ആരിലും ആകർഷണീയത ഉണർത്തുന്ന വിടർന്ന മിഴിയിണകളുള്ള പൂജ കടുർഡെ എന്ന മറാത്തി നടി അധികമാർക്കും സുപരിചിതയല്ലെങ്കിലും നിരവധി ഹിന്ദി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നിലവിൽ “പുഷ്‌പ ഇംപോസിബിൾ” എന്ന സീരിയലിൽ അഭിനയിച്ചു വരികയാണ്. “ഹൃദയി പ്രീത് ജഗതേ” എന്ന ചിത്രത്തിലെ അവരുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. “സാങ് തു ആഹേസ് കാ”, വിതു ഗൗലി”, ഭാക്രവാഡി”, ഗെമാ ഗപന്തി” എന്നീ വെബ് സീരീസുകളിലെ മിന്നുന്ന പ്രകടനത്തിലൂടെ പൂജ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ടുണ്ട്.

പൂനെയിലെ മധ്യവർഗ കുടുംബത്തിൽ ജനിച്ചു വളർന്ന പൂജ എഞ്ചിനീയറിങ്ങിംഗ് ബിരുദധാരിയാണ്. പഠിച്ചുകൊണ്ടിരിക്കെ അഭിനയത്തോട് അഭിനിവേശമുണ്ടായിരുന്നു. എഞ്ചീനിയറിംഗ് പഠനം പൂർത്തിയാക്കിയശേഷം അഭിനയം തുടരാൻ അവർ തീരുമാനിക്കുകയായിരുന്നു. തുടർന്ന് രണ്ടോ മൂന്നോ ആക്ടിംഗ് വർക്ക്ഷോപ്പുകളിൽ പങ്കെടുക്കുകയും നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങുകയും ചെയ്തു‌. പിന്നീട് പൂജ ടെലിവിഷനിലേക്കും സിനിമകളിലേക്കും തിരഞ്ഞു. പൂജയുടെ അമ്മ പ്രതിഭ കടുർഡെ വീട്ടമ്മയാണ്. അച്ഛ‌ൻ നാഥു കടുർഡെ ഉദ്യോഗസ്‌ഥനുമാണ്. പൂജയ്ക്ക് ഇളയതായി ഒരു സഹോദരിയും സഹോദരനുമുണ്ട്. സഹോദരി സ്‌കിൻ തെറാപ്പിസ്റ്റും സഹോദരൻ അമേരിക്കയിൽ ഷെഫുമാണ്. കലാപാരമ്പര്യമുള്ള കുടുംബ പശ്ചാത്തലമല്ല പൂജയുടേത്. പൂജ സ്വന്തം കഴിവിലൂടേയും കഠിനാധ്വാനത്തിലൂടേയും നേടിയെടുത്തതാണ് എല്ലാം.

ഈ വർഷം റിലീസിനൊരുങ്ങുന്ന രണ്ട് സിനിമകളിൽ താരം ഭാഗമായിട്ടുണ്ട്. ഒന്ന് മറാത്തി ചിത്രമായ ഗുഡ് ലക്കിലും മറ്റൊന്ന് ഹിന്ദിയിലുമാണ്. ആമസോണിൽ റിലീസ് ചെയ്യാൻ പോകുന്ന ക്രിപ്റ്റോമാനിയ എന്ന പരമ്പരയിലും പൂജ അഭിനയിച്ചിട്ടുണ്ട്. നിലവിൽ സോണി എസ്എബിയിൽ പുഷ്‌പ ഇംപോസിബിൾ എന്ന പരമ്പരയിൽ ഐപിഎസ് ഓഫീസറുടെ വേഷമാണ് താരം കൈകാര്യം ചെയ്യുന്നത്. 2018-ൽ ഭാക്രവാഡി എന്ന ഹിന്ദി പരമ്പരയിലും അവർ അഭിനയിച്ചിട്ടുണ്ട്. തുടക്ക നാളുകളിൽ ചില സന്ദര്യ മത്സരങ്ങളിൽ പൂജ പങ്കെടുത്തിട്ടുണ്ട്. സാവൻ ക്വീനിന്റെ മികച്ച വ്യക്തിത്വത്തിനും മുടിക്കും ഉള്ള അവാർഡ് അവർക്ക് ലഭിച്ചിരുന്നു. 2015-ൽ പൂനെയിൽ നടന്ന മിസ് ദിവ വിജയിയുമായി. അഭിനയത്തിന് നിരവധി നോമിനേഷനുകളും അവർക്ക് ലഭിച്ചി ട്ടുണ്ട്. പൂജ തന്റെ കരിയറിനെക്കുറിച്ച് സംസാരിക്കുന്നു.

മറാത്തി വിനോദ വ്യവസായത്തിൽ നിന്ന് ഹിന്ദി സിനിമ വ്യവസായത്തിലേക്കുള്ള ചുവട് മാറ്റത്തിൽ എന്തെല്ലാം വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്?

ഹിന്ദി സീരിയലുകളിലോ സിനിമകളിലോ പ്രവർത്തിക്കുമ്പോൾ പ്രത്യേകിച്ച് വെല്ലുവിളികളൊന്നും നേരിടേണ്ടി വന്നിട്ടില്ല. എന്നിരുന്നാലും വീട്ടിലും ജോലിസ്ഥലത്തും എപ്പോഴും മറാത്തിയിലാണ് ആശയവിനിമയം നടത്തിയിരുന്നത്. ചില സമയത്ത് ഹിന്ദിയിൽ സംസാരിക്കുമ്പോൾ ചെറിയ ഉച്ചാരണ പ്രശ്ന‌ം എനിക്ക് ഉണ്ടാകാറുണ്ട്. മറാത്തികൾക്ക് ഹിന്ദി ഭാഷയിലേക്ക് കടന്നു വരാൻ കുറച്ച് സമയമെടുക്കും. ചെറിയ സാംസ്കാരിക വ്യത്യാസങ്ങൾ സ്വാഭാവികമായും ഉണ്ടാകും. ഹിന്ദി വ്യവസാ യത്തിലെ ആളുകൾ കൂടുതലും ഹൃദയ വിശാലതയുള്ളവരും സഹായമനസ്ക്കരും വളരെയധികം കരുതലുള്ളവരുമാണ്.

സീരിയലിലെ ആദ്യ ബ്രേക്ക്

തുടക്കത്തിൽ ഞാൻ നാടകത്തിലാണ് സജീവമായിരുന്നത്. പിന്നീട് എനിക്ക് ഓഡിഷനുകൾ ലഭിക്കാൻ തുടങ്ങി. അന്ന് ഫേസ്ബുക്ക് വളരെ സജീവമായ ആശയവിനിമയ മാർഗ്ഗമായി. ഫേസ്ബുക്കിൽ എനിക്ക് നിരവധി ഓഫറുകൾ ലഭിക്കുമായിരുന്നു. അവയിൽ ചിലത് വ്യാജവും ചിലത് യഥാർത്ഥവുമായിരുന്നു. ആ സമയത്ത് എനിക്ക് ക്യാമറകളെക്കുറിച്ച് വലിയ ധാരണയും അനുഭവവുമില്ലായിരുന്നു എന്നുവേണം പറയാൻ പൊതുവെ ക്യാമറയെ അഭിമുഖീകരിക്കാൻ പേടിയായിരുന്നു. ഭയം കാരണം ഓഡിഷന് പോകാതെ തിരുച്ചുവന്ന സന്ദർഭങ്ങളുമുണ്ട്. പക്ഷേ ക്രമേണ ആ ഭയം മാറിത്തുടങ്ങി.

ക്യാമറയെ നേരിടാൻ ഞാൻ പഠിച്ചു. കുറച്ച് ഷോർട്ട് ഫിലിമുകൾ ഷൂട്ട് ചെയ്തു. മൊബൈൽ ക്യാമറയ്ക്ക് മുന്നിൽ നിന്ന് ഞാൻ നിരവധി തവണ പരിശീലിച്ചു. നിരവധി ഓഡിഷനുകളിൽ പങ്കെടുത്തു എങ്കിലും പലതവണ നിരസിക്കപ്പെട്ടു. പിന്നീട് നിർമ്മാതാവ് മഹേഷ് കോത്താരെയോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. അദ്ദേഹത്തിന് കോത്താരെ വിഷൻ എന്ന പേരിൽ പ്രൊഡക്ഷൻ ഹൗസ് ഉണ്ട്. അദ്ദേഹത്തിന്റെ അഹല്യഭായ് ഹോൾക്കർ എന്ന സീരിയലിലൂടെയാണ് ഞാൻ ഈ യാത്ര ആരംഭിക്കുന്നത്. അതായിരുന്നു എൻറെ ആദ്യ സീരിയലും ആദ്യ ബ്രേക്കും. കളേഴ്‌സ് മറാത്തിയുടെ സീരിയലായിരുന്നു അത്. എനിക്ക് ഏറെ ജനപ്രീതി നേടി തന്ന സീരിയലും കൂടിയാണത്.

ഹൃദയത്തോട് ചേർന്നു നിൽക്കുന്ന കഥാപാത്രം

സ്‌റ്റാർ പ്രവാഹ് സീരിയലായ വിത്തു മൗലിയിലെ രാധ എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന കഥാപാത്രമാണ്. കാരണം വളരെയധികം ആസ്വദിച്ചഭിനയിച്ച സീരിയലാണത്. ആ കഥാപാത്രം മാത്രമല്ല മറ്റെല്ലാ കഥാപാത്രങ്ങളും ഞാൻ പൂർണ്ണമനസ്സോടെ തന്നെയാണ് ചെയ്തിരിക്കുന്നത്. പ്രണയത്തിന്റെ മനോഹരമായ വികാരം നിറഞ്ഞ രാധ പ്രത്യേകതയുള്ള കഥാപാത്രമായിരുന്നു. ആ കഥാപാത്രം എന്നിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. കുറേനാൾ ഞാൻ രാധയെപ്പോലെയാണ് പെരുമാറിയിരുന്നത്. വളരെ സോഫ്റ്റ് ആയ കഥാപാത്രമായതിനാൽ അങ്ങനെ പെരുമാറാൻ ബുദ്ധിമുട്ടായിരുന്നുവെങ്കിലും ഞാൻ എല്ലാവരോടും വളരെ മൃദുലമായി പെരുമാറുമായിരുന്നു. ആളുകൾ അത് മുതലെടുക്കുകയും ചെയ്തു. വളരെ നല്ല കഥാപാത്രമായി രുന്നുവത്.

ഫിറ്റ്‌നസ് ഫ്രീക്ക് പൂജ

അൽപസ്വൽപം ഫിറ്റ്‌നസ് ഫ്രീക്ക് ആണ് ഞാൻ. മുമ്പ് അതിലും കൂടുതലായിരുന്നു. പക്ഷേ ഇപ്പോൾ എൻറെ ഷെഡ്യൂൾ അതുമായി യോജിക്കാറില്ല. രാവിലെ ജിമ്മിൽ പോകാറുണ്ട്. ജിമ്മിൽ പോകാൻ കഴിയാത്ത സാഹചര്യങ്ങളിൽ ഒരു മണിക്കൂർ നടത്തം, നൃത്തം, സൈക്ലിംഗ് തുടങ്ങിയ ആക്റ്റിവിറ്റികളിൽ ഏർപ്പെടും. ഫിറ്റ്‌നസ് കാര്യങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാൻ ഞാൻ ഒരുക്കമല്ല. ഷൂട്ടിംഗ് ഇല്ലാത്തപ്പോൾ എനിക്കൊരു ഡെയ്‌ലി പ്ലാൻ ഉണ്ടാകും. രാവിലെ 5 മണിക്ക് ഉണർന്ന് ഓടാൻ പോകും. അതുകഴിഞ്ഞ് വന്ന് കോഫി കുടിക്കും. തുടർന്ന് ജിമ്മിൽ പോകും. തിരിച്ചെത്തിയ ശേഷം പ്രഭാതഭക്ഷണം കഴിക്കും. തുടർന്ന് പൈലേറ്റ്സ് സെഷനിൽ പോകും. ശേഷം നീന്തലിനും പോകും. ഇതാണ് എന്റെ മുഴുവൻ ദിവസത്തെയും പ്ലാൻ. ഒന്നിടവിട്ട ദിവസങ്ങളിൽ നൃത്ത ക്ലാസുണ്ട്. എപ്പോഴും പുതിയ എന്തെങ്കിലും പഠി ച്ചുകൊണ്ടേയിരിക്കും. ഇപ്പോഴത്തെ പ്രധാന ഹോബി ഏരിയൽ പഠനമാണ്. അതിൽ ധാരാളം ഫോമുകൾ പഠിക്കാനുണ്ട്. വെയ്റ്റ് ട്രെയിനിംഗിലും ക്രോസ‌ിറ്റിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. ഡയറ്റ് പ്ലാൻ പൂർണ്ണമായും പിന്തുടരും.

സിനിമ നാടകം സീരിയൽ ഇവ തമ്മിലുള്ള വ്യത്യാസം

സിനിമ ചെയ്യാൻ ഇഷ്ടമാണെങ്കിലും നാടകത്തോട് ഒരുപടി കൂടുതൽ ഇഷ്‌ടമുണ്ട്. സിനിമകളിൽ റീടേക്കുകൾ ചെയ്യാൻ കഴിയും. എന്നാൽ നാടകത്തിൽ കലാകാരൻ എല്ലാ ദിവസവും വ്യത്യസ്‌തമായ പ്രകടനം കാഴ്‌ചവയ്ക്കും. അതായത് കലാകാരന് പുതിയ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നർത്ഥം. അവിടെ ലൈവ് പ്രേക്ഷകരുണ്ട്. റീടേക്കുകൾ ഇല്ല. എന്ത് ചെയ്തതാലും നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യണം. അവിടെ അഭിനയത്തെക്കുറിച്ച് പ്രേക്ഷകർ തത്സമയം അവലോകനങ്ങളോ പ്രശംസകളോ നൽകുന്നത് സന്തോഷമുണർത്തുന്ന കാര്യങ്ങളാണ്. അതിൽ നിന്ന് ലഭിക്കുന്ന ആത്മവിശ്വാസവും സംതൃപ്‌തിയും വള്ളരെ വലുതാണ്. നാടകത്തിന്റെയും സിനിമയുടേയും പ്രക്രിയ എനിക്ക് വളരെ ഇഷ്ടമാണ്. രണ്ടിലും കഥാപാത്രത്തെ ആളുകൾ നന്നായി മനസ്സിലാക്കും.

അതേസമയം സീലിയലുകൾ വളരെക്കാലം നീണ്ടു നിൽക്കുന്ന ഒന്നാണ്. സീരിയലുകൾ കലാകാരന്മാർക്ക് പ്രശസ്‌തിയും ഉപജീവനമാർഗ്ഗവും നൽകും. നിലവിൽ ഞാൻ ഒരു സീരിയൽ മാത്രമാണ് ചെയ്യുന്നത്. അഞ്ച് മിനിറ്റിനുവേണ്ടി തയ്യാറാകേണ്ട രംഗങ്ങളെ എനിക്ക് ലഭിക്കാറുള്ളൂ. അത്തരം സാഹചര്യങ്ങളിൽ വളരെയധികം ജാഗ്രത പുലർത്തേണ്ടി വരും. അതായത് ഓരോ മേഖലയ്ക്കും അതിന്റേതായ പ്രക്രിയയുണ്ട്.

പൊതുവെ സീരിയൽ ആർട്ടിസ്‌റ്റുകൾക്ക് സിനിമയിൽ വലിയ പരിഗണന കിട്ടാറില്ല. പക്ഷേ സീരിയൽ അഭിനേതാക്കൾ ചെയ്യുന്നതുപോലെ മറ്റാർക്കും ചെയ്യാൻ കഴിയില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സാഹചര്യമനുസരിച്ച് ആരും ആവശ്യപ്പെടാതെ തന്നെ അവർക്ക് കൂട്ടിയും കുറച്ചും പെർഫോം ചെയ്യാൻ കഴിയും. സീരിയലുകൾക്ക് വളരെയധികം കഠിനാധ്വാനം ആവശ്യമാണ്. ലൊക്കേഷനിൽ രാവിലെ 8 മണിക്ക് പോകണം. രാത്രി 9-10 ഓടെ ഷൂട്ട് അവസാനിക്കും. സിനിമകൾക്ക് 20-25 ദിവസത്തെ ഷൂട്ട് ഉണ്ടാകും. ഇടയ്ക്കിടെ ബ്രേക്കും കിട്ടും. എന്നാൽ സീരിയലുകളുടെ കാര്യം അങ്ങനെയല്ല എല്ലാ ദിവസവും ജോലിക്ക് പോകണം.

അഭിനയരംഗത്ത് സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ

ഓരോരുത്തർക്കും വ്യത്യസ്‌ത രീതികളിലുള്ള വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്. ചിലർക്ക് സാമ്പത്തിക പ്രശ്നനങ്ങളുണ്ടാകാം. മറ്റ് ചിലർക്ക് ആളുകളെ കണ്ടെത്താൻ കഴിയാതെ വരാം. ചിലർക്കാകട്ടെ ജോലി കിട്ടിയെന്നും വരില്ല. ചിലർക്ക് അവിടെ അതിജീവിക്കാൻ തന്നെ പ്രയാസമാകും. ഏകദേശം രണ്ടര വർഷത്തോളം എനിക്ക് വർക്കുകളൊന്നും ലഭിച്ചിരുന്നില്ല. നല്ല അവസരങ്ങൾ ലഭിക്കാനായി ഞാൻ കാത്തിരുന്നു. മികച്ച അവസരങ്ങൾക്കായി വർഷങ്ങളോളം കാത്തിരിക്കുന്നവരുണ്ട്. പണമില്ലാതെ ഇവിടെ അതിജീവിക്കുക എളുപ്പമല്ല. പ്രത്യേകിച്ച് സ്ത്രീകൾക്ക്. അങ്ങനെയുള്ളവർ പലപ്പോഴും കാസ്‌റ്റിംഗ് കൗച്ചിന് ഇരയാകും.

വാസ്തവത്തിൽ ഈ മേഖലയിൽ സ്ത്രീകൾ കാസ്റ്റിംഗ് കൗച്ചിനെ നേരിടുന്നുണ്ട്. കാസ്റ്റ‌ിംഗ് കൗച്ചിനെക്കുറിച്ച് ആരും തുറന്നു ചോദിക്കില്ലെങ്കിലും അവരുടെ സ്വരത്തിൽ നിന്നും അവർ എന്താണ് ഡിമാൻഡ് ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ അഭിനയ മോഹവുമായി വരുന്ന പെൺകുട്ടിയ്ക്ക് പെട്ടന്ന് കഴിയും. അതിനു മറുപടിയായി നോ എന്ന് പറയാമെങ്കിലും അതത്ര എളുപ്പമായിരുക്കില്ല. പക്ഷേ അങ്ങനെ പറയേണ്ടത് പ്രധാനമാണ്. ആ നിമിഷത്തിൽ ഉണ്ടാകുന്ന ശക്‌തിയും ആർജ്ജവവും അതുല്യമാണ്.

എല്ലാവർക്കും സ്ട്രഗിൾ ചെയ്യേണ്ടി വരുന്നു

എത്ര ബുദ്ധിമുട്ടുകൾ ഉണ്ടായാലും ഞാൻ ആ പ്രക്രിയ വളരെയധികം ആസ്വദിക്കാറുണ്ട്. കഠിനാധ്വാനം ചെയ്തത് നേടുന്ന നല്ല ഫലങ്ങൾ എനിക്ക് വളരെയധികം സംതൃപ്തി നൽകാറുണ്ട്. ഓഡിഷനൊന്നുമില്ലാതെ ലഭിക്കുന്ന വർക്കിൽ പോലും എനിക്കാ സംതൃപ്‌തി ലഭിക്കാറില്ല. എന്നാൽ 2-3 ഓഡിഷനുകളിൽ പങ്കെടുത്തു ലുക്ക് ഷൂട്ടൊക്കെ ചെയ്ത ശേഷം പലരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുമ്പോഴുണ്ടാകുന്ന സന്തോഷം വളരെ വലുതാണ്. എല്ലാവർക്കും കഷ്ടപ്പെടേണ്ടി വരാറുണ്ട്. എത്ര ധനികനായാലും ദരിദ്രനായാലും എത്രയൊക്കെ ജോലിയുണ്ടെങ്കിലും ശരി എല്ലാവർക്കും സ്ട്രഗിൾ ചെയ്യേണ്ടി വരാം. ചിലപ്പോൾ അതിനിടയിൽ വളരെ മോശം ആളുകളെ കണ്ടുമുട്ടേണ്ടിയും വരും. അവരുമായി ഇടപെടേണ്ടിയും വരും. പിന്നീട് ഒരു പ്രശ്നവും ഉണ്ടാകാതിരിക്കാൻ എന്ത് പറയരുതെന്നുള്ള ധാരണ മനസ്സിൽ ഉണ്ടാകണം. വളരെ രസകരമായ മേഖലയാണിത്.

വിജയത്തിന്റെ രഹസ്യം

സ്വന്തം ജോലിയോട് സത്യസന്ധത പുലർത്തുക. എപ്പോഴും പുതിയ എന്തെങ്കിലും പഠിക്കാൻ ശ്രമിക്കുക. എങ്ങനെ സംസാരിക്കണം അല്ലെങ്കിൽ സംഭാഷണം എങ്ങനെയായിരിക്കണം എന്നതിന്റെ അടിസ്‌ഥാനകാര്യങ്ങൾ മാത്രമേ ആക്ടിംഗ് വർക്ക്ഷോപ്പുകൾ പഠിപ്പിക്കൂ. എന്നാൽ നമ്മൾ നമ്മുടെ ജോലിയോട് സത്യസന്ധത പുലർത്തിയാൽ എല്ലാം മികച്ച രീതിയിൽ നടക്കും. ഞാൻ ഇപ്പോഴും ഓരോ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. വെല്ലുവിളികൾ ഇല്ലെങ്കിൽ ജോലി രസകരമാവില്ല. ചെയ്യുന്ന ജോലിയെക്കുറിച്ച് പുതിയ എന്തെങ്കിലും പഠിച്ചാലേ അത് ശരിക്കും ആസ്വദിക്കാൻ കഴിയൂ. അല്ലെങ്കിൽ ജീവിതം വിരസമാകും. വ്യത്യസ്ത‌മായ എന്തെങ്കിലും ചെയ്യാൻ ഞാൻ എപ്പോഴും ഇഷ്ടപ്പെടാറുണ്ട്.

ഡ്രീം റോൾ

എനിക്ക് വണ്ടർ വുമണിന്റെ ക്യാരക്റ്റർ ചെയ്യാൻ ആഗ്രഹമുണ്ട്. ആക്ഷൻ സിനിമകളും സസ്പെൻസ് ത്രില്ലർ സിനിമകളുമൊക്കെ ചെയ്യാൻ ആഗ്രഹമുണ്ട്. അത്തരം കഥാപാത്ര ങ്ങളെ എനിക്ക് നന്നായി ചെയ്യാൻ കഴിയുമെന്ന് കരുതുന്നു. സൈക്കോ ത്രില്ലർ ആയി അഭിനയിക്കാനും താൽപര്യമുണ്ട്. ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങൾ ചെയ്യാനാണ് എനിക്കിഷ്ടം. നിലവിൽ ഒരു ഹിന്ദി സിനിമയും ഒരു മറാത്തി സിനിമയും ചെയ്യുന്നുണ്ട്.

അഭിനയരംഗത്ത് സ്ത്രീകൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?

മനസ്സിൽ സൂക്ഷിക്കേണ്ട ഒരേയൊരു കാര്യം ഉത്സാഹത്തോടെ പ്രവർത്തിക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക എന്നതാണ്. ഇതൊരു ഗ്ലാമറസ് ലോകമാണ്. തുടക്കത്തിൽ ഇവിടെ എല്ലാവർക്കും എല്ലാം വളരെ ആകർഷകമായി തോന്നും. എന്നാൽ പോകെപോകെ പ്രശസ്‌തി പോലും ഭാരമായി മാറാം. തുടർച്ചയായി നല്ല സിനിമകൾ ലഭിക്കുകയാണെങ്കിൽ വിജയം ലഹരിയായി മാറാം. പക്ഷേ അത് നമ്മെ താഴേക്ക് തള്ളിവിടുകയും ചെയ്യും.

എന്തെങ്കിലും നല്ലത് ചെയ്യണമെന്നുണ്ടെങ്കിൽ നിങ്ങൾ സ്വയം വിശ്വാസമർപ്പിച്ചു പ്രവർത്തിക്കണം. ഞാൻ സുന്ദരിയായതുകൊണ്ട് എല്ലാ കാര്യവും അനായാസം നടക്കുമെന്ന് ചിന്തിക്കരുത്. അത് ശരിയല്ല. നമ്മൾ ചെയ്യുന്ന മോശം പ്രവൃത്തികൾ അംഗീകരിക്കാനും നമ്മുടെ സൗന്ദര്യം മാത്രം കണ്ട് വിലയിരുത്താനും പ്രേക്ഷകർ അത്ര ഭ്രാന്തന്മാരല്ല. കലാകാരന്മാരുടെ വർക്ക് മികവുറ്റതാണോ അല്ലയോ എന്ന് വിലയിരുത്താനുള്ള ശേഷി പ്രേക്ഷകർക്കുണ്ട്. നമ്മളെ വളർത്തുന്നത് പ്രേക്ഷകരാണ്. അതിനാൽ ജോലി മികച്ച രീതിയിൽ ചെയ്യുക. ശ്രദ്ധ കേന്ദ്രീകരിക്കുക. പുതിയ കാര്യങ്ങൾ പഠിക്കുന്നത് തുടരുക. ഏറ്റവും അടുത്ത ഏതാനും സുഹൃത്തുക്കളേയും കുടുംബത്തേയും ഒഴിച്ച് മറ്റാരേയും വിശ്വസിക്കരുത്.

और कहानियां पढ़ने के लिए क्लिक करें...