വിവാഹമോചിതരാകുന്നവരുടെ എണ്ണം ഇന്ത്യയിൽ നാൾക്കുനാൾ വർദ്ധിച്ചിരിക്കുകയാണ്. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളുടെ എണ്ണം രണ്ടിരട്ടിയായിരിക്കുന്നു. പ്രത്യേകിച്ചും മുംബൈ, ബാംഗ്ലൂർ, കൊൽക്കത്ത, ലഖ്നൗ തുടങ്ങിയ നഗരങ്ങളിലാണ് ഈ ട്രെന്‍റ് കൂടുതലായി കണ്ടുവരുന്നത്. ഈ നഗരങ്ങളിൽ മാത്രം 5 വർഷങ്ങളായി വിവാഹമോചന ഹർജികളുടെ എണ്ണം ഏകദേശം മൂന്നിരട്ടിയായിരിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. കേരളത്തിലും സ്ഥിതി വിഭിന്നമല്ല.
വിവാഹമോചന കേസുകളിലുണ്ടായിരിക്കുന്ന ഈ വർദ്ധനവിനും ദമ്പതികളുടെ ഇടയിലുണ്ടാകുന്ന സ്വരച്ചേർച്ചയില്ലായ്മക്കും എന്താണ് കാരണം? എന്തുകൊണ്ട് ബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നില്ല? ദാമ്പത്യജീവിതത്തിന്‍റെ ആയുസ്സ് കുറയുന്നത് എന്തുകൊണ്ടാണ്?
വിമർശനാത്മകമായ നിലപാട്
പരസ്പരം വിമർശിക്കുകയന്നുള്ളത് എല്ലാവരും ചെയ്യുന്ന പ്രവൃത്തിയാണ്. ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഇത് സാധാരണമായ കാര്യവുമാണ്. എന്നാൽ വിമർശനങ്ങൾ നടത്തുന്നതിലുണ്ടാകുന്ന മോശമായ മാറ്റങ്ങളാണ് ദാമ്പത്യജീവിതത്തിന്‍റെ നട്ടെല്ല് തകർക്കുന്നത്. ഭാര്യയോ ഭർത്താവോ തെറ്റാണെന്ന് വരുത്തിത്തീർക്കാനുള്ള പങ്കാളിയുടെ ശ്രമത്തിലൂടെ പങ്കാളിയുടെ നേരെ ആരോപണങ്ങളുടെ കെട്ടഴിച്ചു വിടുന്നു. ഈ സാഹചര്യ ത്തിൽ ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ വലിയൊരു അകൽച്ച രൂപപ്പെടുകയും പഴയസ്ഥിതിയിലേക്കെത്താൻ കഴിയാതെ വരികയും ചെയ്യുന്നു.
വെറുപ്പ്
മനസ്സിൽ പങ്കാളിയെക്കുറിച്ച് വെറുപ്പോ അവഗണനയോ തോന്നുകയാണെങ്കിൽ ആ ബന്ധം അധികകാലം നീണ്ടുനിൽക്കുകയില്ലെന്ന് ഉറപ്പിക്കാം. വെറുപ്പ് കാട്ടാനായി കുറ്റപ്പെടുത്തുക, അസാധാരണമായി പേര് ചൊല്ലി വിളിക്കുക എന്നിങ്ങനെയുള്ള പെരുമാറ്റങ്ങൾ പങ്കാളിയോടുള്ള അകൽച്ചയെയാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള പെരുമാറ്റം ബന്ധങ്ങളുടെ വേരറക്കുകയാണ് ചെയ്യുന്നത്.
ബന്ധം നിലനിർത്താനുള്ള ശീലം
പങ്കാളിയ്ക്ക്മേൽ ആരോപണമുന്നയിച്ച് സ്വയം രക്ഷപ്പെടാൻ ശ്രമിക്കുന്ന പ്രവണത ബന്ധങ്ങളിൽ അന്തരം സൃഷ്ടിക്കുന്നു. ഏത് സ്ഥിതിയിലും പരസ്പരം തുണയാവുകയെന്നതാണ് പ്രധാനം. എന്നാൽ പരസ്പരം പോരടിക്കാനുള്ള ശ്രമത്തിലാണെങ്കിൽ അവരുടെ ബന്ധത്തെ ആർക്കും രക്ഷിക്കാനാവില്ല.
തുറന്ന് സംസാരിക്കാതിരിക്കുക
ജീവിത പങ്കാളിയെപ്പറ്റി ഉദാസീനമായ നിലപാട് സ്വീകരിക്കുക, തുറന്ന് സംസാരിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുക, അവർ പറയുന്ന കാര്യങ്ങൾ അവഗണിക്കുക എന്നിങ്ങനെുള്ള മതിൽക്കെട്ടുകൾ അവരുടെ ജീവിതത്തെ ഇല്ലാതാക്കുകയുള്ളൂ.
മറ്റു ചില കാരണങ്ങൾ
ക്വാളിറ്റി ടൈം: ബാംഗ്ലൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആന്‍റ് ഇക്കണോമിക് ചേഞ്ച് നടത്തിയ പഠനമനുസരിച്ച് ഭാര്യയ്ക്കും ഭർത്താവിനുമിടയിലുണ്ടാകുന്ന അകൽച്ചയ്ക്കുള്ള പ്രധാന കാരണം ഡ്യുവൽ കരിയർ കപ്പിൾ (രണ്ടുപേരും ജോലിയുള്ളവരാകുക) എന്ന സാഹചര്യത്തിലുണ്ടായിരിക്കുന്ന വർദ്ധനവാണ്.
53 % സ്ത്രീകൾ സ്വന്തം ഭർത്താക്കന്മാരുമായി കലഹിക്കുന്നവരാണെന്നാണ് ഈ പഠനം പറയുന്നത്. ഭർത്താക്കന്മാർ ഭാര്യമാർക്കൊപ്പം സമയം ചെലവഴിക്കാത്തതാണ് ഈ കലഹത്തിന് കാരണം. മാത്രമല്ല കുടുംബത്തിനുവേണ്ടി വേണ്ടത്ര സമയം ചെലവഴിക്കാൻ ഉദ്യോഗസ്ഥകളായ ഭാര്യമാർ ശ്രമിക്കാറില്ലെന്നാണ് 32% പുരുഷന്മാരും ഉന്നയിക്കുന്ന പരാതി.
സോഷ്യൽമീഡിയ: സോഷ്യൽ മീഡിയയിൽ അധികസമയം ചെലവഴിക്കു ന്നതും വിവാഹമോചനങ്ങളും തമ്മിൽ പരസ്പരബന്ധമുണ്ടെന്നാണ് അടുത്തിടെ അമേരിക്കയിൽ നടത്തിയ ഒരു പഠനം പറയുന്നത്. സോഷ്യൽ മീഡിയയോടുള്ള അമിതമായ അഭിനിവേശം കുടുംബബന്ധങ്ങളെ അത്രമാത്രം തകരാറിലാക്കുന്നു. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്.
സോഷ്യൽ മീഡിയയിൽ മുഴുകിയിരിക്കുന്ന വ്യക്‌തി പങ്കാളിയ്ക്കൊപ്പം വളരെ കുറച്ച് സമയമേ ചെലവഴിക്കാറുള്ളൂ. പുതിയ സുഹൃത്തുക്കളെ സൃഷ്ടിക്കുന്നതിനും ലൈക്കുകളും കമന്‍റുകളും നേടുന്നതിലുമൊക്കെയായിരിക്കും ആ വ്യക്‌തിയ്ക്ക് കൂടുതൽ താൽപര്യം. മറ്റൊന്ന്, ഇത്തരം വ്യക്‌തികൾക്ക് വിവാഹേതരബന്ധങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയും കൂടുതലായിരിക്കും. പുതിയ സൗഹൃദങ്ങളെ സ്വാഗതം ചെയ്യാനും അത് വളർത്താനും സോഷ്യൽ മീഡിയ അനായാസം വഴിയൊരുക്കുന്നു.