ടീച്ചർ ക്ലാസ്സിലെത്തിയിട്ടും പിള്ളാരുടെ ബഹളത്തിന് യാതൊരു കുറവും വന്നില്ല. അടങ്ങിയിരിക്കാൻ പറഞ്ഞിട്ട് ഒറ്റയൊരെണ്ണം വകവെയ്ക്കുന്നില്ല. ടീച്ചർ ചൂരലെടുത്ത് രണ്ടു മൂന്നെണ്ണത്തിന് തലങ്ങും വിലങ്ങും കൊടുത്തു. അതോടെ ക്ലാസ്സ് കുറച്ചൊന്നു ശാന്തമായി.
അപ്പുറത്തെ ക്ലാസ്സിൽ നിന്ന് ഇബ്രാഹിംകുട്ടി മാഷ് പഠിപ്പിക്കുകയാണ്. അവർക്കിടയിൽ ഈറപ്പൊളി കൊണ്ടുണ്ടാക്കിയ ഒരു ചുവരുണ്ട്. കുട്ട്യോള് അത് മുഴുവൻ കുത്തിത്തുരന്ന് നാശമാക്കിയിരിക്കുന്നു. അവൾ കൂടെക്കൂടെ ശ്രദ്ധിച്ചു. പഠിപ്പിക്കുന്നതിനിടയിൽ ഇബ്രാഹിംകുട്ടി മാഷിന്‍റെ നോട്ടം തന്‍റെ മേൽ വഴുതി വീഴുന്നുണ്ടോ? ഏയ് ഒന്നുമില്ല.
ഇബ്രാഹിംകുട്ടി മാഷ് പഠിപ്പിക്കുകയാണ്. ഖുറാനിലെ ഏതോ വരികൾ അയാൾ ഈണത്തിൽ ചൊല്ലുന്നു. കുട്ടികൾ അത് താളാത്മകമായി ഏറ്റ് ചൊല്ലുന്നു. പിന്നെ അതൊരു സ്വർണ്ണമാനിന്‍റെ മിന്നലാട്ടം പോലെ ബ്ലാക്ക് ബോർഡിലേക്ക് പകർത്തിയെഴുതുന്നു. ഇബ്രാഹിംകുട്ടി മാഷ്ടെ ക്ലാസ്സിലേക്ക് ഇടയ്ക്കിടയ്ക്ക് അങ്ങനെ ഒളിഞ്ഞു നോക്കുന്നതിൽ സബീന ടീച്ചർക്കൂ തന്നെ ഒരു വല്ലായ്മ തോന്നി.
കുട്ട്യോള് എന്ത് വിചാരിക്കും? പഴയകാലമല്ല. അരികും തുമ്പും ചേർത്ത് അവർ ഓരോന്ന് മെനഞ്ഞെടുക്കും. എല്ലാം ഒരുപോലെ തെറിച്ച പിള്ളാരാണ്. ചിലതിനെയൊക്കെ വീട്ടിലെ ശല്യം ഒഴിവാക്കാൻ വേണ്ടിയാണ് സ്കൂളിലേക്ക് പറഞ്ഞയക്കുന്നതെന്ന് തോന്നിപ്പോകും. ഒരന്തവുമില്ലാതെ അങ്ങനെ ഓരോ കാര്യങ്ങൾ ആലോചിച്ച് നില്ക്കുമ്പോൾ അടുത്ത പീരീഡിന്‍റെ ബെല്ലടിച്ചു.
സ്റ്റാഫ് റൂമിലേക്ക് പോകുന്ന വഴി ഇബ്രാഹിംകുട്ടി മാഷ് പറഞ്ഞു, “ന്‍റെ സബീന ടീച്ചറേ… ങ്ങളുടെ ക്ലാസ്സിലെ കൂട്ട്യോൾടെ ബഹളം കാരണം എനിക്ക് ഇന്ന് ഒരു വക പഠിപ്പിക്കാൻ കഴിഞ്ഞില്ല.”
സബീന ടീച്ചർക്ക് മനസ്സിന് ഒരു സുഖോം തോണിയില്ല. ഒരു സ്വസ്ഥതയുമില്ല. തലയോട്ടിയിൽ എന്തോ ഇരുന്ന് കരളുന്നു പോലെ. ടീച്ചർക്ക് ലെഷർ പീരീഡായിരുന്നു. അവൾ സ്റ്റാഫ് റൂമിലെ ഡെസ്കിൽ തല താഴ്ത്തിവെച്ചു കിടന്നു. ഈയിടെയായി അഷ്റഫിനെക്കുറിച്ചുള്ള ചിന്തകൾ മനസ്സിനെ വല്ലാതെ അലട്ടുന്നു.
ഒരു കത്തെഴുതാൻ കഴിയാത്തവണ്ണം, ഒന്ന് ടെലഫോൺ ചെയ്യാൻ കഴിയാത്തവണ്ണം അയാൾക്ക് എന്തോ വലിയ ആപത്ത് പിണഞ്ഞിരിക്കുന്നു.
“ന്‍റെ കഴുത്തിൽ മിന്നുകെട്ടി, മധുവിധുവിന്‍റെ ലഹരിയാറും മുമ്പെ ന്‍റെ അഷ്റഫ് ഇക്കാ നിങ്ങൾ ഏത് ദുനിയാവിലേക്കാണ് മാഞ്ഞു പോയത്?” അങ്ങനെ ഓരോന്ന് ആലോചിച്ചിരുന്ന് അവൾ അറിയാതെ മയങ്ങിപ്പോയി. അറബിക്കഥയിലെ ഏതോ സുൽത്താനെപ്പോലെ അഷ്റഫ് ഒരു നാൾ തന്‍റെ വീടിന് മുന്നിൽ പറന്നിറങ്ങുന്നതായി അവൾ സ്വപനം കണ്ടു.
“സബീനാ, എന്തു പറ്റി ആഹാരം കഴിക്കുന്നില്ലേ?” ആരോ അവളെ തട്ടി വിളിച്ചു. ഉച്ചയ്ക്കലത്തെ ഇന്‍റെർവെല്ലിന് സ്കൂൾ വിട്ടിരിക്കുന്നു. അവൾ ടിഫിൻ തുറന്നു വെച്ചു.
“എന്റുമ്മാ… ഈ കൊച്ചു ബോക്സിനുള്ളിൽ എന്തെല്ലാമാണ് കുത്തിനിറച്ചു വെച്ചിരിക്കുന്നത്?” വിശപ്പുണ്ടെങ്കിലും ഒന്നും കഴിക്കാൻ തോന്നുന്നില്ല. അവൾ ആഹാരം പുറത്ത് കൊണ്ട് പോയി തട്ടി പൈപ്പിന് ചുവട്ടിൽ നിന്ന് ടിഫിൻ ബോക്സ് കഴുകി തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ ഒരു മഞ്ഞു പ്രതിമ പോലെ ഇബ്രാഹിംകുട്ടി മാഷ് നില്ക്കുന്നു.
ഈ നേരമത്രയും പിന്നിൽ പതുങ്ങി നിന്ന് അയാൾ തന്‍റെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നോ? നാണമില്ലാത്ത മനുഷ്യൻ. ഛെ, താനെന്തൊക്കെ വേണ്ടാതീനങ്ങളാണ് ചിന്തിക്കുന്നത്? ഇബ്രാഹിംകുട്ടി മാഷ് സ്കൂട്ടർ എടുക്കാൻ വന്നതാണ്. വെള്ളിയാഴ്ചയാണ്. അയാൾ പള്ളിയിലേക്ക് പോകാനുള്ള ധൃതിയിലാണ്.
ഉച്ചയ് ശേഷം സബീന ടീച്ചർ ലീവെടുത്തു. റുഖിയത്തിന്‍റെ ഭർത്താവ് സെയ്തൂട്ടി ഗൾഫിൽ നിന്ന് വന്നിട്ടുണ്ടെന്നറിഞ്ഞു. അയാളെ ഒന്നു കാണണം. അഷ്റഫ് ജോലി ചെയ്തിരുന്ന സ്ഥലത്ത് തന്നെയാണ് അയാളും. ഒരു പക്ഷെ സെയ്തൂട്ടിക്ക് അഷ്റഫിനെ കുറിച്ച് എന്തെങ്കിലും വിവരം നല്കാൻ കഴിഞ്ഞേക്കും.
പണ്ട് ഉമ്മയെ വീട്ട് ജോലിക്കൊക്കെ സഹായിക്കാൻ വരുമായിരുന്ന സുഹ്റത്താത്തയുടെ മകളാണ് റുഖിയത്ത്. അവളെ പഠിപ്പിക്കാനും കെട്ടിച്ചയയ്ക്കാനും എല്ലാ സഹായങ്ങളും ചെയ്തത് തന്‍റെ വീട്ടുകാരാണ്. ആ നന്ദിയും കടപ്പാടും അവൾക്കിപ്പോഴുമുണ്ട്.
റുഖിയത്തിന്‍റെ വീടെത്തിയപ്പോൾ അതു തന്നെയാണോ വീടെന്ന് സംശയിച്ചു പോയി. ഒരു ചെറ്റക്കൂടിൽ ഇരുന്ന സ്ഥലമാണ്. അവിടെ ഇപ്പോൾ ഒരു മണിമാളിക ഉയർന്നിരിക്കുന്നു. അതിന്‍റെ ഓരം ചേർന്ന് ആ ചെറ്റക്കുടിലിന്‍റെ അവശിഷ്ടം പോലെ ഒരു ഭാഗം ഇപ്പോഴും കാണാം. പൂർവ്വ സ്മൃതികളുടെ ഏതോ അടയാളം പോലെ…
സബീന ടീച്ചർ അവിടെ പരിഭ്രമിച്ചു നില്ക്കെ എവിടെ നിന്നോ റുഖിയത്ത് ഓടി വന്ന് അവളുടെ കൈയ്ക്ക് പിടിച്ചു. ശലഭച്ചിറകിന്‍റെ മൃദുലതയുള്ള. കരസ്പർശം അവൾക്ക് അനുഭവപ്പെട്ടു.
“ഇത്താത്തയെ കണ്ടിട്ട് എത്ര നാളായി. ഞാൻ വിചാരിച്ചു ഇത്താത്ത ഈ വഴിയൊക്കെ മറന്നു കാണുമെന്ന്. ഇത്താത്ത വല്ലാതങ്ങ് ക്ഷീണിച്ചു പോയിരിക്കുന്നു.”
സബീന റുഖിയത്തിനെ ശ്രദ്ധിക്കുകയായിരുന്നു. റുഖിയത്ത് പണ്ടത്തേതിനേക്കാളും സുന്ദരിയായിരിക്കുന്നു. അവളുടെ കവിളുകളിൽ സദാ നുണക്കുഴിപ്പൂവുകൾ പൂത്തു നിന്നു.
“സെലീനയൊക്കെ വരാറുണ്ടോ?” കുശലാന്വേഷണങ്ങൾക്കിടെ റുഖിയത്ത് ചോദിച്ചു.
“സെലീനയ്ക്ക് കെട്ട്യോനായി കൂട്ട്യോളായി ഇനി ഇത്തയേയും ഉമ്മയേയുമൊക്കെ കാണാൻ അവൾ എന്തിനാണ് വരുന്നത്?”
അറിയാതെ ആ വാക്കുകൾ സബീനയുടെ നാവിൽ നിന്ന് വീണു പോയി. അപ്പോൾ അകത്ത് നിന്ന് സെയ്തൂട്ടി ഇറങ്ങി വന്നു. അയാൾ വെളുത്ത് നല്ല തടി വെച്ചിരിക്കുന്നു. അയാൾ അവളെ അടിമുടിയൊന്നു നോക്കി. ആ നോട്ടത്തില്‍ ശരിക്കും അവളൊന്നു ചൂളി പോയി. ഈയിടെയായി പലയിടത്ത് നിന്നും ഇതേ പോലെയുള്ള നോട്ടം തന്‍റെ നേരെ നീണ്ടു വരുന്നു.
“ടീച്ചർക്ക് ഒരു മാറ്റവുമില്ല. ഞാൻ പണ്ട് വന്നേച്ച് പോകുമ്പം കണ്ടതുപോലെ തന്നെ.” സെയ്തൂട്ടി പറഞ്ഞു.
വീടിനകത്തെ സൗകര്യങ്ങൾ അത്ഭുതത്തോടെ നോക്കി കാണവേ സെയ്തുട്ടി പറഞ്ഞു “ഇതുവരെ പതിനഞ്ച് രൂപയോളമായി. ഇനിയൊരു മൂന്ന് നാല് ലക്ഷം കൂടി വേണ്ടി വരും. പടച്ചോൻ കനിഞ്ഞാൽ അടുത്ത വരവിന് പാല് കാച്ച് നടത്തണം.” സെയ്തൂട്ടി പിന്നെയും എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു. ഗൾഫിലെ വിശേഷങ്ങൾ, അയാളുടെ അവിടുത്തെ ബിസിനസ്, സുഹൃത് ബന്ധങ്ങൾ, അയാളുടെ അറബിക്ക് അയാളോടുള്ള സ്നേഹവും വിശ്വാസവും. അങ്ങനെ പലതും…..
അയാളുടെ വാക്കുകളിൽ മുഴങ്ങികേൾക്കുന്നത് അഭിമാനമാണോ? പൊങ്ങച്ചമാണോ? രണ്ടും തമ്മിൽ ഒരു നേർത്ത അതിർ വരമ്പ് മാത്രമേയുള്ളൂവെന്ന് അവൾക്ക് തോന്നി. അവൾക്ക് അത് തുടർന്ന് കേൾക്കുന്നതിൽ ഒട്ടും താല്പര്യം തോന്നിയില്ല.
“സെയ്തേ….. ഞാൻ വന്നത്….”
“അറിയാം ടീച്ചറേ അഷ്റഫിന്‍റെ എന്തേലും വിവരമുണ്ടോന്നറിയാനല്ലേ.. എന്നെക്കൊണ്ട് കഴിയാവുന്നതിന്‍റെ പരമാവധി ഞാൻ അന്വേഷിച്ചു. രണ്ട് കൊല്ലത്തോളം അയാൾ അവിടെയുണ്ടായിരുന്നു. പിന്നെ എവിടേക്ക് പോയെന്ന് ആർക്കും ഒരു നിശ്ചയോമില്ല. ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയില്ല. ന്‍റെ ടീച്ചറേ… ഈ ഗൾഫ് എന്ന് വെച്ചാൽ എന്താന്നാ നിങ്ങടെ വിചാരം. അവിടെ ഒരാളെ തെരയുന്നത് മണൽ കൂമ്പാരത്തിൽ നിന്ന് ഒരു മൺതരി തെരയുന്നത് പോലെയാ.”
വളരെ പ്രതീക്ഷയോടെയാണ്ട് സെയ്തൂട്ടിയെ കാണാൻ പുറപ്പെട്ടത്. സംസാരം കേട്ടിട്ട് അയാളും അഷ്റഫിനെ കുറിച്ച് കാര്യമായി അന്വേഷിച്ച മട്ടില്ല. ഓരോരുത്തരും അവരവരുടെ സാമ്രാജ്യം കെട്ടിപ്പൊക്കുന്നതിനുള്ള പരക്കം പാച്ചിലിലാണ്. അതിനിടയ്ക്ക് മറ്റൊരാളെക്കുറിച്ചോർക്കാൻ എവിടെയാണ് സമയം?
സെയ്തൂട്ടിയെ കാണാനായി ആരോ രണ്ട് പേര് കാറിൽ വന്നു. വില കൂടിയ ഏതോ അത്തറിന്‍റെ പരിമളം കാറ്റിൽ ഒഴുകി പരന്നു വന്നു.
റുഖിയത്ത് സബീനയെ അകത്തെ മുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി. ഭർത്താവ് കൊണ്ടുവന്ന സാധനങ്ങൾ ഓരോന്നായി അവൾ സബീനയെ കാണിച്ചു. എന്തൊക്കെ സാധനങ്ങളാണ്. എന്ത് മാത്രം തുണിത്തരങ്ങളാണ്.
“റുഖിയാ നീയെത്ര ഭാഗ്യവതിയാണ്. പണ്ട് ഞാനെന്‍റെ നിറം മങ്ങിത്തുടങ്ങിയ പട്ടുറുമാലോ, കമ്മീസോ നിനക്ക് തരുമ്പോൾ നീയെന്ത് ആഹ്ലാദത്തോടെയാണ് അവ ധരിച്ചിരുന്നത്. അതൊക്കെ നിനക്ക് തരുന്നതിന് സെലീന എന്നോട് വഴക്കടിച്ചിരുന്നത് ഒരിക്കലും അതവൾക്ക് വേണമായിരുന്നിട്ടല്ല. അതൊക്കെയണിയുമ്പോൾ നീ ഞങ്ങളേക്കാൾ സുന്ദരിയാണന്ന് തോന്നിയത് കൊണ്ടാണ്.”
യാത്രപറഞ്ഞ് ഇറങ്ങാൻ തുടങ്ങവേ റുഖിയത്ത് മുഖത്തിടുന്ന ക്രീം, ഷാംപൂ, പെർഫ്യും, സോപ്പ്, പൗഡർ, അങ്ങനെ ഏതാണ്ടക്കയോ സാധനങ്ങൾ ഒരു പ്ലാസ്റ്റിക് കവറിലാക്കി അവൾക്ക് നേരെ നീട്ടി.
“ഇതെല്ലാം ഇത്താത്തക്കുള്ളതാണ്.”
എത്ര നിർബന്ധിച്ചിട്ടും സബീന അതൊന്നും വാങ്ങിയില്ല. അതിൽ നിന്ന് അവൾ തലവേദനയ്ക്കുള്ള ഒരു ബാം മാത്രമെടുത്തു. റുഖിയത്ത് കരയുന്നത് പോലെയായി.
“എന്‍റെ ഇത്താത്ത… ഇതൊക്കെ കൊടുക്കാൻ നിങ്ങളല്ലാതെ എനിക്ക് മറ്റാരാണുള്ളത്?” സബീന വാത്സല്യത്തോടെ അവളുടെ കവിളുകളിൽ തലോടി.
നൊടിയിടയിൽ വിടരുകയും അടുത്ത നിമിഷത്തിൽ മാഞ്ഞു പോകുകയും ചെയ്യുന്ന ആ നുണക്കുഴിപ്പൂവിന്‍റെ മൃദുലത അവൾക്കനുഭവപ്പെട്ടു.
“അതു കൊണ്ടല്ല. മോളേ, നിന്‍റെ സെയ്തൂട്ടിയെപ്പോലെ എനിക്കുമുണ്ടൊരു ഭർത്താവ്. അയാൾ ഗൾഫിലേക്കെന്നും പറഞ്ഞ് പോയിട്ട് വർഷങ്ങൾ എട്ടു കഴിഞ്ഞു. അയാളെന്നെ മിന്നുകെട്ടുമ്പോൾ എനിക്കും നിന്നെപ്പോലെ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. അയാള് തിരിച്ചു വരാതെ ഞാനീ സാധനങ്ങളൊന്നും ഉപയോഗക്കില്ല. ഇതെന്‍റെ ശപഥമാണ്.” റുഖിയത്ത് പിന്നെയവളെ നിർബന്ധിച്ചില്ല.
“നീയി ക്രീമും പേസ്റ്റുമൊക്കെ വാരി മുഖത്തെങ്ങും അധികം തേക്കരുത്. എല്ലാം ഒരു ജാതി കെമിക്കൽസാണ്. പൊള്ളും. ദേ.. നോക്കിയേ… ഇപ്പോൾ തന്നെ നിന്‍റെ ചുണ്ടിലും കഴുത്തിലുമൊക്കെ ചോരനിറമുള്ള പാടുകൾ വീണു തുടങ്ങിയിരിക്കുന്നു.” ഇറങ്ങാൻ നേരത്ത് ഒരുപദേശം പോലെ അവൾ പറഞ്ഞു.
റുഖിയത്തിന്‍റെ മുഖം ലജ്ജ കൊണ്ട് തുടുത്തു, “ഇത് അതുകൊണ്ടൊന്നുമല്ല ഇത്താ, ഈ ആണുങ്ങളുടെ ഒരു കാര്യം സ്നേഹം കുടുമ്പോൾ എന്ത് ചെയ്യണമെന്നറിയാൻ വയ്യ.” നാണത്തിന്‍റെ ഒരു തിര പോലെ അവൾ പെട്ടന്ന് എങ്ങോട്ടോ പോയി കുറെയധികം ചോക്ലേറ്റ് മിഠായകളുമായി വന്ന് അവളുടെ ബാഗിലിട്ടു കൊടുത്തു.
“ഇതും വേണ്ടന്ന് പറയരുത്. സലീനയൂടെ കുട്ട്യോള് വരുമ്പം കൊടുക്കാം.”
സെലീനയെപ്പറ്റി പറഞ്ഞപ്പോഴാണോർത്തത് അവളുടെ ഭർത്താവിന് ഏതോ ലോണിന് വേണ്ടി താൻ ജാമ്യം നിന്നിരുന്നല്ലോ? കഴിഞ്ഞയാഴ്ച ബാങ്കിൽ നിന്നും അതിന്‍റെ നോട്ടീസ് വന്നിരുന്നു. ഇതുവരെ ഒരു തവണ പോലും അടച്ചിട്ടില്ലത്രേ.
അയാൾക്ക് എന്താണ് കുഴപ്പം. നല്ല ബിസിനസല്ലേ മുറയ്ക്ക് മുറയ്ക്ക് അവിടേയും ഇവിടേയുമൊക്കെ വസ്തൂം, വകകളും വാങ്ങിയിടുന കാര്യം പറയുന്നത് കേൾക്കാമല്ലോ? പിന്നെന്താണ് അയാൾക്ക് ലോണടച്ചാൽ?
കുടുംബോം കുട്ട്യോളുമില്ലാത്ത ഇത്തയ്ക്ക് എന്തിനാണ് പണം എന്ന് സെലീനയും വിചാരിക്കുന്നുണ്ടാകും. അവളുടെ നിക്കാഹിന് 50 പവന്‍റെ പൊന്ന് ഞാൻ ഒറ്റയ്ക്ക് കൊടുത്തില്ലേ. അവളേക്കാൾ മൂന്നോ, നാലോ വയസ്സ് കൂടുതലാണെന്നൊഴിച്ചാൽ ഞാനും അവളെപ്പോലൊരു പെണ്ണു തന്നയല്ലേ?
പഴയ തറവാടാണ് മഴ പെയ്യുമ്പോൾ അവിടെയുമിവിടെയുമൊക്കെ ചോരുന്നു. അതിന്‍റെ മേൽക്കൂര ഒന്ന് അഴിച്ച് പണിയണമെന്ന് എത്ര നാളായി വിചാരിക്കുന്നു. ഇനി അതൊന്നും അവളെ ബാധിക്കുന്ന വിഷയമല്ലല്ലോ? ഉമ്മയോട് പറഞ്ഞ് സെലീനയുടെ ഭർത്താവിനെക്കൊണ്ട് എങ്ങനെയെങ്കിലും ആ ലോൺ അടച്ചു തീർക്കണമെന്ന് അവൾ വിചാരിച്ചു.