മലയാളികൾക്ക് വളരെ സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. കഠിന പ്രയത്നവും ആചഞ്ചലമായ ആത്മ വിശ്വാസവും കൈമുതലാക്കി ട്രാൻസ് സമൂഹത്തിന്‍റെ അഭിമാനമായി മാറിയ രഞ്ജു സെലിബ്രിറ്റികളുടെ സ്വന്തം മേക്കപ്പ് ആർട്ടിസ്റ്റാണ്. 22-ാമത്തെ വയസിലാണ് രഞ്ജു മേക്കപ്പ് ആർട്ടിസ്റ്റ് എന്ന ജോലിയിലേക്ക് കടന്നു വന്നത്. കൊല്ലം ജില്ലയിലെ പേരൂരിൽ ഒരു സാധാരണ കുടുംബത്തിലായിരുന്നു ജനനം. അവിടെ നിന്നാണ് സമൂഹത്തോട് തന്‍റെ സ്വത്വത്തിനായി പട പൊരുതി തന്നെ കേരളത്തിലെ ഏറ്റവും ആദ്യത്തെ ട്രാൻസ്‌ജെന്‍റർ സെലിബ്രിറ്റി- ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റായി രഞ്ജു രഞ്ജിമാർ മാറുന്നത്. ഇപ്പോൾ ഇന്ത്യയിലും വിദേശത്തുമായി നിരവധി സെലിബ്രിറ്റികൾക്കും മോഡലുകൾക്കും വധു വരന്മാർക്കുമായി മേക്കപ്പ് ചെയ്യുന്നു.
തേവര സെക്രട്ട് ഹാർട്ട് കോളേജിൽ നടന്ന തേവര ലിറ്ററേറ്റർ ഫെസ്റ്റിവലിൽ അതിരുകളില്ലാത്ത ചമയക്കൂട്ട് എന്ന വിഷയത്തിൽ ചലച്ചിത്ര- മാധ്യമ പ്രവർത്തക ആയ അഞ്ജന ജോർജുമായി രഞ്ജു രഞ്ജിമാർ പങ്കിട്ട ചില ചിന്തകൾ…
2006 ൽ ചോക്ലേറ്റ് എന്ന സിനിമയിൽ മേക്കപ്പ് അസിസ്റ്റന്‍റ് ആയി വർക്ക് ചെയ്യാൻ വേണ്ടിയാണ് ആദ്യമായി രെഞ്ജു രഞ്ജിമാർ തേവര സെക്രട്ട് ഹാർട്ട് കോളേജിന്‍റെ പടി ചവിട്ടിയത്… അന്ന് ഷൂട്ട് നടക്കുന്ന ലൊക്കേഷനിൽ ആയിട്ട് പോലും ഒരു ട്രാൻസ് ജൻഡർ എന്ന പേരിൽ രഞ്ജുവിന് ഒരുപാട് കളിയാക്കലും ബുള്ളിയിങ്ങും ഒക്കെ നേരിടേണ്ടി വന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും എന്തിന്! കോളേജിന്‍റെ ഗേറ്റ് തുറന്ന് ഒന്ന് പുറത്തേക്ക് ഇറങ്ങാൻ പോലും കഴിയാതെ പേടിച്ചു വിറച്ചു വിഷമിച്ചു നിന്നത് ഇന്നലെ എന്ന പോലെ രഞ്ജുവിന്‍റെ ഓർമകളെ പൊള്ളിച്ചിട്ടുണ്ട്. അന്ന് രഞ്ജുവിന് ആ സംഭവം മാനസികമായി വല്ലാത്ത ബുദ്ധിമുട്ടായിരുന്നു സൃഷ്ടിച്ചത്… ട്രാൻസ് സമൂഹത്തെ കുറിച്ച് പൊതുവെ അക്കാലത്തുള്ള തെറ്റിദ്ധാരണയും അറിവില്ലായ്മയും കൊണ്ടാകാം അന്നത്തെ കുട്ടികൾ അവരുടെ ഉള്ളിലെ സ്ത്രീത്വത്തെ കളിയാക്കുകയായിരുന്നു…
പതിനെട്ടു വർഷങ്ങൾക്കിപ്പുറം
അതേ ക്യാമ്പസിൽ 18 വർഷങ്ങൾക്കിപ്പുറം രഞ്ജു ഒരു അതിഥി ആയി വീണ്ടും എത്തി… അന്താരാഷ്ട്ര വനിതാ ദിനത്തിൽ കോളേജ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ അതിഥിയായി തന്നെ അവരെ ക്ഷണിച്ചു! അതിരുകൾ ഇല്ലാത്ത ചമയക്കൂട്ട് എന്ന വിഷയത്തെ ആസ്പദമാക്കി അവരുടെ അനുഭവങ്ങൾക്കായി കുട്ടികൾ കണ്ണും കാതും തുറന്നു വെച്ചു, ഇതിനെയാണ് കാലത്തിന്‍റെ കാവ്യനീതി എന്ന് വിശേഷിപ്പിക്കേണ്ടത്, രഞ്ജുവിനെ സംബന്ധിച്ച് ഇതിലും വലിയൊരു സന്തോഷം വേറെ എന്താണ്? ഒരു ട്രാൻസ് വുമൻ എന്ന നിലയിൽ ഒരു സ്ത്രീ എന്ന നിലയിൽ രഞ്ജുവിന്‍റെ വലിയ വിജയം ആയിട്ടാണ് ഇതിനെ നോക്കി കാണുന്നത്.
കോളേജിലെ ഇപ്പോഴത്തെ ജനറേഷനിലെ കുട്ടികൾക്ക് ഒക്കെ ഇപ്പോൾ ഈ സംഭവങ്ങൾ കൂടുതൽ എമ്പതിയോടെ ഉൾക്കൊള്ളാൻ കഴിയുന്നു എന്നത് കാലത്തിനു സംഭവിച്ച വലിയ മാറ്റമായി കരുതാം. എന്തൊക്കെ അതിർവരമ്പുകൾ വരച്ചാലും കാലത്തിനു മുന്നിൽ നാം എല്ലാവരും ആത്യന്തികമായി മനുഷ്യർ ആണെന്ന തോന്നൽ അവിടെ അരയ്ക്കിട്ടുറപ്പിക്കുകയാണ് ചെയ്തത്.
സ്വപ്നം കാണുന്ന ലോകം
തുടർന്ന് രഞ്ജു സംസാരിച്ചത് താൻ ആഗ്രഹിക്കുന്ന അതിരുകൾ ഇല്ലാത്ത ആ ലോകത്തെ കുറിച്ചാണ്. ആ ലോകം എന്ന് പറഞ്ഞാൽ ബൈനറി എന്ന ചിന്ത ഇല്ലാത്ത ലോകം…. ആൺ പെൺ എന്ന ചട്ടക്കൂട്ടിൽ ഒതുങ്ങാത്ത ഒരു ലോകം അതാണ് തന്‍റെ വലിയ സ്വപനം എന്ന് രഞ്ജു പറയുന്നു. ആ ലോകത്തിൽ നമ്മൾ എല്ലാവരും പരസ്പരം മനുഷ്യർ ആയി പരിഗണിക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. മതവും ജാതിയും നിറവും ജൻഡറും എന്നൊക്കെ ഉള്ള വ്യത്യാസങ്ങൾ മാഞ്ഞു പോകുമ്പോൾ ഈ ലോകം പൂർണമായും സ്വതന്ത്രവും സുന്ദരവും ആയി മാറും… അങ്ങനെ ഉള്ള ഒരു ലോകത്തു ജീവിക്കാൻ ആണ് താൻ ആഗ്രഹിക്കുന്നത്.
ഇഷ്ടപ്പെട്ടത് ചെയ്തപ്പോൾ
വളരെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ചതിനാൽ കുട്ടിക്കാലത്ത് മികച്ച വിദ്യാഭ്യാസത്തെ കുറിച്ചു ചിന്തിക്കാൻ പോലും ഉള്ള സാഹചര്യം ഉണ്ടായിരുന്നില്ല. അതിനാൽ രഞ്ജുവിനു മനസ് ആഗ്രഹിച്ച പോലെ പഠിക്കാൻ കഴിഞ്ഞിട്ടില്ല. പഠനം നഷ്ടമായതിൽ ഇപ്പോഴും വിഷമം ഉണ്ട്… അന്നത്തെ സാമൂഹ്യ സാഹചര്യംകൊണ്ടും കുടുംബത്തിന്‍റെ സാമ്പത്തിക പ്രതിസന്ധികൾ നിമിത്തവും പഠിക്കാൻ കഴിഞ്ഞില്ല. പട്ടിണി കിടക്കാതിരിക്കാൻ കുട്ടിക്കാലത്തു തന്നെ ഇഷ്ടികപ്പണിക്കും വാർക്കപ്പണിക്കും ഒക്കെ പോകേണ്ടി വന്നു. എന്നാൽ രഞ്ജുവിന്‍റെ മുന്നിൽ വന്ന ഓരോ അവസരങ്ങളും അവർ വിട്ടു കളയാതെ സാധ്യതകൾ തെരഞ്ഞു, കണ്ടെത്തി. “എനിക്ക് സ്വയം മേക്കപ്പ് ചെയ്യാൻ ഇഷ്ടമാണെന്നും മറ്റുള്ളവർക്ക് വേണ്ടി ചെയ്തു കൊടുക്കാനും കഴിയുമെന്നും തിരിച്ചറിഞ്ഞു. വൈകുന്നേരങ്ങളിൽ മുറിയിൽ വാതിൽ അടച്ചു സ്വയം മേക്കപ്പ് ചെയ്തു നോക്കുമ്പോഴാണ് എന്‍റെ മേക്കപ്പ് സ്കിൽ ഞാൻ മനസിലാക്കിയത്.” രഞ്ജു പറയുന്നു
എന്തായാലും ആ പാഷൻ തന്നെ രഞ്ജു തന്‍റെ കരിയർ ആയി തെരെഞ്ഞെടുത്തത് അവരുടെ ജീവിതത്തിലെ വഴിത്തിരിവായി.
ഡോറ ബ്യൂട്ടി അക്കാദമി എന്ന സ്ഥാപനത്തിന്‍റെ ഹെഡ് ആയി മാറിക്കൊണ്ട് പലരും സ്വപ്‍നം കാണുന്ന തരത്തിൽ ഉള്ള ഒരു എന്‍റർപ്രേനൂർ ആയി രഞ്ജു മാറി. ഇങ്ങനെ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാൻ അവരെ സഹായിച്ചത് സ്വന്തം സ്കിൽ തന്നെ ആണ്. “സ്വന്തം കഴിവിനെ തിരിച്ചറിഞ്ഞ് ഓരോ സമയത്തും വരുന്ന മാറ്റങ്ങൾ സ്വയം അപ്ഡേറ്റ് ചെയ്തത് കൊണ്ട് നിന്നാൽ മാത്രമേ ബ്യൂട്ടി രംഗത്ത് നില നിൽക്കാനാവു. ഇതിനായി കിട്ടിയ ഒരു അവസരവും ഞാൻ ഒഴിവാക്കിയില്ല.” രഞ്ജു പറയുന്നു
പഠിക്കാൻ ഇനിയും മോഹം
ഞാൻ കൊല്ലത്തു നിന്ന് എറണാകുളത്തു വന്നത് മഹാരാജാസിൽ പഠിക്കാം എന്ന ആഗ്രഹത്തോടെ ആണ്. ഉള്ള ജോലി ഉപേക്ഷിച്ചാണ് എറണാകുളത്തേക്ക് വന്നത്. പക്ഷേ ഒരു അഭിഭാഷകന്‍റെ ഓഫീസിൽ ഹെൽപർ ആയി ജോലി ചെയ്യേണ്ടി വന്നു. ആ സമയത്തു രഞ്ജുവിനു ഇനി തനിക്ക് വലിയ ഭാവി ഒന്നും ഇല്ലെന്നും പഠിക്കാൻ കഴിയില്ലെന്നും ഒക്കെ കരുതിയിരുന്നു, എന്നാൽ ജീവിതം അവർക്കായി കരുതി വച്ചത് വ്യത്യസ്തമായ ഒരു വഴി തന്നെ ആയിരുന്നു. കോളേജിൽ ചേരുന്നത്തിന് പറ്റിയില്ലെങ്കിലും ബ്യൂട്ടീഷ്യൻ കോഴ്സ് പഠിച്ചു, പ്രീഡിഗ്രി കമ്പ്ലീറ്റ് ചെയ്യാതെ, ഡിഗ്രി എടുക്കണം എന്ന മോഹം സഫലമാകാതെ ഒരു പൂർത്തീകരിക്കാത്ത ആഗ്രഹം ആയി ക്യാമ്പ സ് ജീവിതം ഇന്നും നിൽക്കുന്നുണ്ടെങ്കിലും ഞാൻ ഹാപ്പി ആണ്. സെന്‍റ് തെരേസസ്സിൽ ഒരു വൊക്കേഷണൽ ട്രെയിനിംഗ് കോഴ്സ് ചെയ്തു കൊണ്ട് ക്യാമ്പസ്സിൽ പോയി പഠിക്കണം എന്ന ആഗ്രഹം ഒട്ടൊക്കെ സഫലീകരിച്ചു…
മേക്കപ്പിലെ സെൽഫ് ലവ്
മേക്കപ്പിന്‍റെ പ്രാധാന്യം എന്താണ് എന്തിനു മേക്കപ്പ് ചെയ്യണം എന്നതിനെ കുറിച്ച് രഞ്ജു ഇങ്ങനെ പറയുന്നു, മറ്റുള്ളവരെ കാണിക്കാനാണ് മേക്കപ്പ് ചെയ്യുന്നത് എന്ന പൊതു ധാരണ പലർക്കും ഉണ്ട്. എന്നാൽ നമ്മുടെ ഓരോരുത്തരുടെയും സെല്ഫ് ലവിന്‍റെ ഭാഗമാണ് മേക്കപ്പ്. ശരീരത്തിന് ദോഷം ചെയ്യാത്ത, നല്ല പ്രൊഡക്ടുകൾ ഉപയോഗിക്കണം. ഓർഗാനിക് ആയ പ്രോഡക്റ്റ് മാത്രം ഉപയോഗിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യം ആണ്. ഇതേകുറിച്ച് വളരെ ചുരുക്കം പേർക്ക് മാത്രമേ ധാരണ ഉള്ളു.
പഠിക്കുന്ന കുട്ടികളെ സംബന്ധിച്ച് വില കൂടിയ ഉത്പന്നങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞെന്നു വരില്ല. വില കൂടിയ ബ്യൂട്ടി സാധനങ്ങൾ വാങ്ങാൻ പണം ഇല്ലെങ്കിൽ വീട്ടുകാരെ ശല്യപ്പെടുത്താതെ വാങ്ങാൻ ശ്രമിക്കാം. ഇതിനൊക്കെ പഠിത്തം തീരുന്നത് വരെ വീട്ടുകാരുടെ പണം തന്നെ വേണം എന്ന ചിന്തിക്കാതെ സ്വയം ജോലി ചെയ്തു കുറച്ച പണമൊക്കെ അവനവന്‍റെ ആവശ്യത്തിന് കണ്ടെത്താൻ കഴിയണം. പഴയ കാലം അല്ല അവസരങ്ങൾ ഒരുപാട് ഉണ്ട്.
ബൈനറിക്ക് അപ്പുറം
ഇപ്പോൾ യുവജനോൽസവങ്ങളിൽ ഒക്കെ ട്രാൻസ് വിഭാഗത്തിൽ നിന്ന് കുട്ടികൾ മത്സരിക്കുകയും സമ്മാനം കിട്ടുകയും ചെയ്യുന്നു. ഇതൊക്കെ വളരെ പ്രോഗ്രസ്സിവായ അഭിമാനകരമായ കാര്യങ്ങളാണ്. എന്നിരുന്നാലും ഞാൻ ആ ഒരു കാലം വരാൻ കാത്തിരിക്കുന്നു. ആൺ പെൺ ട്രാൻസ് എന്നൊന്നും വേർതിരിവ് ഇല്ലാതെ കഴിവിനെയും കലയെയും ജഡ്ജ് ചെയ്യുന്ന ഒരു കാലം വരട്ടെ. ബൈനറിക്കപ്പുറം വ്യക്തികളെ നമ്മൾ, പ്രത്യേകിച്ച് പുതുതലമുറ ഉൾക്കൊള്ളുന്നു എന്ന കാര്യം വളരെ പ്രധാനമാണ്.