അസ്തമയ സൂര്യൻ കായലോരത്തെ ചക്രവാളത്തിന് താഴെ, നീണ്ട നിഴലുകൾ വീഴ്ത്തി സുവർണ്ണ പ്രഭയിൽ ആകാശത്തെ പെയിന്‍റ് ചെയ്യുമ്പോൾ, പൂത്തുലഞ്ഞു നിൽക്കുന്ന തബേബുയ റോസ വൃക്ഷങ്ങളുടെ വിശാലമായ ശാഖകൾക്ക് നേരെ സ്വയം മറന്നു നോക്കി നിന്നു പോയി…. ആ പിങ്ക് പൂക്കൾ ഭൂമിയിൽ വിരുന്നു വരുന്ന വസന്തത്തിന്‍റെ മാന്ത്രികതയാണ്. അതിന്‍റെ ഇലകൾ പോലും പൂക്കൾക്കായി കൊഴിഞ്ഞു കൊടുതിരിക്കുന്നു!!!
നീളമുള്ള മിനുസമാർന്ന ഇളം പിങ്ക് നിറത്തിൽ കുലകളായി വിരിഞ്ഞു നിൽക്കുന്ന അതിമനോഹരമായ പൂക്കൾ. നോക്കി നിൽക്കെ അല്പം ശക്തിയോടെ ഒരു കാറ്റ് പൂ ശാഖകളിൽ മുട്ടിയുരുമ്മി കടന്നു പോയി, താഴെ പച്ചപ്പുൽ പരവതാനി നിറയെ പിങ്ക് നിറം… പൂക്കൾ സ്വർണ വെളിച്ചത്തിൽ തിളങ്ങുന്നു… താഴെയും മുകളിലും പിങ്ക് നിറം കൊണ്ട് തീർത്ത ഒരു മനോഹര ചിത്രം! ഏറ്റവും ശാന്തമായി സമാധാനത്തോടെ അവയെ നോക്കി നിൽകുമ്പോൾ ദൈനംദിന ജീവിതത്തിന്‍റെ തിരക്കുകൾ ദശലക്ഷം മൈലുകൾക്കകലെയായി.
അപ്പോഴേക്കും സന്ധ്യ മെല്ലെ രാത്രിയ്ക്ക് കറുത്ത മറക്കുട പിടിച്ചു കൊടുത്തുകഴിഞ്ഞു. എന്നിട്ടും, നക്ഷത്രങ്ങൾ ആകാശത്ത് മിന്നിമറയാൻ തുടങ്ങുന്നു, അവയുടെ പ്രകാശം തബേബുയ റോസയുടെ തിളങ്ങുന്ന ഇലകളിൽ പ്രതിഫലിക്കുന്നുണ്ട്. ഹാ… ഇത് സമാധാനത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും നിമിഷമാണ്, ചുറ്റുമുള്ള പ്രകൃതിയുടെ അതിശയകരമായ കാഴ്ച കണ്ണ് തുറന്നു കാണേണ്ട അസുലഭ നിമിഷം!
ഏപ്രിൽ മാസത്തിലെ മനോഹരമായ ഈ സായാഹ്നത്തിൽ, മനം മയക്കുന്ന തബേബുയ റോസയുടെ കീഴിൽ, ഇങ്ങനെ ഇരിക്കാൻ കൊതി തോന്നുന്നില്ലേ?
പിങ്ക് ട്രമ്പറ്റ് ട്രീ എന്നും അറിയപ്പെടുന്ന തബേബുയ റോസ ബാംഗ്ലൂരിൽ, പ്രത്യേകിച്ച് വസന്തകാലത്ത് കാണേണ്ട ഒരു കാഴ്ചയാണ്. ഫെബ്രുവരി, മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് ഇവയുടെ പുഷ്പിക്കൽ… ആ കാലത്ത് മൊത്തം ഇലകൾ ഒഴിഞ്ഞു പൂക്കൾ മാത്രമാകും… മെക്സിക്കോ സ്വദേശിയായ ഈ മരങ്ങൾ 30 മീറ്റർ വരെ ഉയരത്തിലും 100 സെന്‍റീമീറ്റർ വരെ വീതിയിലും വളരുന്നു. മഴക്കാലത്ത് അവ തണൽ നൽകുന്നു, വരണ്ട സീസണിൽ ഇവ സമൃദ്ധമായി പൂക്കും.. ഇപ്പോൾ അറബിക്കടലിന്‍റെ റാണിയായ കൊച്ചിക്കും പിങ്ക് വസന്തം സ്വന്തം! കണ്ടെയ്നർ റോഡിലാണ് ഈ വൃക്ഷങ്ങൾ പൂത്തു നിൽക്കുന്ന കാഴ്ച ഉള്ളത്. ഏപ്രിലിൽ കണിക്കൊന്നകൾ മഞ്ഞ പ്പട്ടു പുതയ്ക്കുമ്പോൾ ഇനി മുതൽ താബേബുയ യും പിങ്ക് പരവതാനി വിരിക്കും…
ബാംഗ്ലൂരിൽ, ഈ മരങ്ങൾ പൂക്കുമ്പോൾ നഗരത്തിന്‍റെ മിക്ക ഭാഗങ്ങളും പിങ്ക് നിറത്തിൽ മുങ്ങും.. കബ്ബൺ പാർക്ക്, ലാൽ ബാഗ് ബൊട്ടാണിക്കൽ ഗാർഡൻ തുടങ്ങിയ പ്രദേശങ്ങളിൽ ഈ മരങ്ങൾ പൂത്തു നിൽക്കുന്നത് കാണാം. ഗുൽമോഹർ, താബേബുയ റോസ തുടങ്ങിയ പൂ മരങ്ങൾ നഗരത്തിന്‍റെ പച്ചപ്പ് സംരക്ഷിക്കുന്നതിനും സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു… വസന്തകാലത്ത് ബാംഗ്ലൂരിലാണെങ്കിൽ, ഈ മനോഹരമായ ദൃശ്യം കാണാൻ മറക്കരുത്…
ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമായ വൃക്ഷമാണ് പിങ്ക് ട്രമ്പറ്റ് ട്രീ അഥവാ തബേബുയ റോസിയ. ഇത് ഒരു നിത്യഹരിത വൃക്ഷമാണ്, നട്ട് മൂന്ന് വർഷത്തിന് ശേഷമാണ് പൂക്കൾ ആദ്യം ഉണ്ടാകുന്നത്. തബേബുയ റോസിയ സാധാരണയായി റോഡുകളിലും പാർക്കുകളിലും നട്ടുപിടിപ്പിക്കുന്നു, വരണ്ട സീസണുള്ള കാലാവസ്ഥയിൽ ഇലപൊഴിയും വൃക്ഷം ആയി കണക്കാക്കപ്പെടുന്നു. എൽ സാൽവഡോറിന്‍റെ ദേശീയ വൃക്ഷമാണ് റോസി ട്രമ്പറ്റ് ട്രീ. വിടർന്നു കുറച്ച് ദിവസങ്ങൾക്കുള്ളിൽ ശേഷം പൂക്കൾ പൊഴിയും, ഉഷ്ണ മേഖല വനങ്ങളിൽ, തുറസ്സായ വയലുകളിലോ പാതയോരങ്ങളിലോ ഇത് നന്നായി വളരുന്നു. പൂക്കുന്ന സീസണിൽ ഇലകൾ മൊത്തം കൊഴിഞ്ഞുപോകുന്നു, പിന്നെ മനോഹരമായ പർപ്പിൾ- പിങ്ക് പൂക്കൾ മാത്രമേ ശിഖരങ്ങളിൽ ഉണ്ടാകു.
ജനുവരി അവസാനം മുതൽ ഏപ്രിൽ വരെയാണ് പൂർണ പൂക്കാലം. എന്നിരുന്നാലും, കാലാവസ്ഥാ വ്യതിയാനം നിമിത്തം പൂവിടുന്ന സമയം പ്രവചിക്കാൻ ബുദ്ധിമുട്ടാണ്. വേനൽ സീസണിന്‍റെ തുടക്കത്തിൽ തന്നെ പുഷ്പങ്ങൾ വിരിഞ്ഞു തുടങ്ങും. ഏകദേശം 60 ദിവസം തുടർച്ചയായ വരണ്ട കാലാവസ്ഥ ഇതിന് ആവശ്യമാണ്.
തബേബുയ റോസിയ സൂര്യപ്രകാശം ഇഷ്ടപ്പെടുന്നു. ഇതിന് ഒരു ദിവസം 6-8 മണിക്കൂർ നേരിട്ട് സൂര്യപ്രകാശം ആവശ്യമാണ്. തബേബുയയ്ക്ക് വളരാൻ ചൂടുള്ള കാലാവസ്ഥ ആവശ്യമാണ്. വരൾച്ചയെ അജിജീവിക്കാൻ ശേഷി ഉള്ള മരങ്ങൾക്ക് നല്ല ഡ്രെയിനേജ് ഉള്ള ഫലഭൂയിഷ്ഠമായ മണ്ണാണ് വേണ്ടത്
ആഴത്തിലുള്ള വേരുകളുടെ വളർച്ചയെ സഹായിക്കാൻ തുടക്കത്തിൽ നിത്യവും നനയ്ക്കണം. വേരുപിടിക്കുമ്പോൾ, ആദ്യത്തെ രണ്ട് മാസത്തേക്ക് ആഴ്ചയിൽ രണ്ടുതവണ നനയ്ക്കുക. മരം വേരുപിടിച്ചുകഴിഞ്ഞാൽ, ആഴ്ചയിൽ ഒരിക്കൽ മതി നനയ്ക്കൽ.
പഴയ ശിഖരങ്ങൾ വെട്ടിമാറ്റുന്നത് തബേബുയ മര പരിപാലനത്തിന്‍റെ ഒരു പ്രധാന ഭാഗമാണ്. ചെടിയുടെ ആകൃതിയും വലുപ്പവും നിലനിർത്താൻ ഇത് സഹായിക്കും വിത്തുകളിൽ നിന്നും കൊമ്പിൽ നിന്നും ഈ ചെടി വളർത്താൻ കഴിയും.