“അല്ലാ… അമ്മ ഒരു കൊച്ചുകുഞ്ഞിനെ നോക്കുന്ന പോലെയാണല്ലോ മാഷിനെ നോക്കുന്നത്?”
നന്ദൻമാഷിൽത്തന്നെ ശ്രദ്ധ കേന്ദീകരിച്ചിരുന്ന ഹേമാംബിക, ശബ്ദം കേട്ടിടത്തേക്ക് ഞെട്ടിത്തിരിഞ്ഞു നോക്കി. നയനയാണെന്നു കണ്ട് അല്പം ലജ്ജയോടെ പറഞ്ഞു.
“ഞാൻ… ഞാൻ നന്ദൻമാഷിന് ആഹാരം എടുത്തു കൊടുക്കുകയായിരുന്നു.”
“അല്ല അതുമനസ്സിലായി… അതുകൊണ്ടാണല്ലോ ഞാൻ ചോദിച്ചത് അമ്മ നന്ദൻമാഷിനെ ഒരു കൊച്ചു കുഞ്ഞെന്ന വണ്ണമാണ് പരിചരിക്കുന്നതെന്ന്.” അവൾ അർത്ഥഗർഭമായിട്ടാണ് അത് പറയുന്നതെന്ന് ഹേമാം ബികയ്ക്ക് മനസ്സിലായി. പെട്ടെന്ന് തലകുനിച്ച് ഹേമാംബിക പറഞ്ഞു.
“അല്ലെങ്കിൽ നിന്നോട് ഞാനെന്തിനാ മറയ്ക്കുന്നത്. നിനക്കറിയില്ല മോളെ ഞാനിപ്പോൾ എത്ര സന്തോഷവതിയാണെന്ന്. എന്‍റെ ജീവിതത്തിലെ അസുലഭ മുഹൂർത്തങ്ങളിലൊന്നാണിത്. നന്ദൻമാഷിനെ ഇങ്ങനെ അടുത്തിരുന്ന് പരിചരിക്കാനാവുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.”
“എന്‍റെ അമ്മ ഭാഗ്യവതിയാണ്. സ്നേഹിച്ച പുരുഷനെ അടുത്തു കിട്ടുന്നതിനോളം ഭാഗ്യം ഒരു സ്ത്രീക്ക് മറ്റൊന്നില്ല. അതിനു പുറമേ അദ്ദേഹത്തെ പരിചരിക്കാൻ കൂടി അവസരം ലഭിച്ചാലോ?”
“അതെ മോളെ. ഞാനിന്ന് ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്ണാണെന്ന് തോന്നിപ്പോകുന്നു. ജീവിതത്തിൽ എല്ലാം നഷ്ടപെട്ടു എന്നു കരുതി ജീവിച്ചവളാണ് ഞാൻ. എന്നാലിന്ന് ജീവിതത്തെക്കുറിച്ച് എനിക്കേറെ ശുഭാപ്തിവിശ്വാസം തോന്നുന്നു.”
“അമ്മേ… അമ്മയുടെ വിശ്വാസം അമ്മയെ രക്ഷിക്കും എന്നെനിക്കുറപ്പുണ്ട്. നന്ദൻമാഷിനെ രക്ഷിച്ചെടുക്കാൻ അമ്മക്കു കഴിയും.”
“അതെ മോളെ… എനിക്കും അക്കാര്യത്തിൽ ഉറപ്പു തോന്നുന്നു. എന്‍റെ എല്ലാ പരിശ്രമവും ഇനി അതിലേക്കു മാത്രമായിരിക്കും.”
“നോക്കു അമ്മേ… നന്ദൻമാഷിന് ഉറക്കം വരുന്നുണ്ടെന്നു തോന്നുന്നു. നമുക്ക് അദ്ദേഹത്തിനെ കിടക്കയിലേക്ക്കിടത്താം”
“ശരിയാണ് മോളെ. ഞാൻ നിന്നോടു വർത്തമാനം പറഞ്ഞിരുന്നതുകൊണ്ട് നന്ദൻമാഷിനെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ആകെ ക്ഷീണിതനാണ്. ഈ സ്ഥിതിയിൽ നിന്ന് അദ്ദേഹത്തെ മോചിപ്പിക്കുകയാണ് എന്‍റെ ആദ്യ കർത്തവ്യം.”
നയന എഴുന്നേറ്റ് നന്ദൻമാഷിനെ കിടക്കയിലേക്ക് കിടത്തുവാൻ ഹേമാംബികയെ സഹായിച്ചു. തലയിണ വച്ച് തല ഉയർത്തി അദ്ദേഹത്തിന് സുഖകരമായി കിടക്കുവാൻ അനുവദിച്ചു. എന്നിട്ട് ഒരു കൊച്ചു കുഞ്ഞിന്‍റെ ശാന്തത അദ്ദേഹത്തിന്‍റെ മുഖത്ത് കളിയാടുന്നത് നോക്കി അവർ ഇരുവരും ഇരുന്നു.
“ഈ മുഖം കണ്ടാലറിയാം അമ്മേ അദ്ദേഹം എത്രമാത്രം നല്ലവനാണെന്ന്.”
“അതെ നയന. ഒരു കാലത്ത് സൂര്യതേജസ്സായിരുന്നു ഈ മുഖത്തിനുണ്ടായിരുന്നത്. അത് നോക്കി ഞാൻ സ്വയം മറന്ന് എത്ര നിന്നിട്ടുണ്ടെന്നോ. എന്നാലിപ്പോൾ അദ്ദേഹത്തിന്‍റെ കിടപ്പു കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല കുട്ടീ…” ഹേമാംബികയുടെ കണ്ണുകൾ കരകവിഞ്ഞൊഴുകി. അതുകണ്ട് നയന പറഞ്ഞു.
“അയ്യേ… അമ്മ എന്തിനാ കരയുന്നത്? നമ്മൾ അദ്ദേഹത്തെ ഈ സ്ഥിതിയിൽ നിന്നും ഉയിർത്തെഴുന്നേൽപ്പിക്കില്ലേ?”
“ശരിയാണ് കുട്ടീ… അതോർക്കുമ്പോൾ മാത്രമാണ് ഞാൻ ആശ്വസിക്കുന്നത്. ഇനി മുതൽ ഉറക്കമില്ലാത്ത രാത്രികളാണ് എന്‍റെ മുന്നിൽ നീണ്ടു കിടക്കുന്നത്. മാത്രമല്ല ഇനി കുറെ നാളത്തേക്ക് മറ്റുള്ള ആരുടെ കാര്യത്തിലും ഞാൻ കൂടുതലായി ഇടപെടുകയില്ല. എല്ലാം നീ തന്നെ കൈകാര്യം ചെയ്തു കൊള്ളണം.”
“ശരി അമ്മേ… അതമ്മ എന്നോട് പ്രത്യേകം പറയേണ്ട ആവശ്യമുണ്ടോ എല്ലാം നോക്കിം കണ്ടും ഞാൻ ചെയ്തു കൊള്ളാം.”
“അതു മതി മോളെ. നയന എന്നെ മനസ്സിലാക്കുന്നുണ്ടല്ലോ. അതു തന്നെ എന്‍റെ വലിയ ഭാഗ്യം.”
“അമ്മയുടെ സന്തോഷമാണ് എന്‍റെയും സന്തോഷം. ഞാനെപ്പോഴും പറയാറില്ലെ എനിക്ക് ഈ ജന്മത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് എന്‍റെ അമ്മ എന്ന്.” നയന ഹേമാംബികയുടെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.
“അതെ. ഇനി വരുന്ന എല്ലാ ജന്മങ്ങളിലും നീയെന്‍റെ മകളായി പിറക്കട്ടെ.” ഹേമാംബിക അവളെ തന്നോട് വലിച്ചടുപ്പിച്ച് ആ നെറുകയിൽ ചുംബിച്ചു.
“നന്ദൻമാഷ് ആഹാരം കഴിച്ച് ഉറങ്ങിയല്ലോ അല്ലേ ടീച്ചറെ.” ശബ്ദം കേട്ട് ഹേമാംബികയും നയനയും ഞെട്ടിത്തിരിഞ്ഞു നോക്കി. അപ്പോൾ വാതിൽക്കൽ നിന്ന രാജീവ് പറഞ്ഞു.
“ഹും… ഇങ്ങനെയൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞയുടനെ അമ്പതിനായിരം രൂപ സംഭാവനയും തന്ന് അയാൾ പോയി. അച്ഛനെ വീണ്ടും ഒന്നു കാണണമെന്നു പോലും അയാൾക്കില്ല…”
“ആര് സുമേഷോ” ഹേമാംബിക ചോദിച്ചു.
”അതെ ആ സുമേഷ് തന്നെ. നന്ദികെട്ട ഒരു മകനാണയാൾ. നന്ദൻമാഷിനെ ഇനി അയാൾ തിരിഞ്ഞു നോക്കുമെന്ന് തോന്നുന്നില്ല. എല്ലാ ഭാരവും ഇവിടെ ഒഴിച്ചു വച്ച ആശ്വാസത്തിലാണ് അയാൾ പോയത്.”
“പാവം നന്ദൻമാഷ്. ആയ കാലത്ത് ഭാര്യക്കും മക്കൾക്കും വേണ്ടി മാത്രം ജീവിച്ച മനുഷ്യനാണിദ്ദേഹം. അദ്ദേഹത്തിനോട് ഇങ്ങനെ കാണിക്കാൻ ആ മകനെങ്ങനെ മനസ്സു വന്നു.” അതു പറയുമ്പോൾ ഹേമാംബികയുടെ കണ്ണുകൾ ഈറനായി.
“ശരിയാണ് എനിക്കുമറിയാം നന്ദൻമാഷ് ഒരദ്ധ്യാപകനെന്ന നിലയിലും ഒരച്ഛനെന്ന നിലയിലും എത്ര നല്ലവനും സ്നേഹമുള്ളവനുമാണെന്ന്.” രാജീവിന്‍റെ കണ്ണുകളിലും നീർ നിറഞ്ഞു നിന്നു.
“അദ്ദേഹത്തിന് ഒരു മകൻ കൂടിയില്ലെ? അയാൾ എവിടെയാണ്?” ഹേമാംബിക ചോദിച്ചു.
“അയാൾ ഗൾഫിലെങ്ങാണ്ടോ ആണെന്നു തോന്നുന്നു. അയാളുടെ സ്വഭാവം എന്താണെന്ന് ആർക്കറിയാം. എനിക്കയാളെ വലിയ പരിചയമില്ല. അയാളെ പറ്റിയുള്ള ഒരു വിവരവും നൽകാൻ സുമേഷ് തയ്യാറായതുമില്ല. ഞാൻ അയാളുടെ നമ്പർ ചോദിച്ചപ്പോൾ ചേട്ടനല്ല ഞാനാണ് അച്ഛന്‍റെ കാര്യങ്ങൾ അന്വേഷിക്കുന്നത് എന്നാണയാൾ പറഞ്ഞത്. അതെന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഇനി അയാൾ അറിയാതെയാണോ സുമേഷ്, നന്ദൻമാഷിനെ ഇവിടെക്കൊണ്ടുവന്നു പാർപ്പിച്ചതെന്നുമറിയില്ല.”
“ഇപ്പോഴത്തെ കാലത്തെ മക്കളല്ലെ. അച്ഛനമ്മമാരെക്കുറിച്ചുള്ള കരുതൽ ഇത്രയൊക്കെയെ ഉണ്ടാവുകയുള്ളു. നിത്യവും നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്നതല്ലെ അത്.” ഹേമാംബിക ടീച്ചർ ഒരു നെടുനിശ്വാസത്തോടെ പറഞ്ഞു
അപ്പോൾ അടുത്തു നിന്ന നയന പരിഭവത്തോടെ പറഞ്ഞു
“അമ്മേ… വേണ്ട… എന്നെ ആഗണത്തിൽപ്പെടുത്തേണ്ട.”
“ഓ… എന്‍റെ മോൾ ആഗണത്തിലൊന്നും പെടുകയില്ലെന്ന് എനിക്കറിയില്ലെ? എന്‍റെ നയനയെപ്പോലെ മാറ്റാരും ഈ ലോകത്തിൽ ഉണ്ടാവുകയില്ലെന്നും.” അവരുടെ സ്നേഹ പരിഭവങ്ങൾ കൗതുകത്തോടെ വീക്ഷിച്ചു നിന്ന രാജീവ് പറഞ്ഞു.
“ശരി ടീച്ചർ. ഇന്നു മുതൽ നന്ദൻമാഷിന്‍റെ സംരക്ഷണച്ചുമതല ടീച്ചറിനാണ്. നയന, ടീച്ചറിനെ അസിസ്റ്റു ചെയ്താൽ മതി.”
“തീർച്ചയായും രാജീവ് സാർ. അമ്മക്ക് എന്തു സഹായവും ചെയ്യാൻ ഞാൻ തയ്യാറാണ്.”
“എന്നാൽ അമ്മയും മകളും കൂടി സ്നേഹിച്ച് കലഹിച്ചോളു. ഞാൻ പോകുകയാണ്.” അങ്ങനെ പറഞ്ഞ് രാജീവ് അവിടെ നിന്നും നടന്നു മറഞ്ഞു.
മെയിൻറോഡിൽ ഏതോ കാറുകൾ തമ്മിൽ ചെറുതായി കൂട്ടിമുട്ടി ട്രാഫിക് ബ്ലോക്കുണ്ടായിരുന്നതു കൊണ്ട് സുമേഷ് ഒരു മണിക്കൂറുകൊണ്ടാണ് വണ്ടിയോടിച്ച് വീട്ടിലെത്തിയത്. വീട്ടിലെത്തിയയുടനെ അയാൾ മുറ്റത്തു തന്നെ വണ്ടി നിർത്തി. കാറിൽ നിന്നിറങ്ങി സിറ്റൗട്ടിൽ ഏറെ ചുറുചുറുക്കോടെ ചാടിക്കയറി അയാൾ താരയെ വിളിച്ചു.
“താരെ… എടീ താരെ… നീ എവിടെപ്പോയി കിടക്കുവാ…”
സുമേഷിന്‍റെ വിളി കേട്ട് കിച്ചുവിനെ ഒക്കത്തു വച്ച് താര ഓടിയെത്തി. അവളുടെ നൈറ്റിയിൽ മുഴുവൻ വിവിധ കറകൾ പുരണ്ടിരുന്നു. നെറ്റിയിലൂടെ വിയർപ്പ് ഒലിക്കുന്നുണ്ടായിരുന്നു.
“എന്താ സുമേഷേട്ടാ… എന്തിനാ വിളിച്ചത്?ഞാൻ ഇവിടെ അടുക്കളയിൽ കിടന്ന് നക്ഷത്രം എണ്ണുകയാ… എനിക്കീ അടുക്കളപ്പണിയൊന്നും ശരിക്ക് വശമില്ലെന്ന് സുമേഷേട്ടനറിഞ്ഞുകൂടെ. ശാന്തിയെക്കിട്ടിയതിൽ പിന്നെ ഞാൻ അടുക്കളയിൽ കയറിയിട്ടുമില്ല. ഓഫീസ്ജോലി മാത്രം നോക്കി ജീവിച്ചാ മതിയായിരുന്നു. ഇപ്പം ഏതോ നരകത്തിൽ നിക്കുന്ന പ്രതീതിയാ. കിച്ചുവാണെകി ഏതു സമയവും വാശിപിടിച്ച് കരച്ചിലാ. അതിനിടക്കാ സുമഷേട്ടന്‍റെ വിളി…”
“നല്ല കാര്യം. നീ പറഞ്ഞു നിർബ്ബന്ധിച്ചിട്ട് നിന്‍റെ ഒരു വലിയ ബുദ്ധിമുട്ട് ഒഴിച്ചിട്ടല്ലേ ഞാൻ വരുന്നത്. ഇനി മുതൽ നിനക്ക് സുഖമായില്ലെ? അച്ഛന്‍റെ കാര്യമൊന്നും നോക്കണ്ടല്ലോ?”
“അപ്പോൾ നിങ്ങൾ അങ്ങേരെ അവിടെത്തന്നെ നിർത്താൻ പോകുകയാണോ? അത് നന്നായി. ഞാൻ വിചാരിച്ചത് അസുഖം മാറിക്കഴിഞ്ഞാൽ അങ്ങേരെ ഇങ്ങ് കൊണ്ടുവരുമെന്നാ. അപ്പോ സുരേഷേട്ടനെ നിങ്ങള് അറിയിച്ചില്ലെ, അച്ഛനെ അവിടെക്കൊണ്ടു പോയാക്കിയ കാര്യം.”
“ഏയ് ഇല്ല. ഏട്ടനിപ്പോ ഇതൊന്നും അറിയണ്ട. അറിഞ്ഞാൽ അച്ഛനെ അവിടെക്കൊണ്ടാക്കാൻ സമ്മതിക്കുകയില്ല. മാത്രമല്ല നമ്മള് നോക്കാതെ അച്ഛന്‍റെ നില വീണ്ടും വഷളായി എന്നറിഞ്ഞാൽ സുരേഷേട്ടൻ നമ്മളോട് പിണങ്ങും. പിന്നെ ചിലപ്പോൾ ഉടനെ വന്ന് അച്ഛനെ ഗൾഫിലേക്ക് വിളിച്ചുകൊണ്ടു പോയി എന്നും വരും.”
“അത് നല്ലകാര്യമല്ലെ സുമേഷേട്ടാ. അച്ഛന്‍റെ ബാധ നമുക്ക് എന്നന്നേക്കുമായി ഒഴിയുമല്ലോ.”
“ങാ… അതും ശരിയാണ്… പക്ഷെ അതിപ്പോൾ വേണ്ട… അല്പം കൂടി കഴിയട്ടെ… നീ പോയി ഇപ്പോൾ കാപ്പിയെടുത്തു വയ്ക്ക്. നല്ലവണ്ണം വിശക്കുന്നു.”
“സുമേഷേട്ടൻ കുറച്ചുനേരം ഇവനെ യൊന്നു പിടിച്ചേ. ഞാൻ ഇപ്പം ബ്രേക്ക്ഫാസ്റ്റ് എടുക്കാം.” കാപ്പിയെടുക്കാൻ തിരിഞ്ഞ താരയോടയാൾ വീണ്ടും പറഞ്ഞു.
“ങാ… ഗൾഫീന്ന് ഏട്ടനോ ഏടത്തിയോ വിളിച്ചാൽ നീ അച്ഛനിവിടുണ്ടെന്നു പറഞ്ഞാൽ മതി. അല്ലാതെ സ്നേഹസദനത്തിൽ കൊണ്ടാക്കിയ കാര്യമൊന്നും എഴുന്നെള്ളിക്കാൻ നിക്കണ്ട.”
“അപ്പോ അച്ഛന്‍റെ കൈയ്യിൽ ഫോൺ കൊടുക്കാൻ അവര് പറഞ്ഞാലോ?”
“അത് നീ അപ്പോൾ തോന്നുന്ന പോലെ പറ. നിന്നെപ്പോലുള്ള പെണ്ണുങ്ങൾക്കാണോ നുണകൾ ചമക്കാൻ കഴിയാത്തത്?”
ഒടുവിൽ പറഞ്ഞത് താരയ്ക്കിഷ്ടമായില്ലെങ്കിലും അവൾ ഒന്നും പറഞ്ഞില്ല. അടുക്കളയിൽ ദോശ കരിയുന്ന മണം കേട്ട് അവൾ വെപ്രാളപ്പെട്ടു കൊണ്ട് ഓടി.
അടുക്കളയിൽ പ്രാതലിനുള്ള വിഭവം ഒരുക്കുമ്പോൾ സുരേഷിന്‍റെ മുഖഭാവം അവൾ ഓർത്തു. അയാൾ അവളിൽ നിന്ന് എന്തോ മറയ്ക്കാൻ ശ്രമിക്കുന്നതായി താരക്ക് തോന്നി. പക്ഷെ അത് എന്താണെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് പിടി കിട്ടിയില്ല. സൗകര്യം കിട്ടുമ്പോൾ നയപൂർവ്വം ചോദിച്ചറിയാമെന്ന് വിചാരിച്ച് അവൾ തന്‍റെ ജോലി തുടർന്നു.
നന്ദൻമാഷ് ഉച്ചവരെ തളർന്ന് ഉറങ്ങി. ഹേമാംബിക കണ്ണിമയ്ക്കാതെ അദ്ദേഹത്തെ ശുശ്രൂഷിച്ച് അടുത്തിരുന്നു. മാഷ് ഉറങ്ങിയ സമയത്ത് ഹേമാംബിക അദ്ദേഹത്തിന് നൽകേണ്ട മരുന്നുകളെപ്പറ്റി പഠിക്കുകയായിരുന്നു.
ഉച്ചയ്ക്ക് ആഹാര ശേഷം അദ്ദേഹത്തിന് മരുന്നു നൽകേണ്ടതുണ്ട്. ഇടക്ക് നയന വന്നപ്പോൾ നന്ദൻമാഷിനുള്ള ആഹാരം കൂടി എടുത്തു കൊണ്ടുവരാൻ ഹേമാംബിക ആവശ്യപ്പെട്ടു.
നയന ഉടൻ തന്നെ അടുക്കളയിൽച്ചെന്ന് അദ്ദേഹത്തിനുള്ള ചോറും കറികളും പാത്രത്തിലാക്കി എടുത്തു കൊണ്ടു വന്നു.
ഇടക്ക് നന്ദൻമാഷ് കണ്ണുതുറന്നപ്പോൾ ഹേമാംബികയും നയനയും കൂടി അദ്ദേഹത്തെ രാവിലത്തെ പോലെ കിടക്കയിൽ തലയിണ വച്ച് ചാരി ഇരുത്തി. ഇപ്പോൾ നന്ദൻമാഷ് വലിയ പ്രതിഷേധമൊന്നും കാണിച്ചില്ല. ഹേമാംബികയുടേയും നയനയുടേയും ഇടപെടൽ അത്രത്തോളം സൗമ്യമായിരുന്നു നന്ദൻമാഷിനെ ഒരു കൊച്ചുകുഞ്ഞിനെ എന്ന പോലെയാണ് അവർ കൈകാര്യം ചെയ്തത്. അവരുടെ സ്പർശനത്തിൽ നന്ദൻമാഷിന് നല്ല സുഖം തോന്നി. അദ്ദേഹം പ്രതിഷേധം കൂടാതെ ആഹാരവും മരുന്നും കഴിച്ചു.
ഇതിനിടയിൽ സ്നേഹസദനത്തിലെ പലരും ഹേമാംബികയെ അന്വേഷിച്ചു തുടങ്ങി. തങ്ങളെ ഏറെ സ്നേഹത്തോടെ പരിചരിച്ചിരുന്ന ഹേമാംബികയുടെ അഭാവം അവരെ വല്ലാതെ അസ്വസ്ഥരാക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്തു.
“ഹേമ ടീച്ചർ എവിടെ? ഞങ്ങൾക്ക് ഹേമ ടീച്ചറിനെ കാണണം. ഹേമ ടീച്ചർ ഞങ്ങൾക്ക് എല്ലാം ചെയ്തു തന്നാൽ മതി.” നയന ചെന്നപ്പോൾ അവർ വാശിപിടിച്ചു തുടങ്ങി.
“ഹേമാമ്മ ഇന്നു വന്ന പുതിയ രോഗിയുടെ അടുത്താണ്. അദ്ദേഹം വളരെ ഗുരുതരമായ രോഗാവസ്ഥയിലാണ്. അതിനാൽ ഹേമാമ്മ അദ്ദേഹത്തിന്‍റെ അടുത്തുനിന്ന് മാറാതെ ശുശ്രൂഷിക്കുകയാണ്.”
അതുകേട്ട് ഏറെ പ്രായാധിക്യത്താൽ അവശരായ സുമതിക്കുട്ടിയും കാർത്യായനിയും വേലായുധനും എല്ലാം പറഞ്ഞു.
“ഓ… അങ്ങനെയാണല്ലേ കാര്യങ്ങൾ. എങ്കിൽപ്പിന്നെ അയാൾക്ക് വേഗം സുഖമാവട്ടെ. ഹേമ ടീച്ചറിനാകുമ്പോൾ അതിനു കഴിയും…”
“അതാണ് ഹേമാമ്മയ്ക്ക് പകരം ഞാൻ വന്നത്. ഹേമാമ്മ ചെയ്തിരുന്ന എല്ലാ കാര്യങ്ങളും നിങ്ങൾക്കു വേണ്ടി ഇനി ഞാനാണ് ചെയ്യാൻ പോകുന്നത്.”
“ഏതായാലും ഹേമ ടീച്ചറില്ലാതെ എനിക്ക് സത്യത്തിൽ കുളിക്കാൻ പോലും തോന്നുന്നില്ല. പിന്നെ എന്തു ചെയ്യാനാ ഞങ്ങളെക്കാൾ കഷ്ടസ്ഥിതിയിലായ ഒരുത്തനെ രക്ഷിക്കാനല്ലെ. ഞങ്ങൾക്കു പരാതിയില്ല. നയന മോൾ ഞങ്ങളെ കുളിപ്പിക്കുകയും ആഹാരം വാരിത്തരികയുമൊക്കെ ചെയ്താൽ മതി. നീയും ഹേമ ടീച്ചറിനെപ്പോലെ സ്നേഹമുള്ളവളാണെന്ന് ഞങ്ങൾക്കറിയാം.”
അങ്ങനെ പറഞ്ഞ് അവരെല്ലാം നയനയോട് സഹകരിച്ചു. അന്ന് രാത്രിയിൽ നയനയും ഹേമാംബികയും ഒരുമിച്ച് നന്ദൻമാഷിന്‍റെ മുറിയിൽ കിടന്നുറങ്ങി.
പകൽ സമയങ്ങളിൽ നന്ദൻമാഷിനെ ദിനകൃത്യങ്ങൾ ചെയ്യിക്കലും കുളിപ്പിക്കലും മറ്റും രാജീവിന്‍റെ ജോലിയായിരുന്നു… രാജീവ് കുളിപ്പിക്കുമ്പോൾ നന്ദൻമാഷ് ആദ്യമൊക്കെ പ്രതിഷേധിച്ചെങ്കിലും പിന്നീട് സഹകരിച്ചു. അങ്ങനെ ദിനങ്ങൾ അതിവേഗം ഓടി മറഞ്ഞു കൊണ്ടിരുന്നു കൃത്യമായ മരുന്നും, ഭക്ഷണവും, സ്നേഹ പൂർണ്ണമായ പരിചരണങ്ങളും നന്ദൻമാഷിനെ അതിവേഗം നല്ല ആരോഗ്യസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവന്നു കൊണ്ടിരുന്നു.
ഇടയ്ക്കിടക്ക് സ്മൃതി ഹോസ്പിറ്റലിലെ സൈമൺ ഡോക്ടർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം സ്നേഹസദനം സന്ദർശിച്ച് വേണ്ട നിർദേശങ്ങളും മരുന്നും നന്ദൻമാഷുൾപ്പെടെ എല്ലാവർക്കും നൽകിക്കൊണ്ടിരുന്നു നന്ദൻമാഷിന്‍റെ ആരോഗ്യസ്ഥിതിയിലെ പുരോഗതിയിൽ അദ്ദേഹം രാജീവിനെയും ഹേമാംബികയെയും പ്രത്യേകം അഭിനന്ദിക്കാനും മറന്നില്ല.
മാസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു.
ശരീരക്ഷീണം അകന്നപ്പോൾ ഹേമാംബിക അദ്ദേഹത്തെയും മറ്റുള്ളവരോടൊപ്പം രാവിലെ നടത്തത്തിന് ഒപ്പം കൂട്ടി. നന്ദൻമാഷിന് ഏറ്റവും സന്തോഷകരമായ ഒരു വ്യായാമമായിരുന്നു അത്. ചുറ്റുമുള്ള പച്ചപ്പു നോക്കി അദ്ദേഹം നടക്കും. അപ്പോൾ ഹേമാംബിക അദ്ദേഹത്തിന്‍റെ കൂടെ നടന്ന് സ്ക്കൂളിലെ പഴയ കാര്യങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. പതുക്കെ പതുക്കെ നന്ദൻമാഷിന്‍റെ മനസ്സിൽ ആ ഓർമ്മകൾ തെളിഞ്ഞുവന്നു. താൻ സൗദാമിനിയായി കരുതിയിരുന്നത് ഹേമാംബികടീച്ചർ ആണെന്ന് അദ്ദേഹത്തിന് മനസ്സിലായി.
നന്ദൻമാഷ് പതുക്കെ പതുക്കെ പഴയ ഓർമ്മകളിൽ നിന്ന് പുതിയതിലേക്ക് മടങ്ങി വന്നുകൊണ്ടിരുന്നു. താൻ ഇപ്പോൾ എവിടെയാണെന്നും എങ്ങനെയാണ് താൻ ഇവിടെയെത്തിച്ചേർന്നതെന്നും എല്ലാം അദ്ദേഹത്തിന് മനസ്സിലായി.
അങ്ങനെ നന്ദൻമാഷ് വീണ്ടും ഒരു സാധാരണ മനുഷ്യനായി. ഭൂതവും വർത്തമാനവും ഭാവിയും എല്ലാം ഉള്ള സാധാരണ മനുഷ്യൻ.
അപ്പോഴും ചെറുപ്പം മുതൽ തന്‍റെ മനസ്സിൽ ഒളിഞ്ഞു കിടന്നിരുന്ന നന്ദൻമാഷിനോടുള്ള സ്നേഹം ഹേമാംബികക്ക് അദ്ദേഹത്തോട് വെളിപ്പെടുത്താനായില്ല. അക്കാര്യത്തിൽ അവർ ദുഃഖിതയായിരുന്നു. ഒറ്റക്കിരുന്ന് പലപ്പോഴും അവർ കണ്ണീർ വാർത്തു. അത് തിരിച്ചറിഞ്ഞ നയന പലപ്പോഴും ഹേമാംബികയോടു പറഞ്ഞു കൊണ്ടിരുന്നു.
“ഹേമാമ്മേ. നിങ്ങൾ തനിച്ചാകുമ്പോൾ ഹേമാമ്മ മനസ്സിലുള്ളത് നന്ദൻമാഷിനോട് തുറന്നു പറയൂ. അദ്ദേഹം അതറിഞ്ഞ് അമ്മയെ സ്നേഹിച്ചു തുടങ്ങും.”
“എന്തിനാ കുട്ടി… ഈ വയസ്സുകാലത്ത് അദ്ദേഹത്തിന്‍റെ മനസ്സിൽ ഇടം നേടിയിട്ട്. ഇനിയും ഒത്തൊരുമിച്ചുള്ള ഒരു ദാമ്പത്യജീവിതം ഞങ്ങൾക്ക് സാദ്ധ്യമാവുകയില്ലല്ലോ.” ഹേമാംബിക നയനയോട് പ്രതികരിച്ചത് അങ്ങനെയാണ്.
“എന്നാരു പറഞ്ഞു. കാലം മാറിക്കൊണ്ടിരിക്കുകയാണ് അമ്മേ. പാശ്ചാത്യനാടുകളിലേത് പോലെ ഇവിടെയും മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നു. വാർദ്ധക്യ കാലത്ത് ഒരു തുണ സ്ത്രീക്കും പുരുഷനും ആവശ്യമായ ഒരു കാലഘട്ടത്തിലാണ് നാം എത്തിനിൽക്കുന്നത്. കാരണം മക്കളെല്ലാം അച്ഛനമ്മമാരെ അകറ്റിക്കൊണ്ടിരിക്കുന്നു. പുതിയ തലമുറക്ക് അവരുടെ ജീവിതമാണ് പ്രധാനം. നന്ദൻമാഷിന് ഹേമാമ്മയെപ്പോലെ ഒരാളുടെ തുണ ഏറ്റവും അത്യാവശ്യമായ ഒരു ഘട്ടമാണ് ഇത്.”
“നീ പറയുന്നത് ശരിയാണ് നയനേ. നന്ദൻമാഷില്ലാതെ ഒരു ജീവിതം എനിക്കുമാവില്ല. പക്ഷെ ഞാനതെങ്ങിനെ അദ്ദേഹത്തോട് പറയും?”
“നിങ്ങൾക്കു മുന്നിൽ ഇപ്പോൾ മറ്റു തടസ്സങ്ങൾ ഒന്നുമില്ല. നിങ്ങൾ തനിച്ചാകുമ്പോൾ അമ്മ മനസ്സു തുറക്കൂ…”
നയനയുടെ വാക്കുകൾ ഹേമാംബികയെ ഒരു പുതിയ കാഴ്ചപ്പാടിലേക്കു നയിച്ചു. അവർ നന്ദൻമാഷിനോട് എല്ലാം തുറന്നു പറയാൻ തീരുമാനിച്ചു.