മയക്കുമരുന്ന് ദുരുപയോഗത്തിന്‍റെ ദോഷവശങ്ങൾ മനസ്സിലാക്കിയാൽ ഇതിന്‍റെ വലയിൽ കുടുങ്ങാതെ രക്ഷപ്പെടാൻ സാധിച്ചെന്നു വരും. മയക്കുമരുന്നുകളുടെ പ്രധാനപ്പെട്ട ദോഷവശങ്ങൾ താഴെ കൊടുത്തിരിക്കുന്നവയാണ്.
മനോരോഗങ്ങൾ: വിഷാദം, ബു ദ്ധിമാന്ദ്യം, ഉൽക്കണ്ഠ, മതിഭ്രമം, പിരിമുറുക്കം, ആത്മഹത്യാ പ്രവണത. തക്ക സമയത്ത് വിദഗ്‌ധ മനോരോഗ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ മനോരോഗിയായി കഴിയേണ്ടി വന്നേക്കാം.
പെരുമാറ്റ വ്യത്യാസം: പിച്ചും പേയും പറയൽ, അക്രമസ്വഭാവം, വെറുതെ ചിരിക്കുക, ഭ്രാന്ത് പിടിച്ചതുപോലെ ഓടുക, ബലാത്സംഗം, കളവ്, ഉറക്കം തൂങ്ങൽ തുടങ്ങിയ പെരുമാറ്റ വ്യത്യാസങ്ങൾ ഉണ്ടാവും. നുണ പറയുക, മറ്റുള്ളവരിൽ നിന്ന് ഒഴിഞ്ഞ് മാറുക, ഏകാന്തതയിൽ ജീവിക്കുക, ദേഷ്യം വരിക തുടങ്ങിയ വ്യക്തിത്വ മാറ്റങ്ങളും ഉണ്ടാവും..
കേന്ദ്രനാഡീവ്യൂഹത്തിനു വരുന്ന തകരാറുകൾ: ചില മയക്കുമരുന്നുകൾ കേന്ദ്ര നാഡീ വ്യൂഹത്തിന്‍റെ പ്രവർത്തനത്തെ തളർത്തുകയും മറ്റു ചിലത് ഉത്തേജിപ്പിക്കുകയും ചെയ്യും. മനുഷ്യ ശരീരത്തിന്‍റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സന്ദേശങ്ങൾ ഇന്ദ്രിയങ്ങൾക്ക് സ്വീകരിക്കുവാനും വിശകലനം ചെയ്യാനും കഴിയാതെ വരുന്നതിനാൽ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും.
രോഗബാധ: രോഗപ്രതിരോധശക്തി കുറയുന്നതിനാൽ രോഗബാധയ്ക്കുള്ള സാധ്യത വർദ്ധിക്കും. മയക്കു മരുന്നുകൾ കുത്തി വെയ്ക്കുന്ന സൂചികൾ സ്റ്റെറിലൈസ് ചെയ്യാതെ പലരും പലതവണ ഉപയോഗിക്കുന്നതിനാൽ എയ്ഡ്സ് പോലുള്ള രോഗങ്ങൾ വരും. സ്‌ഥലകാല ബോധമില്ലാതെ വൃത്തികെട്ട സ്‌ഥലങ്ങളിൽ വീണു കിടക്കുന്നതിനാൽ അണുക്കൾ ശ്വാസകോശത്തിലെത്തി ന്യൂമോണിയ പിടിപെടാം. പുകവലിക്കുന്നവർക്ക് ശ്വാസകോശ രോഗങ്ങൾ ഉണ്ടാവാം.
അസഹിഷ്ണുതയും പിന്മാറ്റ ലക്ഷണങ്ങളും: ലഹരി അടിമത്തത്തിൽ നിന്നും പിന്മാറാൻ ശ്രമിക്കുമ്പോൾ അസഹിഷ്ണുതയും പിന്മാറ്റ ലക്ഷണങ്ങളും ഉണ്ടാവും. പല ദുരിതങ്ങളും അനുഭവിക്കേണ്ടിവരും.
മരണം: മയക്കുമരുന്ന് ദുരുപയോഗിക്കുന്നവരിൽ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നതിനാൽ പലപ്പോഴും മരണത്തിന് ഇരയാവാറുണ്ട്. മയക്കുമരുന്നിന്‍റെ മാത്ര കൂടിയാലുണ്ടാകുന്ന മരണങ്ങളും അപകടമരണങ്ങളും രോഗങ്ങൾ കൊണ്ടുള്ള മരണങ്ങളും ധാരാളമാണ്.
മാരകമായ മയക്കുമരുന്നുകളിൽ വളരെ പ്രധാനപ്പെട്ടവയെപ്പറ്റി ഇവിടെ വിവരിക്കാം
കൊക്കെയിൻ- കൊക്കോ ചെടിയിൽ നിന്നുണ്ടാക്കുന്നു. വെളുത്ത പൗഡർ രൂപത്തിലും ദ്രവരൂപത്തിലും ഇവ ലഭ്യമാണ്. ഇവ പെട്ടെന്നൊരു ശക്തി പ്രദാനം ചെയ്യും. ഇവയുടെ ഉപയോഗം തലച്ചോറിനെ ബാധിക്കുന്നതിനാൽ ശാരീരിക മാനസിക തകരാറുകൾ സംഭവിക്കും. ഹൃദ്രോഗം, രക്തസമ്മർദ്ദം, അവയവ സ്തംഭനം, അപസ്‌മാരം, സ്ട്രോക്ക് തുടങ്ങിയവയ്ക്ക് പുറമേ മരണവും സംഭവിക്കാം. സ്ഥിരമായ ഉപയോഗം ആശ്രയത്വം വരുത്തും.
ഹെറോയിൻ- പോപ്പിച്ചെടിയിൽ നിന്ന് നിർമ്മിക്കുന്നു. തവിട്ടു നിറത്തിലും വെള്ള നിറത്തിലുമുള്ള പൊടിയായും എണ്ണ രൂപത്തിലും ഇതു ലഭ്യമാണ്. നിരന്തരമായ ഉപയോഗം കാരണം ടിഷ്യൂനാശം, സിരപൊട്ടൽ, ഛർദ്ദി, ചൊറിച്ചിൽ, കൈകാലുകൾക്ക് ഭാരം, വായ വരൾച്ച തുടങ്ങിയവ ഉണ്ടാവാറുണ്ട്. മാനസിക രോഗങ്ങളും ന്യൂമോണിയ, കരൾ രോഗം, വ്യക്ക രോഗം, എയ്ഡ്സ് തുടങ്ങിയ രോഗങ്ങളും ബാധിക്കും.
ക്രാക്ക് കൊക്കെയിൻ- അമോണിയ, ബേക്കിംഗ് സോഡ എന്നിവ ചേർത്തുള്ള മിശ്രിതമാണിത്. ഇവ തലച്ചോറിനെയും ഹൃദയത്തെയും ശ്വാസകോശങ്ങളെയും തകരാറിലാക്കും. ക്ഷീണവും വിഷാദവും ഉണ്ടാക്കും.
എംഡിഎംഎ (മെത്തലിൻ ഡയോ ക്സി മിതൈൽ ആംഫെറ്റാമിൻ)- നിയമവിരുദ്ധമരുന്നാണ്. ഉത്തേജകമായി പലരും ഉപയോഗിക്കുന്നു. ഇതിന്‍റെ തുടർച്ചയായ ഉപയോഗം തലച്ചോറിനും ഹൃദയത്തിനും മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.