പ്രിയങ്ക ചോപ്ര, പരിനീതി, മനാര ചോപ്ര എന്നിവരുടെ ബന്ധുവാണ് നടി മീര ചോപ്ര. കഴിഞ്ഞ 8 വർഷമായി സിനിമയിൽ സജീവമാണ്. അടുത്തിടെ സീ 5ൽ സന്ദീപ് സിംഗ് സംവിധാനം ചെയ്ത മീര ചോപ്ര അഭിനയിച്ച 'സഫേദ്' എന്ന സിനിമയിൽ ട്രാൻസ്‌മാനുമായി പ്രണയത്തിലാകുന്ന വിധവയുടെ വേഷത്തിലാണ് അവർ അഭിനയിച്ചത്. വിധവകളുടെയും നപുംസകങ്ങളുടെയും അപമാനകരമായ ജീവിതമാണ് അവരുടെ ഈ സ്നേഹത്തിന് കാരണമാകുന്നത്.
ഇതിന് മുമ്പ് 'സെക്ഷൻ 365' എന്ന സിനിമയിൽ മീര ചോപ്ര ബലാത്സംഗ ഇരയുടെ വേഷം ചെയ്തിരുന്നു. തന്‍റെ എട്ട് വർഷത്തെ കരിയറിൽ മീര വ്യത്യസ്തമായ നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്, ആർക്കും ഗ്ലാമറസ് വേഷം ചെയ്യാൻ കഴിയും എന്നാൽ മറ്റാർക്കും ചെയ്യാൻ താല്പര്യം ഇല്ലാത്ത വേഷം ചെയ്യുന്നതിലാണ് രസം.
40 കാരിയായ മീര ചോപ്ര എല്ലാവരിൽ നിന്നും വ്യത്യസ്തയായി സ്വയം കണക്കാക്കുന്നു, കാരണം വ്യത്യസ്തമായ കഥയുള്ള സിനിമകൾ മാത്രമാണ് അവർ തിരഞ്ഞെടുക്കുന്നത്. നപുംസകത്തിന്‍റെയും വിധവയുടെയും പ്രണയകഥയെക്കുറിച്ച് പറയുന്ന ‘സഫേദ്' എന്ന സിനിമ തന്നെ ഉദാഹരണം.
ആ കഥാപാത്രത്തെക്കുറിച്ചും ഇതുവരെയുള്ള തന്‍റെ അഭിനയ യാത്രയെക്കുറിച്ചും പ്രണയ ജീവിതത്തെക്കുറിച്ചും സമൂഹത്തിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും നപുംസകങ്ങളുടെ ദാരുണമായ ജീവിതയാത്രയെക്കുറിച്ചും അവർ തുറന്നു സംസാരിക്കുന്നു...
ചോദ്യം- സന്ദീപ് സിംഗ് സംവിധാനം ചെയ്ത 'സഫേദ്' എന്ന ചിത്രത്തിൽ വിധവയുടെ കഥാപാത്രം എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു?
ഉത്തരം- വിധവയുടെ റോൾ വെല്ലുവിളിയും അതോടൊപ്പം കൗതുകവും നിറഞ്ഞതായിരുന്നു, ഒരു അഭിനേത്രി എന്ന നിലയിൽ അത്തരം ഒരു കഥാപാത്രം എനിക്ക് അഭിനയ സംതൃപ്തി നൽകി എന്നാൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ എനിക്കു സങ്കടം തോന്നി. വിധവ തെറ്റൊന്നും ചെയ്തില്ലെങ്കിലും സമൂഹം തിരസ്കരിച്ച് മോശമായ ജീവിതം നയിക്കേണ്ടി വരുന്നവരാണ്.
സമൂഹത്തിൽ അവഹേളിക്കപ്പെടുക മാത്രമല്ല, ട്രാൻസ് ജൻഡർ ആയതിന്‍റെ അനന്തരഫലങ്ങൾ ഏറെ അനുഭവിക്കേണ്ടി വരുന്ന ദുഃഖകരമായ അവസ്ഥയും ഈ ചിത്രം കാണിച്ചു തരുന്നു. ഇന്നും ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും പോയാൽ അവിടെ വിധവകളുടെ അവസ്ഥ ഏറ്റവും മോശമായിരിക്കുന്നതായി കാണാം. വിധവകളായതിനാൽ ഒരുപാട് കഷ്ടപ്പെടുന്ന സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്. മുടി വളർത്താൻ അനുവദിക്കുന്നില്ല, മേക്കപ്പ് ഇടാൻ അനുവദിക്കുന്നില്ല, ശരിയായി ഭക്ഷണം കഴിക്കാൻ പോലും അനുവദിക്കുന്നില്ല.
ചോദ്യം-സിനിമയിൽ വിധവയായ സ്ത്രീ നപുംസകവുമായി പ്രണയത്തിലാകുന്നു. അവരുടെ ദുഃഖം നിങ്ങളും അനുഭവിച്ചിട്ടുണ്ട്. എന്താണ് അതെക്കുറിച്ച് പറയാനുള്ളത്?
ഉത്തരം- ഈ സിനിമയിൽ അഭിനയിച്ചതിന് ശേഷം ട്രാൻസ് ജൻഡർ വിഭാഗത്തോടുള്ള എന്‍റെ മനോഭാവം മാറി. ഇനി കാറിന്‍റെ മുന്നിൽ ഒരു നപുംസകൻ വന്നാൽ ശകാരിക്കുകയല്ല വേണ്ടത് കാറിന്‍റെ ചില്ലു താഴ്ത്തി അവനു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുക, കാരണം 'സഫേദിൽ' ജോലി ചെയ്തതിനു ശേഷമാണ് ട്രാൻസ് ജൻഡർ വളരെ മികച്ചവരാണെന്ന് എനിക്ക് മനസ്സിലായത്. അവർക്ക് ബഹുമാനം വേണം, സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നു, അവർക്ക് നിങ്ങളിൽ നിന്ന് മറ്റൊന്നും ആവശ്യമില്ല. അവർ അങ്ങനെ ആയി പോയത് അവരുടെ തെറ്റല്ല. അതുകൊണ്ട് അവർക്ക് ആദരവെങ്കിലും നൽകാം.