മഞ്ഞുപുതച്ചു കിടക്കുന്ന പർവതനിരകളും മനസിനെ ആർദ്രമാക്കുന്ന പ്രകൃതിയുടെ സംഗീതവും അനുഭവിക്കണമെങ്കിൽ വടക്കേ ഇന്ത്യയിലൂടെ ഒരു യാത്ര പ്ലാൻ ചെയ്തോളൂ… ഇത്തവണ ഞങ്ങൾ സിക്കിമിന്‍റെ തലസ്ഥാനമായ ഗാങ്ടോക്കും പശ്ചിമ ബംഗാളിലെ ഡാർജിലിംഗുമാണ് സന്ദർശിച്ചത്. ഞങ്ങൾ ദില്ലിയിലെത്തിച്ചേർന്നു. ഇവിടെ നിന്നും വീണ്ടും രണ്ട് മണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങൾ ബാഗ്ഡോരയിലെത്തിച്ചേർന്നു. ലഗേജ് ടാക്സിയിലെടുത്ത് വച്ച് സ്വസ്ഥമായിരുന്നു. മുന്നോട്ടുള്ള യാത്ര മനം കുളിർപ്പിക്കുന്നതായിരുന്നു.
കാഞ്ചൻജംഗാ പർവതനിരകളെ തൊട്ടുതലോടി ഒഴുകി വരുന്ന തീസ്താനദി യാത്രയിലുടനീളം ഞങ്ങളെ അനുഗമിക്കുന്നുണ്ട്. ഒന്ന് കണ്ണ് ചിമ്മാൻ പോലും തോന്നുന്നില്ല. അത്രയ്ക്ക് ഭംഗിയുള്ള പ്രദേശം…
സുഖപ്രദമായ കാലാവസ്ഥ, സുന്ദരിയായി നിൽക്കുന്ന പ്രകൃതി. തെളിനീരിന്‍റെ പര്യായമായ തീസ്താ നദിയ താഴ്വരകളിലുടനീളം ഔഷധസസ്യങ്ങളുടെ നിറസാന്നിദ്ധ്യം. നാണം കുണുങ്ങിയൊഴുകുന്ന കൊച്ചരുവികൾ… ഹെയർപിൻ വളവുകൾ… ശരിക്കും രോമാഞ്ചം കൊള്ളിക്കുന്ന കാഴ്ചകൾ തന്നെ. ഞങ്ങൾ ഇപ്പോൾ രംഗ്പോരയിൽ എത്തിച്ചേർന്നിരിക്കുന്നു.
പശ്ചിമബംഗാൾ അതിർത്തി കടന്നു. ഇനിയിപ്പോൾ സിക്കിമിലൂടെയാണ് യാത്ര. തീസ്താ നദിയിപ്പോൾ ഇടതിവശത്തുകൂടിയാണ് ഒഴുകുന്നത്. വൈകുന്നേരം ഏതാണ്ട് 5.30യോടെ സിക്കിമിന്‍റെ തലസ്ഥാനമായ ഗാങ്ടോക്കിലെ സായാംഗിലെത്തിച്ചേർന്നു.
ഹോട്ടലിൽ അൽപനേരം വിശ്രമിച്ച് ഞങ്ങൾ ഗാങ്ടോക്കിലെ മാൽറോഡ് സന്ദർശിക്കാൻ തീരുമാനിച്ചു. വൈകുന്നേരം 7 മണിയോടടുക്കുന്നു. മാൽറോഡ് എത്തും മുമ്പേ തന്നെ ടാക്സിയിൽ നിന്നിറങ്ങേണ്ടി വന്നു. കാരണം മാൽറോഡിൽ വാഹനയാത്ര നിരോധിച്ചിട്ടുണ്ട്. ഭംഗിയും നല്ല വൃത്തിയുമുള്ള ചെറിയൊരു വീഥി. ഇടയ്ക്കിടയ്ക്ക് നീളൻ കസേരകളും കാണാം. പ്രകൃതി സൗന്ദര്യം നുകരാനും യാത്രികർക്ക് വിശ്രമിക്കാനും തീർത്തതാണിവ.
ഛാംഗു തടാകം
അടുത്ത ദിവസം പ്രഭാതഭക്ഷണമൊക്കെ കഴിച്ച ശേഷം ഹോട്ടലിൽ നിന്നും നേരത്തേ ഏർപ്പാടാക്കിയ വണ്ടിയിൽ ഞങ്ങളെ ടാക്സി സ്റ്റാൻഡിലെത്തിച്ചു. പിന്നീട് വലിയൊരു വാഹനത്തിലായിരുന്നു മുന്നോട്ടുള്ള യാത്ര. ചെങ്കുത്തായ പർവതനിരകളും വെള്ളച്ചാട്ടങ്ങളും കൺകുളിർക്കെ കണ്ടു. സന്തോഷവും അത്ഭുതവും നിറയ്ക്കുന്ന കാഴ്ചകൾ….
ഛാംഗു തടാകത്തിന്‍റെ സൗന്ദര്യം ശരിക്കും അസ്വദിക്കണമെങ്കിൽ ഏതാണ്ട് 12000 അടിയോളം ഉയരത്തിലെത്തിച്ചേരേണ്ടതുണ്ട്. സിക്കിമിലെ ഒരു അത്ഭുത തടാകം തന്നെയാണിത്. ഒരു കി.മീ നീളവും 15 മീറ്റർ ആഴവുമുണ്ടിതിന്. കാട്ടുപുഷ്പങ്ങളും ഔഷധസസ്യങ്ങളും കൊണ്ട് അനുഗ്രഹമാണീ ഭൂപ്രദേശം.
എല്ലുകളെ പോലും മരവിപ്പിക്കുന്ന രൂക്ഷമായ തണുപ്പ്. കയറ്റം കയറുകയാണ്. ഇപ്പോൾ ഇന്ത്യ- ചൈന അതിർത്തി പ്രദേശമൊക്കെ കാണാം. ഏതാണ്ട് 15000 അടി ഉയരത്തിൽ നാഥുല വഴിയാണ് യാത്ര. നാഥുലയിൽ കൂടി യാത്ര ചെയ്യണമെങ്കിൽ മുൻകൂട്ടി അനുവാദം വാങ്ങണം എന്നകാര്യം ഞങ്ങൾക്കറിയില്ലായിരുന്നു. അങ്ങനെ നാഥുല സന്ദർശനം മുടങ്ങി. ഡ്രൈവർ ദൂരെ നിന്ന് അതിർത്തി പ്രദേശം കാട്ടിത്തന്നു. ഇനി മടക്കയാത്ര.
കലിംപോംഗ്
അടുത്ത ദിവസം രാവിലെ 8 മണിയോടെ ഞങ്ങൾ കലിംപോംഗിലേക്ക് യാത്ര തിരിക്കാൻ തീരുമാനിച്ചു. ഗാങ്ടോക്കിലെ ചില സ്ഥലങ്ങൾ ഇനിയും കാണാനുണ്ട്. സ്ഥലങ്ങൾ കണ്ട് യാത്ര തുടർന്നു. ഗാങ്ടോക്കിലെ ഡു ഡ്രൂൽ ചാരിറ്റീസ് ബൗദ്ധ വിഹാരത്തിലെത്തി ചേർന്നു. ഇതും സാമാന്യം നല്ല ഉയരത്തിലായിരുന്നു. ഇവിടെ വാഹനങ്ങൾക്ക് പ്രവേശനമില്ല. ഒരു ബോർഡിൽ റിംപോച്ചി എന്ന് എഴുതിയിരിക്കുന്നതും കണ്ടു. മുകളിൽ ഈ ബൗദ്ധ മന്ദിരത്തിൽ അത്ഭുതം നിറയ്ക്കുന്ന കാഴ്ചകൾ മാത്രം. റിംപോച്ചി ബൗദ്ധ മന്ദിരത്തിൽ അസംഖ്യം പ്രകാശിക്കുന്ന ദീപങ്ങളുണ്ട്. റിംപോച്ചി എന്നാൽ ടീച്ചർ (പണ്ഡിതൻ) ആണെന്നും ഇവിടെ ബുദ്ധനെക്കുറിച്ച് അറിവ് പകരുന്നതാരാണോ ആ വ്യക്തിയെ റിംപോച്ചി എന്നാണ് വിളിക്കുന്നതെന്നും ടാക്സി ഡ്രൈവർ പറഞ്ഞു.
ബൻജാക്കരി വെള്ളച്ചാട്ടം അയിരുന്നു അടുത്ത ലക്ഷ്യം. താഴ്വാരത്തിലുള്ള മനോഹരമായ പിക്നിക് സ്പോട്ടാണിത്. ബൻജാക്കരിയെന്നാൽ വനമന്ത്രവാദിയെന്നാണ്. ഇവിടുത്തെ രാജാവ് ചൊഗ്യാലിനെ ലെപ്ച്ചാ എന്നാണ് വിളിച്ചിരുന്നത്. പലയിടത്തായി മന്ത്രവാദികളുടെ പ്രതിമകളും കാണാനാകും. നാലുവശവും പൂന്തോട്ടങ്ങളാണ്. കാട്ടുപുഷ്പങ്ങളാണധികവും. അതിമനോഹരം. ചെറിയൊരു റെസ്റ്റോറന്‍റും ഇവിടെയുണ്ട്. ഞങ്ങൾ ഇവിടെയിരുന്ന് ചായ കുടിച്ചു. മല്ലിയിലയും ഉരുളക്കിഴങ്ങും മിക്സ് ചെയ്ത ബോണ്ട പോലെയൊരു വിഭവവും കഴിച്ചു.
ഗാങ്ടോക്കിൽ നിന്നും കലിംപോംഗിലേക്കാണ് യാത്ര തിരിച്ചത്. യാത്രയ്ക്കിടയിൽ സിംഗ്താം എന്ന സ്ഥലത്ത് മണിപ്പാൽ യൂണിവേഴ്സസിറ്റിയും എഞ്ചിനീയറിംഗ് കോളേജുമൊക്കെ കണ്ടു. ഞങ്ങൾ വീണ്ടും രംഗ്പോംഗിലെത്തി. അവിടെ നിന്നും വേറൊരു വഴിയിലൂടെ യാത്ര ചെയ്ത് കലിംപോംഗിലെത്തി. വഴിയുടെ ഇരുവശങ്ങളിലുമായി സാല വൃക്ഷങ്ങളും തേക്ക് മരങ്ങളും കാണാമായിരുന്നു. വൃക്ഷങ്ങൾക്കിടയിലുള്ള റോഡിലൂടെ ടാക്സി മന്ദഗതിയിൽ മുന്നോട്ട് നീങ്ങി.
ആരോഗ്യം നൽകുന്ന ശുദ്ധവായുവിന്‍റെ സാന്നിദ്ധ്യം മനസ്സിൽ ആഹ്ളാദം നിറച്ചുകൊണ്ടേയിരുന്നു. പുനസാംഗ്, പോയാംഗ്, മാനസാംഗ് എന്നീ ചെറുഗ്രാമങ്ങൾ താഴ്വരത്തിലുടനീളം കാണമായിരുന്നു. ദൂരെ നിന്നും നോക്കുമ്പോൾ അവ ഒട്ടിപ്പിടിച്ച് നിൽക്കുന്നതായി തോന്നിച്ചു. സിങ്കോന ഫാക്ടറിയിൽ മലേറിയയ്ക്കുള്ള മരുന്ന് നിർമ്മാണം നടക്കുന്നുണ്ട്. ഏലയ്ക്കാ ചെടികളും ഇവിടെ സമൃദ്ധമായി വളരുന്നുണ്ട്. താഴ്വരകളിലെ ഔഷധ സമ്പത്ത് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് ഗവേഷണം നടക്കുന്നുണ്ടത്രേ.
ഫോറസ്റ്റ് നേച്ചർ മ്യൂസിയം
ഞങ്ങൾ വീണ്ടും യാത്ര തുടർന്ന് അൽപം കൂടി മുന്നോട്ട് ചെന്നപ്പോൾ ദേവ്‍രാലിയിലെ ഡെലോ തടാകം കണ്ടു. ഫോറസ്റ്റ് നേച്ചർ മ്യൂസിയവും സന്ദർശിച്ചു. വലിയൊരു ഉദ്യാനവും ഇവിടെയുണ്ട്. ഞങ്ങൾ ഒരുപാട് ചിത്രങ്ങൾ ക്യാമറയിൽ പകർത്തി.
അന്ന് ഞങ്ങൾ കലിംപോംഗിലേക്ക് മടങ്ങി. അടുത്ത ദിവസം രാവിലെ 8.30യോടെ ഞങ്ങൾ ഡാർജിലിംഗിലേക്ക് തിരിച്ചു. എങ്ങും പലതരത്തിലുള്ള കള്ളിമുൾച്ചെടികളുടെ വൈവിദ്ധ്യം കണ്ട് അത്ഭുതം തോന്നി. മുന്നോട്ട് നീങ്ങുംതോറും കൊടുങ്കാട്ടിലേക്ക് നീങ്ങുകയാണോ എന്നുപോലും തോന്നിട്ടു. പകൽവേളപോലും അന്ധകാരം നിറയ്ക്കുന്നതായിരുന്നു. ഇടതുവശത്ത് ഒരു അരുവി ഒഴുകുന്നുണ്ട് ചിത്രേ ഫോൾ. ലെപ്ച്ചുവിൽ എത്താറായി. ചെറിയൊരു കയറ്റമാണ്. സുഖദായകമായ തണുപ്പ്. അൽപസമയത്തിനകം ഞങ്ങൾ 2134 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഡാർജിലിംഗിലെത്തിച്ചേർന്നു.
പശ്ചിമ ബംഗാളിലെ ഹിൽസ്റ്റേഷനാണിത്. സിക്കിം രാജാവ് 1835ൽ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ഉപഹാരമായി നൽകിയതാണെന്ന് പറയപ്പെടുന്നു. കൊടുംചൂടുള്ള അവസരങ്ങളിൽ ബ്രിട്ടീഷുകാർ അഭയം തേടിയത് ഈ പർവതനിരകളിലാണത്രേ. ഇവിടെ കൃഷ്ണഹോട്ടലിലാണ് ഞങ്ങൾ തങ്ങിയത്. ഭക്ഷണം കഴിച്ച് ഡാർജിലിംഗിലെ സൈറ്റ് സീയിംഗിനും തിരിച്ചു.
ഒരു ടാറ്റാ സുമോയും സംഘടിപ്പിച്ചു. ആദ്യം ഞങ്ങൾ ഒരു ബുദ്ധമന്ദിരമാണ് സന്ദർശിച്ചത്. ജാപ്പനീസ് പീസ് പഗോഡയാണെന്നാണ് ഇത് അറിയപ്പെടുന്നത്. ബുദ്ധന്‍റെ ജീവിതത്തിലേക്ക് വെളിച്ചംവീശുന്ന മന്ദിരമാണിത്.
പദ്മജാ നായിഡു ഹിമാലയൻ ജിയോളജിക്കൽ പാർക്ക് ആയിരുന്നു അടുത്ത ഡെസ്റ്റിനേഷൻ. വളരെ വിരളമായി കാണുന്ന ചിലയിനം മൃഗങ്ങളെയും അവിടെ കണ്ടു. മറ്റൊരാകർഷണം വെസ്റ്റ് ജവഹാർ റോഡിലുള്ള ഹിമാലയൻ മൗണ്ടനേയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആണ്.
ബ്രിട്ടീഷ് കാലഘട്ടം മുതലുള്ള പർവ്വതാരോഹകരുടെ ചിത്രങ്ങൾക്കൊപ്പം ഈ ഉദ്യമത്തിന് സഹായകരമാകുന്ന ഉപകരണ സാമാഗ്രികളും പ്രദർശിപ്പിച്ചിട്ടുണ്ട്. നേപ്പാൾ മഹാരാജാവിന് ഹിറ്റ്ലർ നൽകിയ ടെലിസ്കോപ്പും ഇവിടെയുണ്ട്. ഇതിലൂടെ ഹിമാലയത്തിലെ പർവ്വതനിരകളുടെ അഭൂതപൂർവ്വമായ ദൃശ്യം കാണാൻ സാധിക്കും.
ഷെർപ്പാ ടെൻസിംഗ് നോർഗെ, ബച്ചേന്ദ്രിപാൽ എന്നിങ്ങനെയുള്ള പർവ്വതാരോഹകരുടെ ചിത്രങ്ങളും അവരുപയോഗിച്ച വസ്ത്രങ്ങളൊക്കെ കണ്ട് മനസ്സിൽ സാഹസികത ഉണർന്നു. ഷെർപ്പാ ഏറെനാൾ ഈ സ്ഥാപനത്തിന്‍റെ ഡയറക്ടറായിരുന്നു. 1986ൽ ഷെർപ്പയുടെ സിംഗാലാ ബാസാറുമായി യോജിപ്പിക്കുന്ന റോപ്‍വേയും കണ്ടു. ഇപ്പോഴിത് പ്രവർത്തിക്കുന്നില്ല.
ടോയ് ട്രെയിൻ
കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന ടോയ് ട്രെയിൻ ഡാർജലിംഗിന്‍റെ മറ്റൊരു സവിശേഷതയാണ്. ഇത് 82 കി.മീ 6-7 മണിക്കൂറിനകം പൂർത്തിയാക്കുന്നു. കാടുകളും അരുവികളും താഴ്വരകളും താണ്ടിയുള്ള ട്രെയിൻ യാത്ര അവിസ്മരണീയം തന്നെ. ഞങ്ങളുടെ ടാക്സിക്കൊപ്പം ടോയ് ട്രെയിനും നീങ്ങുന്നത് കണ്ടപ്പോൾ ആരാധന സിനിമയിലെ രാജേഷ് ഖന്നയെയും ശാർമ്മിള ടാഗോറിനെയുമാണ് ഓർമ്മ വന്നത്.
ബതാസിയാ ലൂപ്പ് ഡാർജിലിംഗിൽ നിന്നും 5 കിമീ അകലെയാണ്. എൻജിനീയറിംഗ് വിരുതിന്‍റെ ഉത്തമ ഉദാഹരണം തന്നെയാണിത്. ടോയ് ട്രയിൻ വൃത്താകൃതിയിലുള്ള മൂന്ന് വളവുകൾ കറങ്ങി ദിശമാറുന്ന കാഴ്ചയും കാണാൻ സാധിക്കും. ബതാസിയ ലൂപ്പിന്‍റെ കൃത്യം മധ്യഭാഗത്തായി ദേശസ്നേഹികളായ ഗോർഖാ രക്തസാക്ഷികളുടെ സ്തൂപമുണ്ട്.
8163 അടി ഉയരത്തിലുള്ള സചൽ ലേക്ക് നഗരത്തിൽ നിന്നും 10 കി.മീ ദൂരെ സ്ഥിതി ചെയ്യുന്ന ഒരു പിക്നിക് സ്പോട്ട് ആണ്. ഡാർജിലിംഗിലേക്ക് വെള്ളം സപ്ലൈ ചെയ്യുന്നതിവിടെ നിന്നാണ്.
സരാബരിയിൽ നിന്നും കാഞ്ചാൻജംഗയിലെ പർവ്വത നിരകളിലെ നോക്കി കാണാൻ എന്തു ഭംഗിയാണെന്നോ… താഴ്വരകളെ തലോടിയെത്തുന്ന തണുത്ത ഇളം കാറ്റ് മനസ്സിലും കുളുര് കോരിയിടുന്നുണ്ട്. സണ്ടാകഫു ഫാലുത് ട്രക്കിംഗ് രോമാഞ്ചം നിറയ്ക്കുന്നതാണ്.
സണ്ടാകഫുവിൽ നിന്നും ലോകത്തിലെ അഞ്ച് ഉയർന്ന പർവതനിരകളിൽ നാലും കാണാനാകും. മൗണ്ട് എവറസ്റ്റ്, മകാലു, ലഹോത്സേ, കാഞ്ചൻജംഗാ. ടാക്സി വീണ്ടും മുന്നോട്ട് നീങ്ങി. താഴ്വരയെ പൊതിഞ്ഞു നിൽക്കുന്ന ചായത്തോട്ടങ്ങൾ. ചായയുടെ ഇലകൾ സ്പർശിച്ചപ്പോൾ ചായ കുടിക്കുന്നതുപോലെ ഉഷാർ തോന്നി.
സന്ധ്യയോടെ ഞങ്ങൾ ഡാർജിലിംഗിലെ മാൽറോഡ് സന്ദർശിക്കാൻ തീരുമാനിച്ചു. ഇത് ഗാങ്ടോക്കിലെ മാൽ റോഡ്പോലെ ശാന്തമോ വൃത്തിയുള്ളതോ ആയിരുന്നില്ല. ചെറിയൊരു കറക്കം കഴിഞ്ഞ് ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി. മഴമേഘങ്ങൾ ഇരുണ്ടുകൂടിയിരുന്നു. പിന്നെ ശക്തിയായ മഴ പെയ്തു.
സൂര്യോദയം
ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച് നേരത്തേ കിടന്നു. രാവിലെ 3 മണിക്ക് ഉണരേണ്ടിയിരുന്നു. ഡാർജിലിംഗിൽ നിന്നും 13 കി.മീ ദൂരെ 8,1482 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടൈഗർ ഹിൽസിലെ സൂര്യോദയമാണ് കാണേണ്ടിയിരുന്നത്. ഡ്രൈവർ ഞങ്ങളെ കൃത്യം 3 മണിയ്ക്കുണർത്തി. ടൈഗർ ഹിൽസിൽ നിന്നും കാഞ്ചൻജംഗാ പർവ്വതനിരകളിലേക്ക് പതിക്കുന്ന സൂര്യന്‍റെ പ്രഥമരശ്മികളുടെ അത്ഭുതദൃശ്യം കണ്ണുകൾ കോരിയെടുത്തു. വെള്ള പുതച്ച പർവതങ്ങൾ ഓറഞ്ച് നിറമായി മാറുന്നു. കാഞ്ചൻജംഗയിലെ പർവതനിരകളോരോന്നായി അത്ഭുത പ്രകാശത്തിൽ തിളങ്ങുന്നു. വിശ്വസിക്കാൻ പറ്റുന്നില്ല. ഡാർജിലിംഗ് യാത്രയിലെ മുഖ്യ ആകർഷണമാണിത്.
ടൈഗർ ഹിൽസിൽ നിന്നാൽ മൗണ്ട് എവറസ്റ്റിന്‍റെ ഉയർന്ന രണ്ട് പർവതനിരകൾ കാണാം. മൂന്നാമത്തെ വലിയ പർവതനിരയായ മകാലുവും. രസകരമായി തോന്നിച്ചതിതൊന്നുമല്ല, കാഞ്ചൻജംഗയുടെ പിന്നിലായി കാണുന്ന മൗണ്ട് എവറസ്റ്റ് തീരെ ചെറുതായി തോന്നിച്ചു. എന്നാലിത് ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതശൃംഘലയാണെന്നോർക്കണം. ഇത് ടൈഗർ ഹില്ലിൽ നിന്നും കേവലം 107 മൈൽ ദൂരെയാണ് പക്ഷേ, വളരെ അകലത്തായി തോന്നിച്ചു.
ഇവിടെ നിന്നും 84 മൈൽ വടക്ക് കിഴക്കായി ടിബറ്റിലെ ഏറ്റവും മനോഹരമായ ചുമൽ റിഹ് പർവതനിരകൾ കാണാം. ഇത് പറക്കാൻ തയ്യാറായി നിൽക്കുന്ന കാക്കക്കൂട്ടങ്ങളാണോ എന്നുപോലും തോന്നിച്ചു.
തീസ്താ, മഹാനദി, ബാലാസൻ, മിചി എന്നീ നദികൾ വെള്ളവരകൾ പോലെ തെളിഞ്ഞ് കാണാമായിരുന്നു.
ടാക്സി രാവിലെ 9 മണിയോടെ ബാഗ്ഡോഗ്രായിലേക്ക് പുറപ്പെട്ടു. യാത്രയ്ക്കിടെ ഡാർജിലിംഗിലെ വിട്ടുപോയ കുറേ സ്ഥലങ്ങൾ സന്ദർശിച്ചു. ലോകത്തിൽ ഏറ്റവും ഉയരത്തിൽ പണി കഴിപ്പിച്ച സ്റ്റേഷനും ഞങ്ങളിവിടെ കണ്ടു. 7400 അടി ഉയരത്തിൽ. കുറച്ച് മുന്നോട്ട് ചെന്നപ്പോൾ ഒരു ബുദ്ധമന്ദിരവും കണ്ടു. ഇത് സോനാദാ മോൺസ്ട്രി എന്ന പേരിൽ പ്രശസ്തമാണ്.
3 മണിയോടെ ഞങ്ങൾ ബാഗ്ഡോഗ്രാ വിമാനത്താവളത്തിലെത്തി ചേർന്നു. 4 മണിക്കായിരുന്നു മടക്കയാത്ര. വിമാനത്തിൽ കയറിയിരുന്ന് 3 മണിക്കൂറിനകം ഞങ്ങൾ ഡൽഹിയിലെത്തി. ഇപ്പോഴും കണ്ണടച്ച് വിശ്രമിക്കാൻ ഒരുങ്ങുമ്പോഴൊക്കെ മനസ്സിനെ വല്ലാതെ മോഹിപ്പിച്ച പ്രകൃതി ദൃശ്യങ്ങൾ വീണ്ടും തെളിഞ്ഞുവരും. അത്രയ്ക്കും ഹൃദ്യമായിരുന്നല്ലോ ആ യാത്ര.