രാവിലെ മുതൽ തിരക്കിട്ട ജോലികൾ, അതിനിടയിൽ ചെറിയൊരു ഇടവേളയുണ്ടാക്കി വെറുതെയൊന്ന് കിടന്നതായിരുന്നു ലാൽ. അതിന് ശ്രീരേഖ വല്ലാത്ത ഇഷ്ടക്കേടും പ്രകടിപ്പിച്ചു. അതിഥികളെത്തുന്നതിനുമുമ്പ് അവൾ ഭംഗിയിൽ വിരിച്ച കിടക്കവിരി ചുളിയുമെന്നുള്ള പരിഭവമായിരുന്നു അത്. റെയിൽപ്പാളത്തിലൂടെ കാതടപ്പിച്ചെത്തിയ തീവണ്ടി ശ്രീരേഖയുടെ പരിഭവമൊഴകൾ കേൾപ്പിക്കാതിരിക്കാനായിരിക്കാം കളിയാക്കി നീട്ടിയൊന്ന് ചൂളം വിളിച്ച് ഭൂമികുലുക്കി തിടുക്കത്തോടെ കടന്നുപോയി. ഭാഗ്യം അവൾ പറഞ്ഞതൊന്നും കേൾക്കേണ്ടിവന്നില്ല. ലാൽ ആശ്വാസപൂർവ്വം നെടുവീർപ്പിട്ടു.
ഇന്ന് ജനുവരി 28.
അതേ രണ്ടായിരത്തി ഇരുപത്തിനാലിന്‍റെ സ്വന്തം ജനുവരി ഇരുപത്തിയെട്ട്. ഈ ദിവസം തങ്ങൾക്കും സ്വന്തം. സ്വന്തമായൊരു വീടെന്ന സ്വപ്നം യഥാർത്ഥ്യമായതിന്‍റെ സന്തോഷം. പുതുവർഷത്തിന്‍റെ പുതുതാളങ്ങൾ കൂട്ടിചേർത്ത് വീട് പൂർത്തിയായ സന്തോഷം എല്ലാവർക്കുമായി പങ്കിടാൻ തിരഞ്ഞെടുത്ത ദിവസമാണിന്ന്. കാലത്തിന്‍റെ മാറ്റത്തിനൊപ്പം പാതകളുടെ മുഖം മിനുക്കൽ പദ്ധതികൾ പലതും കൺമുന്നിൽ പ്രതീക്ഷിച്ചുകൊണ്ട് ഗൃഹനിർമ്മാണത്തിനൊരുങ്ങിയപ്പോൾ ഒരുപാടുപേരുടെ ജീവിത കഥകൾ ചുമരുകളിൽ തിരുകി. പഴയകാല പ്രൗഢിയിൽ നിലകൊള്ളുന്ന തറവാടാണെങ്കിൽ തൊട്ടരികിലുമുണ്ട്. തറവാട്ടകത്ത് കുടഞ്ഞിട്ട കുറേയോർമ്മകൾ കാത്തുസൂക്ഷിച്ചുകൊണ്ട് എല്ലാമെല്ലാമായ ഒരേയൊരു കൂടപിറപ്പ് സച്ചുവും ഭാര്യ ശ്രീജയും അവരുടെ ജീവിതം നട്ടുപിടിപ്പിക്കുകയാണ്.
ആ ഓർമ്മപൂങ്കാവനത്തിൽ... തന്‍റെയും സച്ചുവിന്‍റെയും മാത്രമല്ല മുമ്പിവിടെ പിറന്നവരുടെ കുഞ്ഞുപാദങ്ങൾ പിച്ചവെച്ച മുറ്റമാണിത്. ഇവിടെയീ ചെമ്മണ്ണിനുപോലും പറയുവാനുണ്ടേറേ പഴങ്കഥകൾ. കാലം മായ്ച്ച തേനൂറും ചക്കപ്പഴ സ്വാദും മധുരമൂറും മാമ്പഴ രൂചിയും കലപിലകൂട്ടിയിരുന്ന കുട്ടിക്കൂട്ടങ്ങളു മിനിയവിടെയുണ്ടാവില്ല. അവയെല്ലാം ഓർമ്മത്താളിലൊളിപ്പിച്ചുവച്ചിട്ട് ഇനിയുമീ മണ്ണ് പുതുകഥകൾ പറയാനൊരുങ്ങുകയാണ്. സച്ചുവിന്‍റെ മോളിലൂടെ തന്‍റെ രണ്ടു മക്കളിലൂടെ... വീണ്ടുമിനിയുണ്ടാവുന്ന തലമുറകളിലൂടെ...അതേ, കാലവും കഥകൾ മെനയാനോടി നടക്കുന്നു. ആരംഭം മുതൽ ഇടറാതെ വച്ച ചുവടുകൾക്കൊപ്പം സ്നേഹപൂർണ്ണമായ വാക്കുകളും അനുഗ്രഹങ്ങളും ചൊരിഞ്ഞ് കൂടെനിന്ന പ്രിയപ്പെട്ടവർ, വീടെന്ന സാക്ഷാൽക്കാരത്തിലേക്ക് അടിവെച്ച നേരം മുതൽ കൂടെ നടന്നവർ, റോഡരികിലുയർന്നുവരുന്ന വീടിന്‍റെ വളർച്ച നേരിട്ടു കാണാനെത്തിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവർ അഭിനന്ദനങ്ങളറിയിച്ചവർ, മുറ്റത്തെ മൺതരിപോലും ഗൃഹനിർമ്മാണത്തിനൊപ്പമുണ്ടായിരുന്നു. മനസ്സിൽ നിറഞ്ഞുയർന്നു നിൽക്കുന്ന സ്നേഹപൂച്ചെട യിൽ വിരിഞ്ഞതെല്ലാം നന്ദിമലരുകൾ. അവയോരോന്നുമടർത്തിയെടുത്ത് എല്ലാവർക്കുമായേകണമിനിയുള്ള നിമിഷങ്ങളിൽ.
"ലാലേട്ടാ ഇതെന്ത് കെടപ്പാ എഴുന്നേൽക്കണില്ലേ? നേരൊരുപാടായിട്ടാ. ദേ എല്ലാരും ഇപ്പെത്തും. വടക്കുന്നുള്ളോരൊക്കെ തറവാടിന്‍റെ മുറ്റത്തെത്തി." ശ്രീരേഖ ഓർമ്മപ്പെടുത്തലുമായി ഓടിയെത്തി.
അതേ ഇനിയൊരു മയക്കത്തിന് നേരമില്ല. ക്ഷീണം തളർത്തിയ ശരീരത്തെ മനസ്സുകൊണ്ടുണർത്തുകയായിരുന്നു ലാലപ്പോൾ.... സൂര്യമുഖത്തെ മ്ലാനതയിൽ കുങ്കുമം ചാർത്താൻ കുളിരുള്ള ഒരു മകരസന്ധ്യകൂടി വരികയായി. പുതുവീടിന്‍റെ ചന്തത്തിലസൂയപൂണ്ട് പിരിപിടിച്ചൊരു കാറ്റ് ദേഹമാകെ പൊടിയും തേച്ച് ചുറ്റുമുള്ള മരങ്ങളിലെ ഇലകളും പറിച്ചോടിവന്ന് വീടിനെ വലംവെക്കുന്നതു കണ്ടപ്പോൾ തെന്നിയോടിനടക്കുന്ന ആ ചങ്ങാതിയോട് വല്ലാത്തൊരു മുഷിവുതോന്നി ലാലിന്. കുഞ്ഞുമയക്കം സമ്മാനിച്ച ഉഷാറുമായി വീടിന്‍റെ തുടർന്നുള്ള ഒരുക്കങ്ങളിലേക്ക് നീങ്ങിയപ്പോൾ കുട്ടികളവിടെല്ലാമോടി നടക്കുന്നുണ്ടായിരുന്നു. വിസിറ്റിങ് റൂമിൽ പുതുവീടിന് അലങ്കാരങ്ങൾ ചാർത്തുന്ന തിരക്കിലായിരുന്നു അവർ.
എന്താ മൂവർക്കും സന്തോഷം...
ശ്രീരേഖ പറഞ്ഞത് ശരിയാണ്, പലരും വന്നുതുടങ്ങിയിരിക്കുന്നു. അമ്മായിമാരുടെ വരവറിയിക്കുന്ന ചിരിമണികളുടെ താളമെങ്ങുനിന്നോ കേൾക്കുന്നുണ്ട്. ചെറിയച്ചന്മാരുടെ സംഭാഷണശകലങ്ങളും കാതിലെത്തുന്നുണ്ട്. തപ്പിത്തടഞ്ഞുവരുന്നപോലെ ഒരു കാറും അതിൽ നിന്നിറങ്ങിയ അപരിചിതനായ ഒരാളും. നടന്നടുക്കുന്നതിങ്ങോട്ട്. കൈയിൽ കരുതിയ വലിയ കവർ അദ്ദേഹം നീട്ടിയപ്പോൾ വാങ്ങാതിരിക്കാനായില്ല. എന്തെങ്കിലുമൊന്നുരിയാടുന്നതിനു മുമ്പ് തിരിഞ്ഞു നടന്നു കഴിഞ്ഞു അദ്ദേഹം. അപരിചിതനാരെന്ന് തിരയാൻ ഓർമ്മ പുസ്‌തകത്തിന്‍റെ പേജുകൾ മറിക്കാൻ തുടങ്ങിയപ്പോഴേക്കും നിർത്തിയിട്ടിരുന്ന കാർ മുന്നോട്ട് ചലിച്ചു തുടങ്ങിയിരുന്നു. കാറിന്‍റെ ഉയർന്നുകൊണ്ടിരിക്കുന്ന ഗ്ലാസിനിടയിലൂടെ ഇങ്ങോട്ട് വീശുന്ന കയ്യിന്‍റെ അവകാശിയെ തേടിപോയ കണ്ണുകളും തിരിച്ചറിവുകിട്ടാതെ പിൻവാങ്ങി.





