ട്വൽത്ത് ഫെയിൽ ഫെയിം നടൻ വിക്രാന്ത് മെസിയുടെയും ശീതൾ ഠാക്കൂറിന്‍റെയും ജീവിതത്തിൽ പുതിയൊരു സന്തോഷവും കൂടി കടന്നുവന്നിരിക്കുകയാണ് ഇപ്പോൾ. സുന്ദര ദമ്പതികൾക്ക് ആദ്യ കൺമണി പിറന്നിരിക്കുകയാണ്. ഫെബ്രുവരി 7 ന്, ദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ ഒരു മധുര കുറിപ്പോടെയാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്. 2022-ലായിരുന്നു അവരുടെ വിവാഹം.
കുറിപ്പ് ഇപ്രകാരമായിരുന്നു- “ഞങ്ങൾ ഒന്നായിരിക്കുന്നു. ഞങ്ങളുടെ മകന്‍റെ വരവ് അറിയിക്കുന്നതിൽ ഞങ്ങൾക്ക് അഗാധമായ സന്തോഷവും സ്നേഹവും മാത്രം” സ്നേഹപൂർവ്വം വിക്രാന്ത് മെസി, ശീതൾ ഠാകുർ.
View this post on Instagram
വിക്രാന്ത് മെസിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി താരങ്ങളാണ് രംഗത്ത് വന്നത്. താരങ്ങൾക്കൊപ്പം ആരാധകരും മെസിയെ അഭിനന്ദിച്ചുകൊണ്ട് കമന്‍റ് ഇട്ടിരുന്നു. വിക്രാന്ത് മെസിയുടെ പോസ്റ്റിൽ സുനിൽ ഷെട്ടി ഒരു ഹാർട്ട് ഇമോജി ഇട്ടുകൊണ്ടാണ് അദ്ദേഹത്തെ അഭിനന്ദിച്ചത്. ഇത് കൂടാതെ മൗനി റോയ്, വാണി കപൂർ, റാഷി ഖന്ന, ‘ട്വൽത്ത് ഫെയിൽ’ നടി മേധ അടക്കം നിരവധി പേർ ദമ്പതികളെ അഭിനന്ദനം അറിയിക്കുകയുണ്ടായി.
2022 ഫെബ്രുവരിയിൽ വിവാഹിതരാകുന്നതിന് മുമ്പ് വിക്രാന്ത് മെസിയും ശീതൾ ഠാക്കൂറും കുറച്ചുകാലം ഡേറ്റിംഗിലായിരുന്നു. വിവാഹത്തിന് ശേഷമുള്ള തന്‍റെ ജീവിതത്തെക്കുറിച്ച് സംസാരിച്ച വിക്രാന്ത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇപ്രകാരം പറയുകയുണ്ടായി, “എന്‍റെ ദാമ്പത്യ ജീവിതം വളരെ മികച്ച നിലയിലാണ്. അതെ, ഇപ്പോൾ വ്യത്യസ്തമായ നിരവധി കാര്യങ്ങളുണ്ട്. എനിക്ക് വളരെ വ്യത്യസ്തമായ അനുഭവമാണ് ഇതെല്ലാം. പക്ഷേ ഞാൻ എന്‍റെ ഉറ്റ സുഹൃത്തിനെയാണ് വിവാഹം ചെയ്തത്. അതിൽ കൂടുതലായി എനിക്കൊന്നും ആവശ്യമില്ല. എനിക്കൊരു പുതിയ വീട് കിട്ടി, അതും അനുഗ്രഹമായി. അതിനാൽ ജീവിതം നല്ല രീതിയിൽ പോകുന്നു. ദൈവം വളരെ ദയയുള്ളവനാണ്. കരിയറിന്‍റെ കാര്യത്തിൽ ഈ വർഷം വളരെ മികച്ചതായി. ചെയ്യുന്ന ഓരോ കാര്യത്തിലും ശരിക്കും ഞാൻ സന്തുഷ്ടനാണ്.”