നീരജ് അന്നും ഓഫീസിൽ നിന്നിറങ്ങാൻ വൈകി, വീട്ടിലെത്തിയപ്പോൾ സമയം എട്ടുമണി. അഞ്ജന കുട്ടികൾക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കുകയാവും. നീരജ് സ്പെയർ താക്കോൽ കൊണ്ട് വാതിൽ തുറന്ന് അകത്തു കടന്നു. ബ്രീഫ്കേസ് മേശപ്പുറത്ത് വെച്ച് ബെഡ്റൂമിലേക്ക് നടക്കുമ്പോൾ തൊട്ടടുത്ത മുറിയിൽ അഞ്ജന ആരോടോ ഫോണിൽ പതിഞ്ഞ ശബ്ദത്തോടെ സംസാരിക്കുകയായിരുന്നു. നീരജ് ആകാംക്ഷയോടെ ശ്രദ്ധിച്ചു. “അതോ, രാവിലെ പതിനൊന്നു മണിയാകുമ്പോഴേക്കും വന്നാൽ മതി. എനിക്ക് നിങ്ങളെ റിസീവ് ചെയ്യാൻ സാധിക്കില്ല. രാവിലെ 10 മണിവരെ നീരജ് വീട്ടിലുണ്ടാകും. വൈകിട്ട് എനിക്ക് തിരിച്ചെത്തുകയും വേണം. നമ്മൾ സാധാരണ ഭക്ഷണം കഴിക്കാറുള്ള റെസ്റ്റോറൻറിൽ വച്ച് കണ്ടുമുട്ടാം. നേരിട്ടാകുമ്പോൾ മനസ്സുതുറന്നു സംസാരിക്കാമല്ലോ?”
പെട്ടെന്ന് നീരജ് വാതിൽ തുറന്ന് അകത്തുവന്നതു കണ്ട് അഞ്ജന തെല്ല് പകച്ചു. പിന്നീട് ചെറിയൊരു ചാമലോടെ നീരജിനെ നോക്കി.
“നിങ്ങളെപ്പോഴാ വന്നത്? ഞാൻ അറിഞ്ഞതുപോലുമില്ലല്ലോ?” “ഓ.കെ. ബൈ. ഞാൻ പിന്നെ വിളിക്കാം,” അവൾ ഫോൺ ഡിസ്കണക്ട് ചെയ്തു.
“നിങ്ങൾ കുളിച്ച് ഫ്രഷായി വരു. ഞാൻ ഭക്ഷണമെടുത്തു വയ്ക്കാം.” അഞ്ജനയുടെ ശബ്ദമിടറി.
“ആരായിരുന്നു ഫോണിൽ?”
“അതോ… ഓ… വെറുതെ…” മറുപടി നൽകാതെ അവൾ എഴുന്നേൽക്കുന്നതു കണ്ട് നീരജ് കുപിതനായി.
“വെറുതെയോ… തെളിച്ചു പറയ്.” നീരജിന്‍റെ സ്വരം കനത്തു.
“എന്‍റെ പഴയൊരു ക്ലാസ്മേറ്റാ… നിങ്ങൾക്ക് ഓർമ്മ കാണുമോ എന്തോ? കഴിഞ്ഞ അവധിക്കാലത്ത് ഊട്ടിയ്ക്കു പോയപ്പോൾ ഞാൻ നിങ്ങൾക്കൊരാളെ പരിചയപ്പെടുത്തിയത് മറന്നോ.
“ആര്? ആ പ്രദീപോ?” നീരജിന്‍റെ കണ്ണിൽ ദേഷ്യം ഇരമ്പി.
“ഓ… ഓർമ്മയുണ്ടല്ലേ?” അവൾ ചിരിച്ചു. പക്ഷേ, നീരജിന്‍റെ മുഖം വലിഞ്ഞുമുറുകി.
“മറ്റു പുരുഷന്മാരോടു നീ ഇങ്ങനെ കൊഞ്ചിക്കുഴഞ്ഞു സംസാരിക്കുന്നത് എനിക്കിഷ്ടമല്ല. പണ്ടും ഈ പ്രശ്‌നത്തിന്‍റെ പേരിൽ ചെറിയൊരു വഴക്കുണ്ടായതാ. ഞാനന്ന് നിന്നെ വിലക്കി. എന്നിട്ട് വീണ്ടും നീ അയാളോട് പഴയപോലെ…”
“മറ്റു വല്ലവരുമൊന്നുമല്ല പ്രദീപ്. പ്രദീപിനെ എനിക്ക് നേരത്തെ പരിചയമുണ്ട്. എന്‍റെ കളിക്കൂട്ടുകാരൻ… സ്‌കൂൾ മുതൽ ഞങ്ങൾ ഒന്നിച്ചാ പഠിച്ചത്. നാമ്മുടെ വിവാഹം കഴിഞ്ഞ് പത്തു വർഷത്തോളമായില്ലേ? എന്നിട്ടും ഇന്നും നിങ്ങൾക്കെന്നെ സംശയമാണല്ലേ?”
“നിങ്ങൾ തമ്മിലുള്ള റിലേഷനെങ്ങനെയാ? ഞാനറിയാതെ ഒരു രഹസ്യബന്ധം? ഞാൻ ഓഫീസിൽ പോയ ശേഷം നീ അയാളെ കാണാൻ പോകുന്നതെന്തിനാണ്?” നീരജ് സംശയ ദൃഷ്ടിയോടെ അഞ്ജനയെ നോക്കി.
“നിങ്ങൾ വിചാരിക്കുപോലെ ഒന്നുമില്ല. നല്ല സൗഹൃദം മാത്രം.” അഞ്ജന അമർഷത്തോടെ പറഞ്ഞു.
“അതുശരി. ഞാനിത്രയും നേരം കേട്ടതൊക്കെ നുണയാണോ?”
“നിങ്ങളുടെ മനസ്സിലിരുപ്പെന്താണെന്ന നിങ്ങൾക്കുമാത്രമേ അറിയൂ. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അത്ര തന്നെ. ഇന്ന് ഫോണിലൊന്നു സംസാരിച്ചുവെന്ന് മാത്രം.” അഞ്ജനയ്ക്കും ദേഷ്യമടക്കാനായില്ല.
“എനിക്ക് നിന്‍റെ വാദമൊന്നും കേൾക്കേണ്ട. പഴയ കാമുകനായിരുന്നു ഫോണിലെന്നു പറയാനെന്താ ഇത്ര മടി.”
“നീരജ്…” വെറുതെ കള്ളക്കഥയുണ്ടാക്കരുത്. ഇതൊക്കെ തരംതാഴ്ന്ന കളിയാണ്. മതി. ഇനിയെന്തെങ്കിലും പറഞ്ഞാൽ…”
“പറഞ്ഞാൽ, നീയെന്തു ചെയ്യും? അയാളോടൊപ്പം ഒളിച്ചോടുമായിരിക്കും. രണ്ടിനേയും ഞാൻ ജീവനോടെ വെച്ചേക്കില്ല.”
“നീരജ്… പ്ലീസ് ഇനിയൊരക്ഷരം മിണ്ടരുത്.” പുച്‌ഛത്തോടെയും അമർഷത്തോടെയും അവൾ നീരജിനെ നോക്കി. നീരജ് അവളുടെ മുഖത്താഞ്ഞടിച്ചു.
“നീരജ്…”
“ഈഗോയാണ് നിങ്ങൾക്ക്, സംശയ രോഗം. ഇങ്ങനെയാണോ ഭർത്താവിന്‍റെ അധികാരമെടുക്കുന്നത്. ഛെ! എത്ര ഇടുങ്ങിയ മ്ലേച്‌ഛമായ മനസ്സാണ് നിങ്ങളുടേത്.”
“മര്യാദയ്ക്ക് എന്‍റെ കൺവെട്ടത്തു നിന്നും മാറിക്കോ… ഇല്ലെങ്കിൽ എന്‍റെ സ്വഭാവം നീ അറിയും.” നീരജ് കയർത്തു.
“വാസ്തവം എന്താണെന്നറിയുമ്പോൾ നിങ്ങൾ പശ്ചാത്തപിക്കും. പക്ഷേ, നിങ്ങളോടിതൊക്കെ പറഞ്ഞിട്ടെന്തു കാര്യം!” കോപവും സങ്കടവുമടക്കാനാവാതെ അവൾ കിതയ്ക്കുകയായിരുന്നു.
അഞ്ജന തന്നോട് മാപ്പു പറയുമെന്നും ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുമെന്നും നീരജ് കരുതി. പക്ഷേ, അവൾ കുട്ടികളെ ഹോംവർക്കിൽ സഹായിക്കുകയായിരുന്നു. അവൾ തന്നെ വെല്ലുവിളിക്കുകയാണ്. ഞാൻ സംശയിച്ചതെത്ര ശരിയായി. നീരജ് കിടക്കയിൽ വന്നു കിടന്നു.
പ്രദീപിനെ ആദ്യമായി കണ്ടുമുട്ടിയ നാൾ ഓർമ്മയിൽ മിന്നിത്തെളിഞ്ഞു. കഴിഞ്ഞ വേനലവധിക്കാലത്താണ് നീരജും അഞ്ജനയും കുട്ടികളോടൊപ്പം ഊട്ടിയിലെത്തിയത്. ഒരു ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരുന്നു. ലഗേജെല്ലാം മുറിയിലാക്കിയശേഷം റെസ്റ്റോറന്‍റിൽ ചെന്നപ്പോഴാണ് ആ പ്രശ്നമുണ്ടായത്. ഭക്ഷണത്തിനും കൂടി ചേർത്തുള്ള തുക മുൻകൂട്ടി നൽകിയിട്ടും വീണ്ടും ഒരു ബിൽ കൂടി. അതുകണ്ട് നീരജ് സപ്ലയറോട് കയർത്തു.
“നാലു ലഞ്ചും നാലു ഡിന്നറും പായ്ക്കേജിൽ ഉൾപ്പെടുത്തിയിരുന്നല്ലോ?”
“സർ, ഇന്നുച്ച മുതലുള്ള ഭക്ഷണത്തിന് പണം നൽകേണ്ട. പക്ഷേ, ഇപ്പോൾ ബില്ല് നൽകേണ്ടിവരും.”
“എവിടെ നിങ്ങളുടെ മാനേജർ? എനിക്ക് മാനേജറോട് സംസാരിക്കണം.” ബഹളം കേട്ട് ഹോട്ടൽ മാനേജർ അവിടെയെത്തി. അഞ്ജനയെ കണ്ട് ആശ്ചര്യത്തോടെ അയാൾ അവർക്കരികിലെത്തി.
“അഞ്ജന… നീ… ഇവിടെ?”
“നീരജ്!”
“ഞാനീ ഹോട്ടലിന്‍റെ മാനേജരാ…” വർഷങ്ങൾക്കുശേഷം ഇങ്ങനെയൊരു കൂടിക്കാഴ്ചയുണ്ടാകുമെന്നു വിചാരിച്ചതേയില്ല.
“ഇതെന്‍റെ ഹസ്ബന്‍റ്…” അഞ്ജന നീരജിനെ പരിചയപ്പെടുത്തി.
“കണ്ടതിൽ ഏറെ സന്തോഷമുണ്ട്. നിങ്ങൾക്ക് സ്പെഷ്യൽ കൺസിഡറേഷൻ നൽകാൻ ഞാൻ സ്‌റ്റാഫിനോടു പറയാം.” “പ്രദീപ്, ഫോർമാലിറ്റിയുടെ ആവശ്യമൊന്നുമില്ല. നീയെത്ര വർഷമായി ഇവിടെ?”
“ആറ്. ഈ ഹോട്ടലിനും അത്രതന്നെ പഴക്കം കാണും. ഒ.കെ. അല്പം തിരക്കുണ്ട്. തിരുവനന്തപുരത്തു നിന്നും ഒരു കൂട്ടരെത്തുന്നുണ്ട്. അവർക്ക് വേണ്ടത് ചെയ്യട്ടെ. അതിരിക്കട്ടെ… നിങ്ങളുടെ റൂം നമ്പർ?”
“207.”
‘ഹലോ’ അയാൾ ജോലിക്കാരനെ കൈ വീശി വിളിച്ചു വരുത്തി.
“ഇവരുടെ ലഗേജൊക്കെ 107 ലേയ്ക്ക് ഷിഫ്റ്റ് ചെയ്തോളു.”
“ശരി. സർ.”
“കൂടുതൽ സൗകര്യമുള്ള റൂമാണ്. ബാത്ത് ടബ്ബ്, ടീ മേയ്ക്കിംഗ് ഫെസിലിറ്റി. ഒപ്പം ഒരു റും എക്സ്ട്രാ അറ്റാച്ച്ഡ്. കുട്ടികളും കൂടെയുള്ളതല്ലേ. ശരിക്കും എൻജോയ് ചെയ്തോളൂ.” പ്രദീപ് തിടുക്കത്തിൽ മുകൾ നിലയിലേക്കു പോയി.
“ആരാ അയാൾ?” നീരജ് അഞ്ജനയെ ആശ്ച്ചര്യത്തോടെ നോക്കി.
“പ്രദീപ് ഞങ്ങൾ സ്കൂളിൽ ഒന്നിച്ചു ചഠിച്ചതാ. പ്ലസ് ടു വരെ അവൻ വാ തുറന്നൊന്നു സംസാരിക്കുക പോലുമില്ലായിരുന്നു. ഡിഗ്രി ഫസ്‌റ്റിയർ ആയപ്പോഴേക്കും കോളേജിലെ സൂപ്പർ താരമായി മാറി.” പ്രദീപിന്‍റെ നിർദ്ദേശപ്രകാരം ജീവനക്കാരൻ ലശ്ശേജൊക്കെ 107-ാം നമ്പർ റൂമിൽ കൊണ്ടുവച്ചു. അവർ കുളിച്ച് ഫ്രഷായി പുറത്തിറങ്ങാനൊരുങ്ങിയപ്പോഴേക്കും കോൾ ബെൽ മുഴങ്ങി. ‘മാഡം, പ്രദീപ് സാർ ഇവിടെ ഏൽപിക്കാൻ പറഞ്ഞിരുന്നു.’ അയാൾ പൂച്ചെണ്ടും ഒരു വലിയ കൂട നിറ യെ ഫ്രൂട്ട്‌സും അവർക്ക് നൽകി.
“ടു അഞ്ജന ആന്‍റ് ഫാമിലി.’ പൂച്ചെണ്ടിൽ വലിയ അക്ഷരത്തിൽ കുറിച്ചിട്ടിരിക്കുന്നത് കണ്ട നീരജിന് നീരസം തോന്നി.
“ഓ… ഇനിയിപ്പോ ഈ ഹോട്ടൽ തന്നെ നിന്‍റേതായല്ലോ? സന്തോഷമായില്ലേ.” മനസ്സിലെ അമർഷം പുറത്തു കാട്ടാതെ നീരജ് പറഞ്ഞു.
“വല്ലാത്ത ക്ഷീണം. കുറച്ചു നേരം വിശ്രമിച്ചിട്ട് വൈകുന്നേരം സ്‌ഥലമൊക്കെ ചുറ്റിക്കാണാൻ പോകാം.” നീരജ് കട്ടിലിൽ നിവർന്നു കിടന്നു.
അയാൾ ഉറക്കമുണർന്നപ്പോൾ മുറിയിലാരെയും കണ്ടില്ല. നീരജ് പെട്ടെന്ന് ഡ്രസ്സ് മാറി താഴെ ലോണിലെത്തി. കുട്ടികൾ ബാറ്റ്മിൻഡൻ കളിക്കുകയായിരുന്നു. “മമ്മി എവിടെ?”
“മമ്മി, അങ്കിളിന്‍റെ റൂമിലുണ്ട്.” നവീൻ മാനേജറുടെ മുറിയിലേക്ക് ചൂണ്ടി.
നീരജ് മുറി തുറന്നപ്പോൾ അഞ്ജന മാനേജറുടെ കസേരയിലിരിക്കുകയായിരുന്നു. പ്രദീപ് അൽപം മാറി നിന്ന് ഫോണിലാരോടോ സംസാരിക്കുന്നു.
“ആഹാ, ഇതെപ്പോ എഴുന്നേറ്റു. വിളിക്കാമായിരുന്നില്ലേ.” നീരജ് വാതിൽ തള്ളിത്തുറന്ന് അകത്തുവന്ന രീതി അവൾക്ക് ഇഷ്ടമായില്ല.
“ഓ.കെ. ഞാൻ റൂമിലേക്ക് പോവുന്നു. നിങ്ങൾ സംസാരിച്ചോളു.” നീരജ് നീരസത്തോടെ പറഞ്ഞു.
“സർ, പോകാൻ വരട്ടെ.” പ്രദീപ് നീരജിന്‍റെ കൈയിൽ പിടിച്ചു.
“സർ, കൂൾ ഡ്രിങ്ക്‌സ്… കാപ്പി…”
“വേണ്ട. ഒന്നും വേണ്ട.”
“അതൊന്നും പറ്റില്ല. ആദ്യമായി വന്നതല്ലേ. നല്ല ചൂടു ചായ എടുക്കാം.” പ്രദീപ് സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചു.
“വേണ്ട. എന്‍റെ മൂഡ് ശരിയല്ല. പിന്നെ വരാം.” നീരജ് ദേഷ്യത്തോടെ അഞ്ജനയെ നോക്കി.
“സൗകര്യം പോലെ വന്നാൽ മതി.” നീരജ് തിടുക്കത്തിൽ പുറത്തേക്കിറങ്ങി. അൽപസമയത്തിനുശേഷം അഞ്ജന വളരെ സന്തോഷത്തോടെയാണ് ലോണിലെത്തിയത്.
“പ്രദീപ് ഇറ്റ്സ് റിയലി ഗ്രേറ്റ്. 150 സ്‌റ്റാഫിനെയല്ലേ ഒറ്റയ്ക്ക് മാനേജ് ചെയ്യുന്നത്. 15,000 രൂപ ശമ്പളം, ഭക്ഷണം, താമസ സൗകര്യം ഇനിയെന്തു വേണം? നമുക്ക് വേണ്ടപ്പെട്ടവർ ഇങ്ങനെ നല്ല നിലയിൽ ജീവിക്കുന്നത് കാണുന്നതുതന്നെ സന്തോഷമുള്ള കാര്യമല്ലേ?” അഞ്ജന പറഞ്ഞു.
“മതി വിവരണം. ആരെങ്കിലും കേട്ടാലെന്തു കരുതും?” നീരജ് മുറുമുറുത്തു.
“എന്തു കരുതാൻ. പഴയൊരു സുഹൃത്തിനെ കണ്ടപ്പോൾ സുഖവിവരങ്ങൾ തിരക്കുന്നുവെന്നു കരുതും. അത്രതന്നെ.” അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു.
“സുഹൃത്തല്ല. പഴയ കാമുകൻ.” നീരജിന്‍റെ മുഖം ചുവന്നുതുടുത്തു. അയാൾ അവളെ കുത്തിനോവിക്കുന്ന വിധത്തിലെന്തൊക്കെയോ പിറുപിറുത്തു.
“ഇക്കാലത്ത് മറ്റുള്ളവരുടെ കാര്യം ശ്രദ്ധിക്കാൻ ആർക്കാ സമയം? ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവരും നല്ല സുഹൃത്തുക്കളാ. നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ ഞാൻ കൂടുതലൊന്നും പറയുന്നില്ല. അല്പസമയം അവർക്കിടയിൽ നിശ്ശബ്ദത തളംകെട്ടി നിന്നു.
“ശരി, ഇനിയെന്താ പ്രോഗ്രാം?” നീരജ് പിണക്കം മാറ്റാൻ ശ്രമിച്ചു.
“ഇവിടെയടുത്ത് ഭംഗിയുള്ള പാർക്കുണ്ട്. ഹോട്ടൽ വണ്ടി അറേഞ്ച് ചെയ്തിട്ടുണ്ട്. ഒരു ഗൈഡിനേയും കൂടെ അയയ്ക്കും. ചിലപ്പോൾ പ്രദീപും നമ്മുടെ കൂടെ വരുമായിരിക്കും.” അഞ്ജന ഉത്സാഹത്തോടെ പറഞ്ഞു.
“എന്തിനാണ് അയാൾ വരുന്നത്?” നീരജ് മുഖം ചുളിച്ചു.
“അതിലെന്താ തെറ്റ്? നിങ്ങൾക്കിഷ്ടമില്ലെങ്കിൽ വരണ്ടെന്നു പറയാം.”
“വേണ്ട, വേണ്ട. നിന്‍റെ ഇഷ്ടംതന്നെ നടക്കട്ടെ. നിനക്കിപ്പോ എന്‍റെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ സമയമില്ലല്ലോ.”
പിറ്റേന്ന് രാവിലെ നീരജ് നല്ല ഉറക്ക ത്തിലായിരുന്നു. റൂം ബെൽ മുഴങ്ങുന്നത് കേട്ടാണ് അയാൾ ഉണർന്നത്. “ഹൊ! നാശം. ഇതെന്തു ഹോട്ടൽ? ഒന്നുറങ്ങാനും സമ്മതിക്കില്ലേ. അഞ്ജു… നീയൊന്നു ചെന്ന് വാതിൽ തുറന്നുനോക്ക്.” മറുപടിയൊന്നും ലഭിക്കാത്തതുകൊണ്ട് നീരജ് എഴുന്നേറ്റു.
“നീ ബാത്ത്റൂമിലാണോ?”
“അല്ല. പപ്പ ഞാനാ, മമ്മി താഴേക്കു പോയി.” നിമ്മി പറഞ്ഞു.
നീരജ് വാതിൽ തുറന്നു. ഒരു ഹോട്ടൽ ജീവനക്കാരൻ പൂച്ചെണ്ടുമായി പുറത്തു നിൽക്കുന്നുണ്ടായിരുന്നു.
“ഗുഡ്മോണിംഗ് സർ, മാനേജർ സർ ഇത് താങ്കളെ ഏൽപിക്കാൻ പറഞ്ഞു.”
“ഗോ ടു ഹെൽ.” നീരജ് വാതിലാഞ്ഞടച്ചു. അയാൾ വേഗം ഡ്രസ്സ് മാറി താഴെ ലോണിൽ വന്നിരുന്നു. മാനേജറുടെ റൂം ലോക്ക് ചെയ്തിരിക്കുന്നു. കുറച്ചുനേരം നീരജ് ലോണിലെ ബെഞ്ചിൽ തന്നെയിരുന്നു. അപ്പോഴാണ് അഞ്ജനയും പ്രദീപും പുറത്തുനിന്ന് കാര്യമായെന്തോ സംസാരിച്ചു വരുന്നത്. അയാൾ ദേഷ്യം കടിച്ചമർത്തി.
“ഗുഡ്‌മോണിംഗ് സർ, രാത്രി ഉറക്കം പ്രശ്നമായില്ലല്ലോ?”
“നീ ഇത്ര രാവിലെ എവിടെപ്പോയി?* നീരജ് അയാളെ വകവയ്ക്കാതെ അഞ്ജനയോട് ചോദിച്ചു.
“നിങ്ങൾ ഉറങ്ങുകയായിരുന്നില്ലേ. വെറുതെ റൂമിൽ ചടഞ്ഞിരിക്കേണ്ടെന്നു കരുതി പ്രദീപിന്‍റെ വീടുവരെയൊന്നു പോയി.” അവൾ യാതൊരു ഭാവഭേദവും കൂടാതെ പറഞ്ഞു. ഉള്ളിൽ കത്തുന്ന തീനാളങ്ങൾ തന്നെ കത്തിച്ചാമ്പലാക്കുമോ എന്ന് നീരജ് ഭയപ്പെട്ടു.
“ശരി, എനിക്കല്പം തിരക്കുണ്ട്. ചായ കൊടുത്തുവിടാം. ഇവിടിരുന്നാൽ താഴ്വാരം വ്യക്തമായി കാണാം. നല്ലൊരനുഭവമായിരിക്കും.” പ്രദീപ് ഒഴിയാൻ ശ്രമിക്കുകയാണെന്ന് നീരജിന് മനസ്സിലായി.
“ഇതെന്തു തോന്ന്യാസമാ… ഇയാളോടൊപ്പം ഇങ്ങനെ പരസ്യമായി ചുറ്റിക്കറങ്ങാൻ നിനക്ക് നാണമില്ലേ?” പ്രദീപ് കൺവെട്ടത്തുനിന്നും മാറാൻ നോക്കിനിൽക്കുകയായിരുന്നു നീരജ്.
“നീരജ്, വെറുതെ അതുമിതും പറഞ്ഞ് സന്തോഷമില്ലാതാക്കല്ലേ. നിങ്ങൾക്കിഷ്ടമില്ലെങ്കിൽ ഞാനിനി അയാളോടു സംസാരിക്കുന്നില്ല. പോരേ?” നമ്മളിവിടെ താമസിക്കുന്നിടത്തോളം കാലം പ്രദീപ് നമ്മളോട് ഇതുപോലെയൊക്കെയാവും പെരുമാറുക. നിങ്ങളോടും മിങ്കിൾ ചെയ്യാൻ ശ്രമിച്ചതല്ലേ. പക്ഷേ, നിങ്ങളുടെ ഈ ഹാർഷ് പെരുമാറ്റം. അയാളുടെ ജീവിതം ശരിക്കുമൊരു ട്രാജഡി തന്നെയാ.”
“എനിക്കിനി അയാളെക്കുറിച്ചൊരക്ഷരം കേൾക്കണമെന്നില്ല.”
രണ്ടുദിവസം കൂടി ഊട്ടിയിൽ തങ്ങി അവർ മടങ്ങാനൊരുങ്ങുമ്പോൾ ഭംഗിയുള്ള പൂച്ചെണ്ടും വലിയൊരു ഗിഫ്റ്റുമായി പ്രദീപ് അവരുടെ മുറിയിലെത്തി.
“നീരജ്, ഈ അവധിക്കാലം എന്നെന്നും നിങ്ങളുടെ ഓർമ്മയിൽ നിറഞ്ഞു നിൽക്കട്ടെ. ഞാനും എന്‍റെ സ്‌റ്റാഫും താങ്കൾക്ക് മതിയായ സൗകര്യങ്ങളൊരുക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്തെങ്കിലും കുറവുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. താങ്കൾ കുറച്ചു ദി വസം കൂടി ഞങ്ങളുടെ അതിഥിയായി ഇവിടെ തങ്ങണമെന്നാണെന്‍റെ ആഗ്രഹം. നല്ല സുഹൃത്തുക്കളോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കാൻ വല്ലപ്പോഴുമല്ലേ ഇങ്ങനെ യൊരവസരം ലഭിക്കുകയുള്ളൂ.” അയാളുടെ ശബ്ദമിടറി. നീരജിന് കുറ്റബോധം തോന്നി. അയാളോടുള്ള ദേഷ്യം തെല്ലൊന്നടങ്ങി.
മാസങ്ങൾ പിന്നിട്ടിരിക്കുന്നു. “അന്നത്തെ സംഭവത്തിനുശേഷം അഞ്ജനയ്ക്ക് അയാളുമായി യാതൊരു ബന്ധവുമില്ലെന്നാണ് കരുതിയത്. എന്നാൽ ഇന്നിതാ അവൾ അയാളോട് ഫോണിൽ സം സാരിക്കുന്നു. ഒരുപക്ഷേ, അവർ എത്രവട്ടം റെസ്റ്റോറന്‍റിൽ കണ്ടുമുട്ടിയിട്ടുണ്ടാവും….. അഞ്ജനയ്ക്കയാളെ ഇപ്പോഴും… ഓരോന്നാലോചിച്ച് നീരജിന് ഉറക്കം വന്നില്ല. നീരജ് ഒളികണ്ണോടെ അഞ്ജനയുടെ ഓരോ നീക്കവും ശ്രദ്ധിച്ചു. അവൾ അലമാരയിൽ നിന്നും ഡ്രസ്സ് തെരഞ്ഞെടുത്ത് ബാഗിൽ തിരുകുവാൻ തുടങ്ങി. ഒപ്പം ഏങ്ങി കരയുന്നുമുണ്ടായിരുന്നു. നിരജ് എപ്പോഴോ ഉറങ്ങിപ്പോയി.
രാവിലെ കണ്ണുതുറന്നപ്പോൾ അഞ്ജന നിറണ്ണുകളുമായി മുന്നിൽ വന്നു നിൽക്കുകയായിരുന്നു.
“നിങ്ങളെപ്പോലെ സംശയാലുവും സ്വർത്ഥനുമായ ഒരാളുടെ കൂടെ ജീവിക്കുക എളുപ്പമല്ല. ജീവിതത്തിന്‍റെ ഓരോ ചുവടും കരുതലോടെ വേണം മുന്നോട്ടു വയ്ക്കാൻ. അന്ന് ഞാൻ പ്രദീപുമായി സംസാരിക്കാനും വീട്ടിൽ പോകാനും കാരണമെന്താണെന്ന് നിങ്ങളറിഞ്ഞിരിക്കണം.” അവൾ തുടർന്നു.
“വിവാഹം കഴിഞ്ഞ് നാലുവർഷങ്ങൾ കഴിഞ്ഞാണ് അയാൾക്കൊരു മകനുണ്ടായത്. വലിയ ആഹ്ളാദത്തോടെ രണ്ടുവർഷം കടന്നുപോയി. എന്നാൽ ഈ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. പെട്ടെന്ന് കുഞ്ഞ് ന്യൂമോണിയ ബാധിച്ച് മരണമടഞ്ഞു. ആ വിഷമം അവർക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. കാലം ഓരോരുത്തർക്കുമായി എന്തെല്ലാമാണ് കരുതി വച്ചിരിക്കുന്നതെന്ന് ഒരിക്കലും പ്രവചിക്കുവാൻ സാധിക്കില്ല. ചില്ലുകൊട്ടാരം തകർന്നു വീഴുംപോലെ അവരുടെ ജീവിതവും ഛിന്നഭിന്നമായി.
മകന്‍റെ ആകസ്‌മിക മരണം അവരുടെ ജീവിതത്തെ അപ്പാടെ മാറ്റിമറിച്ചു. ഒരു കുഞ്ഞുണ്ടായാൽ ഈ വിഷമമൊക്കെ മാറുമെന്നവർ കരുതി. ഒരു വർഷത്തിനുശേഷം അവർക്കൊരു മകൾ ജനിച്ചു. ബുദ്ധിവൈകല്യമുള്ള കുഞ്ഞായിരുന്നു അത്. സംസാരശേഷിയുമില്ല. അതോടെ ആളുകൾ അവരോട് സഹതപിക്കുവാനും കുത്തുവാക്കുകൾ പറഞ്ഞ് നോവിക്കാനും തുടങ്ങി. ജീവിതം വ്യർത്ഥമായെന്നു തോന്നിയപ്പോഴാണ് നാടുപേക്ഷിച്ച് ഈ ഹിൽഹോട്ടലിലെത്തിയത്. മകൾക്ക് ബുദ്ധിമാന്ദ്യമുണ്ടെന്നറിഞ്ഞതോടെ അയാളുടെ ഭാര്യയുടെ മാനസ്സികനില തെറ്റി. അന്ന് ഇതേക്കുറിച്ചൊക്കെയാണ് ഞങ്ങൾ സംസാരിച്ചത്.
“എൻജോയ് ചെയ്യാനല്ലേ നിങ്ങൾ വന്നത്. എന്‍റെ പ്രശ്‌നങ്ങൾ കാരണം നിങ്ങളുടെ പിക്നിക് മൂഡ് നഷ്ടമാക്കേണ്ട. ഇതൊക്കെ പറഞ്ഞ് വെറുതെ നിങ്ങളുടെ സന്തോഷം കൂടി കളയേണ്ടെന്ന് പ്രദീപ് പറഞ്ഞതിനാലാണ് ഞാൻ അന്ന് ഒന്നും പറയാതിരുന്നത്. അയാളുടെ ഭാര്യയെ സമാധാനിപ്പിക്കുവാനും അവരുടെ വിഷമങ്ങൾ പങ്കുവയ്ക്കുവാനുമാണ് ഞാനന്നയാളുടെ വീട്ടിൽ ചെന്നത്. നമ്മുടെ നാട്ടിലെ പ്രശസ്തനായ സൈക്യാട്രിസ്റ്റിനോട് ചികിത്സ നടത്താമെന്നു വാക്കും നൽകി. ഞാനിതൊക്കെ നിങ്ങളോട് ഒന്നുരണ്ടുവട്ടം പറയാൻ തുനിഞ്ഞതുമാണ്. പക്ഷേ, നിങ്ങളുടെ മനസ്സിൽ മുഴുവനും വിഷമായിരുന്നില്ലേ. പത്തുവർഷത്തെ ദാമ്പത്യജീവിതം… അതത്രമാത്രം നിസ്സാരമാണോ? ഞാനെത്ര അഡ്‌ജസ്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങൾക്കിതൊക്കെ നിസ്സാരം മാത്രം. സ്നേഹം നനച്ച് വളർത്തി വലുതാക്കിയ ഈ സ്വപ്നസൗധം സംശയത്തിന്‍റെ പേരിൽ ഒരു നിമിഷം കൊണ്ടല്ലേ നിങ്ങൾ തകർത്തുടച്ചത്. നിങ്ങളുടെ സംശയരോഗത്തിനൊരറുതി വരാതെ നമ്മുടെ ദാമ്പത്യജീവിതം എത്രനാൾ മുന്നോട്ടു നീങ്ങും?”
നീരജിന് തന്‍റെ തെറ്റ് മനസ്സിലായി. സത്യാവസ്‌ഥ തിരിച്ചറിയാൻ വൈകിയല്ലോ എന്നോർത്ത് അയാൾ വിഷമിച്ചു. യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യവും സാഹസവും നഷ്ടപ്പെട്ടിരുന്നു. എന്തെല്ലാം കുത്തുവാക്കുകളും ഇല്ലാക്കഥകളുമാണ് താൻ ചമച്ചു തീർത്തത്. നീരജിന് കുറ്റബോധം തോന്നി.
“അഞ്ജു” നീരജിന്‍റെ ശബ്ദമിടറി.
“എന്നോടു ക്ഷമിക്കു… ക്ഷമ ചോദിക്കാൻ പോലും അർഹതയില്ലാത്ത തെറ്റാണ് ഞാൻ നിന്നോടു ചെയ്തത്.” നീരജ് കൂടുതലൊന്നും പറയാതെ കുറ്റബോധത്തോടെ തല താഴ്ത്തി നിന്നു.
പ്രദീപ് ഭാര്യയെയും കുട്ടി പട്ടണത്തിലെ പ്രശസ്ത സൈക്യാട്രിസ്റ്റിനെ കാണാൻ വന്നതാണെന്ന് നീരജിനു മനസ്സിലായി. അതിനുവേണ്ടിയാണ് അയാൾ അഞ്ജനയെ വിളിച്ചത്. നീരജ് ഉടനെ റിസീവറെടുത്ത് ട്രാവൽ ഏജന്‍റിന് ഫോൺ ചെയ്ത് ഒരു ടാക്സി അറേഞ്ച് ചെയ്തു.
“അഞ്ജന, ടാക്സി ഇപ്പോഴെത്തും. നീ പ്രദീപിനെ കൂട്ടി ഡോക്‌ടറുടെ പക്കൽ പോകണം. അയാളുടെ ഭാര്യക്ക് നല്ല ചികിത്സ നൽകണം. അവർ വേണമെങ്കിൽ രാത്രി ഇവിടെ താമസിക്കട്ടെ.”
അഞ്ജനയെ അഭിമുഖീകരിക്കാനാവാതെ നീരജ് പുറത്തേക്കിറങ്ങി. അന്നവൾ പലവട്ടം പറയാനൊരുങ്ങിയപ്പോൾ ഒരിക്കലെങ്കിലും താൻ ക്ഷമയോടെ കേട്ടിരുന്നെങ്കിൽ…. കുറ്റബോധം തോന്നിയെങ്കിലും തെളിഞ്ഞ ആകാശംപോലെ അയാളുടെ മനസ്സ് ശാന്തമായി.