തിയുണ്ട്. തമിഴ്നാട്ടുകാരിയായ സ്നേഹ പാർത്ഥിബരാജ. അഭിഭാഷകയും, സാമൂഹ്യ പ്രവർത്തകയും രാഷ്ട്രീയ പ്രവർത്തകയുമെല്ലാമാണവർ.
9 വർഷം നീണ്ട പരിശ്രമത്തിലാണ് അവർ നൊ കാസ്‌റ്റ് നൊ റിലിജയൻ സർട്ടിഫിക്കറ്റ് സർക്കാരിൽ നിന്ന് നേടിയെടുത്തത്. നിരവധി പേരെ പ്രചോദിപ്പിക്കാനുതകുന്ന തന്‍റെ ജീവിതത്തെ കുറിച്ച് എംഎ സ്നേഹ എന്ന സ്നേഹ പാർത്ഥിബരാജ പറയുന്നത് കേൾക്കാം.
മിശ്ര വിവാഹിതരുടെ മകൾ
“ഞാൻ തമിഴ്നാട്ടുകാരിയാണ്. ശരിക്കും സ്‌ഥലം തിരുപ്പത്തൂർ. 1983 ലാണ് ജനിച്ചത്. അച്‌ഛൻ ആനന്ദ കൃഷ്ണൻ അമ്മ മണിമൊഴി. രണ്ടുപേരും തമിഴ്നാട്ടുകാരാണ്. അവർ നിയമ പഠനം നടത്തിയത് മദ്രാസ് ലോ കോളേജിൽ നിന്നാണ്. അവർ പഠനകാലത്തിനിടയിൽ പരിചയപ്പെട്ടു പ്രണയിക്കുകയായിരുന്നു. അവരുടേത് മിശ്ര വിവാഹം ആയിരുന്നു. ഞാൻ ജനിച്ച സമയത്ത്, അവർക്ക് മുന്നിൽ വന്ന ചോദ്യം കുട്ടിയെ ഏതു ജാതിയായി വളർത്തണമെന്നതായിരുന്നു. അവർ എന്തായാലും ബോൾഡായൊരു തീരുമാനമെടുത്തു. മിശ്രവിവാഹിതരായവർ തങ്ങളുടെ ജാതിയെയും മതത്തെയും നിരാകരിച്ചു കൊണ്ടാണ് ഒരുമിച്ചു ചേരുന്നത്. അങ്ങനെയെങ്കിൽ ഭാവിയിൽ അവരുടെ ജീവിതത്തിൽ ജാതിയും മതവും ആവശ്യമില്ല. അങ്ങനെയെങ്കിൽ സ്വന്തം കുട്ടികളുടെ ജീവിതത്തിൽ അത് ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ എന്ന ചിന്തയ്ക്കൊടുവിൽ കുട്ടികൾക്കു പ്രത്യേക മതവും ജാതിയും വേണ്ട എന്നു തീരുമാനിച്ചു. എന്നെ സ്ക്കൂളിൽ ചേർത്തപ്പോൾ, സ്ക്കൂൾ ഫോമിൽ നോ റിലീജയൻ എന്നാണ് എഴുതി കൊടുത്തത്.
അതൊരു ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂഷനായിരുന്നു. അവിടത്തെ സിസ്‌റ്റർ എന്‍റെ അചഛനോടുമമ്മയോടും മതമെങ്കിലും മെൻഷൻ ചെയ്യാൻ നിർദ്ദേശിച്ചു. “ഞങ്ങൾ ഒരു മതവും മെൻഷൻ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഹിന്ദുമതത്തിൽ ജാതി വ്യവസ്‌ഥയുണ്ട്. ജാതിയും മതവും വേർതിരിച്ചു കാണാൻ ഇവിടെ നിർവാഹവുമില്ല. അതിനാൽ നോ റിലീജിയൻ എന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നു” എന്നാണവർ പറഞ്ഞത്.
ഞാനൊരു ഇന്ത്യൻ
റെക്കോർഡുകളിൽ ഇന്ത്യൻ എന്നു മാത്രം ചേർത്താൽ മതി എന്നായിരുന്നു അവരുടെ തീരുമാനം. എന്‍റെ പേര് സ്നേഹ എന്ന് ഇട്ടതിനെ ചൊല്ലിയും പലരും സംശയം ചോദിച്ചിരുന്നു. അതൊരു ഹിന്ദു പേരാണല്ലോ എന്ന്. തെലുങ്കാനയിലെ ഒരു വിപ്ലവ നായികയുടെ പേരാണ് സ്നേഹ. പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട ആ നേതാവിന്‍റെ പേരാണ് അച്‌ഛൻ എനിക്ക് നൽകിയത്.
അടുത്ത കുട്ടിയുണ്ടായപ്പോൾ അവൾക്ക് മുംതാസ് സൂര്യ എന്നാണ് പേരിട്ടത്. ഒരു ക്രിസ്ത്യൻ സ്ക്കൂളിൽ അവളെ ചേർക്കാൻ ചെന്നപ്പോൾ അവർ തമാശയ്ക്ക് ചോദിച്ചു എന്താണ് നിങ്ങൾ ഒരു ക്രിസ്ത്യൻ പേര് ഉപയോഗിക്കാത്തതെന്ന്. അച്‌ഛൻ അന്ന് തമാശയ്ക്ക് തന്നെ മറുപടി പറഞ്ഞു, ഇനി ഒരു കുട്ടിയുണ്ടായാൽ തീർച്ചയായും ക്രിസ്ത്യൻ പേര് നൽകും. അങ്ങനെ മൂന്നാമത്തെ കുഞ്ഞ് ഉണ്ടായപ്പോൾ അവളെ ജെന്നിഫർ എന്നു വിളിച്ചു. ജെന്നിഫറിനു ശേഷം സിസ്റ്റർമാർ പിന്നെ ഒരു ചോദ്യമുയർത്തിയില്ല. അതിനാൽ മൂന്ന് കുട്ടികളിൽ നിർത്തി എന്ന് അച്‌ഛൻ കളിയായി പറയുമായിരുന്നു.
പത്താം ക്ലാസ്സിൽ വച്ച് ഏതു കാറ്റഗറിയിൽ പെടുത്തണമെന്ന ചോദ്യം വീണ്ടും ഉയർന്നു. എസ്സി, എസ്റ്റി, ഒബിസി ഏതു വേണമെന്നായിരുന്നു ചോദ്യം. ജാതിയും മതവും പറഞ്ഞില്ലെങ്കിൽ ആനുകൂല്യങ്ങൾ കിട്ടില്ല. ആനുകൂല്യം ഇല്ലാത്ത ജനറൽ കാറ്റഗറി എന്ന വിഭാഗത്തിൽ ഞങ്ങളെപ്പെടുത്തി. അങ്ങനെ പ്ലസ്‍വണും പ്ലസ്ടുവും പഠിക്കാൻ അനുവാദം ലഭിച്ചു. ഒരേ സ്ക്കൂളിലായിരുന്നു പഠനം. ട്രാൻസ്ഫർ സർട്ടിഫിക്കറ്റിൽ നോ കാസ്റ്റ് നോ റിലിജിയൻ എന്നാണ് മെൻഷൻ ചെയ്തത്.
അമ്മ പഠിച്ച കോളേജിൽ
അച്‌ഛനും അമ്മയും പഠിച്ച മദ്രാസ് ലോ കോളേജിലാണ് ഞാനും നിയമ പഠനത്തിന് പോയത്. അത് എന്‍റെ ഒരു ആഗ്രഹമായിരുന്നു. അവർ പഠിച്ച അതേ കോളേജിൽ, അതേ ഹോസ്റ്റലിൽ, അതേ മുറിയിൽ തന്നെ തുടരണം എന്നായിരുന്നു ആഗ്രഹം. അത്രയേറെ അവർ എന്നെ ഇൻസ്പെയർ ചെയ്‌തിട്ടുണ്ട്. അങ്ങനെയാണ് ഞാൻ രണ്ടാം വർഷം മുതൽ കോളേജിൽ ചേർന്ന് അമ്മ താമസിച്ച അതേ ഹോസ്റ്റൽ മുറിയിൽ താമസിച്ച് പഠിച്ചത്. അതൊരു ഗവൺമെന്‍റ് ലോ കോളേജ് ആയിരുന്നു.
ഞാൻ കോളേജിൽ ചേർന്നപ്പോൾ 1000ത്തോളം ജാതികൾക്ക് ഓരോ കോഡുകൾ ഉണ്ടായിരുന്നു. അതിൽ ഒരു കോഡ് മേൽപ്പറഞ്ഞ കാസ്റ്റുകളിലൊന്നും ഇല്ലാത്ത വിഭാഗം എന്ന കാറ്റഗറിയായിരുന്നു. ഞാനത് മെൻഷൻ ചെയ്ത് എന്‍റെ കോഴ്സ് കംപ്ലീറ്റ് ചെയ്‌തു. ബിഎയും എംഎയും കരസ്ഥമാക്കി. ഞാൻ എംഎ സോഷ്യോളജി ചെയ്തപ്പോഴും ഈ ഓപ്ഷൻ എനിക്ക് സഹായകമായി. അഞ്ചാം ക്ലാസു മുതൽ നോ കാസ്റ്റ് നോ റിലീജയൻ എന്നു കാണിക്കുന്ന നിരവധി രേഖകൾ എനിക്ക് ലഭിച്ചിരുന്നു.
ജോലിയ്ക്കോ മത്സരപ്പരീക്ഷകൾക്കോ അപേക്ഷിക്കുമ്പോൾ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ചോദിക്കാൻ തുടങ്ങി. എനിക്ക് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റില്ല എന്ന് സത്യവാങ്മൂലം നൽകേണ്ട സാഹചര്യമുണ്ടായിരുന്നു. എന്‍റെ എല്ലാ ട്രാൻസ്ഫർ സർട്ടിഫിക്കറ്റും സത്യവാങ്മൂലവും ചേർത്ത് ഓരോ തവണ അയക്കേണ്ടി വന്നു. ഇതൊരു ഭയങ്കര ബോറിംഗ് പരിപാടി ആയി തോന്നിത്തുടങ്ങി. അഫിഡവിറ്റ് തയ്യാറാക്കണം, നോട്ടറി സിഗ്നേച്ചർ വാങ്ങണം, എല്ലാ രേഖകളും ഹാജരാക്കണം. അങ്ങനെയാണ് ഞാൻ നോ കാസ്റ്റ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടാൻ തീരുമാനിച്ചത്.
ജാതിയില്ല സർട്ടിഫിക്കറ്റ്
മറ്റുള്ളവർക്ക് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെങ്കിൽ എനിക്ക് ജാതി ഇല്ല എന്നു പറഞ്ഞും സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുന്നതിൽ എന്താണ് തെറ്റ്? അതാണ് എന്‍റെ മനസിൽ വന്നൊരു സ്പാർക്ക്. 2006 മുതൽ ഞാനിതിന് ശ്രമിക്കാൻ തുടങ്ങി. ഇന്ത്യയിൽ ഇങ്ങനെ ഒരു സർട്ടിഫിക്കറ്റിനായി ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ എന്നു ഞാൻ അന്വേഷിച്ചു.
ജാതിയും മതവും ഇല്ലാതെ ജീവിക്കുന്നവർ തമിഴ്നാട്ടിലും കേരളത്തിലും നമ്മുടെ നാട്ടിന്‍റെ പലഭാഗത്തും ഉണ്ട്. എന്നാൽ അങ്ങനെ ഒരു സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊണ്ട് കോടതിയിൽ ആദ്യമായി ഹർജി നൽകിയത് ഞാനാണ്.
തെലുങ്കാനയിൽ നിന്നുള്ള രാമകൃഷ്ണ റാവു, ഒരു കേസ് ഹൈക്കോടതിയിൽ ഫയൽ ചെയ്‌തിരുന്നു. എല്ലാ ഗവൺമെന്‍റ് ഫോമുകളിലും ജാതിയും മതവും ഇല്ല എന്ന് രേഖപ്പെടുത്താനുള്ള കോളം വേണമെന്നാണ് അദ്ദേഹം പൊതു താൽപര്യ ഹർജി ഫയൽ ചെയ്‌തിരുന്നത്. അതൊരു വ്യത്യസ്തമായ പോരാട്ടമാണ്. ഇപ്പോഴും ആ പോരാട്ടം അദ്ദേഹം തുടരുന്നു. ഇതു മാത്രമാണ് ഞാൻ ആകെ ഈ രംഗത്ത് കണ്ടത്.
തഹസിൽദാറാണ് സാധാരണയായി ജാതി സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവാദിത്തപ്പെട്ട ഓഫീസർ. ഞാൻ തഹസിൽദാർ ഓഫീസിൽ പോയി തുടർച്ചയായി കത്ത് കൊടുക്കാൻ തുടങ്ങി. എല്ലാ വർഷവും തഹസിൽദാർ മാറും. അല്ലെങ്കിൽ സബ്കളക്ടർ മാറും. ഓരോ സമയത്ത് ഇവരുടെ കോർഡിനേഷന്‍റെ പ്രശ്നമോ, ധൈര്യക്കുറവോ കാരണം ഈ അപേക്ഷ അവരാരും ചെവിക്കൊണ്ടില്ല.
പോരാട്ട വഴിയിൽ
ഞാനിങ്ങനെ അപേക്ഷയുമായി ചെന്ന വേളയിൽ ആളുകളും ഉദ്യോഗസ്‌ഥരൊക്കെ എന്നെ തുറിച്ചു നോക്കുമായിരുന്നു. ജാതിയില്ല എന്ന് പറഞ്ഞ് ഒരു സർട്ടിഫിക്കറ്റ് വാങ്ങിയാൽ എന്താണ് നിങ്ങൾക്ക് ഗുണം എന്നാണ് അവരുടെ സംശയവും ചോദ്യവും. റിസർവേഷൻ കിട്ടണമെങ്കിൽ ജാതി സർട്ടിഫിക്കറ്റ് വേണമല്ലോ. ഈ സാഹചര്യത്തിൽ എന്താണ് നിങ്ങൾ ഇങ്ങനെ ഒരാവശ്യവുമായി വരുന്നതെന്നായിരുന്നു ചോദ്യം.
കോടതിയിൽ പരാതി കൊടുത്താൽ ഇതിനൊരു കൃത്യമായ ഉത്തരം ലഭിക്കാൻ സാധ്യത കുറവാണെന്ന് തോന്നിയതിനാൽ ഞാൻ അങ്ങനെ സമയം പാഴാക്കാൻ തയ്യാറായില്ല. ജുഡീഷ്യൽ ഓർഡർ ലഭിക്കുന്നത് ഒരു ഗവൺമെന്‍റ് ഓർഡർ ലഭിക്കുന്നതിനേക്കാൾ പ്രയാസകരമാണ്. അതിനാൽ ഞാൻ സർക്കാർ സംവിധാനങ്ങൾ വഴി തന്നെ സർട്ടിഫിക്കറ്റ് നേടാൻ ശ്രമിച്ചു കൊണ്ടിരുന്നു.
സബ് കളക്ടർ പ്രിയങ്ക പങ്കജം വളരെ ധീരയായ ഒരു ഓഫീസറായിരുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള ആവശ്യങ്ങൾക്കായി പോരാടുന്നവരെ മുൻപിൻ നോക്കാതെ അവർ സഹായിക്കാറുണ്ട്. ഞങ്ങൾ രണ്ടുപേരും ചേർന്ന് നിരവധി സ്ക്കൂളുകളിലും സ്‌ഥാപനങ്ങളിലും കൗൺസിലിംഗ് അവയർനെസ് ക്ലാസുകൾ നടത്തിയിരുന്നു. അങ്ങനെ അവർ എന്‍റെ പോരാട്ടത്തെക്കുറിച്ച് നേരിട്ടു മനസിലാക്കി. തുടർന്ന് അവർ എനിക്ക് നോ കാസ്റ്റ് സർട്ടിഫിക്കറ്റ് നൽകാൻ തഹസിൽദാർക്ക് ശുപാർശ ചെയ്‌തു. അന്നത്തെ തഹസിൽദാർ ആയിരുന്ന സത്യമൂർത്തിയും വളരെ ബോൾഡായിരുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്‌തി.
കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാനായി ഒരാളുടെ വീട്ടിലോ അയൽപക്കത്തോ അന്വേഷിക്കുന്നതു പോലെ എന്‍റെ കാര്യത്തിലും അന്വേഷിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. ആ വ്യക്‌തിയുടെ കുടുംബം, ജീവിതശൈലിയെല്ലാം മനസിലാക്കിയിട്ട് സർട്ടിഫിക്കറ്റ് അനുവദിച്ചാൽ മതിയല്ലോ. ഞാനെന്തെങ്കിലും ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്ന ആളാണോ എന്ന് അന്വേഷിച്ചിട്ട് സർട്ടിഫിക്കറ്റ് തന്നാൽ മതിയെന്നായിരുന്നു എന്‍റെ നിലപാട്.
താലിയില്ലാ വിവാഹം
കോളേജു പഠനത്തിനു ശേഷം ഞാൻ പാർത്ഥിബരാജയെ വിവാഹം ചെയ്തു. അതും ഒരു വിപ്ലവ കല്യാണം ആയിരുന്നു. ഞങ്ങളുടെ വിവാഹത്തിൽ ജാതീയമായ ഒരു ബിംബങ്ങളും ഉണ്ടായില്ല. താലി പോലുള്ള ഒരു ചിഹ്നങ്ങളും ഞാൻ ഉപയോഗിക്കുന്നുമില്ല.
ഞങ്ങൾക്ക് മൂന്ന് കുട്ടികളുണ്ടായി. ഇവരെയും ജാതിയും മതവുമില്ലാതെയാണ് വളർത്തുന്നത്. ആതിര നസ്റിൻ, ആദില ഐറിൻ, ആരിഫ ജെസി. ഇവരുടെ പേരുകൾ ശ്രദ്ധിച്ചാൽ അറിയാം ഓരോ മതത്തിലെ പേരുകളുടെ മിക്സ് ആണ്. ഇതെല്ലാം അന്വേഷിച്ചിട്ടാണ് സർട്ടിഫിക്കറ്റ് എനിക്ക് ലഭിച്ചത്.
ലൈഫ് സ്റ്റൈലിന്‍റെയും ത്യാഗത്തിന്‍റെയും പേരിലുള്ള അടയാളപ്പെടുത്തലാണ് ഈ സർട്ടിഫിക്കറ്റ് എന്നും ഗവൺമെന്‍റിന്‍റെ തന്നെ പേരിലുള്ള ഒരു സാമ്പത്തിക പിന്തുണയും ഈ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിലൂടെ ഇല്ലാതായേക്കാം എന്നും അധികൃതർ പറഞ്ഞിരുന്നു. അങ്ങനെ 2019 ഫെബ്രുവരി അഞ്ചിന് എനിക്ക് സർട്ടിഫിക്കറ്റ് ലഭിച്ചു. ആ സമയത്ത് ഞാൻ നേരിട്ട പ്രധാന ചോദ്യം നിങ്ങൾ സംവരണത്തിന് എതിരാണോ എന്നാണ്.
സംവരണത്തെ പിന്തുണയ്ക്കുന്നു
ഞാൻ സംവരണ വ്യവസ്ഥയ്ക്ക് എതിരേയല്ല. എനിക്ക് കിട്ടിയ സർട്ടിഫിക്കറ്റ്, എന്‍റെ ജീവിത രീതിയെ വെളിപ്പെടുത്തുന്ന ഒരു അടയാളമാണ്, അറിയിപ്പാണ്. ഞാൻ ഇക്കാര്യത്തിൽ ആരും എന്നെ പിന്തുടരണമെന്ന് ആവശ്യപ്പെടുന്നില്ല. എന്നാൽ ജാതി വ്യവസ്ഥകൾ തകർക്കപ്പെടണമെങ്കിൽ മുകളിൽ നിന്നു തന്നെ അതിനു ശ്രമം വേണം. ജാതി വ്യവസ്‌ഥ ഉണ്ടായത് താഴെ നിന്ന് മുകളിലേക്കല്ല, മുകളിൽ നിന്ന് താഴേയ്ക്കാണ്. പിന്നോക്ക വിഭാഗത്തിനും സാമൂഹ്യനീതി ആവശ്യമാണ്. അതിനാൽ ഈ അവസ്‌ഥയിൽ സംവരണം അനിവാര്യമായ സംഗതിയാണ്. ഞാൻ സംവരണ വ്യവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
അച്‌ഛനും അമ്മയ്ക്കും സമർപ്പിക്കുന്നു
എന്‍റെ അച്‌ഛനും അമ്മയും എന്‍റെ ഈ ഒരു നേട്ടത്തിൽ അങ്ങേയറ്റം സന്തോഷിക്കുന്നു. ഗവൺമെന്‍റ് എനിക്ക് സർട്ടിഫിക്കറ്റ് നൽകി എന്നറിഞ്ഞപ്പോൾ ആദ്യം അവർക്കത് അവിശ്വസനീയമായ സംഗതിയായിരുന്നു. ഇന്ത്യയിൽ ഇന്നു പിറന്നു വീഴുന്ന ഓരോ കുഞ്ഞിനു പോലുമുണ്ടല്ലോ കാസ്റ്റും റിലീജിയനും! ഗവൺമെന്‍റ് ഇങ്ങനെ ഒരു സർട്ടിഫിക്കറ്റ് നൽകിയതോടെ ജന്മനാൽ സൃഷ്ടിക്കപ്പെടുന്ന ജാതി വ്യവസ്ഥയ്ക്ക് ഒരു തടയിടുകയാണ്.
ഇന്ത്യ ഒരു മതേതര രാജ്യമാണ്. അങ്ങനെയെങ്കിൽ ഒരു ഇന്ത്യക്കാരന് മതരഹിതനായിക്കൂടെ? അതിന് ഇതാണ് എന്‍റെ ഉത്തരം. എന്‍റെ അച്‌ഛനും അമ്മയും മിശ്രവിവാഹിതരായ ശേഷം ജാതിയും മതവും ഇല്ലാതെ ഞങ്ങളെ വളർത്താൻ ഒരുപാട് സ്ട്രഗിൾ ചെയ്‌തിട്ടുണ്ട്. മകളിലൂടെ ലഭിച്ച ഈ നേട്ടം അവർ വലിയൊരു അംഗീകാരമായി കാണുന്നു എന്ന് ഞാൻ മനസിലാക്കുന്നു.
മോശം അനുഭവങ്ങളില്ല
ഞാൻ നോ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് തേടി നടക്കുന്ന വേളയിൽ കാണാൻ പോലും അനുവാദം നൽകാതിരുന്ന ഉദ്യോഗസ്‌ഥരുണ്ട്. മതപരമായി കടുത്ത ചിന്താഗതികൾ ഉള്ളവരായിട്ടായിരിക്കാമത്. നിങ്ങൾ ഏതു ജാതിയിലാണ് എന്നു പറയാനുള്ള അധികാരം ഞങ്ങൾക്കുണ്ട്, പക്ഷേ നിങ്ങൾക്ക് കാസ്റ്റ് ഇല്ല എന്നു പറയാനുള്ള അധികാരം ഞങ്ങൾക്കില്ല എന്നു പറഞ്ഞാണ് ഒഴിഞ്ഞു മാറിയത്. എന്നാൽ ഈ കാര്യത്തിനായി ഇറങ്ങിത്തിരിച്ചപ്പോൾ നിരവധി തടസങ്ങളും വൈകിപ്പിക്കലുകളും ഒക്കെ ഉണ്ടായെങ്കിലും മോശം സാഹചര്യങ്ങളെ ഒന്നും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. ഒരുപക്ഷേ എനിക്ക് ഒരു സാമൂഹ്യ പ്രവർത്തക എന്ന ലേബൽ ആ സമയത്തും ഉണ്ടായിരുന്നതു കൊണ്ടാകാം ഞാൻ കയറിയിറങ്ങിയ ഇടങ്ങളെല്ലാം എന്നെ അറിയുന്ന ഇടങ്ങൾ തന്നെ ആയിരുന്നു.
രാഷ്ട്രീയം, ജീവിതം
ഇടതുപക്ഷ ചിന്താഗതിയിൽ ആണ് ഈ ജീവിതം. എനിക്ക് ജനങ്ങൾക്ക് വേണ്ടി ജീവിക്കാനാണ് കൂടുതൽ ഇഷ്ടം അതിനാലാണ് ഞാൻ രാഷ്ട്രീയവും സാമൂഹ്യപ്രവർത്തനവും നിയമ രംഗവും തെരഞ്ഞെടുത്തത്. ആളുകളുമായി അടുത്തിടപഴകുമ്പോഴാണ് അവരുടെ പല പ്രശ്നങ്ങളും നാം മനസിലാക്കുന്നത്. പൊതു സമൂഹത്തെ സ്വാധീനിക്കുവാനുള്ള കഴിവ് എനിക്കുണ്ടെന്ന് തോന്നിയപ്പോഴാണ് ഞാൻ സാമൂഹ്യപ്രവർത്തന രംഗത്തേക്ക് വന്നത്.
രാഷ്ട്രീയം എന്‍റെ രക്തത്തിലലിഞ്ഞ സംഗതിയാണ്. എന്‍റെ കുടുംബാംഗങ്ങൾ ഇടതുപക്ഷ അനുഭാവികളും പ്രവർത്തകരുമാണ്. കൂടാതെ എന്‍റെ കുടുംബത്തിലെ ഇരുപത്തൊന്നാമത്തെ അഡ്വക്കേറ്റാണ് ഞാൻ! എന്‍റെ കുട്ടിക്കാലം തൊട്ടെ, മാർക്സിസ്റ്റ് ദ്രവീഡിയൻ, അംബേദ്കർ ആശയങ്ങൾ കണ്ടും കേട്ടും വളർന്നവളാണ്. എന്‍റെ അച്‌ഛനും അമ്മയും പാർട്ടി അംഗങ്ങളായിരുന്നു.
പ്രാദേശിക ഭാഷകളെ ഇല്ലാതാക്കരുത്
ഇപ്പോഴും ഏറ്റവും ആഴത്തിലുള്ള വെല്ലുവിളി ജാതിയും മതവും തന്നെയാണ്. മറ്റൊന്ന് സ്ത്രീകൾ കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളാണ്. ഇതിലെല്ലാറ്റിലും എനിക്ക് ആശങ്ക ഉയർത്തുന്ന ഒരു കാര്യമാണ് ഭാഷയുടെ പേരിലുള്ള അധിനിവേശങ്ങൾ. ഹിന്ദി, സംസ്കൃതം തുടങ്ങിയ ഭാഷകൾ, പ്രാദേശിക ഭാഷകളെ വിഴുങ്ങി ഇല്ലാതാക്കുന്ന ഒരു അവസ്‌ഥ ഇന്നുണ്ട്.
കേന്ദ്ര ഗവൺമെന്‍റ് പ്രാദേശിക ഭാഷകളെ ഇല്ലായ്മ ചെയ്‌ത് ഒരു രാജ്യം ഒരു ഭാഷ എന്ന സാഹചര്യം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഞാനതിനെ വളരെ ശക്തമായി എതിർക്കുന്നു. ഓരോ സംസ്ഥാനത്തിനും അവരുടെ ഭാഷയിൽ പൂർണ്ണമായ സ്വാതന്ത്ര്യം നൽകണം. ഭാഷകളുടെ ശുദ്ധി, സംരക്ഷിക്കപ്പെടണം. അതിനും രാഷ്ട്രീയതലത്തിൽ പോരാട്ടം തുടരേണ്ടതുണ്ട്.
പ്രിയപ്പെട്ട പിണറായി
കേരളത്തിനെ കുറിച്ചോർക്കുമ്പോൾ എനിക്ക് മുഖ്യമന്ത്രിയെയാണ് ഓർമ്മ വരുന്നത്. പിണറായി വിജയൻ സാർ എത്ര അതിശയിപ്പിക്കുന്ന ഭരണമാണ് കാഴ്ചവയ്ക്കുന്നത്. ഒറീസയും കേരളവും മാത്രമാണ് കോവിഡിനെ ഇത്ര സമർത്ഥമായി കൈകാര്യം ചെയ്തത്. ജനതയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ആശങ്കകളും കരുതലും മാതൃകാപരമാണ്. കേരളത്തെ ഇക്കാര്യത്തിൽ എത്ര പ്രശംസിച്ചാലും മതിയാവില്ല.
ഞാൻ കേരളത്തെ ഒരുപാട് ശ്രദ്ധിക്കാറുണ്ട്. എന്നാൽ കേരളത്തിൽ ഒരു പാട് സുഹൃത്തുക്കളൊന്നുമില്ല. ഫേസ്ബുക്ക് ഫ്രണ്ട്സ് കുറച്ചു പേരുണ്ട്. ടൂറിസ്റ്റ് എന്ന നിലയിൽ പലവട്ടം കേരളത്തിൽ വന്നിട്ടുണ്ട്. ഒരു പ്രോഗ്രാമിനായി എന്നെ ആരെങ്കിലും ക്ഷണിച്ചാൽ തീർച്ചയായും പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്ന ഇടമാണ് കേരളം.
കലാകുടുംബം
എന്‍റെ ഭർത്താവ് പാർത്ഥിബരാജ പ്രൊഫസറാണ്. തമിഴ് സാഹിത്യത്തിൽ ഡോക്ടറേറ്റുണ്ട്. 25 ഓളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. തീയറ്റർ ആക്ടിവിസ്റ്റു കൂടിയാണ് പാർത്ഥിബരാജ. 28 നാടകങ്ങൾ സംവിധാനം ചെയ്‌തിട്ടുണ്ട്. അദ്ദേഹം അഭിനയിക്കാറുമുണ്ട്. ഞാനും നാടകങ്ങൾ ചെയ്യാറുണ്ട്. ചരൺ ദാസ് ചോർ എന്ന നാടകത്തിന്‍റെ തമിഴ് വേർഷനിൽ പ്രധാന വേഷം ചെയ്തിരുന്നു. ലണ്ടനിൽ 2018 ൽ നടന്ന ഇന്‍റർനാഷണൽ തീയറ്റർ ഫെസ്റ്റിവലിലും പങ്കെടക്കാൻ കഴിഞ്ഞിരുന്നു. അന്ന് ഇന്ത്യയിൽ നിന്ന് ഞാനും ഭർത്താവും അടക്കം മൂന്ന് പേരാണ് ആ ഫെസ്റ്റിവലിൽ പങ്കെടുത്തത്.
ഭരതനാട്യവും സ്റ്റേജ് പെർഫോമൻസ് ചെയ്യാറുണ്ട്. അതും കുട്ടികളുടെ കൂടെ. ഞങ്ങൾ അഞ്ചുപേരും ചേർന്ന് നാടകം ചെയ്‌തിട്ടുണ്ട്. അതുപോലെ സ്പോർട്സും ട്രക്കിംഗും എല്ലാം വലിയ ഇഷ്ടമാണ്. 2017 ൽ ഹിമാലയ ട്രക്കിംഗ് ചെയ്‌തിരുന്നു. മൂന്നു കുട്ടികളായതിനു ശേഷവും ഇതെല്ലാം സീരിയസായി ചെയ്യുന്നത് എനിക്ക് അവ വളരെ ഇഷ്‌ടമായതു കൊണ്ടാണ്.
മിക്കവാറും ദിവസങ്ങളിൽ 6 കിലോമീറ്ററെങ്കിലും ഓടാറുണ്ട്. രാവിലെ 4.30 മുതൽ 5.30 വരെ ആണ് ഓട്ടം. പിന്നെ സമയം കിട്ടിയാൽ യോഗ ചെയ്യാറുണ്ട്. എല്ലാത്തരം ഫിറ്റ്നസ് ആക്ടിവിറ്റികളും ഞാൻ ചെയ്യാറുണ്ട്. എനിക്ക് പഠനത്തേക്കാളും ഇഷ്ടം ഇത്തരം എക്സ്ട്രാകരിക്കുലർ ആക്ടിവിറ്റികളാണ്. പണ്ടും അങ്ങനെയായിരുന്നു.
റിയൽ ഹീറോയിൻ
എന്‍റെ കുട്ടികൾ എന്നേ പോലെയാവണം എന്നു പറയുന്നത് കേൾക്കുന്നത് തന്നെ എത്രയോ സന്തോഷമുള്ള കാര്യമാണ്. എന്നിലൂടെ സ്ത്രീകളെയും കുട്ടികളെയും ഇൻസ്പയർ ചെയ്യണമെന്നു തന്നെയാണ് എന്‍റെ ആഗ്രഹം. കൂടാതെ കുട്ടികളെ ഇൻസ്പയർ ചെയ്യാനായി ഞങ്ങൾ നിരവധി പ്രോഗ്രാമുകൾ ചെയ്യാറുണ്ട്. എന്‍റെ ജീവിതത്തിലൂടെ തന്നെ മറ്റുള്ളവരെ പോസിറ്റീവ് ആക്കുകയാണ് എന്‍റെ ഏറ്റവും വലിയ സ്വപ്നം. സിനിമാ താരങ്ങളെയല്ല സ്വയം എന്നെ ഒരു സെലിബ്രിറ്റിയായി എന്‍റെ കുട്ടികൾ കാണട്ടെ.അതാണ് എനിക്ക് ഇഷ്ടം…