ദൈവങ്ങളുടെ കണ്ണീരാണോ അച്ഛാ മഴയായി പെയ്യുന്നത്? പ്രപഞ്ച വിസ്മയങ്ങളിലേക്ക് കണ്ണും കാതും തുറന്നിരിക്കുന്ന അജിതയ്ക്ക് തൃപ്തികരമായ ഉത്തരം പലപ്പോഴും കിട്ടാറില്ല. എങ്കിലും അനുനിമിഷം നിറയുന്ന സംശയങ്ങൾ ചോദിക്കാതിരിക്കാനും ആവില്ലല്ലോ അവൾക്ക്.
എന്നാൽ ഈ ഇടയായി ചോദ്യങ്ങൾ കേട്ട് കേട്ട് നട്ടം തിരിഞ്ഞിരിക്കുകയാണ് രാമചന്ദ്രൻ. ഒരു ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ മാനേജരായ അയാളോട് പ്രൊഡക്ഷൻ മാനേജരും ഫാക്ടറി മാനേജരും എന്തിന് ജനറൽ മാനേജർ വരെ ചൊറിഞ്ഞു വരുന്ന ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. എന്തെങ്കിലുമൊക്കെ ചോദിക്കാതിരുന്നാൽ അവർക്ക് മനസമാധാനം കിട്ടാത്ത പോലെ.
ഇക്കഴിഞ്ഞ മൂന്നുനാലു മാസമായി ഇത് രണ്ടാം തവണയാണത്രേ പ്രൊഡക്ഷൻ കോസ്റ്റ് വർദ്ധിക്കുന്നത്. അതിനെ ഞാനെന്ത് ഉത്തരവാദി! പർച്ചേസ് ബുക്ക്, ബിൽ ബുക്ക് തുടങ്ങിയവ മേൽപ്പറഞ്ഞ സാറന്മാർ വരിമുറിച്ച്, കോളം മുറിച്ച് പലകുറി പരിശോധനയ്ക്ക് വിധേയമാക്കി. അപ്പോഴൊക്കെ ഓരോരോ ക്യാബിനയിലേക്കും വിളിപ്പിച്ച്, അവർ ഒരു കുറ്റവാളിയെ എന്നപോലെ വിസ്തരിക്കും. ഇത്തരം കലാപരിപാടികൾ അവർക്കു പലപ്പോഴും പിരിമുറുക്കത്തിന് ഇടയിലെ വിനോദമാണോ എന്ന് സംശയം തോന്നാറുണ്ട്.
സുപ്പീരിയേഴ്സ് ആയതുകൊണ്ട് മറുത്തൊന്നും പറയാനും വയ്യല്ലോ. ഓഫീസിൽ അങ്ങനെയാണെങ്കിൽ, വീട്ടിൽ ഒരു എത്തും പിടിയും കിട്ടാത്ത തരത്തിൽ ആയിരിക്കും ചോദ്യങ്ങൾ ഉയരുക. അധികവും അജിതയിൽ നിന്നുതന്നെ. ആദ്യ ചോദ്യം കേട്ടില്ലെന്ന് നടിച്ചത് കൊണ്ടായിരിക്കാം അവൾ വീണ്ടും മറ്റൊന്ന് കൂടി തൊടുത്തു.
ദൈവങ്ങളുടെ കണ്ണീരാണ് മഴയെങ്കിൽ, ആ പാറക്കുളം നിറയെ ദൈവങ്ങളുടെ കണ്ണീർ ആയിരിക്കും അല്ലേ അച്ഛാ?
തന്‍റെ മേൽ ഉദ്യോഗസ്ഥരുടേത് പോലെ തന്നെയാണോ ഇവളുടെയും ചോദ്യങ്ങൾ എന്നറിയാനാകാത്തതിനാൽ ഇത്തവണ വെറുതെ തലയാട്ടി കൊടുത്തു. ഒപ്പം ഇങ്ങനെയും ഓർത്തു.
നാളെ വൈകിട്ട് ഓഫീസ് വിട്ട് നേരത്തെ ഇറങ്ങാൻ ആയാൽ കറന്‍റ് ബുക്സിലോ ഡിസിയിലോ മറ്റോ കയറി കുട്ടികളുടെ മനശാസ്ത്രം പഠിക്കാൻ പറ്റിയ പുസ്തകങ്ങൾ ഉണ്ടെങ്കിൽ വാങ്ങണം. എങ്കിലേ ഇന്നത്തെ നിലയിൽ പിടിച്ചു നിൽക്കാനാവൂ.
ഹോ ആ കുന്തോന്ന് തെറ്റി ഭൂമിയിൽ പതിച്ചിരുന്നെങ്കിൽ നമ്മൾ ചത്തതു തന്നെ. എന്തു നീളോം വണ്ണോ അതിന്. അവൾ ചോദ്യശരങ്ങൾക്ക് വേഗത കൂട്ടാനുള്ള തയ്യാറെടുപ്പിലാണ്.
ഈ രാമായണവും മഹാഭാരതവും സീരിയലുകളായി വന്നതിനുശേഷം മുപ്പതുമുക്കോടി ദേവകളുടെയും കഥകൾ 365 ദിവസവും നാടിനെ കാവിവൽക്കരിച്ചു കൊണ്ടിരിക്കുകയാണ്. ഓം നമശിവായ പുനസംപേക്ഷണം നടക്കുന്നു. അതിലെ ഇന്ദ്രന്‍റെ വാളാണ്, എന്താ അതിന്‍റെ പേര് എന്തു മണ്ണാങ്കട്ടയെങ്കിലും ആകട്ടെ അത് കണ്ടാൽ അജിത തന്‍റെ നേരെ വീണ്ടും…
ചെഗുവേരയേയും മോപ്പസാംഗിനേയും ഇങ്ങനെയും വായിക്കുന്ന, സ്വപ്നം കാണുന്ന തനിക്ക് ഇത്തരം ചവറ് ഐതിഹ്യങ്ങളിൽ ഒന്നും കമ്പം പാടില്ലാത്തതാണ്. എങ്കിലും മകൾക്ക് വേണ്ടി.
ഞാൻ നോക്കുമ്പോൾ പെരുത്തൊരു വാളും കയ്യിലേന്തി കാഴ്ചയിൽ അതിന് വാതിൽ പലകയോളം നീളവും വീതിയും ഉണ്ട്. ഒരു അസുരൻ ദേവേന്ദ്രന്‍റെ പിന്നാലെ പായുകയാണ്. ആദി ദ്രാവിഡർ ആര്യനു നേരെ! പിന്നാലെ പായുക എന്നു പറകവയ്യ. ഗഗന സഞ്ചാരികൾ ഒഴുകുകയാണ്. കുറേ ദേവകൾ ബന്ധിക്കപ്പെടുകയും അതിലും ഏറെ വധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. രണ്ടു പക്ഷത്തും ആൾ നാശമുണ്ട്. പെട്ടെന്ന് ഓർമ്മ വന്നത് ജാനുവും മുത്തങ്ങയുമാണ്. തമാശ അതല്ല, വധിക്കപ്പെടുകയോ മുറിവേൽക്കപ്പെടുകയോ ചെയ്യുന്നവരെല്ലാം വന്ന് പതിക്കുന്നത് ഭൂമിയിലാണ്. അമേരിക്ക അതിന്‍റെ ആണവ അവശിഷ്ടങ്ങളും കമ്പ്യൂട്ടർ പാഴ് വസ്തുക്കളും ഇന്ത്യൻ കടലിൽ തള്ളുന്ന പോലെ.
ഭാഗ്യം! അവരെങ്ങാനും നമ്മുടെ തലയിലോ ടെറസിലോ പാവൽ വലയിലോ പതിച്ചിരുന്നെങ്കിലോ എന്നായി അജിത.
എങ്കിൽ സ്വർണ്ണ കടക്കാർക്ക് ചുളുവിലിക്കാൻ കിലോ കണക്കിന് ആഭരണങ്ങൾ കിട്ടുമായിരുന്നു അങ്ങനെയാണ് അറിയാതെ പ്രതികരിച്ചു പോയത്. മോൾക്ക് മാത്രമല്ല ശ്രീമതിക്കും ആ പ്രതികരണം തീരെ പിടിച്ച മട്ടില്ല.
എന്തുമാത്രം കണ്ണീരാണ് ദേവകൾ, പാവങ്ങൾ കുടിക്കുന്നത്. മോളെ പോലെ താനും ഒന്ന് ചോദിച്ചു. ആ കണ്ണീർ മുഴുവൻ മഴയായി പെയ്തിരുന്നെങ്കിൽ ഡാമെല്ലാം നിറഞ്ഞ് കറന്‍റ് കട്ടെങ്കിലും ഒഴിവാക്കാമായിരുന്നു.
എവിടെ അതിനും സന്തുഷ്ട കുടുംബത്തിൽ നിന്നും പ്രതികരണം ഉണ്ടായില്ല. കീശ വെളുപ്പിക്കുന്ന ഡിറ്റർജെന്‍റിന്‍റെ പരസ്യം വന്നപ്പോൾ അപ്രതീക്ഷിതമായി അജിത തന്‍റെ നേരെ തിരിഞ്ഞു. സത്യത്തിൽ ഒന്ന് പതറി. ഇനിയും എന്ത് ചോദ്യമാണാവോ അവൾ?
ആ ഇന്ദ്രന്‍റെ വജ്രായുധം ഒന്നു രണ്ടെണ്ണം നമുക്കും കിട്ടിയിരുന്നുവെങ്കിൽ ആ സദ്ദാമിനെ തൂക്കിക്കൊന്ന ബുഷിനെ കൊല്ലാമായിരുന്നു. അല്ലേ അച്ഛാ!
തന്‍റെ വിചാര വിസ്ഫോടനങ്ങൾ….
അല്പമൊന്ന് കളിയാക്കി കൊണ്ടാണ് അവൾ പറഞ്ഞതെന്ന് മനസ്സിലാകാഞ്ഞിട്ടല്ല. എങ്കിലും പ്രതിരോധമാണ് സമാധാന കുടുംബ ജീവിതത്തിന്‍റെ ആണിക്കല്ലെന്ന് പലപ്പോഴും ബോധ്യമായിട്ടുള്ളത് കൊണ്ട് മൗനം മാലയായി ഇട്ട് ചാരി ഇരുന്നു.
കഴിഞ്ഞ ഞായറാഴ്ച വജ്ര ആയുധം അവൾക്ക് ഇടിമിന്നൽ ആയിരുന്നു. ഗദ ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലെ വാട്ടർ ടാങ്കും. മേഘങ്ങളെല്ലാം പൊട്ടിത്തൂകിയ പഞ്ഞിക്കായയും.
പഠിക്കുകയാണെങ്കിലും കളിക്കുകയാണെങ്കിലും അതിൽ പകുതി സമയവും അവൾ ദിവാസ്വപ്നം കാണാനാണ് ഉപയോഗിക്കുന്നത് എന്നും അതുകൊണ്ട് ഒന്നു ശ്രദ്ധിക്കണമെന്നും തന്നെക്കാൾ നേരത്തെ ജോലിക്ക് ഇറങ്ങുകയും തന്നെക്കാൾ വൈകി വീട്ടിൽ എത്തുകയും ചെയ്യാറുള്ള ശ്രീമതിയുടെ ഓർമ്മപ്പെടുത്തൽ അല്പം കടന്ന പെൺകുട്ടിയല്ലേ എന്നും തോന്നാറുണ്ട്.
ശ്രീമതിക്കാണെങ്കിൽ അജിതയുടെ സ്വപ്നാടനം കാണേണ്ട താമസം എങ്ങു നിന്ന് അറിയാതെ കലി വരും. പിന്നെ എന്ത് ചെയ്യാനാ? എന്ത് പറയാനാ…
എന്താ ഇങ്ങനെ? കൊച്ചു കുട്ടികളായാൽ ഇങ്ങനെയൊക്കെയാണ്. തന്നത്താൻ ഇരുന്ന് സംസാരിക്കും. പൂക്കളോടും തുമ്പികളോടും കിളികളോടും വരെ വീട്ടുകാര്യങ്ങൾ പറഞ്ഞെന്നും ഇരിക്കും.
ഈ അച്ഛൻ എന്താ കളിക്കുടുക്കേം ചംപകിലെ കഥേയും വായിച്ചാ? എപ്പ നോക്ക്യാലും വാളിൽ നിന്ന് ചോര ചീറ്റുന്നതും കണ്ണിൽ നിന്നും ചോര വീഴുന്നതുമായ ചിത്രങ്ങളുള്ള പുസ്തകങ്ങളാ വായിക്കണേ… അതോണ്ടാ ഒന്നു താടി വടിക്കാൻ പോലും മറക്കണെ… പൂച്ചക്കുട്ട്യേ പിടിച്ചിരുത്തിയാണ് അജിതയുടെ പരാതികൾ അത്രയും.
എന്നിട്ടും താൻ എന്തെങ്കിലും പറഞ്ഞോ? ഒന്ന് തിരുത്താൻ ഹേയ് കുട്ടികൾ അതും ഇതും പറയുമെന്ന് കരുതി നമുക്ക്, മുതിർന്നവർക്ക് അങ്ങനെയൊക്കെ ആകാൻ ഒക്കുമോ? പെൺകുട്ടികൾ ഇപ്പോഴേ ഇങ്ങനെ ചിന്തിച്ചിരിക്കുന്നത് അത്ര നന്നല്ല എന്ന ശ്രീമതി.
നിനക്ക് ഇന്നും ഈ യാതൊരു ചിന്തയും ഇല്ലാത്തതിന്‍റെ കൊഴപ്പാ അതൊക്കെ എന്ന് പറയാൻ തോന്നിയെങ്കിലും വെറുതെ ദേഷ്യം പിടിപ്പിച്ച് ഒരു ദിവസം പാഴാണെന്ന് കരുതി നിശബ്ദത പാലിച്ചു.
ബയോളജി ബുക്കിൽ കാണുന്ന ഇല, പഠനമുറിയുടെ ജനൽ ചതുരത്തിൽ ഒതുങ്ങി നിൽക്കുന്ന തൊടിയിലെ പ്ലാവിൽ നിന്നും അടർന്നു വീഴുന്നതും വായുവിലൂടെ തെന്നിതെന്നി പരിക്കു കൂടാതെ നിലത്തു വീഴുന്നതും അവൾ കൗതുകത്തോടെ നോക്കിയിരിക്കും. അതിനുശേഷം തന്നോട് അത് വിവരിക്കും. പഠന സഹായിയായി ഒപ്പം ഇരിക്കുന്ന താൻ അറിയാതെ അതിൽ ലയിക്കും. അവളുടെ വിവരണ ചാരുതയിൽ അഭിമാനം കൊള്ളും.
ഞൊടി നേരം കൊണ്ട് ആ മനസ്സ് ഗുരുതാകർഷണ സിദ്ധാന്തത്തിലേക്ക് പരകായം ചെയ്യും. ഭാരം കൂടുന്തോറും വീഴ്ചയുടെ ടീച്ചർ വ്യത്യസ്ത കനമുള്ള വസ്തുക്കൾ മേൽപ്പോട്ട് കാട്ടി കൊടുത്തിട്ടുള്ളതാവും അവൾ അപ്പോൾ ഓർത്തു പോവുക.
അപ്പോൾ ദൈവങ്ങൾക്ക് ഒട്ടും ഭാരം ഇല്ലേ അച്ഛാ?
ഭാരമൊക്കെയുണ്ട്. എങ്കിലും അവരെല്ലാം ശൂന്യാകാശത്ത് അല്ലേ. അവിടെ ഒന്നിനും ഭാരം അനുഭവപ്പെടില്ലല്ലോ. അതുകൊണ്ടല്ലേ സാറ്റ്ലൈറ്റുകളും മറ്റും ശൂന്യ ആകാശത്ത് ഒഴുകി നടക്കുന്നത്.
പക്ഷേ, അതൊന്നും അവൾക്ക് തൃപ്തികരമായ ഉത്തരമല്ലായിരുന്നു. ഏതെങ്കിലും മിത്തുമായി കൂട്ടിയിണക്കി പറഞ്ഞു കേൾക്കുന്നതിനോടാണ് അവൾക്ക് എന്നും ഇഷ്ടം.
അച്ചുതണ്ടിൽ അല്ല ഹെർക്കുലീസിന്‍റെ തോളത്താണ് ഭൂഗോളം ഇരിക്കുന്നത്. മരങ്ങളെല്ലാം ഭൂമിയുടെ മുടിയാണ്. മഴ ദൈവത്തിന്‍റെ കണ്ണീരാണ്. അതിന് വകഭേദങ്ങൾ ഉണ്ട്. സന്തോഷവും സന്താപവും ഉണ്ട്. അവൾ കണ്ടെത്തുന്നു.
അന്തർഭാഗം തിളച്ചു മറിയുന്ന ഭൂമിയെ തണുപ്പിക്കാൻ, അതിനെ സമുദ്രത്തിൽ ഇട്ടു വച്ചിരിക്കുകയാണെന്നും ഒരിക്കൽ ഓഫീസിൽ നിന്ന് വളരെ ക്ഷീണിച്ചെത്തിയ തന്നോട് ആയി, ഒരു പുതിയ കണ്ടുപിടുത്തം നടത്തിയ പോലെ അവൾ പറഞ്ഞു. ഇനി തനിക്കതു മനസ്സിലായില്ലെങ്കിലോ എന്ന് കരുതി ഉപ്പിലിട്ട നെല്ലിക്ക പോലെ എന്നും ഉപമിച്ചു.
അങ്ങനെ അങ്ങനെ പോകുന്നു അജിതയുടെ കൗമാര കൽപ്പനകൾ. ഉച്ചയൂണ്കഴിഞ്ഞ് സ്കൂൾ തൊടിയിലെ ആളൊഴിഞ്ഞ കോണിൽ ചെന്നിരിക്കുക എന്നും അവളുടെ പതിവാണ്. കൂട്ടായി ഞാവലിന്‍റെ താഴ്ന്ന കൊമ്പത്ത് ഒരു അണ്ണാറക്കണ്ണനും. ഉച്ചഭക്ഷണത്തിന്‍റെ ഒരു ഉരുള അവൾ അണ്ണാരക്കണ്ണന് നീക്കി വയ്ക്കും. ആദ്യമൊക്കെ വല്ല കല്ലിലോ ഇലയിലോ വെച്ചുകൊടുത്ത് മാറി നിന്നാലേ അവൻ അത് വന്നു ഭക്ഷിക്കുമായിരുന്നുള്ളൂ. പിന്നെ പിന്നെ കയ്യെത്തും ദൂരം വരെ എന്നായി.
നീ ശ്രീരാമനെ കണ്ടിട്ടുണ്ടോ?
ഏതു രാമനെ? എന്‍റെ കൂട്ടിൽ കെണി വയ്ക്കാൻ കയറി പുള്ളി ഉറുമ്പിന്‍റെ കടിയേറ്റ് താഴെ വീണ എന്ന് ചോദിക്കും പോലെ തലയുയർത്തി അത് അജിതയെ നോക്കി.
ഓർക്കുന്നില്ലേ… സാക്ഷാൽ ശ്രീരാമൻ രാമായണത്തിലെ?
ഓ മറന്നുപോയി. ചിൽ… ചിൽ…
ആ ശബ്ദം അതാണ് സൂചിപ്പിക്കുന്നത് എന്ന് അജിതക്കറിയാം. ഇതുപോലെ എത്രയെത്ര പേരുടെ ഭാഷയാണെന്ന് അജിതയ്ക്ക് ഹൃദ്യസ്ഥമായിട്ടുള്ളത്. കുയിലിന്‍റെ, വിരുന്നു വിളിക്കുന്ന കാക്കയുടെ, കാടൻ പൂച്ചയുടെ, തൊഴുത്തിലെ പശുവിന്‍റെ…
അതെന്നെ… നിന്‍റെ പൂർവികന്‍റെ മുതുകത്ത് അങ്ങേര് തലോടി വരച്ചതല്ലേ ആ മൂന്നു വര.
അതിൽ അഭിമാനം കൊള്ളുമ്പോൾ വാൽ പൂക്കാവടി പോലെ വാനിലേക്ക് വിടർത്തി ആഹ്ളാദിച്ചു. ഒന്നുരണ്ടുവട്ടം മരത്തിലേക്ക് ഓടി കയറുകയും അതേ വേഗത്തിൽ തന്നെ ഇറങ്ങുകയും ചെയ്തു. ഓട്ടത്തിൽ നിയന്ത്രണം കിട്ടാതെ അവളുടെ പാവാടത്തുമ്പിലൂടെയും ഓടി. അജിതയും ആ സന്തോഷത്തിൽ പങ്കുചേർന്നു. തികഞ്ഞ അഭ്യാസിയെ പോലെ മരത്തിന്‍റെ എത്താതുമ്പത്തൂടെ ഓടിയിറങ്ങുകയും കയറിയും ചാടിയും തന്നെ അത്ഭുതപ്പെടുത്താറുള്ള അവന് അമളി പറ്റിയതിൽ അവൾ ആർത്തു ചിരിച്ചു.
എന്താ കുട്ടി… ബെല്ലടിച്ചു നേരം എത്രയായി… ഇവിടെ ഇരുന്ന് സ്വപ്നം കാണാ?
ചോരക്കണ്ണൻ ഡ്രിൽ മാസ്റ്റർ തൊട്ടുപിന്നിൽ ഭസ്മാസുരനെ പോലെ നിൽക്കുന്നു. ചെമ്പോത്ത് സ്കൂളിൽ എല്ലാവർക്കും അയാളെ എളുപ്പം തിരിച്ചറിയാവുന്ന വിശേഷണം ആണത്.
അവൾ പിടഞ്ഞ് എഴുന്നേറ്റ് ഓടി. ക്ലാസ്സിനെ ലക്ഷ്യമാക്കി. അപകടം മണത്ത് അണ്ണാരക്കണ്ണനും പ്രതിഷേധം പുറപ്പെടുവിച്ച് ഞാവലിന്‍റെ എത്താക്കൊമ്പിലേക്കും.
ഒരിക്കൽ മലമ്പുഴ കാണാൻ പോയി മടങ്ങിയത് മുതൽ അജിതയുടെ മനസ്സ് നിറയെ ആ യക്ഷിയായി. കറുത്ത വാവിൽ, കൊടും രാത്രികളിൽ ആ രാക്ഷസീയ മനസ്സ് എങ്ങനെയായിരിക്കും പെരുമാറുക? ശങ്കരം കുളങ്ങരയിലെ ഏഴിലം പാലപോലെ, അതിന്‍റെ ഭീകരരൂപം ആയിരിക്കുമോ? നാലാൾ വട്ടം പിടിച്ചാൽ എത്താത്ത വണ്ണവും ആകാശം തുളച്ചു നിൽക്കുന്ന ഉയരവും. നാലുപാടും ചിതറി പരത്തിയിട്ട് ചില്ലുകളും പാലപ്പൂമണവും.
എല്ലാം ഓർത്തു കിടന്ന് പല രാത്രികളിലും അവൾ ഞെട്ടി ഉണർന്നു. പലപ്പോഴും ഉറക്കെ നിലവിളിച്ചു. സ്വന്തം തലമുടി വശങ്ങളിൽ ഉരഞ്ഞ് ഭയം കൊള്ളിച്ചു. സ്വന്തം നിഴലിനും അപ്പോൾ യക്ഷിയുടെ രൂപമായിരുന്നു.
ഒരു സന്ധ്യക്ക് ഒരു ബുദ്ധി തോന്നി. മേൽ കഴുകി വന്ന വസ്ത്രം മാറുമ്പോഴായിരുന്നു ആ തോന്നൽ.
തന്‍റെ ശരീരവും യക്ഷിയുടെ പോലെയാണോ? തടിച്ച പ്രകൃതമുള്ള അവൾ അലമാരയുടെ വലിയ കണ്ണാടി കട്ടിലിന് അഭിമുഖമായി തിരിച്ചിട്ടു കട്ടിലിൽ വിവസ്ത്രയായി മലമ്പുഴ യക്ഷിയെപ്പോലെ ഇരുന്നു.
അയ്യോ എന്തു വൃത്തികേടാണ്. അവൾ പുതപ്പ് എടുത്ത് ദേഹം മറച്ചു. എന്തുകൊണ്ടോ പിന്നീടൊരിക്കലും യക്ഷിയെ കുറിച്ച് ഓർക്കാൻ അവൾ ഇഷ്ടപ്പെട്ടതേ ഇല്ല.
നോക്കടീ… ആ യക്ഷി നമ്മുടെ ആന്‍റമ്മ ചേട്ടത്തിയെ പോലുണ്ട്. സ്കൂളിലെ ആയയെ കുറിച്ചുള്ള ആ കമന്‍റും കേട്ടതായി ഭാവിച്ചില്ല.
ആ സംസാരത്തിൽ നിന്നും പിൻവാങ്ങി മറ്റു കാഴ്ചയിലേക്ക് കണ്ണ് അയച്ചു. നഗരത്തിന്‍റെ തിരക്കിലേക്ക് ഓടുന്ന വാഹനങ്ങൾ കണ്ടു. ഗതാഗതക്കുരുക്കിൽ നിന്നും ഒഴിഞ്ഞുമാറാൻ ഓടുന്നവരെയും കണ്ടു.
ഗീവർഗീസ് പുണ്യാളാ… ഇവിടെ അങ്ങനെ ചില്ലുമേടേല് കുന്തോം പിടിച്ച് അങ്ങനെ നിന്നോ. വല്ല വഴിപോക്കരും എറിഞ്ഞു തരുന്ന ചില്ലി കാശും എണ്ണി. അവിടെ ആ കാട്ടിലെ ആമ്പിള്ളേര് കാശുണ്ടാക്കുന്നത് കണ്ടോ? മൂന്നുമാസം കൊണ്ട് കോടികളാണ് ആ അയ്യപ്പൻ വാരണേ… അതാ ആണുങ്ങള്…
ഈയിടെ കേട്ട മിമിക്രികാരന്‍റെ പ്രകടനം സ്കൂൾ കവാടത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന രൂപക്കൂട്ടിലെ പുണ്യാളനെ കണ്ടപ്പോൾ അജിത ഓർത്തു.
പരീക്ഷാ സമയത്തും മറ്റും, അച്ഛൻ അറിയാതെ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കാറുള്ള ആളാ അയലക്കത്തെ ശങ്കരം കുളങ്ങര അമ്മയെക്കാളും എന്നും കാണുന്ന ദൈവം.
അമ്പലത്തിൽ പോകാനോ ദൈവങ്ങളുടെ കഥ പറയാനോ ഇഷ്ടപ്പെടാത്ത അച്ഛനെയും ഇതുപോലെ കുന്തത്തിന് പകരം പേനയും കാൽക്കുലേറ്ററും കയ്യിൽ പിടിച്ച് ചില്ലുകൂട്ടിൽ നിർത്തണമെന്നും ഒപ്പം കുസൃതി തോന്നി.
കുതിരപ്പുറത്തിരുന്ന് കുന്തം കൊണ്ട്, താഴെ വാ പിളർന്നു വരുന്ന പെരുമ്പാമ്പിനെ കുത്തുന്ന പുണ്യാളന്‍റെ മഹത്വങ്ങൾ സന്മാർഗം പഠിപ്പിക്കുന്ന അൽഫോൻസാമ്മ പറഞ്ഞാലും പറഞ്ഞാലും മതിവരാത്ത പോലെയാണ് വിവരിക്കുക.
പിന്നെ പിന്നെ അണ്ണാറക്കണ്ണനെ പോലെ വർഗീസ് പുണ്യാളനും അവളെ കേൾക്കാൻ നിന്നു കൊടുക്കുമായിരുന്നു.
പടിയ്ക്കലിങ്ങനെ നിക്കാണ്ട് ഒന്നിറങ്ങി വന്ന് ഈ സ്കൂൾ ഒന്ന് ചുറ്റി കണ്ടൂടെ? എന്ത് വൃത്തികേടാ ഞങ്ങളുടെ മൂത്രപ്പുര. ആ ചെമ്പോത്തിന്‍റെ ചൂരല്! ശിവ ശിവ! സഹിക്കാൻ പറ്റുന്നില്ല കേട്ടോ. ചന്തീലേ അടിയ്ക്കൂ ആ അസത്ത്. കനള്ള ചന്തി കണ്ടാ വെറുതെ കാരണങ്ങൾ ഉണ്ടാക്കിയ വെറും കൈകൊണ്ട് അടിക്കും.
സിസിലി സിസ്റ്റർ പാവാ.. അതിനെ പോത്ത് പോലെ പണീയിപ്പിക്കുക ആ മൂസേട്ട എച്ച് എമ്മ്.
ആ കുന്തോന്നു തരോ? അവര് ഇരിക്കുന്ന കസേരയുടെ അടീല് ആരും കാണാതെ…. പിന്നെ അവരതിൽ ഇരിക്കുന്നതും. ആസനത്തിൽ കൂടി കുന്തം തുളഞ്ഞു കയറുന്നതും ഡാഗിനി അമ്മൂമ്മയെ പോലെ സ്കൂൾ മുഴുവൻ കുന്തവും പിടിച്ച ഓടുന്നതും ഭാവനയിൽ കണ്ട അവൾ പരിസരം മറന്ന് ഉറക്കെ തന്നെ ചിരിച്ചു പോയി.
പെണ്ണിന് വീണ്ടും കിറുക്ക് മൂത്തിരിക്കുന്നു. സ്കൂൾ ബസിന്‍റെ വരവും കാത്തുനിന്ന സഹപാഠികൾ ആർത്തു വിളിച്ചപ്പോഴാണ് പരിസരത്തവൾ വന്നു വീണത്.
തന്‍റെ സങ്കടങ്ങളും പറ്റിപ്പോയ മണ്ടത്തരങ്ങളും തന്‍റെ സംശയങ്ങൾക്ക് ഉത്തരം തരാൻ ആകാത്ത അച്ഛന്‍റെ പൊതുവിജ്ഞാനക്കുറവും മറ്റൊരു കുട്ടിക്ക് കൂടുതൽ മാർക്ക് കിട്ടാൻ തന്‍റെ ഉത്തരം ശരിയായിരുന്നിടു കൂടി ആ സയൻസ് ടീച്ചർ മനപ്പൂർവ്വം മാർക്ക് കുറച്ചതും അത് ചോദിച്ചപ്പോൾ തന്‍റെ ഉത്തരകടലാസ്, മുഖത്തേക്ക് വലിച്ചെറിഞ്ഞതും എല്ലാം മറ്റാരും കേൾക്കാതെ അവൾ പുണ്യാളനോട് പറയും. സന്ദർഭം പോലെ.
അച്ഛന്‍റെ നിരീശ്വരവാദവും അച്ഛന്‍റെ ആൾക്കാർ പണ്ടെങ്ങോ നടത്തിയ വിപ്ലവത്തിന്‍റെ വീമ്പ് പറച്ചിലും പാഠപുസ്തക വിവാദത്തെക്കുറിച്ച് പള്ളികൾക്കെതിരെ നടത്തുന്ന പ്രസംഗവും അമ്മയുടെ സൗന്ദര്യം ഒളി കണ്ണിട്ട് നോക്കുന്ന അച്ഛന്‍റെ കൂട്ടുകാരന്‍റെ തോന്നിയാസവും അച്ഛന്‍റെ മദ്യപാനവും അങ്ങനെ വിഷയങ്ങൾക്ക് അല്ല. അതു പറയാൻ തികയാതെ വരുന്ന നേരത്തെ കുറിച്ച് ഓർക്കുമ്പോൾ ആണ് സങ്കടം ആവുക.
ഇന്നലെ ഞാനൊരു സിനിമ കണ്ടുട്ടോ. മുഴുവനായല്ല ഒരിത്തിരി. അപ്പോഴേക്കും അച്ഛനതു മാറ്റി. അതില് കോട്ട വാതിൽ കാക്കുന്ന മൂന്ന് ഭടന്മാരെ കണ്ടു. പുണ്യാളന്‍റെ തൽസ്വരൂപമാ ഒരാൾക്ക്. അവരുടെ കണ്ണുവെട്ടിച്ച് കോട്ടയ്ക്കുള്ളിൽ കടക്കാൻ ശ്രമിക്കുന്ന ഒരു മദാമ്മയും ഉണ്ടായിരുന്നു. മഹാ ബോറായിരുന്നു അവരുടെ വേഷം. അയ്യോ നാണം ഇല്ലാത്ത പെണ്ണുങ്ങളാ ഈ ഇംഗ്ലീഷുകാര്.. പുണ്യാളന്‍റെ നാട്ടിലെ പെണ്ണുങ്ങളും ഇത്തരക്കാരാ?
തലയിൽ മിന്നുന്ന കസവുള്ള നേർത്ത വസ്ത്രം. അതിലും നേരിയതും നിറയെ ഞൊറികളും ഉള്ള നെടുനീളൻ ഉടുപ്പ്. കരിഞ്ചുവപ്പ് ലിപ്സ്റ്റികും. ഹൈഹീൽ ചെരിപ്പും. നിവർത്താനും മടക്കാനും പറ്റുന്ന വിശറിയും. എനിക്ക് ഒരു അസൂയയും… അങ്ങനത്തെ വേഷം ഉണ്ടാക്കണം. അച്ഛൻ ഇല്ലാത്തപ്പോഴേ പറ്റൂ. അതാ സങ്കടം. മുമ്പ് എപ്പോഴോ കണ്ട മലയാള സിനിമയിലെ നായികയ്ക്കും പാട്ട് സീനിൽ ഇതുപോലെത്തെ വേഷം ആയിരുന്നു നന്ന് അതിനിടയിൽ ഓർത്തുപോയി.
അതു കാൺകെ കണ്ണുകൾ ചീമ്പി പോയി. എത്രനേരം അതിൽ ലയിച്ച് അങ്ങനെ നിന്നു എന്ന് അറിഞ്ഞുകൂടാ. അദൃശ്യമായതെന്തോ ഒന്ന് ഉടലിലൂടെ അരിക്കുന്നതായും വസ്ത്രത്തിന്‍റെ അടിയിലൂടെ ഇഴഞ്ഞു കയറുന്നതായും നനുത്ത ചൂടുകാറ്റ് കവിളിൽ തട്ടുന്നതായും നായകൻ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിക്കുന്ന ഞെട്ടിപ്പോയി. അത് ദിവാ സ്വപ്നമല്ല. സിനിമാരംഗവും അല്ല. ചുവന്ന കണ്ണുള്ള ഡ്രിൽ മാഷ്. ചെമ്പോത്ത്. തന്നെ അയാൾ ഞരങ്ങുന്ന ഡെസ്കിൽ അമർത്തി കിടത്തിയിരിക്കുകയാണ്. തന്‍റെ മേലേക്ക് കമിഴ്ന്ന് വികൃതമായി ചിരിക്കുകയാണ്. പുണ്യാളന്‍റെ അടുത്ത് സ്കൂൾ ബസ് കാത്തുനിന്ന് താൻ എങ്ങനെ വീണ്ടും ക്ലാസിൽ എത്തി?
പക്ഷേ, ആലോചിക്കാനുള്ള സമയമല്ലിത്. എഴുന്നേൽക്കാൻ ശ്രമിച്ചു. അലറി വിളിക്കാൻ ശ്രമിച്ചു. നടന്നില്ല. മൽപ്പിടുത്തത്തിൽ വിജയം അയാൾക്ക് തന്നെയാണെന്ന് ഏറെക്കുറെ ഉറപ്പായ ഘട്ടത്തിൽ ശരീരം തളരുന്ന ഒരു ഘട്ടത്തിൽ ജീവന്‍റെ പിടച്ചിലിൽ മുറുകുന്ന ഘട്ടത്തിൽ…
ആശ അറ്റു നോക്കുമ്പോൾ അതാ അരികിൽ എല്ലാം കണ്ട് ഒരു കാഴ്ചക്കാരനെ പോലെ നിൽക്കുന്നു പുണ്യാളൻ.
ചെമ്പോത്തിനോടുള്ള അതിനേക്കാൾ അരിശം അപ്പോൾ പുണ്യാളനോടാണ് ഉണ്ടായത്.
കാഴ്ച കണ്ട നിൽക്കാ, കണ്ണിൽ ചോര ഇല്ലാണ്ട്, കുന്തവും പിടിച്ച്…അവൾക്ക് സങ്കടം തിങ്ങി വന്നു.
അവളുടെ ശുണ്ഠി കണ്ടിട്ടും പുണ്യാളൻ ചിരിച്ചതേയുള്ളൂ. എങ്കിലും കയ്യിലെ കുന്തം അവൾക്കു നേരെ സാവകാശം നീണ്ടു വന്നു. വാങ്ങിക്കോളൂ എന്ന ആംഗ്യവും.
പിന്നെ ഒട്ടും അമ്മാന്തിച്ചില്ല കുന്തം വാങ്ങി.
പുണ്യാളൻ പറയുന്നു അതിന്‍റെ മൂർച്ച അവന്‍റെ ചങ്കിൽ പരീക്ഷിക്കാൻ.
കിടന്നു പിടഞ്ഞില്ല. പ്രതിഷേധിച്ചില്ല. ആർത്തു കരയാൻ ശ്രമിച്ചില്ല. അത് കാൺകെ അയാൾ കരുതി അനുസരണയുള്ള കുട്ടിയാണ് ഇവൾ എന്ന്.
എന്നാൽ തെറ്റി. പുണ്യാളൻ കൊടുത്ത കുന്തം ചെമ്പോത്തിന്‍റെ ചങ്കിൽ തുളയുകയായിരുന്നു. പിന്നെ കേട്ടത് വിസിൽ അണ്ണാക്കിൽ കുടുങ്ങിയ ശബ്ദമായിരുന്നു. ഒപ്പം മരം വെട്ടിയിട്ടപോലെ ഒരു വീഴ്ചയും. തന്‍റെ ദേഹത്തമർന്ന ചെമ്പോത്ത് പിടഞ്ഞു വീണപ്പോൾ തപ്പി തടഞ്ഞ് എഴുന്നേറ്റു. തന്നെ ഇരുന്ന് താഴേക്ക് എത്തിനോക്കി.
അയാൾ രണ്ട് കൈ കൊണ്ട് ചങ്കിൽ പൊത്തിപ്പിടിച്ച് പുളയുകയാണ്.
ചാവട്ടെ ചെമ്പോത്ത് അവൾ ശപിച്ചു. ഒട്ടും ധൃതി കൂട്ടാതെ ഡെസ്കിൽ തന്നെ ഇരുന്ന് മുടി ശരിയാക്കി. സ്ഥാനം തെറ്റിയ യൂണിഫോം ശരിയാക്കി. ഊരിപോയ ഷൂ കണ്ടെടുത്തിട്ട് അലസമായി വലിച്ചെറിയപ്പെട്ടിരുന്ന സ്കൂൾ ബാഗ് എടുത്ത് തോളിൽ ഇട്ടു. ഒന്നും സംഭവിക്കാത്ത പോലെ പുറത്തേക്ക് നടന്നു.
വിജനമായ മുറ്റം കടന്ന് പടിക്കലെത്തി ഒന്ന് നിന്നു. ഗേറ്റിൽ അപ്പോഴും തന്നെ കാത്തുനിന്ന പുണ്യാളനെ നന്ദിപൂർവ്വം നോക്കി തല കുമ്പിട്ടു.
അതിശയം ആ കുന്തം പുണ്യാളന്‍റെ കയ്യിൽ തന്നെ.
അല്ല അതെങ്ങനെ തിരിച്ചു കിട്ടി?
അത് വിദ്യ. അജിതയുടെ കണ്ണുവെട്ടിച്ച് ചെയ്തത്. അയാളുടെ പോക്കറ്റിലെ പേന ഞാൻ തൽക്കാലം കുന്തമാക്കുകയായിരുന്നു അത്രയേ ഉള്ളൂ.
അയാൾ ചാവോ?
ഹേയ് ഇല്ലാ. രണ്ട് ദിവസം ആശുപത്രിയിൽ ആവും. പിന്നെ സുഖമാവും. എന്നാലും എന്നും ഓർക്കാൻ ശബ്ദം ഒന്നു മാറും. ഞാൻ ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. സാരില്ല ഒന്നും പറ്റിയില്ലല്ലോ എന്‍റെ മോൾക്ക്.
സ്തുതി മെഴുകുതിരി നാലെണ്ണം അധികം കത്തിക്കുന്നുണ്ട് ഞാൻ നാളെ.
അവൾ വേഗം നടന്നു അന്ന് ആദ്യമായി സ്കൂളിൽനിന്ന് മൂന്നു മൂന്നര കിലോമീറ്റർ ദൂരമുള്ള വീട്ടിലേക്ക് ഏകയായി. അല്ല തന്‍റെ ശരീരവും കൊണ്ട് നടന്നു. ഇതുവരെ ശരീരം കൂടെയില്ലാത്ത യാത്രയായിരുന്നു ഒട്ടും ഭാരം ഇല്ലാത്ത യാത്ര ഇന്ന് അങ്ങനെയല്ല. ആരോ ഒപ്പമുള്ളത് പോലെ അല്പം ഉരുണ്ട പ്രകൃതമുള്ള ഒരാൾ ഒരു പെൺകുട്ടി അതുകൊണ്ട് തന്നെ അപരിചിതയായ അവളെ ശ്രദ്ധിച്ചു നടന്നു.
ഇന്ന് ഒഴിഞ്ഞുപോയ ഒരു അപകടം. അത്, ക്ലാസിൽ പഠിപ്പിക്കാത്ത ഒരു പാഠം തുറന്നു തരുന്നു. ദിവാ സ്വപ്നങ്ങളിൽ മുഴുകി ഇങ്ങനെ ഒഴുകി നടന്നു കൂടാ. ഏതു ഉണർവിലും ഉറക്കത്തിലും മനസ്സ് ശരീരം വിട്ടെങ്ങും പോയിക്കൂടാ. മനസ്സിൽ പാതി ശരീരത്തിന് മറുപാതി പഠനത്തിനും അവൾ മനപാഠമാക്കാൻ ശ്രമിച്ചു.
വീടിന്‍റെ പടി കടക്കുമ്പോൾ തുളസിത്തറയുടെ നിഴലിൽ കിടക്കുന്ന പൂച്ചയെ കണ്ടു. അതു തന്നെ കണ്ടതും ഉത്സാഹപ്പെട്ട് ഓടിവന്നു.
സൂക്ഷിക്കണം. നീയും കരുതി വേണം നടക്കാൻ. രാത്രി സഞ്ചാരം ഉണ്ടല്ലോ അത് നിർത്തുകയും വേണം. ഇപ്പോൾ കൂടെ നടക്കുന്നത് മകനാണ്. എങ്കിലും ഒരു കണ്ണ് വേണം. നീയും പെണ്ണാ ഓർത്തോ…