മഞ്ജു വാര്യരുടെ പ്രായം റിവേഴ്‌സ് ഗിയറിലാണോ… വർഷങ്ങൾ കടന്നുപോയിട്ടും മഞ്ജു വാര്യരുടെ പ്രായം മാത്രം യുടേൺ എടുത്ത് റിവേഴ്‌സ് ഗിയറിൽ പോകുന്നതുപോലെയാണ് തോന്നുന്നത്. അതെ മലയാളത്തിലെ ഏജ്‌ലെസ്സ് ബ്യൂട്ടിയാണ് മഞ്ജു. ഓരോ ദിവസവും ടീനേജ് പ്രായക്കാരുടെ ചുറുചുറുക്കും ഊർജ്‌ജവും നിറഞ്ഞ ഒരു മഞ്ജുവിനെയാണ് പ്രേക്ഷകർ കാണുന്നത്. എന്താണ് ഇതിന്‍റെ രഹസ്യം? ആരാധകരുടെ ചോദ്യങ്ങൾക്ക് മഞ്ജുവിന്‍റെ മറുപടി വളരെ ലളിതമാണ്. ശരിയായ ഭക്ഷണം, കൃത്യമായ വ്യായാമം, മനസ്സിന്‍റെ സന്തോഷം. അതെ അത് തീർത്തും ശരിയാണ്. കേൾക്കുമ്പോൾ എളുപ്പമാണെന്ന് തോന്നുമെങ്കിലും ഇതിന് പിന്നിൽ കഠിനമായ ചില ത്യാഗങ്ങൾ ഉണ്ട്. മഞ്ജുവിന്‍റെ ആരോഗ്യ രഹസ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് “നോ ഷുഗർ” ഡയറ്റിനെക്കുറിച്ചാണ്. ചായയിൽ മധുരമൽപം കുറഞ്ഞാൽ വീട്ടിൽ വലിയ ലഹള നടത്തുന്നവർ ഇതറിഞ്ഞു വയ്ക്കുന്നത് ഗുണം ചെയ്യും. വർഷങ്ങളായി മധുരം ചേർക്കാത്ത ചായയും കാപ്പിയുമാണ് താൻ കഴിക്കുന്നതെന്ന് താരം തുറന്ന് പറയുന്നു.
മുമ്പ് ഷൂട്ടിംഗ് സെറ്റുകളിൽ മധുരം ചേർത്ത കോഫിയും ടീയുമൊക്കെ അടിക്കടി കുടിക്കുന്നത് ശീലമായി മാറിയിരുന്നു. ഇത്തരത്തിൽ പഞ്ചസാര അമിതമായി ഉള്ളിൽ ചെല്ലുന്നത് ശരിയല്ലെന്ന് തോന്നിയതോടെ പഞ്ചസാരയോട് ഗുഡ്ബൈ പറയുകയായിരുന്നു മഞ്ജു. മധുരം ചേർക്കാത്ത ചായയും കാപ്പിയും കുടിച്ചു ശീലിച്ചതോടെ പിന്നീട് മധുര പാനീയങ്ങൾ കുടിക്കാനേ തോന്നുകയേയില്ലെന്നാണ് താരം പറയുന്നത്. മധുരം ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. പക്ഷേ ലേശം ചങ്കുറ്റം വേണമെന്ന് മാത്രം.
ജങ്ക് ഫുഡ് കണ്ടാൽ നമ്മളിൽ പലരുടേയും ആത്മനിയന്ത്രണം നഷ്‌ടപ്പെടും. പക്ഷേ മഞ്ജുവിന്‍റെ ഡയറ്റിൽ ജങ്ക് ഫുഡുകൾക്ക് നോ എൻട്രിയാണ്. ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിച്ച് ഫിറ്റ്നസ്സും ഊർജ്ജവും നിലനിർത്താനാവുമെന്ന് താരം വിശ്വസിക്കുന്നു. ഒപ്പം മുടങ്ങാതെയുള്ള വ്യായാമവും ഉണ്ട്. സ്ട്രെംഗ്ത്ത് ട്രെയിനിംഗ് നിർബന്ധമാണ്. അടുത്തകാലത്തായി ശക്തി വർദ്ധിപ്പിക്കുന്ന വ്യായാമങ്ങൾക്കാണ് മഞ്ജു പ്രാധാന്യം നൽകുന്നത്. പ്രായം കൂടുമ്പോൾ പേശികളുടെ ആരോഗ്യം സംരക്ഷിക്കാൻ ഇതേറെ സഹായിക്കും. മഞ്ജുവിന്‍റെ അഭിപ്രായത്തിൽ ആരോഗ്യം എന്നത് സിക്സ് പായ്‌ക്കോ സീറോ സൈസോ അല്ല. സന്തോഷത്തോടെ ജീവിക്കുക. അമിതമായ സമ്മർദ്ദം ഒഴിവാക്കുക. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുക എന്നിവയും ആരോഗ്യത്തിന്‍റെ ഭാഗമാണ്. അമിത ചിന്തകൾക്കും ടെൻഷനുകൾക്കും ഒരു ഓഫ് ബട്ടൺ കണ്ടെത്താനായാൽ പകുതി ആരോഗ്യം കൈപ്പിടിയിലൊതുക്കാം. എന്നാണ് മഞ്ജുവിന്‍റെ ഫിലോസഫി. ചുരുക്കി പറഞ്ഞാൽ പ്രായത്തെ തോൽപ്പിക്കുന്ന ആ ലുക്കിന് പിന്നിൽ മാജിക്കൊന്നുമല്ല. കൃത്യമായ ഡയറ്റും വ്യായാമവും പോസിറ്റീവ് മൈൻഡുമാണ്.
എസ്തർ എന്ന മിടുക്കിക്കുട്ടി
എസ്‌തർ അനിൽ എന്ന പേര് കേൾക്കുമ്പോൾ ഒരുപക്ഷേ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന രംഗം ദൃശ്യത്തിലെ ക്രൂരനായ പോലീസ് ഇൻസ്പെക്ടറുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഭയന്നുവിറച്ചു നിൽക്കുന്ന ആ ചെറിയ പെൺകുട്ടിയുടെ മുഖമായിരിക്കും. ജീത്തു ജോസഫിന്‍റെ വിസ്‌മയ ചിത്രമായ ദൃശ്യം 1(2013) എന്ന ക്രൈം ത്രില്ലറിലെ അനുമോൾ ജോർജ്ജ് എന്ന കഥാപാത്രം. ഒരു കുടുംബത്തിന്‍റെ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്‍റെ വൈകാരികത മുഴുവൻ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ആ കൊച്ചു മിടുക്കിക്ക് കഴിഞ്ഞു. ഒരു ബാലതാരത്തിന് ഭാഷകളുടെ അതിർവരമ്പുകൾക്കപ്പുറം ഇത്രയധികം സ്വീകാര്യത ലഭിക്കുന്നത് സിനിമാ ചരിത്രത്തിൽ അപൂർവ്വമാണ്. കമൽ ഹാസനൊപ്പം തമിഴ് റീമേക്കായ പാപനാശത്തിലും വെങ്കിടേശിനൊപ്പം തെലുങ്ക് റീമേക്കായ ദൃശ്യത്തിലും ഇതേ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് എസ്‌തർ അത്ഭുതപ്പെടുത്തുകയായിരുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ മനസ്സിൽ എസ്‌തർ എപ്പോഴും “ദൃശ്യത്തിലെ ആ കൊച്ചുപെൺകുട്ടി” മാത്രമായിരുന്നു. എന്നാൽ അതിനുമപ്പുറമായി ഒരു മികച്ച നടിയായുള്ള എസ്തറിന്‍റെ ശാന്തവും ദൃഢവുമായ മാറ്റാണ് പിന്നീട് സിനിമ ലോകം കണ്ടത്. ഇന്ന് എസ്‌തർ ബാലതാരമല്ല. അവൾ ഏറെ വളർന്നിരിക്കുന്നു. കുട്ടിക്കാലത്തെ കഥാപാത്രങ്ങളുടെ നിഴലിൽ നിന്നും മാറി പുതിയൊരു സ്വത്വം കെട്ടിപ്പടുക്കാൻ പലരും പരാജയപ്പെടാറുണ്ട്. എന്നാൽ വാണിജ്യ വിജയങ്ങൾക്ക് പിന്നാലെ പോകാതെ തന്‍റെ അഭിനയമികവ് തെളിയിക്കാൻ സാധിക്കുന്ന വ്യത്യസ്‌തമായ വഴികളാണ് എസ്‌തർ തിരഞ്ഞെടുത്തത്.
പ്രശസ്‌ത സംവിധായകൻ ഷാജി എൻ കരുണിന്‍റെ ചിത്രമായ ഓള് (2020) ൽ മായ എന്ന കഥാപാത്രമായി എസ്‌തർ സ്ക്രീനിലെത്തി. കേരളത്തിന്‍റെ കായൽ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ഫാന്‍റസി ചിത്രം സങ്കീർണ്ണമായ കഥാപാത്രത്തെ കൈകാര്യം ചെയ്യാനുള്ള അവരുടെ കഴിവിനെ അടിവരയിടുന്നതായിരുന്നു. മറ്റ് യുവനടികളിൽ നിന്നും എസ്‌തറിനെ വ്യത്യസ്‌തയാക്കുന്നത് സിനിമയ്ക്ക് പുറത്തുള്ള അവരുടെ ജീവിതത്തോടുള്ള കാഴ്‌ചപ്പാടാണ്. ഒരു വശത്ത് സിനിമകളിൽ സജീവമായിരിക്കുമ്പോൾ പോലും എസ്‌തർ പഠനകാര്യങ്ങളിലും വ്യാപൃതയായിരുന്നു. ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോയ എസ്‌തർ, ലോക പ്രശസ്തമായ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ഇന്‍റർനാഷണൽ ഡെവലപ്‌മെന്‍റെിൽ മാസ്‌റ്റർ ബിരുദം കരസ്‌ഥമാക്കിയാണ് മടങ്ങി വന്നത്. അതും മികച്ച മാർക്കോടെ. ഇന്നത്തെ തലമുറയിലെ നടിമാരുടെ പുതിയ പ്രതീകമാണ് എസ്തർ അനിൽ ഉയർന്ന വിദ്യാഭ്യാസം, വ്യക്തമായ കാഴ്‌ചപ്പാട്, ഒപ്പം കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലെ കൃത്യത ഇതൊക്കെകൊണ്ട് എസ്‌തർ ഏറെ വ്യത്യസ്തതയാണ്.





