വിവാഹമോചിതരായവരുടെ സങ്കടങ്ങൾ കാണിക്കുന്ന ഒരു റിയാലിറ്റി ഷോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. അതിൽ പങ്കെടുക്കുന്നവരെല്ലാം സ്ത്രീകളാണ്. പുരുഷന്മാരാൽ പീഡിപ്പിക്കപ്പെട്ടവർ. പുരുഷൻ പുറംലോകത്തിന് പിന്നാലെ പായുകയാണ്. അവരുടെ കണ്ണിൽ ഭാര്യയൊഴിച്ച് ബാക്കിയെല്ലാം നല്ലതാണ്. സുന്ദരം… എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. എഴുത്തും വായനയും സാമൂഹ്യപ്രവർത്തനവുമായി നടക്കുന്നതിനിടെ കടന്നുവരുന്ന ഇത്തരം ചിന്തകൾ മനസ്സിനെ വല്ലാതെ കീറിമുറിക്കാറുണ്ട്. പ്രത്യേകിച്ച് നിഷ്കളങ്കരായ കുട്ടികളെക്കുറിച്ച് ഓർക്കുമ്പോൾ. അധികനേരം ആ പ്രോഗ്രാം കണ്ടിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ ടിവി ഓഫ് ചെയ്തു.
അടുത്ത ദിവസം തികച്ചും അവിചാരിതമായാണ് എനിക്ക് കോൽക്കത്തയിൽ പോകേണ്ടി വന്നത്. ഞാൻ ജനിച്ചുവളർന്ന കോൽക്കത്ത എനിക്കെന്നും പ്രിയപ്പെട്ടതാണ്. അതുകൊണ്ട് അവിടുത്തെ വഴികൾക്ക് ഇരുവശങ്ങളിലായുള്ള കടകളിൽ ഷോപ്പിംഗിന് പോവുകയെന്നുള്ളത് എനിക്കിപ്പോഴും ഹരമാണ്. കടയിൽ നിന്നുയരുന്ന പഴമയുടെ ആ മണം എന്നെ കഴിഞ്ഞുപോയ ജീവിതവുമായി ബന്ധിപ്പിക്കുന്നതുപോലെ. ആ വഴികളിലൂടെ നടക്കുമ്പോൾ ഗൃഹാതുരമായ ഓർമ്മകളാണ് മനസ്സിൽ ഓടിയണയുക. കുട്ടിയായിരുന്നപ്പോഴും മുതിർന്നപ്പോഴും ഈ വഴികളിലൂടെ എത്രയോ തവണ സഞ്ചരിച്ചിരുന്നു.
കോൽക്കത്തയിൽ എപ്പോൾ പോയാലും അവിടുത്തെ ഓർമ്മയ്ക്കായി ഇഷ്ടമുള്ളത് എന്തെങ്കിലും വാങ്ങുക പതിവാണ്. ഒരു കൊച്ചുകുട്ടിയുടെ മനസ്സോടെ കണ്ണിൽ കണ്ടതെല്ലാം ഞാൻ വാങ്ങിച്ചുകൂട്ടും. ഒരിക്കൽ ഇവിടെ നിന്നും അരി വരെ വാങ്ങിക്കൊണ്ടു പോയിട്ടുണ്ട്.
ഇത്തവണ സമയമില്ലാതിരുന്നിട്ടും ഞാൻ പതിവുപോലെ മാർക്കറ്റിലെ ഒരു കോണിലുള്ള പലവ്യഞ്ജന കടയിൽ കയറി. മനസ്സിനെ മോഹിപ്പിക്കുന്ന ധാരാളം സാധനങ്ങളുണ്ട് അവിടെ. ഗ്രാമത്തിന്‍റെ തനിമയും സുഗന്ധവും പേറുന്ന കുളി സോപ്പുകൾ എന്നുവേണ്ട സകലതും ലഭിക്കുന്ന ഒരു പഴയ കടയായിരുന്നുവത്.
പഴയ കട ആയിരുന്നെങ്കിലും കാലത്തിനനുസരിച്ച് ചില രൂപവ്യത്യാസങ്ങൾ കടയിൽ ദൃശ്യമായിരുന്നു. നേരത്തേ ഉണ്ടായിരുന്ന കടയുമയുടെ മക്കളാണിപ്പോൾ നടത്തിപ്പുകാർ. അവർ എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും അവരിലൊരാൾ എന്നെ നോക്കി പുഞ്ചിരിച്ചു. ആ സമയം കടയിൽ മറ്റൊരാളുണ്ടായിരുന്നു. വേഷത്തിലും സംസാരത്തിലും മാന്യത സ്ഫുരിക്കുന്ന മധ്യവയസ്സിലോടടുക്കുന്ന സുമുഖനായ വ്യക്തി. കടയിലെ പയ്യൻ ആദരവോടെ എന്നെ നോക്കി.
ഞാനവനെ തിടുക്കപ്പെട്ട് കയ്യിൽ സൂക്ഷിച്ചിരുന്ന ലിസ്റ്റ് ഏൽപ്പിച്ചു. “വേഗം വേണം.”
പയ്യൻ പെട്ടെന്ന് തന്നെ ലിസ്റ്റിലുള്ള സാധനങ്ങൾ എടുത്ത് കിറ്റിലാക്കി. കണക്കുകൂട്ടി. കടക്കാരുമായി സംസാരിച്ചു നിൽക്കുന്ന സുമുഖൻ എന്നെ കൂടെക്കൂടെ നോക്കുന്നത് കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു. നാണമില്ലാത്ത മനുഷ്യൻ… മനസ്സിലോർത്തു. 20- 25 വർഷം മുമ്പായിരുന്നു ഈ വായനോട്ടമെങ്കിൽ അത്ഭുതപ്പെടേണ്ടതില്ലായിരുന്നു. പക്ഷേ, ഇതിപ്പോൾ ഈ വൈകിയ വേളയിൽ. ഇങ്ങനെ ഓരോന്ന് ആലോചിച്ച് നിൽക്കേ പയ്യൻ സാധനമടങ്ങിയ കിറ്റ് എന്നെ ഏൽപ്പിച്ചു.
“മൊത്തം എത്രയായി?” ഞാൻ ചോദിച്ചു.
“മാഡംജി, പണം ബഡാസാബ് തന്നല്ലോ.”
ഞാൻ അതിശയഭാവത്തിൽ അയാളെ നോക്കി. ഇതെന്ത് മറിമായം, എന്തിന് അപരിചിതനായ ഒരാൾ എനിക്കുവേണ്ടി പണം മുടക്കണം. മനസ്സിൽ ഒരു വല്ലായ്മ തോന്നി. സാധനങ്ങളുടെ വില ഏകദേശം 350 രൂപ വരും. ഇത്രയും പണം അപരിചിതനായ ആ വ്യക്തി കൊടുത്തെന്നോ?
ഞാനയാളെ ആപാദചൂഡം വീക്ഷിച്ചു. കാഴ്ചയിൽ വളരെ കുലീനത്വം തോന്നിക്കുന്ന മുഖം. പക്ഷേ, ഇയാളാരാണ്? എവിടെയെങ്കിലും കണ്ടതായിപോലും ഓർമ്മയില്ല. പക്ഷേ, ഇയാളെന്തിന് എന്‍റെ പണം കൊടുത്തു. എന്താവും കാരണം? ഞാനയാളെ വീണ്ടും സൂക്ഷിച്ചു നോക്കി. അയാൾ എന്നെത്തന്നെ നോക്കി പുഞ്ചിരി തൂകി. മനസ്സിൽ എന്തെങ്കിലും മോശമായി ചിന്തിക്കാനും കഴിയുന്നില്ല. എന്താവും കാരണം?
“വരൂ നമുക്ക് എവിടെയെങ്കിലും ഇരുന്ന് സംസാരിക്കാം.” തെല്ലും കൂസലന്യേ അയാൾ എനിക്കടുത്തുവന്നു. ഞാൻ ഞെട്ടിത്തരിച്ചുനിന്നു. എവിടെയോ എപ്പോഴോ കണ്ട ചെറിയൊരു പരിചയമുള്ളതുപോലെ…
“ഇതാ പണം…” ഞാൻ പണം അയാളുടെ നേർക്ക് നീട്ടി.
“അയ്യോ, എന്നെ മനസ്സിലായില്ലേ?” ഞാൻ തെല്ലൊരു ജാള്യതയോടെ അയാളെ നോക്കി.
ഇയാൾ അപരിചിതനാകാൻ വഴിയില്ല. തന്‍റെ ജീവിതവുമായി നല്ല അടുപ്പമുള്ള ആളായിരിക്കാമെന്ന് ആ ചോദ്യത്തിൽ നിന്നും ഊഹിച്ചെടുത്തു. പക്ഷേ, എത്രയാലോചിച്ചിട്ടും ഈ മുഖം ഓർത്തെടുക്കാനായില്ല. പഴയ സുഹൃത്തുക്കളെ ഓരോരുത്തരെയായി മനസ്സിലേക്ക് പായിച്ചു നോക്കി. ഇല്ല, ഓർമ്മ വരുന്നില്ല. ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി.
“ഇപ്പോഴും എന്നെ മനസ്സിലായില്ല അല്ലേ, ലച്ചി?”
ലച്ചി, ഈ പേരുപോലും ഞാനെന്നേ മറന്നു പോയതാണ്. കുട്ടിക്കാലത്ത് ഏറെ അടുപ്പമുള്ളവർ എന്നെ വിളിച്ചിരുന്നത് ലച്ചി എന്നായിരുന്നു. യുദ്ധത്തിൽ പരാജയപ്പെട്ട യോദ്ധാവിനെപ്പോലെ ഞാൻ ആ മുഖത്തേക്ക് നോക്കി. ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി.
അയാൾ പൊട്ടിച്ചിരിച്ചു, “വരൂ, നമുക്ക് നെസ്റ്റിൽ പോയി ചായ കുടിക്കാം. അപ്പോൾ ഓർമ്മ വരൂം.”
“നെസ്റ്റ്….”പെട്ടെന്ന് എന്‍റെ മനസ്സിൽ കൊള്ളിയാൻ മിന്നി.
“ഗൗതം… നീയോ…”
“ഹൊ, ഇപ്പോഴെങ്കിലും മനസ്സിലാക്കിയല്ലോ. ഞാൻ പേടിച്ചിരിക്കുകയായിരുന്നു. നീയെങ്ങാനും പോലീസിനെ വിളിച്ച് എന്നെ ജയിലിലാക്കുമോയെന്ന്. അതും ഈ പ്രായത്തിൽ ഒരു സ്ത്രീയെ ശല്യം ചെയ്തതിന്.” ഗൗതമനും ചിരിയടക്കാനായില്ല.
ആ ചിരിയിൽ ഞാനും പങ്കുകൊണ്ടു. “നീ വല്ലാതെയങ്ങ് തടി വെച്ചു. പിന്നെങ്ങനെയാ ഞാൻ തിരിച്ചറിയുക?”
“നീയും തടിച്ചു. പക്ഷേ, വലിയ മാറ്റമൊന്നുമില്ല.” ഗൗതം വീണ്ടും ചിരിച്ചു.
“പക്ഷേ, ഇവിടെ എങ്ങനെ? ബാംഗ്ലൂരിൽ സെറ്റിൽ ചെയ്തുവെന്നാണല്ലോ കേട്ടത്. അവിടെ വീട് വെച്ചുവെന്നും.”
“വാ… നമുക്കിരുന്ന് സംസാരിക്കാം…”
നെസ്റ്റ് അടുത്ത് തന്നെയായിരുന്നു. ഗ്ലാസ് ഡോർ തുറന്ന് ഞങ്ങൾ അകത്തു കടന്നു. നെസ്റ്റ് മാറിയിരിക്കുന്നു. ഇരിപ്പിടങ്ങൾക്കെല്ലാം പ്രൗഢി കൈവന്നിരിക്കുന്നു. ഒരൊഴിഞ്ഞ കോണിലായുള്ള ടേബിളിന് അഭിമുഖമായി ഞങ്ങൾ ഇരുന്നു.
“ഇനി പറ.. കുറച്ചു നാളായി ഞാൻ നിന്നെ ഓർക്കുന്നുണ്ടായിരുന്നു. പക്ഷേ, യാദൃശ്ചികമെന്നു പറയട്ടെ, ഇന്നെനിക്ക് നിന്നെ കാണാൻ കഴിഞ്ഞു.” ഗൗതം പറഞ്ഞു.
“ചിലപ്പോൾ ഞാനും ആ പഴയകാലമൊക്കെ ഓർക്കാറുണ്ട്. പക്ഷേ, നീയെന്താ എന്നെ ഓർക്കാൻ കാരണം? എന്തെങ്കിലും പ്രത്യേകിച്ച്…” ഞാൻ ഗൗതമിന്‍റെ മുഖത്തേക്ക് തുറിച്ചു നോക്കി.
പെട്ടെന്ന് ഗൗതമിന്‍റെ മുഖം ഗൗരവമാർന്നു. “ഞാൻ വല്ലാതെ തളർന്നുപോയി. തീർത്തും തനിച്ചാണ് ലച്ചി.” ഗൗതമിന്‍റെ മുഖത്ത് നിരാശ പ്രകടമായിരുന്നു.
“പക്ഷേ, എങ്ങനെ? പ്രഫസറായി ഉദ്യോഗകയറ്റം കിട്ടി ബാംഗ്ലൂരിൽ കുടുംബവുമൊത്ത് സന്തോഷമായി ജീവിക്കുന്നുവെന്നാണല്ലോ കേട്ടത്.” ഞാൻ ഗൗതമിനെ ഉറ്റു നോക്കി.
“എന്‍റെ പഠനകാലത്തെ സംഘർഷങ്ങളെ നീ ഓർക്കുന്നുണ്ടവുമല്ലോ?”
“ഓർമ്മയുണ്ട്. അതൊക്കെ കഴിഞ്ഞുപോയ അനുഭവങ്ങളല്ലേ ഗൗതം?”
കുറച്ചുമുമ്പ് കണ്ട ഗൗതമായിരുന്നില്ല ഇപ്പോൾ മുന്നലിരിക്കുന്നതെന്ന് എനിക്ക് തോന്നി. വിഷയം മാറ്റാനായി ഞാൻ പറഞ്ഞു “ഇവിടെ വരുമ്പോൾ പഴയ കാര്യങ്ങളൊക്കെ ഓർമ്മവരും അല്ലേ ഗൗതം?”
“ശരിയാണ്, നമ്മൾ അഞ്ച് സുഹൃത്തുക്കൾ. നീ, ഞാൻ, മാലതി, പ്രകാശ്, അരുൺ ഘോഷ്… ഒരു തണ്ടിലെ പൂക്കളെപ്പോലെയായിരുന്നു നമ്മൾ. പക്ഷേ പിന്നീട് എല്ലാവരും എവിടേക്കോ പോയി. തിരിച്ചുകിട്ടാനാവാത്തതു പോലെ. പക്ഷേ, ലച്ചി നീ ചെയ്ത ഉപകാരങ്ങൾ അതാണ് എന്നെ മുന്നോട്ട് നയിച്ചത്. എനിക്ക് മറക്കാനാവില്ല അതൊന്നും.”
“ഞാൻ മാത്രമല്ല. എല്ലാവർക്കും നിന്നെക്കുറിച്ച് ചിന്തയുണ്ടായിരുന്നു. നിന്നെ എല്ലാവരും ഏറെ സ്നേഹിച്ചിരുന്നു. നിന്‍റെ ആവശ്യങ്ങളറിഞ്ഞ് സഹായിച്ചിരുന്നു. എന്തിന് ഞങ്ങൾ പരസ്പരം മത്സരിച്ച് നിന്‍റെ ഫീസടച്ചിട്ടുണ്ട്. അതൊക്കെയും നിന്നോടുള്ള ആ സൗഹൃദത്തിന്‍റെ ബലമായിരുന്നു.”
“ശരിയാണ്. അതെല്ലാം ഞാൻ ഓർക്കാറുണ്ട്. ആ സൗഭാഗ്യങ്ങൾ അനുഭവിച്ച ഞാൻ ഈ ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാൻ തന്നെയാണ്. പക്ഷെ ലച്ചീ, ഒറ്റ നോട്ടത്തിൽ തന്നെ നീ എന്‍റെ വിശപ്പ് തിരിച്ചറിയുമായിരുന്നു. എത്രയോ തവണ കോളേജ് കാന്‍റീൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിത്തന്നിരിക്കുന്നു. എന്തിന്, വീട്ടിൽ കൊണ്ടുപോയി അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിപ്പിച്ചിട്ടില്ലേ.” ഗൗതമിന്‍റെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു.
“പക്ഷേ, ഗൗതം നീ ഇവിടെ?”
“ഇവിടെ യൂണിവേഴ്സിറ്റി കോളേജിലാണ് ഞാനിപ്പോൾ. കുഴപ്പമില്ലാത്ത സാലറിയുണ്ട്. ഈ ജോലിയിൽ നിന്നും അവധിയെടുത്തല്ലേ ഞാൻ ബാംഗ്ലൂരിൽ പഠനത്തിന് പോയത്. അവിടെ ദീർഘകാലം ജോലി ചെയ്തു. എല്ലാം മതിയാക്കി തിരിച്ചുപോന്നു.”
“അവിടുത്തെ വീടോ?” ഞാൻ ആത്ഭുതത്തോടെ നോക്കി.
“അതങ്ങനെ തന്നെയുണ്ട്, വൈഫിന് അവിടെ രണ്ട് ബുട്ടീക്കുകൾ ഉണ്ട്. മാസത്തിൽ 70- 80 കിട്ടും. അത് ചില്ലറ കാര്യമാണോ ലച്ചീ?”
“ഗൗതം ഇവിടെ തനിച്ച്?”
“ഇവിടെ ക്വർട്ടേഴ്സിലാ. ഭക്ഷണം പാകം ചെയ്യാൻ കൂടെ ഒരു പയ്യനുണ്ട്.”
“ഈ പ്രായത്തിൽ തനിച്ച് താമസിക്കുകയെന്നാൽ…”
“ഞാനിപ്പോൾ തീർത്തും ശാന്തമായി ജീവിക്കുകയാണ്. പക്ഷേ നീയും തനിച്ചല്ലേ തമസം.” ഗൗതം തെല്ലും കൂസലില്ലാതെ പറഞ്ഞു.
“ഗൗതം, ഇത് ശരിയല്ല. എന്‍റെ കാര്യം വ്യത്യസ്തമാണ്. ഭർത്താവില്ല. അദ്ദേഹം മരിച്ച ശേഷം എനിക്ക് തനിച്ച് താമസിക്കേണ്ടി വന്നു. അതെന്‍റെ വിധി. സ്വന്തം വീട്ടിലോ ഭർത്താവിന്‍റെ വീട്ടിലോ പോയാലും മോളുടെ പഠനം ഉഴപ്പും. അന്നവൾ പത്താം ക്ലാസിലായിരുന്നു. അതുകൊണ്ട് എനിക്ക് തനിച്ച് താമസിക്കേണ്ടി വന്നു. പക്ഷേ, ഗൗതം, നീ സ്വന്തം വീട്ടിൽ നിന്ന് ഒളിച്ചോടുകയല്ലേ?”
“നീ പറഞ്ഞതൊക്കെയും ശരിയാണ്. ഭാര്യക്കും കുട്ടികൾക്കും ഒപ്പമുള്ള താമസം എനിക്ക് മടുത്തു. എന്‍റെ അസ്തിത്വം തന്നെ നഷ്ടപ്പടുകയാണെന്ന് തോന്നി. അതുകൊണ്ട് കുറച്ചുകാലം എനിക്ക് ഞാനായി ജീവിക്കണമെന്ന് തോന്നി. അതൊരു തെറ്റാണോ?”
“അതെന്താ അങ്ങനെ?”
“എന്‍റെ ഭാര്യയും, വളർന്നു വരുന്ന മക്കൾ പോലും എനിക്ക് എതിരാണ്.”
“കുട്ടികളോ?”
“അതെ, ജനിച്ചനാൾ തുടങ്ങി എന്നെപ്പറ്റി മക്കളോട് അവൾ ഓരോന്ന് പറഞ്ഞ് ധരിപ്പിച്ചു വച്ചിരിക്കുകയാണ്. കാൽകാശിന് ഗതിയില്ലാത്ത തറവാട് മഹത്വമില്ലാത്തയാളാണ് ഞാൻ. അവൾ കാരണമാണത്രേ ഞാനീ നിലയിലെത്തിയത്.” ഗൗതമിന്‍റെ കണ്ണുകൾ നിറഞ്ഞു.
“എന്തായീ പറയുന്നത്. ഗൗതം കഷ്ടപ്പെട്ട് പഠിച്ച് നേടിയതല്ലേ എല്ലാം. അന്നൊന്നും ഭാര്യയില്ലായിരുന്നല്ലോ. ജോലി കിട്ടി ഏറെ നാൾ കഴിഞ്ഞായിരുന്നുവല്ലോ നിങ്ങളുടെ വിവാഹം.”
“അത് നമ്മൾ അറിയുന്ന സത്യം. പക്ഷേ, എന്‍റെ മക്കൾ നേരെ തിരിച്ചാണ് ധരിച്ചുവെച്ചിരിക്കുന്നത്. എല്ലാം അവരുടെ അമ്മയുടെ കേമത്തരം കൊണ്ട് നേടിയതാണെന്നാ വിചാരം. അതും പൂർണ്ണമായിട്ടൊന്നും നേടിയിട്ടില്ല.”
വിചിത്രമായ ഒരു പദപ്രശ്നം കണക്കേ ഗൗതമിന്‍റെ ജീവിതം എനിക്ക് മുന്നിൽ വട്ടം കറങ്ങി നിന്നു. നാളെ വിവാഹമോചനപ്പട്ടികയിൽ ഉൾപ്പെട്ടാക്കാവുന്ന മറ്റൊരു ജീവിതം. വളരെ എളിമയുള്ള ആരോടും മനസ്സ് തുറന്ന് സംസാരിക്കുന്ന, ആർക്കും എന്ത് സഹായവും ചെയ്യുന്ന മാന്യനായ വ്യക്തിയാണ് ഗൗതം. ആരോടും മുഖം കറുത്ത് സംസാരിക്കാൻ പോലും സാധിക്കാത്ത സാധു. പക്ഷേ, ഇവിടെ വിധി വൈപരീത്യം പോലെ ജീവിതം അയാളെ അശാന്തിയുടെ തീരങ്ങളിലേക്ക് നയിക്കുകയായിരുന്നു. ഞാൻ നിസ്സഹായതോടെ നോക്കി.
“ഗൗതം എനിക്ക് നിന്നെക്കുറിച്ച് ഓർക്കുമ്പോൾ വിഷമം തോന്നുന്നു. നീ ഇവിടെ സ്ഥിരമായി നിൽക്കാൻ തീരുമാനിച്ചോ?”
“അതെ, തിരികെ ജോലിയിൽ ജോയിൻ ചെയ്തത് അതുകൊണ്ടാണ്.”
“അതുമാത്രമല്ലല്ലോ.. തനിച്ച്… കുട്ടികൾക്ക് അവരുടെ അച്ഛനെ കാണണ്ടേ?”
“അവർക്കതിന്‍റെ ആവശ്യമില്ലെന്ന് തോന്നുന്നു. കോളേജിന്‍റെ ലാബ് അസിസ്റ്റന്‍റിന്‍റെ ബന്ധത്തിൽപ്പെട്ട ഒരു പയ്യൻ എന്‍റെ സഹായത്തിനായുണ്ട്. അവനാണ് ഭക്ഷണമൊക്കെ തയ്യാറാക്കുന്നത്. പത്ത് വരെ പഠിച്ച കുട്ടിയാ. അതുകൊണ്ട് ഞാനവനെ അടുത്തുള്ള സ്കൂളിൽ പ്ലസ് വണ്ണിന് ചേർത്തു. എന്‍റെ കൂടെയാ താമസം. അവന്‍റെ അമ്മ മുറി വൃത്തിയാക്കിയിടും.”
“പക്ഷേ, ഇത്രയും നാളും ഭാര്യക്കും കുട്ടികൾക്കുമൊപ്പം കഴിഞ്ഞിട്ട്. പുതിയ ശീലങ്ങളുമായി ഇണങ്ങിച്ചേരാൻ ബുദ്ധിമുട്ട് തോന്നുന്നില്ലേ?”
“വിഷമമുണ്ടായിരുന്നു. പക്ഷേ, ശീലങ്ങൾ മാറണമല്ലോ. ഇപ്പോൾ ഒരു കുഴപ്പവുമില്ല.”
“ഗൗതം വൈകാരികമായിട്ടാണ് ചിന്തിക്കുന്നതെന്നു തോന്നുന്നു.”
“അല്ല ലച്ചീ, ഇത് വൈകാരികമല്ല. സ്നേഹം, അടുപ്പം, ഇഷ്ടം… ഇതിന്‍റെയെല്ലാം അർത്ഥവും നന്മയുമെല്ലാം ഞാൻ എന്നേ മറന്നുപോയിരിക്കുന്നു. ഗൃഹനാഥനെന്ന നിലയിൽ അൽപമെങ്കിലും നിലയും വിലയും ആദരവും എനിക്ക് ലഭിക്കേണ്ടതല്ലേ. അയാം നോട്ട് അറ്റോൾ എ മെയിൽഷോവനിസ്റ്റ്, ബട്ട് അറ്റ്ലീസ്റ്റ് അസ് എ പേഴ്സൺ, ഐ ഡിസെർവ് സം റെസ്പക്ട്, ബട്ട്….” ഗൗതം ചിരിച്ചു.
“അതെന്തുകൊണ്ട് അങ്ങനെ സംഭവിച്ചു?”
“നിനക്കറിയാമല്ലോ, ഞാൻ കോളേജിലെ ടോപ് റാങ്ക് ഹോൾഡറായിരുന്നു. പരീക്ഷ കഴിഞ്ഞയുടൻ നീ കല്യാണം കഴിച്ചു പോയതുകൊണ്ട് പിന്നീട് നടന്ന കഥയൊന്നും അറിയാനിടിയില്ല. അതുകഴിഞ്ഞ് ഗസ്റ്റ് ലക്ചററായി ജോലി ചെയ്ത് ഞാൻ പഠിച്ചു. പരീക്ഷകൾ എഴുതി. വലിയ കമ്പനിയിൽ ജോലി, നല്ല ശബളം, എനിക്ക് ധാരാളം വിവാഹാലോചനകൾ വന്നു. നാട്ടിലുള്ള മുത്തശ്ശിയല്ലാതെ എനിക്ക് ആരുമില്ലായിരുന്നല്ലോ. ശരിയായ തീരുമാനമെടുക്കാൻ ആരുമുണ്ടായിരുന്നില്ല. അങ്ങനെ വന്ന ആലോചനയായിരുന്നു സുമയുടേത്. സമ്പന്ന, സുന്ദരി, എംഎക്കാരി… എല്ലാം അവർ തീരുമാനിക്കുകയായിരുന്നു.”
“സന്തോഷിക്കേണ്ടതല്ലേ…”
“അതേ, ഞാൻ സന്തോഷിക്കേണ്ടവൻ തന്നെയാ. പക്ഷേ, മുത്തശ്ശി സന്തോഷിച്ചു. സന്തോഷം സഹിക്കാനാവാതെ മുത്തശ്ശി കല്യാണം കഴിഞ്ഞതിന്‍റെ പിറ്റേമാസം എന്നെ വിട്ടുപോയി. പക്ഷേ, ജീവിതത്തിൽ ഒരു പ്രശ്നവുമുണ്ടായില്ല.
സുമയുടെ അച്ഛൻ എന്‍റെ വീടിന്‍റെ ഓരോ മുറിയും അലങ്കരിച്ചു. ബാംഗ്ലൂരിൽ വീട്, സമ്പന്നരായ ബന്ധുക്കൾ, അവളുടെ കൂട്ടുകാരികൾ എല്ലാവരും വീട്ടിൽ വന്നു പോയ്ക്കൊണ്ടിരുന്നു. ചിലർ ഞങ്ങൾക്കൊപ്പം താമസിച്ചു.
ആദ്യമാദ്യം എനിക്കും അതൊക്കെ സന്തോഷമുള്ള കാര്യമായിരുന്നു. ബന്ധുക്കളുടെ സാന്നിദ്ധ്യം ഞാനും ഇഷ്ടപ്പെട്ടു. നിഷ്കളങ്കനായതുകൊണ്ട് അവളുടെ ബന്ധുക്കളുടെ പുച്ഛമൊന്നും മനസ്സിലാക്കാനായില്ല. എന്‍റെ ഭാര്യ എന്‍റെ തറവാടിത്തമില്ലായ്മയെക്കുറിച്ചും രീതികളെക്കുറിച്ചും കഥകൾ പറഞ്ഞ് ചിരിച്ചു. അതൊക്കെ തമാശയായി കണ്ട് ആദ്യമൊക്കെ ഞാനും കൂടെ ചിരിച്ചു.”
കുറച്ചു നേരം ഗൗതം നിശ്ശബ്ദനായിരുന്നു. തൊണ്ട വരണ്ടതിനാൽ ചായ കുടിച്ചു.
“ഈ നില തുടർന്നപ്പോഴാണ് ഞാനെന്‍റെ അസ്തിത്വത്തെക്കുറിച്ചും മാനഭിമാനത്തെക്കുറിച്ചും ഓർക്കുന്നത്. അപ്പോഴേക്കും വർഷങ്ങൾ കടന്നുപോയിരുന്നു. കുട്ടികളും വളർന്നു.
അമ്മയ്ക്കൊപ്പം ചേർന്ന് അവരും എന്നെ വിവരമില്ലാത്തവനും വിലകെട്ടവനായും മുദ്രകുത്തി. ഞാൻ എതിർത്തപ്പോഴൊക്കെ എന്‍റെ കുടുംബമഹിമയെപ്പറ്റി പറഞ്ഞ് അപഹാസ്യനാക്കി.
ഒരു മനുഷ്യനെ ഒരാൾക്ക് എത്രതവണ കൊല്ലാൻ കഴിയും. പക്ഷേ, എന്‍റെ കാര്യത്തിൽ പല തവണ കൊല ചെയ്യപ്പെട്ട ആളാണെന്നു വേണം പറയാൻ.”
ഗൗതമിനോട് എന്തു പറയെണമന്നറിയാതെ ഞാൻ സ്തബ്ധയായിരുന്നു. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും “ഇനി എന്താണ് തീരുമാനം?”
“മ്യൂച്ചൽ ഡിവോഴ്സ്” ഗൗതമിന്‍റെ അറത്തുമുറിച്ചുള്ള മറുപടി എന്നെ ഞെട്ടിച്ചു.
“ഭാര്യ അതിന് സമ്മതിക്കുമോ?”
“സമ്മതിക്കാതിരിക്കുകയില്ല.” ഗൗതം ഒരു നിമിഷം നിശ്ശബ്ദനായി ഇരുന്ന ശേഷം തുടർന്നു “ഇത്രയും നാളും സഹിച്ച് കുടുംബജീവിതത്തെ ഭദ്രമാക്കാൻ ഞാൻ ഏറെ ശ്രമിച്ചു. ഇനി വയ്യ.”
വാക്കുകൾ കിട്ടാതെ ഞാൻ ഗൗതമിന് മുന്നിൽ നിസ്സഹായയി നിന്നു. എന്‍റെ എല്ലാമെല്ലാമായ എന്‍റെ സഹോദരന്… ഒരു നിമിഷം എന്‍റെ മനസ്സിൽ ഉയർന്ന തേങ്ങൽ അടക്കിപ്പിടിച്ച് ഞാൻ ഗൗതമിന് മുന്നിൽ ചിരിക്കാൻ ശ്രമിച്ചു. പക്ഷേ കഴിയുന്നില്ല. ജനിച്ചനാൾ മുതൽ ഏറെക്കുറെ അനാഥത്വത്തിൽ കഴിഞ്ഞിരുന്ന ഗൗതമിന് ഏത് തെറ്റിന്‍റെ പേരിലാണ് ഈ ശിക്ഷ വിധിച്ചത്?
“എന്താണ് ചിലരുടെ ജീവിതത്തിൽ മാത്രം എപ്പോഴും സങ്കടങ്ങൾ കൂട്ട് കൂടുന്നത് എന്നറിയാമോ ലച്ചിക്ക്…” ഗൗതം പഴയ പ്രസരിപ്പ് വീണ്ടെടുത്തുകൊണ്ടാണ് ഇത് ചോദിച്ചത്.
“ഹൃദയം നിറയെ സ്നേഹം ഉള്ളതുകൊണ്ട് എല്ലാം ക്ഷമിക്കാനും സഹിക്കാനും ഉള്ള ശക്തി ഉണ്ടെന്ന് അറിയുന്നതുണ്ടാവാം.”
ഞങ്ങൾ പരസ്പരം കണ്ണുകളിൽ നോക്കാതെ കൈ കൊടുത്ത് പിരിഞ്ഞു.