ആരിലും ആകർഷണീയത ഉണർത്തുന്ന വിടർന്ന മിഴിയിണകളുള്ള പൂജ കടുർഡെ എന്ന മറാത്തി നടി അധികമാർക്കും സുപരിചിതയല്ലെങ്കിലും നിരവധി ഹിന്ദി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നിലവിൽ “പുഷ്‌പ ഇംപോസിബിൾ" എന്ന സീരിയലിൽ അഭിനയിച്ചു വരികയാണ്. “ഹൃദയി പ്രീത് ജഗതേ" എന്ന ചിത്രത്തിലെ അവരുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. "സാങ് തു ആഹേസ് കാ", വിതു ഗൗലി", ഭാക്രവാഡി", ഗെമാ ഗപന്തി" എന്നീ വെബ് സീരീസുകളിലെ മിന്നുന്ന പ്രകടനത്തിലൂടെ പൂജ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ടുണ്ട്.
പൂനെയിലെ മധ്യവർഗ കുടുംബത്തിൽ ജനിച്ചു വളർന്ന പൂജ എഞ്ചിനീയറിങ്ങിംഗ് ബിരുദധാരിയാണ്. പഠിച്ചുകൊണ്ടിരിക്കെ അഭിനയത്തോട് അഭിനിവേശമുണ്ടായിരുന്നു. എഞ്ചീനിയറിംഗ് പഠനം പൂർത്തിയാക്കിയശേഷം അഭിനയം തുടരാൻ അവർ തീരുമാനിക്കുകയായിരുന്നു. തുടർന്ന് രണ്ടോ മൂന്നോ ആക്ടിംഗ് വർക്ക്ഷോപ്പുകളിൽ പങ്കെടുക്കുകയും നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങുകയും ചെയ്തു. പിന്നീട് പൂജ ടെലിവിഷനിലേക്കും സിനിമകളിലേക്കും തിരഞ്ഞു. പൂജയുടെ അമ്മ പ്രതിഭ കടുർഡെ വീട്ടമ്മയാണ്. അച്ഛൻ നാഥു കടുർഡെ ഉദ്യോഗസ്‌ഥനുമാണ്. പൂജയ്ക്ക് ഇളയതായി ഒരു സഹോദരിയും സഹോദരനുമുണ്ട്. സഹോദരി സ്‌കിൻ തെറാപ്പിസ്റ്റും സഹോദരൻ അമേരിക്കയിൽ ഷെഫുമാണ്. കലാപാരമ്പര്യമുള്ള കുടുംബ പശ്ചാത്തലമല്ല പൂജയുടേത്. പൂജ സ്വന്തം കഴിവിലൂടേയും കഠിനാധ്വാനത്തിലൂടേയും നേടിയെടുത്തതാണ് എല്ലാം.
ഈ വർഷം റിലീസിനൊരുങ്ങുന്ന രണ്ട് സിനിമകളിൽ താരം ഭാഗമായിട്ടുണ്ട്. ഒന്ന് മറാത്തി ചിത്രമായ ഗുഡ് ലക്കിലും മറ്റൊന്ന് ഹിന്ദിയിലുമാണ്. ആമസോണിൽ റിലീസ് ചെയ്യാൻ പോകുന്ന ക്രിപ്റ്റോമാനിയ എന്ന പരമ്പരയിലും പൂജ അഭിനയിച്ചിട്ടുണ്ട്. നിലവിൽ സോണി എസ്എബിയിൽ പുഷ്‌പ ഇംപോസിബിൾ എന്ന പരമ്പരയിൽ ഐപിഎസ് ഓഫീസറുടെ വേഷമാണ് താരം കൈകാര്യം ചെയ്യുന്നത്. 2018-ൽ ഭാക്രവാഡി എന്ന ഹിന്ദി പരമ്പരയിലും അവർ അഭിനയിച്ചിട്ടുണ്ട്. തുടക്ക നാളുകളിൽ ചില സന്ദര്യ മത്സരങ്ങളിൽ പൂജ പങ്കെടുത്തിട്ടുണ്ട്. സാവൻ ക്വീനിന്റെ മികച്ച വ്യക്തിത്വത്തിനും മുടിക്കും ഉള്ള അവാർഡ് അവർക്ക് ലഭിച്ചിരുന്നു. 2015-ൽ പൂനെയിൽ നടന്ന മിസ് ദിവ വിജയിയുമായി. അഭിനയത്തിന് നിരവധി നോമിനേഷനുകളും അവർക്ക് ലഭിച്ചി ട്ടുണ്ട്. പൂജ തന്റെ കരിയറിനെക്കുറിച്ച് സംസാരിക്കുന്നു.
മറാത്തി വിനോദ വ്യവസായത്തിൽ നിന്ന് ഹിന്ദി സിനിമ വ്യവസായത്തിലേക്കുള്ള ചുവട് മാറ്റത്തിൽ എന്തെല്ലാം വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്?
ഹിന്ദി സീരിയലുകളിലോ സിനിമകളിലോ പ്രവർത്തിക്കുമ്പോൾ പ്രത്യേകിച്ച് വെല്ലുവിളികളൊന്നും നേരിടേണ്ടി വന്നിട്ടില്ല. എന്നിരുന്നാലും വീട്ടിലും ജോലിസ്ഥലത്തും എപ്പോഴും മറാത്തിയിലാണ് ആശയവിനിമയം നടത്തിയിരുന്നത്. ചില സമയത്ത് ഹിന്ദിയിൽ സംസാരിക്കുമ്പോൾ ചെറിയ ഉച്ചാരണ പ്രശ്നം എനിക്ക് ഉണ്ടാകാറുണ്ട്. മറാത്തികൾക്ക് ഹിന്ദി ഭാഷയിലേക്ക് കടന്നു വരാൻ കുറച്ച് സമയമെടുക്കും. ചെറിയ സാംസ്കാരിക വ്യത്യാസങ്ങൾ സ്വാഭാവികമായും ഉണ്ടാകും. ഹിന്ദി വ്യവസാ യത്തിലെ ആളുകൾ കൂടുതലും ഹൃദയ വിശാലതയുള്ളവരും സഹായമനസ്ക്കരും വളരെയധികം കരുതലുള്ളവരുമാണ്.
സീരിയലിലെ ആദ്യ ബ്രേക്ക്
തുടക്കത്തിൽ ഞാൻ നാടകത്തിലാണ് സജീവമായിരുന്നത്. പിന്നീട് എനിക്ക് ഓഡിഷനുകൾ ലഭിക്കാൻ തുടങ്ങി. അന്ന് ഫേസ്ബുക്ക് വളരെ സജീവമായ ആശയവിനിമയ മാർഗ്ഗമായി. ഫേസ്ബുക്കിൽ എനിക്ക് നിരവധി ഓഫറുകൾ ലഭിക്കുമായിരുന്നു. അവയിൽ ചിലത് വ്യാജവും ചിലത് യഥാർത്ഥവുമായിരുന്നു. ആ സമയത്ത് എനിക്ക് ക്യാമറകളെക്കുറിച്ച് വലിയ ധാരണയും അനുഭവവുമില്ലായിരുന്നു എന്നുവേണം പറയാൻ പൊതുവെ ക്യാമറയെ അഭിമുഖീകരിക്കാൻ പേടിയായിരുന്നു. ഭയം കാരണം ഓഡിഷന് പോകാതെ തിരുച്ചുവന്ന സന്ദർഭങ്ങളുമുണ്ട്. പക്ഷേ ക്രമേണ ആ ഭയം മാറിത്തുടങ്ങി.





