രാമന്‍റെ ഏദൻതോട്ടം സിനിമയിൽ നൃത്തത്തെ പ്രാണന് തുല്യം പ്രണയിച്ച മാലിനിയെ മലയാളിക്ക് അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല. വെള്ളിത്തിരയിലെ ആ റീൽ ലൈഫ് കഥാപാത്രത്തെ അന്വർത്ഥമാക്കും വിധം ജീവിതത്തിലും നൃത്തത്തിന്‍റെ മനോഹരമായ ചുവടുകളിലേക്ക് പൂർണമായി പെയ്‌തിറങ്ങിയിരിക്കുകയാണ് അനുസിത്താര. ക്യാമറക്കണ്ണുകൾക്ക് മുന്നിലെ അഭിനയ മുഹൂർത്തങ്ങൾക്കപ്പുറം തന്‍റെയുള്ളിലെ അടങ്ങാത്ത പാഷനെ നെഞ്ചോട് ചേർത്ത് പിടിച്ച് ഷാർജയിൽ അവർ തുടക്കമിട്ട നൃത്തവിദ്യാലയത്തിന്‍റെ തിരക്കുകളിലാണ് താരമിപ്പോൾ. ഡാൻസ് സ്‌കൂൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിന്‍റെ ഉത്തരവാദിത്തങ്ങൾക്കിടയിലും കലയേയും കുടുംബത്തേയും ഒരു പോലെ ചേർത്തുപിടിക്കുന്ന അനുവിന് പക്ഷേ ഇത്തവണത്തെ ഓണക്കാലം മറ്റെല്ലായ്പ്പോഴത്തേയും പോലെയല്ല. എപ്പോഴും തണലായി കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ഉമ്മുമ്മയുടെ (അച്ഛന്‍റെ അമ്മ) വേർപാടിന്‍റെ നോവിൽ നിന്നും താരമിപ്പോഴും പൂർണ്ണമായി മോചിതയായിട്ടില്ല. ആ ഓർമ്മകളുടെ നൊമ്പരങ്ങൾക്കിടയിലും തന്‍റെ ജീവിതത്തെയും പ്രിയപ്പെട്ട കുടുംബത്തെയും സ്വപ്നങ്ങളേയുംക്കുറിച്ച് അനുസിത്താര മനസ്സ് തുറക്കുന്നു.
“സന്തോഷം” കഴിഞ്ഞിട്ട് ഒരിടവേള
സന്തോഷം സിനിമ കഴിഞ്ഞിട്ട് ഡാൻസ് സ്‌കൂളിന്‍റെ കാര്യങ്ങളൊക്കെയായിട്ട് കുറച്ച് തിരക്കിലായിരുന്നു. എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം, എന്നൊക്കെയുള്ള കുറച്ച് പ്ലാനിംഗും കാര്യങ്ങളുമൊക്കെയായി അതിന്‍റെ പുറകെയായിരുന്നു കുറച്ചുനാൾ. പിന്നെ ഇടയ്ക്ക് ഡാൻസ് പ്രോഗ്രാംസ് മാത്രമാണ് ചെയ്തു കൊണ്ടിരുന്നത്. എങ്കിലും സിനിമയെ മറന്നിട്ടൊന്നുമില്ല. ചെറിയ ഒരിടവേള മാത്രമാണിത്.
പുതിയ പ്രൊജക്റ്റ്
പുതിയ പ്രൊജക്റ്റ് ഉണ്ട്. അത് ഞാനിപ്പോൾ പറയുന്നില്ല (ചിരിക്കുന്നു) അവരായിട്ട് തന്നെ അത് ഔദ്യോഗികമായി അനൗൺസ് ചെയ്യണം. അതിനുശേഷമേ അതേക്കുറിച്ച് പറയുകയുള്ളു.
കഥാപാത്രത്തെ കൃത്യമായി മനസ്സിലാക്കും
സിനിമ ചെയ്യുന്നതിന് മുമ്പ് ചെയ്യുന്ന കഥാപാത്രം നമുക്ക് ഇണങ്ങുന്നതാണോ എന്ന് കൃത്യമായി മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്. കഥയും കഥാപാത്രവും വ്യക്‌തമായി അറിഞ്ഞാൽ മാത്രമേ അതിലേക്ക് നമുക്ക് പൂർണ്ണമായി ഇറങ്ങിച്ചെല്ലാനും ആ കഥാപാത്രമായി ജീവിക്കാനും സാധിക്കൂ. മുൻകൂട്ടി കാര്യങ്ങൾ മനസ്സിലാക്കുന്നത് സെറ്റിലെത്തുമ്പോൾ ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുകയും മികച്ച രീതിയിൽ പെർഫോം ചെയ്യാനുള്ള ആത്മവിശ്വാസം നൽകുകയും ചെയ്യും. ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞിട്ട് എനിക്ക് ഇത് ചെയ്യാൻ പറ്റില്ല എന്ന് പറയുന്നതിനേക്കാൾ എത്രയോ നല്ലതാണ് മുമ്പ് തന്നെ അതിനെക്കുറിച്ച് വ്യക്‌തമായ ഒരു ധാരണ ഉണ്ടാക്കുന്നത്. അത് നമ്മുടെ പ്രൊഫഷണലിസത്തെയാണ് കാണിക്കുന്നത്. അങ്ങനെ ചെയ്യുന്നതാണ് ഒരു ആർട്ടിസ്‌റ്റ് എന്ന നിലയിൽ എന്നിലെ മികച്ച പ്രകടനത്തെ പുറത്തെടുക്കാൻ സഹായിക്കുന്നതും.
ഷാർജയിലെ മുവൈലയും മമ്മിയുടെ നൃത്തപാഠങ്ങളും
ചെറുപ്പം മുതലേ ഡാൻസും ഡാൻസ് സ്‌കൂളുമൊക്കെ എന്‍റെ ജീവിതത്തിന്‍റെ ഭാഗമാണ്. കുട്ടിക്കാലം മമ്മിയുടെ ഡാൻസ് സ്‌കൂളും മമ്മിയുടെ സ്‌റ്റുഡന്‍റ്സും പ്രോഗ്രാമുകളുമൊക്കെ കണ്ട് പരിചയിച്ചു വന്നയാളാണ് ഞാൻ. സത്യം പറഞ്ഞാൽ എനിക്ക് സ്വന്തമായിട്ടുണ്ടായ കഴിവുകളല്ല ഇതൊന്നും. എല്ലാം എന്‍റെ അച്‌ഛന്‍റെയും മമ്മിയുടേയും ഭാഗത്തുനിന്ന് കിട്ടിയതാണ്. അച്‌ഛൻ പണ്ട് നാടകങ്ങളൊക്കെ ചെയ്യുമായിരുന്നു. മമ്മി നർത്തകിയും. അവർ തന്ന പ്രോത്സാഹനവും സപ്പോർട്ടും കൊണ്ട് മാത്രമാണ് ഞാൻ കലാകാരിയായി മാറിയത്. സിനിമയിലൊക്കെ വന്നതിനുശേഷം ഒരുപാട് പേർ ചോദിക്കുമായിരുന്നു. ഒരു ഡാൻസ് സ്‌കൂൾ തുടങ്ങിക്കൂടേ എന്ന്. അത് നന്നായി ചെയ്യണം എന്ന ആഗ്രഹമുള്ളതുകൊണ്ട് സമയമെടുത്തു. അങ്ങനെയാണ് ഷാർജയിലെ മുവൈല എന്ന സ്‌ഥലത്ത് എന്‍റെ രണ്ട് സുഹൃത്തുക്കളോടൊപ്പം പാർട്‌ണർഷിപ്പായി ഡാൻസ് സ്കൂൾ തുടങ്ങിയത്. ദൈവാനുഗ്രഹം കൊണ്ട് അത് നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.
ഡാൻസ് പഠിപ്പിക്കുന്നത് രസകരമാണ്
തുടക്കത്തിൽ എനിക്ക് നല്ല പേടിയുണ്ടായിരുന്നു. കൊറോണ സമയത്ത് ഞാനും മമ്മിയും കൂടി ഒരു ഓൺലൈൻ ക്ലാസ് സ്റ്റാർട്ട് ചെയ്തിട്ടുണ്ടായിരുന്നു. അതിലെ കുട്ടികളെ ഗുരുവായൂരിൽ വെച്ച് അരങ്ങേറ്റം ചെയ്യിച്ചപ്പോഴാണ് പഠിപ്പിക്കാൻ പറ്റുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായത്. എങ്ങനെയാണ് ക്ലാസ് എടുക്കേണ്ടത്, കുട്ടികളോടും മുതിർന്നവരോടും ഒക്കെ എങ്ങനെയാണ് കാര്യങ്ങൾ പറഞ്ഞു കൊടുക്കേണ്ടത് എന്നുള്ളതൊക്കെ ഞാനെന്‍റെ മമ്മിയിലൂടെയാണ് പഠിച്ചത്. ചെറിയ കുട്ടികളുടെ കാര്യം പറയുമ്പോൾ അവരെ പഠിപ്പിക്കുകയെന്നത് ഭയങ്കര രസമാണ്. മനസ്സിൽ കളങ്കമില്ലാത്തതുകൊണ്ട് നമ്മളോടുള്ള ഇഷ്ടവും അവർ തുറന്ന് പ്രകടിപ്പിക്കും. ക്ലാസിലെപ്പോഴും അവർ ആക്‌ടീവും ആയിരിക്കും. ഞാൻ നാട്ടിൽ വന്നിട്ട് തിരിച്ച് ചെല്ലുമ്പോൾ അവർ ഓടിവന്ന് ഉമ്മ തരും. വാത്സല്യം തുളുമ്പുന്ന കുരുന്നുകളും ഒത്തിരി സ്നേഹിക്കുന്ന മുതിർന്നവരും ചേർന്ന് ഒരു ലോകമാണ് ഡാൻസ് സ്‌കൂൾ. ഇവരൊക്കെ എന്‍റെ സ്വന്തം ആളുകളാണെന്ന് എനിക്ക് തോന്നാറുണ്ട്.
ഏറ്റവും വലിയ പ്രചോദനം
ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇൻസ്‌പയർ ചെയ്‌ത വ്യക്‌തി ആരെന്ന് ചോദിച്ചാൽ ഉറപ്പായിട്ടും അത് എന്‍റെ മമ്മി തന്നെയാണെന്ന് ഞാൻ പറയും. എന്‍റെ ഓരോ വളർച്ചയിലും മമ്മിയ്ക്കും പപ്പയ്ക്കും വലിയ പങ്കുണ്ട്. ഡാൻസ് സ്‌കൂൾ തുടങ്ങിയപ്പോൾ മമ്മി ക്ലാസ് എടുക്കുന്ന രീതിയാണ് ഞാൻ മാതൃകയാക്കിയത്. അതുകൊണ്ടാകാം “ഇവിടുത്തെ ടീച്ചിംഗ് വളരെ നല്ലതാണെന്ന് കേട്ടു വന്നതാണ്.” എന്ന് പുതിയ കുട്ടികൾ വന്ന് പറയുമ്പോൾ എനിക്ക് വലിയ സന്തോഷം തോന്നാറുണ്ട്. 30 വയസ്സുള്ള എന്നേക്കാൾ എനർജറ്റിക്കാണ് മമ്മിയിപ്പോൾ. രാവിലെ മുതൽ രാത്രി വരെ പ്രത്യേകിച്ച് കലോത്സവ സമയത്ത് മമ്മി വീട്ടിലെ കാര്യങ്ങളും ക്ലാസും ഒരുപോലെ നോക്കും. ഒരിക്കൽ പോലും മമ്മി വയ്യ എന്ന് പറഞ്ഞ് ഞാൻ കേട്ടിട്ടില്ല. ഒരു കാര്യം ഏറ്റെടുത്താൽ അത് ഭംഗിയായി പൂർത്തിയാക്കുന്ന മമ്മിയുടെ ആ അർപ്പണമനോഭാവമാണ് എന്‍റെ ഏറ്റവും വലിയ പ്രചോദനം.
ഷാർജയിലെ തിരക്കുകൾക്കിടയിൽ ഫാമിലി ടൈം
ഡാൻസ് ക്ലാസിന്‍റെ ഇടയിൽ എനിക്ക് ഫാമിലി ടൈം കുറഞ്ഞ് പോകാറൊന്നുമില്ല. എല്ലാമാസവും നാട്ടിൽ വന്ന് കുറച്ച് ദിവസം നിന്നിട്ടേ ഞാൻ തിരിച്ചു പോകാറുള്ളൂ. മാത്രമല്ല, ഞാൻ ഇല്ലാത്ത സമയത്തും അവിടെ കാര്യങ്ങൾ നോക്കാൻ എന്‍റെ ഹസ്ബൻറും എന്‍റെ അനിയത്തിയുമുണ്ട്. അനിയത്തി മ്യൂസിക്കിൽ പിജി കഴിഞ്ഞതാണ്. അവിടുത്തെ മ്യൂസിക് സ്റ്റുഡൻറ്സിന്‍റെ കാര്യങ്ങൾ അവളാണ് ശ്രദ്ധിക്കുന്നത്. കൂടാതെ നല്ല ടീച്ചേഴ്സും പാർട്‌ണേഴ്‌സും ഉള്ളതുകൊണ്ട് എനിക്ക് വലിയ ടെൻഷനൊന്നുമില്ല.
ആദിയേച്ചിയും മാലിനിയും: മനസ്സിൽ തൊട്ട കഥാപാത്രങ്ങൾ ഇനിയും ചെയ്യാൻ ആഗ്രഹിക്കുന്ന കഥാപാത്രങ്ങൾ
കഴിഞ്ഞ നാല് വർഷമായിട്ട് ഡാൻസ് ക്ലാസിന്‍റെ പുറകെയായിരുന്നു ഞാൻ. സിനിമയിൽ ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ ക്യാരക്ടേഴ്‌സ് ചെയ്യാനാണ് ആഗ്രഹം. എന്നാലും ഞാൻ എവിടെപ്പോയാലും ആളുകൾ പറയുന്ന ചില സിനിമകളുണ്ട്. രാമന്‍റെ ഏദൻതോട്ടം, ക്യാപ്റ്റൻ ഒക്കെ. പിന്നെ “സന്തോഷം” സിനിമ കണ്ടിട്ട് തീരെ ചെറിയ കുട്ടികൾ വന്ന് എന്നെ ആദിയേച്ചി എന്ന് വിളിക്കാറുണ്ട്. രാമന്‍റെ ഏദൻതോട്ടം കഴിഞ്ഞ് 9 വർഷമായിട്ടും ആളുകൾ വീണ്ടും വീണ്ടും കാണുന്നു എന്ന് പറഞ്ഞ് കേൾക്കുമ്പോൾ എന്‍റെ മുക്കാൽ ആഗ്രഹവും പൂർത്തിയായി എന്നുവേണം പറയാൻ. ഞാൻ ശരിക്കും ഷാർജയിൽ ഡാൻസ് സ്‌കൂൾ തുടങ്ങുന്ന സമയത്ത് അതിന്‍റെ ഡയറക്ടർ രഞ്ജിത്ത് സാറിനോടാണ് ആദ്യം പറഞ്ഞത്. എന്‍റെ റിയൽ ലൈഫുമായി ആ സിനിമയ്ക്ക് വലിയൊരു സാമ്യം തോന്നിയ നിമിഷമായിരുന്നുവത്.
മുത്തങ്ങയിലെ കാടുംമേടും സന്തോഷവും
ഒഴിവ് സമയത്ത് പ്രത്യേകിച്ച് ഒന്നും ചെയ്യാതെ വീട്ടിലിരിക്കാറാണ് പതിവ്. എന്‍റെ വീടും വിഷ്‌ണുവേട്ടന്‍റെ വീടും 6-7 കിലോമീറ്റർ ചുറ്റളവിലാണ് സ്‌ഥിതി ചെയ്യുന്നത്. അപ്പോൾ ദിവസവും എല്ലാവരേയുംപോയി കാണാൻ പറ്റും. ധാരാളം യാത്രകൾ ചെയ്യാറുണ്ടെങ്കിലും എനിക്ക് എന്‍റെ നാട് തന്നെയാണ് ഇഷ്‌ടം. നാട്ടിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്‌ഥലം മുത്തങ്ങയാണ്. ആർ നാട്ടിലേക്ക് വന്നാലും ഞാൻ മുത്തങ്ങയിലേക്ക് കൊണ്ട് പോകാതെ വിടാറില്ല. കാട്ടിലൂടെയുള്ള ഡ്രൈവ് ഇഷ്ടമാണ്. ആനയും മാനും കാട്ടുപോത്തുമൊക്കെ നിറഞ്ഞ ആ കാടുകഴിഞ്ഞ് നേരെ ഗുണ്ടൽപേട്ടിലെ സൂര്യകാന്തി പാടങ്ങളിലേക്ക്… അവിടുത്തെ കുഞ്ഞു ഗ്രാമങ്ങളിലൂടെയൊക്കെ യാത്ര ചെയ്ത് ഒരു കട്ടൻകാപ്പിയൊക്കെ കുടിച്ച് തിരിച്ച് വീട്ടിൽ എത്തും. അതൊക്കെയാണ് എന്‍റെ ലൈഫിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ.
മനസ്സിന്‍റെ ഭംഗിയാണ് മുഖത്തിന്‍റെ ഐശ്വര്യം
സന്തോഷവും മാനസികാരോഗ്യവും നിലനിർത്താൻ ഞാൻ പ്രത്യേകിച്ചൊന്നും ചെയ്യാറില്ല. എന്‍റെ ഹസ്‌ബൻഡും വീട്ടുകാരും എല്ലാ കാര്യത്തിലും എനിക്ക് വലിയ സപ്പോർട്ട് ആണ്. അവരോടൊപ്പം വെറുതെ ഇരുന്നാൽ തന്നെ എനിക്ക് സന്തോഷമാണ്. സൗന്ദര്യ സംരക്ഷണത്തിനായി ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. നമ്മുടെ മനസ്സിന്‍റെ ആരോഗ്യം പോലെയായിരിക്കും നമ്മുടെ മുഖം. നല്ലതുപോലെ വെള്ളം കുടിക്കുക, എപ്പോഴും പോസിറ്റീവ് ആയിരിക്കുക. നമ്മൾ എപ്പോഴും സന്തോഷത്തോടെയിരിക്കുകയാണെങ്കിൽ അത് നമ്മുടെ മുഖത്തും ആരോഗ്യത്തിലും ഒക്കെ കാണാൻ സാധിക്കും.
ഇഷ്ടവേഷം ചുരിദാർ
എനിക്ക് ഏറ്റവും ഇഷ്ടവും കംഫർട്ടും ആയിട്ടുള്ള ഡ്രസ്സ് ചുരിദാറാണ്. സാരി ഉടുക്കാൻ ഒത്തിരി ഇഷ്ടമാണെങ്കിലും അത് മാനേജ് ചെയ്യാനും മെയിന്‍റെയ്ൻ ചെയ്യാനും എനിക്ക് വലിയ പിടിപാടില്ല (ചിരിക്കുന്നു) എല്ലാവരും വിചാരിക്കുന്നത് ഞാൻ എപ്പോഴും സാരിയാണ് കൂടുതൽ ഉടുക്കാറുള്ളത് എന്നാണ്. പക്ഷേ ചുരിദാർ തന്നെയാണ് എന്‍റെ എവർ ഗ്രീൻ ഫേവറിറ്റ്.





