കാലത്ത് എണീറ്റ് വാട്സാപ്പ് ചികഞ്ഞപ്പോൾ ആദ്യം തുറന്നത് മീരയുടെ വോയ്സ് മെസേജാണ്. ‘നിന്നെ എപ്പോഴാണ് ഒന്നു കാണാൻ കിട്ടുക? ഒരു അത്യാവശ്യ കാര്യം സംസാരിക്കാനുണ്ടായിരുന്നു.’

രാത്രി പതിനൊന്ന് നാൽപ്പത്തഞ്ചിനാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവം ഗൗരവമുള്ളതു തന്നെ. അക്കാര്യം ഇന്നലെ അവളുടെ ഉറക്കം അപഹരിച്ചിട്ടുണ്ടെന്നു വ്യക്തം. മുമ്പും പല കാര്യങ്ങളുടെയും ഗൗരവം മീര പറയുമ്പോഴായിരുന്നു ശരിക്കും മനസ്സിലാക്കിയിരുന്നത്.

ഞായറാഴ്ചയാണെങ്കിലും തിരക്കുള്ള ദിവസമാണ്. രാത്രി വരെ ചെയ്തു തീർക്കാനുള്ള പണികൾ മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നു. ഇന്ന് അവളെ കാണൽ നടക്കില്ലെന്നുറപ്പാണ്. എങ്കിലും ടെക്സ്റ്റ് ചെയ്തു, ‘എന്താ കാര്യം?’

കുളിക്കാൻ പോവാനായി മൊബൈൽ താഴെ വെക്കുമ്പോഴേക്കും മീരയുടെ മറുപടി വന്നു കഴിഞ്ഞിരുന്നു.

‘അന്ന് നീ സ്ക്കൂളിൽ വന്നപ്പോൾ കണ്ട, കൂട്ടുകാരിയെ ടോയ്ലറ്റിലിട്ടു പൂട്ടിയ ആ കുട്ടിയില്ലേ, രജിത, അവളുടെ ജീവിതം വലിയൊരു പ്രശ്നത്തിലാണ്. എനിക്കെന്തെങ്കിലും ചെയ്യണമെന്നുണ്ട്. പക്ഷെ എങ്ങനെ? കുട്ടികളുടെ മനസ്സ് നന്നായി അറിയുന്ന ആളല്ലേ, നിനക്കെന്തായാലും നല്ലൊരു പോംവഴി നിർദ്ദേശിക്കാൻ കഴിയും.’

‘ഫ്രീയാവുമ്പോൾ ഞാൻ അറിയിക്കാം,’ എന്ന് ടെക്സ്റ്റ് ചെയ്ത് തിരക്കിട്ട് കുളിക്കാൻ കയറി.

മീര ഡിഗ്രിക്കു പഠിക്കുമ്പോൾ ക്ലാസ്സ്മേറ്റായിരുന്നു. ഇപ്പോൾ ഒരു പ്രൈമറി സ്ക്കൂൾ അധ്യാപിക. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുടെ കാര്യമാണ് അവൾ പറയുന്നത്. എല്ലാ അധ്യാപകരെയും പോലെ നാലു മണിക്ക് കൂട്ടമണിയടിക്കുമ്പോൾ കുട്ടികളുടെ കാര്യം മനസ്സിൽ നിന്നു കളയുന്നവളല്ല മീര. അവൾ അവരെയും കൂടെ കൊണ്ടുനടക്കും. സ്വന്തമായി രണ്ട് കുട്ടികൾ ഉണ്ടായിട്ടും!

ഭാര്യയെയും മക്കളെയും പള്ളിയിൽ കൊണ്ടുപോയി വിട്ട് ഏരിയ കമ്മിറ്റി മീറ്റിംഗിനെത്തുമ്പോൾ അവിടെ മാധവൻ മാഷും നാസറും മാത്രമേ എത്തിയിട്ടുണ്ടായിരുന്നുള്ളൂ. യോഗം തുടങ്ങാൻ അര മണിക്കൂറെങ്കിലും വൈകും. മീരയെ കാണാൻ സമയമുണ്ട്. ഹാജർ ബുക്കിൽ മൂന്നാമനായി ഒപ്പുവെച്ച് ‘ഉടനെ വരാം’ എന്നു പറഞ്ഞ് അവിടെ നിന്ന് മുങ്ങി.

“നീയിപ്പോൾ എവിടെയാണ്?” മീരയെ ഫോണിൽ വിളിച്ചു ചോദിച്ചു.

“ഞങ്ങൾ ടാഗോർ പാർക്കിലുണ്ട്.”

“ശരി, ഇപ്പോൾ എത്താം.”

മീരയുടെ മാസങ്ങളായുള്ള നിർബന്ധത്തിനൊടുവിലാണ് രണ്ടാഴ്ച മുമ്പ് അവളുടെ സ്ക്കൂളിൽ പോയത്. അവളുടെ കുട്ടികൾക്ക് ഞാൻ ഒരു കഥ പറഞ്ഞു കൊടുക്കണം പോലും!

“കഥ പറയുന്നതിൽ ഞാനൊരു പരാജയമാണ്. എന്നാലും കുട്ടികൾക്ക് നല്ല കഥകൾ കേൾക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതല്ലല്ലോ. നീ എത്ര നന്നായാണ് പറയുന്നത്” എന്ന് അവൾ പറഞ്ഞപ്പോൾ സുഖിപ്പിക്കലാണെന്ന് മനസ്സിലായെങ്കിലും ‘നോ’ പറയാൻ തോന്നിയില്ല.

രണ്ടു മണിക്കൂർ വരെ നീട്ടിക്കൊണ്ടു പോകാവുന്ന ഒരു സെഷൻ പ്ലാൻ ചെയ്ത് ഒരു വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് അവളുടെ സ്ക്കൂളിലെത്തിയത്. കാറിൽ നിന്നിറങ്ങിയതും അധികമാരെയും പരിചയപ്പെടുത്താതെ, ഓഫീസിലേക്കോ സ്റ്റാഫ്റൂമിലേക്കോ കൊണ്ടുപോവാതെ മീര വന്ന് എന്നെ അവളുടെ ക്ലാസ്സിലേക്ക് കൂട്ടിക്കൊണ്ടു പോയി.

“കുട്ടികളേ, ഒരു വിശിഷ്ടാതിഥിയാണ് ഇന്ന് നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഇദ്ദേഹമാണ് സുബിൻ ചേട്ടൻ. കുട്ടികൾക്കു വേണ്ടി ധാരാളം കഥകൾ എഴുതിയിട്ടുള്ള ആളാണ്. നന്നായി കഥ പറയുകയും ചെയ്യും. ഇന്ന് സുബിൻ ചേട്ടൻ നിങ്ങൾക്ക് ഒരു കഥ പറഞ്ഞു തരും.” മീര പരിചയപ്പെടുത്തിയപ്പോൾ കുട്ടികൾ ആവേശത്തോടെ കൈയടിച്ചു.

ആകെ ഇരുപത്തി മൂന്ന് കുട്ടികളേ ക്ലാസ്സിൽ ഉണ്ടായിരുന്നുള്ളൂ. പതിനഞ്ച് പെൺകുട്ടികളും എട്ട് ആൺകുട്ടികളും. എല്ലാവരും ചുണക്കുട്ടികളായിരുന്നു. പെൺകുട്ടികളായിരുന്നു കൂടുതൽ ഉത്സാഹവതികൾ.

കുട്ടികളെ പരിചയപ്പെട്ട ശേഷം ഞാൻ കഥ തുടങ്ങി. ചപ്പാത്തി ഇഷ്ടമില്ലാത്ത ‘ദ്യുതി’ എന്ന കുട്ടിയുടെ കഥയാണ് പറഞ്ഞു തുടങ്ങിയത്. അവളുടെ വീട്ടിൽ എല്ലാ ദിവസവും രാത്രി ചപ്പാത്തിയാണ് ഭക്ഷണം. ആഴ്ചയിൽ ഏഴു ദിവസവും ഏഴു തരം കറികളായിരിക്കുമെന്നു മാത്രം. അവൾ എങ്ങനെയാണ് ചപ്പാത്തി ഇഷ്ടപ്പെടാൻ തുടങ്ങിയതെന്നും എങ്ങനെയാണ് സംസാരിക്കാതെ ഭക്ഷണം കഴിക്കാൻ പഠിച്ചതെന്നുമൊക്കെയാണ് കഥയിൽ പറയുന്നത്. കഥയിൽ ദ്യുതിയും അവളുടെ അച്ഛനും അമ്മയും മാത്രമല്ല ഒരു കുറുക്കനും ഉണ്ടായിരുന്നു. ദ്യുതി കണ്ടിട്ടില്ലാത്ത ഒരു കുറുക്കൻ!

നല്ല ആഹാര ശീലങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാൻ കൂടി ഉദ്ദേശിച്ചാണ് ഈ കഥ തന്നെ തിരഞ്ഞെടുത്തത്. കഥയ്ക്കിടയിൽ പാട്ടു പാടാനുള്ള അഞ്ച് സന്ദർഭങ്ങളും ഒരുക്കിയിരുന്നു. കുട്ടികൾ ആവേശത്തോടെ ഞാൻ ചൊല്ലിക്കൊടുത്ത വരികൾ ഏറ്റു പാടി, ശ്രദ്ധയോടെ കഥ കേട്ടു, ചോദ്യങ്ങൾക്ക് ഉത്തരം അലറിക്കൊണ്ട് വിളിച്ചു പറഞ്ഞു!

മുക്കാൽ മണിക്കൂറോളം യാതൊരു തടസ്സവുമില്ലാതെ കഥ പറച്ചിൽ തുടർന്നു. എന്നാൽ അപ്പോൾ രോഷ്നി എന്ന കുട്ടി എഴുന്നേറ്റു. പിൻ ബെഞ്ചിലിരുന്ന് കഥ ആസ്വദിച്ചു കൊണ്ടിരുന്ന മീര അവളുടെ അടുത്തേക്ക് ഓടിച്ചെന്നു.

രോഷ്നിക്ക് ടോയ്ലറ്റിൽ പോവണം. ‘ഒറ്റയ്ക്കു പോവേണ്ട, വേറൊരാളേക്കൂടി കൂടെ കൂട്ടിക്കോ,’ എന്ന് മീര പറഞ്ഞു. ‘രജിത’ എന്ന കുട്ടി ‘ഞാൻ പോവാം’ എന്നു പറഞ്ഞ് ചാടിയെഴുന്നേറ്റു.

“സുബിൻ ചേട്ടാ, ഞാൻ വന്നിട്ടേ കഥയുടെ ബാക്കി പറയാവൂ,” എന്നു പറഞ്ഞിട്ടാണ് രോഷ്നി പോയത്.

കുട്ടികൾ പുറത്തേക്കു പൊയ്ക്കഴിഞ്ഞപ്പോൾ സ്ക്കൂളിലെ ഹെഡ്മാസ്റ്റർ വേണുഗോപാൽ സാർ വാതിൽക്കലെത്തി.

“മൂന്നരയ്ക്ക് കുട്ടികളെയെല്ലാം ഹാളിൽ ഒരുമിച്ചു കൂട്ടാം, അവരോട് പത്തു മിനിറ്റ് സംസാരിക്കാമോ?” എന്നാണ് അദ്ദേഹം ചോദിച്ചത്.

“അത് വേറൊരു ദിവസമാകാം, എന്നു വേണമെന്ന് മീര ടീച്ചറോട് പറഞ്ഞാൽ മതി.” എന്ന് ഞാൻ മറുപടി പറഞ്ഞു.

അതു സമ്മതിച്ച്, അദ്ദേഹത്തിന്‍റെ മകൻ, ഞാൻ ‘ബാലലോകം’ വാരികയിൽ എഴുതുന്ന നോവലിന്‍റെ സ്ഥിരം വായനക്കാരനാണ് എന്നൊക്കെ പറഞ്ഞ് എന്നെ പുകഴ്ത്തി ഹെഡ്മാസ്റ്റർ മടങ്ങി.

പുറത്തേക്കു പോയ കുട്ടികൾ മടങ്ങി വന്നിരുന്നില്ല. അവർ വരുന്നതുവരെ ഒരു പാട്ടു പാടാമെന്നു കരുതി തുടങ്ങാനൊരുങ്ങുമ്പോൾ രജിത മാത്രം മടങ്ങി വന്നു.

“രോഷ്നി എവിടെ?” മീര ചോദിച്ചു.

“അവൾ ടോയ്ലറ്റിലുണ്ട്, കുറച്ചു കാത്തു നിന്നിട്ട് ഞാനിങ്ങു പോന്നു.” കൂസലില്ലാതെ രജിത പറഞ്ഞു.

“രേഷ്മ, നീ പോയി അവളെ കൂട്ടിക്കൊണ്ടു വാ.” മീര മറ്റൊരു കുട്ടിയെ പറഞ്ഞയച്ചു.

കഥ കേൾക്കാനുള്ള ആവേശത്തിൽ രജിത വേഗം വന്നതാണെന്നാണ് ഞാൻ കരുതിയത്.

ഇപ്പോഴും രണ്ട് കുട്ടികൾ പുറത്താണ്. ഞാൻ ‘എന്നോട് കളിക്കേണ്ട ഒണക്കച്ചപ്പാത്തീ…’ എന്ന പാട്ട് കുട്ടികൾക്ക് പാടിക്കൊടുത്തു.

പാട്ട് തകർക്കുന്നതിനിടയിൽ രോഷ്നിയും രേഷ്മയും മടങ്ങി വന്നു. രോഷ്നി എങ്ങലടിച്ചു കരഞ്ഞുകൊണ്ടാണ് വരുന്നത്. എന്‍റെ കഥ പറച്ചിൽ തടസ്സപ്പെട്ടു.

മീര കുട്ടിയെ സമാധാനിപ്പിച്ച് കാര്യമെന്തെന്ന് ചോദിച്ചറിഞ്ഞു. രോഷ്നി ടോയ്ലറ്റിനുള്ളിലായിരിക്കുമ്പോൾ ടോയ്ലറ്റിന്‍റെ ഡോർ പുറത്തു നിന്ന് ലോക്ക് ചെയ്തിട്ടാണത്രേ രജിത വന്നത്. മീര രജിതയെ നോക്കി.

“ഞാൻ വാതിൽ പൂട്ടിയിട്ടില്ല.” രജിത ഉറപ്പിച്ചു പറഞ്ഞു.

മീര രോഷ്നിയെ മടിയിൽ കിടത്തി പുറത്തു തട്ടി സമാധാനിപ്പിച്ചു. അവളുടെ തേങ്ങലിന്‍റെ ശക്തി കുറഞ്ഞപ്പോൾ ഞാൻ കഥ പറച്ചിൽ പുനരാരംഭിച്ചു.

കുട്ടികളെ പഴയ മൂഡിലേക്കു കൊണ്ടുവരാൻ ഏറെ പാടുപെടേണ്ടി വന്നു. കഥ കേൾക്കുന്നതിനിടയിലും കുട്ടികൾ ഇടയ്ക്കിടെ രോഷ്നിയെയും രജിതയെയും മാറിമാറി നോക്കുന്നുണ്ടായിരുന്നു.

എന്‍റെയും ഒഴുക്കു നഷ്ടപ്പെട്ടിരുന്നു. ഇടയ്ക്കു ചോദിക്കാൻ കരുതി വെച്ചിരുന്ന പല ചോദ്യങ്ങളും ഞാൻ മറന്നു പോയി. എങ്കിലും ഒരുവിധം കഥ പറഞ്ഞൊപ്പിച്ച് മുന്നേമുക്കാലോടെ ഞാൻ അവിടെ നിന്ന് തടിയൂരി. നല്ലൊരു കഥ കേട്ട സംതൃപ്തി കുട്ടികളുടെ മുഖത്തും കാണാൻ കഴിഞ്ഞില്ല. പ്രൈമറി ക്ലാസ്സുകളിലെ അധ്യാപകർ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ഞാൻ മടക്കയാത്രയിൽ ചിന്തിച്ചത്.

രാത്രി മീര വിളിച്ച് കഥ പറച്ചിൽ കുളമായിപ്പോയതിന് ‘സോറി’ പറഞ്ഞു. “നീയെന്തു തെറ്റാണു ചെയ്തത്? കുട്ടികളാവുമ്പോൾ അങ്ങനെയൊക്കെ സംഭവിക്കും.” എന്നു പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു. ആ രാത്രിക്കു ശേഷം അക്കാര്യം മറന്നതായിരുന്നു.

ടാഗോർ പാർക്കിലെ പാർക്കിംഗ് ഏരിയയിൽ വണ്ടി നിർത്തി അകത്തു കടന്നു. മീരയുടെ രണ്ട് ആൺകുട്ടികളും ഊഞ്ഞാലാടി രസിക്കുകയാണ്. ഒരു സിമന്‍റ് ബെഞ്ചിന്‍റെ നടുവിൽ, രണ്ടറ്റത്തും ഓരോ ആൾക്ക് ഇരിക്കാനുള്ള സ്ഥലം അവശേഷിപ്പിച്ച് മീരയും ഭർത്താവും നാട്ടുവിശേഷങ്ങൾ പറഞ്ഞ് ഇരിക്കുന്നു.

“ഹായ്, രാജീവൻ സാർ,” ഞാൻ അവളുടെ ഭർത്താവിനെ വിഷ് ചെയ്തു.

“ഹായ് സുബിൻ, നിനക്കു മാത്രം പരിഹരിക്കാൻ കഴിയുന്ന എന്തോ പ്രശ്നവുമായി എന്‍റെ ഭാര്യ കുറച്ചു ദിവസമായി നടക്കുകയാണ്.”

“എന്നെക്കൊണ്ട് കഴിയുന്നതാണോ, ഏതായാലും ഒന്ന് ശ്രമിച്ചു നോക്കാം.”

“നിന്നെ ഇന്നു തന്നെ കാണാൻ കഴിഞ്ഞതു നന്നായി.” മീര പറഞ്ഞു.

“എന്താണ് രജിത മോളുടെ പ്രശ്നം?” ഞാൻ ചോദിച്ചു.

മീര പറഞ്ഞു തുടങ്ങി. “അത് പറയാനാണെങ്കിൽ വലിയൊരു കഥയാണ്. ഏതായാലും നിന്‍റെ സമയം അധികം നഷ്ടപ്പെടുത്താതെ ചുരുക്കി പറയാം. രജിത ഇതിനു മുമ്പ് ‘റെയ്ച്ചൽ’ എന്ന മറ്റൊരു കുട്ടിയേയും ടോയ്ലറ്റിനകത്തിട്ട് പൂട്ടിയിരുന്നു. ആ കുട്ടി കുറച്ച് ധൈര്യമുള്ള കുട്ടിയായിരുന്നു. അവൾ ടോയ്ലറ്റ് ക്ലീൻ ചെയ്യുന്ന ബ്രഷിന്‍റെ കമ്പി വാതിലിനിടയിലൂടെ കടത്തി പുറത്തു നിന്നിട്ട കൊളുത്ത് ഉയർത്തി മാറ്റി പുറത്തു കടന്നു. അവൾ എന്നോട് പരാതി പറഞ്ഞതുമില്ല. മറ്റു കുട്ടികൾ പറഞ്ഞാണ് ഞാൻ ഈ സംഭവം അറിയുന്നത്.”

“ആട്ടെ, നീ രജിതയുമായി സംസാരിച്ചില്ലേ?”

“സംസാരിച്ചു, പക്ഷേ ആദ്യമൊക്കെ അവൾ ചെയ്ത കാര്യം നിഷേധിക്കുകയാണുണ്ടായത്. ഞാൻ അൽപ്പം സ്വരം കടുപ്പിച്ചപ്പോൾ അവൾ പറയുകയാണ്, ‘ഒരു ദിവസം ഞാൻ മിസ്സിനെയും ടോയ്ലറ്റിലിട്ട് പൂട്ടും, പെട്ടെന്നൊന്നും മിസ്സിന് പുറത്തിറങ്ങാൻ കഴിയില്ല,’ എന്ന്.”

ഇങ്ങനെ മറ്റുള്ളവരെ വേദനിപ്പിച്ചാൽ നിനക്ക് എന്ത് സന്തോഷമാണ് കിട്ടുന്നതെന്ന്, ഞാൻ ചോദിച്ചു. ‘എന്‍റെ അമ്മയും എന്നെ ടോയ്ലറ്റിലിട്ട് പൂട്ടാറുണ്ടല്ലോ,’ എന്നാണ് അവൾ മറുപടി പറഞ്ഞത്.”

ഞാനങ്ങ് വല്ലാതായിപ്പോയി. കുറച്ചു സമയം മിണ്ടാതിരുന്നിട്ട് സ്വരം മയപ്പെടുത്തി വീണ്ടും അവളോട് ‘എന്തിനാണ് നിന്നെ അമ്മ അങ്ങനെ ചെയ്യുന്നതെന്ന്’ ചോദിച്ചു. അപ്പോൾ രജിത പറയുകയാണ്, ‘അവരുടെ ബോയ്ഫ്രണ്ട് വരുമ്പോഴാണ് അമ്മ അങ്ങനെ ചെയ്യുന്നത്,’ എന്ന്.”

കാര്യങ്ങളുടെ കിടപ്പ് എനിക്ക് ഏതാണ്ട് പിടികിട്ടി.

“രജിതയുടെ അച്ഛൻ എവിടെയാണ്?” ഞാൻ ചോദിച്ചു.

“ഗൾഫിലാണെന്നാണ് പറയുന്നത്. പക്ഷെ അയാൾ മകളെ വിളിക്കാറൊന്നുമില്ല.”

അതു പറഞ്ഞ് ഒരു പരിഹാരം പ്രതീക്ഷിച്ചു കൊണ്ട് മീര എന്നെ നോക്കി. എന്തു മറുപടി പറയുമെന്നറിയാൻ രാജീവൻ സാറിനുമുണ്ടായിരുന്നു ആകാംക്ഷ. ഞാൻ നിശ്ശബ്ദനായി നിൽക്കുന്നതു കണ്ട് അദ്ദേഹം പറഞ്ഞു.

“ചൈൽഡ് ലൈനിൽ വിവരം അറിയിക്കാൻ ഞാൻ ഇവളോടു പറഞ്ഞതാ. ഇവളാകട്ടെ സ്ക്കൂളിലെ ഹെഡ്മാസ്റ്ററോടു പോലും വിവരം പറഞ്ഞിട്ടില്ല.”

“തൽക്കാലം അതു വേണ്ട സർ. കുട്ടികളുടെ കാര്യം വലിയ കഷ്ടമാണ്. ഒരുപാട് അരക്ഷിതത്വങ്ങൾക്കു നടുവിൽ വലിയ ഭയത്തിൽ ആണ് മിക്ക കുട്ടികളുടെയും ജീവിതം. അതിൽ നിന്നൊക്കെ പുറത്തു കടക്കാൻ അവർ വിചിത്രമായ രീതികളിൽ പ്രതികരിച്ചെന്നിരിക്കും. രണ്ടാം ക്ലാസ്സിലെ ഈ കുട്ടിയെ നമുക്ക് പൂർണമായി അങ്ങ് വിശ്വസിക്കാനും കഴിയില്ല.”

“പിന്നെ എന്തു ചെയ്യണമെന്നാണ് നീ പറയുന്നത്?” മീര ചോദിച്ചു.

“തൽക്കാലം ഇനി ഇക്കാര്യങ്ങളെക്കുറിച്ചൊന്നും രജിതയോട് സംസാരിക്കേണ്ട. എന്നാൽ എല്ലാ ദിവസവും അവളെ വിളിച്ച് സ്നേഹത്തോടെ സംസാരിക്കണം. അവൾക്ക് ഒരു അമ്മയുടെ സ്നേഹം നൽകണം. അവളുടെ ഏതു പ്രശ്നത്തിനും ടീച്ചറായ നീ ഒപ്പമുണ്ടെന്ന് അവളെ ബോധ്യപ്പെടുത്തണം. പതിയെ പതിയെ ചോദിക്കാതെ തന്നെ അവൾ പല കാര്യങ്ങളും നിന്നോട് പറയും. അതുകൂടി മനസ്സിലാക്കിയ ശേഷം, രണ്ടാഴ്ചയെങ്കിലും കഴിഞ്ഞ് നമുക്ക് ഒരു തീരുമാനമെടുക്കാം. മിക്കവാറും പരിഗണന കിട്ടുമ്പോൾ തീരുന്ന പ്രശ്നമേ രജിതയ്ക്കുണ്ടാവുകയുള്ളൂ.”

മീരയുടെയോ ഭർത്താവിന്‍റെയോ പ്രതികരണത്തിനു കാത്തു നിൽക്കാതെ, ‘തിരക്കിലാണ്’ എന്ന് ആംഗ്യം കാട്ടി തിരിഞ്ഞു നടന്നു.

തിരികെ പാർട്ടി ഓഫീസിലെത്തിയപ്പോൾ അവിടെ ചൂടുപിടിച്ച ചർച്ച നടക്കുകയാണ്‌. ‘കേരളീയം’ പരിപാടി സർക്കാരിന്‍റെ ധൂർത്താണെന്ന പ്രചാരണത്തിനു നേതൃത്വം നൽകുന്ന മുസ്തഫയ്ക്കെതിരെയാണ് എല്ലാവരുടെയും രോഷപ്രകടനം. “അവനെ നമുക്ക് ടോയ്ലറ്റിലിട്ട് പൂട്ടാം.” പിന്നിലെ കസേരയിലിരുന്ന് സാന്നിദ്ധ്യം അറിയിക്കാൻ പെട്ടെന്ന് വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു. അതുകേട്ട് ആദ്യം കൂട്ടച്ചിരിയാണുണ്ടായതെങ്കിലും പിന്നീട് ചിലരൊക്കെ കൈയടിച്ചു.

और कहानियां पढ़ने के लिए क्लिक करें...