അമ്മേ, ഇന്ന് രാത്രിയെന്താ കഴിക്കാൻ? “ചപ്പാത്തിയും പയറു കറിയുമുണ്ട്.”
“പയറു കറിയോ?”
“ഛെ, ഇത് മാത്രമേ ഉണ്ടാക്കിയുള്ളോ?” എനിക്കെങ്ങും വേണ്ട.”
“നല്ലത്, വാട്സാപ്പിൽ കൂട്ടുകാരി പ്രിയയുമായി ചാറ്റ് ചെയ്തു കൊണ്ടിരുന്നത് തുടർന്നു കൊണ്ട് താൽപര്യമില്ലാത്ത മട്ടിൽ ഞാൻ, മഞ്ജരി മറുപടി പറഞ്ഞു.”
“അമ്മേ ഫോൺ വെച്ചേ, ഞാൻ പറയുന്നത് കേൾക്കൂ.”
“നീ പറഞ്ഞോ, ഞാൻ കേട്ടു കൊള്ളാം. നിന്നെ നോക്കേണ്ട ആവശ്യമില്ലല്ലോ? മറന്നു പോയോ, നീയല്ലേ സംസാരിച്ച് തുടങ്ങിയത്?
എന്‍റെ മറുപടി കേട്ടിട്ടാവണം എന്‍റെ 20 വയസ്സുകാരൻ മകൻ അഭി ദേഷ്യപ്പെട്ട് മുറിവിട്ടു പോയി. “എപ്പോൾ നോക്കിയാലും ഫോണിൽ ബിസിയാ.”
ഞാൻ അതത്ര കാര്യമാക്കിയില്ല. പ്രിയ അയച്ചു തന്ന വാട്സാപ്പ് ജോക്സ് വായിച്ച് പൊട്ടിച്ചിരിച്ചു.
അവൻ മുഖം വീർപ്പിച്ചു, “അമ്മ മുമ്പ് ഇങ്ങനെയായിരുന്നില്ലല്ലോ?”
ഞാനവന്‍റെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞു. “മോൻ പറഞ്ഞത് ശരിയാ, അമ്മയ്ക്കും ചേഞ്ച് വേണമെന്ന് മോൻ പറഞ്ഞിട്ടില്ലേ.”
ഞാൻ ഡൈനിംഗ് ടേബിളിൽ ഭക്ഷണം എടുത്തു വയ്ക്കവെ ഭർത്താവ് ഹരികൃഷ്ണനും മൂത്തമകൾ നേഹയും ഡൈനിംഗ് റൂമിലേക്ക് വന്നു. അഭി മുഖം വീർപ്പിച്ചിരിക്കുന്നതു കണ്ട് ഹരി തമാശ മട്ടിൽ പറഞ്ഞു.
“എന്ത് പറ്റി സാറിന്, ഇന്നും നിനക്കിഷ്ടമില്ലാത്ത ഭക്ഷണമാണോ?”
“അതെ അച്‌ഛാ, ഇത് കണ്ടോ ചപ്പാത്തിയും പയർ കറിയും?”
ഹരികൃഷ്ണൻ അഭിയെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു. “മഞ്ജരി കുട്ടികൾക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കി കൊടുത്തു കൂടെ.”
“എന്താ, ഈ ഭക്ഷണത്തിന് കുഴപ്പം?” എന്‍റെ മറുചോദ്യത്തിന്‍റെ കാർക്കശ്യത കേട്ടിട്ടാവണം എല്ലാവരും ഒരു നിമിഷം എന്നെ പകച്ചു നോക്കി. പിന്നെയാരും ഒന്നും പറയാൻ ധൈര്യപ്പെട്ടില്ല.
“അമ്മേ, അമ്മ നേരത്തെ ഇങ്ങനെയായിരുന്നില്ലല്ലോ.” നേഹ ധൈര്യം സംഭരിച്ചു കൊണ്ട് പറഞ്ഞു.
അത്താഴം കഴിച്ച ശേഷം ഞാനും ഹരിയും എപ്പോഴത്തേയും പോലെ മുറ്റത്തു കൂടി ഉലാത്തി കൊണ്ടിരിക്കെ ഹരി ചോദിച്ചു.
“ങ്ഹും, മഞ്ജരി ഇന്നത്തെ ദിവസം എങ്ങനെയുണ്ടായിരുന്നു?”
“എന്നത്തേയും പോലെ.”
“എന്ത് ചെയ്തു?”
“എന്നും ചെയ്യുന്നത് തന്നെ.”
“എന്തെങ്കിലും പുതുതായി.”
“ഒന്നുമില്ല.”
“മുമ്പ് നീ എന്തെല്ലാം കാര്യങ്ങൾ സംസാരിച്ചിരുന്നു. അതൊക്കെ എവിടെ പോയി ഒളിച്ചു?”
ഞാനൊരു നിമിഷം ഹരിയെ നോക്കി. അദ്ദേഹം എന്തോ മനസിലാക്കിയിട്ടാകണം പിന്നെയൊന്നും പറയാൻ തുനിഞ്ഞില്ല. മുമ്പും ഇത് തന്നെ സംഭവിച്ചിരുന്നു. ഇതേ ചോദ്യം ആവർത്തിച്ചിരുന്നു. ഇതേ ഉത്തരവും. പക്ഷേ ഒരു വ്യത്യാസം മാത്രം. ചോദ്യം ചോദിച്ചിരുന്നത് ഞാനും ഉത്തരം നൽകിയിരുന്നത് അദ്ദേഹവുമായിരുന്നു എന്നു മാത്രം.
ഉറങ്ങാൻ സമയമായപ്പോൾ കിടന്നെങ്കിലും എനിക്ക് ഉറക്കം വന്നില്ല. ഹരി അപ്പോഴേക്കും ഉറങ്ങിക്കഴിഞ്ഞിരുന്നു. കുട്ടികളുടെ അടുത്ത് പോയിരിക്കാൻ കൊതിച്ചെങ്കിലും മനസ്സു കൊണ്ട് ആ തോന്നലിനെ കടിഞ്ഞാണിട്ട് നിയന്ത്രിച്ചു. അടുത്തിടെയായി പല കാര്യങ്ങളും വീട്ടുകാരോട് പറയുന്നത് ഒഴിവാക്കിയിരുന്നു. ഞാൻ പണ്ടത്തെപ്പോലെയല്ല മാറിപ്പോയിരിക്കുന്നുവെന്ന് ഹരിയും കുട്ടികളും പറയുന്നത് എത്ര ശരിയാണ്. ആ മാറ്റത്തിൽ ഞാൻ ഗൂഢമായി അഹങ്കരിച്ചു.
ചില കാര്യങ്ങളുടെ പേരിൽ ഞാൻ മാനസികമായി തളർന്നു പോവുകയോ അതുമല്ലെങ്കിൽ അതിന്‍റെ പേരിൽ വീട്ടിലെല്ലാവരുമായി കലഹിക്കുകയോ ചെയ്യുന്നത് പതിവായത് ഞാൻ മനസ്സിലാക്കിയിരുന്നു.
കുറെ ദിവസത്തെ ആലോചനക്കൊടുവിലാണ് സ്വയം ഒരു മാറ്റത്തിനായി ഞാൻ ശ്രമിച്ച് തുടങ്ങിയത്. അവർ മൂന്നുപേരും അവരവരുടേതായ ജീവിതത്തിൽ ഏറെ തിരക്കിലാണ്. അക്കാര്യമോർത്ത് ഞാൻ എന്‍റെ ജീവിതകാലം മുഴുവനും സങ്കടപ്പെട്ടിരിക്കണോ? അല്ല, അത് ശരിയല്ല. മുമ്പ് കുട്ടികൾ അവരുടെ കൂട്ടുകാരുമായി ചാറ്റ് ചെയ്യുമ്പോൾ എന്തെങ്കിലും സംസാരിക്കാൻ ഞാനവരുടെ അടുത്ത് കൊതിയോടെ ചെന്നിരുന്ന കാലമുണ്ടായിരുന്നു. അവർക്ക് ഫോണിൽ നിന്നും കണ്ണെടുക്കാൻ പോലും സമയമുണ്ടായിരുന്നില്ല. ഒരിക്കൽ ആദ്യമായി എന്‍റെ ചോദ്യത്തിന് എന്താ അമ്മ പറഞ്ഞതെന്ന് അഭി ചോദിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്. ഞാൻ ചോദ്യം വീണ്ടും ആവർത്തിക്കുമായിരുന്നു, ദേഷ്യപ്പെടുമായിരുന്നു. “നിനക്ക് ആ ഫോൺ മാറ്റി വച്ചിട്ട് ഒന്ന് കേട്ടുകൂടെ?”
അപ്പോൾ അവന്‍റെ മറുപടിയെത്തും.
“കാതുകൊണ്ട് കേട്ടാൽ പോരെ അതിന് കണ്ണു കൊണ്ട് നോക്കേണ്ടതുണ്ടോ?”
അന്ന് ഞാൻ ഏറെ ദേഷ്യപ്പെട്ടിരുന്നു.
“നിനക്കാ ഫോൺ വച്ചിട്ട് എന്നോടൊന്ന് സംസാരിച്ചു കൂടെ?”
അതിന് അവന്‍റെ മറുപടി ഇങ്ങനെയായിരുന്നു.
“അമ്മേ, അമ്മയോട് പിന്നീട് എപ്പോഴെങ്കിലും സംസാരിക്കാമല്ലോ. കൂട്ടുകാർ ഓൺലൈനിലുണ്ട്. ഞങ്ങൾ ഗ്രൂപ്പ് ചാറ്റിംഗ് ചെയ്യുവാ.”
ഹരി ജോലി സംബന്ധമായി യാത്രയിലാണെങ്കിൽ നേഹയോട് ഞാൻ പലപ്പോഴും ആവശ്യപ്പെടുമായിരുന്നു.
“മോളെ, അമ്മയുടെ കൂടെ മാർക്കറ്റിലൊന്ന് വരാമോ?”
“ഇല്ലമ്മേ.”
“എന്താ? നിന്‍റെ ഫ്രണ്ട്സ് എന്തെങ്കിലും ആവശ്യത്തിന് വിളിച്ചാൽ നീ ഓടി പോകുമല്ലോ.”
“എന്താമ്മേ, ഇത് അമ്മയ്ക്കും അമ്മേടെ ഫ്രണ്ട്സിനൊപ്പം പോകാമല്ലോ.”
“ആരുടെ കുടെ പോകാനാ.”
“എന്തൊരു കഷ്ടമാ. അതും ഞാൻ പറഞ്ഞു തരണോ. അമ്മയ്ക്ക് പരിചയമുള്ള ഏതെങ്കിലും കൂട്ടുകാരിയെ കൂട്ടിക്കൂടെ?”
അന്നൊക്കെ മനസ്സ് മുറിഞ്ഞ് വേദനിച്ചിരുന്നു. പിന്നെ പിന്നെ എനിക്ക് തോന്നിത്തുടങ്ങി. തെറ്റ് എന്‍റേതാണ്. വീട്, കുട്ടികൾ, കുടുംബം ഇതിനപ്പുറം മറ്റൊന്നിനും ഞാൻ പ്രാധാന്യം കണ്ടിരുന്നില്ല. അല്ലെങ്കിൽ അത് മാത്രമായിരുന്നു എന്‍റെ ഏറ്റവും സന്തോഷമുള്ള ലോകമെന്ന് പറയാം. സന്തോഷം കണ്ടെത്താനും സമയം ചെലവഴിക്കാൻ കഴിയുന്നതുമായ ഏറ്റവും അടുത്തു നിൽക്കുന്ന കുറച്ച് കൂട്ടുകാരികൾ എനിക്കും വേണമായിരുന്നു.
അതിനു ശേഷം ഞാൻ ജയയും റീനയും മീനാക്ഷിയും അനിതയുമായൊക്കെ ചങ്ങാത്തത്തിലായി. ഇവരെയൊക്കെ പണ്ടു മുതലെ പരിചയമുള്ളതാണ്. അവരാണെങ്കിൽ തമ്മിൽ അടുത്ത ചങ്ങാത്തം പുലർത്തുന്നവരുമായിരുന്നു. എവിടേയും അവർ ഒരുമിച്ചാണ് പോയിരുന്നത്. ഇനി മുതൽ അവർക്കൊപ്പം പോയി സിനിമ കാണാമല്ലോ. ചിലപ്പോൾ അവർക്കൊപ്പം ഷോപ്പിംഗിന് പോയി മറ്റ് ചിലപ്പോൾ അവർക്കൊപ്പം പുറത്തു പോയി ഭക്ഷണം കഴിച്ചു. ഞങ്ങൾ പരസ്പരം സുഖ ദുഃഖങ്ങൾ പങ്കു വച്ചു.
ഞങ്ങളുടെ സൗഹൃദം ഞങ്ങൾക്ക് തന്നെ വലിയ തണൽ മരമായി മാറി. തളിർക്കുകയും പൂക്കുകയും ചെയ്യുന്ന തണൽ മരം. വീട്ടിലുള്ളവർ എന്നെ പരിഗണിക്കാതെ വരുമ്പോൾ ഞാനവരോട് ഒട്ടും ദേഷ്യം പ്രകടിപ്പിച്ചില്ല. ഈ മാറ്റമായിരുന്നു ഏറ്റവും പ്രധാനപ്പെട്ട കാര്യം. വീട്ടിലുള്ളവർ ഭക്ഷണം കഴിച്ചോ ഇല്ലയോ കുട്ടികൾ പഠിക്കുന്നുണ്ടോ അതോ ഫോണിലാണോ എപ്പോൾ ഉറങ്ങി എപ്പോൾ എഴുന്നേറ്റു തുടങ്ങിയ കാര്യങ്ങൾ ആലോചിച്ച് തലപുകയ്ക്കാൻ എിക്ക് തോന്നിയതേയില്ല… അല്ലെങ്കിൽ അതാവശ്യമാണെന്ന് തോന്നാതെയായി. കുട്ടികൾ സ്വന്തം കാര്യങ്ങൾ തീരുമാനിക്കാൻ പ്രാപ്തിയുള്ളവരാണല്ലോ.
എപ്പോഴും തിരക്കുള്ള ജനറൽ മാനേജരാണല്ലോ ഹരി. ഔദ്യോഗിക തിരക്കു മൂലം ഹരി കഷ്ടപ്പെടുന്നതു കാണുമ്പോൾ മുമ്പൊക്കെ ചോദിക്കുമായിരുന്നു. ആശ്വസിപ്പിക്കുമായിരുന്നു. അപ്പോഴൊക്കെ എന്‍റെ ചോദ്യം കേട്ട് ഹരി അരിശപ്പെടുന്നത് പതിവായിരുന്നു. പലപ്പോഴും അസ്വസ്ഥതയോടെയുള്ള മറുപടിയായിരുന്നു വന്നിരുന്നത്. ഇപ്പോൾ ഞാനാണ് തിരിച്ച് അരിശപ്പെട്ട് മറുപടി നൽകാൻ തുടങ്ങിയിരിക്കുന്നത്. അവർ എന്നോട് സ്വന്തം പ്രശ്നങ്ങൾ പങ്കുവച്ച് ടെൻഷൻ കുറയ്ക്കട്ടെ എന്നു മാത്രമേ ഞാൻ അന്നൊക്കെ ആഗ്രഹിച്ചിരുന്നുള്ളൂ. എന്നാൽ എനിക്ക് സന്തോഷം നൽകുമായിരുന്ന ഇത്തരം കൊച്ചു കൊച്ചു കാര്യങ്ങൾ എന്നെ അപ്പോഴൊക്കെ മാനസിക പിരിമുറുക്കത്തിലാക്കുകയായിരുന്നു.
പതിയെ പതിയെ ഏകാന്തതയുടെ ഒരു മടുപ്പൻ കൂട്ടിനുള്ളിൽ ഞാൻ തളയ്ക്കപ്പെട്ടു തുടങ്ങിയിരുന്നു. ഹോർമോണുകളുടെ അസന്തുലിതമായ നേരമ്പോക്കുകളും ശാരീരിക പരിവർത്തനങ്ങളുമൊക്കെ നാം ആഗ്രഹിക്കാതെ തന്നെ നമ്മുടെ സ്വഭാവത്തിലും മാറ്റം ഉണ്ടാക്കും. എന്‍റെ കുഞ്ഞുങ്ങൾക്ക് ദിശ നൽകിയത് ഞാനാണ്. പക്ഷേ സ്വന്തമായി ഒരു ലക്ഷ്യവുമില്ലാത്ത യാത്ര പോലെയായി പിന്നീടുള്ള എന്‍റെ ജീവിതം. ആ തോന്നൽ എന്‍റെ മനസ്സിനെ കാർന്നു തിന്നു കൊണ്ടിരുന്നു.
ആത്മാവും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇല്ലാത്ത വീട്ടിലെ ഒരു അനാവശ്യ വസ്തുവാണെന്ന തോന്നൽ എന്നെ വല്ലാതെ പൊള്ളിച്ചു കൊണ്ടിരുന്നു.
മുമ്പ് ഞാൻ ഏതെങ്കിലും ബുക്ക് സ്റ്റാളിൽ പുസ്തകങ്ങൾ തിരയുമ്പോഴോ അല്ലെങ്കിൽ കടയിൽ കയറി ഏതെങ്കിലും കലാവസ്തുക്കൾ നോക്കുമ്പോഴോ ഹരി വാട്സാപ്പിൽ ചാറ്റ് ചെയ്യുന്ന തിരക്കിലായിരിക്കും. അതുമല്ലെങ്കിൽ മൊബൈലിൽ ഫോട്ടോയെടുത്ത് ഷെയർ ചെയ്യും. ഞാൻ പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട് തൊട്ടടുത്ത് നിൽക്കുന്ന വ്യക്തിയുടെ സാന്നിദ്ധ്യത്തെപ്പോലും ഒരാൾക്കെങ്ങനെയാണ് ഇത്ര വിദഗ്ദ്ധമായി അവഗണിക്കാനാവുന്നത്? കിലോമീറ്ററുകൾക്കപ്പുറത്തിരിക്കുന്ന വ്യക്തിയുമായി ഇവർക്കെങ്ങനെ ഇത്ര മനോഹരമായി സമ്പർക്കം പുലർത്താനും സൗഹൃദത്തിന്‍റെ മാധുര്യം നുകരാനും കഴിയുന്നു. ആ മനഃശാസ്ത്രം എനിക്ക് പലപ്പോഴും ദഹിക്കാത്ത ഒന്നായി മനസ്സിൽ കല്ലിച്ചു കിടന്നു.
പിന്നെയും… ഞാൻ അതിന് ഉത്തരം കണ്ടെത്തി ആശ്വസിച്ചു. അവരൊക്കെ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടവരാകാം. അതൊക്കെ ഓരോരുത്തരുടേയും വ്യക്തിപരമായ ഇഷ്ടങ്ങൾ മാത്രമാണ്. എനിക്ക് ഹരിയേയോ കുട്ടികളേയോ എന്‍റെ ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കുമനുസരിച്ച് മാറ്റിയെടുക്കാനുമാവില്ല.
പുതിയ ചിന്തകൾക്കും പുതിയ വിചാരങ്ങൾക്കുമൊപ്പം താദാത്മ്യം പ്രാപിക്കാൻ എനിക്കൽപം ബുദ്ധിമുട്ട് തോന്നിയെങ്കിവും അതത്ര അസാദധ്യമായി തോന്നിയില്ല. വീടിനെക്കുറിച്ചുള്ള ചിന്ത മാത്രമായിരുന്നു എനിക്കെപ്പോഴും. ഉയർന്ന വിദ്യാഭ്യാസമുണ്ടായിട്ടും ഞാൻ ഉദ്യോഗത്തെപ്പറ്റി ഒരിക്കൽ പോലും ചിന്തിച്ചതേയില്ല. വിദ്യാഭ്യാസം നേടുകയെന്നത് എന്നെ സംബന്ധിച്ച് ഉദ്യോഗം നേടാനുള്ള യോഗ്യതയുമായിരുന്നില്ല. അല്ലെങ്കിൽ ഒരു വീട്ടുടമയാകുകയെന്നത് അർത്ഥമില്ലാത്ത ഒന്നല്ലായിരുന്നു എനിക്ക്. വിദ്യാസമ്പന്നയായ വ്യക്തി വീട്ടുകാര്യം നോക്കി നടത്തിയാലും കൃഷിപ്പണി ചെയ്‌താലും അത് മികച്ച രീതിയിൽ ചെയ്യണമെന്ന വിശ്വാസക്കാരിയായിരുന്നു ഞാൻ.
പിന്നെ ഞാൻ സ്വയം മാറ്റത്തിന് തയ്യാറായി. സ്വന്തം വിചാരങ്ങൾക്കും ചിന്തകൾക്കും ഞാൻ പുത്തൻ ദിശ പകർന്നു. പല കാര്യങ്ങളും ഞാൻ പുതുതായി പഠിച്ചു. എനിക്ക് പുതിയ ചിറകുകൾ മുളച്ചു. ഇന്‍റർനെറ്റിന്‍റെ വിശാലമായ ആകാശത്തിൽ ഞാൻ യഥേഷ്ടം നീന്തിത്തുടിച്ചു. ആദ്യം ബ്ലോഗിംഗ് പഠിച്ചു പിന്നെ ഫേസ്ബുക്ക് പ്രൊഫൈൽ സൃഷ്ടിച്ചു. പിന്നെയങ്ങോട്ട് പുതിയതും പഴയതുമായ കൂട്ടുകാരെ കണ്ടെത്തിക്കൊണ്ടിരുന്നു.
എന്‍റേതായ ലോകത്ത് ഞാൻ സദാ സമയവും മുഴുകിയിരിക്കുന്നത് കണ്ട് കുട്ടികൾ അദ്ഭുതത്തോടെ നോക്കി. ഏതോ വിചിത്ര ജീവിയെ കാണും പോലെ അവരുടെ അദ്ഭുതത്തോടെയുള്ള നോട്ടം എന്നെ അതിശയിപ്പിച്ചു. എന്നെ ഏറ്റവും രസിപ്പിച്ചത് മറ്റൊരു കാര്യമാണ്. വീട്ടിലുള്ള ആരെങ്കിലും എന്നോട് സംസാരിക്കാൻ മുതിരുമ്പോൾ ഞാൻ ഫോണിലോ നെറ്റിലോ ചാറ്റിംഗ് തുടരും. ഇതിനിടെ മുഖമുയർത്തി ഒരു നിമിഷം വെയ്റ്റ് ചെയ്യൂ എന്ന ആംഗ്യം കാട്ടി ഞാൻ ചാറ്റ് തുടർന്നു കൊണ്ടേയിരിക്കും.
ഇത്രയും കാലം മനസ്സിൽ കൊണ്ടു നടന്നിരുന്ന മോഹങ്ങളെല്ലാം ഞാൻ സാക്ഷാത്കരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. പണ്ട് പാതിവഴി ഉപക്ഷേിച്ച നൃത്തപഠനം വീണ്ടും പൊടിതട്ടിയെടുത്ത് പരിശീലനമാരംഭിച്ചു. വായന ഏറെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ ഇഷ്ടപ്പെട്ട പുസ്തകങ്ങളും മാസികകളും ആർത്തിയോടെ വായിച്ചു. ഓരോ പുതിയ മാറ്റങ്ങളും ഞാൻ ആസ്വദിച്ചു കൊണ്ടിരുന്നു.
ഒഴുക്കിൽ പെട്ട ഒരു ഇലയെപ്പോലെ… ജീവിതത്തിന് പുതിയൊരു അർത്ഥതലമുണ്ടായതു പോലെ സൗന്ദര്യമുണ്ടായതു പോലെ ഞാനും ലോകത്തിനൊപ്പം ഒരു വിജയിയുടെ ഭാവത്തോടെ നടന്നു. എന്‍റെ പകലുകളേയും രാത്രികളേയും ഞാൻ പ്രണയിച്ചു കൊണ്ടിരുന്നു. കൊതി തീരാതെ പ്രണയിച്ചുകൊണ്ടിരുന്നു.