ഓരോ വർഷവും വനിതാ ദിനത്തിൽ മാത്രമാണ് സ്ത്രീക്കും അവളുടെ വ്യക്ത‌ിത്വത്തിനും വാക്കുകൾ കൊണ്ടെങ്കിലും വില ലഭിക്കുന്നത്. അത്രയ്ക്ക് സ്ത്രീ വിരുദ്ധമായ ഒരു കാലഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നത് എന്ന് പറയേണ്ടിരിക്കുന്നു. സ്ത്രീ സമത്വം എന്നത് കേവലം മുദ്രാവാക്യങ്ങൾക്കും സോഷ്യൽ മീഡിയ പോസ്‌റ്റുകൾക്കും അപ്പുറം എവിടെ നിൽക്കുന്നു എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. നിയമപരമായ അവകാശങ്ങൾ വർദ്ധിക്കുമ്പോഴും മനുഷ്യരുടെ മനസ്സുകളിൽ ലിംഗപരമായ വേർതിരിവ് ഏറിവരുന്നതായി പല പഠനങ്ങളും സൂചിപ്പിക്കുന്നു.

സ്ത്രീസമത്വം- പുരോഗതിയും പ്രതിസന്ധികളും

ലോകം ഡിജിറ്റൽ യുഗത്തിന്‍റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴും സ്ത്രീകളുടെ സാമൂഹികവും മാനസികവുമായ അവസ്‌ഥ സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പുറമെ കാണുന്ന മാറ്റങ്ങൾക്കപ്പുറം വേരൂന്നിയ ചില യാഥാർത്ഥ്യങ്ങൾ പരിശോധിക്കാം.

തൊഴിലിടങ്ങളിലെ വേർതിരിവ്

സ്ത്രീകൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും അത് തൊഴിൽ പങ്കാളിത്തത്തിലേക്ക് പൂർണ്ണമായി മാറുന്നില്ല. ഒരേ ജോലി ചെയ്യുന്ന പുരുഷനും സ്ത്രീക്കും ലഭിക്കുന്ന വേതനത്തിൽ ഇപ്പോഴും വലിയ വ്യാത്യാസമുണ്ട്. വീട്ടുജോലികളും കുട്ടികളെനോക്കുന്നതും ഇപ്പോഴും സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമായി കാണുന്ന രീതി നിലനിൽക്കുന്നു. ഇത് സ്ത്രീകളുടെ കരിയർ വളർച്ചയെ തടസ്സപ്പെടുത്തുന്നു.

മനസ്സിനുള്ളിൽ മതിലുകൾ

നമ്മുടെ നാട്ടിൽ അടുത്തിടെയുണ്ടായ പല സംഭവങ്ങളും സൂചിപ്പിക്കുന്നത് പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള മാനസികമായ അകലം വർദ്ധിക്കുന്നു എന്നാണ്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും പുരുഷ വിരുദ്ധതയായി തെറ്റിദ്ധരിക്കപ്പെടുന്നു. ഇത് സമൂഹത്തിൽ ലിംഗപരമായ ചേരിതിരിവിനും പരസ്പര വിദ്വേഷത്തിനും വഴിമാറുന്നു. ആധുനികതയോടുള്ള പ്രതികരണമെന്നോണം, ചില കോണുകളിൽ നിന്ന് സ്ത്രീകളെ വീണ്ടും പഴയ ചട്ടക്കൂടുകളിലേക്ക് തളച്ചിടാനുള്ള ശ്രമങ്ങൾ ശക്തമാകുന്നുണ്ട്. സുരക്ഷാ വെല്ലുവിളികൾ നിയമങ്ങൾ കർശനമാകുമ്പോഴും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ നിരക്ക് കുറയുന്നില്ല എന്നത് ഒരു കയ്പ്പുള്ള സത്യമാണ്. ഡിജിറ്റൽ ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ബോഡി ഷെയിമിംഗും മോർഫിംഗ് ഉൾപ്പെടെയുള്ള അതിക്രമങ്ങളും അവരുടെ മാനസികാരോഗ്യത്തെയും ആത്മവിശ്വാസത്തെയും ബാധിക്കുന്നു. പുറംലോകത്തേക്കാൾ സ്ത്രീകൾക്ക് ഭീഷണി നേരിടേണ്ടിവരുന്നത് പരിചിതമായ ഇടങ്ങളിൽ നിന്നാണെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

മാറ്റത്തിന്‍റെ വെളിച്ചം

ഇത്രയൊക്കെ പ്രതിസന്ധികൾക്കിടയിലും പ്രത്യാശ നൽകുന്ന ചില കാര്യങ്ങളുണ്ട്. തീരുമാനങ്ങൾ എടുക്കുന്ന പദവികളിലേക്ക് കൂടുതൽ സ്ത്രീകൾ കടന്നുവരുന്നു. പുരുഷന്മാർക്കിടയിൽ പോസിറ്റീവ് മാസ്‌കുലിനിറ്റിയെ കുറിച്ചുള്ള ബോധ്യം വർദ്ധിക്കുന്നു. വീട്ടജോലികളിലും കുട്ടികളുടെ വളർത്തലിലും പങ്കാളികളാകുന്നത് അഭിമാനകരമാണെന്ന് കരുതുന്ന പുതിയ തലമുറ വളർന്നുവരുന്നുണ്ട്. സ്ത്രീ സമത്വം എന്നത് ഒരു വിഭാഗം നേടുന്ന വിജയമല്ല. മറിച്ച് ലിംഗഭേദമന്യേ മനുഷ്യർക്ക് അന്തസ്സോടെ ജീവിക്കാൻ കഴിയുന്ന ഒരു സാമൂഹിക വ്യവസ്‌ഥയാണ്. നിയമങ്ങൾ കൊണ്ട് മാത്രം മാറ്റാൻ കഴിയാത്ത വേർതിരിവുകൾ ഇല്ലാതാക്കാൻ കുടുംബങ്ങളിൽ നിന്നും വിദ്യാഭ്യാസ രീതികളിൽ നിന്നും മാറ്റം തുടങ്ങേണ്ടതുണ്ട്.

തൊഴിൽ പങ്കാളിത്തം

ഇന്ത്യയിലെ സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്കിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശ്രദ്ധേയമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്‍റെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ പ്രകാരം 2017-18 കാലയളവിൽ വെറും 23.3% ശതമാനം ആയിരുന്ന സ്ത്രീ തൊഴിൽ പങ്കാളിത്തം 2023-24 ഓടെ 41.7% ആയി ഉയർന്നു. 2025-26 ലെ ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് ഇത് 35.3% എന്ന സുസ്‌ഥിരമായ നിലയിൽ തുടരുന്നു എന്നാണ്. ഗ്രാമീണ മേഖലയിലാണ് (40.1) നഗരങ്ങളെ അപേക്ഷിച്ച് (25.3) സ്ത്രീകൾ കൂടുതൽ ജോലി ചെയ്യുന്നത്.

വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ്

വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾ കൈവരിക്കുന്ന നേട്ടം തൊഴിലിടങ്ങളിൽ പൂർണ്ണമായി പ്രതിഫലിക്കുന്നില്ല എന്നത് ഒരു പ്രധാന വെല്ലുവിളിയാണ്. ഹയർ സെക്കന്‍ററി ബിരുദ തലങ്ങളിൽ പെൺകുട്ടികളുടെ എൻറോൾമെന്‍റ് റെക്കോർഡ് വേഗതയിലാണ് വർദ്ധിക്കുന്നത് (97.1 സ്കോർ) എന്നാൽ വിവാഹം, പ്രസവം തുടങ്ങിയ ജീവിത സാഹചര്യങ്ങൾ കാരണം കരിയറിന്‍റെ മധ്യഘട്ടത്തിൽ ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം ഇപ്പോഴും കൂടുതലാണ്. ഇത് ലീക്കി പൈപ്പ് ലൈൻ പ്രതിഭാസം എന്ന് അറിയ പ്പെടുന്നു.

വേതന വിടവും സാമ്പത്തിക സ്വാശ്രയത്വവും ലോക സാമ്പത്തിക ഫോറത്തിന്‍റെ (ഡബ്ല്യൂ.ഇഎഫ്) 2025-ലെ കണക്കുകൾ പ്രകാരം ലിംഗസമത്വ സൂചികയിൽ ഇന്ത്യ 131-ാം സ്ഥാനത്താണ്. ഒരേ ജോലിക്ക് പുരുഷന് ലഭിക്കുന്ന വരുമാനത്തിന്‍റെ ഏകദേഷം 29.9 ശതമാനം മാത്രമേ തുല്യമായ സാഹചര്യത്തിൽ സ്ത്രീകൾക്ക് ഇന്ത്യയിൽ ലഭിക്കുന്നുള്ളൂ. ശമ്പളമില്ലാത്ത വീട്ടുജോലികൾക്കായി ഒരു ഇന്ത്യൻ സ്ത്രീ ശരാശരി 363 മിനിറ്റ് ദിവസവും ചിലവഴിക്കുമ്പോൾ പുരുഷന്മാർ വെറും 123 മിനിറ്റ് മാത്രമാണ് അതിനായി നീക്കിവെക്കുന്നത്.

സംരംഭകത്വത്തിലെ മാറ്റങ്ങൾ

തൊഴിലന്വേഷകർ എന്ന നിലയിൽ നിന്ന് തൊഴിൽദായകർ എന്ന നിലയിലേക്ക് സ്ത്രീകൾ മാറുന്നുണ്ട്. ഇന്ത്യയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളിൽ എകദേശം 20 ശതമാനവും എണ്ണവും സ്ത്രീകളാണ് നയിക്കുന്നത്. പ്രധാനമന്ത്രി മുദ്രയോജന പോലുള്ള പദ്ധതികളിൽ വായ്‌പ എടുത്തവരിൽ 68 ശതമാനവും സ്ത്രീകളാണ്. കണക്കുകൾ ശുഭസൂചന നൽകുന്നുണ്ടെങ്കിലും സ്ത്രീകളുടെ അധ്വാനത്തെ സാമ്പത്തിക മൂല്യമുള്ളതായി കാണുന്നതിലും വീട്ടുജോലികൾ തുല്യമായി പങ്കിടുന്നതിലും നമ്മുടെ സമൂഹം ഇനിയും മാറാനുണ്ട്. മനസ്സുകൾക്കിടയിലെ വേർതിരിവ് മാറണമെങ്കിൽ സാമ്പത്തിക സ്വാശ്രയത്വം ഓരോ സ്ത്രീ ക്കും ഉറപ്പാക്കേണ്ടതുണ്ട്.

വൈരുദ്ധ്യങ്ങളുടെ പെൺഭൂപടം

ഇനി കേരളത്തിലേക്ക് വരാം. ഇവിടുത്തെ ഉയർന്ന സാക്ഷരതയും തൊഴിൽ മേഖലയിലെ വൈരുദ്ധ്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ലോകനിലവാരമുള്ള കേരളം സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിന്‍റെ കാര്യത്തിൽ ചില സങ്കീർണ്ണമായ യാഥാർത്ഥ്യങ്ങൾ നേരിടുന്നുണ്ട്.

കേരളത്തിലെ തൊഴിൽ നിരക്ക്

കേരളത്തിലെ പെൺകുട്ടികളിൽ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കേരളത്തിൽ ഏകദേശം 25 ശതമാനത്തിന് മുകളിലാണ്. കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് (എൽഎഫ്‌പിആർ) ഏകദേശം 35% ആണ്. ഇത് ദേശീയ ശരാശരിയേക്കാൾ കുറവാണെന്നത് ശ്രദ്ധേയമാണ്. ഇതിന്‍റെ പ്രധാന കാരണം “കെയർ റെസ്പോൺ സിബിലിറ്റി” (വീട്ടുജോലിയും ശുശ്രൂഷയും) മൂലം ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതാണ്.

അദൃശ്യമായ സാമ്പത്തിക അടിത്തറ

സ്ത്രീകൾ വീട്ടിൽ ചെയ്യുന്ന ജോലികൾക്ക് (പാചകം, വൃത്തിയാക്കൽ, കുട്ടികളേയും പ്രായമായവരേയും നോക്കൽ സാമ്പത്തിക മൂല്യം കൽപ്പിക്കാറില്ല. എന്നാൽ ടൈം യൂസ് സർവേ പ്രകാരം ഒരു ഇന്ത്യൻ പുരുഷൻ ദിവസേന ശരാശരി 90 മിനിറ്റിൽ താഴെ മാത്രം ഇത്തരം കാര്യങ്ങൾക്കായി ചിലവഴിക്കുമ്പോൾ, ഒരു സ്ത്രീ ശരാശരി 5 മുതൽ 7 മണിക്കൂർ വരെ ഇതിനായി ചിലവാക്കുന്നു. അന്താരാഷ്ട്ര പഠനങ്ങൾ പ്രകാരം സ്ത്രീകൾ ചെയ്യുന്ന ഈ ശമ്പളമില്ലാത്ത അധ്വാനത്തിന് സാമ്പത്തിക മൂല്യം നൽകിയാൽ അത് ലോക ജിഡിപിയുടെ 13% (ഏകദേശം 10.8 ട്രില്യൺ ഡോളർ) വരും.

ഇന്ത്യയിലെ മൂല്യം എത്ര കോടി?

ഇന്ത്യയിലെ സ്ത്രീകളുടെ ശമ്പളമില്ലാത്ത അധ്വാനം സാമ്പത്തികമായി കണക്കാക്കിയാൽ ലഭിക്കുന്ന ഏകദേശ കണക്കുകൾ താഴെ പറയുന്നവയാണ്. എസ്ബിഐ നടത്തിയ പഠനം സൂചിപ്പി ക്കുന്നത്, സ്ത്രീകൾ ചെയ്യുന്ന ശമ്പളമില്ലാത്ത ജോലിയുടെ ആകെ മൂല്യം ഇന്ത്യയുടെ ജിഡിപി വെച്ച് കണക്കാക്കിയാൽ ഇത് ഏകദേശം 22.7 ലക്ഷം കോടി രൂപ വരും. കേരളത്തിലെ സ്ത്രീകളുടെ അധ്വാനം മാത്രം കണക്കാക്കിയാൽ അത് സംസ്ഥാനത്തിന്‍റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്‍റെ വലിയൊരു ശതമാനമായി മാറും. മിനിമം വേജ് മാനദണ്ഡം വെച്ച് നോക്കിയാൽ പോലും ലക്ഷക്കണക്കിന് കോടി രൂപയുടെ അധ്വാനമാണ് സ്ത്രീയുടെ കടമ എന്ന പേരിൽ വേതനമില്ലാതെ പോകുന്നത്.

നമ്മൾ ഇന്ന് അനുഭവിക്കുന്ന സാമ്പത്തിക വളർച്ചയുടെ പകുതിയിലധികവും സ്ത്രീകളുടെ ശമ്പളമില്ലാത്ത ഇത്തരം കഠിനാധ്വാനത്തിന്‍റെ പുറത്താണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. ഇത് തിരിച്ചറിയപ്പെടാതെ പോകുന്നിടത്തോളം കാലം ലിംഗസമത്വം എന്നത് പൂർണ്ണമാവില്ല.

और कहानियां पढ़ने के लिए क्लिक करें...