യാത്രാപ്രേമികൾ കണ്ടുമുട്ടുമ്പോൾ സംസാരത്തിൽ കടന്നുവരുന്ന വിഷയം യാത്രകളാവാതെ തരമില്ലല്ലോ.. ഏറെക്കാലത്തിനുശേഷം തമ്മിൽ കണ്ടപ്പോഴാണ് ആർച്ചയും ഞാനും ഒരുമിച്ചൊരു യാത്ര പോയാലോയെന്ന് തീരുമാനിച്ചത്.
അങ്ങനെ വയനാട്ടിൽ പൂക്കോട് തടാകം സന്ദർശിക്കാനുറച്ചു. ആ ദിവസം വേൾഡ് ടൂറിസം ഡേയാണെന്ന് അറിയാതെയായിരുന്നു യാത്ര പ്ലാൻ ചെയ്‌തതെങ്കിലും ആ അറിവ് ഇരട്ടിമധുരം പകർന്നു.
ഉച്ചയ്ക്ക് രണ്ടുമണിയോടെ കൽപ്പറ്റ സ്റ്റാൻഡിൽ നിന്ന് വൈത്തിരിയിലേക്ക് ബസ് പുറപ്പെടുമ്പോൾ ആകാശം മേഘാവൃതമായിരുന്നു. ബസ്സ് ചുണ്ടേൽ പിന്നിടുമ്പോൾ തന്നെ വെയിൽ തെളിഞ്ഞു. മഴയെത്തിയെന്ന് തോന്നിപ്പിച്ച് പിന്നാലെ വെയിൽ മാറിവരുന്ന ആകാശത്തിന്‍റെ കള്ളക്കളി കണ്ട് ബസ്സിനകത്തിരുന്ന് ചിരിച്ചുപോയി…
വിദൂരതയിലെ ചെമ്പ്രമലനിരകളുടെ സൗന്ദര്യം കണ്ണുകൾ തിരഞ്ഞു… അതാ… വെയിലുമ്മയേറ്റ് തിളങ്ങി നിൽക്കുന്നു മരതകപ്പട്ടുചുറ്റിയ ചെമ്പ്രയെന്ന സുന്ദരി…
വൈത്തിരി സ്റ്റാൻഡിൽ ബസ് ഇറങ്ങി നേരെ ഓട്ടോയിൽ പൂക്കോട് തടാകത്തിലേക്ക്. തളിപ്പുഴ പിന്നിട്ട് ഓട്ടോ പൂക്കോടേക്ക് നീങ്ങുമ്പോൾ വിജനമായ റോഡ് തെല്ലത്ഭുതപ്പെടുത്തി. വഴിമാറിയോന്ന് പോലും സന്ദേഹപ്പെട്ടു.
റോഡിലൂടെ തലങ്ങും വിലങ്ങും നി ങ്ങുന്ന വാഹനങ്ങൾ നിർത്താതെയുള്ള ഹോണടിയുടെ ശബ്ദം ഇതൊക്കെയായിരുന്നു ഇതുവഴിയുള്ള മുൻകാല യാത്രാനുഭവമെങ്കിൽ പതിവിന് വിപരീതമായി ഓട്ടോ യാതൊരു തടസ്സവുമില്ലാതെ റോഡിലൂടെ മുന്നോട്ട്.
അരിച്ചെത്തുന്ന നേർത്ത തണുപ്പ്…
വീശിയെത്തുന്ന കുളിർ കാറ്റിന് കാടിന്‍റെ ഗന്ധം… ചുറ്റിലും നിറഞ്ഞു നിൽക്കുന്ന പച്ചപ്പ് കണ്ണിനും മനസ്സിനും ഒരുപോലെ കുളിരേകി…
പൂക്കോട് ദേവി ക്ഷേത്രമെന്നഴുതിയ ബോർഡിനു മുന്നിൽ ഓട്ടോ നിർത്തിയപ്പോഴാണ് പൂക്കോട് എത്തിയെന്നറിഞ്ഞത്. ഇവിടെ ഇങ്ങനെ ഒരു അമ്പലമോ എന്ന് ആശ്ചര്യം കൂറിയതും മുമ്പ് ജനത്തിരക്കുകാരണം ഇതൊന്നും ശ്രദ്ധയിൽ പതിഞ്ഞില്ലെന്നതാണ് വാസ്‌തവം…
പൂക്കോട്ടമ്മയെ തൊഴുതു. പിന്നെ തൊട്ടടുത്തുള്ള കവാടം വഴി പൂക്കോട് തടാകത്തിന്‍റെ ടിക്കറ്റ് കൗണ്ടറിലേക്ക്. മുമ്പൊക്കെ കവാടത്തിനു മുന്നിലും ടിക്കറ്റ് കൗണ്ടറിന്‍റെ മുന്നിലും സഞ്ചാരികളുടെ നീണ്ടനിര കാണാമെങ്കിൽ ഇന്നിവിടെ ആൾക്കൂട്ടമോ ആരവങ്ങളോ ഇല്ല.
ചൂരൽ മല- മുണ്ടക്കൈ ദുരന്തം വയനാടിന്‍റെ ടൂറിസം മേഖലയെ പിന്നോട്ട് വലിച്ചെന്ന് ഒറ്റനോട്ടത്തിൽ വ്യക്‌തം. 40 രൂപ പ്രവേശന ടിക്കറ്റ് എടുത്ത് അകത്തേക്ക് കടക്കുമ്പോൾ ടൂറിസ്‌റ്റുകൾ വളരെ കുറവാണെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നുണ്ടായിരുന്നു.
അകത്തേക്ക് കയറിയപാടെ ഹാന്‍റി ക്രാഫ്റ്റിന്‍റെയും വയനാടൻ സുഗന്ധവ്യഞ്ജനങ്ങളുടെയുമൊക്കെ കടകൾ കണ്ടു. മടങ്ങിവരവിൽ അവിടെ കയറാമെന്ന് പറഞ്ഞ് തടാകക്കരയിലേക്ക് നടന്നു. മുന്നിലെ വലിയ വ്യക്ഷങ്ങൾ നിശബ്ദതയിലലിഞ്ഞങ്ങനെ നിൽക്കുന്നു. എവിടെ നിന്നോ ഒരു കുയിൽ നാദം സ്വാഗതഗാനമായി കാതുകളെ തേടിയെത്തി.
എപ്പോഴും കളിചിരികൾ നിറഞ്ഞു നിൽക്കുന്ന കുട്ടികളുടെ പാർക്ക്, നവീകരണ പ്രവർത്തികൾക്കായി ഇപ്പോൾ അടച്ചിട്ടിരിക്കുന്നു. പണിയൊരുങ്ങുമ്പോഴേക്കും പാർക്കിൽ ജീവനേകാൻ ധാരാളം കുരുന്നുകൾ ഇവിടെയെത്തട്ടെ. കുഞ്ഞുപുഞ്ചിരികൾ വിടരട്ടേ…
കല്ലുപ്പതിച്ച നടപ്പാതയിലൂടെ തടാകക്കരയിലേക്ക് നീങ്ങുമ്പോൾ സമീപത്തെ കടയിൽ നിന്ന് ഉപ്പിലിട്ട മാങ്ങയും പൈനാപ്പിളും ഒക്കെ കുപ്പിക്കുള്ളിലിരുന്ന് കൊതിപ്പിക്കുന്നു.
ദേ ഇപ്പോ വരാം എന്ന് പറഞ്ഞ് വീണ്ടും മുന്നോട്ട്…
വനത്താൽ ചുറ്റപ്പെട്ട പതിമൂന്ന് ഏക്കറിലായി പരന്നു കിടക്കുന്ന പ്രക്യതിദത്ത ശുദ്ധജല തടാകമാണ് പൂക്കോട് തടാകം. ഏകദേശം 40 അടി ആഴമുണ്ടിതിന്. തടാകത്തിലേക്ക് നോക്കി നിൽക്കുന്ന കുന്നുകളും ചുറ്റിലുമുള്ള പച്ചപ്പും ഓളപ്പരപ്പിലൂടെ നീങ്ങുന്ന ബോട്ടും കാഴ്ചകൾക്ക് മിഴിവേകുന്നു.
തൊട്ടടുത്തുള്ള അക്വേറിയത്തിലേക്കുള്ള ടിക്കറ്റ് എടുത്ത് നടക്കുമ്പോൾ അരുവിയുടെ കളകള ശബ്ദം കാതിലെത്തി. മരക്കൊമ്പിൽ ഇരുന്ന കിളികളുടെ പാട്ട് ആ ശബ്ദത്തോടൊപ്പം അലിഞ്ഞു ചേർന്നു…
പൂക്കോടിന്‍റെ വളരെ ശാന്തതയാർന്ന ചിത്രം ആദ്യമായിട്ടായിരുന്നു… ഏതു സ്‌ഥലത്തിനും ഒരു സംഗീതമുണ്ടാകും കണ്ണും കാതും മനസ്സും തുറന്നാൽ മാത്രം നമുക്കതു ശ്രവിക്കാമെന്ന ഓർമ്മപ്പെടുത്തൽ.
തടാകത്തിൽ നിന്നുള്ള ജലം പുറമേക്ക് ഒഴുകുന്നതാണിത്. നിലവിൽ ചെറുതെങ്കിലും പിന്നീട് പനമരം പുഴയായി കബനിയും കപിലയും കാവേരിയുമായി ചേരാനുള്ള ദീർഘദൂര ഓട്ടത്തിലാണവൾ…
ഒരു പുഴയുടെ ഉത്ഭവം തൊട്ട് കടലിനോട് ചേരാനുള്ള അവളുടെ യാത്ര മനുഷ്യന്‍റെ ജീവിതയാത്രയെക്കാൾ കഠിനമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പരിഭവമില്ലാതെയവൾ ഒഴുകുമ്പോഴും…!
സമീപത്തുനിന്ന വലിയ വൃക്ഷങ്ങൾ ചുറ്റും സ്വയം സുരക്ഷയൊരുക്കി താഴേക്കു വേരുകൾ കൊണ്ടൊരു കവചം തീർത്തിട്ടുണ്ട്. വൃക്ഷമുത്തച്‌ഛന്മാരുടെ തൂങ്ങിനിൽക്കുന്ന വേരുകളിൽ പിടിച്ചാടി ബാല്യത്തിലേക്ക് ഞങ്ങളും ചുവടു വച്ചു.
സമീപത്തെ നിറംമങ്ങിയ ശംഖിന്‍റെയും മത്സ്യകന്യകയുടേയുമൊക്കെ പ്രതിമകൾ പുതുഛായക്കൂട്ടുകൾക്കായുള്ള കാത്തിരിപ്പിലാണ്.
അക്വേറിയത്തിലേക്കുള്ള പ്രവേശന ഫീസ് ആളൊന്നിന് അഞ്ചു രൂപയാണ്. അകത്തു കയറുമ്പോൾ പല വർണ്ണങ്ങളിലുള്ള മത്സ്യങ്ങൾ അക്വേറിയത്തിലൂടെ നീന്തി തുടിക്കുന്നു. ഗോൾഡൻ ഫിഷ്, ഓസ്ക്‌കാർ, സിൽവർ ആരോവന, ട്രസ് എന്നിങ്ങനെ നീളുന്നു മത്സ്യ വൈവിധ്യം.
കൂട്ടത്തിൽ മുഖത്തൽപ്പം ഗൗരവഭാവം ഉണ്ടേലും വിടാതെ ഞങ്ങളുടെ പിറകെ കൂടിയ ജയിന്‍റ് ഗൗരാമി എന്ന ഫിഷിന്‍റെ വിക്രിയകളിൽ എല്ലാം മറന്നു ഞങ്ങൾ ചിരിച്ചു. മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങുന്ന ഒരു മത്സ്യമാണിതെന്ന് അവിടെനിന്നും വായിച്ചറിഞ്ഞു. നിറങ്ങൾ വാരിവിതറിയുള്ള സൃഷ്ടിയുടെ വൈവിധ്യത്തെ സ്‌മരിച്ചുകൊണ്ട് അക്വേറിയത്തിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഫിഷ് സ്പായ്ക്ക് ടിക്കെറ്റെടുത്തു.
പൊട്ടാസ്യം പെർമാഗനേറ്റ് ലായനിയിൽ കാല് കഴുകിയശേഷം ടാങ്കിലെ ഗരാറുഫാ ഫിഷിന് മുന്നിലേക്ക് ഇരുകാലുകളും സമർപ്പിച്ചു. കൂട്ടത്തോടെ വന്നു പൊതിഞ്ഞ് കാലുകളെ ഇക്കിളിപ്പെടുത്തി. അവർ അവരുടെ പ്രവൃത്തി തുടങ്ങി.
ഡെഡ്സ്കിൻ റിമൂവ് ചെയ്യുവാനും രക്തയോട്ടം മെച്ചപ്പെടുത്താനും സ്ട്രെസ് കുറയ്ക്കാനും ഫിഷ് സാ ഏറെ നല്ലതാണ്. വളരെ ആത്മാർത്ഥരായ ജോലിക്കാരെ പോലെ തങ്ങളുടെ ജോലി യാതൊരു മടിയുമില്ലാതെ ഭംഗിയായവ നിറവേറ്റി.
പുറത്തിറങ്ങിയപ്പോൾ തടാകത്തിലേക്ക് മുഖം നോക്കി പൂക്കോട്ടമ്മയുടെ കോവിൽ കണ്ടു. നവീകരണ പ്രവർത്തികൾ ഇവിടെ നടന്നുകൊണ്ടിരിക്കുകയാണെന്ന് സമീപത്തുള്ളയാൾ പറഞ്ഞു.
പ്രകൃതി തന്നെയാണ് ഈശ്വരി. ഈ മഹാപ്രപഞ്ചം തന്നെയല്ലേ… അമ്മയുടെ കോവിലും ഈ കാണുന്നതൊക്കെ അതല്ലാതെ മറ്റെന്താണ്. ഒരു നിമിഷമെങ്കിലും ആ മഹാശക്തിയെ സ്മരിക്കാനായല്ലോ. പുറമേക്കുള്ള ഓരോ യാത്രയും ആ സ്‌മരണയുണർത്താൻ തന്നെയല്ലേ… അകത്തേക്കു തിരിയാനുള്ള ഓർമ്മപ്പെടുത്തൽ…
തടാകത്തിന്‍റെ പ്രദക്ഷിണ വഴിയെ നടക്കുമ്പോൾ ഒരു ചെറിയസംഘം സന്ദർശകർ എത്തിയിരുന്നു. ബോട്ടിലേക്ക് അവരുടെ തിരക്ക് കഴിഞ്ഞാകാമെന്ന് കരുതി നടപ്പാതയിലൂടെ തടാകത്തിന്‍റെ ഓരം പറ്റി ഞങ്ങൾ മുമ്പോട്ട് നടന്നു.
പാതയുടെ ഒരു വശം കാടും മറു വശം തടാകവും തീരത്തെ ചെറുമരങ്ങൾ ചാഞ്ഞു ചരിഞ്ഞു തടാകത്തിലേക്ക് എത്തി നോക്കുന്നുണ്ട്. അവരും ഒരു പക്ഷെ കൊച്ചു വർത്തമാനത്തിലാവും…
നീണ്ടു കിടക്കുന്ന പാതയും മൂന്നിലെ ജലാശയവും ദൂരെ കാണുന്ന ചെറു കുന്നുകളും ചാരുതയാർന്നതായിരുന്നു. നോക്കി നോക്കി അതിലലിഞ്ഞ് സ്വയം മറക്കും…
രണ്ടുപേർക്കിരിക്കാവുന്ന പെഡൽ ബോട്ടിനുള്ള ടിക്കറ്റെടുത്ത് ഞങ്ങൾ തടാകത്തിലൂടെ ചെറുസവാരിക്ക് തയ്യാറായി.
അവിടെയുള്ള ജീവനക്കാരന്‍റെ വക ചെറിയൊരു ക്ലാസ്സ്. “ദേ ഇക്കാണുന്നതില്ലേ ഇത് ഇടത്തോട്ട് തിരിച്ചാൽ ഇടത്തോട്ടും വലത്തോട്ട് തിരിച്ചാൽ വലത്തോട്ടും നേരേ വച്ചാൽ നേരേയും ബോട്ട് നീങ്ങും.” അത് സാരമില്ല എന്തുവന്നാലും മുങ്ങില്ലല്ലോ. ഞങ്ങൾ സമാശ്വസിച്ചു.
ധൈര്യസമേതം ഞങ്ങൾ ബോട്ടിൽ കയറി പെഡൽ ചവിട്ടി തുടങ്ങി. ബോട്ട് പതിയെ പതിയെ മുന്നോട്ട്. ഒരൽപ്പദൂരം പിന്നിട്ടപ്പോൾ ഇടത്തോട്ട് തിരിച്ചാൽ വലത്തോട്ടും വലത്തോട്ട് തിരിച്ചാൽ ഇടത്തോട്ടും നേരെ വച്ചാൽ അനങ്ങാതെയുമായി ബോട്ട്. ഞങ്ങളുടെ ആഞ്ഞുപിടിച്ചുള്ള ചവിട്ടും ലക്കുംലഗാനുമില്ലാത്ത വരവും കണ്ടാവണം മുന്നിലെ ബോട്ടിലെ ആളുകൾ അവരുടെ ബോട്ട് പല വഴിക്കായി തിരിച്ചു വിടുന്നു. ബോട്ടിലിരുന്ന് പരിസരം മറന്നു ഞങ്ങൾ ചിരിച്ചു.
തൊട്ടുമുന്നിൽ മുങ്ങാൻ കുഴിയിട്ട കുളക്കോഴി ഇടയ്ക്ക് തലയുയർത്തി നോക്കുന്നുണ്ട്. അവൾക്ക് പിന്നാലെ ഞങ്ങളും വെച്ചുപിടിച്ചു. പിന്നെയും ഏറെ ദൂരം ഞങ്ങൾ സഞ്ചരിച്ചു. ഇടയ്ക്കിടെ വിശുന്ന നനുത്ത കാറ്റ് കുളിരു പകർന്നു. ഒരുകാലത്ത് നീല ആമ്പൽ പൂക്കളാൽ സമൃദ്ധമായ ഇവിടെ ഇന്ന് ആമ്പൽ പൂക്കൾ കണ്ടതേയില്ല.
ബോട്ട് സഫാരി കഴിഞ്ഞ് തിരിച്ചെത്തുമ്പോഴും ചൂണ്ടിലെ ചിരി മാഞ്ഞതേയില്ല. ശേഷം ഒരു ചൂട് കോഫി കഴിച്ചു തടാകത്തിലേക്ക് കണ്ണും നട്ട് അവിടുത്തെ ഇരുമ്പ് ബെഞ്ചിലിരുന്നു.
വാനരക്കൂട്ടങ്ങൾ അവരുടെ പതിവുകളികളിൽ മുഴുകിയിരുന്നു. പോക്കുവെയിൽ ഓളപ്പരപ്പിൽ വർണ്ണ ചിത്രങ്ങൾ നെയ്യുന്നു. തടാകക്കരയിലെ കുഞ്ഞുപൂക്കൾക്ക് മുത്തം നൽകി സൂര്യൻ വിടവാങ്ങുമ്പോൾ ഒരു ത്രീഡി ക്ലാരിറ്റിയിൽ കാഴ്ച്‌ച ഒന്നുകൂടി സുന്ദരമാകുന്നു.
അസ്തമയങ്ങളെത്ര മനോഹരമാണ്..!
അവിടെനിന്നും ചെറുഷോപ്പിംഗ് നടത്തി ഞങ്ങൾ പുറത്തിറങ്ങുമ്പോൾ സമീപത്തെ കടക്കാരൻ പറയുന്നുണ്ടായിരുന്നു. ടൂറിസ്റ്റുകൾ വളരെ കുറവാണ് അതുകൊണ്ടുതന്നെ കച്ചവടവും കുറവ്. അതെ പേരിനു മാത്രമേ ഇവിടെ ഇപ്പോൾ കടകളുള്ളൂ. ജനുവരിയിലെങ്കിലും ടൂറിസ്റ്റുകൾ വരുമെന്ന പ്രതീക്ഷയിലാണവർ. വയനാട്ടിലെ ഓരോ ടൂറിസ്‌റ്റ് സ്പോട്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരട്ടെ.
ആളും ആരവങ്ങളും ഒഴിഞ്ഞ വയനാടിന്‍റെ വനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് പൊതുജീവനേകാൻ സഞ്ചാരികളെ നിങ്ങളേയും ക്ഷണിക്കുന്നു. ഈ നാട്….! ഒരു മഹാദുരന്തത്തിൽ നിന്ന് പതിയെ കരകയറുന്ന ഈ നാടിനുള്ള താങ്ങാവട്ടെ ഇങ്ങോട്ടുള്ള ഓരോ യാത്രയും…
സുന്ദരമായ ഈ ഭൂമികയ്ക്ക് മങ്ങലേൽപ്പിക്കാത്ത നിങ്ങളുടെ ഓരോ യാത്രയിലും നിങ്ങൾക്കായവൾ കാഴ്ചയുടെ പുതുവാതായനങ്ങൾ തുറന്നിട്ടു തരും. തീർച്ച.