എന്‍റെ കുട്ടിയെ ഒന്നു വേഗം പരിശോധിക്കു ഡോക്ടർ, അവൾക്ക് പനി കൂടുതലാണ്.” വേവലാതിയോടെ ഒരമ്മയുടെ അഭ്യർത്ഥന

“മാഡം, വാർഡിലെ മലേറിയ കേസിന് ഐവി ഫ്ളൂയിഡ് തുടർന്നു നൽകണോ അതോ നിർത്തണോ?” ജനറൽ വാർഡിലെ നഴ്‌സിംഗ് അസിസ്‌റ്റന്‍റിന്‍റെ സംശയം.

“ഗുഡ് ഈവനിംഗ് മാഡം, അനിതയാണ്, ഫാമിലി വാർഡിൽ നിന്ന്. ഓഫീസേഴ്സ‌് ഫാമിലി വാർഡിലെ കേണൽ രാജിന്‍റെ അമ്മ വീണ്ടും ഛർദ്ദിച്ചു. വിറ്റൽസ് സ്‌റ്റേബിൾ ആണ്.” ഇന്‍റേണൽ ഫോണിൽ നഴ്‌സിംഗ് ഓഫീസർ അനിത ചോദിക്കുന്നു.

“എല്ലാവരുമൊന്നു മാറി നില്ക്കൂ. ആത്മഹത്യാ ശ്രമമാണ്. കീടനാശിനി കുടിച്ചിരിക്കുന്നു. ബോധമുണ്ട് മാഡം. കാര്യമായിട്ടൊന്നും കുടിച്ചിട്ടില്ല എന്നു തോന്നുന്നു.” ക്യാപ്റ്റൻ (ഡോക്ട‌ർ) ജയേഷ് പരിഭ്രമത്തോടെ ഓടിയെത്തി പറഞ്ഞു. കൂടെ, സ്ട്രക്‌ചറിൽ കിടത്തിയ യുവതിയായ രോഗിയും അവളുടെ പരിഭ്രാന്തരായ മാതാപിതാക്കളും.

രണ്ടാമത്തെ ഫോണിൽ ബെല്ലടിക്കുന്നു. “ഹലോ, ഡിഎംഒ അല്ല? ഞാൻ എഡിഎംഎസ് കേണൽ രാമനാഥൻ.”

“ഗുഡ് ഈവനിംഗ് സാർ, മേജർ നന്ദിനി സ്പ‌ീക്കിംഗ്. വാട്ട് ക്യാൻ ഐ ഡു ഫോർ യു സർ?”

“ഞാനും എന്‍റെ കുടുംബവും ജോധ്‌പൂരിലേക്കു വരുന്നുണ്ട്. ഓഫീസേഴ്സസ് മെസ്സിൽ ഞങ്ങൾക്കുവേണ്ടി അഞ്ചു ദിവസത്തേയ്ക്ക് ഗസ്‌റ്റ് റും ബുക്ക് ചെയ്യണം. നാളെ വൈകുന്നേരം ഞങ്ങളെത്തും.”

“ശരി സാർ. ഒരു പ്രശ്‌നവുമില്ല. ഹാവ് എ ഗുഡ് ഡേ സർ” എന്നു പറഞ്ഞുകൊണ്ട് ഞാൻ ഫോൺ വെച്ചു. ഇന്‍റsണൽ ഫോണിൽ ഹോൾഡ് ചെയ്യുന്ന നഴ്സ‌സിംഗ് ഓഫീസറോട് “അനിതാ ഇഞ്ചക്ഷൻ പെരിനോം ഐഎം കൊടുക്കൂ. പിന്നെ ഐ വി റിൻഗർ ലാക്ടേറ്റ് തുടങ്ങു. ബിപിയും പൾസും മോണിട്ടർ ചെയ്യണം. ഞാൻ വന്നു നോക്കിക്കോളാം” എന്നു മറുപടി പറഞ്ഞ ശേഷം നഴ്സ‌ിംഗ് അസിസ്‌റ്റന്‍റിനോട് ഐവി ഫ്ളൂയിഡ് നിർത്തിക്കോളൂ.” എന്നു പറഞ്ഞ് ഞാൻ സ്ട്രെക്‌ചറിനടുത്തേക്ക് ഓടിച്ചെന്നു.

വളരെവേഗം രോഗിയുടെ സ്ഥ‌ിതിയെക്കുറിച്ചു മനസ്സിലാക്കിയ ശേഷം ധൃതിയോടെ പരിശോധനകൾ നടത്തി, ആവശ്യമായ പ്രാഥമികചികിത്സകൾ തുടങ്ങി.

“ക്യാപ്റ്റൻ ജയേഷ്, ഈ കുട്ടിയുടെ കൂടെ വാർഡിലേക്കു പൊയ്ക്കൊള്ളൂ. നഴ്സിംഗ് ഓഫീസർമാർ വേണ്ട സഹായം ചെയ്യും. ചികിത്സ നടത്തേണ്ട മരുന്നുകളുടെ വിവരം ഞാൻ ഈ കേസ് ഷീറ്റിൽ എഴുതിയിട്ടുണ്ട്. ഞാൻ വാർഡിൽ വന്ന് ഇടയ്ക്കിടെ നോക്കിക്കോളാം.” എന്നു പറഞ്ഞ് രോഗിയെ ഐസിയൂവിലേക്കയച്ചു. വാർഡ് മാസ്‌റ്ററെ വിളിച്ച് മെഡിക്കൽ സ്പെഷ്യലിസ‌്റ്റിനു വേണ്ടി ആംബുലൻസ് അയയ്ക്കാൻ പറഞ്ഞു, മെഡിക്കൽ സ്പെഷലിസ്‌റ്റ് ഓൺ-കോൾ കേണൽ റബ്ബിനോട് വിവരം ഫോണിൽ പറഞ്ഞു.

വീണ്ടും ഫോണിന്‍റെ ബെല്ലടിച്ചു. “നന്ദു, നാട്ടിൽ നിന്ന് അമ്മയുടെ ഫോണുണ്ടായിരുന്നു.” വീട്ടിൽ നിന്നായിരുന്നു അത്. ഭർത്താവ് കേണൽ ഉണ്ണിക്കൃഷ്‌ണന്‍റെ ശബ്ദം.

“ഉണ്ണിയേട്ടാ, ഒരു എമർജൻസി കേസുണ്ട്. ഞാൻ പിന്നീടു വിളിക്കാം” എന്നു പറഞ്ഞ് ഫോൺ വെച്ചശേഷം പനിയുള്ള കുട്ടിയെ പരിശോധിച്ച് മരുന്നെഴുതിക്കൊടുത്തു. “മേജർ നന്ദിനീ, പ്രശ്‌നങ്ങളൊന്നുമില്ലല്ലോ?” കമാണ്ടിംഗ് ഓഫീസറുടെ ഫോൺ.

“അയ്യോ, ഇല്ല സർ, ഞാനങ്ങോട്ട് വിളിക്കാനിരിക്കുകയായിരുന്നു. സൂയിസൈഡൽ അറ്റംപ്റ്റ് കേസിനെ ഫാമിലി വാർഡിലേക്കയച്ചു. അവിടെച്ചെന്ന് ഡീറ്റെയിൽ ആയി വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം സാറിനെ വിളിക്കാം. ചികിത്സ തുടങ്ങിയിട്ടുണ്ട്. ക്യാപ്റ്റൻ ജയേഷിനെ കൂടെ അയച്ചിട്ടുണ്ട്. മെഡിക്കൽ സ്പെഷലിസ്റ്റിനോട് വിവരം പറഞ്ഞു. അദ്ദേഹത്തെ കൊണ്ടു വരാൻ വണ്ടിയുമയച്ചു. പിന്നെ ഇപ്പോൾത്തന്നെ സിഎംപി, സിവിൽ പോലീസ്, ‌സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്‌സ്, കോ യൂണിറ്റ് എല്ലാവർക്കും ഇൻഫോം ചെയ്യുന്നുമുണ്ട്.”

“വെരിഗുഡ് നന്ദിനീ, ഐ നോ, യു ആർ ആൻ എഫിഷ്യന്‍റ് ഡോക്‌ടർ!” സിഒയുടെ അഭിന്ദനങ്ങൾ.

ഇങ്ങനെ വളരെയേറെ സംഭവബഹുലമാണ് മിലിട്ടറി ആശുപത്രിയിലെ എന്‍റെ ഡിഎംഒ ഡ്യൂട്ടി. പലപ്പോഴും രോഗികളുടെ തിരക്കുണ്ടാവും. ചിലപ്പോൾ വാഹനാപകടത്തിൽ പെട്ട് കുറേയേറെ ആൾക്കാരെ അത്യാസന്ന നിലയിൽ കൊണ്ടുവന്നിരിക്കാം, ഹൃദയസ്തംഭനമോ, തലച്ചോറിലെ രക്തസ്രാവമോ, മലമ്പനി കാരണമോ അബോധാവസ്‌ഥയിലാവുന്നവർ, പ്രസവം വിഷമം പിടിച്ചതായ അവസ്‌ഥയിൽ കൊണ്ടു വരുന്ന ഗർഭിണികൾ, പാമ്പുകടിയേറ്റ രോഗികൾ, കടുത്ത പനി കൊണ്ട് അപസ്മ‌ാര ലക്ഷണങ്ങളുമായെത്തുന്ന കുട്ടികൾ… അതൊരു നീണ്ട ലിസ്റ്റു തന്നെയായിരിക്കും. പക്ഷേ അത്യാഹിത ഘട്ടങ്ങളിൽ മനസ്സു പതറിപ്പോകാതെ രോഗിയെ പരിശോധിച്ച് ചികിത്സ തുടങ്ങി മരണത്തിൽ നിന്നും രോഗിയെ രക്ഷപ്പെടുത്തുമ്പോൾ ആത്മസംതൃപ്തി തോന്നാറുണ്ട്.

ഒരുവിധം എല്ലാ തിരക്കും കഴിഞ്ഞ് രാത്രി രണ്ടോ, മൂന്നോ മണിയാവുമ്പോൾ ക്ഷീണം തോന്നും. ഒന്നു കണ്ണടച്ചു കിടക്കാമെന്നു കരുതി ഡ്യൂട്ടിറൂമിലെ കിടക്കയിലേക്കു വീഴും. സുഖനിദ്രയിലേക്ക് ഒഴുകിയിറങ്ങുമ്പോഴായിരിക്കും വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേൾക്കുക. “മാഡം, ഓഫീസർ വാർഡിൽ നിന്ന് കോൾ – എമർജൻസി” എന്നു പരിഭ്രമത്തോടെ പറഞ്ഞുകൊണ്ട് ഡ്യൂട്ടി നഴ്സിംഗ് അസിസ്‌റ്റന്‍റ് വിളിക്കുകയായിരിക്കും. അതല്ലെങ്കിൽ “ജനറൽ വാർഡിലെ കാൻസർ രോഗിയുടെ ബിപിയും പൾസുമൊന്നും കിട്ടുന്നില്ല, മാഡം, ഒന്നു വേഗം വന്നു നോക്കൂ” എന്ന് നഴ്സ‌ിംഗ് ഓഫീസറുടെ പരിഭ്രാന്തി കലർന്ന ശബ്ദം ഫോണിലൂടെ കേട്ട് ഉറക്കം കണ്ണുകളിൽ നിന്ന് ഓടിയകലും. ഉടനെ ഓവർകോട്ടുമിട്ട് സ്‌റ്റെതസ്‌കോപ്പ് കഴുത്തിൽ തൂക്കി വാർഡുകളിലേക്കുള്ള ഓട്ടം. മിക്ക ഡ്യൂട്ടി ദിവസങ്ങളിലും ഏതെങ്കിലും രോഗിയുടെ മരണം കൊണ്ടോ, ഗർഭിണിയുടെ പ്രസവം വിഷമഘട്ടത്തിലായതുകൊണ്ടോ, ഏതെങ്കിലും രോഗി അത്യാസന്ന നിലയിലായതു കൊണ്ടോ എന്‍റെ ഉറക്കം ഒന്നോ രണ്ടോ മണിക്കൂർ മാത്രമായിരിക്കും. പിറ്റേ ദിവസം 9 മണിക്ക് വീണ്ടും ഒപിഡിയിലെത്തി രോഗികളെ പരിശോധിക്കണം.

തലചുറ്റലും ക്ഷീണവുമൊന്നും വകവയ്ക്കാതെ രോഗികളു ടെ ലോകത്തിലേക്കു കടന്നു ചെല്ലുമ്പോൾ ഞാനൊരു ഡോക്ടറാണ്, രോഗികളുടെ ജീവൻ രക്ഷിക്കുക എന്നതാണ് എന്‍റെ കടമ എന്നു മാത്രമാണ് ഓർക്കാറുള്ളത്. രാത്രിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ വാർഡിൽ നിന്ന് ഫോൺ വന്നാൽ ഭക്ഷണം ഉപേക്ഷിച്ചും ഓടിപ്പോകാറുണ്ട്.

“ഈ മാഡത്തിന്‍റെ ഒരു കഷ്‌ടകാലം നോക്കൂ, ചോറുപോലും സമാധാനത്തോടെ ഉണ്ണാൻ കഴിയുന്നില്ലല്ലോ” എന്ന് വാർഡിലെ ആയമാർ സങ്കടത്തോടെ പറയുമ്പോൾ ഞാൻ പുഞ്ചിരിച്ചു കൊണ്ട് മറുപടി പറയും. “രോഗിയുടെ ചികിത്സയാണ് പ്രധാനം, എന്‍റെ ഊണല്ല. രോഗിയെ മരണത്തിൽ നിന്ന് രക്ഷിക്കണമെങ്കിൽ ഒരു സെക്കൻഡു പോലും വൈകാൻ പാടില്ല. അതിനിടയിൽ എന്‍റെ ഊണ് എന്നോർത്ത് വിഷമിക്കാൻ പാടില്ലല്ലോ!” അന്നുരാത്രി രോഗികളുടെ തിരക്കെല്ലാം കഴിഞ്ഞപ്പോൾ ഏകദേശം മൂന്നു മണിയായി. ഞാൻ വാർഡ്റൗണ്ട്സിനിറങ്ങി. ഇടയ്ക്കിടെ വാർഡുകളിലും ഐസിയുവിലും ചെന്ന് രോഗികളെ നോക്കിയില്ലെങ്കിൽ എനിക്കു സമാധാനം തോന്നാറില്ല. രോഗികളുടെ രോഗസ്‌ഥിതി സ്വയം കണ്ടു നിർണ്ണയിക്കുന്നതാണ് എന്‍റെ സ്വഭാവം. അതുകൊണ്ട് കമാണ്ടിംഗ് ഓഫീസർക്കും സ്പെഷലിസ്റ്റുകൾക്കുമെല്ലാം എന്നെ വളരെ ഇഷ്ടമാണ്. എന്‍റെ ഡ്യൂട്ടിയാണെങ്കിൽ അവർക്ക് സമാധാനമായിരിക്കും. രോഗിയുടെ കാര്യങ്ങൾ ഞാൻ ആത്മാർത്ഥതയോടെ നോക്കുമെന്ന് അവർക്ക് വിശ്വാസമുണ്ട്.

“മാഡം നന്ദിനി ഇരിക്കൂ. എന്തെല്ലാമാണ് വിശേഷങ്ങൾ? തിരക്കുള്ള മറ്റൊരു ഡ്യൂട്ടി കൂടി, അല്ലേ?” നഴ്‌സിംഗ് ഓഫീസർ സുമ സ്നേഹപൂർവ്വം കുശലം ചോദിച്ചു.

“സുമ പറയൂ, രോഗികൾക്കെല്ലാം സുഖമാണോ? ഐസിയൂവിലെ രോഗികൾക്ക് പ്രശ്‌നങ്ങളൊന്നുമില്ലല്ലോ?” എന്നു പറഞ്ഞു കൊണ്ട് സുമയുടെ കൂടെ റൗണ്ട്സ് എടുത്തു സ്വയം തൃപ്തിപ്പെട്ട ശേഷം ഞാൻ നഴ്‌സുമാരുടെ ഡ്യൂട്ടിറൂമിൽ അവരോടൊപ്പം അല്‌പനേരമിരുന്നു. “മാഡം എത്ര ആത്മാർത്ഥതയോടെയാണ് രോഗികളെ നോക്കുന്നത് അല്ലേ സിസ്‌റ്റർ?” സുമ തന്‍റെ കൂടെയുള്ള അനിതയെന്ന നഴ്സ‌സിംഗ് ഓഫീസറോടു പറഞ്ഞു.

“ശരിയാണ്, നമ്മുടെ മേജർ മീനാക്ഷി മാഡത്തെപ്പോലെ അല്ലേ?” എന്ന് അനിത പറഞ്ഞപ്പോൾ അവരുടെ മുഖങ്ങളിൽ മ്ലാനത പടർന്നു.

“ആരാണീ മേജർ മീനാക്ഷി? പറയൂ, അനിതാ… അവരിപ്പോൾ എവിടെയാണ്?” ഞാൻ ചോദിച്ചു.

“മീനാക്ഷി മാഡം ഇവിടെയുണ്ടായിരുന്ന ഡോക്ടറായിരുന്നു. അവർ മരിച്ചുപോയി മാഡം” എന്ന് നിറഞ്ഞ കണ്ണുകളോ ടെ അനിത പറഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി അനിതയുടെ വാക്കുകളിലൂടെ മേജർ മീനാക്ഷിയുടെ കഥ എനിക്കു മുമ്പിൽ ഒരു തിരശ്ശീലയിലെന്നപോലെ തെളിഞ്ഞുവന്നു.

എന്നെപ്പോലെ ആർമി മെഡിക്കൽ കോറിൽ ഡോക്‌ടറായി ചേർന്ന മീനാക്ഷിയുടെ ഭർത്താവ് മേജർ രാജീവ് സിഗ്നൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന ആർമി ഓഫീസറാണ്. അവർക്ക് രണ്ടു വയസ്സായ മകനുമുണ്ട്. വിധവയായ അമ്മയുടെ സഹായമുണ്ടായിരുന്നതു കൊണ്ട് മകനെ നോക്കി വളർത്താൻ ഡോക്‌ടർ മീനാക്ഷിക്കു വിഷമമുണ്ടായില്ല. ഇടയ്ക്കിടെ ഡിഎംഒ ഡ്യൂട്ടിയും ഒപിഡിയിലെ രോഗികളുടെ തിരക്കും അതിനു പുറമേ മിലിട്ടറിയിൽ ഇടയ്ക്കിടെ ഉണ്ടാവാറുള്ള പ്രാക്ടീസ് ക്യാമ്പുകളും ഗ്രാമങ്ങളിലെ മെഡിക്കൽ ക്യാമ്പുകളും ദൂരെ സ്‌ഥലത്തേക്കുള്ള ടെമ്പററി ഡ്യൂട്ടിയും എന്നിങ്ങനെ ഒരു ആർമി ഡോക്‌ടറുടെ ജീവിതം വിഷമം പിടിച്ചതാണ്. എങ്കിലും സ്നേഹമുള്ള ഭർത്താവും അമ്മയും മേജർ മീനാക്ഷിക്കാവശ്യമായ സഹകരണം നൽകിയിരുന്നു. ഒരു നല്ല ഡോക്‌ടറായ മീനാക്ഷി രോഗികളെ ആത്മാർത്ഥമായി ചികിത്സിക്കുകയും സ്വന്തം ബന്ധുക്കളെയെന്ന പോലെ അവരെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

പെട്ടെന്നൊരിക്കൽ മേജർ മീനാക്ഷിയുടെ മകന് പനി വന്നു. വീട്ടിൽ വെച്ച് ചികിത്സ നൽകിയെങ്കിലും കുട്ടിയുടെ ഛർദ്ദി മാറാതിരുന്നതു കൊണ്ട് പീഡിയാട്രീഷ്യന്‍റെ ഉപദേശ പ്രകാരം ഞങ്ങളുടെ മിലിട്ടറി ഹോസ്‌പിറ്റലിൽ അഡ്മിറ്റ് ചെയ്‌തു. ചെറിയ കുട്ടികളുടെ കൂടെ അമ്മമാരെയും അഡ്മിറ്റ് ചെയ്യും. അതുകൊണ്ട് മേജർ മീനാക്ഷിയേയും മകനോടൊപ്പം അഡ്മിറ്റ് ചെയ്തു. കർത്തവ്യനിർവ്വഹണത്തിൽ അതീവ താല്പര്യമുള്ള ആ ഡോക്‌ടർ മകന്‍റെ കൂടെ നിന്നുകൊണ്ടു തന്നെ ആ വാർഡിലെ മറ്റു രോഗികളുടെ കാര്യവും ശ്രദ്ധിക്കാറുണ്ടായിരുന്നു മോന്‍റെ അസുഖം പൂർണ്ണമായി ഭേദമായപ്പോൾ രണ്ടുപേരും ഡിസ്‌ചാർജ്ജു വാങ്ങി വീട്ടിലേക്കു മടങ്ങി.

പക്ഷേ അടുത്ത ദിവസം തന്നെ മീനാക്ഷിക്ക് പനി തുടങ്ങി. വൈറസ്സു മൂലം പകരുന്ന സാധാരണ ജലദോഷപ്പനിയായിരിക്കുമെന്നു കരുതി ഒന്നുരണ്ടു ദിവസം പനിയുടെ മരുന്ന് (പാരസെറ്റമോൾ) മാത്രം കഴിച്ചു. പനി കുറഞ്ഞില്ല. മിലിട്ടറി ആസ്‌പത്രിയിലെ ലാബറട്ടറിയിൽ രക്‌തവും മൂത്രവുമെല്ലാം പരിശോധിച്ചുവെങ്കിലും അസാധാരണമായി ഒന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് മെഡിക്കൽ സ്പെഷലിസ്‌റ്റ് നിർദ്ദേശിച്ച മരുന്നുകൾ കഴിച്ചുകൊണ്ട് വീട്ടിൽ വിശ്രമിച്ചു.

പക്ഷേ രണ്ടാഴ്ചയായിട്ടും പനി വിട്ടുമാറുന്നില്ല. ടൈഫോയ്‌ഡ്, ക്ഷയം, ഡെങ്കിപ്പനി എന്നിങ്ങനെയുള്ള രോഗങ്ങൾ കണ്ടുപിടിക്കാനുളള വിദഗ്ദ്ധ പരിശോധനകൾ നടത്തിയെങ്കിലും മേജർ മീനാക്ഷിയുടെ രോഗം കുറഞ്ഞതേയില്ല. എല്ലാ പരിശോധനകളുടെയും റിസൾട്ട് നോർമൽ എന്നായിരുന്നു. ക്രമേണ ക്ഷീണം കൂടുതലായപ്പോൾ മീനാക്ഷിയെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു. എഴുന്നേറ്റിരിക്കാൻ പോലും കഴിയാത്തത്ര ക്ഷിണവും ഇടയ്ക്കിടെ വരുന്ന പനിയും…

കമാണ്ടിംഗ് ഓഫീസറുടെ ഉപദേശപ്രകാരം മറ്റ് ആശുപത്രികളിൽ നിന്നും സ്പെഷലിസ്റ്റുകളെ കൊണ്ടു വന്നു. അവർ നന്നായി പരിശോധിച്ചു നോക്കിയെങ്കിലും രോഗം നിർണ്ണയിക്കാൻ കഴിഞ്ഞില്ല. ആന്‍റിബയോട്ടിക്കുകളും മറ്റും മരുന്നുകളും ഐവിഫ്ളൂയിഡ്‌സും മറ്റും ദിവസേന രക്തത്തിലേക്കു നൽകിയിട്ടും പനി വിട്ടു മാറുന്നതേയില്ല.

“സാർ, എനിക്കേതോ വൈറൽ ഹെമറേജിക് ഫീവർ ആണെന്നു തോന്നുന്നു” എന്ന് ക്ഷീണിച്ച സ്വരത്തിൽ മീനാക്ഷി മെഡിക്കൽ സ്പെഷലിസ്‌റ്റിനോട് പറഞ്ഞിരുന്നു. “അതൊന്നുമല്ല മീനാക്ഷീ, എനിക്ക് നിന്നേക്കാൾ അറിവുണ്ട്. ഈയസുഖം വൈറൽ ഹെമറേജിക് ഫീവർ ഒന്നുമല്ല. ആവശ്യമായ എല്ലാ ചികിത്സയും നിനക്ക് കിട്ടുന്നുണ്ടല്ലോ” എന്ന് അദ്ദേഹം മറുപടി നൽകി.

ദിവസങ്ങൾ കഴിയും തോറും സ്‌ഥിതി വഷളാവുന്നതു കണ്ട് മീനാക്ഷിയുടെ ഭർത്താവും ബന്ധുക്കളും അസ്വസ്ഥരായി. സ്പെഷലിസ്റ്റു‌കളുടേയും കമാണ്ടിംഗ് ഓഫീസറുടേയും നിർദ്ദേശപ്രകാരം ഡൽഹിയിലെ ഏറ്റവും വലിയ സൈനിക ആശുപത്രിയിലേക്ക് മീനാക്ഷിയെ കൊണ്ടുപോയി. ഒരാഴ്‌ച അവിടെവച്ച് ചികിത്സ നടത്തി അല്‌പം ഭേദം കണ്ടതിനാൽ തിരിച്ചുകൊണ്ടു വന്നുവെങ്കിലും മീനാക്ഷി വളരെയധികം അവശയായിരുന്നു. മിലിട്ടറി ആശുപത്രിയിലെ ഓഫീസേഴ്‌സ്‌ ഫാമിലി വാർഡിൽ മേജർ മീനാക്ഷിയെ കിടത്തി ചികിത്സിച്ച ആ രാത്രി അനിത നന്നായി ഓർക്കുന്നു.

“സിസ്റ്റർ, എനിക്ക് ശ്വാസമെടുക്കാൻ കഴിയുന്നില്ല, വേഗം ഓക്സിജൻ തുടങ്ങൂ” എന്ന് മീനാക്ഷി പറഞ്ഞതു കേട്ട് അനിത വേഗം ഓക്സിജൻ കൊടുക്കാൻ തുടങ്ങി. വിവരമറിഞ്ഞ് കമാണ്ടിംഗ് ഓഫീസറും സ്പെഷലിസ്റ്റു‌കളും ഓടിയെത്തി. മീനാക്ഷിയെ ഐസിയുവിലേക്ക് മാറ്റി, ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിക്ക് നൽകേണ്ട ചികിത്സകളെല്ലാം തുടങ്ങി. പക്ഷേ നിർഭാഗ്യവശാൽ അവളുടെ ശ്വാസതടസ്സം കൂടുതലായി, ശ്വാസം കിട്ടാതെ പിടയുന്ന ഭാര്യയുടെ കൈകൾ പിടിച്ച് മേജർ രാജീവ് തേങ്ങിക്കരഞ്ഞു.

“എനിക്ക്…. എനിക്ക്… ശരിയായ ചികിത്സ കിട്ടിയില്ല…. രോഗമാർക്കും മനസ്സിലായില്ലല്ലോ ഈശ്വരാ..” എന്നു പറഞ്ഞു: കൊണ്ടാണ് മേജർ മീനാക്ഷി മരിച്ചത്. ആ കാഴ്ച ദയനീയമായിരുന്നു. ഒന്നുമറിയാതെ പുഞ്ചിരിക്കുന്ന കൊച്ചുമോനെയുമെടുത്ത് ഭാര്യയെ കെട്ടിപ്പിടിച്ചു വാവിട്ടു കരയുന്ന ഭർത്താവ്. വിധിയോട് കരുണ യാചിക്കുന്ന മുഖഭാവത്തോടെ മരിച്ചു കിടക്കുന്ന മേജർ മീനാക്ഷി. എത്രയോ രോഗികളെ മരണത്തിൽ നിന്നും രക്ഷിച്ച കർത്തവ്യനിരതയായ ആ ലേഡിഡോക്ടറുടെ മരണം എല്ലാവരെയും കരയിപ്പിച്ചു. സ്നേഹസമ്പന്നയായ ആ യുവ ഡോക്ടറുടെ ജീവൻ ഇത്രയും ക്രൂരമായി തട്ടിയെടുത്ത വിധിയെ എല്ലാവരും പഴിച്ചു.

ഈ കഥ കേട്ടപ്പോൾ ഞാൻ ഞെട്ടിത്തരിച്ചിരുന്നു പോയി. രോഗലക്ഷണങ്ങൾ കേട്ടപ്പോൾ എബോള വൈറസ് പോലെയുള്ള മാരകമായ ഏതോ വൈറസ്സുകൊണ്ട് ഉണ്ടാവുന്ന വൈറൽ ഹെമറേജിക് ഫീവർ ആയിരുന്നിരിക്കണം മീനാക്ഷിയുടെ അസുഖമെന്നാണ് എനിക്കു തോന്നിയത്. ആ സംശയം സ്‌ഥിരീകരിച്ചു കൊണ്ട് അനിത പറഞ്ഞു, “പോസ്‌റ്റുമോർട്ടത്തിൽ അതു തന്നെയാണ് തെളിഞ്ഞത് മാഡം.”

എനിക്ക് അജ്‌ഞാതയായ ആ സഹപ്രവർത്തകയുടെ ദാരുണമായ അന്ത്യമോർത്ത് ഞാനറിയാതെ എന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി.

“മാഡം, മാഡത്തിനെക്കാണുമ്പോൾ ഞങ്ങൾക്ക് മീനാക്ഷി മാഡത്തിനെയാണ് ഓർമ്മ വരുന്നത്. മീനാക്ഷി മാഡത്തിന്‍റെ അതേ സ്വഭാവമാണ് നിങ്ങൾക്കും എന്നു തോന്നാറുണ്ട്. അവരുടെ അതേപോലെയുള്ള ബുദ്ധിശക്ത‌ി… അതേപോലെയുള്ള സ്നേഹം.. രോഗികളോടുള്ള ഉത്തരവാദിത്തബോധവും അർപ്പണമനോഭാവവും…”

നഴ്‌സുമാർ പറയുന്നതുകേട്ട് നിർവികാരയായി ഒരു സ്വപ്നത്തിലെന്നതുപോലെ ഞാൻ നടന്നുനീങ്ങി. ഡ്യൂട്ടിമുറിയിലെത്തി കിടന്നുവെങ്കിലും ഉറക്കം വന്നില്ല. കണ്ണടയ്ക്കുമ്പോൾ ഒരിക്കലും കണ്ടിട്ടില്ലാത്ത മേജർ മീനാക്ഷിയുടെ മുഖം മനസ്സിലോടിയെത്തും… കാതുകളിൽ ആ യുവതിയുടെ നിസ്സഹായത കലർന്ന തേങ്ങലുകൾ. ദുഃഖം മനസ്സിൽ നിറഞ്ഞു കവിഞ്ഞു.. ഞാൻ അസ്വസ്‌ഥയായി കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നീടെപ്പോഴോ ക്ഷീണം കൊണ്ട് മയങ്ങിപ്പോയി. കണ്ണു തുറന്നപ്പോൾ നേരം വെളുത്തിരിക്കുന്നു. പ്രഭാതകൃത്യങ്ങൾ ചെയ്‌തശേഷം ഡ്യൂട്ടി അവസാനിക്കുന്നതിനു മുമ്പുള്ള വാർഡ്‌റൗണ്ട്സ് നടത്തുവാനായി ഞാനാദ്യം ഐസിയുവിലേക്കു ചെന്നു.

“ഗുഡ്മോണിംഗ് അനിതാ, സുമാ രാത്രിയിൽ പ്രത്യേകിച്ച് പ്രശ്നമൊന്നുമുണ്ടായില്ലല്ലോ?” ഞാൻ നഴ്‌സുമാരോട് അന്വേഷിച്ചു.

“മെനിഞ്ചൈറ്റിസ് രോഗിയുടെ ബി.പി അല്പം കുറഞ്ഞു പോയെങ്കിലും രാവിലെ 4 മണിക്ക് മാഡം വന്നു നിർദ്ദേശിച്ച മരുന്നു കൊടുത്തപ്പോൾ സ്‌ഥിതി മെച്ചപ്പെട്ടിട്ടുണ്ട്, നോക്കൂ!” ഞാൻ രോഗിയെ പരിശോധിച്ചു. കട്ടിലിൽ തൂക്കിയിട്ട രോഗവിവര ചാർട്ടും നോക്കി. പക്ഷേ നാലുമണിക്ക് ഞാൻ കൊടുക്കാൻ പറഞ്ഞുവെന്ന് അനിത പറയുന്ന മരുന്ന്…? ഞാൻ നാലുമണിക്ക് ഉറക്കത്തിലായിരുന്നല്ലോ? ഞാനറിയാതെ ഞെട്ടിപ്പോയി.

“ഞാൻ മരുന്നു പറഞ്ഞുതന്നുവെന്നോ? നല്ല കഥ! ഞാൻ നാലുമണിക്കിവിടെ വന്നിരുന്നോ?” ഞാൻ അദ്ഭുതത്തോടെ ചോദിച്ചു.

“മാഡത്തിന് ഇന്നലത്തെ തിരക്കു കാരണം ഓർമ്മയില്ലാഞ്ഞിട്ടാണ്. ഇതു നോക്കൂ, കേസ്ഷീറ്റിൽ മാഡം എഴുതിയത്… ഇൻജെക്ഷൻ ഹൈഡ്രോകോർട്ടിസോൺ മാഡം പറഞ്ഞിട്ടാണ് ഞാൻ കൊടുത്തത്” അനിത ഉറപ്പിച്ചു പറഞ്ഞു. അദ്ഭുതസ്തബ്ധയായി ഞാൻ നോക്കി നിന്നപ്പോൾ അല്പമകലെയായി വെളുത്ത ഓവർകോട്ടുമിട്ട് സ്‌റ്റെത‌സ്കോപ് കൈയിൽ പിടിച്ചുകൊണ്ട് നടന്നുനീങ്ങുന്ന ഒരു സ്ത്രീരൂപം…. “നിൽക്കൂ… ആരാണത് അനിതാ? ഞാൻ കാണാത്ത ഒരു പുതിയ ലേഡീ ഡോക്‌ടർ?” ഞാൻ അതിശയത്തോടെ ചോദിച്ചു.

“ഞാനാരേയും കാണുന്നില്ലല്ലോ മാഡം! രാത്രിയിൽ വേണ്ടത്ര ഉറക്കമില്ലാഞ്ഞിട്ടാണ് ഇങ്ങനെയെല്ലാം തോന്നുന്നത്. മാഡം വീട്ടിൽ പോയി കുളിച്ച് ഭക്ഷണം കഴിച്ച് അല്പം വിശ്രമിക്കു എന്ന് പുഞ്ചിരിച്ചുകൊണ്ട് അനിത മറുപടി പറഞ്ഞു.

ഒന്നും മനസ്സിലാവാതെ ഞാൻ തിരിഞ്ഞുനടന്നു. ദൂരെ നീങ്ങുന്ന ലേഡീഡോക്‌ടറുടെ രൂപം പെട്ടെന്നു നിന്നു തിരിഞ്ഞു നോക്കി എന്നോട് മന്ദഹസിച്ചു! മനോഹരിയായ ഒരു യുവതി… അവളുടെ കണ്ണുകളിൽ ദുഃഖം.. പുഞ്ചിരിയിൽ ആർദ്രത… നോക്കി നില്ല്ക്കേ ആ രൂപം മറഞ്ഞുപോയി. എനിക്കു മനസ്സിലായി. അത് മേജർ മീനാക്ഷിയുടെ ആത്മാവായിരുന്നു. ക്ഷീണം കൊണ്ട് ഞാനുറങ്ങിപ്പോയപ്പോൾ ആ രോഗിയുടെ സ്ഥിതി അപകടത്തിലായതുകണ്ട് ആത്മാർത്ഥയുള്ള ആ ഡോക്‌ടറുടെ ആത്മാവാണ് എന്‍റെ രൂപത്തിൽ ഐസിയുവിൽ ചെന്ന് മരുന്നു നിർദ്ദേശിച്ചത്!

പടികളിറങ്ങിയ ശേഷം ഞാൻ ഒരിക്കൽക്കൂടി ഐസിയുവിലേക്ക് തിരിഞ്ഞുനോക്കി മേജർ മീനാക്ഷിയുടെ രൂപം എന്നോട് പുഞ്ചിരിച്ച ശേഷം ഐസിയുവിലേക്ക് കടന്നുപോയി. അടച്ചിട്ട വാതിലിലൂടെ അവ്യക്തതയിലേക്ക് മറഞ്ഞുപോയപ്പോൾ എന്‍റെ കണ്ണുകൾ നിറഞ്ഞു. എനിക്കറിയാം. ഡോക്‌ടർ മീനാക്ഷിയുടെ ആത്മാവിന് ഈ ആശുപത്രിയേയും രോഗികളെയും വിട്ടു പോവാനാവില്ല. രോഗികളെ ചികിത്സിക്കുന്ന കാര്യത്തിൽ അതീവശ്രദ്ധ കാണിച്ചിരുന്ന ആ ഡോക്ടറുടെ ആത്മാവിനോട് ഞാനെന്നും കടപ്പെട്ടിരിക്കും.

“നന്ദി ഡോക്ടർ, ഒരായിരം നന്ദി” ഞാൻ മനസ്സിൽ പറഞ്ഞുപോയി. കർത്തവ്യനിരതയായ ആ ലേഡീഡോക്ടറുടെ പാവന സ്‌മരണയ്ക്കു മുന്നിൽ എന്‍റെ ഹൃദയം സ്നേഹപൂർവ്വം ബാഷ്‌പാഞ്ജലികളർപ്പിച്ചു.

और कहानियां पढ़ने के लिए क्लिक करें...